വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര
ഒരു സഞ്ചാരിയെ അത്രമേൽ കൊതിപ്പിക്കുന്ന ദേശമാണ് വാരണാസി. ഭക്തിക്കും മോക്ഷചിന്തകൾക്കും അപ്പുറം ഒരു യാത്രികനെ ഇവിടെക്ക് ആകർഷിക്കാൻ വേണ്ടുവോളം കാഴ്ചകളുണ്ട് അവിടെ. ഇതുവരെയില്ലാത്ത അനുഭവങ്ങളുടെയും വേറിട്ട ലോകമാണ്. മുപ്പത് സെക്കന്റുള്ള റീലുകളും വീഡിയോകളും കണ്ടാണ് വാരാണസി കാണാൻ മോഹമുണർന്നത്. എന്റെ യാത്രയ്ക്കുള്ള പ്രേരണയും ഒരുപരിധിവരെ ഈ വീഡിയോകൾ തന്നെ ആയിരുന്നു. 150 ഓളം രാജ്യങ്ങൾ സന്ദർശിച്ച വിശ്വസഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്കും, നടൻ മോഹൻലാലിനും പ്രിയപ്പെട്ട സ്ഥലം കാശി-വാരാണാസിയാണെന്ന് കൂടി അറിഞ്ഞപ്പോൾ ഉറപ്പിച്ചു അടുത്ത യാത്ര ഉറപ്പായും വാരണാസിയിലേക്ക് തന്നെ എന്ന്. ഏറ്റവും പുരാതനമായ ആ നഗരത്തിലേക്ക് എന്നെ നയിച്ചത് ഭക്തി ആയിരുന്നില്ല ഒടുങ്ങാത്ത കൗതുകവും ആകാംഷയും ആയിരുന്നു; ഇന്ത്യയെ അറിയാൻ, ഗംഗയെ ആസ്വദിക്കാൻ, മനുഷ്യൻ വെറും മാംസമായി വെന്തു തീരുന്നത് കാണാൻ അങ്ങനെ ഒരുപാട്. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് കേരളത്തിൽനിന്ന് നേരിട്ട് വാരണാസിയിലേക്ക് ട്രെയിൻ ഉള്ളത്. എറണാകുളം നോർത്തിൽ നിന്നും ബീഹാറിലെ പാട്നയിലേക്കുള്ള പാട്ന എക്സ്പ്രസ്സ്. ബീഹാറിൽ നിന്നുള്ള അന്യ സംസ്ഥാന തൊഴിലാളികളാണ് അധികം യാത്രക്കാരും. മലയാളികൾ ആകട്ടെ മഹാഭൂരിപക്ഷം പേരും വാരണാസിയിലേക്കും. ശനിയാഴ്ച രാത്രി പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച വെളുപ്പിനാണ് വാരണാസിയിൽ എത്തുക. പുണ്യഭൂമിയിൽ വെച്ച് മരണപ്പെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരെയും, ജീവിതത്തിലെ അവസാന ആഗ്രഹമായിക്കൊണ്ട് കാശിക്ക് യാത്ര ചെയുന്നവരെയും വഴിയിൽ പരിചയപ്പെട്ടിരുന്നു. എല്ലാവർക്കും പറയുണ്ടായിരുന്നത് വാരാണസിയുടെ ആത്മീയ തലങ്ങളെപ്പറ്റിയായിരുന്നു. അവിടുത്തെ പൈതൃകവും