04 December Wednesday
കലയുടെ മനുഷ്യപക്ഷം

"ഞങ്ങൾ എന്തു തെറ്റാണ് ചെയ്തത്?"

സത്യപാൽUpdated: Monday Nov 18, 2024

നാസി കൂട്ടക്കൊലയുടെ ഓർമയ്‌ക്കായി സ്ഥാപിച്ച ലിഡിസ്‌ മ്യൂസിയത്തിലെ കുട്ടികളുടെ ശിൽപ്പസമുച്ചയം

 

ഞങ്ങൾ എന്തു തെറ്റാണ് ചെയ്‌തത്...? ഹിറ്റ്‌ലർ  ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ പിഞ്ചുകുട്ടികളുടേതാണ് ഈ ചോദ്യം. വിഷവായു ശ്വസിച്ച് നാസികളുടെ ഗ്യാസ് ചേംബറുകളിൽ പിടഞ്ഞുമരിച്ച കുട്ടികൾ ശിൽപ്പങ്ങളായി തിരിച്ചുവന്നിട്ടാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. അവരുടെ ശിപ്പങ്ങൾ ചരിത്രത്തെ നിശ്ശബ്ദമായി വിചാരണ ചെയ്യുകയാണ്..! ഒരു ഗ്രാമത്തിന്റെ മഹാസങ്കടങ്ങൾ ഉറഞ്ഞു ഘനീഭവിച്ച ഈ ശിൽപ്പസമുച്ചയം ചെക്ക് റിപ്പബ്ലിക്കിലെ ലിഡിസ് മ്യൂസിയത്തിലാണ്.
 


'ഭരണകൂടവും കോർപറേറ്റുകളും തമ്മിലുള്ള ബാന്ധവമാണ്‌ ഫാസിസം’‐ ഇങ്ങനെയായിരുന്നു ഫാസിസത്തെ മുസോളിനി നിർവചിച്ചത്. ഇന്ത്യയുടെ വർത്തമാനകാലം ഫാസിസത്തിന്റെ ഉപജ്ഞാതാവായ മുസോളിനിയുടെ നിർവചനത്തെ പൂർണമായും സാധൂകരിക്കുന്നു. ഫാസിസ്റ്റുകൾക്ക് പാർലമെന്റിൽ സീറ്റുകളുടെ എണ്ണം കുറയുമ്പോൾ നിർത്തിവയ്‌ക്കേണ്ടതല്ല ഫാസിസ്റ്റ് വിരുദ്ധ സമരങ്ങൾ. ഇന്ത്യയിൽ തിളച്ചുനിന്നിരുന്ന ഫാസിസ്റ്റ് വിരുദ്ധ വികാരം തണുത്തുറഞ്ഞു തുടങ്ങി.

സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ സർവ മേഖലകളിലും ജ്വലിച്ച ഫാസിസ്റ്റ് വിരുദ്ധ പ്രതികരണങ്ങൾ മങ്ങിമായുന്നു. ഇത് ദുരന്തപൂർണമായ ഭാവിയുടെ സൂചനയാണ്. പാർലമെന്റിൽ നരേന്ദ്ര മോദിയുടെ പിന്തുണയിൽ വന്ന കുറവ് പോരാട്ടത്തിന്റെ പാതയിൽ സഞ്ചരിച്ചുകൊണ്ടിരുന്നവർക്ക് സന്തോഷത്തിന്‌ വക നൽകേണ്ട ഒന്നല്ല, മറിച്ച് ഈ സന്ദർഭത്തിൽ സമരശേഷി പതിന്മടങ്ങ് വർധിപ്പിച്ചാൽ മാത്രമേ രാജ്യത്തെ പൂർണമായും ജനാധിപത്യ സംവിധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയൂ.

മുറിച്ചിട്ടാൽ മുറികൂടുന്ന ജരാസന്ധനെ പോലെയാണ് ഫാസിസം എന്ന തിരിച്ചറിവ് ഒരുകാലത്തും പോരാളികൾക്ക് നഷ്ടപ്പെട്ടുകൂടാ. ഫാസിസ്റ്റുകൾ അവരുടെ ക്ഷീണകാലങ്ങളിൽ മുയലിന്റെയും മാനിന്റെയും മുഖംമൂടികൾ മാറിമാറി മുഖത്തണിയുന്ന ചെന്നായ്‌ക്കളാണന്ന്‌ തെളിയിക്കുന്ന സന്ദർഭങ്ങൾ ചരിത്രത്തിൽ അനവധിയാണ്.

ഈ മുഖംമൂടികൾ സദാസമയവും അവർ കയ്യിൽ കരുതുന്നു. പ്രശസ്‌ത ബ്രിട്ടീഷ് ചിന്തകനായിരുന്ന ഇ പി തോംസൺ നിർദേശിച്ച സമരോത്സുകമായ ജീവിതചര്യയെ സമൂഹമൊന്നാകെ സ്വീകരിക്കേണ്ട കാലമാണിത്. ഫാസിസ്റ്റുകളുടെ ചരിത്രം എണ്ണമറ്റ നരവേട്ടകളുടേതാണ്. ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ നടന്ന കൂട്ടക്കൊലകളുടെ ചരിത്രം മനുഷ്യരാശി എക്കാലവും  ഓർത്തിരിക്കുവാൻ വേണ്ടി നിർമിച്ച ഒരു ശിൽപ്പസമുച്ചയത്തെ കുറിച്ചാണ് ഈ ഈ ലേഖനം. 

     
മരിച്ചുപോയ കുട്ടികൾ
തിരിച്ചുവന്നു ചോദിക്കുന്നു...
ഞങ്ങൾ എന്തു തെറ്റാണ് ചെയ്‌തത്...?

