ചില ചുമർച്ചിത്രങ്ങളിൽ ശിവനെ ചിത്രീകരിക്കുമ്പോൾ ഒരു വിസ്മയം കാണാം. നൃത്തം ചെയ്യുന്ന ശിവനൊപ്പം നൃത്തം കാണുന്നവർക്കിടയിലും ഒരു ശിവനെ കാണാം. സ്വയം നാട്യമൂർത്തിയായും പ്രകർഷത്തോടെ നാട്യം ആസ്വദിക്കുന്നവനായും മാറുന്ന ശിവദർശനം കേരളത്തിലെ നാട്യകലകളുടെ സൗന്ദര്യമർമമാണ്. മത്തവിലാസത്തിലെ 'നിഷ്‌പ്രതിബദ്ധബോധമഹിമായഃപ്രേക്ഷകശ്ചസ്വയം’ എന്ന ഈ സൗന്ദര്യബോധം ഉൾക്കൊള്ളുന്ന ആധുനിക കലാകാരിയാണ് കപില വേണു.
കൂടിയാട്ടത്തിന്റെ സമൃദ്ധ പാരമ്പര്യത്തെ ആഴത്തിലുൾക്കൊണ്ട് നവീനതയെ ആശ്ലേഷിക്കുന്ന കപിലയുടെ കലാവിഷ്കാരവും കലാനിരീക്ഷണവും കൂടിയാട്ടത്തിന്റെയും കേരളീയ കലകളുടെയും സമകാലത്തെയും ഭാവിയേയുംകുറിച്ച് വ്യക്തത നൽകുന്നു. കപിലയുമായി നടന്ന കലാസംഭാഷണം കൂടിയാട്ടത്തിനെ സമഗ്രമായും സ്ത്രീകഥാപാത്രങ്ങളെ വിശേഷിച്ചും മുൻനിർത്തിനടന്ന നിരീക്ഷണങ്ങളുൾക്കൊള്ളുന്നുണ്ട്. അതിലപ്പുറം കേരളീയകലകളുടെ അവതരണത്തിലും കാഴ്ചയിലുമുള്ള പുതിയ നോട്ടങ്ങളും ഈ ചർച്ച പങ്കുവെക്കുന്നു.
ശ്രീചിത്രൻ : കപിലയുടെ അഭിരുചികൾ ഒരുപാടാണെന്നെനിക്കറിയാം.നാടക വേദികളിലും കഥകളിയിലും നാടൻകലകളുടെ വേദിയിലും സിനിമകൾക്ക് മുന്നിലുമെല്ലാം കപിലയെ കണ്ടിട്ടുണ്ട്. സമകാലീനകലയുടെ രംഗത്ത് നിൽക്കുകയും ഒപ്പം സവിശേഷമായ, അനേകം ആന്തരികസംഘർഷങ്ങളുള്ള, എന്നാൽ അതേ സമയം സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഒരുകലാരൂപത്തിൽ ഉറച്ചുനിൽക്കുകയും കപില ചെയ്തിട്ടുണ്ട്. എങ്ങിനെയായിരുന്നു ആ സംഘർഷങ്ങളുടെ ആ യാത്ര? ചെറുപ്പത്തിൽ ഈ സംഘർഷം തീവ്രമായി അനുഭവപ്പെട്ടിട്ടുണ്ടോ? എങ്ങനെയാണ് പിന്നീടതിൽ വ്യക്തത വരുത്തിയത്?
കപില : ഈ സംഘർഷം ആദ്യകാലംമുതൽക്കേ ഉണ്ടായിരുന്നു എനിക്ക്. ഞാൻ വളർന്ന സാഹചര്യവും എന്റെ കുടുംബത്തിലെ സാഹചര്യവും വിദ്യാഭ്യാസം കിട്ടിയ സാഹചര്യവുമെല്ലാം ഒട്ടും യാഥാസ്ഥിതികമല്ലാത്ത ഒന്നാണ്. പക്ഷേ അഭ്യസിക്കുന്ന കലയാകട്ടെ കുറെ തീർപ്പുകളിൽ പൊതിഞ്ഞുവച്ചിട്ടുള്ള ഒരുസ്വത്താണ്.