പഴമയും ആസ്വദിക്കാൻ ഇറങ്ങിത്തിരിച്ച എനിക്ക് ഒരു ഒറ്റപ്പെടൽ അനുഭവപ്പെടാതിരുന്നില്ല. നാല് ദിവസം തുടർച്ചയായി ട്രെയിനിൽ യാത്ര ചെയ്തിട്ടുള്ളതുകൊണ്ട് പുതുമയൊന്നും തോന്നിയില്ലെങ്കിലും പാട്ന എക്സ്പ്രസ്സ് കാണിച്ചു തന്ന കാഴ്ചകൾ പുതിയതായിരുന്നു. വാരാണാസി എന്ന് ഔദ്യോഗികമായി എഴുതിവെച്ച ബോർഡ് ആദ്യം കണ്ടപ്പോൾ ഈ യാത്ര പകുതി ലക്ഷ്യം കണ്ടന്ന ബോധ്യമാണുണ്ടായത്. ചൊവ്വ പുലർച്ചെ രണ്ടു മണിക്ക് തന്നെ വാരാണാസി സ്റ്റേഷനിൽ ട്രെയിൻ എത്തിയിരിന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വലിയ ജനതിരക്കായിരുന്നു വാരാണാസി ജംഗ്ഷൻ സ്റ്റേഷനിൽ. പുറത്തിറങ്ങുന്ന സഞ്ചാരികളെ റാഞ്ചാൻ പാഞ്ഞടുക്കുന്ന റിക്ഷാ ഡ്രൈവർമാരെ നേരിടാൻ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിയത്. ഹിന്ദി ഒട്ടും വശമില്ലെങ്കിൽ കൂടി എല്ലാവരോടും വേണ്ട എന്ന് പറയാൻ നല്ല വശമായിരുന്നു. ട്രെയിൻ ഇറങ്ങി രണ്ടു മണിക്കൂർ സമയം താമസിക്കാൻ ഒരിടം തേടി അലഞ്ഞു. റൂമുകൾ എല്ലാം കഴിഞ്ഞിട്ടുണ്ടായിരുന്നു. തണുപ്പും ശരീരത്തെ ശല്യം ചെയ്തു തുടങ്ങിയിരുന്നു. ഇതിനകം ആളൊഴിഞ്ഞ വാരാണാസിയുടെ പ്രധാന വഴികളും ഇട റോഡുകളും പത്തിലധികം ലോഡ്ജുകളിലും ഞങ്ങൾ കയറിയിറങ്ങി. മോക്ഷ നഗരത്തിലെ ആദ്യത്തെ അനുഭവം അൽപ്പം കൈപ്പേറിയത് ആയെങ്കിലും രണ്ടു മണിക്കൂർ കൂടി കാത്തിരുന്നാൽ കാണാൻ പോകുന്ന അതിമനോഹര ദീപാലംകൃത ചടങ്ങായ ഗംഗാ ആരതിയെ ഓർത്തപ്പോൾ മനസ്സിൽ ചെറിയ വെളിച്ചം തെളിഞ്ഞു. അസ്സിഘട്ടിലെ ഗംഗാ ആരതി വാരാണാസിയിൽ ഗംഗയുടെ തീരത്തെ ഘട്ടുകളാണ് പ്രധാന ആകർഷണം. ഏകദേശം തൊണ്ണൂറ് ഘട്ടുകൾ അഥവാ കല്പടവുകൾ ഇവിടെയുണ്ട്. കുളിക്കാനും പൂജാ കർമ്മങ്ങൾ ചെയ്യാനും വേണ്ടിയാണ് ഘട്ടുകളിൽ ആളുകൾ വരുന്നത്. ആദ്യത്തെ ഘട്ട് വരുണയും അവസാനത്തേത് അസ്സി ഘട്ടുമാണ്. എല്ലാദിവസവും പുലർച്ചെ ആറുമണിമുതൽ ഏഴ് വരെ ഒരുമണിക്കൂർ നീണ്ടു നില്കുന്ന ഗംഗാ ആരതി അസ്സിഘട്ടിലാണ് നടക്കുക. ഏഴ്പേർ തട്ടിൽ കയറി നിന്ന് ഒരേപോലെ തെളിയിച്ച നിലവിളക്കുകളും, സാബ്രാണി തിരിയും, പൂക്കളും എടുത്ത് ചെയ്യുന്ന ഗംഗാ പൂജാ കാണാൻ അതിമനോഹരമാണ്. ഗംഗയെ നമ്മളറിയാതെ തന്നെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മണിക്കൂർ. ഈ ചടങ്ങ് കാണാൻ ആളുകൾ അതിരാവിലെ തന്നെ അസ്സി ഘട്ടിലേക്ക് എത്തി സ്ഥലം പിടിക്കും. ഇരുട്ടുള്ളപ്പോൾ തുടങ്ങുന്ന ഗംഗാ ആരതി തീരുമ്പോൾ വെളിച്ചം വീണിട്ടുണ്ടാകും. മഞ്ഞു പുതച്ചു കിടക്കുന്ന ഗംഗയെ കാണാൻ അപ്പോൾ വല്ലാത്തൊരു ഭംഗിയാണ്. ആരതി കഴിഞ്ഞാലുടൻ അവിടെ നിന്നും ബോട്ടിങ്ങിനായി ആളുകളെ വിളിച്ചു കൊണ്ട് പോകുന്നത് കാണാം. അസ്സി ഘട്ടിൽ വെച്ചു കേരളത്തിൽ നിന്നുള്ള ഒരുപാട് ചെറുപ്പക്കാരെ കണ്ടുമുട്ടി. അധികം പേരും പാട്ന എക്സ്പ്രസ്സിൽ ജനറലിലും സ്ലീപ്പറിലുമൊക്കെ ഉണ്ടായിരുന്നവർ ആണ്. അവരിൽ ചിലർ പറഞ്ഞപ്രകാരം ഒരിടത്തു താമസം ശരിയാക്കി. കുളിച് ഫ്രഷ് ആയി വീണ്ടും പുതിയ കാഴ്ചകൾ തേടി വാരണാസിയിലെ ചരിത്രപ്പടവുകളിലേക്ക് നടന്നു നീങ്ങി. വാരാണാസിയിലെ ഏറ്റവും പ്രധാന ക്ഷേത്രമായ കാശി വിശ്വനാഥ ക്ഷേത്രത്തിന് ഏകദേശം അടുത്തായിട്ടായിരുന്നു ഞങ്ങളുടെ താമസം. നഗരം തിരക്കിലായി കഴിഞ്ഞിരുന്നു. ആളുകൾ ധൃതിപ്പെട്ട് എങ്ങോട്ടോക്കെയോ പോകുന്നു. തട്ടിയും മുട്ടിയും ഒഴിഞ്ഞു മറിയും ഞങ്ങളും തിരക്കിലൂടെ നടന്നു. വാരണാസിലെ ഏറ്റവും തിരക്കുള്ള മാർക്കറ്റിലൂടെ വേണം ഘട്ടുകളിലേക്ക് എത്താൻ. ചായക്കടകൾ, പഴങ്ങൾ, പച്ചക്കറികൾ, തുണികൾ, പൂജാ ദ്രവ്യങ്ങൾ, ഭക്ഷണ സാധനങ്ങൾ, പാത്രങ്ങൾ എന്നിങ്ങനെ വിവിധ കച്ചവടക്കാരെകൊണ്ട് നിറഞ്ഞിരിക്കുകയാണ് വഴികളിലിരുവശവും. ബനാറസ് സാരികളും രുദ്രാക്ഷവും ഇവിടുത്തെ ബാനറസ് സാരികൾ പ്രസിദ്ധമാണ് പൈതൃക തനിമയുള്ള തുണിത്തരങ്ങളാണ് അവിടെ അധികവും. രുദ്രാക്ഷമാലകൾ, ദൈവങ്ങളുടെ ഫോട്ടോകൾ, പൂജയ്ക്കുള്ള സാധനങ്ങൾ ഇതൊക്കെയാണ് ഇവിടെ അധികം വിറ്റുപോവുക. നടന്നു പോകുമ്പോൾ വെറുതെ നെറ്റിയിൽ കുറി വരച്ചു തരുന്നവരെയും, സൗജന്യമായി അനുഗ്രഹം കൊടുക്കുന്നവരെയും അവിടെ കണ്ടു. കൊച്ചുകുട്ടികൾ ശിവന്റെ വേഷം കെട്ടി നീല ചായം പൂശി അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു. ഒരു സെലിബ്രിറ്റി എന്നപോലെ ആ കുട്ടികളെ കൂടെ നിർത്തി ആളുകൾ സെൽഫിയെടുക്കുന്നത് കണ്ടു. അഘോരികൾക്ക് സമാനമായി ഭസ്‌മം പുരട്ടി നടക്കുന്ന ഒരുപാട് പേർ അവിടെ ഉണ്ടായിരുന്നു. യഥാർത്ഥ അഘോരികൾ ഇവർ അല്ലെന്നും അവരൊക്കെയും ഗംഗാ നദിയുടെ മറുകരയിലാണ് താമസം എന്നും അറിയാൻ കഴിഞ്ഞു. അഘോരി ബാബമാർ വിശേഷപ്പെട്ട ദിവസങ്ങളിലാണ് ഇവിടെക്ക് എത്തുക. മശാൻ കി ഹോളി ഇവരുടെ നേതൃത്വത്തിലാണ് നടക്കുക. നമ്മൾ ആഘോഷിക്കുന്ന നിറക്കൂട്ടുക്കളുടെ ആഘോഷ ദിവസത്തിനു 5 ദിവസം മുമ്പാണ് കാശിയിൽ ഈ ആഘോഷം തുടങ്ങുന്നത്. വ്യത്യസ്ത നിറങൾക്ക് പകരം ഭസ്മം മാത്രമാണ് ഈ ആഘോഷത്തിന് ഉപയോഗിക്കുക. ഘട്ടുകളിലേക്ക് തിരികെ വരാം. ഓരോ ഘട്ടുകൾക്കും വർഷങ്ങളോളം പഴക്കമുണ്ട്. ബലിദർപ്പണം നടത്താനും , ബോട്ടുകൾ നന്നാക്കാനും, തുണികൾ അലക്കി ഉണക്കിയിടാനും, ചിത്രങ്ങൾ വരയ്ക്കാനും, ഫോട്ടോ ഷൂട്ട് നടത്താനും, മൃതദേഹങ്ങൾ സാംസ്‌ക്കരിക്കാനും ഒക്കെ പ്രത്യേകം പ്രത്യേകം ഘട്ടുകളാണ് ഇവിടെയുള്ളത്. എല്ലായിടത്തും പൈതൃകത്വവും ആത്മീയതയും നിറഞ്ഞ അന്ദരീക്ഷം. ഗംഗാനദിയിലാകട്ടെ മോട്ടോർ ഘടിപ്പിച്ച ബോട്ടുകളുടെയും, ദേശാടന പക്ഷികളുടെയും ശബ്ദങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. കരയിലാകട്ടെ മണിയടികളുടെയും മന്ത്രധ്വനികളുടെയും. എല്ലാം കൂടി ഒരു ഉൽത്സവ മയമാണ്. ചുരുക്കത്തിൽ എല്ലായിടവും ആത്മീതമയമാണ്. അഞ്ച് ഘട്ടുകൾ കാശിയുടെ വടക്ക് വശത്ത് വരുണ നദിയും തെക്ക് വശത്ത് അസ്സി നദിയും ഗംഗയോട് കൂടി ചേർന്ന് കിടക്കുന്നു. ഗംഗയിൽ നിന്നും കരയിലേക്കുള്ള പടവുകളെയാണ് ഘട്ടുകൾ എന്ന് വിളിക്കുന്നത്. ഗംഗയിലെ ഘട്ടുകളിൽ പാദം ആദികേശവഘട്ടാണ്. തുട