ഹിറ്റ്‌ലർ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ പിഞ്ചുകുട്ടികളുടേതാണ് ഈ ചോദ്യം. വിഷവായു ശ്വസിച്ച് നാസികളുടെ ഗ്യാസ് ചേംബറുകളിൽ പിടഞ്ഞുമരിച്ച കുട്ടികൾ ശിൽപ്പങ്ങളായി തിരിച്ചു വന്നിട്ടാണ് ഈ ചോദ്യം ഉന്നയിക്കുന്നത്.

ലിഡിസ്‌ മ്യൂസിയത്തിലെ കുട്ടികളുടെ ശിൽപ്പസമുച്ചയം

ലിഡിസ്‌ മ്യൂസിയത്തിലെ കുട്ടികളുടെ ശിൽപ്പസമുച്ചയം

അവരുടെ ശിൽപ്പങ്ങൾ ചരിത്രത്തെ നിശ്ശബ്ദമായി വിചാരണ ചെയ്യുകയാണ്...!
ഒരു ഗ്രാമത്തിന്റെ മഹാസങ്കടങ്ങൾ ഉറഞ്ഞു ഘനീഭവിച്ച ഈ ശിൽപ്പസമുച്ചയം ചെക്ക് റിപ്പബ്ലിക്കിലെ ലിഡിസ് മ്യൂസിയത്തിലാണ്.

ഹിറ്റ്‌ലർ നടത്തിയ നരവേട്ടകളിൽ പിടഞ്ഞൊടുങ്ങി ഈ ഭൂമിയിൽ നിന്നു മാഞ്ഞുപോയ അനേകായിരം പിഞ്ചുകുഞ്ഞുങ്ങളുടെ ഓർമകളും പേറി നിൽക്കുന്ന ഈ ശിൽപ്പങ്ങൾക്കു മുന്നിലെത്തുന്ന കാണികൾ മനോവേദനയാൽ വിഷാദത്തിലേക്കും നിരാശയിലേക്കും വഴുതിവീണ്‌ ശ്വാസം നിലച്ചുപോകുന്ന അവസ്ഥയിലെത്തി നിശ്ശബ്ദരാകുന്നത് ലിഡിസ് മ്യൂസിയത്തിലെ ദൈനംദിന കാഴ്‌ചയാണ്.

ഭയം പടർന്നു  കരുവാളിച്ച മുഖങ്ങളുള്ള കുട്ടികളെ അനാഥത്വത്തിന്റെ വിഭിന്ന ഭാവങ്ങളിലാണ് ഈ ശിൽപ്പങ്ങളിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. സഞ്ചരിക്കുന്ന ഗ്യാസ് ചേംബറുകളിലേക്ക്‌ വിഷവാതകം കടത്തിവിട്ട് ഫാസിസ്റ്റുകൾ ശ്വാസം മുട്ടിച്ചു കൊന്ന എൺപത്തിരണ്ട്‌ കുട്ടികളുടെ പുനർസൃഷ്ടിയാണ്‌ ഈ ശിൽപ സ്മാരകം. ഈ മ്യൂസിയത്തിലെത്തുന്ന ഓരോ മനുഷ്യരോടും ഈ പിഞ്ചുകുഞ്ഞുങ്ങൾ ചോദിക്കുന്നുണ്ടാവാം‐ ഞങ്ങൾ എന്തു തെറ്റാണ് ചെയ്‌തത്‌ എന്ന്...

ഈ കുരുന്നു രക്തസാക്ഷികൾ ജീവിച്ചിരുന്ന ലിഡിസ്‌ ഗ്രാമത്തിൽ ഫാസിസ്റ്റുകൾ നടത്തിയ മനുഷ്യവേട്ടയുടെ ക്രൂരതകൾ നിറഞ്ഞ ഭൂതകാല ചരിത്രവും ഈ മ്യൂസിയം വിശദീകരിക്കുന്നു. മനുഷ്യരാശിയെ വിറകൊള്ളിക്കുന്ന കാഴ്‌ചകളാണ് ഈ മ്യൂസിയത്തിൽ. ചരിത്രത്തിന്റെ ഉണങ്ങാത്ത മുറിവുകളിൽനിന്ന് ചോരയൊലിച്ചുകൊണ്ടിരിക്കുന്ന ഓർമകൾ സൂക്ഷിക്കുന്ന ലിഡിസ് മ്യൂസിയം സദാസമയവും പൂർണ നിശ്ശബ്ദതയിലാണ്.

പലപ്പോഴും കാണികളുടെ തേങ്ങലുകളാണ് ഇവിടുത്തെ നിശ്ശബ്ദതയെ ഭേദിക്കുന്നത്. നാസികൾ കൊലചെയ്ത ഹതഭാഗ്യരായ ലിഡിസിന്റെ മക്കളുടെ പ്രതീകാത്മക ശിൽപ്പ സ്മാരക സമുച്ചയം സൃഷ്ടിച്ചത് പ്രശസ്ത ചെക്ക് ശിൽപ്പികളായ മേരി ഉച്ചിറ്റിലോവയും അവരുടെ ഭർത്താവ് ജിറി വാക്ലാവ് ഹാംപ്ലും ചേർന്നാണ്.

പലപ്പോഴും കാണികളുടെ തേങ്ങലുകളാണ് ഇവിടുത്തെ നിശ്ശബ്ദതയെ ഭേദിക്കുന്നത്. നാസികൾ കൊലചെയ്ത ഹതഭാഗ്യരായ ലിഡിസിന്റെ മക്കളുടെ പ്രതീകാത്മക ശിൽപ്പ സ്മാരക സമുച്ചയം സൃഷ്ടിച്ചത് പ്രശസ്ത ചെക്ക് ശിൽപ്പികളായ മേരി ഉച്ചിറ്റിലോവയും അവരുടെ ഭർത്താവ് ജിറി വാക്ലാവ് ഹാംപ്ലും ചേർന്നാണ്. ശിൽപ്പ നിർമിതി തുടങ്ങിയത് മേരി ഉച്ചിറ്റിലോവയും പൂർത്തീകരിച്ചത് ജിറി വാക്ലാവ് ഹാംപ്ലുമാണ്. ഭൂമിയിൽനിന്നും ഹിറ്റ്‌ലർ തുടച്ചുനീക്കിയ ഒരു ഗ്രാമത്തിന്റെ പേരാണ് ലിഡിസ്.

