ലേഖയുടെ പഞ്ച്, ഒരു ഫ്ലാഷ് ബാക്ക്



ഷോട്ടും ഡിസ്‌‌കും ജാവലിനും ദൂരങ്ങളിലേക്ക്‌ പായിച്ച്‌ കരുത്തുനേടിയ കൈകളാണ്‌ കെ സി ലേഖയുടേത്‌. ഇടിക്കൂട്ടിൽ കുറഞ്ഞ നാളുകൾ കൊണ്ട്‌ വരുതിയിലാക്കിയ ബോക്‌സിങ്‌ വിദ്യകൾ അവരെ ദേശീയ ചാമ്പ്യനാക്കി. ഇപ്പോഴിതാ കേരളത്തിന്റെ അഭിമാനമുയർത്തിക്കൊണ്ട്‌ ഈ കണ്ണൂർക്കാരിക്ക്‌ ധ്യാൻചന്ദ്‌ പുരസ്‌കാരവും അത്‌ലറ്റിക്‌സും ഫുട്‌ബോളും വോളിബോളും വാഴുന്ന  നാട്ടിൽ  ഇടിക്കും ഇടമുണ്ടെന്ന്‌ ലോകോത്തര പഞ്ചിലൂടെ കാട്ടിക്കൊടുത്ത കൈക്കരുത്തിനാണ്‌ ഇത്തവണത്തെ ധ്യാൻചന്ദ്‌ പുരസ്‌കാരം. അർഹിച്ച അംഗീകാരം  വൈകിയെങ്കിലും  കെ സി ലേഖയെ തേടിയെത്തി. പലവട്ടം കൈവിട്ട അർജുന അവാർഡുകളുടെ നിരാശ മായ്‌ക്കുന്നതാണ്‌ ധ്യാൻചന്ദ്‌ പുരസ്‌കാരം.  വൈകിപ്പോയോ എന്ന ചോദ്യത്തിന്‌ സദാ പുഞ്ചിരി മറുപടിയും.  ഷോട്ടും ഡിസ്‌കും ജാവലിനും ദൂരങ്ങളിലേക്ക്‌ പായിച്ച കൈകൾ ഇടിക്കൂട്ടിൽ ഉരുക്കിന്റെ കരുത്തുനേടി. ഡി ചന്ദ്രലാലിന്റെ എട്ടു ദിവസത്തെ ശിക്ഷണത്തിൽ മൂവ്‌മെന്റ്‌സും പഞ്ചും പഠിച്ചെടുത്ത്‌ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം. 30 സെക്കൻഡിൽ എതിരാളിയെ ഇടിച്ചിട്ട ലേഖ, ചന്ദ്രലാലിനെപ്പോലും അതിശയിപ്പിച്ചു. സംസ്ഥാനത്തിന്റെ ആദ്യ വനിതാ ബോക്‌സിങ് ചാമ്പ്യനായി. ദേശീയ, ഏഷ്യൻ, ലോക വേദികളിൽ കിടിലമായി. ലോക ചാമ്പ്യൻഷിപ്പിലും  ഏഷ്യാഡിലും ജേതാവായി. കായികമേഖലയുമായി ബന്ധമില്ലാത്ത കുടുംബത്തിൽ, എം വി ഗോവിന്ദൻ നമ്പ്യാർ–-കെ സി രോഹിണി ദമ്പതികളുടെ മകളായി ജനിച്ചു. കരിപ്പാൽ എസ്‌വിയുപി സ്‌കൂളിലെ പഠനത്തിനുശേഷം പെരുമ്പടവ് ബിവിജെ എംഎച്ച്എസ് സ്‌കൂളിലെത്തി. കൂട്ടുകാരിക്കൊപ്പം കായിക പരിശീലനത്തിന്‌‌ കൂട്ടുപോയപ്പോൾ കായിക അധ്യാപകനായ സെബാസ്‌റ്റ്യൻ ജോണാണ്‌ നിർബന്ധിച്ച്‌ പരിശീലനം നൽകിയത്‌. ഷോട്‌പുട്ട്‌, ജാവ്‌ലിൻ, ഡിസ്‌കസ്‌ എന്നീ ഇനങ്ങളിൽ ജില്ല –-സംസ്ഥാന കായികമേളകളിൽ തുടർച്ചയായി നാലുതവണ വ്യക്തിഗത ചാമ്പ്യനായി.  മുനിസിപ്പൽ സ്‌കൂളിൽ ഹയർ സെക്കൻഡറിക്ക്‌ പഠിക്കുമ്പോൾ ദേശീയതലത്തിലും മെഡൽ കിട്ടി. തോട്ടട എസ്‌എൻ കോളേജിൽ എത്തിയപ്പോൾ കായികവിഭാഗം മേധാവി പി കെ ജഗന്നാഥനാണ്‌ ബോക്‌സിങ്ങിലേക്ക്‌ നയിച്ചത്‌. കേരളത്തിൽ നടക്കുന്ന ആദ്യ ദേശീയ ബോക്‌സിങ് ചാമ്പ്യൻഷിപ്പിലേക്ക്‌ ഡി ചന്ദ്രലാലിന്റെ നേതൃത്വത്തിൽ ശിക്ഷണം ലഭിച്ചു.  ആദ്യ മത്സരത്തിൽ  സ്വർണമെഡലും ഇടിച്ചുനേടി. വെയിറ്റ്‌ ലിഫ്‌റ്റിങ്, പവർലിഫ്‌റ്റിങ്, വോളിബോൾ, ഹോക്കി, ജൂഡോ എന്നിവയെല്ലാം മത്സരിച്ചതിന്റെ അനുഭവം ബോക്‌സിങ്ങിന്‌ ഏറെ ഗുണം ചെയ്‌തെന്ന് കെ സി ലേഖ പറഞ്ഞു. ദേശീയ വനിതാ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും രണ്ട്‌ വെള്ളിയും നേടിയ ലേഖ  മൂന്നുതവണ ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനംചെയ്‌തു. ആദ്യതവണ സ്വർണം. രണ്ട്‌ പ്രാവശ്യം ക്വാർട്ടർ ഫൈനലിൽ. 2005ൽ ജംഷേദ്‌പുരിൽ നടന്ന ദേശീയ ചാമ്പ്യഷിപ്പിൽ ഇന്ത്യയുടെ സുവർണ താരം മേരി കോമിനെ പിന്തള്ളി മികച്ച ബോക്‌സറായി. 2007ൽ സംസ്ഥാനം മികച്ച കായികതാരമായി ജി വി രാജ പുരസ്‌കാരം നൽകി ആദരിച്ചു. ലക്ഷ്യംതെറ്റാത്ത പഞ്ചിലൂടെ ലോക ബോക്‌സിങ്ങിൽ  മലയാളത്തെ അടയാളപ്പെടുത്തിയ കെ സി ലേഖയ്‌ക്ക്‌ വർഷങ്ങൾക്കിപ്പുറമാണ്‌ ധ്യാൻചന്ദ്‌ പുരസ്‌കാരം നൽകിയത്‌. റിങ് വിട്ടപ്പോൾ സംഘാടകയുടെ റോളിൽ തിളങ്ങിയ ലേഖയ്‌ക്ക്‌ ബോക്‌സിങ്ങിനായി അക്കാദമി തുടങ്ങുകയാണ്‌ ലക്ഷ്യം. സംസ്ഥാന ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ ഡിവൈഎസ്‌പി പി പി കരുണാകരനാണ്‌ ഭർത്താവ്‌. മക്കൾ: കരുൺജിത്ത്‌, കീർത്തന. Read on deshabhimani.com

Related News