21 December Saturday

ഈ അരങ്ങിൽ ഇനി തനിയേ

ജിഷ അഭിനയUpdated: Sunday Aug 25, 2024

ഓർമകളുടെ അരങ്ങിൽ ഇനിയൊരാൾമാത്രം. പ്രിയപ്പെട്ടവന്റെ വേർപാടിൽ ഹൃദയമുരുകി ജീവിതവേദിയിൽ രാധ തനിയേ. തൃശൂർ ചേലക്കോട്ടുകരയിലെ വീട്ടിൽനിന്ന്‌ ഘനഗാംഭീര്യം നിറഞ്ഞ ശബ്‌ദത്തോടെ ഇനി ഡയലോഗുകൾ ഉയർന്നുകേൾക്കില്ല. അമേചർ നാടകവേദിയിൽ ഏറെ പ്രശസ്‌തനായ ജോസ് പായമ്മലിന്റെ നിര്യാണം നാടകലോകത്തിന്‌ തീരാനഷ്‌ടം. മലയാള നാടകവേദിയിൽ ചരിത്രം കുറിച്ച് മുന്നേറിയ ദമ്പതികൾ. ജോസ് പായമ്മൽ, കലാലയം രാധ. തൃശൂർ പൂരം പ്രദർശനത്തിൽ 50 വർഷം തുടർച്ചയായി രണ്ടായിരത്തോളം തൽസമയ നാടകം ഈ ദമ്പതികൾ അവതരിപ്പിച്ചു.

1968ലാണ്‌ പൂരം പ്രദർശനത്തിൽ നാടകം അവതരിപ്പിക്കാൻ അവസരം ചോദിച്ച്‌ ഇവർ പോയത്‌. നാടകം കണ്ട്‌ നല്ലതെന്ന്‌ തോന്നിയാൽമാത്രം പ്രതിഫലം നൽകിയാൽ മതിയെന്ന്‌ കമ്മിറ്റിക്കാരോട്‌ പറഞ്ഞു. കളി കഴിഞ്ഞപ്പോൾ 150 രൂപ പ്രതിഫലം ലഭിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നുമെന്നും നാടകദിനം. പൊടുന്നനേ ഒരു വിഷയം കണ്ടെത്തി മുൻകൂട്ടി രചിച്ച സ്‌ക്രിപ്‌റ്റ്‌ ഇല്ലാതെ നാടകം അവതരിപ്പിക്കുകയാണ്‌ ഇവരുടെ ശൈലി. പ്രേക്ഷകരുടെ പ്രതികരണവും സന്ദർഭവുമനുസരിച്ച് ക്ലൈമാക്സ്‌ വരെ മാറും. ജോസ്‌ പായമ്മലിന്റെ നാടകങ്ങളെ വേറിട്ടതാക്കുന്നതും ഇതുതന്നെ.

ജോസേട്ടന്റെ ജീവിതത്തിലേക്ക്‌ രാധയെത്തിയതും യാദൃച്ഛികം. കൈ നിറയെ സോപ്പ്, സോപ്പുപെട്ടികൾ, മിഠായികൾ... ആദ്യമായി വേദിയിൽനിന്നിറങ്ങിയപ്പോൾ ചുറ്റും കൂടിയ ആളുകൾ കുഞ്ഞുരാധയ്‌ക്ക്‌ സമ്മാനം നൽകി. എട്ടുവയസ്സുകാരിക്ക് നാടകം കളിച്ച് കിട്ടിയ സമ്മാനങ്ങൾ. ഒരു സംഘം കലാകാരന്മാർ. അവർ അഭിനയിക്കുന്നു, പാടുന്നു. അക്കൂട്ടത്തിൽ ഇരുപതുവയസ്സു തോന്നിക്കുന്ന ഒരാൾ രാധയോട് നന്നായി അഭിനയിക്കാൻ പറഞ്ഞു. വൈലോപ്പിള്ളിയുടെ മാമ്പഴത്തിന്റെ നൃത്താവിഷ്കാരത്തിലൂടെ രാധ അരങ്ങിലെത്തി. അങ്ങനെ ഇരിങ്ങാലക്കുട കാറളം സ്വദേശി രാധാമണി ശോഭന നൃത്തകലാലയം എന്ന സംഘത്തിലൂടെ ആദ്യമായി അരങ്ങിലെത്തി. നന്നായി അഭിനയിക്കാൻ പറഞ്ഞ ഇരുപതുകാരൻ പിന്നീട് ജീവിതത്തിലും തുണയായി. 25–--ാം വയസ്സിലാണ് രാധ ജോസേട്ടനെ വിവാഹം കഴിക്കുന്നത്.

1957ൽ കൊടുങ്ങല്ലൂരിൽ നടന്ന അഖില കേരള നാടകമത്സരത്തിലെ അഭിനയത്തിന് മികച്ച നടിയായി രാധ തെരഞ്ഞെടുക്കപ്പെട്ടു. ഒരു പവൻ ആയിരുന്നു സമ്മാനം. 1959-ൽ കരിവന്നൂർ ക്ഷേത്രമൈതാനത്ത് നാഷണൽ കാർണിവൽ സംഘടിപ്പിക്കുന്നതായി അറിഞ്ഞു. ജോസേട്ടൻ പഠിപ്പിച്ച ഒരു നൃത്തം അവിടെ അവതരിപ്പിക്കണമെന്ന്  ഇവർക്ക്‌ കടുത്ത ആഗ്രഹം. അവസരം ലഭിക്കാൻ ആദ്യം അതിന്റെ മാനേജർ കെ കെ മേനോന് റിഹേഴ്സൽ കാണിച്ചുകൊടുക്കണം. എന്നാൽ, തൃശൂരിലേക്ക് പോകാൻ ഒരാൾക്ക് 12 അണ വേണം. വാദ്യക്കാരുൾപ്പെടെ നാലുപേർക്ക് വണ്ടിക്കൂലി ഇല്ല. ഒടുവിൽ അമ്മ അയൽക്കാരോട് കടം വാങ്ങി തൃശൂർക്കയച്ചു. അവിടെയെത്തിയപ്പോൾ നൃത്തം മുഴുവനും കാണാൻ നിൽക്കാതെ മാനേജർ ‘മതി' എന്നു പറഞ്ഞു. ഏറെ സങ്കടത്തോടെ കാത്തിരുന്നു.

ഒടുവിൽ അദ്ദേഹം പറഞ്ഞു. കാർണിവൽ തുടങ്ങുമ്പോൾ അറിയിക്കാം. ഹാർമോണിയം പ്രൊഫ. ടി വി ബാബുവും മൃദംഗം പച്ചാളം വാസുവുമാണ് വായിച്ചത്. അന്നെല്ലാം അവസരം ലഭിക്കാൻ കാത്തുകെട്ടി നിൽക്കേണ്ട അവസ്ഥയാണ്‌. ഒടുവിൽ അവതരണാനുമതി ലഭിച്ചു. നൃത്തം നന്നായതുകൊണ്ടാണ് മാനേജർ തുടർന്ന് കാണാതിരുന്നതെന്ന് പിന്നീട് പറഞ്ഞു. ഏഴുരൂപ ശമ്പളത്തിന് അവിടത്തെ ജോലിക്കാരായി. അതിനിടെ കലാലയം രാധ എന്ന് പേരു മാറ്റി. നാടകത്തിൽ സജീവമായ ദിനങ്ങൾ.

കായംകുളം പീപ്പിൾസ് തിയറ്റേഴ്സിന്റെ "അഗ്നിയോളം' എന്ന നാടകം ഒരു വർഷം തുടർച്ചയായി അഭിനയിച്ചു. തിലകൻ, വർഗീസ് കാട്ടുപറമ്പൻ എന്നിവരോടൊപ്പം പതിനേഴാം വയസ്സിൽ അഭിനയിച്ച ആ നാടകം രാധയ്ക്ക് പുതിയ അനുഭവമായി. ചേർത്തല ജൂബിലി, തൃശൂർ രജപുത്ര എന്നിങ്ങനെ ഒട്ടേറെ സംഘങ്ങളോടൊപ്പം രാധ അഭിനയിച്ചു.  തൃശൂർ ഔഷധിയുടെ ആർട്സ് ക്ലബ്ബിനുവേണ്ടി ചെയ്ത "കടൽ' എന്ന നാടകത്തിലെ അഭിനയത്തിന് സംഗീതനാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു.