ലിഡിസിനുശേഷം നാസികൾ ലെസാക്കി എന്ന ഗ്രാമവും  മായ്ച്ചുകളഞ്ഞു. ലിഡിസിന്റെ അയൽഗ്രാമമായായിരുന്നു ലെസാക്കി. രണ്ടാം ലോകയുദ്ധത്തിന്റെ യാതനകൾ ലോകം അനുഭവിച്ചുകൊണ്ടിരുന്ന നാളുകളിൽ മനുഷ്യരാശിയെ ഞെട്ടിച്ച അതിദാരുണമായ മനുഷ്യവേട്ടകൾ ലിഡിസിലും ലെസാക്കിലും അരങ്ങേറി. ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലായിരുന്നു ഈ ഗ്രാമങ്ങൾ. ബൊഹേമിയയെന്നും മൊറാവിയ എന്നുമായിരുന്നു അക്കാലത്ത് ഈ ചെക്ക് റിപ്പബ്ലിക്ക് പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത്.

ബൊഹേമിയയിലായിരുന്നു പ്രശസ്തമായ പ്രാഗ് നഗരം. ബൊഹേമിയയുടെ കിരീടം എന്നാണ് പ്രാഗ് അറിയപ്പെട്ടിരുന്നത്. പ്രാഗിനടുത്തുള്ള ഗ്രാമങ്ങളായിരുന്നു ലിഡിസും ലെസാക്കും. നഗരമധ്യത്തിൽനിന്ന് ഇരുപത്‌ കിലോമീറ്റർ വടക്കു പടിഞ്ഞാറ് ദിശയിലാണ് ഈ ഗ്രാമങ്ങൾ.

1939 സെപ്‌തംബറിൽ ആരംഭിച്ച രണ്ടാം ലോകമഹായുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുവാൻ രണ്ടുമാസം അവശേഷിക്കുന്ന 1942 ജൂണിലാണ് ലിഡിസിനെയും പിന്നീട് ലെസാക്കിനെയും ഹിറ്റ്‌ലർ ഭൂമിയിൽ നിന്നു തുടച്ചുമാറ്റിയത്.

റെയ്‌ൻഹാർഡ് ഹെയ്ഡ്രിച്ച്

റെയ്‌ൻഹാർഡ് ഹെയ്ഡ്രിച്ച്

ജൂൺ പത്തിന്‌ നാസികൾ നരവേട്ട തുടങ്ങിയത് ലിഡിസിലാണ്. അക്കാലത്ത് ബൊഹേമിയ, മൊറാവിയ പ്രദേശങ്ങൾ ഹിറ്റ്‌ലർ പൂർണമായും തന്റെ അധീനതയിലാക്കുവാനുള്ള ആർത്തിയിലായിരുന്നു. കൂട്ടക്കൊലകളും ഉന്മൂലനങ്ങളും അരങ്ങേറിയ ബൊഹേമിയ, മൊറാവിയൻ പ്രദേശങ്ങളിൽ 1939 മാർച്ച് 26 മുതൽ ഭാഗികമായി  ജർമൻ പ്രൊട്ടക്‌ടറുടെ അധിനിവേശ ഭരണമായിരുന്നു.

നാസികൾക്ക്‌ കീഴടങ്ങാൻ ഈ പ്രദേശത്തെ ജനതയും പ്രാദേശിക സർക്കാരും രാഷ്‌ട്രീയ പാർടികളും തയ്യാറാകാതെ ചെറുത്തുനിന്നതിനെ തുടർന്ന് ഹിറ്റ്‌ലർ ഇവിടേക്ക് പുതിയ പ്രൊട്ടക്‌ടറായി നിയമിച്ചത് കിരാതനായ ഫാസിസ്റ്റ് റെയ്ൻഹാർഡ് ട്രിസ്റ്റൻ യൂജൻ ഹെയ്‌ഡ്രിച്ചിനെയായിരുന്നു.

മൃഗചിത്തനും  തികഞ്ഞ രക്തദാഹിയും വംശവെറിയനുമായിരുന്ന ഹെയ്‌ഡ്രിച്ചായിരുന്നു ഹിറ്റ്‌ലർക്ക് ഗീബൽസിനെക്കാൾ പ്രിയപ്പെട്ട വിശ്വസ്‌തൻ. ഇയാളായിരുന്നു നാസികൾ നടത്തിയ വംശഹത്യകളുടെ പ്രധാന ഉപജ്ഞാതാവും ആസൂത്രകനും.

'ഉരുക്കുകൊണ്ട് നിർമിച്ച ഹൃദയമുള്ളവൻ’ എന്നാണ് ഹെയ്‌ഡ്രിച്ചിനെ ഹിറ്റ്‌ലർ വിശേഷിപ്പിച്ചിരുന്നത്. നാസികളിലെ ക്രൂരതയുടെ പര്യായമായി ഹെയ്‌ഡ്രിച്ചിനെ ഹോളോകോസ്റ്റ് ചരിത്രകാരന്മാർ  ഒരേ സ്വരത്തിൽ വിലയിരുത്തുന്നു.

