അഞ്ജിത ചരിത്രത്തിലേക്ക്



കാൽപ്പന്തുകളിയോടുള്ള അടങ്ങാത്ത അഭിനിവേശം ഇരുപത്തിമൂന്നുകാരി അഞ്ജിതയ്‌ക്ക് നേടിക്കൊടുത്തത് കായികരംഗത്തെ അത്യപൂർവ നേട്ടമാണ്, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്‌ബോൾ വീഡിയോ അനലിസ്റ്റ്. കാസർകോട്‌ ജില്ലയിലെ ബങ്കളം ഗ്രാമത്തിൽനിന്നാണ് അഞ്ജിത. സ്കൂൾ പഠനകാലത്താണ്  ഫുട്‌ബോൾ ജീവിതത്തിന്റെ ഭാഗമാകുന്നത്. ഫുട്ബോൾ കളിക്കാരനായ അച്ഛൻ എം മണിയിൽനിന്നാണ്‌ കായികവാസന പകർന്നുകിട്ടിയതെന്ന് അഞ്ജിത പറയുന്നു. ചെറുപ്പത്തിൽ ബങ്കളം സ്‌കൂളിൽ നടന്ന യോഗത്തിൽ ഉദ്ഘാടനത്തിനെത്തിയ ഐ എം വിജയനുമായി അച്ഛൻ ദീർഘനേരം സംസാരിക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി. ഇത്രയും പ്രശസ്തനായ കളിക്കാരൻ അച്ഛനോട് സംസാരിക്കാനുള്ള കാരണം ഫുട്‌ബോൾ ഒന്ന് മാത്രമായിരുന്നു. അച്ഛൻ ഗ്രൗണ്ടിൽ കളിക്കുന്നതും അച്ഛന്റെ കൈപിടിച്ച്  ലോക്കൽ സെവൻസുകൾ കാണാൻ പോയതുമെല്ലാം മധുരിക്കുന്ന ബാല്യകാല സ്മരണകളാണ്. ഉള്ളിൽ കയറിക്കൂടിയ ഫുട്ബോൾ എന്ന പ്രണയത്തിലേക്കുള്ള വഴി തുറന്നുകൊടുത്തത് പ്രീതി ടീച്ചറാണ്. പയറ്റിത്തെളിഞ്ഞത് സ്കൂൾ ടീമിനൊപ്പവും. കൃത്യമായ ആസൂത്രണം ഏതൊരു വിജയത്തിനും പുറകിൽ കൃത്യമായ ആസൂത്രണമാണ്. ടീമിന്റെ വിജയരഹസ്യം കളിക്കളത്തിൽ തന്ത്രങ്ങൾ മെനയുന്നതിലാണ്‌. വീഡിയോയിലൂടെ സ്വന്തം ടീമിന്റെയും എതിർ ടീമിന്റെയും കഴിവും വീഴ്ചകളും തിരിച്ചറിഞ്ഞ് കോച്ചിന് കൃത്യമായ നിർദേശങ്ങൾ കൈമാറുക എന്നതാണ് ഫുട്‌ബോൾ വീഡിയോ അനലിസ്റ്റിന്റെ ജോലി. ഫുട്‌ബോൾ കളിച്ചുള്ള പരിചയവും ഫുട്‌ബോളിനെകുറിച്ചുള്ള പരിജ്ഞാനവുമാണ് വീഡിയോ അനലിസ്റ്റാകാനുള്ള പ്രഥമ യോഗ്യത. ഗോകുലം എഫ്സി സീനിയർ വനിതാ ടീമിന്റെ വീഡിയോ അനലിസ്റ്റായി അഞ്ജിത ഒരു വർഷത്തേക്ക് കരാർ ഒപ്പുവച്ചത് പ്രൊഫഷണൽ ഫുട്‌ബോൾ സ്‌കൗട്ടിങ് അസോസിയേഷനിൽനിന്ന് ഒന്നാം ലെവൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ്. കൂടാതെ, മുത്തൂറ്റ് എഫ്സിയുടെ വീഡിയോ അനലിസ്റ്റായി പ്രവർത്തിച്ചിട്ടുള്ള മുൻപരിചയവും പ്രയോജനമായി. കളിയിലെ ഭാഗം സ്‌കൂളിൽ പഠിക്കുമ്പോൾത്തന്നെ പരിശീലിപ്പിച്ച നീതിഷ് സാറിന്റെ കൃത്യമായ നിർദേശങ്ങളിലൂടെയാണ് വീഴ്ചകൾ മനസ്സിലാക്കി മുന്നോട്ടുപോകാൻ സാധിച്ചത്. കാൽപ്പന്തിൽ കളിക്കുന്നത് മാത്രമല്ല, അതിലും വ്യത്യസ്തമായ മേഖലയുണ്ടെന്നും തിരിച്ചറിയാൻ സഹായിച്ചത് കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഷെരീഫാണ്. ഒപ്പം നിർദേശങ്ങളുമായി നിന്നത് മെൻസ് ടീം അനലിസ്റ്റ് ആനന്ദ് വർധനും. ഫുട്‌ബോൾ വീഡിയോ അനലിസ്റ്റ് എന്ന മേഖലയിലേക്ക് തിരിയാനുള്ള കാരണവും അഞ്ജിതയ്ക്ക്  