ചങ്കൂറ്റത്തിന്റെ പ്രതീകം
ഭർത്താവ് പലപ്പോഴും ജയിലിലും ഒളിവിലും കഴിയാൻ നിർബന്ധിതനായ തിരക്കേറിയ കമ്യൂണിസ്റ്റുകാരൻ. മൂന്നു പെൺകുട്ടികളടക്കം നാലു മക്കൾ. കുടുംബത്തിന്റെ ഉത്തരവാദിത്വം. സാമ്പത്തിക പ്രയാസങ്ങൾ. സാധാരണഗതിയിൽ ഒരു വീട്ടമ്മയോ ഉദ്യോഗസ്ഥയോ മാത്രമായി ഒതുങ്ങിപ്പോകാൻ ഒരു സ്‌ത്രീ നിർബന്ധിതമാകുന്ന സാഹചര്യമായിരുന്നു സരോജിനി ബാലാനന്ദന്റേത്. എന്നാൽ, പ്രതിബന്ധങ്ങൾക്കു മുന്നിൽ തോറ്റുകൊടുക്കുന്ന വ്യക്തിത്വമായിരുന്നില്ല അവരുടേത്. അനീതികളോടും അരുതായ്‌മകളോടും നിരന്തരം കലഹിച്ച് ചങ്കൂറ്റത്തിന്റെ പ്രതീകമായി മാറി. പൊലീസ് അതിക്രമങ്ങളെയും സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങളെയും അസാമാന്യ ധീരതയോടെ നേരിട്ടു. കേരളത്തിലെ ജനാധിപത്യ മഹിളാ പ്രസ്ഥാനത്തിന് അടിത്തറയിട്ട നേതാക്കളിലൊരാളായി വളർന്നു. കൊല്ലം ശക്തികുളങ്ങരയിൽ പ്രസിദ്ധ വിഷഹാരിയായ കേശവൻ വൈദ്യന്റെയും നാരായണിയുടെയും മകളായി 1938 മെയ് 15നായിരുന്നു ജനനം. ബന്ധുവായ ഇ ബാലാനന്ദന്റെ വധുവായി എറണാകുളം കളമശേരിയിൽ എത്തുമ്പോൾ സരോജിനി കൗമാരം പിന്നിട്ടിരുന്നില്ല. കൊല്ലം എസ്‌എൻ വനിതാ കോളേജിലെ ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കുംമുമ്പ് 1957 സെപ്‌തംബർ ഒന്നിനായിരുന്നു വിവാഹം. അന്ന് എഐടിയുസി ജില്ലാ സെക്രട്ടറിയാണ് ബാലാനന്ദൻ. കളമശേരിയിൽ എത്തി രണ്ടാഴ്‌ച തികയുംമുമ്പേ ഭാവിജീവിതത്തെക്കുറിച്ച് സരോജിനിക്ക് ഏകദേശ ധാരണ കിട്ടി. ശ്രീചിത്ര മില്ലിലെ തൊഴിലാളിസമരവുമായി ബന്ധപ്പെട്ട് ബാലാനന്ദന് കുറെദിവസം വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിവന്നു. മാനേജ്‌മെന്റ് പിരിച്ചുവിട്ട ചില തൊഴിലാളികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹവും ടി കെ രാമകൃഷ്‌ണനും വി ജി ഭാസ്‌കരൻനായരും നിരാഹാരസമരം ആരംഭിച്ചു. അതിനിടെ സരോജിനി ആലുവയിൽ അശോക ടെക്‌സ്‌റ്റൈൽ തൊഴിലാളി സഹകരണസംഘത്തിൽ ക്ലർക്കായി ജോലിക്ക് കയറി. ദിവസവും ജോലിക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും സമരപ്പന്തലിൽ എത്തിയാണ് നവവധു ജീവിതസഖാവിനെ കണ്ടിരുന്നത്. വിമോചനസമരകാലത്തും കമ്യൂണിസ്റ്റ് പാർടി പിളർന്നപ്പോൾ ചൈനാ ചാരന്മാർ എന്നാരോപിച്ച് സിപിഐ എം നേതാക്കളെ വേട്ടയാടിയപ്പോഴും അടിയന്തരാവസ്ഥക്കാലത്തുമെല്ലാം