'ഉരുക്കുകൊണ്ട് നിർമിച്ച ഹൃദയമുള്ളവൻ’ എന്നായിരുന്നു ഹെയ്‌ഡ്രിച്ചിനെ ഹിറ്റ്‌ലർ വിശേഷിപ്പിച്ചിരുന്നത്. നാസികളിലെ ക്രൂരതയുടെ പര്യായമായി ഹെയ്‌ഡ്രിച്ചിനെ ഹോളോകോസ്റ്റ് ചരിത്രകാരന്മാർ  ഒരേ സ്വരത്തിൽ വിലയിരുത്തുന്നു.

നാസി പാർടിയിലെ ഉയർന്ന ശ്രേണിയിലെ അംഗമായിരുന്നു റെയ്ൻഹാർഡ് ഹെയ്‌ഡ്രിച്ച്. ഫാസിസ്റ്റ്‌ ജർമനിയുടെ ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് കമീഷന്റെ തലവനും ഭയത്തിന്റെ പര്യായമായ ഗസ്റ്റപ്പോയെ ഭീകര സംഘടനയായി വളർത്തിയെടുത്ത ഡയറക്‌ടറും ഹെയ്‌ഡ്രിച്ചായിരുന്നു.

ജൂത സമൂഹത്തിന്റെ നാടുകടത്തലും വംശഹത്യകളും സംബന്ധിച്ച പദ്ധതികൾക്ക് രൂപം നൽകിയവരിൽ പ്രധാനിയായിരുന്നു ഇയാൾ. 1938 നവംബറിൽ നാസി ജർമനിയിലും ഓസ്ട്രിയയിലും യഹൂദ വേട്ടയ്‌ക്ക്‌ നേതൃത്വം നൽകി ജൂതന്മാർ ഉൾപ്പെടെ രണ്ട് ദശലക്ഷത്തിലധികം മനുഷ്യരെ വധിച്ച പ്രത്യേക സംഘത്തിന്റെ നേരിട്ടുള്ള മേൽനോട്ടവും ഇയാൾക്കായിരുന്നു.

1940ൽ ജർമൻ സൈന്യം പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളെ ആക്രമിച്ചതിന്റെ നേതൃത്വവും റെയ്ൻഹാർഡ് ഹെയ്‌ഡ്രിച്ചിനായിരുന്നു. നാസികൾക്ക്‌ കീഴടങ്ങാത്ത ബൊഹേമിയ, മൊറാവിയൻ ജനതയുടെ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തെ നേരിടാൻ 1941 സെപ്‌തംബർ 21ന് ഹെയ്‌ഡ്രിച്ച് പ്രാഗിൽ വന്നു പുതിയ പ്രൊട്ടക്‌ടറായി ഭരണച്ചുമതല ഏറ്റെടുത്തു.

പ്രാദേശികമായ സംസ്‌കാരങ്ങൾക്കുമേൽ നാസി ആശയങ്ങളെ പ്രതിഷ്ഠിക്കാനുള്ള പദ്ധതികൾ അയാൾ ആസൂത്രണം ചെയ്‌തു. ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടാണ് ഹെയ്‌ഡ്രിച്ച്‌ പ്രാഗിൽ  ഭരണം ആരംഭിച്ചത്. ചുമതലയേറ്റ് അഞ്ചുദിവസത്തിനുള്ളിൽത്തന്നെ ഹെയ്‌ഡ്രിച്ച് നൂറ്റി നാൽപ്പത്തി രണ്ടു പേരെ വകവരുത്തി. പ്രാദേശിക സർക്കാരിന്റെയും പ്രസിഡന്റ്‌ എമിൽ ഹാച്ചയുടെയും അധികാരങ്ങൾ ഇയാൾ അസാധുവാക്കി.

എതിർക്കുന്നവരുടെ നാടുകടത്തലും ഉന്മൂലനവും പ്രാഗിലുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിത്യേന അരങ്ങേറി. ഹിറ്റ്‌ലറുടെ അധിനിവേശത്തിനെതിരായി പ്രവർത്തിച്ച വ്യക്തികളും ഗ്രൂപ്പുകളും ഹെയ്‌ഡ്രിച്ചിന്റെ കഠിനമായ പീഡനങ്ങൾക്കിരയായി. ക്രൂരമായ പ്രവൃത്തികൾ മൂലം ഹെയ്‌ഡ്രിച്ചിനെ മാധ്യമങ്ങൾ 'പ്രാഗിലെ കശാപ്പുകാരൻ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ചെക്ക് സാംസ്‌കാരിക സംഘടനകളും ക്ലബ്ബുകളും ബുദ്ധിജീവികളുടെ കൂട്ടായ്‌മകളും ഹെയ്‌ഡ്രിച്ച് നിരോധിക്കുകയും സർഗാത്മക പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്‌തു. ജൂതരുടെ കച്ചവട സ്ഥാപനങ്ങളും സിനഗോഗുകളും അയാൾ തീയിട്ട് നശിപ്പിച്ചു.

ജൂതസമൂഹത്തിന്റെ വീടുകളിൽ നിന്നും സിനഗോഗുകളിൽ നിന്നും ലൈബ്രറികളിൽ നിന്നും ചരിത്ര ഗ്രന്ഥങ്ങളും പുരാതന രേഖകളും സാഹിത്യകൃതികളും നാസികൾ കണ്ടുകെട്ടുകയും ഇരുപതിനായിരം ജൂതരെ തടങ്കൽപ്പാളയങ്ങളിൽ അടയ്‌ക്കുകയും ചെയ്‌തു. പൊരുതിനിന്ന സംഘടനകളെ ഉന്മൂലനം ചെയ്‌തുകൊണ്ടിരുന്ന ഹെയ്‌ഡ്രിച്ചിനോട് ചെറുത്തുനിന്നത് കമ്യൂണിസ്റ്റുകാർ മാത്രമാണ്.