പറയാനുണ്ട്. വനിതകൾക്ക് ദീർഘകാലം തുടരാൻ കഴിയുന്ന മേഖലയല്ല കാൽപ്പന്തുകളി. സ്ത്രീകൾക്കുണ്ടാകുന്ന ശാരീരികമായ മാറ്റങ്ങൾകൊണ്ട് പലരും ഫുട്‌ബോൾ ഉപേക്ഷിച്ച് സ്വകാര്യ ജീവിതത്തിലേക്ക് ഒതുങ്ങാറുണ്ട്. ഉള്ളിൽ കളിയോടുള്ള താൽപ്പര്യം ഉണ്ടായിട്ടും അവരെ അതിൽനിന്ന്‌ പിന്തിരിപ്പിക്കുന്നത് ശാരീരികവും സാഹചര്യപരവുമായ മാറ്റങ്ങളാണ്. അതുകൊണ്ടുതന്നെ ഏറെകാലം കളിയിലെ നിർണായകമായ ഒരു ഭാഗമാകാനും അഞ്ജിത ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഫുട്‌ബോൾ വീഡിയോ അനലിസ്റ്റെന്ന മേഖല തെരഞ്ഞെടുത്തത്. ദേശീയ അനലിസ്റ്റ് എന്ന സ്വപ്‌നം എസ്എസ്എൽസിക്കും പ്ലസ് ടുവിനും ഉന്നതവിജയം സ്വന്തമാക്കിയ അഞ്ജിതയ്ക്ക് പഠനത്തോടെപ്പം ഫുട്‌ബോളും ഒന്നിച്ച് കൊണ്ടുപോകുന്നതിന് പ്രയാസങ്ങളില്ല. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ബങ്കളത്ത് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ജൂനിയർ കേരള ടീമിന്റെയും പ്ലസ് വൺ പ്ലസ് ടു പഠിക്കുമ്പോഴാണ് സ്‌കൂൾ കേരള ടീമിന്റെയും ഭാഗമായത്. പ്ലസ്ടു കഴിഞ്ഞ് കർണാടക വുമൺസ് ലീഗിൽ ബംഗളൂരു ബ്രോവ്‌സിനുവേണ്ടി ജേഴ്‌സിയണിഞ്ഞു. ഡിഗ്രി ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്സ് കോളേജിൽ കഴിഞ്ഞ ശേഷമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി കളിച്ചത്. ഇന്ത്യൻ വുമൺസ് ലീഗിൽ മുംബൈ നൈറ്റ്‌സ് ടീമിലും ഇടം നേടി. ഇത്തരത്തിലുള്ള നേട്ടങ്ങൾ പലതും മാധ്യമങ്ങളിൽ വാർത്തയായ സമയത്ത് ഒരിക്കലും ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്‌ബോൾ വീഡിയോ അനലിസ്റ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഞ്ജിത പറയുന്നു. നേടിയെടുക്കാൻ ഒരുപാട് ലക്ഷ്യങ്ങൾ ബാക്കിയാണ്. അതിലൊന്നാണ് ദേശീയ വനിതാടീമിന്റെ വീഡിയോ അനലിസ്റ്റ് എന്ന സ്വപ്‌നം. ദൂരങ്ങൾ താണ്ടാൻ പ്രോത്സാഹനവുമായി രണ്ട് പതിറ്റാണ്ടുകളിലധികം റെഡ് സ്റ്റാർ ബങ്കളത്തിന്റെ ഗോൾ കീപ്പറായിരുന്ന അച്ഛൻ എം മണിയും അമ്മ എം നളിനിയും സഹോദരി അബിതയും കൂടെയുണ്ട്. അഞ്ജിത തൃശൂർ കാർമൽ കോളേജിൽ എംകോം രണ്ടാം വർഷ വിദ്യാർഥിയാണ്. അഞ്ജിതയ്ക്ക് ഫുട്‌ബോളിൽ താൽപ്പര്യമുള്ള പെൺകുട്ടികളോടും പരിക്കുപറ്റി ഇനി കളിക്കാൻ കഴിയാത്ത സുഹൃത്തുക്കളോടും പറയാനുള്ളത് അവസരം മനസ്സിലാക്കി മുന്നോട്ട് പോകണമെന്നാണ്‌. ഫുട്‌ബോളിൽ കളിക്കുകയെന്നത് മാത്രമല്ല സ്‌പോർട്‌സ് മാനേജ്‌മെന്റ്, സ്ട്രങ്ത് ആൻഡ്‌ കണ്ടീഷനിങ്, കോച്ചിങ്, എൻഐഎസ് എന്നീ മേഖലകളുമുണ്ട്. ഇത്തരത്തിലുള്ള പുതിയ തലങ്ങൾ തിരിച്ചറിഞ്ഞ് സ്വപ്നങ്ങളെ ചേർത്തുപിടിച്ച്‌ മുന്നോട്ടുതന്നെ പോകുക. Read on deshabhimani.com

Related News