അമ്മന്നൂർ ആശാന്റെയടുത്തും പിന്നീട് ഉഷച്ചേച്ചിയുടെയടുത്തും (ഉഷ നങ്ങ്യാർ ) അതിനുശേഷം അച്ഛന്റെയടുത്തും (വേണുജി) അഭ്യസിക്കാനുള്ള ഭാഗ്യം കിട്ടി. തുടർന്നുള്ളതിനെല്ലാം മേൽനോട്ടം വഹിച്ച് അച്ഛനാണ് എന്റെ സൗന്ദര്യബോധത്തെ രൂപപ്പെടുത്തിയെടുക്കുന്നത്.
ആദ്യംമുതൽക്കേ ഞാൻ മനസ്സിലാക്കിയിട്ടുള്ള ഒരുകാര്യം, ഈ കലയും അതിന്റെയൊരു പാശ്ചാത്തലവും നമ്മൾ കൂട്ടിയിണക്കിക്കാണുകതന്നെവേണം. എങ്കിലും ഒരുപരിധി കഴിയുമ്പോൾ നമുക്ക് ആ ഒരുവേർതിരിവ് വരുത്താൻ കഴിയണം എന്നുളളതാണ് ഞാൻ മനസ്സിലാക്കുന്നത്.
നമ്മുടെ വ്യക്തിപരമായ രാഷ്ട്രീയം, നമ്മുടെ മൂല്യങ്ങൾ, ജന്ററിനെക്കുറിച്ചും വംശീയതയെക്കുറിച്ചുമുള്ള ചിന്തകൾ എന്നിവയും അരങ്ങത്തുള്ള വ്യവസ്ഥകളും ഇപ്പോഴും ഒരുസംഘർഷത്തിൽ തന്നെയാണ് നിൽക്കുന്നത്. അതായത് പാരമ്പര്യത്തിനെ സമകാലീനമായി നിലനിർത്തണമെങ്കിൽ മാറിവരുന്ന ഈ മൂല്യവ്യവസ്ഥക്കനുസരിച്ച് കല പതുക്കെ പുതിയകാര്യങ്ങൾ സ്വാംശീകരിക്കേണ്ടതുണ്ട്. അത്തരം മാറ്റങ്ങൾ നമ്മൾ തന്നെ വരുത്തണം.
എന്റെയൊക്കെ ഒരു തലമുറക്ക് ഒരുഭാരം ഉണ്ട്. ഞങ്ങൾക്ക് ഒരു ചെറിയ പരിവർത്തനം വരുത്തണമെങ്കിൽപ്പോലും ഒരുപാട് കുറ്റബോധം, ഒരുപാട് സമ്മർദ്ദങ്ങൾ എല്ലാം ഉണ്ട്. മുൻതലമുറയോടുളള വിധേയത്വം എപ്പോഴും ഞങ്ങളുടെ ഉള്ളിലുണ്ട്. ഞാൻ വിചാരിക്കുന്നത് അടുത്ത തലമുറയ്ക്കെങ്കിലും ആ വിധേയത്വം നല്ലവണ്ണം കുറച്ചിട്ട് സ്വതന്ത്രരായി അവരെ അഭ്യസിപ്പിച്ച് വിടണം എന്നാണ്. ഈ സംഘർഷം തുടക്കംമുതലേ എന്നിലുണ്ട്. ഞാനെപ്പോഴും അതിനെ ചോദ്യം ചെയ്യുന്നുമുണ്ട്. ഇപ്പോൾ ഈ നാൽപ്പതുകളിൽ ഒക്കെ ആയപ്പോഴാണ് എനിക്കെന്റെ സ്വരം കേൾക്കാറായത്.