ഈ പ്രദേശത്തെ ഫാക്‌ടറികളും തൊഴിലിടങ്ങളും ഹെയ്‌ഡ്രിച്ചിന്റെ നേതൃത്വത്തിൽ നാസികൾ കയ്യടക്കി. തൊഴിൽ സമയം എട്ടു മണിക്കൂറിൽ നിന്ന്  പന്ത്രണ്ട് മണിക്കൂറായി ഉയർത്തുകയും കൂലി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. എഴുപത്തി ഒൻപതിനായിരം തൊഴിലാളികളെ  നാസി ജർമനിയിലേക്ക് അടിമപ്പണിക്കുവേണ്ടി ബലം പ്രയോഗിച്ച് ഹെയ്‌ഡ്രിച്ച് കയറ്റി അയച്ചു.

പണപ്പെരുപ്പവും ക്ഷാമവും ഈ പ്രദേശത്താകെ പടർന്നു. എതിർ ശബ്ദമുയർത്തുന്നവരെ നിഷ്‌ക്കരുണം കൊന്നുതള്ളിയ ഹെയ്‌ഡ്രിച്ച് ബൊഹേമിയയേയും മൊറാവിയേയും ഭയത്തിന്റെ കരിമ്പടംകൊണ്ടു മൂടി. 'വിദൂരമല്ലാത്ത ഭാവിയിൽ ഈ പ്രദേശത്തെ ഞാൻ ജർമനിയുടെ ഭാഗമാക്കും’‐ അയാൾ ഒരു മാനസിക രോഗിയെപ്പോലെ സ്വയം ആവർത്തിച്ചുകൊണ്ടിരുന്നു. 

എമിൽ ഹാച്ച

എമിൽ ഹാച്ച

ചെക്കോസ്ലോവാക്യൻ പ്രസിഡന്റായിരുന്ന എമിൽ ഹാച്ച പ്രാദേശിക സർക്കാരിന്റെ ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ചെക്കോസ്ലോവാക് മിലിട്ടറി ഇന്റലിജൻസ് വിഭാഗത്തെ ഹെയ്‌ഡ്രിച്ചിന്റെ ക്രൂരപ്രവൃത്തികൾ രഹസ്യമായി നിരന്തരം അറിയിച്ചുകൊണ്ടിരുന്നതിനെത്തുടർന്ന് 1941 ഒക്‌ടോബർ 3ന് ചെക്കോസ്ലോവാക് മിലിട്ടറി ഇന്റലിജൻസ് വിഭാഗം ലണ്ടനിൽ യോഗം ചേർന്ന് റെയ്ൻഹാർഡ് ഹെയ്‌ഡ്രിച്ചിന്റെ ക്രൂരതകൾ അവസാനിപ്പിക്കാനുള്ള ആലോചനകൾ തുടങ്ങി.

രണ്ടുനാൾ നീണ്ട ചർച്ചകൾക്കൊടുവിൽ അവർ ഹെയ്‌ഡ്രിച്ചിനെ വധിക്കാൻ തീരുമാനിച്ചു. ചെക്കോസ്ലോവാക് മിലിട്ടറി ആസ്ഥാനത്തേക്ക് രഹസ്യങ്ങൾ ചോർത്തിയതിന്റെ രേഖകൾ കൈവശപ്പെടുത്തിയ നാസികൾ പ്രസിഡന്റ്‌ എമിൽ ഹാച്ചയെ പ്രാഗിലെ പാൻക്രാക് ജയിലിലടയ്‌ക്കുകയും പിന്നീട്‌ അദ്ദേഹത്തെ ജയിലിൽവച്ച് വധിക്കുകയും ചെയ്‌തു.

ചെക്കോസ്ലോവാക് മിലിട്ടറി ഇന്റലിജൻസിന്റെ നിർദേശപ്രകാരം സൈനികരായ ജാൻ കുബിഷും ജോസെഫ് ഗാബിക്കും ജോസെഫ് വാലിക്കും അഡോൾഫ് ഒപാൽക്കയും കരേൽ ക്യുർഡയും ഹെയ്‌ഡ്രിച്ചിനെ വധിക്കാനുള്ള പരിശീലനം ബ്രിട്ടീഷ് അധികാരികളുടെ പിന്തുണയോടെ ലണ്ടനിൽ ആരംഭിച്ചു.

ഇവർ അഞ്ചുപേരും ചെക്കോസ്ലോവാക് മിലിട്ടറിയിലെ ഉയർന്ന റാങ്കിലുള്ള സൈനികരായിരുന്നു. മുപ്പതിൽ താഴെ മാത്രം പ്രായമുണ്ടായിരുന്ന ഈ സൈനികർ ചെക്ക്, സ്ലോവാക് പ്രദേശങ്ങളിൽ ജനിച്ചു വളർന്നവരായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഇവരുടെ പരിശീലനം.

ജാൻ കുബിഷും ജോസഫ് ഗാബിക്കും

ജാൻ കുബിഷും ജോസഫ് ഗാബിക്കും

ജാൻ കുബിഷും ജോസഫ് ഗാബിക്കും ജോസഫ് വാലിക്കും അഡോൾഫ് ഒപാൽക്കയും കരേൽ ക്യുർഡയും ഒന്നര മാസത്തെ പരിശീലനത്തിനുശേഷം ഒരു പാരച്യൂട്ടിൽ അതീവ രഹസ്യമായി 1941 ഡിസംബറിൽ ബൊഹേമിയയിൽ ഇറങ്ങി. ഈ പ്രദേശത്തെ ഫാസിസ്റ്റ് വിരുദ്ധരായ സുഹൃത്തുക്കളുടെ സഹായത്തോടെ ഹെയ്‌ഡ്രിച്ചിനെ വധിക്കാനുള്ള പദ്ധതിയുടെ രൂപരേഖ അവർ തയ്യാറാക്കി.

