കാട്ടുവഴികളിൽ കാഴ്ച നൽകി



എപ്പിസോഡ്‌ 1 മൂവാറ്റുപുഴയിലെ ആയവനയിൽ വേലായുധൻ–- കാർത്യായനി ദമ്പതികളുടെ ഏകമകളായിട്ടാണ്‌ സുജാത എന്ന സുധാമ്മയുടെ ജനനം. അമ്മയാണ്‌ സുജാതയെ സുധയെന്ന്‌ ആദ്യം വിളിച്ചുതുടങ്ങിയത്‌. വിമുക്തഭടനായ അച്ഛന്റെ വരുമാനത്തിൽ അത്യാവശ്യ സൗകര്യങ്ങളിലായിരുന്നു ബാല്യകാലം. പത്താം ക്ലാസിൽ തോറ്റതോടെ വിദ്യാഭ്യാസം മുടങ്ങി. 19–-ാം വയസ്സിൽ കുമ്പളക്കുഴിയിലെ ചന്ദ്രന്റെ നവവധുവായി 1971 ഒക്‌ടോബറിലാണ്‌ തട്ടേക്കാട് എന്ന കാട്ടുമുക്കിലേക്ക്‌ എത്തുന്നത്‌. അന്ന്‌ പാലമില്ല. കടത്തുവള്ളമാണ്‌ ആശ്രയം. അവിടെ കടത്തുകാരനായിരുന്നു സുധാമ്മയുടെ ചന്ദ്രേട്ടൻ. കടത്തിലെത്തുന്ന ചരക്കുകൾ ചുമക്കുന്ന തൊഴിലാളിയായിരുന്നു ചന്ദ്രന്റെ അച്ഛൻ. അമ്മ സംരംഭകയായിരുന്നു. സുധാമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ബേസിനും നാല്‌ കുപ്പിഗ്ലാസും രണ്ട്‌ നാരങ്ങയും രണ്ട്‌ ഭരണികളിലെ ഏതാനം മിഠായികളുമായിരുന്നു അമ്മയുടെ സംരംഭത്തിന്റെ ആസ്‌തി. രണ്ട്‌ കുട്ടിവണ്ടികൾ മാത്രമാണ്‌ ആ വഴി വരുന്നത്‌. അതിൽ വരുന്നവരാണ്‌ കസ്റ്റമേഴ്‌സ്‌. വള്ളക്കടവിലെ ചെറിയ ഷെഡിൽ താമസം. മൂന്നുപേരും ജോലി ചെയ്‌തിരുന്നു എങ്കിലും വരുമാനം തുച്ഛം. അത്യാവശ്യം നല്ല ചുറ്റുപാടിൽനിന്ന്‌ കാട്ടുമുക്കിലേക്ക്‌ കല്യാണം കഴിച്ചുവിട്ട കാർന്നോമ്മാരെ മനസ്സിൽ പഴിക്കാൻ തോന്നിയ ദിവസങ്ങൾ. അധികം താമസിയാതെ രണ്ടു മക്കളും പിറന്നു. കുടുംബത്തിൽ ആളെണ്ണം കൂടിയപ്പോൾ ദാരിദ്ര്യം വിരുന്നുവന്നു. ബുദ്ധിമുട്ടി നീങ്ങിയ ജീവിതത്തിലേക്ക്‌ തട്ടേക്കാട്‌ ഗവ. യുപി സ്‌കൂളിൽ പാർട്ട്‌ടൈം സ്വീപ്പർ ജോലി എത്തി. 1985 മാർച്ച്‌ ഒന്നിന്‌ സുധാമ്മ ജോലിയിൽ പ്രവേശിച്ചു. കാട്ടിലും മേട്ടിലും നടന്ന്‌ കഞ്ഞി വയ്ക്കാനുള്ള വിറക്‌ ശേഖരിച്ച്‌ അത്‌ തലയിൽ ചുമന്ന്‌ ഒരു കിലോമീറ്റർ നടന്നാണ്‌ സ്‌കൂളിലെത്തുന്നത്‌. കൈയിൽ കരുതുന്ന അലുമിനിയം ചോറ്റുപാത്രത്തിൽ സ്വന്തം കുഞ്ഞുങ്ങൾക്കുള്ള കഞ്ഞിയും പയറുമെടുത്ത്‌ പാത്തും പതുങ്ങിയുമാണ്‌ മടക്കം. 576 രൂപയാണ്‌ മാസശമ്പളം. രണ്ടറ്റം കൂട്ടി മുട്ടുന്നത്‌ കഷ്‌ടി. എപ്പിസോഡ്‌ 2 തട്ടേക്കാട്‌ പക്ഷിസങ്കേതം വരുന്നു. 