ഗർഭിണിയായിരുന്നപ്പോഴും  നിറവയറോടെ രാധ അഭിനയിച്ചു. മകൻ ജനിച്ച് മൂന്നു മാസമായപ്പോൾ അവനെ വീട്ടിലാക്കി നാടകം അവതരിപ്പിക്കാൻ പോയി. പാലുകൊടുക്കാനാകാതെ നീർക്കെട്ടു വന്ന് പനി പിടിച്ചും നാടകം തുടർന്നു. ബാലൻ കെ നായർ, കെ പി ഉമ്മർ, കുതിരവട്ടം പപ്പു, തിലകൻ, ബഹദൂർ, കുട്ട്യേടത്തി വിലാസിനി, ഫിലോമിന, തൃശൂർ എൽസി, കൃഷ്ണവേണി എന്നിങ്ങനെ പ്രശസ്തരായ പലരോടുമൊപ്പം രാധ അരങ്ങിലെത്തി. ഏകമകൻ ബ്രിന്നറിന്റെ പേരിൽ ബ്രിന്നർ ആർട്സ് എന്ന നാടകസംഘത്തിനും ജോസും രാധയും നേതൃത്വം നൽകി. മകൻ ബ്രിന്നറും കുട്ടിക്കാലത്ത് അച്ഛന്റെയും അമ്മയുടെയും കൂടെ അരങ്ങിലെത്തിയിരുന്നു. പിന്നീട് മറ്റ് ജോലികൾ ചെയ്‌തു. രാധയുടെ  അനുജത്തി ലീലയും സമിതിയിലെ അഭിനേത്രിയായിരുന്നു.

ചിൽഡ്രൻസ് പൊലീസ്, അച്ചുവിന്റെ അമ്മ, സൂര്യദാനം, രാത്രികൾ നിനക്കുവേണ്ടി, ഇസബെല്ല, ജമ്നപ്യാരി തുടങ്ങിയ സിനിമകളിലും നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചു. ‘ജമ്നപ്യാരി' സിനിമയിൽ ജോസ് പായമ്മലും രാധയും ഒരുമിച്ചാണ് അഭിനയിച്ചത്.  തുടർച്ചയായി നാലുതവണ സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നടിക്കുള്ള അവാർഡ് രാധയ്‌ക്ക്‌ ലഭിച്ചു. ജോസ്‌ എഴുതിയ "ജ്യോതിർഗമയ' എന്ന നാടകത്തിന് രചനയ്‌ക്കും സംവിധാനത്തിനും അവാർഡ് ലഭിച്ചപ്പോൾ അതേ നാടകത്തിൽ മികച്ച നടിക്കുള്ള അവാർഡ് രാധയ്‌ക്കായിരുന്നു.

പതിനാലാം വയസ്സിൽ ഇരിങ്ങാലക്കുട സെന്റ് തോമസ് പള്ളിയിലാണ് ജോസിന്റെ ആദ്യ അവതരണം. കാനം ഇ ജെയുടെ ‘എന്നിട്ടും നിങ്ങളെന്നെ സ്നേഹിക്കുന്നു' എന്ന നാടകം. 66 വർഷത്തിനിടെ ഇന്ത്യയിൽ 15,000ത്തിലേറെ വേദികളിൽ അഭിനയിച്ചു. 20 വർഷത്തോളം ഉദയ ആർട്സ് ക്ലബ്ബെന്ന സ്വന്തം ട്രൂപ്പ് നടത്തി. 12 നാടകങ്ങൾ പുസ്തകരൂപത്തിലായി. 85ഓളം റേഡിയോ നാടകത്തിനും ശബ്‌ദം നൽകി. സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ഇരുവർക്കും ലഭിച്ചിട്ടുണ്ട്.  ‘ഇരുവരെയും കുറിച്ച് മണിലാൽ സംവിധാനം ചെയ്ത "അടുത്ത ബെല്ലോടുകൂടി ജീവിതം ആരംഭിക്കും' എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധേയമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top