ഗാസയിൽ ആ പഴയ പെൺകുട്ടിയില്ല

ഫാറ ബക്കർ


‘ഇന്നെനിക്ക്‌ 26 വയസ്സായി, എന്റെ 25 ലക്ഷ്യത്തിൽ ഒരെണ്ണംപോലും എനിക്ക്‌ പൂർത്തിയാക്കാനായില്ല. കഴിഞ്ഞ ഒക്ടോബർമുതൽ ആകെ ചെയ്തത്‌ യുദ്ധം അവസാനിക്കാനുള്ള കാത്തിരിപ്പ്‌ മാത്രമാണ്‌ –- ഫാറ ബക്കർ (@Farah_Gazen) 2024 മാർച്ച്‌ 23 ‘ജീവിക്കാൻ ഞാൻ മറന്നിരിക്കുന്നു, യുദ്ധത്തിനും മുമ്പും ശേഷവും രണ്ടു ജന്മങ്ങളായി തോന്നുന്നു’ –- ഫാറ ബക്കർ (@Farah_Gazen) 2024 മാർച്ച്‌ 28 ഈ വർഷം ഫാറ ബക്കറിന്റേതായി എക്സിൽ പ്രത്യക്ഷപ്പെട്ടത്‌ ഇത്തരത്തിൽ വിരലിലെണ്ണാവുന്ന പോസ്റ്റുകൾ മാത്രമാണ്‌. 16 വയസ്സിൽ അവളിലുണ്ടായിരുന്ന ധൈര്യം 26 വയസ്സിൽ യുദ്ധം കവർന്നിരിക്കുന്നു. 2014-ൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ ഭീകരത ലോകം അറിഞ്ഞത്‌ ഫാറയുടെ വിരൽത്തുമ്പുകളിലൂടെയാണ്‌. ഒരു കൈയിൽ ജീവൻ മുറുകെപ്പിടിച്ച്‌ മറുകൈയിലെ സ്മാർട്ട്‌ ഫോണിലൂടെ ബോംബാക്രമണങ്ങളാൽ പ്രകംമ്പനംകെള്ളുന്ന ജനലഴികളിലൂടെ കണ്ട കാഴ്ചകൾ അവൾ ലോകത്തെ അറിയിച്ചു. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും യുദ്ധത്തിന്റെ ഭീകരതകൾ ട്വീറ്റുകളായെത്തി. കേവലം പത്രങ്ങളിലോ ടിവിയിലോ കാണുന്ന ആക്രമണത്തിന്റെ വിവരണങ്ങളായിരുന്നില്ല ഫാറയുടെ കുറിപ്പുകൾ. മരണത്തെ ഒരു വാതിലിനപ്പുറം അഭിമുഖീകരിക്കുന്ന പതിനാറുകാരിയുടെ തുറന്ന ഡയറികൂടിയായിരുന്നു അത്.  2014 ജൂലെെ എട്ടിന് ഇസ്രയേൽ നടത്തിയ സെെനികനീക്കംമുതലാണ് രാപകലില്ലാതെ @Farah_Gazen എന്ന എക്സ് ഹാൻഡിലിലൂടെ ഗാസയുടെ യഥാർഥചിത്രം ലോകത്തിനുമുമ്പിൽ ഫാറ വരച്ചുകാട്ടിയത്. യുദ്ധത്തെക്കുറിച്ച് മാത്രമല്ല, അവളുടെ ആഗ്രഹങ്ങളും സങ്കടങ്ങളും കുറിപ്പുകളായെത്തി. ‘സ്പെയിനിൽ പോകണമെന്നും ഗിത്താർ പഠിക്കണമെന്നും വലുതാകുമ്പോൾ അഭിഭാഷക ആകണമെന്നുമുള്ള ആഗ്രഹങ്ങൾ ഇപ്പോൾ ജീവിച്ചിരിക്കുക എന്നതിലേക്ക് ചുരുങ്ങി’ എന്നതരത്തിലുള്ള അവളുടെ കുറിപ്പുകൾ ഗാസയിലെ ഓരോ കുട്ടിയുടെയും ശബ്ദമായി. ദിവസങ്ങൾകൊണ്ട് ട്വിറ്ററിൽ അവളെ പിന്തുടരുന്നവരുടെ എണ്ണം കൂടി. യുദ്ധത്തിനിടയിൽ ദിവസങ്ങൾ നീളുന്ന പവർകട്ടിൽ ഫോണിന്‌ ചാർജ് തീർന്നാൽ കുറച്ചു ദിവസത്തേക്ക് ഫാറ ട്വീറ്റ് ചെയ്യില്ല. അവൾ വീണ്ടും ട്വീറ്റുമായി എത്തുന്നതുവരെ അവളുടെ ജീവനെയോർത്തുള്ള ആശങ്ക എങ്ങും നിറയും. താൻ ജീവനോടെയുണ്ട് എന്ന അടയാളപ്പെടുത്തലുകളാണ് ട്വീറ്റുകളെന്ന് ഫാറതന്നെ പറഞ്ഞിട്ടുണ്ട്. ഗാസയിലെ ആൻ ഫ്രാങ്ക് എന്ന് അവളെ ലോകം വിളിച്ചുതുടങ്ങി. മലയാളത്തിലുൾപ്പെടെ അവളെപ്പറ്റി ലേഖനങ്ങളും ബുക്കുകളുമിറങ്ങി. പിന്നീട്‌ 2021ലും 22ലും ഇസ്രയേൽ പലതവണകളിൽ നടത്തിയ ആക്രമണങ്ങളുടെ അനുഭവങ്ങൾ ഇടതടവില്ലാതെ ഫാറ പങ്കുവച്ചിരുന്നു. വെടിയൊച്ചകൾക്ക് വിരാമമുണ്ടാകുന്ന ഇടവേളകളിൽ അവൾ സന്തോഷമുള്ള അവളുടെ വീടും നാടും ജീവിതവും പങ്കുവയ്‌ക്കും. മറ്റൊരു ആക്രമണം ഉണ്ടാകുന്നതുവരെയുള്ള ആയുസ്സേ ആ നിമിഷങ്ങൾക്കുണ്ടാകൂ, വീണ്ടും അവളുടെ കുറിപ്പുകളിൽ അടിച്ചമർത്തലിന്റെ സങ്കടവും ഭീകരതയും നിറയും. ജനിച്ചശേഷം, ഇസ്രയേൽ ഗാസയിൽ നടത്തിയ നാലു യുദ്ധസമാനമായ അധിനിവേശത്തിന്റെയും ആക്രമണങ്ങളുടെയും സാക്ഷിയാണ് ഫാറ. എന്നാൽ, അപ്പോഴനുഭവിച്ചതിലും ഭയാനകമാണ് ഇന്ന് നടക്കുന്ന യുദ്ധമെന്ന് അവൾ തിരിച്ചറിഞ്ഞിരിക്കുന്നു. അത്രയും പ്രിയപ്പെട്ട ഗാസ ഉപേക്ഷിച്ച് പലായനം ചെയ്യാൻ പ്രേരിപ്പിക്കുംവിധം ഭയം അവളെ പിടികൂടിയിരിക്കുന്നു. ‘ഞാൻ ചെയ്യുന്ന പോസ്റ്റുകൾ കാരണം ആരും മരിക്കാൻ പാടില്ല. 2014 മുതൽ എന്നെ പിന്തുടരുന്നവർ നിങ്ങൾക്കിടയിൽ അനേകമുണ്ട്. അന്നുമുതൽ ഇവിടെ ഗാസയിൽ നടക്കുന്നത് നിങ്ങളോട് പങ്കുവയ്‌ക്കാതിരുന്നിട്ടില്ല. പക്ഷേ, ഈ യുദ്ധം മുമ്പത്തെപ്പോലെയല്ല. എന്റെ കുടുംബത്തെയോർത്താണ് ഞാനിപ്പോൾ പോസ്റ്റുകളിടാത്തത്. ’  പത്തുവർഷങ്ങൾക്കിപ്പുറം 2024 ജനുവരിയിൽ ഫാറ ഇങ്ങനെ കുറിച്ചു. ഗാസയിലെ അൽഷിഫ ആശുപത്രിക്കടുത്തായിരുന്ന വീട്ടിൽനിന്ന്‌ ഫാറയും കുടുംബവും ഒക്ടോബറിൽത്തന്നെ കുറച്ചകലെയുള്ള ഒറ്റമുറി വീട്ടിലേക്ക് മാറിയിരുന്നു. അൽഷിഫ ആശുപത്രിയിലെ ന്യൂറോ സർജനായ അവളുടെ അച്ഛൻമാത്രം അവിടെ തുടർന്നു. ഒക്ടോബറിനുശേഷം അവർ തമ്മിൽ കണ്ടിട്ടില്ല. മാർച്ചിൽ അവളുടെ അമ്മൂമ്മയും അങ്കിളും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അവരെ അടക്കാൻപോലും ഫാറയുടെ കുടുംബത്തിന് കഴിഞ്ഞില്ല. ഗാസയിൽ പട്ടിണികിടന്ന് 23 കിലോ ഭാരം കുറഞ്ഞ മറ്റൊരു അങ്കിളിനെ മാസങ്ങൾക്കുശേഷം കണ്ടതും അവൾ എക്സിൽ കുറിച്ചു. ഒരിക്കലും ഗാസ വിട്ടുപോകില്ലെന്നു പറഞ്ഞ അവൾ ഇന്ന് ഗാസയിലില്ല. ഫാറയും ഭർത്താവും ഈജിപ്തിലേക്ക് പലായനം ചെയ്തു. ഏപ്രിലിൽ ആരുടെയൊക്കെയോ സഹായത്താലാണ് അവൾ അതിർത്തി കടന്നത്‍. കുടുംബം ഇപ്പോഴും ഗാസയിലുണ്ട്‍. പാസ്പോർട്ടുമാത്രം കൈയിലുള്ള എല്ലാം നഷ്ടപ്പെട്ട പലസ്തീൻ ജനതയോട് അതിർത്തി കടക്കാൻ ഒരാൾക്ക് 5000 യുഎസ് ഡോളർവീതം ആവശ്യപ്പെടുന്ന ട്രാവൽ ഏജൻസികളെക്കുറിച്ച് പലായനം ചെയ്യുമ്പോൾ അവൾ എക്സിൽ രോഷംകൊണ്ടിരുന്നു. ഈ മാസം ഫാറയുടേതായി ഒരു പോസ്റ്റും വന്നില്ല. ലോകത്തെവിടെയും നടക്കുന്ന അടിച്ചമർത്തലുകൾക്കെതിരെ ഉറക്കെ ശബ്ദമുയർത്തണമെന്ന് ഉറക്കെ പറഞ്ഞ, നാടിന്റെ വിലാപം ലോകം മുഴുവൻ എത്തിച്ച ആ പതിനാറുകാരി ഇന്ന് വല്ലാതെ തളർന്നിരിക്കുന്നു. തന്റെ പോസ്റ്റുകൾ കാരണം ഒരാളുടെ ജീവൻ അപകടത്തിലാകരുതെന്ന് അവൾ കരുതുന്നു. അതേ ഈ യുദ്ധം അത്രമേൽ ഭയാനകമാണ്. Read on deshabhimani.com

Related News