രാജാജി നഗറിലെ സൂപ്പർ സ്റ്റാർ
തലസ്ഥാന നഗരത്തിലെ രാജാജി നഗറിൽ നിന്ന് വീണ്ടുമൊരു സൂപ്പർതാരം, സ്‌നേഹ അനു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ഖായിസ് മിലാൻ സംവിധാനം ചെയ്‌ത തല എന്ന ചിത്രത്തിൽ മുല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മികവിനാണ് പുരസ്‌കാരം. സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അവളുടെ കണ്ണുകൾക്ക് നക്ഷത്രത്തിളക്കമാണ്. ചേരിപ്രദേശത്തെ പെൺകുട്ടിയുടെ അരക്ഷിത ജീവിതവും അതിജീവനശ്രമങ്ങളും മികവുറ്റതാക്കിയാണ് സംസ്ഥാന പുരസ്‌കാരത്തെ നെഞ്ചേറ്റിയത്. രാജാജി നഗറിന്റെ സന്തോഷം ആദ്യമായാണ് രാജാജി നഗറിൽ ഒരു സംസ്ഥാന പുരസ്‌കാരംലഭിക്കുന്നത്. എല്ലാവരും വലിയ സന്തോഷത്തിലാണ്. അവാർഡ് കിട്ടിയ വിവരം ആദ്യം അറിഞ്ഞില്ല. പ്രതീക്ഷയില്ലാത്തതുകൊണ്ട് ടിവി വച്ചില്ല. അപ്പൂപ്പനെ ഡയറക്ടർ ഖായിസ് മിലാൻ ഫോണിൽ വിളിച്ചു പറഞ്ഞു. അങ്ങനെയാണ് ടിവി വച്ചതും അവാർഡറിഞ്ഞതും. നാലാം ക്ലാസിൽ ഷൂട്ടിങ് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പുരസ്‌കാരം കിട്ടുമെന്ന് സ്വപ്‌നത്തിൽപ്പോലും പ്രതീക്ഷിച്ചില്ല. ബന്ധുവായ വിനോദ് വഴിയാണ് ചിത്രത്തിന്റെ ഓഡീഷനിൽ പങ്കെടുത്തത്. ഭൂരിഭാഗം ഷൂട്ടും രാജാജി നഗറിൽ തന്നെയായിരുന്നു. ഇവിടെ നിന്നുള്ള മറ്റു കുട്ടികളും ചിത്രത്തിലുണ്ടായിരുന്നു. അതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല. സ്‌കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പ് അവാർഡ് കോട്ടൺഹിൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. സ്‌കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പാണ് അവാർഡ് കിട്ടിയത്. എല്ലാവരും വിളിച്ച് അഭിനന്ദിച്ചു. സ്കൂൾ തുറക്കാൻ കാത്തിരികയായിരുന്നു ഞാൻ. എന്നാൽ പ്രവേശനോത്സവത്തിന് മാത്രമേ പോകാനായുള്ളൂ. ആ ദിവസം മറ്റൊരു സ്‌കൂളിൽ അതിഥിയായും പോയി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിക്കാൻ വന്നപ്പോൾ ക്ഷണിച്ചതാണ്. അതിൽ വലിയ സന്തോഷമുണ്ട്. ആദ്യ ചിത്രം പത്‌മകുമാർ സംവിധാനം ചെയ്‌ത രൂപാന്തരമെന്ന ഹ്രസ്വ ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. നടൻ കൊച്ചുപ്രേമനോടൊപ്പം. പെൺബലൂൺ എന്ന ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചു. ഇനിയും അഭിനയിക്കണം. നല്ല നടിയാകണം. ഒപ്പം നന്നായി പഠിക്കുകയും വേണം. ബാലസംഘം രാജാജി നഗർ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് അംഗവുമാണ്. കുടുംബം കുടുംബത്തിൽ നിന്ന് വലിയ പിന്തുണയാണ് . കോർപറേഷനിലെ സ്വീപ്പറായ കെ എൻ അനുവാണ് അച്ഛൻ. അമ്മ എം എസ് നിഷ വീട്ടമ്മയാണ്. സഹോദരി അനുഷ്‌ക. അപ്പൂപ്പൻ ജയനും അമ്മൂമ്മ നാഗമ്മയും ഒപ്പമുണ്ട്. Read on deshabhimani.com