നിളയുടെ ഒഴുക്കിന്‌ കുത്താമ്പുള്ളി താളം



കുത്താമ്പുള്ളി വെറുമൊരു പേരല്ല, ഒരു സംസ്‌കാരത്തിന്റെ ഇഴയടുപ്പമാണ്‌. നിളയുടെ ഒഴുക്കിന്‌ കൈത്തറി സംഗീതത്തിന്റെ  പിന്നണിയൊരുക്കുന്ന ഗ്രാമം. ലോക വിശ്രുതമായ കൈത്തറി വസ്ത്രശേഖരത്തിന്റെ കഥ പറയുന്ന കുത്താമ്പുള്ളി ഓണക്കാലമെത്തിയതോടെ അണിഞ്ഞൊരുങ്ങുകയാണ്‌. തറികളിൽ ഓണപ്പാട്ടുകളുടെ മൃദുമന്ത്രണം. നൂലിഴകളിൽ ഓണമേളം. കസവുകളിൽ ഓണനിലാവ്‌. മലയാളിയുടെ വസ്ത്രസങ്കൽപ്പത്തിനെന്നും പുതിയ മാനമുണ്ട്. പാഷനും ഫാഷനും സംഗമിക്കുന്ന  മലയാളിച്ചന്തം. നിളാതീരത്തെ ഈ കൊച്ചുഗ്രാമം ആ ചന്തത്താൽ നിറയുകയാണ്‌. കുത്താമ്പുള്ളിത്തെരുവിലെ  വീട്ടമ്മമാർമുതൽ കുഞ്ഞുങ്ങൾവരെ എപ്പോഴും  പ്രവർത്തനനിരതരായിരുന്നു. എന്നാൽ, ഇന്ന് കാറ്റ് മാറി. തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിർത്തി ഗ്രാമമായ ഇവിടം ഒരു കൈത്തൊഴിൽ കേന്ദ്രം എന്ന നിലയിലായി. എങ്കിലും കസവിന്റെ സ്വപ്നസൗന്ദര്യം ആവാഹിച്ചെടുക്കുന്ന കലാകാരന്മാരുണ്ട്‌. വാർധക്യത്തിനുപോലും വഴങ്ങാതെ വസ്ത്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വീട്ടമ്മമാർ ഉൾപ്പെടെ നിരവധിപേരുണ്ട്‌. കുട്ടികളും വിദ്യാർഥികളും യുവതീ യുവാക്കളും ഒരു മനസ്സായി ഇവിടെ നൂലുകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്നു. തറികളുടെ ശബ്ദം ഇന്ന് പഴയപോലെ സജീവമല്ലെങ്കിലും കുത്താമ്പുള്ളിപ്പെരുമ നിലനിർത്തുന്ന നിരവധി കുടുംബങ്ങളുണ്ട്. കടലും കടന്ന് കുത്താമ്പുള്ളിക്കസവിന്റെ പ്രശസ്തി നാൾക്കുനാൾ കൂടുമ്പോഴും പരമ്പരാഗത കൈത്തറി സങ്കൽപ്പങ്ങൾക്ക് വലിയ മാറ്റമൊന്നും ഇല്ല. പുത്തൻ പരീക്ഷണങ്ങൾ ഈ മേഖലയിൽ വന്നിട്ടുമുണ്ട്‌. തമിഴ്‌ ചുവയുള്ള കുത്താമ്പുള്ളിയിലെ വീതികുറഞ്ഞ വീഥികളിൽ ഒട്ടിപ്പിടിച്ചു നിൽക്കുന്ന വീടുകൾക്കിടയിൽ മതിലുകളുടെ വിടവുകൾ കുറവാണ്. അരിപ്പൊടിക്കോലങ്ങളിട്ട വീട്ടുമുറ്റങ്ങൾ പിന്നിട്ട് കൈത്തറിത്താളം കേട്ട് നാം ചെന്നെത്തുക നിളാതീരത്തേക്കാണ്. എല്ലാ വഴികളും ചെന്നെത്തുന്നതും നിളയിലേക്കുതന്നെ.  തിരുവില്വാമലയുടെ വടക്കുപടിഞ്ഞാറേ ഭാഗമാണിത്‌. രാജഭരണകാലത്ത് വിശിഷ്ട വസ്ത്രങ്ങൾ നെയ്യാൻ കൊണ്ടുവന്നവരാണ്‌ ഈ ഗ്രാമവാസികളായ ദേവാംഗ സമുദായക്കാർ. നെയ്ത്തു പെരുമയുമായി കുടിയേറിയ ഇവരുടെ ആചാരാനുഷ്ഠാനങ്ങൾക്കും വൈവിധ്യങ്ങളേറെ. തമിഴിന്റെ തെളിമയും മലയാളത്തിന്റെ ലാളിത്യവുമുണ്ടെങ്കിലും തനതു സംസ്കാരത്തിന്റെ ഊടും പാവും തെറ്റാതെ നെയ്തെടുത്ത ജീവിതരീതിയാണ് ഇവരെ നയിക്കുന്നത്. കുലദേവത സൗഡാംബിക എന്ന ചാമുണ്ഡീശ്വരിദേവിക്ക് കുത്താമ്പുള്ളിക്കാരുടെ നിത്യജീവിതത്തിലും സംസ്കാരത്തിലും ചെറുതല്ലാത്ത സ്വാധീനമുണ്ട്‌. മകരം ഒന്നിന് തൈപ്പൊങ്കൽ ആഘോഷിക്കുന്ന കുത്താമ്പുള്ളി അന്ന് അണിഞ്ഞൊരുങ്ങും. ചാണകപ്പൊടി നനച്ച് പാകിയ നെൽവിത്തുകൾ വെയിലും വെളിച്ചവും ഏൽക്കാതെ തട്ടുകളിൽ വളർത്തുന്നു. സ്ത്രീകളാണ്‌ ഇത്‌ ചെയ്യുന്നത്. പൊങ്കൽ ദിനത്തിൽ പ്രത്യേക പൂജകൾക്കുശേഷം വാദ്യാഘോഷങ്ങളോടെ ഊരുചുറ്റി പൊങ്കൽ നിളയിലൊഴുക്കും. സ്ത്രീകൾ താലിച്ചരട് മാറ്റുന്ന ധനുമാസത്തിലെ തിരുവാതിരയും പുരുഷന്മാർ പൂണൂൽ മാറ്റുന്ന ആവണി അവിട്ടവും നവരാത്രി പൂജയും ഇവിടത്തെ ആഘോഷങ്ങളാണ്‌. ഇവിടത്തെ ഉത്സവങ്ങൾക്ക് ആനയും വെടിക്കെട്ടുമില്ല. ദേവിയെ എഴുന്നള്ളിക്കാനും മറ്റുമായി രഥമുണ്ടാക്കി (ചപ്രമഞ്ചം) അലകുസേവ എന്ന ചടങ്ങുണ്ട്. ആചാരാനുഷ്ഠാനങ്ങളിലെല്ലാം സ്ത്രീകൾക്കാണ് പ്രാധാന്യം. ദേവാംഗസമുദായക്കാരായ ആയിരത്തോളം കുടുംബങ്ങളാണ് കുത്താമ്പുള്ളി ഗ്രാമത്തിലുള്ളത്.  കന്നടയാണ്‌ ഇവരുടെ മാതൃഭാഷ. പാലക്കാട് ജില്ലയിലെ കരിമ്പുഴ, ചിറ്റൂർ, കല്ലഞ്ചിറ എന്നിവിടങ്ങളിലും ദേവാംഗരുണ്ട്. പൂണൂൽ ധാരികളാണെങ്കിലും മാംസാഹാരമാണിവർക്ക് പ്രിയം. നെയ്ത്ത് കുലത്തൊഴിലായ ഇവർ മുമ്പ് നൂൽകൊണ്ട് വന്ന് നനച്ച് ഉണക്കി പാവാക്കി പശകൊടുത്ത് ബലം വരുത്തിയാണ് നെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ സേലത്തുനിന്ന് റെഡിമെയ്ഡ് പാവ് കൊണ്ടുവന്നാണ് നെയ്‌ത്ത്‌. പാരമ്പര്യം കൈവിടാതെ ഫാഷനുകളും ചിത്രലേഖനവുമാണ്‌ കുത്താമ്പുള്ളിയുടെ പ്രത്യേകത. കസവുമുണ്ടും സാരിയുമെല്ലാം ഇവിടെ തറികളിൽ ജന്മമെടുക്കുമ്പോൾ ഈ കൊച്ചു ഗ്രാമത്തിൽ തൊഴിലില്ലായ്മയില്ല. എല്ലാ വീട്ടിലും ഇരുചക്ര, മുച്ചക്രവാഹനങ്ങളും, കാറുകളുമെല്ലാം കാണാം. നെയ്‌തെടുക്കുന്ന വസ്ത്രങ്ങൾ വിപണിയിൽ കൊണ്ടുപോയി വിൽക്കുന്നതോടൊപ്പം