പഞ്ചഗംഗ, നാഭി മണികർണിക, നെഞ്ച് ദശേശ്വമേദ്ധ് ഘട്ടും, തല അസ്സി ഘട്ടുമാണ്. മനുഷ്യനും മരണവും ഒന്നുമല്ലെന്ന് തോന്നിക്കുന്ന കാഴ്ചകളാണ് മണികർണിക ഘട്ടിൽ കാണാനായത്. ജീവനറ്റ മനുഷ്യ ശരീരങ്ങൾ രാപകലില്ലാതെ അവിടെ കത്തിയമരുന്നു. ഹരിചന്ദ്ര ഘട്ടിലും മൃതദേഹം സംസ്ക്കരിക്കുന്നുണ്ടെങ്കിലും മണികർണികയിലാണ് മരണത്തിന്റെ മഹാമന്ത്രങ്ങൾ ഉരുവിടുന്നത്. മനുഷ്യശരീരം കത്തിയമർന്ന പുക അവിടെമാകെ നിറഞ്ഞു നിൽക്കും. മരണത്തെ പേടിയോടെ കാണുന്ന നമ്മൾ മണികർണികയിൽ വരണം, അവിടെ ശരീരങ്ങൾ കത്തിയമരുന്നത് കാണണം, ഭൂമിയിൽ മരണത്തെ ആഘോഷിക്കുന്നത് എങ്ങനെയെന്ന് അമ്പരപ്പോടെ ഞങ്ങൾ അവിടെ നിന്ന് കണ്ടു. ജീവിക്കാൻ ശീലിക്കുന്നതുപോലെ മരിക്കാനും പഠിക്കണമെന്ന് നമ്മൾക്ക് തോന്നിപ്പോകും. തീയുടെ ചൂടും പുകയും ഗന്ധവും തളം കെട്ടി നിൽക്കുന്ന മണികർണികയിൽ ആരും കരയുന്നത് കണ്ടില്ല. ജീവിച്ചിരിക്കുമ്പോൾ ലഭിച്ചതിലും വലിയ സൗഭാഗ്യമാണല്ലോ മരിച്ചപ്പോൾ കിട്ടിയതെന്ന ആശ്വാസമാണ് എല്ലാവരുടെയും ഉള്ളിൽ. ഘട്ടുകളിൽ ഏറ്റവും ഭംഗിയുള്ളതായി തോന്നിയത് ദശേശ്വമേദ്ധ് ഘട്ടിനാണ്. പല നിറത്തിലുള്ള കുടകൾ അവിടെ സ്ഥാപിച്ചിട്ടുണ്ട്. ആ കുടയ്ക്ക് കീഴിലാണ് പൂജാരികളും കർമ്മികളും ഇരിക്കുക. പലതരം ആവശ്യങ്ങൾക്കായി ഭക്തിയോടെ ഇവരുടെ അടുത്തേക്ക് ആളുകൾ ചെല്ലുന്നത് കാണാം. എല്ലാദിവസവും വൈകുന്നേരം ഗംഗാ ആരതി നടക്കുന്നത് ഇവിടെയാണ്. അപ്പോഴേക്കും നദിയിൽ ചുറ്റിനടന്നിരുന്ന ബോട്ടുകളെല്ലാം ഘട്ടിനോട് ചേർത്ത് അടിപ്പിക്കും. ഗംഗയെ ദീപം കൊണ്ട് ഉഴിയുന്നതും, മസാലചായയും, ഭജനയും, ജയ് വിളികളും, തണുത്ത കാറ്റും എല്ലാം ചേർന്ന് വല്ലാത്തൊരു അനുഭൂതിയാണ്. ഈ ഘട്ടിന് ഏകദേശം അടുത്തായിട്ടാണ് കാശിയുടെ രാജാവ് വിശ്വനാഥന്റെ ക്ഷേത്രം, അടുത്ത് തന്നെ രാഞ്ജി അന്നപൂർണ്ണയുടെയും. കാശി വിശ്വനാഥ ക്ഷേത്രം തീരെ ചെറുതാണെങ്കിലും മതിലും ചുറ്റുപാടും, പട്ടാളത്തിന്റെ സംരക്ഷണവും എല്ലാം