ചെക്കോസ്ലോവാക് മിലിട്ടറി ഈ പദ്ധതിക്ക്‌ പേര് നൽകിയിരുന്നത് 'ഓപറേഷൻ ആന്ത്രോപോയിഡ്’ എന്നായിരുന്നു. അഞ്ചര മാസത്തെ ആസൂത്രണങ്ങൾക്കൊടുവിൽ 1942 മെയ് 27ന് രാവിലെ പ്രാഗ് കോട്ടയിലെ ഓഫീസിലേക്കുള്ള യാത്രയിൽ ഹെയ്‌ഡ്രിച്ചിനെ വധിക്കാൻ ഈ മിലിട്ടറി സംഘം തീരുമാനിച്ചു.

ജോസഫ് ഗാബിക്ക് ഹെയ്‌ഡ്രിച്ചിനെ വെടിവയ്‌ക്കുന്നതിനും ജോസഫ് ഗാബിക്ക് ഗ്രനേഡ് എറിയുന്നതിനും ജോസഫ് വാലിക്കും അഡോൾഫ് ഒപാൽക്കയും കരേൽ ക്യുർഡയും തോക്കുകളുമായി കാവൽ നിൽക്കുന്നതിനുമുള്ള തീരുമാനമെടുത്ത്‌ മെയ് 27ന് രാവിലെ അഞ്ചുപേരും പ്രാഗ് കോട്ടയിലേക്കുള്ള വഴിയരികിൽ ഹെയ്‌ഡ്രിച്ചിന്റെ വരവും പ്രതീക്ഷിച്ച് നിലയുറപ്പിച്ചു.

അഡോൾഫ്‌ ഒപാൽക

അഡോൾഫ്‌ ഒപാൽക

കരേൽ ക്യൂർഡ

കരേൽ ക്യൂർഡ

ഉദ്വേഗജനകമായ നിമിഷങ്ങൾക്കൊടുവിൽ അംഗരക്ഷകരോടൊപ്പം ഹെയ്‌ഡ്രിച്ച് സഞ്ചരിച്ചിരുന്ന തുറന്ന മെഴ്‌സിഡസ് കാർ കൃത്യസമയത്തു തന്നെ ഇവരുടെ സമീപമെത്തിച്ചേർന്നു. കാറിനു മുന്നിലേക്ക്‌ ചാടിവീണ ജോസഫ് ഗാബിക്ക് കയ്യിൽ കരുതിയിരുന്ന തോക്കുകൊണ്ട്‌ ഹെയ്‌ഡ്രിച്ചിന്‌ നേരെ നിറയൊഴിച്ചു. പക്ഷേ തോക്കിന്റെ കാഞ്ചി പ്രവർത്തിച്ചില്ല. അംഗരക്ഷകർ കാറിൽനിന്ന് ആയുധങ്ങളുമായി ചാടിയിറങ്ങി.

സമയോചിതമായി പ്രതികരിച്ച ജാൻ കുബിഷ് കാറിലേക്ക് ഗ്രനേഡ് വലിച്ചെറിഞ്ഞു. അവിടെ നടന്ന വെടിവയ്‌പ്പിനും ഏറ്റുമുട്ടലിനുമിടയിൽ ഏഴുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പോരാളികളായ അഞ്ചുപേരും സംഭവസ്ഥലത്തുനിന്നു തന്ത്രപരമായി  രക്ഷപ്പെട്ടു.  ജാൻ കുബിഷും ജോസഫ് ഗാബിക്കും സുഹൃത്തുക്കളും ദൗത്യം പരാജയപ്പെട്ടതിലുള്ള നിരാശയിൽ ഒളിവിൽ കഴിയവേ 1942 ജൂൺ 4ന് അവരെത്തേടി ഒരു സന്തോഷവാർത്തയെത്തി.

ജാൻ കുബിഷ് എറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച്‌ മാരകമായി പരിക്കേറ്റിരുന്ന രക്തദാഹി റെയ്‌ൻഹാർഡ് ഹെയ്‌ഡ്രിച്ച് ആശുപത്രിയിൽ മരിച്ച വാർത്തയായിരുന്നു അത്.

മരണവാർത്ത അറിഞ്ഞ ഹിറ്റ്‌ലറും നാസി തലവന്മാരും പ്രാഗിലേക്ക് പാഞ്ഞെത്തി. ഹിറ്റ്‌ലറാണ് സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

മരണവാർത്ത അറിഞ്ഞ ഹിറ്റ്‌ലറും നാസി തലവന്മാരും പ്രാഗിലേക്ക് പാഞ്ഞെത്തി. ഹിറ്റ്‌ലറാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. സംസ്കാരത്തിന് ശേഷം ശ്‌മശാനത്തിൽ നിന്നുകൊണ്ടായിരുന്നു ഹിറ്റ്‌ലർ ലിഡിസ് ഗ്രാമത്തെയും അവിടെയുള്ള  മനുഷ്യരെയും ഉന്മൂലനം ചെയ്യാനുള്ള ഉത്തരവിറക്കിയത്‌. 'രണ്ട് പകലുകൾക്കും രാവുകൾക്കുമപ്പുറം ലിഡിസ് എന്ന ഗ്രാമവും അവിടെയുള്ള മനുഷ്യരും ജീവജാലങ്ങളും ഈ ഭൂമിയിൽ അവശേഷിക്കരുത്’‐  ഇതായിരുന്നു ഹിറ്റ്‌ലറുടെ ഉത്തരവിലെ പ്രധാന നിർദേശം.

