കുടുംബത്തിലെ ആദ്യ കമ്യൂണിസ്‌റ്റ്‌



സീതാറാമിന്റെ കൗമാരകാലത്ത്‌ ഇന്ത്യ രാഷ്ട്രീയമായി പ്രക്ഷുബ്ധമായിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടി രണ്ടുപതിറ്റാണ്ട്‌ ആയപ്പോഴേക്ക്‌ ജനങ്ങളുടെ പ്രതീക്ഷകൾ അസ്‌തമിച്ചുതുടങ്ങിയിരുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള കോൺഗ്രസ്‌ സർക്കാരുകൾ പലതും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ദുരിതത്തിന് അറുതിയില്ല. യുവജനങ്ങളും തൊഴിലാളികളും അസ്വസ്ഥരായിരുന്നു. അന്നേ വിപുലമായ വായനയുള്ള സീതാറാം ഈ രാഷ്‌ട്രീയാന്തരീക്ഷത്തിൽ വിപ്ലവാശയങ്ങളിൽ ആകൃഷ്‌ടനായതിൽ അത്ഭുതമില്ല. എന്നാൽ, അക്കാലത്ത്‌ തനിക്ക്‌ വ്യക്തമായ രാഷ്ട്രീയനിലപാട് ഇല്ലായിരുന്നു എന്ന്‌ അദ്ദേഹം പിന്നീട്‌ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്‌. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഭിന്നിപ്പും പിന്നീട്‌ നക്സലിസം ഉൾപ്പെടെ തീവ്ര ഇടതുപക്ഷ ആശയങ്ങൾ ഉയർന്നതുമെല്ലാം അക്കാലത്താണ്‌. അന്നത്തെ ആന്ധ്രയുടെ തലസ്ഥാനമായ ഹൈദരാബാദിൽ മുത്തശ്ശിയോടൊപ്പമാണ്‌ സീതാറാം താമസിക്കുന്നത്‌. ആന്ധ്രയിലെ ശ്രീകാകുളം അക്കാലത്ത് നക്സലുകളുടെ പ്രധാന കേന്ദ്രമാണ്. സ്വാഭാവികമായും സീതാറാമിന്റെ വിപ്ലവനിലപാടുകൾ മുത്തശ്ശിയെ ആശങ്കപ്പെടുത്തി. മനംമാറ്റാൻ മുത്തശ്ശി, കോൺഗ്രസ്‌ നേതാവും കേന്ദ്രമന്ത്രിയുമായ പി വി നരസിംഹറാവുവിന്റെ സഹായം തേടി. പ്രതിഭാശാലികളും മികച്ച വിദ്യാർഥികളും രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് നല്ലതാണെന്ന് ഉപദേശിച്ച് മടക്കുകയാണ് റാവു ചെയ്തത് (1991ൽ റാവു പ്രധാനമന്ത്രിയായപ്പോൾ സീതാറാമിന്‌ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്‌ത്‌ ദൂതനെ അയച്ചതായി പിന്നീട്‌ ഫ്രണ്ട്‌ലൈൻ അടക്കം റിപ്പോർട്ട്‌ ചെയ്‌തിരുന്നു. എന്നാൽ, കമ്യൂണിസ്‌റ്റുകാർക്ക്‌ പ്രധാനം ജനങ്ങൾക്കിടയിലെ പ്രവർത്തനമാണ്‌, കേന്ദ്രമന്ത്രിസ്ഥാനമല്ല എന്ന്‌ വ്യക്തമാക്കി സീതാറാം വാഗ്ദാനം നിരസിച്ചു എന്നായിരുന്നു റിപ്പോർട്ട്‌). മുത്തശ്ശി പിന്നീട്‌ അന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറിയായ പി സുന്ദരയ്യയെയും സമീപിച്ചു. സീതാറാം കുഴപ്പക്കാരനല്ലെന്ന് മുത്തശ്ശിയെ ബോധ്യപ്പെടുത്താനാണ്‌ സുന്ദരയ്യയും ശ്രമിച്ചത്‌. സത്യത്തിൽ തനിക്ക് നക്സലിസത്തോട് ഒരിക്കലും ആഭിമുഖ്യം തോന്നിയിട്ടില്ലെന്ന്‌ സീതാറാം പറഞ്ഞിട്ടുണ്ട്‌. അന്നത്തെ സാഹചര്യത്തിൽ മുത്തശ്ശി ഭയന്നുവെന്ന് മാത്രം. കുടുംബത്തിൽ കമ്യൂണിസ്‌റ്റ്‌ രാഷ്‌ട്രീയത്തിലേക്ക്‌ തിരിഞ്ഞ ആദ്യത്തെയാൾ സീതാറാമാണ്‌. 1967–-68ൽ തെലങ്കാന സംസ്ഥാനത്തിനുവേണ്ടി ആദ്യ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതാണ്‌ സീതാറാമിന്റെ രാഷ്‌ട്രീയജീവിതത്തിൽ വഴിത്തിരിവായത്. കുറച്ചുകാലം പഠനംമുടങ്ങി. അച്ഛനെ ഡൽഹിയിൽ കേന്ദ്ര സർവീസിലേക്ക് വിളിച്ചപ്പോൾ കുടുംബവും അവിടെയായി. അങ്ങനെ ഡൽഹിയിലായി പിന്നീട്‌ സീതാറാമിന്റെ പഠനം. ബിരുദത്തിന്‌ പഠിച്ച സെന്റ് സ്റ്റീഫൻസ്‌ കോളേജിന്റെ ചുവന്ന മതിലുകളിലും അന്ന് നക്സലുകളുടെ പോസ്റ്ററുകൾ കാണാമായിരുന്നു. 1970ൽ എസ്എഫ്ഐ രൂപീകരണത്തെക്കുറിച്ച് അറിയുന്നതും കോളേജിൽവച്ചാണ്. എന്നാൽ, സീതാറാം വിദ്യാർഥി സംഘടനാ പ്രവർത്തനത്തിൽ സജീവമാകുന്നത്‌ 1973ൽ ജെഎൻയുവിൽ പഠിക്കുമ്പോഴാണ്‌. 74ൽ എസ്‌എഫ്‌ഐ അംഗമായി. അടുത്തവർഷം സിപിഐ എം അംഗവും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒളിവിലായി പ്രവർത്തനം. അക്കാലത്ത് അച്ഛൻ ശസ്ത്രക്രിയക്ക് വിധേയനായി. ആശുപത്രിയിൽ പകൽ അമ്മ കൂട്ടിരിക്കും. രാത്രി സീതാറാമും. ഒരുദിവസം കൂട്ടിരിക്കാൻ എത്തിയപ്പോഴാണ് അച്ഛനെ ഡിസ്ചാർജ് ചെയ്തതായി ഡോക്ടർ അറിയിച്ചത്. മറ്റ് വഴിയില്ലാത്തതിനാൽ അച്ഛനെയും അമ്മയെയും കൂട്ടി വീട്ടിലെത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം ആദ്യമായാണ് രാത്രി വീട്ടിൽ കഴിയുന്നത്‌. പിറ്റേന്ന് രാവിലെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. പക്ഷേ, എസ്‌എച്ച്‌ഒയ്‌ക്ക്‌ ഒരബദ്ധം പറ്റി. മിസ ചുമത്തുന്നതിന്‌ പകരം ബാങ്ക് കവർച്ചയ്ക്ക് പദ്ധതിയിട്ടുവെന്നോ മറ്റോ ‘നിസ്സാര’ കുറ്റമാണ് ചാർത്തിയത്‌. അതിനാൽ, ജാമ്യം ലഭിച്ചു. അമ്മാവൻ മോഹൻ കാന്ധ അന്ന് ആന്ധ്രപ്രദേശിൽ ജില്ലാ കലക്ടറാണ്. ഡൽഹിയിൽനിന്ന് മാറിനിൽക്കാൻ പാർടി നിർദേശിച്ചപ്പോൾ  അമ്മാവന്റെ കൂടെക്കഴിയാൻ വീട്ടുകാർ അയച്ചു. രാഷ്ട്രീയപ്രവർത്തനം ഉപേക്ഷിച്ച് സിവിൽ സർവീസിന് ശ്രമിക്കണമെന്ന് ഉപദേശിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മൂന്നാഴ്ചയ്ക്കുശേഷം അദ്ദേഹം അച്ഛനെ വിളിച്ചുപറഞ്ഞു: ‘സീതാറാമിനെ ഇവിടെ നിർത്തിയാൽ ഞാനും ജോലി രാജിവച്ച് രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടിവരും’. ഇക്കാര്യം പിന്നീട് മോഹൻ കാന്ധ എഴുതിയിട്ടുണ്ട്. സീതാറാമിന്റെ അച്ഛന്റെ കുടുംബം വളരെ യാഥാസ്ഥിതികവും അമ്മയുടേത്‌ അൽപ്പം പുരോഗമനപരവുമായിരുന്നു. പതിനൊന്ന്‌ വയസ്സുള്ളപ്പോൾ സീതാറാമിനെ ഉപനയനചടങ്ങുകളുടെ ഭാഗമായി വേദങ്ങളും ആചാരങ്ങളും പഠിപ്പിക്കുന്നതിന്‌ അച്ഛന്റെ തറവാട്ടിൽ കൊണ്ടുവന്ന്‌ താമസിപ്പിച്ചിരുന്നു.  അതുവരെ മിഷണറി സ്‌കൂളിൽ എല്ലാവിഭാഗം വിദ്യാർഥികളുടെയും കൂടെ പഠിച്ചുവളർന്ന സീതാറാമിന്‌ ഉൾക്കൊള്ളാവുന്നതായിരുന്നില്ല ആ ബ്രാഹ്മണ്യപഠനം. ജാതിക്കെതിരെ ആ ബാലൻ വീട്ടിൽ ആദ്യകലാപമുയർത്തിയത്‌ അന്നാണ്‌. എങ്കിലും ആചാരപരമായ പഠനത്തിന്‌ നിർബന്ധിതനായി. ശ്രദ്ധയും ഓർമശക്തിയുമടക്കം പരീക്ഷിക്കുന്ന ആ വേദപഠനം അക്കാര്യങ്ങളിൽ സഹായകമായിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞിട്ടുണ്ട്‌.    ചാർമിനാറിന്റെ നാട്ടിൽനിന്ന്‌ നാല്‌ മിനാരങ്ങൾ എന്നർഥം വരുന്ന ചാർമിനാർ ഹൈദരാബാദുകാരുടെ അഭിമാനമാണ്‌. ഹൈദരാബാദ്‌ എന്ന്‌ കേൾക്കുമ്പോൾ മറ്റുള്ളവരുടെയും മനസ്സിലെത്തുന്ന ചിത്രം നാലര നൂറ്റാണ്ടോളംമുമ്പ്‌ നിർമിക്കപ്പെട്ട ആ ചരിത്രമന്ദിരമാണ്‌. നഗരത്തിൽനിന്ന്‌ പ്ലേഗ്‌ നിർമാർജനം ചെയ്‌തതിന്റെ ഓർമയ്‌ക്ക്‌ നിർമിക്കപ്പെട്ടതായി പറയുന്ന ചാർമിനാർ തെലങ്കാന സംസ്ഥാനത്തിന്റെ മുദ്രയിലും ഇടംപിടിച്ചിട്ടുണ്ട്‌. ചാർമിനാറിന്റെ നാട്ടിൽനിന്ന്‌ ഡൽഹിയിലെത്തിയ സീതാറാം യെച്ചൂരിയുമായി ബന്ധപ്പെട്ട മറ്റൊരു ചാർമിനാറിന്റെ കഥയുണ്ട്‌. സെന്റ്‌ സ്‌റ്റീഫൻസിൽനിന്ന്‌ മികച്ചനിലയിൽ ബിരുദം നേടിയശേഷം  ബിരുദാനന്തരബിരുദത്തിന്‌ സീതാറാം ആദ്യം ചേർന്നത്‌ ഡൽഹി സ്‌കൂൾ ഓഫ്‌ ഇക്കണോമിക്‌സിലാണ്‌. ഡോ. അമർത്യ സെൻ, ഡോ. കെ എൻ രാജ്‌ തുടങ്ങിയ പ്രഗല്‌ഭരാണ്‌ അവിടെ അധ്യാപകർ. പക്ഷേ 150 വിദ്യാർഥികളുള്ള ക്ലാസും മൈക്ക്‌ ഉപയോഗിച്ചുള്ള പഠിപ്പിക്കലുമൊന്നും സീതാറാമിന്‌ ഇഷ്ടപ്പെട്ടില്ല. ആ വർഷമാണ്‌ ജെഎൻയുവിൽ ധനതത്വശാസ്‌ത്രത്തിൽ പിജി കോഴ്‌സ്‌ ആരംഭിച്ചത്‌. അവിടെ അപേക്ഷിച്ചു. ഇന്റർവ്യൂ ബോർഡിൽ പ്രസിദ്ധ സാമ്പത്തിക ശാസ്‌ത്രജ്ഞൻ അമിത്‌ ഭാദുരിയും ഉണ്ടായിരുന്നു. ഒരു സിഗരറ്റ്‌ എടുക്കാനുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യചോദ്യം. ഉണ്ട്‌, ചാർമിനാർ ആണെന്ന്‌ സീതാറാം. നന്നായി, ഒരെണ്ണം തരൂവെന്ന്‌ അധ്യാപകൻ. ഒരെണ്ണം നീയും വലിച്ചോ എന്ന്‌ അദ്ദേഹം ഉദാരനായപ്പോൾ ശിഷ്യനും കത്തിച്ചു സിഗരറ്റ്‌. മികച്ച വിദ്യാർഥിയായ സീതാറാം ജെഎൻയുവിലെത്തിയത്‌ അങ്ങനെ ഒരഭിമുഖത്തിനൊടുവിലാണ്‌. ഹൈദരാബാദിൽ ടൂർണമെന്റുകളിൽ കപ്പടിച്ചിട്ടുള്ള, അറിയപ്പെടുന്ന ടെന്നീസ്‌ കളിക്കാരനായിരുന്നു സീതാറാം. ഡൽഹിയിൽ എത്തിയതോടെയാണ്‌ ടെന്നീസ്‌ വിട്ടത്‌. ഡൽഹിയിൽ ഷട്ടിൽ കളിക്കുമായിരുന്നു. രാഷ്‌ട്രീയത്തിനുപുറമെ വായനയും സിനിമയും സംഗീതവും മറ്റുമായിരുന്നു എന്നും ഇഷ്ടങ്ങൾ. രാജ്യത്ത്‌ 
ഒന്നാംറാങ്കുകാരൻ മകൻ സീതാറാം എൻജിനിയർ ആകണമെന്ന്‌ അച്ഛൻ സർവേശ്വര സോമയാജുലു യെച്ചൂരിയും ഡോക്ടർ ആകണമെന്ന്‌ അമ്മ കൽപ്പകവും ആഗ്രഹിച്ചു. പേരക്കുട്ടി അവന്റെ അമ്മാവനെപ്പോലെ ഐഎഎസ്‌ എടുക്കണമെന്നായിരുന്നു ആന്ധ്ര ഹൈക്കോടതി ജഡ്‌ജിയായിരുന്ന മുത്തച്ഛൻ കാന്ധ ഭീമ ശങ്കരറാമിന്റെ ആഗ്രഹം. സിബിഎസ്‌ഇ ഹയർ സെക്കൻഡറി പരീക്ഷയിൽ രാജ്യത്ത്‌ ഒന്നാംറാങ്ക്‌ നേടിയ കുട്ടിയുടെ രക്ഷിതാക്കൾക്ക്‌ ഇത്തരം മോഹങ്ങൾ ഉണ്ടാകുക സ്വാഭാവികം. എന്നാൽ, ധനതത്വശാസ്‌ത്രം പഠിച്ച്‌ അധ്യാപകൻ ആകണമെന്നായിരുന്നു ആ കൗമാരക്കാരന്റെ ആഗ്രഹം. സ്വന്തം ഇഷ്‌ടത്തിന്‌ രാജ്യതലസ്ഥാനത്തെ പ്രശസ്‌തമായ കലാലയത്തിൽ ധനതത്വശാസ്‌ത്രം പഠിക്കാൻ ചേർന്ന