കളിവിളക്കിനുമുന്നിലാടാൻ നങ്ങ്യാർക്കൂത്തിന്റെ തുണ

കലാമണ്ഡലം രശ്മി


കാക്കിക്കുള്ളിലെ കഥകളി നടന് കൂട്ട് നങ്ങ്യാർ കൂത്ത് കലാകാരി. പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഡ്രൈവറായ എഎസ്‌ഐ കാവുങ്കൽ രമേഷും കലാമണ്ഡലം രശ്‌മിയും. ചെർപ്പുളശേരി സ്റ്റേഷനിലെ രമേഷിന്റെ ജീവിതസഖിയാണ്‌ നങ്ങ്യാർകൂത്ത് കലാകാരി കലാമണ്ഡലം രശ്മി. കാവുങ്കൽ കളരിയിൽനിന്നാണ് രമേഷ് കഥകളി പഠിക്കുന്നത്. കഥകളി ആചാര്യൻ കാവുങ്കൽ ചാത്തുണ്ണി പണിക്കരാണ് ഗുരു. അദ്ദേഹത്തിന്റെ അനന്തരവൻ കൂടിയാണ് രമേഷ്. 2003ലാണ് പൊലീസിൽ ചേർന്നത്. 2010ൽ വിവാഹം. 1992ലാണ് രമേഷ് കഥകളി പഠനമാരംഭിച്ചത്. 1994ൽ അരങ്ങേറ്റം. ലവണാസുരവധം കഥയിൽ ലവനും കുശനുമായി വേഷമിട്ടു. മൂന്നുവർഷം മുൻപ് ലവണാസുരവധം കഥയിൽ ദൂതൻ വേഷം കെട്ടി. കല്യാണസൗഗന്ധികത്തിൽ കുട്ടിഭീമനായും അരങ്ങത്തുവന്നു. പൊലീസുദ്യോഗസ്ഥനായിട്ടും കഥകളിക്കമ്പത്തിന് കുറവൊന്നും ഇല്ല. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിലും ഒഴിവുകിട്ടിയാൽ കളിവിളക്കുകണ്ടാൽ കാക്കിക്കുള്ളിലെ കലാകാരനുണരും. നങ്ങ്യാർകൂത്ത് കലാകാരിയായ രശ്മി ഭർത്താവിന്റെ കഥകളിക്കമ്പത്തിന് കൂട്ടായുണ്ട്. ഭാര്യയുടെ കൂത്തിന് ഭർത്താവും. പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം രാമചാക്യാർ, കലാമണ്ഡലം ഗിരിജ, കലാമണ്ഡലം ശൈലജ എന്നിവരാണ് രശ്മിയുടെ ഗുരുക്കൻമാർ. 2022ൽ ഉത്തരരാമായണത്തെ ആസ്പദമാക്കി ഹനുമാന്റെ അംഗുലീയാന്വേഷണം നങ്ങ്യാർകൂത്തിൽ ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. 2023ൽ വൈറ്റ് സ്നേക്ക് എന്ന കഥ ഇറ്റലിക്കാരിയെക്കൊണ്ട് പഠിപ്പിച്ച് ചെറുതുരുത്തി കഥകളി സ്കൂളിൽ അരങ്ങേറി. 2022ൽ രശ്മിക്ക് വജ്രജൂബിലി ഫെലോഷിപ്‌ ലഭിച്ചു. 2022ൽ ഇന്ത്യ സ്റ്റാർ ഇൻഡിപ്പെൻഡൻഡ് അവാർഡ് ലഭിച്ചു. ദുബായിൽ ഐകെകെഎഫിൽ പങ്കെടുത്തു. ഒമാനിലെ മലയാളം വിങ് ഓണാഘോഷത്തിലും പങ്കെടുത്തു. ചെറുതുരുത്തി പുതുശേരി കണ്ണംകുമരത്ത് ഉഷ - പള്ളിപ്പാടത്തിന്റെയും ഓടബാക്കിൽ രാമകൃഷ്ണന്റെയും മകളായി ജനിച്ച ഇവർ കലാമണ്ഡലത്തിൽ കൂടിയാട്ടം അധ്യാപികയായി പ്രവർത്തിച്ചു. ജന്മനാ ബധിരയും മൂകയുമായ തന്റെ അമ്മയ്‌ക്ക് മോഹമുണ്ടായിട്ടും കഴിയാതെ പോയ ആഗ്രഹം മകളായ രശ്മി നേടിയെടുക്കുകയായിരുന്നു. അന്തരിച്ച കൂടിയാട്ടം കലാകാരി മാർഗി സതിയായിരുന്നു വഴികാട്ടി. കലാമണ്ഡലത്തിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കി കൂടിയാട്ടത്തിൽ എംഫിൽ ചെയ്തു. തായ്വാൻ സ്വദേശിനി ചെങ് ചെൻ ല്യൂവിനെ നങ്ങ്യാർ കൂത്ത് അഭ്യസിപ്പിച്ച് അരങ്ങേറ്റം നടത്തി. കലാമണ്ഡലത്തിൽ നിലവിലുള്ള കൂടിയാട്ട സ്ത്രീവേഷങ്ങളെ കൂടാതെ അശോകവനികാങ്കം സമ്പൂർണമായി അഭ്യസിച്ചു. കലാമണ്ഡലം രാമചാക്യാർ ചിട്ടപ്പെടുത്തിയ സ്വപ്ന വാസവദത്തിൽ (ചിത്രഫലകാങ്കം) കഥാപാത്രം, കലാമണ്ഡലം ചിട്ടപ്പെടുത്തിയ വേണിസംഹാരം ഒന്നാം അങ്കത്തിലും മൂന്നാം അങ്കത്തിലും ദുർഗാവതാരത്തിലും സ്ത്രീപുരുഷ വേഷങ്ങൾ അവതരിപ്പിച്ചു, അശോകവനികാങ്കത്തിൽ രാവണനെയും. കലാമണ്ഡലം രാമചാക്യാരോടൊപ്പം വാരണാസിയിൽ ഭാരതംഗ് മഹോത്സവിൽ കൂടിയാട്ടം അവതരിപ്പിച്ചു. മധ്യപ്രദേശ് സർക്കാരിന്റെ ഭോപ്പാൽ ഉത്തരാധികാർ ഫെസ്റ്റിവൽ, എസ്‌എൻഎ കൂടിയാട്ടം കേന്ദ്രയുടെ നാട്യധർമി ഫെസ്റ്റിവൽ, ഇന്ത്യ ഗവൺമെന്റിന്റെ സംഗീതനാടക അക്കാദമി സംഘടിപ്പിച്ച അമൃത് മഹോത്സവത്തിന്റെ ഭാഗമായി യോഗ് പർവ് എന്നിവിടങ്ങളിൽ കൂടിയാട്ടം അവതരിപ്പിച്ച് ശ്രദ്ധേയയായി. കലാമണ്ഡലത്തിൽനിന്ന് പിഎച്ച്ഡി എടുക്കാനുള്ള ശ്രമത്തിലാണ് ഈ യുവകലാകാരി. മക്കൾ വിഘ്‌നേഷും വീണയും. Read on deshabhimani.com

Related News