വരൂ... മഴയും കാടും കടന്ന്‌ അതിരപ്പിള്ളി കാണാം

മഴവില്ലഴകിൽ അതിരപ്പിള്ളി


തൃശൂർ> മഴ പെയ്‌ത്‌ നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാം. ഒപ്പം കാടിന്റെ മഴക്കാല ഭംഗി ആസ്വദിച്ച്‌ നടക്കാം.  മഴക്കാലത്തെ വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തി ഡിടിപിസിയുടെ  ‘മഴ യാത്ര’ ഏകദിന പാക്കേജ്‌ ആരംഭിച്ചു. അതിരപ്പിള്ളി–- ഷോളയാർ വനത്തിന്റെ മഴക്കാല കാഴ്‌ചകൾ ഇതുവഴി ആസ്വദിക്കാം. തുമ്പൂർമുഴി, അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്‌, ലോവർ ഷോളയാർ അണക്കെട്ട്‌ എന്നിവിടങ്ങളാണ്‌ സന്ദർശിക്കുക. മഴ ആസ്വദിച്ച്‌ കാട്ടിലൂടെയുള്ള നടത്തമാണ്‌ പ്രധാന ആകർഷണം. ചാർപ്പയിൽനിന്ന്‌ വാഴച്ചാലിലേക്ക്‌ കാടിന്റെ ഭംഗി ആസ്വദിച്ച്‌ നടന്നുപോകാം. പെരിങ്ങൽക്കുത്തിൽ നിന്ന്‌ ലോവർ ഷോളയാറിലേക്ക്‌ കാടിനുള്ളിലൂടെ നടന്നാണ്‌ പോകുക. രണ്ടര കിലോമീറ്റർ നടത്തം പുതിയ അനുഭവമാകും. ലോവർ ഷോളയാറിന്‌ സമീപമുള്ള കരടിമുക്ക്‌ കാണാനും അവസരമുണ്ട്‌. വേഴാമ്പലിനെ കാണാൻ സാധ്യതയുള്ള വഴിയാണിത്‌. രാവിലെ ഏഴിന്‌ ചാലക്കുടി പിഡബ്ല്യുഡി അതിഥി മന്ദിരത്തിൽനിന്നാരംഭിക്കുന്ന യാത്ര വൈകിട്ട്‌ ഏഴോടെ ഇവിടെത്തന്നെ അവസാനിക്കും. ഒരാൾക്ക്‌ 1500 രൂപയാണ്‌ ഈടാക്കുക. രാവിലെയും ഉച്ചയ്‌ക്കുമുള്ള ഭക്ഷണം, വൈകുന്നേരം ചായയും കപ്പയും ചമ്മന്തിയുമടക്കമുള്ള ലഘു ഭഷണം അടങ്ങുന്നതാണ്‌ പാക്കേജ്‌. പെരിങ്ങൽക്കുത്ത്‌ അണക്കെട്ടിന്‌ സമീപമാണ്‌ ഉച്ച ഭക്ഷണം. എസി വാഹനത്തിലാണ്‌ യാത്ര. സ്ഥലങ്ങൾ സന്ദർശിക്കാനുള്ള പാസ്‌, കുട, കർക്കടകക്കഞ്ഞി കിറ്റ്‌ എന്നിവ ഉൾപ്പെടുന്ന ചെറിയൊരു കിറ്റും ലഭിക്കും. യാത്രയിലുടനീളം ഗൈഡിന്റെ സേവനമുണ്ടാകും. ഡിടിപിസി ജീവനക്കാർക്കൊപ്പം അതിരപ്പിള്ളി പ്രദേശത്തുനിന്ന്‌ തെരഞ്ഞെടുത്തിട്ടുള്ള ആളുകളും സഹായത്തിനായി  ഉണ്ടാകും. അവധി ദിനങ്ങളിലാണ്‌ യാത്ര. 35 പേർക്കുള്ള ബസും 25 പേർക്കുള്ള ട്രാവലറുമാണ്‌  ഒരുക്കിയിട്ടുള്ളത്‌. സംഘമായി വന്നാൽ പ്രത്യേകം യാത്ര സംഘടിപ്പിക്കും. ബുക്കിങിനായി 9497069888, 0480 276988.   Read on deshabhimani.com

Related News