1983ലായിരുന്നു ഉദ്‌ഘാടനം. പ്രകൃതിയെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കായി നേച്ചർ ക്യാമ്പുകൾ സജീവമായി. ഡോ. സലിം അലിയുടെ ശിഷ്യനായ ഡോ. സുഗതനായിരുന്നു സങ്കേതത്തിന്റെ ചുമതലക്കാരൻ. സുധാമ്മയും അമ്മയും ചേർന്ന്‌ നടത്തിയിരുന്ന കടയിൽ ചായകുടിക്കാനായി ഇവരിൽ പലരും എത്തും. കുട്ടികളെ വളർത്താനും വീട്‌ മുന്നോട്ട്‌ കൊണ്ടുപോകാനും ഉള്ള  കഷ്‌ടപ്പാടുകൾ കണ്ട ഡോ. സുഗതൻ നേച്ചർ ക്യാമ്പിലേക്ക്‌ ഭക്ഷണം നൽകാനുള്ള ചുമതല നൽകി. സ്‌കൂളിലെ ജോലി കഴിഞ്ഞാൽ കാട്ടുവഴിയിലൂടെ വേഗം വീട്ടിലേക്ക്‌ ഓടിയെത്തും. അമ്മ തയ്യാറാക്കുന്ന ഭക്ഷണം ക്യാമ്പിലെത്തിക്കും. ദിവസങ്ങൾ പോയപ്പോൾ ഡോ. സുഗതന്റെ ക്ലാസുകൾ ശ്രദ്ധിച്ചു തുടങ്ങി. സുധാമ്മയുടെ താൽപ്പര്യം മനസ്സിലാക്കിയ അദ്ദേഹം ക്ലാസിൽ ഇരിക്കാൻ അനുവദിച്ചു. ക്രമേണ ചില ഗസ്റ്റുകളെ കാട്ടിൽ കൊണ്ടുപോകാൻ തുടങ്ങിയതോടെ ചെറിയ വരുമാനം കിട്ടി തുടങ്ങി. കാടിന്റെ കുളിർമ മനസ്സിനും അനുഭവപ്പെടാൻ തുടങ്ങി അധികമാകുന്നതിനുമുമ്പ്‌ അടുത്ത ആഘാതമെത്തി. എപ്പിസോഡ്‌ 3 1989ൽ ചന്ദ്രേട്ടന്റെ മരണം. അടിയന്തരം കഴിഞ്ഞ്‌ സുധാമ്മയെയും മക്കളെയും തനിച്ചാക്കി ബന്ധുക്കൾ മടങ്ങി. 15ഉം 13ഉം വയസ്സുള്ള മക്കൾ മാത്രമായി കൂട്ടിന്‌. ചെറിയ പ്രായത്തിൽ വിധവയായതിനാൽ തുണയ്ക്ക്‌ സ്വന്തം അമ്മ കാർത്യായനിയെ കൂടെ കൂട്ടി. മുന്നോട്ട്‌ പോയേ തീരൂ. ഭർത്താവ്‌ മരിച്ച ഉടനെ കട തുറന്നതിന്റെ പയ്യാരം പറച്ചിലുകൾ അവഗണിച്ചു. കടയിലെത്തുന്നവരുടെ പാളിയുള്ള നോട്ടങ്ങളും മുനവച്ച വർത്തമാനങ്ങളും നാരങ്ങാവെള്ളം കൈമാറുമ്പോൾ കൈയിലുള്ള കടന്നുപിടിത്തവും ഒരുപാട്‌ മുറിവേൽപ്പിച്ചു. ശാസനാപൂർവം എല്ലാത്തിനേയും അവഗണിച്ച്‌ മുന്നോട്ട്‌ നീങ്ങി. കൂടുതൽ ഗസ്റ്റുകൾക്കൊപ്പം കാട്ടിൽ പോകാൻ തുടങ്ങി. ‘യേസ്‌ സാർ, നോ സാർ’ എന്നു മാത്രം പറഞ്ഞിരുന്നതിൽനിന്ന്‌ അത്യാവശ്യം ഇംഗ്ലീഷ്‌ കൈകാര്യം ചെയ്യാൻ തുടങ്ങി. ക്രമേണ ഹിന്ദി, തമിഴ്‌ എന്നീ ഭാഷകളും വശത്താക്കി. വരുമാനം വർധിച്ചു. വീടുവച്ചു. അതിനോട്‌ ചേർന്ന്‌ ഹോം സ്റ്റേ തുടങ്ങി. മക്കളെ പഠിപ്പിച്ചു. ഇന്ന്‌ മകൻ ഗരീഷ്‌ കോതംമംഗലം ബാറിലെ അഭിഭാഷകനാണ്‌. മകൾ ശാലിനി കളമശേരി മെഡിക്കൽ കോളേജിലെ സ്റ്റാഫ്‌ നഴ്‌സും. ഇരുവരും വിവാഹിതരായി, മക്കളുമായി. 