കാഴ്ച്ചപ്പൂരമൊരുക്കി ശാസ്‌താംപാറ

ശാസ്‌താംപാറയിൽനിന്നുള്ള ഒരു സായാഹ്നം ദൃശ്യം


 കരിമണ്ണൂർ> സഞ്ചാരികൾക്ക്‌  കാഴ്‌ച്ചപ്പൂരമായി ശാസ്‌താംപാറ. തൊടുപുഴ നഗരസഭയുടെയും ഇടവെട്ടി, കരിമണ്ണൂർ ആലക്കോട്‌  പഞ്ചായത്തുകളുടെയും സംഗമസ്ഥാനത്താണീ സുന്ദര ഭൂമി. അതി പുരാതനമായ അയ്യപ്പക്ഷേത്രവും ഇവിടെ ഉണ്ട്‌. ക്ഷേത്ര പെരുമയിൽനിന്നാകാം ഈ പ്രദേത്തിന്‌ ശാസ്‌താംപാറ എന്ന് പേരുവീണതെന്ന്‌ കരുതുന്നു. 
    പാറയുടെ താഴ് വാരത്താണ് അമ്പലമെങ്കിലും പറയ്ക്ക് പേര് ശാസ്‌താവിന്റെ തന്നെ. അൽപ്പം പ്രയാസപ്പെട്ടായാലും പാറയുടെ മുകളിലെത്തിയാൽ കണ്ണിനും മനസ്സിനും കളിർമ പകരുന്ന കാഴചകളുടെ നിര തന്നെയുണ്ട്. ശാസ്‌താംപാറ കുരിശു പാറയിലെത്തിയാൽ കുളിർകാറ്റിൽ വിശ്രമിക്കാം. മലനിരകളുടെയും പാറക്കൂട്ടങ്ങളുടെയും വിസ്മയം ജനിപ്പിക്കന്ന മനോഹര കാഴ്ചകൾ കൺകുളിർക്കെ ആസ്വദിക്കാം. ഒരുവശത്ത് വലിയ ഉയരത്തിലുള്ള ഇടിവെട്ടിപ്പാറ. മറുഭാഗത്ത് വണ്ണപ്പുറം കോട്ടപ്പാറ മലനിരകൾ. കൂടാതെ ഉറവപ്പാറയും ചെപ്പുകുളവും. നാലുവശവും മലനിരകളാൽ ചുറ്റപ്പെട്ട് നടുവിലായാണ് ശാസ്‌താം പാറ. ഇതിനു പുറമെ മലങ്കര തടാകം, തൊടുപുഴ നഗരസഭപ്രദേശം, എറണാകും  എന്നിവയുടെയും വിദൂര കാഴ്ചകൾ ചേതോഹരം. 
 ‘എൽസമ്മ എന്ന ആൺ കുട്ടി’ ഉൾപ്പെടെ നിരവധി സിനിമാകളുടെ ചിത്രീകരണം ഇവിടെ നടന്നിട്ടുണ്ട്. ഇവിടുത്തെ കാറ്റുകൊള്ളാനും സൗന്ദര്യം നുകരാനും നിരവധി സഞ്ചാരികളാണ്‌ ദിവസവും എത്തുന്നത്‌. പാറയിലേക്കുള്ള എളുപ്പവഴി  ഇടവെട്ടി പഞ്ചായത്തിലാണ്. കരിമണ്ണൂർ ചാലാശേരിയിലെ കുരിശുമലയിലൂടെയും ഇവിടെ നടന്നെത്താം. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും വിധം പവലിയനും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാൽ ശാസ്‌താംപാറ  ശ്രദ്ധാകേന്ദ്രമാക്കി മാറ്റാനാവും. പഞ്ചായത്തും വിനോദ സഞ്ചാര വകുപ്പും  നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർക്ക്‌.     Read on deshabhimani.com

Related News