ശ്രീചിത്രൻ : ചെറുപ്പത്തിൽ തന്നെ, സാധാരണ കൂടിയാട്ടം പഠിക്കാനായി വരുന്ന കുട്ടികളെപ്പോലെ വന്ന ഒരാളല്ലല്ലോ കപില. ജനിക്കുമ്പോൾ തന്നെ ആ ഒരുഅന്തരീക്ഷമുണ്ട്. അങ്ങനെയൊരന്തരീക്ഷത്തിൽ ജനിച്ചു വളർന്ന കുട്ടിക്ക് എന്തെങ്കിലും നേട്ടങ്ങളോ മുൻതൂക്കങ്ങളോ ഉള്ളതായിട്ട് തോന്നിയിട്ടുണ്ടോ? അല്ലാത്തൊരുപരിസരത്തിൽ നിന്ന് വരുന്ന കുട്ടിക്ക് ഈ കലയെ ഉൾക്കൊള്ളാൻ എടുക്കേണ്ടിവരുന്ന സമയമൊന്നും വേണ്ടിവരില്ല എന്ന മുൻതൂക്കം ഗുണപരമായി കരുതാം. എന്നാൽ മുൻധാരണകളുടെ, കപില പറഞ്ഞ ഭാരങ്ങൾ ഉൾപ്പെടെയുള്ള ചില പിൻതൂക്കങ്ങളും ഉണ്ടെന്നു പറയാം.
കപില : അത് യഥാർഥത്തിൽ സ്വാഭാവികമാണ് എന്നാണെനിക്ക് തോന്നുന്നത്. അതെന്തെങ്കിലും പ്രത്യേക ഗുണമെനിക്കുണ്ടാക്കിയതായി തോന്നിയിട്ടില്ല. എനിക്ക് ആറ് മാസം പ്രായമുള്ളപ്പോൾ തൊട്ട് അച്ഛനുമമ്മയുമെന്നെ കൂടിയാട്ടം കാണാൻ കൊണ്ടുപോയി. ആ ഒരുസാഹചര്യത്തിലാണ് ഞാൻ വളർന്നത്. അത് ചെറുപ്പംമുതലേ കണ്ട് ഇഷ്ടപ്പെട്ടും ചിലപ്പോൾ ഇഷ്ടപ്പെടാതെയും പഠിച്ചിട്ടുണ്ട്. ഒരു സ്വയം തെരഞ്ഞെടുപ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. ചില സമയത്ത് അക്കാര്യങ്ങൾക്ക് ഒരുപ്രാധാന്യവും എനിക്ക് തോന്നിയിട്ടില്ല. ഈ കലയുമായി ഒരു ബന്ധവുമില്ലാതെ, ഏതെങ്കിലുമൊരു സ്ഥലത്തു നിന്ന്, ചിലപ്പോൾ ബംഗളൂരുവിൽ നിന്നോ ഡൽഹിയിൽനിന്നോ വരുന്ന ഒരാൾക്ക് വേറൊരുതരം ആവേശവും പുതുമയുമുണ്ടാകാം. ആ നവോൻമേഷത്തിൽനിന്നും നോക്കുമ്പോൾ ഒരാൾക്ക് യഥാർഥത്തിൽ നമ്മൾ കാണാത്ത പലതും കാണാൻ പറ്റും. അതിനാൽ ഒന്ന് മറ്റേതിൽനിന്ന് കൂടുതൽ നല്ലതാണെന്ന് പറയാനാകില്ല.
ശ്രീചിത്രൻ : ഒരുകാലത്ത് ഇഷ്ടമില്ലാതെ പഠിക്കലും ഇഷ്ടപ്പെട്ട് പഠിക്കലും എല്ലാമുണ്ടായിട്ടുണ്ടെന്ന് കപില പറഞ്ഞല്ലോ. നമ്മുടെ ടീനേജ് എന്നുപറയുന്ന കാലത്ത് സാധാരണ നമ്മുടെ തലമുറയിലെ കുട്ടികൾക്ക് കിട്ടുന്ന പലകാര്യങ്ങളും കപിലയ്ക്ക് കിട്ടിയിട്ടില്ലെന്ന് പറയാം, ഉദാഹരണത്തിന് കോളേജ് ജീവിതം അല്ലെങ്കിൽ കൗമാരക്കാർ സാധാരണനിലയ്ക്ക് ഒരുതുറന്ന ലോകത്തിൽ അനുഭവിച്ചുവരുന്ന സന്തോഷങ്ങൾ കപിലയ്ക്ക് കിട്ടിയിട്ടില്ല. സത്യത്തിൽ അത് വെറും സന്തോഷങ്ങൾ അല്ലല്ലോ. മുഴുവൻ ജീവിതത്തിന്റെയും അനുഭവങ്ങളല്ലേ? ആ കാലത്ത് നഷ്ടബോധം തോന്നിയിട്ടുണ്ടോ ? അതോ അതിനെ വളരെ ഇഷ്ടത്തോടുകൂടി സ്വയം തീരുമാനിച്ചു എന്ന നിലക്ക് അതൊരു വിഷയമല്ല എന്ന് കരുതുകയാണോ ചെയ്തത് ?
