കാടും വെള്ളച്ചാട്ടവും അണക്കെട്ടുമെല്ലാം ചേർന്നൊരു പാക്കേജ്; ശിരുവാണി വീണ്ടും തുറക്കുന്നു
പാലക്കാട് > ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ വിനോദസഞ്ചാരികൾക്ക് ശിരുവാണിയുടെ സൗന്ദര്യം ആസ്വദിക്കാൻ വീണ്ടും അവസരമൊരുങ്ങുന്നു. നവംബർ ഒന്നുമുതൽ ശിരുവാണി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാം. രാവിലെ ഒമ്പതിനും പകൽ 12നും 2.30നുമാണ് സന്ദർശകരുടെ വാഹനത്തിൽ ഗൈഡിന്റെ സഹായത്തോടെ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം. ശിരുവാണി അണക്കെട്ട്, ബ്രിട്ടീഷ് നിർമിതമായ പട്യാർ ബംഗ്ലാവ്, പുല്ലുകൾ നിറഞ്ഞ കേരളമേട്, മുത്തിക്കുളം വെള്ളച്ചാട്ടം എന്നിവ കാണാം. അണക്കെട്ടിന്റെയും വെള്ളച്ചാട്ടത്തിന്റെയും കാടിന്റെയും ഭംഗി ആവോളം ആസ്വദിച്ചുള്ള യാത്രയിൽ സാഹചര്യമനുവദിച്ചാൽ ചില മൃഗങ്ങളെയും കാണാം. ആദ്യഘട്ടത്തിൽ വൈൽഡ് ലൈഫ് സഫാരിയാണ് തുടങ്ങുന്നത്. നിർമാണം പൂർത്തിയായശേഷം രണ്ടാംഘട്ടത്തിൽ മറ്റു വിനോദസഞ്ചാര പദ്ധതികളും നടപ്പാക്കും. 2012ൽ ആരംഭിച്ച ശിരുവാണിയിൽ ഇക്കോ ടൂറിസം പദ്ധതി 2018ലെ പ്രളയത്തിൽ റോഡ് തകർന്നതോടെ നിർത്തുകയായിരുന്നു. പട്യാർ ബംഗ്ലാവിൽ താമസിക്കാം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പട്യാർ ബംഗ്ലാവിൽ താമസിക്കാം. ഭക്ഷണം തയ്യാറാക്കാനുള്ള സാധനങ്ങൾ കൈയിൽ കരുതണം. മൂന്നുമുറികളാണ് ബംഗ്ലാവിലുള്ളത്. ടിക്കറ്റ് നിരക്ക് വാഹനം നിർത്തിയിടാനുള്ള പാർക്കിങ് നിരക്ക്, പ്രവേശന പാസ്, കാമറ പാസ്, ഗൈഡ് ഫീസ് എന്നിങ്ങനെയാണ് നിരക്ക് കണക്കാക്കുന്നത്. ● അഞ്ചുപേർക്ക് യാത്ര ചെയ്യാനുള്ള കാറിന്: 2,000 രൂപ ● ഏഴുപേർക്ക് – 3,000 1● 2 പേർക്ക് – 5,000 ● 17 പേർക്ക് – 6,500 രൂപ ഇതു വഴിയേ... പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ഇടക്കുറുശി ശിരുവാണി ജങ്ഷൻ വഴിയും കാഞ്ഞിരപ്പുഴ അണക്കെട്ട് റോഡ് വഴിയും പാലക്കയത്ത് എത്താം. യാത്രയിൽ കാഞ്ഞിരപ്പുഴ അണക്കെട്ട് കാണാനുള്ള അവസരവുമുണ്ട്. അവിടെനിന്ന് ഹെയർപിൻ വളവുകൾ കയറി 16 കിലോമീറ്റർ യാത്രചെയ്യണം ശിരുവാണിയിലെത്താൻ. Read on deshabhimani.com