ഏറെക്കാലം ബാലാനന്ദൻ ജയിലിലോ ഒളിവിലോ ആയിരുന്നു. തുടക്കത്തിൽ ‘കൊടുങ്ങല്ലൂർ കോവിലകത്തെ കമ്യൂണിസ്റ്റ് തമ്പുരാട്ടിമാരുടെയും കൂത്താട്ടുകുളം മേരിയുടെയും ഒക്കെ ത്യാഗങ്ങളുടെയും പോരാട്ടങ്ങളുടെയും കഥകൾ പറഞ്ഞ് തൊഴിലാളിസഖാക്കൾ സരോജിനിയെ ആശ്വസിപ്പിക്കുമായിരുന്നു’ എന്നാണ് ബാലാനന്ദൻ ആത്മകഥയിൽ (നടന്നുതീർത്ത വഴികൾ) വിവരിച്ചിട്ടുള്ളത്. അക്കാലങ്ങളിലെ അനുഭവങ്ങളും തൊഴിലാളിസഖാക്കൾ പകർന്ന സ്‌നേഹവും കരുതലുമാണ് കോൺഗ്രസ് കുടുംബത്തിൽ പിറന്നുവളർന്ന സരോജിനിയെ ഉറച്ച ഇടതുപക്ഷ പോരാളിയാക്കിയത്. അടിയന്തരാവസ്ഥക്കാലത്ത് വീട്ടാവശ്യങ്ങൾ നിറവേറ്റാൻ എരുമകളെയും പശുക്കളെയും വളർത്തി അവർ ക്ഷീരകർഷകയായതും ബാലാനന്ദൻ എഴുതിയിട്ടുണ്ട്. സമരങ്ങളിൽ നിർഭയം പൊതുപ്രവർത്തനത്തിൽ സജീവമായപ്പോൾ വ്യവസായ മേഖലയായിരുന്നു തട്ടകമെങ്കിലും ട്രേഡ് യൂണിയനുകളിലൊന്നും സരോജിനി ബാലാനന്ദൻ ഭാരവാഹിയായിരുന്നില്ല. എന്നാൽ, തൊഴിലാളികളുടെ അവകാശസമരങ്ങളിലും തൊഴിലാളി കുടുംബങ്ങളിലെ സ്‌ത്രീകളെ സംഘടിപ്പിക്കുന്നതിലും മുന്നണിപ്പോരാളിയായി. ബാലാനന്ദൻ തൊഴിലാളിപ്രവർത്തനം ആരംഭിച്ച ഏലൂരിലെ അലുമിനിയം ഫാക്ടറിയിലും ഫാക്ടിലും കളമശേരി എച്ച്‌എംടിയിലും മറ്റുമുണ്ടായിരുന്ന പഴയ തൊഴിലാളികൾക്ക് പറയാൻ നിരവധി അനുഭവങ്ങളുണ്ട്. എച്ച്‌എംടിയിൽ 2010–-2014ൽ നടന്ന നീണ്ട സമരത്തിൽപ്പോലും പലപ്പോഴും അവർ ആവേശപൂർവം വളന്റിയറായി എത്തുമായിരുന്നെന്ന് എച്ച്‌എംടി എംപ്ലോയീസ് യൂണിയൻ അനുസ്‌മരിക്കുന്നു. അന്ന് അവർക്ക് പ്രായം എഴുപത്തഞ്ചോളമായിരുന്നു. 1970കളിൽ എറണാകുളം ബ്രോ ഡ്‌വേയിലെ ചില മൊത്തവ്യാപാരികൾ അവശ്യസാധനങ്ങൾ പൂഴ്‌ത്തിവച്ച് അമിതവിലക്കയറ്റം സൃഷ്‌ടിച്ചപ്പോൾ അതിനെതിരെ സരോജിനി ബാലാനന്ദനടക്കം മഹിളാ സംഘടനാ പ്രവർത്തകർ നടത്തിയ പോരാട്ടം കൊച്ചിയുടെ സമരചരിത്രത്തിൽ അവിസ്‌മരണീയമാണ്. സമരത്തിൽ പങ്കെടുത്ത മഹിളാ നേതാക്കളെ വ്യാപാരികളും അവരുടെ ഗുണ്ടകളും കടയുടെ ഷട്ടർ താഴ്‌ത്തി അകത്ത് പൂട്ടിയിട്ട് മർദിച്ചു. വിവരമറിഞ്ഞ് മഹാരാജാസ് കോളേജിൽനിന്നും മറ്റും എസ്‌എഫ്‌ഐ പ്രവർത്തകർ ബ്രോഡ്‌വേയിലെത്തി പ്രതിഷേധിച്ചപ്പോൾ സമീപത്തെ പൊലീസ് ക്യാമ്പിൽനിന്ന് പൊലീസ് എത്തി അവരെയും തല്ലിച്ചതച്ചു. അന്ന് മർദനമേറ്റവരിൽ ഒരാളാണ് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. സമരം വലിയ ജനപിന്തുണയാർജിച്ചതിനാൽ വില കുറയ്‌ക്കാൻ വ്യാപാരികൾ നിർബന്ധിതരായി. 