ഷോറൂമുകളിൽ വിൽപ്പനയും തകൃതി. ഓണക്കാലത്താണ് നല്ല കച്ചവടം. വിവാഹവസ്ത്രങ്ങൾക്കും വൻ ഡിമാൻഡാണ്. വീട്ടിൽത്തന്നെ നെയ്യുന്ന സാരിയുടെ കരപിടിപ്പിക്കുക സ്ത്രീകളായിരിക്കും. തുണികളിൽ മനോഹരമായ ചിത്രം പിടിപ്പിക്കൽ, വരച്ചുചേർക്കൽ എന്നു വേണ്ട എന്നും തിരക്കോട് തിരക്കുതന്നെ. 1972ൽ രൂപീകരിച്ച സൊസൈറ്റിയുമുണ്ട്. ഇരുനൂറോളം തറികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. കൈകൊണ്ട് നെയ്യുന്ന പാരമ്പര്യ വസ്ത്രങ്ങളിലാണ് കുത്താമ്പുള്ളിയുടെ പ്രശസ്തി. കസവ്, ഡബിൾ മുണ്ട്, പൊന്നാട, വേഷ്ടി, സെറ്റ്മുണ്ട്, സെറ്റ് സാരി, കസവിന്റെ കുഞ്ഞുടുപ്പുകൾ എന്നിവ കണ്ണഞ്ചിപ്പിക്കുന്നവ. 1975കളിലാണ്‌ സൂറത്തിൽനിന്ന്‌ കസവ് ആദ്യമായി കുത്താമ്പുള്ളിയിലെത്തിയത്. തറിയിലെ മെഷീനിലെ ജക്കാർഡ് എന്ന അച്ചിട്ടാണ് ഡിസൈൻ അടിക്കുന്നത്. അപ്ലിക്‌ വർക്കുകളുടെ ഇക്കാലത്ത് അതിനാണ് ആവശ്യക്കാർ കൂടുതൽ. ടിഷ്യൂസാരികളിൽ ചിത്രങ്ങൾ വച്ച് ഓവർലോക്ക് ചെയ്ത് പിടിപ്പിക്കുന്നതാണ് അപ്ലിക്‌ വർക്ക്. ഒരു കോട്ടൻ നൂലും ഒരു കസവ് നൂലും കൂടിയ ഇഴ പാകിയാണ് ടിഷ്യൂസാരി നിർമിക്കുന്നത്‌. മുദ്രകളോടുകൂടിയ കലങ്കാരി സാരിയാണ് ട്രെൻഡി. സെറ്റ് സാരിയിലും മറ്റും കലങ്കാരി ഡിസൈനുകളിലെ കരകൾ പിടിപ്പിച്ച് കുത്താമ്പുള്ളി സ്റ്റൈൽ വിപണി കീഴടക്കിയിരിക്കുന്നു. ടിഷ്യൂ സാരികളിലെ മ്യൂറൽ പ്രിന്റുകൾക്ക് എന്നും നല്ല വിലയുണ്ട്. കഥകളിയും ചുമർചിത്രങ്ങളും ശ്രീകൃഷ്ണനും രാധയും ഒക്കെ മ്യൂറൽ കലക്‌ഷനിലുണ്ട്. മ്യൂറൽ പ്രിന്റുകൾ തിരുപ്പൂരിൽനിന്നാണ് വരുത്തുന്നത്. ഹാൻഡ് മെറ്റീരിയലുകളും ധാരാളം. സ്വർണക്കരയ്‌ക്കു പുറമെ സിൽവർക്കരയുള്ള സെറ്റുസാരികളും ഇതു രണ്ടും ചേർന്നതും ഉണ്ട്. മയിൽപ്പീലി ബോർഡറുകൾക്ക് ആവശ്യക്കാർ ഏറെ. കസവ് ചുരിദാറുകൾ, ഖദർ ഷർട്ടുകൾ എന്നിവയും വർണക്കൂട്ടുകൾ നിറഞ്ഞ വിദ്യാർഥിവസ്ത്രങ്ങളും നല്ല നിലയിൽ വിറ്റുപോകുന്നുണ്ടെന്ന് കല്യാണി കോട്ടൺ സ്റ്റാൾ ഉടമ സുരേഷ് പറഞ്ഞു. പാലക്കാട് ജില്ലയിലെ ലക്കിടി വഴി തിരുവില്വാമലയിലൂടെയും തൃശൂർ ജില്ലയിലെ ചേലക്കര തിരുവില്വാമല വഴിയും കുത്താമ്പുള്ളിയിലെത്താം. Read on deshabhimani.com

Related News