റെയ്‌ൻഹാർഡ് ഹെയ്ഡ്രിച്ചിന്റെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ തകർന്ന കാർ

റെയ്‌ൻഹാർഡ് ഹെയ്ഡ്രിച്ചിന്റെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ തകർന്ന കാർ

ഹെയ്‌ഡ്രിച്ചിനെ വധിച്ച സൈനികർക്ക് അഭയം നൽകിയത് ലിഡിസ് ഗ്രാമവാസികളാണെന്ന ഗസ്റ്റപ്പോയുടെ തെറ്റായ നിഗമനങ്ങളായിരുന്നു ഈ ഉത്തരവിന്‌ പിന്നിൽ. ലിഡിസ് ഗ്രാമത്തിലെ ഒരു പൗരൻ ചെക്കോസ്ലോവാക് മിലിട്ടറിയിലെ സൈനികനായിരുന്നു എന്ന കാരണത്താൽ വിശദമായ അന്വേഷണത്തിന്‌ മുതിരാതെ ലിഡിസ് ഗ്രാമത്തെക്കുറിച്ച് നാസികൾക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഹിറ്റ്‌ലറുടെ ഉത്തരവ്.  

ഹിറ്റ്‌ലറുടെ ഉത്തരവിനെത്തുടർന്ന് ജർമനിയിൽനിന്ന് പടക്കോപ്പുകളുമായി നാസി സൈന്യത്തിന്റെ നിരവധി ബറ്റാലിയനുകൾ ലിഡിസിലേക്ക് ഇരമ്പിയെത്തി. ലിഡിസും ലെസാക്കിയുമുൾപ്പെടെയുള്ള ഗ്രാമങ്ങളിലും പ്രാഗ് ഉൾപ്പെടെയുള്ള നഗരങ്ങളിലും ഹെയ്‌ഡ്രിച്ചിന്റെ ഘാതകരായ പോരാളികൾക്ക് വേണ്ടിയുള്ള അന്വേഷണമാരംഭിച്ചു. ലിഡിസിലെ വീടുകൾ നാസികൾ അരിച്ചുപെറുക്കി. ഓരോ മണിക്കൂറിലെയും സ്ഥിതിഗതികൾ ഹിറ്റ്‌ലർ അന്വേഷിച്ചുകൊണ്ടിരുന്നു.

ഫലം നിരാശയായിരുന്നു. അറുനൂറിൽ താഴെയായിരുന്നു ലിഡിസ് ഗ്രാമത്തിലെ ജനസംഖ്യ. ഹെയ്‌ഡ്രിച്ചിന്റെ കൊല നടന്നതിന്റെ ആറാം ദിവസം 1942 ജൂൺ 10ന് ലിഡിസിലെ നൂറ്റി എഴുപത്തി മൂന്ന്‌ പുരുഷന്മാരെ നാസികൾ സെന്റ്‌  മാർട്ടിൻസ് പള്ളിയങ്കണത്തിലേക്ക്‌ വിളിച്ചുവരുത്തി വെടിവച്ചു കൊന്നു. പതിനാറ്‌ വയസ്സിന്‌ മുകളിലുള്ളവരെയായിരുന്നു നാസികൾ പള്ളിമുറ്റത്ത് കൊന്നുതള്ളിയത്.

ഗ്രാമത്തിന് പുറത്തുപോയിരുന്നവരെയും ഗസ്റ്റപ്പോകൾ പിന്നീട് തേടിപ്പിടിച്ചു വകവരുത്തി. അവശേഷിച്ച  മുന്നൂറ്റി ഏഴു പേരെ ഗ്രാമത്തിന്‌ പുറത്തുള്ള ഒരു സ്‌കൂളിൽ ആരംഭിച്ച താൽക്കാലിക തടങ്കൽ പാളയത്തിലേക്ക് മാറ്റി. സ്‌ത്രീകളും കുട്ടികളുമായിരുന്നു അവർ. നാസികളെ ചോദ്യം ചെയ്‌ത അറുപതു സ്‌ത്രീകളെ അവർ തടങ്കൽ പാളയത്തിൽ വച്ചുതന്നെ വധിച്ചു.

1942ൽ ചെക്കോസ്ലോവാക്യയിലെ ലിഡിസിൽ നാസിപ്പട കൂട്ടക്കൊല ചെയ്‌തവരുടെ മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നു

1942ൽ ചെക്കോസ്ലോവാക്യയിലെ ലിഡിസിൽ നാസിപ്പട കൂട്ടക്കൊല ചെയ്‌തവരുടെ മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നു

അവശേഷിച്ച സ്‌ത്രീകളെയും കുട്ടികളെയും കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് മാറ്റിയതിനുശേഷം നാസികൾ സെന്റ്‌  മാർട്ടിൻസ് പള്ളി തകർക്കുകയും പുരോഹിതനായ ജോസഫ് സ്റ്റെംബെർക്കയെയും പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്നവരെയും കൊലപ്പെടുത്തി. ഗ്രാമത്തിലെ കൃഷിയിടങ്ങളും വയലുകളും ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ കെട്ടിടാവശിഷ്ടങ്ങൾ കൊണ്ടു മൂടി.

ലിഡിസിലെ വീടുകളും സ്‌കൂളും ആരാധനാലയവും മറ്റു കെട്ടിടങ്ങളും ശ്‌മശാനവും തകർത്തതിനുശേഷം ലിഡിസ് ഗ്രാമം അഗ്നിക്കിരയാക്കി. ശ്‌മശാനത്തിൽ സംസ്‌കരിച്ചിരുന്ന മൃതദേഹങ്ങളും അസ്ഥികൂടങ്ങളും പുറത്തെടുത്തു നാസികൾ ആളിക്കത്തുന്ന തീയിലേക്ക് വലിച്ചെറിഞ്ഞു. വളർത്തുമൃഗങ്ങളെ പെട്രോളൊഴിച്ച് കത്തിക്കുകയും ലിഡിസിലെ മരങ്ങൾ പൂർണമായും മുറിച്ച്‌ തീയിടുകയും ചെയ്‌തു.