അവൻ ബിരുദത്തിനും അഭിമാനകരമായ മികച്ച വിജയം നേടി. പ്രഥമ പ്രധാനമന്ത്രിയുടെ പേരിലാരംഭിച്ച സർവകലാശാലയിൽ പുതുതായി തുടങ്ങിയ ധനതത്വശാസ്‌ത്ര മാസ്‌റ്റേഴ്‌സ്‌ കോഴ്‌സിലാകട്ടെ ആദ്യബാച്ചിൽ ആ വിദ്യാർഥി നേടിയ മാർക്ക്‌ പിന്നെയും വർഷങ്ങളോളം റെക്കോഡായിരുന്നു. എന്നാൽ, കൗമാരത്തിൽ സ്വപ്നം കണ്ടതുപോലെ ഒരു കലാലയത്തിലെയോ സർവകലാശാലയിലെയോ അധ്യാപകനായി ഒതുങ്ങാനായിരുന്നില്ല അവന്റെ നിയോഗം. പഠിക്കുക പോരാടുക എന്ന മുദ്രാവാക്യമുയർത്തിയ ആ സമർഥനായ വിദ്യാർഥി ജനകോടികളുടെ രാഷ്‌ട്രീയ അധ്യാപകനായി മാറി.   1967–-68ൽ തെലങ്കാന സംസ്ഥാനത്തിനുവേണ്ടി ആദ്യപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോൾ ആന്ധ്രപ്രദേശിൽ വിദ്യാഭ്യാസമേഖല മാസങ്ങളോളം സ്‌തംഭിച്ചു. അന്ന്‌ ഹൈദരാബാദിലെ നൈസാം കോളേജിൽ ഹയർ സെക്കൻഡറി വിദ്യാർഥിയായിരുന്ന സീതാറാം യെച്ചൂരിയുടെയും പഠനം അൽപ്പകാലം മുടങ്ങി. വൈകാതെ അച്ഛന്‌ ഡൽഹിയിൽ കേന്ദ്ര സർവീസിലേക്ക്‌ മാറ്റമായതിനാൽ കുടുംബവും അവിടേക്ക് മാറി. ഡൽഹിയിൽ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളിൽ ചേർന്ന സീതാറാം പഠനം പുനരാരംഭിച്ചു. അടുത്തവർഷം സിബിഎസ്ഇ അഖിലേന്ത്യാ പരീക്ഷയിൽ ഒന്നാംറാങ്ക്‌ സീതാറാമിന്‌. നേട്ടം സ്കൂളിനുമുണ്ടായി. റാങ്കുകാരന്റെ സ്കൂളിന്‌ സർക്കാർ ഗ്രാന്റ് ഇരട്ടിയാക്കി. തലമുറകളായി പഠനത്തിൽ മുന്നിലായിരുന്നു സീതാറാം യെച്ചൂരിയുടെ അച്ഛന്റെയും അമ്മയുടെയും കുടുംബം. അച്ഛൻ എൻജിനിയർ. അദ്ദേഹത്തിന്റെ അച്ഛൻ യെച്ചൂരി സീതാരാമറാവു കിഴക്കൻ ഗോദാവരിയിൽ തഹസിൽദാരായിരുന്നു. അദ്ദേഹത്തിന്റെ പേരാണ്‌ പൗത്രന്‌ നൽകിയത്‌. പേരിലെ ജാതിവാൽ സീതാറാം ഒഴിവാക്കുകയായിരുന്നു. അനുജൻ ഭീംശങ്കറിന്‌ അമ്മയുടെ അച്ഛന്റെ പേരാണിട്ടത്‌. സർക്കാർ ജോലി ഉണ്ടായിരുന്ന അമ്മ കൽപ്പകത്തിനും ബിരുദാനന്തര ബിരുദം ഉണ്ടായിരുന്നു. അവരുടെ സഹോദരൻ മോഹൻ കാന്ധ ഐഎഎസ്‌ നേടി. അനന്തരവനേക്കാൾ ഏതാനും വർഷത്തെ മൂപ്പ്‌ മാത്രമുള്ള അദ്ദേഹം ആന്ധ്ര ചീഫ്‌ സെക്രട്ടറിയായാണ്‌ വിരമിച്ചത്‌. Read on deshabhimani.com

Related News