ഉള്ളി തീയലിന്റെ മൊഴിമാറ്റി എട്ടാം ക്ലാസുകാരൻ

ആര്യൻ ഠാക്കൂർ കഥാകാരി പ്രിയ എ എസിനൊപ്പം


‘രാംകോ ജാനു ടിവി പർ ഫിലിം ദേഖ്‌ രഹി ധി. ഠീക്ക്‌ ഉസി സമയ്‌ ബിജലി ചലി ഗയി.’ മകൻ ആര്യൻ മൊഴിമാറ്റം നടത്തിയ കഥ ഉറക്കെ വായിച്ച്‌ ഡിമ്പിൾ ദേവി അത്യാഹ്ലാദത്തിൽ മകനെ കെട്ടിപിടിച്ചു. "മേരാ ബേട്ടാ ബെഡിയാ കാം കിയാ’,  ഡിമ്പിളിന്‌ സന്തോഷം ഉള്ളിലൊതുക്കാനായില്ല. കഥാകാരി പ്രിയ എ എസിന്റെ ‘ഉള്ളി തീയലും ഒമ്പതാം പട്ടികയും’ എന്ന ബാലസാഹിത്യ കഥയാണ്‌ കുഞ്ഞ്‌ ആര്യൻ ഹിന്ദിയിലേക്ക്‌ മൊഴിമാറ്റിയത്‌.  ‘പ്യാജ്‌ കറി ഔർ നൗ കി പഹാടാ’ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ ആര്യൻ പഠിച്ചിരുന്ന എറണാകുളം രുദ്രവിലാസം യുപി സ്‌കൂൾ അധികൃതരും.  അതിഥിത്തൊഴിലാളിയുടെ മകനെ എഴുത്തുകാരനും ഒരു പൊതുവിദ്യാലയത്തെ പ്രസാധകരുമാക്കിയ കഥയുടെ തുടക്കം കഴിഞ്ഞ വിദ്യാലയ വർഷമാണ്‌. വായന വാരാചരണത്തിന്റെ ഭാഗമായി പുസ്‌തകങ്ങൾ വിതരണം ചെയ്‌തപ്പോൾ സ്‌കൂളിലെ ജ്യോതിബാല ടീച്ചറുടെ മനസ്സിൽ ഒരാശയം ഉദിച്ചു. അതിഥിത്തൊഴിലാളികളുടെ കുട്ടികളാണ്‌ ബഹുഭൂരിപക്ഷം വിദ്യാർഥികളും. ഒരു കുട്ടിയെക്കൊണ്ട്‌  ബാലസാഹിത്യ കൃതി ഹിന്ദിയിലേക്ക്‌ മൊഴിമാറ്റം നടത്തിയാലോ എന്ന്‌. പ്രധാന അധ്യാപിക സിന്ധുടീച്ചറോട്‌ ആശയം പങ്കുവച്ചപ്പോൾ അവർക്കും വലിയ സന്തോഷമായി. സ്‌കൂൾ ലൈബ്രറിയിൽ ഏകദേശം 3500 പുസ്‌തകങ്ങൾ ഉണ്ട്‌. അതിൽനിന്ന്‌ ഒരു പുസ്‌തകം കണ്ടെത്തണം. ഒരുപാട്‌ ആലോചനകൾക്കു ശേഷമാണ്‌ പിയ എ എസിന്റെ ‘ഉള്ളി തീയലും ഒമ്പതാം പട്ടികയും’ എന്ന പുസ്‌തകം തെരഞ്ഞെടുക്കുന്നത്‌. അച്ഛൻ നഷ്‌ടപ്പെട്ട ജാനു എന്ന കുട്ടി അമ്മയുമായി നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ്‌ കഥ പുരോഗമിക്കുന്നത്‌. എഴുത്തുകാരനെ തെരഞ്ഞെടുക്കുന്നതിൽ വലിയ ചിന്തകൾ വേണ്ടിവന്നില്ല. സ്‌കൂളിലെ ഏറ്റവും മിടുക്കനായ ആര്യൻ ഠാക്കൂർതന്നെ മതിയെന്നത്‌ ഏകകണ്ഠമായ തീരുമാനം. വിവരം പറഞ്ഞപ്പോൾ ‘ടീച്ചറെ എന്നെക്കൊണ്ട്‌ പറ്റുമെന്ന്‌ തോന്നുന്നില്ല’ എന്ന മറുപടിയാണ്‌ ആര്യൻ പറഞ്ഞത്‌. ജ്യോതിബാല ടീച്ചർ വിട്ടില്ല. ‘നിനക്ക്‌ കഴിയും’ എന്ന്‌ നിരന്തരം  പറഞ്ഞ്‌  പ്രോത്സാഹനം നൽകി. ഓരോ ദിവസം ഓരോ പേജ്‌ വീതം നൽകിയാൽ മതിയെന്ന ഉറപ്പിൽ ഒടുവിൽ പുസ്‌തകം കൈപ്പറ്റി. ഏതാനും ദിവസങ്ങൾക്കുശേഷം മൊഴിമാറ്റം നടത്തിയ കുറച്ച്‌ പേജുകൾ ടീച്ചറുടെ കൈയിൽ എത്തിച്ചു. സ്‌കൂൾ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റിങ്ങിൽ ജ്യോതി ടീച്ചറും ഹെഡ്‌മിസ്‌ട്രസ്‌ ടി പി സിന്ധുവും ചേർന്ന്‌ സ്‌കൂൾ മാനേജർ ആർ രാമചന്ദ്രനോട്‌ കാര്യങ്ങൾ അവതരിപ്പിച്ചു. ചടങ്ങിൽ വിശിഷ്‌ടാതിഥിയായിരുന്ന രൂപ ജോർജ് കഥ മുഴുവനാക്കി പുസ്‌തക രൂപത്തിലാക്കാൻ നിർദേശിച്ചു. സ്‌കൂൾ അവധിക്കാലത്ത്‌ മൊഴിമാറ്റം പൂർത്തിയാക്കി കൈയെഴുത്ത്‌ പ്രതി ജ്യോതി ടീച്ചറെ ഏൽപ്പിച്ചു. യുപി പഠനം പൂർത്തിയാക്കി സെന്റ്‌ ആൽബേട്‌സ്‌ ഹൈസ്‌കൂളിൽ ചേരാനായി ആര്യൻ ടിസി വാങ്ങിപ്പോയെങ്കിലും അധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റും കഥ പുസ്‌തകരൂപത്തിലാക്കി. സ്‌കൂൾ മാനേജർ ആർ രാമചന്ദ്രൻ ആമുഖവും എഴുതി.  ഒടുവിൽ ‘പ്യാജ്‌ കറി ഔർ നൗ കി പഹാടാ’ അച്ചടി മഷി പുരണ്ടു. 19 പേജുള്ള പുസ്‌തകം സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിദ്ധീകരിച്ചു. പ്രിയ എ എസ്‌ നേരിട്ടെത്തി ആര്യനെ ചേർത്തുപിടിച്ചു. പുസ്‌തകങ്ങൾ സമ്മാനമായി നൽകിയാണ്‌ കഥാകാരി മടങ്ങിയത്‌.   ബിഹാറിലെ ഹുർക്കാ ഗ്രാമത്തിൽനിന്ന്‌ അതിജീവനത്തിനായി കേരളത്തിലെത്തിയ ആര്യൻ ഠാക്കൂർ എന്ന എട്ടാം ക്ലാസുകാരന്റെ കുടുംബം കോന്തുരുത്തിയിലാണ്‌ താമസിക്കുന്നത്‌. അച്ഛൻ സനോജ്‌ ഠാക്കൂർ ദിവസവേതനത്തിൽ ചെറിയ കപ്പലുകളിൽ കുക്കായി ജോലി നോക്കുന്നു. അമ്മ ഡിമ്പിൾ വീട്ടമ്മയാണ്‌. അനുജത്തി അനുഷ്‌ക കുമാരി രുദ്രവിലാസം സ്‌കൂളിലെ വിദ്യാർഥിനിയാണ്‌. എൽകെജി മുതൽ എറണാകുളം രുദ്രവിലാസം യുപി സ്‌കൂളിലാണ്‌ ആര്യൻ പഠിച്ചത്‌. 110 വിദ്യാർഥികൾ പഠിക്കുന്ന രുദ്രവിലാസം സ്‌കൂളിൽ 100 വിദ്യാർഥികളും അതിഥിത്തൊഴിലാളികളുടെ മക്കളാണ്‌. Read on deshabhimani.com

Related News