ചേർന്ന് അതി ഭീകരം എന്ന് പറയേണ്ടി വരും. ക്ഷേത്രത്തിൽ തൊഴാൻ നീണ്ട ക്യു ആണ് എപ്പോഴും. മുന്നൂറു രൂപ അടച്ചു പ്രത്യേക പാസ്സ് വാങ്ങിയാൽ മറ്റൊരു ഗേറ്റ് വഴി കയറി ചെറിയ സമയം കൊണ്ട് ദർശനം നടത്തി വെളിയിൽ എത്താം. പുതിയ പൈതൃക ഭംഗി ആസ്വദിക്കാൻ വാരാണസിയിലെ തെരുവുകളിലൂടെ ഞങ്ങൾ നടപ്പ് തുടർന്നു. ഗംഗ തിരയില്ലാതെ സമുദ്രം കണക്കെ തെക്കേഇന്ത്യക്കാരുടെ നദീ സങ്കല്പങ്ങളെ തലകീഴായി മറിക്കും വിധമാണ് ഗംഗയുടെ രൂപവും ഭാവവും. ഒട്ടും രൗദ്രമല്ലെങ്കിൽ കൂടി തിരയും കൂടി ചേർത്ത് വെച്ചാൽ കടലെന്നു തോന്നിപ്പിക്കും ഈ പുണ്ണ്യ മഹാനദി. അത്രമേലുണ്ട് ആഴവും പരപ്പും. കോടിക്കണക്കിനു മനുഷ്യരുടെ പാപങ്ങൾ കഴുകിയെടുത്ത ഗംഗാദേവി. ഒട്ടുമിക്ക എല്ലാ ഘട്ടുകളിൽ നിന്നും ബോട്ടിങ് ഉണ്ട് ഗംഗയിൽ. നൂറുരൂപയ്ക്ക് മോട്ടോർ ഘടിപ്പിച്ച വലിയ ബോട്ടുകളിൽ യാത്ര ചെയ്യാം. ഒരു മണിക്കൂർ ആണ് പരമാവധി സമയം. അതിനിടയിൽ ഓരോ ഘട്ടുകളുടെയും മുന്നിൽ എത്തുമ്പോൾ അതിന്റ ചരിത്രവും, പ്രാധാന്യവും ബോട്ടിലുള്ള ഗൈഡ് നമുക്ക് പറഞ്ഞു തരും. സംശയങ്ങൾ ചോദിക്കുകയോ, തർക്കിക്കുകയോ, ഗൈഡിനെ തിരുത്തുകയോ എന്ത് വേണമെങ്കിലും ആവാം പക്ഷെ അവസാനം ഘട്ടിന്റെയും ഗംഗാമാതാവിന്റെയും പേര് പറഞ് ജയ് വിളിച്ചിരിക്കണം. ഇതെല്ലാം കണ്ടും കേട്ടും ഒന്നുമറിയാത്ത പാവങ്ങളായി ഞങ്ങൾ ബോട്ടിൽ ഇരുന്നു. വാരാണാസിയിലെ കച്ചവടക്കാർക്ക് അധികം വിറ്റുപോകുന്ന ഒരിനമാണ് പ്ലാസ്റ്റിക് കുപ്പികളും കന്നാസുകളും. ബോട്ടിംങ്ങിനിടയിൽ കുപ്പി നിറയെ പുണ്യ ജലമെടുത്ത് ഭദ്രമായി നാട്ടിലേക്ക് കൊണ്ട് പോകാനാണ് കുപ്പികൾ വാങ്ങുന്നത്. അഞ്ചുപേർക്ക് സുഖമായി യാത്ര ചെയ്യാൻ പാകത്തിൽ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് ഒരു വഞ്ചിയും തുഴക്കാരനെയും കിട്ടും. നവമാധ്യമങ്ങളിലെ വീഡിയോകൾ കണ്ട് ഇവിടേക്കെത്തുന്ന പുതിയ തലമുറയ്ക്ക് മറ്റ് ബഹളങ്ങളൊന്നുമില്ലാതെ സ്വസ്ഥമായി പടമെടുക്കാനും