തരിശുഭൂമിയായി മാറിയ ലിഡിസ് ഗ്രാമം ദിവസങ്ങളോളം നിന്നു കത്തിയതിനു ശേഷം ഭൂമിയിൽനിന്നു മാഞ്ഞില്ലാതായി. ഹിറ്റ്‌ലറുടെ പട്ടാളക്കാർ ലിഡിസിലെ അവശേഷിച്ച സ്‌ത്രീകളെയും കുട്ടികളെയും താമസിപ്പിച്ചിരുന്ന ക്യാമ്പിലേക്കെത്തി. അവരുടെ അംഗസംഖ്യ ഇരുന്നൂറ്റി അൻപതിൽ താഴെയായിരുന്നു. അവരിൽ 99 പേർ കുട്ടികളും ബാക്കി സ്‌ത്രീകളുമായിരുന്നു.

നാസികൾ കുട്ടികളെ അമ്മമാരിൽനിന്നു ബലമായി വേർപെടുത്തിയതിനുശേഷം സ്‌ത്രീകളെ റാവൻസ്‌ബ്രുക്ക് കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോയി. അമ്മമാരെ പിരിഞ്ഞ കുട്ടികൾ കരഞ്ഞു തളർന്ന് മൂന്നാഴ്‌ച അവിടെത്തന്നെ തുടർന്നു. ചെൽനോയിലെ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് കുട്ടികളെ മാറ്റാനുള്ള ഹിറ്റ്‌ലറുടെ ഉത്തരവ്‌ വന്നു.

നാസി കൂട്ടക്കൊലയുടെ ഓർമയ്‌ക്കായി സ്ഥാപിച്ച ലിഡിസ്‌ മ്യൂസിയത്തിലെ കുട്ടികളുടെ ശിൽപ്പസമുച്ചയം

നാസി കൂട്ടക്കൊലയുടെ ഓർമയ്‌ക്കായി സ്ഥാപിച്ച ലിഡിസ്‌ മ്യൂസിയത്തിലെ കുട്ടികളുടെ ശിൽപ്പസമുച്ചയം

ജർമൻ പൗരന്മാരാക്കി മാറ്റിത്തീർക്കാൻ യോഗ്യതയുള്ള മുടിയും കണ്ണുകളും നിറവുമുള്ളവരെന്ന് നാസികൾ കണക്കാക്കിയ 17 കുട്ടികളെ ഒഴിച്ച് ബാക്കിയുള്ള 82 പേരോടും വീടുകളിലേക്ക് തിരിച്ചുപോകുന്നതിനുവേണ്ടി കുളിച്ച് റെഡിയാകാൻ പട്ടാളക്കാർ ആവശ്യപ്പെട്ടു. അവരിൽ നാൽപ്പത്തി രണ്ട് പേർ പെൺകുട്ടികളും നാൽപ്പതു പേർ ആൺകുട്ടികളുമായിരുന്നു. ഒരു വയസ്സിനും പതിനാറു വയസ്സിനുമിടയിലായിരുന്നു അവരുടെ പ്രായം.

ചെറിയ കുഞ്ഞുങ്ങളെ കുളിപ്പിച്ചതിനു ശേഷം മുതിർന്നവരും കുളിച്ച്‌ റെഡിയായി. വീട്ടിലേക്ക് പോകാനുള്ള സന്തോഷത്തോടെ അവർ നാസികൾക്കു മുമ്പിൽ ഹാജരായി. പിഞ്ചുകുഞ്ഞുങ്ങളെ മുതിർന്ന കുട്ടികൾ എടുത്തിരുന്നു. പ്രത്യേകതയുള്ള മൂടിക്കെട്ടിയ ഒരു വലിയ ട്രക്ക് ക്യാമ്പിന്‌ മുന്നിലെത്തി.

നാസി പട്ടാളത്തിന്റെ നിർദേശപ്രകാരം പിഞ്ചുകുഞ്ഞുങ്ങളെ എടുത്തിരുന്നവർ ആദ്യം ട്രക്കിലേക്ക് കയറി, പിന്നാലെ ചെറിയ കുഞ്ഞുങ്ങൾ; അവസാനം മുതിർന്നവരും. ട്രക്കിന്റെ വാതിലടഞ്ഞു. ട്രക്ക് മെല്ലെ നീങ്ങി. അതിനുള്ളിൽ വെളിച്ചമില്ലായിരുന്നു. കുറച്ചുദൂരം ഓടിയതിനുശേഷം ട്രക്ക് നിന്നു. ഇരുട്ടിൽ പേടിച്ചരണ്ട കുട്ടികൾ വാവിട്ട് കരഞ്ഞു. മുതിർന്നവർ നിശ്ശബ്ദരായിരുന്നു.

ട്രക്ക് സഞ്ചരിക്കുന്ന ഒരു ഗ്യാസ് ചേംബറായിരുന്നു. ട്രക്കിലേക്ക് നാസി പട്ടാളക്കാർ നിരവധി പൈപ്പുകൾ ഘടിപ്പിച്ചു. തുടർന്ന് ചില യന്ത്രങ്ങൾ പ്രവർത്തിക്കുന്ന ശബ്ദമിരമ്പി. വിഷവാതകം ട്രക്കിനകത്തേക്ക് ശക്തിയായി പ്രവഹിച്ചു. എട്ട്‌ മിനിറ്റുകൊണ്ട് അവർ 82 പേരും ട്രക്കിനുള്ളിൽ പിടഞ്ഞൊടുങ്ങി. ലിഡിസ് ഗ്രാമത്തിൽ നിന്നു കസ്റ്റഡിയിലെടുത്ത കുട്ടികളെ വിവിധ സ്‌കൂളുകളിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു നാസികൾ പുറത്തുവിട്ട വാർത്ത.

 

ദേശാഭിമാനി വാരികയിൽ നിന്ന്

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top