40 വർഷത്തെ സേവനത്തിനുശേഷം 2023 ഡിസംബറിൽ ജോലിയിൽനിന്ന്‌ വിരമിച്ചു. വീടിനോട്‌ ചേർന്നുള്ള ജംഗിൾ ബേഡ്‌ ഹോം സ്റ്റേ വിപുലപ്പെടുത്തി 12 മുറികളാക്കി. ചന്ദ്രന്റെ മരണം ജീവിതം വഴിമുട്ടിച്ചപ്പോൾ 20,000 രൂപ കടം നൽകാൻ മടിച്ചവർക്ക്‌ മുന്നിലൂടെ തന്നെ ലക്ഷങ്ങൾ ആസ്തിയുണ്ടാക്കി. എപ്പിസോഡ്‌ 4 ഇതിനിടയിൽ പരീക്ഷണമായി 2018ൽ ക്യാൻസർ രോഗബാധയും എത്തി. എട്ടുമാസം കിടക്കയിൽ തന്നെയായിരുന്നു. ഓരോ കീമോയും ഓരോ മരണമായി തോന്നിയ ദിവസങ്ങളെ അതിജീവിച്ച്‌ ജീവിതം തിരിച്ചുപിടിച്ചു. ഇപ്പോൾ 70 വയസ്സായി. പുലർച്ചെ 5.30ന്‌ കാക്കതമ്പുരാട്ടി എന്ന കാടുമുഴക്കി പക്ഷിയാണ്‌ വിളിച്ചുണർത്തുന്നത്‌. വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞാൽ 7 മുതൽ 11 വരെ വിനോദസഞ്ചാരികൾക്കൊപ്പം കാട്ടിൽ കറക്കം. തിരിച്ചെത്തി വീണ്ടും ഹോംസ്റ്റേയിലെ ജോലികളിലേക്ക്‌. ‘കാക്കതമ്പുരാട്ടി ഒരു ദിവസം 18 പ്രാവശ്യം ശബ്‌ദം മുഴക്കും. കാടുമുഴക്കി, കരാളൻ ചാത്തൻ, ഇരട്ടവാലൻ പക്ഷി എന്നീ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്‌. ദേഹമാസകലം മിനുങ്ങുന്ന കറുപ്പുനിറം. നീണ്ട വാലിന്റെ അറ്റത്തുമാത്രം ഇഴകളുള്ള കമ്പിത്തൂവലുകൾ ഉണ്ടാകും....’,  കാടിനെ കുറിച്ച്‌ ചോദിച്ചാൽ സുധാമ്മ അറിവിന്റെ കലവറ തുറക്കും. തട്ടേക്കാട്‌ പക്ഷിസങ്കേതത്തിലെ 17 ഗൈഡുകളിൽ ഏക സ്‌ത്രീയാണ്‌ സുധാമ്മ. കേരളത്തിലെ ഏക അംഗീകൃത പെൺ ഗൈഡ്‌. ഏതാണ്ട്‌ 25 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള തട്ടേക്കാട്‌ വനമേഖലയിൽ മുന്നൂറോളം വൈവിധ്യമാർന്ന പക്ഷിവർഗങ്ങൾ ഉണ്ട്‌. ചിലത്‌ അവിടെ തന്നെയുള്ളതാണെങ്കിൽ ചിലർ വിരുന്നുവരുന്നവരാണ്‌. ഓരോന്നിനെ കുറിച്ചും സുധാമ്മ സംസാരിക്കും. ആൺ പക്ഷി, പെൺ പക്ഷി, കുഞ്ഞുങ്ങൾ എന്നിവയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയും. ഇവയുടെ ഭക്ഷണ ക്രമം, പ്രജനനകാലം ഇതിനെയെല്ലാം കുറിച്ച്‌ വിശാലമായ അറിവുണ്ട്‌. ഓരോ പക്ഷിയുടെയും ശബ്ദം പോലും തിരിച്ചറിയാം. എപ്പിസോഡ്‌ 5 കാട്‌ നടുക്കുന്ന ഓർമകളും സമ്മാനിച്ചിട്ടുണ്ട്‌. ഒരിക്കൽ 7 വിദേശികളുമായി ഉരുളംതണ്ണിയിലേക്ക്‌ പോയപ്പോൾ ആന മുന്നിൽ നിൽക്കുന്നത്‌ കണ്ടില്ല. പാറയാണെന്ന്‌ കരുതി. തിരിഞ്ഞപ്പോഴാണ്‌ തുമ്പിക്കൈ കണ്ടത്‌. ‘റൺ ഫാസ്റ്റ്‌’ എന്ന്‌ അലറി വിളിച്ച്‌ ഓടിയതുമാത്രം അറിയാം. കുറച്ച്‌ അകലെയുള്ള വെള്ളക്കെട്ടിൽ ചാടി. ബൈനോക്കുലർ നെഞ്ചിൽ തന്നെയുണ്ടായിരുന്നു. വിനോദ സഞ്ചാരികളും ഒപ്പം ഓടിയെത്തിയതിനാൽ രക്ഷപ്പെട്ടു. എങ്കിലും കാടിനെ ഭയപ്പെടേണ്ട എന്നതാണ്‌ സുധാമ്മയുടെ പക്ഷം. കാരണം,  ‘കാട്‌ അവരുടെ വീടാണ്‌. അവിടെ അവർക്കാണ്‌ പ്രാധാന്യം. അവരെ ശല്യം ചെയ്യാതെ നമ്മൾ കണ്ട്‌ മടങ്ങിയാൽ അവർ ഉപദ്രവിക്കില്ല.’ പക്ഷി നിരീക്ഷണത്തിന്‌ പോകുമ്പോൾ സുധാമ്മയ്ക്ക്‌ രണ്ടുമൂന്നു കാര്യങ്ങൾ നിർബന്ധമാണ്‌. താൻ പറയുന്നത്‌ എല്ലാവരും അനുസരിക്കണം. കാടിനെ കുറിച്ചും അവിടുത്തെ ഓരോ ചലനത്തെ കുറിച്ചും തനിക്കാണ്‌ അറിവുള്ളത്‌. പിന്നെ സംസാരിക്കാൻ പാടില്ല. ഏറ്റവും പ്രധാനപ്പെട്ടതാണ്‌ മൂന്നാമത്തേത്‌. പെർഫ്യൂം അടിക്കാൻ പാടില്ല. കാരണം പക്ഷിമൃഗാദികൾ അതീവ ഘ്രാണ ശേഷിയുള്ളവരാണ്‌. പെർഫ്യൂം അടിച്ചാൽ മനുഷ്യസാമീപ്യം അവർ വേഗം തിരിച്ചറിയും. അത്‌ ചിലപ്പോൾ അപകടം വിളിച്ചുവരുത്തലാകും. തെലുങ്ക്‌, കന്നട, ഫ്രഞ്ച്‌  ഭാഷകളും ഇപ്പോൾ കേട്ടാൽ മനസ്സിലാകും. എല്ലാം പഠിച്ചതും നേടിയതും ദീർഘകാലത്തെ പരിചയസമ്പത്തിലൂടെയാണ്‌. ഇപ്പോൾ ജോലിയും ജീവിതവും ഓരോ നിമിഷവും ആസ്വദിക്കുകയാണ്‌. പ്രകൃതി സ്‌നേഹികളും പക്ഷി നിരീക്ഷകരും നിരവധി അവാർഡുകൾ നൽകിയിട്ടുണ്ട്‌. പി വി തമ്പി മെമ്മോറിയൽ എൻഡോവ്‌മെന്റ്‌, സാങ്‌ച്വറി വൈൽഡ്‌ ലൈഫ്‌ പുരസ്‌കാരം എന്നിങ്ങനെ 17 അംഗീകാരങ്ങൾ ലഭിച്ചു. മകൻ ഗിരീഷും പക്ഷി നിരീക്ഷകനാണ്‌. കണ്ടും കേട്ടും പഠിച്ച അറിവുകൾക്കൊപ്പം സ്വന്തം ജീവിതം കൂടി ചേർത്തുവച്ച്‌ പുസ്‌തകം എഴുതാൻ ഒരുങ്ങുകയാണ്‌ സുധാമ്മ. Read on deshabhimani.com

Related News