മറക്കാനാവാത്ത ഒരു ബീച്ച് ഡ്രൈവിന് ഒരുങ്ങാം; മുഴപ്പിലങ്ങാട് റെഡി
കണ്ണൂർ > മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് പുതുവത്സരത്തെ വരവേൽക്കാനായി ഒരുങ്ങുന്നു. മണൽ പരപ്പിലൂടെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവിങ് സാധ്യമാവുന്ന തീരം മുഖം മിനുക്കുകയാണ്. വിനോദ സഞ്ചാര വികസത്തിന്റെ ഭാഗമായുള്ള പദ്ധതികൾ പുതുവത്സര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഴപ്പിലങ്ങാട് - ധർമടം വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യ ഘട്ടമാണ് പൂർത്തിയാവുക. ഇതോടെ കൂടുതൽ സഞ്ചാരികളെ ഈ മേഖല വരവേൽക്കും. മുഴപ്പിലങ്ങാട് ത്രീ സ്റ്റാർ ഹോട്ടലിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ ദീർഘ ദൂര യാത്രികർക്ക് കൂടുതൽ സൌകര്യമാവും. മണൽ പരപ്പിലൂടെ ഏറ്റവും ദൂരത്തിൽ കാർ ഓടിക്കാവുന്ന ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ച് ആണ് മുഴപ്പിലങ്ങാട്. ഡ്രൈവിങ് പാത്തിന് ചേർന്ന് വാക് വേ പൂർത്തിയാവുന്നു. തീരത്തിന്റെ ഭംഗി നുകർന്ന് നടക്കാനെത്തുന്നവർക്ക് ഇത് ആകർഷണമാവും. പദ്ധതി പൂർത്തിയാവുന്നതോടെ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായി ഇവിടം മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. Read on deshabhimani.com