കാഴച്ചകൾ കാണാനും ദേശാടനപക്ഷികൾക്ക് തീറ്റ കൊടുക്കാനും ചെറു വള്ളങ്ങളാണ് അനുയോജ്യം. വാരാണാസി ലഹരികൾക്കും പേര് കേട്ട ഇടം തന്നെയാണ്. ഇന്ന് നമ്മൾ കാണുന്ന കെമിക്കൽ ലഹരി വസ്തുക്കളെക്കാൾ ഡിമാൻഡ് ഗഞ്ചാവിന് തന്നെയാണ്. സുലഭമായി അത് വാരാണാസിയിൽ ലഭിക്കും. ദൂരെസ്ഥലങ്ങളിൽ നിന്നും ഇവിടെക്കെത്തുന്ന സഞ്ചാരികൾക്ക് പ്രിയം അവിടെ കിട്ടുന്ന 'ഭാങ്' എന്ന പാനീയത്തോടാണ്. പരസ്യമായി ബോർഡുകൾ വെച്ച് വിൽക്കുന്ന ഷോപ്പുകളും, രഹസ്യമായി അടുത്ത് വന്ന് ചോദിക്കുന്ന ഏജന്റുമാരും ഒക്കെ അവിടെയുണ്ട്. ആത്മീയതയോടൊപ്പം ലൗകികമായ എല്ലാത്തരം സുഖങ്ങളും അനുഭവിച്ചിരിക്കണമെന്നാണ് അവിടെയുള്ളവരുടെ വിശ്വാസം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെക്ക് യാത്ര ചെയ്യണം. മന്ത്രങ്ങളുടെയും, പ്രാർത്ഥനകളുടെയും, നിലവിളികളുടെയും, മണിയടികളുടെയും ശബ്ദകോലാഹലങ്ങൾ ഒഴിവാക്കി ഒഴിഞ്ഞ ഒരിടത്തു ഗംഗയെ നോക്കിയിരുന്നാൽ കേൾക്കാം നദിയിൽ മുങ്ങി കിടക്കുന്ന കല്പടവുകൾക്കും, ക്ഷേത്ര മുറ്റത്തു നിൽക്കുന്ന ആൽ മരത്തിനും, കാറ്റും മഴയും കൊണ്ട് മങ്ങിയ നിറക്കൂട്ടുകൾക്കും, പൈതൃകം പേറുന്ന ചുമരുകൾക്കും, ഇടുങ്ങിയ നടപ്പാതകൾക്കും, കച്ചവട ചരക്കായികിടക്കുന്ന രുദ്രാക്ഷ മാലകൾക്കും ഒക്കെ പറയാനുള്ള വിശ്വാസത്തിന്റെയും , ആചാരങ്ങളുടെയും , അനാഥരാക്കപ്പെട്ടു പോയവരുടെയും, പ്രതീക്ഷയറ്റ് പോയവരുടെയും, മോക്ഷം ലഭിച്ചവരുടെയുമൊക്കെ അതിജീവനത്തിന്റെ ചരിത്രം. വാരണാസിയിൽ ഏറ്റവും ചെറുതും ഏറ്റവും വലുതും മതവിശ്വാസം മാത്രമാണ്. അവിടെയുള്ളവർ ജനിക്കുന്നതും ജീവിക്കുന്നതും, മരിക്കുന്നതും ഇതിൽ തന്നെയാണ. അധികാര രാഷ്ട്രീയത്തിന്റെ ആർത്തികളിൽ കെട്ടുപിണഞ്ഞ് മോക്ഷം കിട്ടാതെ ജീർണ്ണിച്ചിരിക്കുകയാണ് വാരണാസിയും അയോദ്ധ്യയും ഉൾപ്പെടുന്ന ഉത്തർപ്രദേശിലെ സാംസ്കാരിക രാഷ്ട്രീയ പരിസരങ്ങൾ എന്നതും ഇതോടൊപ്പമുള്ള കാഴ്ചയാണ്. Read on deshabhimani.com