കെഎസ്ആർടിസി ടൂറിസം പാക്കേജ്; മൂന്നാറിലേക്കും നെല്ലിയാമ്പതിയിലേക്കും താമരശേരീന്ന് കേറാം
താമരശേരി > ചുരം കയറിയുള്ള വയനാടൻ കാഴ്ചകൾക്ക് ശേഷം കെഎസ്‌ആർടിസി ബസ് ഓടുന്നത് മൂന്നാറിലേക്കും നെല്ലിയാമ്പതിയിലേക്കും. താമരശേരി ഡിപ്പോയാണ് വയനാടൻ യാത്രയ്‌ക്കുശേഷം മൂന്നാറിലേക്കും പാലക്കാടിന്റെ സൗന്ദര്യമായ നെല്ലിയാമ്പതിയ്ക്കും യാത്രയൊരുക്കുന്നത്. മൂന്നാറിൽ കറങ്ങി രണ്ട് ദിവസകൊണ്ടും നെല്ലിയാമ്പതിയിൽനിന്ന് ഒരു ദിവസം കൊണ്ടും തിരിച്ചെത്തുന്നത രീതിയിലാണ് യാത്ര ക്രമീകരണം. 39 പേർക്ക് യാത്ര ചെയ്യാവുന്ന എയർബസ്സിന്റെ ആദ്യ മൂന്നാർ യാത്ര ശനി രാവിലെ ഒമ്പതിന് താമരശേരി ഡിപ്പോയിൽനിന്ന് ആരംഭിക്കും. അന്ന് രാത്രി സന്ദർശകർക്ക് മൂന്നാറിൽ പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി സ്ലീപ്പർ ബസ്സിൽ അന്തിയുറങ്ങാം. ഞായർ രാവിലെ ടാറ്റാ ടീ മ്യൂസിയം, ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, ഇക്കോ പോയന്റ്, ഫിലിം ഷൂട്ടിങ് പോയന്റ്, ബോട്ടിങ് സൗകര്യമുള്ള മാട്ടുപെട്ടി ഡാം, ടീ ഗാർഡൻ, ഫോട്ടോ പോയിന്റ്, ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ എന്നീ എട്ടു കേ ന്ദ്രങ്ങളിൽ സന്ദർശനം നടത്താം. രണ്ടുമണിക്കൂർ ഷോപ്പിങ് സമയത്തിനുശേഷം വൈകിട്ട് ഏഴിന് ബസ് മൂന്നാറിൽനിന്ന് മടങ്ങി തിങ്കളാഴ്‌ച പുലർച്ചെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഒരാൾക്ക് 1750 രൂപയാണ് പാക്കേജ് ചെലവ്. ഭക്ഷണത്തിന്റെയും അഞ്ചു കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്കും യാത്രക്കാർ വഹിക്കണം. പാലക്കാടൻ വനഭംഗി ആസ്വദിക്കുന്നതിനായി ഞായർ പുലർച്ചെ നാലിന് 35 പേരുമായി ഷോർട്ട്‌വീൽ ബസ് യാത്രതിരിക്കും. പാലക്കാട്, വരയാട്ടുമല പോയിന്റ്, സീതാർകുണ്ട്, പോത്തുപാറ, കേശവൻപാറ, പോത്തുണ്ടി ഡാം എന്നിവിടങ്ങളിൽ സന്ദർശിച്ച് തിരിച്ച് രാത്രിയോടെ താമരശേരിയിൽ എത്തുന്ന രീതിയിലാണ് യാത്ര. നാലുനേരത്തെ ഭക്ഷണമുൾപ്പെടെ 1050 രൂപയാണ് ഒരാളിൽനിന്ന് ഈടാക്കുക. മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും യാത്രയ്ക്കുളള പ്രോജക്ട് നൽകിയിരിക്കുകയാണെന്നും ബജറ്റ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന ഇൻസ്‌പെക്‌ടർ കെ ബൈജു പറഞ്ഞു. നിലമ്പൂർ, ആഡ്യൻപാറ, തേക്ക് മ്യൂസിയം യാത്ര അംഗീകാരം ലഭിച്ചാൽ ഉടൻ ആരംഭിക്കും. നിലവിൽ പൂക്കോട്, മൂന്നാർ, നെല്ലിയാമ്പതി പദ്ധതികൾ ബുക്കിങ് അനുസരിച്ച് തുടരുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com