08 September Sunday

വൈപ്പിനിലെ പകർന്നാട്ടക്കാരൻ

എം കെ ബിജു മുഹമ്മദ് bijumuhammedkarunagappally@gmail.comUpdated: Monday Jul 15, 2024

വൈപ്പിൻകരയിൽ സ്വകാര്യ ഞണ്ട് സംസ്കരണ കമ്പനിയിൽ തൊഴിലാളിയായും അവിടെ തൊഴിലില്ലാത്തപ്പോൾ നായരമ്പലത്ത് ഓട്ടോ ഓടിച്ചും നടന്ന ഗിരീഷ് രവി കേരള സംഗീത നാടക അക്കാദമി തൃശൂർ കെ ടി മുഹമ്മദ് സ്മാരക റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച  ഈ വർഷത്തെ സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിലെ ഏറ്റവും മികച്ച നടൻ. കഴിഞ്ഞ വർഷം വൈപ്പിൻകരയിലേക്ക് ഗിരീഷിന്റെ സുഹൃത്ത് ബിജു ദയാനന്ദനായിരുന്നു മികച്ച നടനുള്ള അവാർഡ് കൊണ്ടുവന്നത്. 

കാഞ്ഞിരപ്പള്ളി അമലയുടെ ശാന്തം നാടകത്തിലെ നാല്‌ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചതിന്റെ അംഗീകാരമാണ് ഗിരീഷ് രവിയെ തേടിയെത്തിയത്. പരശുരാമൻ എന്ന എഴുപതുകാരൻ, സഹീർ അലി എന്ന 35 വയസ്സുള്ള പൊലീസുകാരൻ, എഴുപത്തഞ്ചുകാരനായ അച്ചുതൻവക്കീൽ,  കൂടാതെ മറ്റൊരു കഥാപാത്രമായ നമ്പൂതിരി എന്നീ വേഷങ്ങൾ. ഈ നാടകം സംവിധാനം ചെയ്ത രാജേഷ് ഇരുളം മികച്ച സംവിധായകനായും നാടക രചന നിർവഹിച്ച ഹേമന്ദ് കുമാർ മികച്ച രണ്ടാമത്തെ രചയിതാവായും അവാർഡ് നേടി.

പാട്ടുപാടി അഭിനയത്തിലേക്ക്

നായരമ്പലം ചുള്ളിപറമ്പിൽ രവിന്ദ്രൻ, അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ നാലാമനായ ഗിരീഷ് പാട്ടുകൾ പാടി അഭിനയത്തിലേക്ക് നാന്ദി കുറിച്ച പ്രതിഭയാണ്. ഏത് സ്റ്റേജ് കണ്ടാലും കയറി പാട്ടുപാടി നടന്ന സ്കൂൾ കാലം ഗിരീഷിനുണ്ടായിരുന്നു. ഓച്ചം തുരുത്ത് സാന്റാ ക്രൂസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അമെച്വർ നാടകത്തിൽ അഭിനയിച്ച് ആദ്യ ചുവടുവച്ചു. പത്താം ക്ലാസിൽ സ്കൂൾ കലോത്സവത്തിൽ ഏറ്റവും നല്ല നടനുള്ള സമ്മാനം കിട്ടി. മുതിർന്നപ്പോൾ നാടകം തട്ടകമായി ഗിരീഷ് തീരുമാനിച്ചു. ആദ്യം എത്തിയ പ്രൊഫഷണൽ നാടക ട്രൂപ്പ് ആലുവ രചനയായിരുന്നു. മാനവം എന്ന നാടകത്തിൽ.

തുടർന്ന് കൊച്ചിൻ കലാകേന്ദ്രത്തിന്റെ അനിയൻ പനയ്ക്കൽ എഴുതിയ ഭാരതവർഷം നാടകത്തിൽ അഭിനയിച്ചു. ആലുവ പ്രതീക്ഷയിലും കൊച്ചിൻ സിദ്ധാർഥയുടെ ദൈവം കോപിക്കാറില്ല, ഇവൾ എന്റെ മണവാട്ടി , ഗൃഹനാഥന്റെ സ്വപ്നങ്ങൾ, അപ്പുപ്പന് നൂറ് വയസ്സ്, മഴവിൽ കിനാക്കൾ എന്നീ നാടകങ്ങളിലും നടൻ സലിം കുമാറിന്റെ സമിതിയായ കൊച്ചിൻ ആരതിയുടെ അമ്മ തറവാട്, ദുബായ് കത്ത്, അവൻ അടുക്കളയിലേക്ക്, ഉണ്ണി സത്താറിന്റെ കൊച്ചിൻ നാട്യഗൃഹത്തിലെ മഴപ്പൊട്ടൻ, അമ്മ നക്ഷത്രം, വള്ളുവനാട് ഭീഷ്മയുടെ സാമൂഹ്യപാഠം, പാലാ കമ്യൂണിക്കേഷൻസിന്റെ ഫെയ്‌സ്ബുക്കിൽ കണ്ട മുഖം, വള്ളുവനാട് കൃഷ്ണാ കലാനിലയത്തിന്റെ വെയിൽ, ചില നേരങ്ങളിൽ ചിലർ എന്നീ നാടകങ്ങളിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

കഴിഞ്ഞ വർഷം കാഞ്ഞിരപ്പള്ളി അമലയുടെ  കടലാസിലെ ആനയിലും ഈ വർഷം ഇപ്പോൾ അവാർഡ് ലഭിച്ച ശാന്തത്തിലും പ്രേക്ഷകരുടെ ഹൃദയം കവരുന്ന വേഷങ്ങളാണ് ഗിരീഷ് അരങ്ങിൽ എത്തിച്ചത്. പ്രായം ചെന്ന കഥാപാത്രങ്ങൾ ഫലപ്രദമായി അഭിനയിക്കാനുള്ള ഗിരീഷിന്റെ കഴിവ് ഏറെ പ്രശംസ പിടിച്ചുപറ്റി.

ഛോട്ടാ മുംബൈ, പുതിയ തീരങ്ങൾ, വീരപുത്രൻ, വെടിക്കെട്ട് എന്നീ നാല് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അരങ്ങിലെയും ജീവിതത്തിലെയും പകർന്നാട്ടങ്ങൾക്ക് ഭാര്യ സിജി, മക്കൾ ലക്ഷമി, പാർവതി എന്നിവർ പ്രോത്സാഹനത്തിന്റെ ഫസ്റ്റ് ബെൽ മുഴക്കി ഒപ്പമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top