1986ൽ സിഐടിയു നടത്തിയ അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി നടന്ന തൊഴിലാളിറാലിയിൽ പങ്കെടുത്തപ്പോഴും സരോജിനി ബാലാനന്ദന് മർദനമേറ്റു. പൊലീസിന്റെ ലാത്തിയടിയിൽ കൈയുടെ എല്ല‌് പൊട്ടി ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നു. കെ ചന്ദ്രൻപിള്ള, സി എം ദിനേശ്‌മണി തുടങ്ങിയ നേതാക്കൾക്കും കൽപ്പന ദത്ത്, അല്ലി സുരേന്ദ്രൻ തുടങ്ങിയ മഹിളാ പ്രവർത്തകർക്കും അന്ന് ലാത്തിച്ചാർജിൽ പരിക്കേറ്റു. ഇത്തരത്തിൽ മർദനങ്ങളേറ്റ അനുഭവങ്ങളുണ്ടെങ്കിലും അനീതിക്കും അതിക്രമങ്ങൾക്കുമെതിരെ പോരാടാൻ എന്നും സരോജിനി മുന്നിൽനിന്നു. ഭരണനായിക കളമശേരിയുടെ ആദ്യ വനിതാ ഭരണനായികയായിരുന്നു സരോജിനി ബാലാനന്ദൻ. 1979–-84ൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു അവർ. അവരുടെ മൃതദേഹം പൊതുദർശനത്തിന് വച്ച ദേശീയപാതയോരത്തെ മുനിസിപ്പൽ ടൗൺഹാൾ നിർമിച്ചത് അക്കാലത്താണ്. അക്കാലത്തുതന്നെ പഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത് നിർമിച്ച പൊതുശ്‌മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. കളമശേരിക്ക് വികസന പശ്ചാത്തലമൊരുക്കുന്ന നിരവധി തീരുമാനങ്ങൾ അക്കാലത്തുണ്ടായി. 1983 മുതൽ 97 വരെ മഹിളാ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന സരോജിനി ബാലാനന്ദൻ ദീർഘകാലം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു. 1985ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി. 27 വർഷം ആ സ്ഥാനത്ത് തുടർന്നു. ഇതിനിടെ 1996 മുതൽ 2001 വരെ സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡ് അധ്യക്ഷയായി പ്രവർത്തിച്ചു. 2012ൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവായശേഷവും ആരോഗ്യം അനുവദിക്കുന്നതുവരെ രാഷ്‌ട്രീയപ്രവർത്തനത്തിൽ സജീവമായിരുന്നു. കോവിഡ് കാലത്ത് പറവൂരിൽ മകളുടെ വീട്ടിൽ വിശ്രമത്തിലായിരുന്നപ്പോഴും പാർടി ആഹ്വാനംചെയ്‌ത സമരത്തിന്റെ ഭാഗമായി. ഓണദിനത്തിൽ അന്ത്യശ്വാസം വലിക്കുന്നതുവരെ സമരവീര്യത്തോടെ രോഗാവസ്ഥകളോടും പൊരുതി. സ്‌ത്രീസമൂഹത്തിനും പൊതുസമൂഹത്തിനാകെയും അനുകരണീയമായ പോരാട്ടമാതൃകകൾ സമ്മാനിച്ചാണ് അവർ ഓർമയായത്. Read on deshabhimani.com