കപില : കോളേജിൽ പോകാതെ, കല അഭ്യസിക്കാൻ സമയം മാറ്റി വെക്കാം എന്നത് ഞാൻ വളരെ ഇഷ്ടപ്പെട്ട് ആഗ്രഹിച്ച് എടുത്ത തീരുമാനമാണ്. എങ്കിലും കുറച്ചു കാലം കഴിഞ്ഞപ്പോൾ അതിന്റെ നഷ്ടബോധം എനിക്ക് അനുഭവപ്പെടുക തന്നെ ചെയ്തു. ഒരുകോളേജിലാണ് നമ്മൾ രാഷ്ട്രീയമായി രൂപപ്പെടുന്നത്. നമ്മുടെ ഒരുപാട് കാര്യങ്ങൾ ആ സമയത്തെ സമപ്രായക്കാരുടെ സമ്പർക്കം കൊണ്ടായിരിക്കാം ഉണ്ടാകുന്നത്. കോളേജിൽ പോേകണ്ടെന്ന് തീരുമാനിച്ച് അഭ്യാസം തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഏകാന്തത അനുഭവപ്പെട്ടു തുടങ്ങി.
ഞാൻ ലോറൻസ് സ്കൂളിൽ പഠിച്ചിട്ട് അവിടെയൊരു സാമൂഹികജീവിതം അനുഭവിച്ചു കഴിഞ്ഞിട്ട് ഇവിടെ വന്നപ്പോൾ ഒറ്റപ്പെട്ട് പോയപോലെ തോന്നി. നാട്ടുകാരുമായി വലിയ ബന്ധമുണ്ടാകാത്ത ഒരുസാഹചര്യമായിരുന്നു. അങ്ങനെ ആ ഒറ്റപ്പെടൽ ഞാൻ കുറച്ചു കാലം അനുഭവിച്ചു. പിന്നെ കുറച്ചുകാലം കഴിഞ്ഞപ്പോൾ സ്വയം തീരുമാനമെടുത്ത് സൗഹൃദങ്ങളുണ്ടാക്കിയെടുക്കുകയാണുണ്ടായത്. ആ സൗഹൃദങ്ങൾ തൊണ്ണൂറ് ശതമാനവും കലാമേഖലയിൽനിന്നും നാടകത്തിൽനിന്നും എഴുത്തുകാരിൽ നിന്നൊക്കെയായിരുന്നു. അങ്ങിനെയാണ് എനിക്കൊരു സൗഹൃദവലയമുണ്ടാകുന്നത്.
ശ്രീചിത്രൻ : സ്വയം അന്തർമുഖരാണെന്നോ മറ്റോ ഉള്ള ചില അപകർഷതകൾ ചില കലാകാരന്മാർ അഭിമുഖീകരിക്കുന്നതു കണ്ടിട്ടുണ്ട്. അഭ്യസനകാലത്ത് അത് ചിലപ്പോൾ സ്വന്തം കലക്ക് ഗുണകരമായിട്ടുണ്ടാകും, അതിലേക്ക് മാത്രം ഒതുങ്ങിനിൽക്കാൻ. പക്ഷേ പിന്നീടത് കടുത്ത നഷ്ടബോധമായും മാറാം. വേണ്ടത്ര സമപ്രായ സൗഹൃദത്തെയും അതിന്റെ അനുഭവങ്ങളെയും ഉണ്ടാവാതെപോയ തനിക്ക് അതിന് സാധ്യമല്ല എന്ന തോന്നൽ. നാൽപ്പതുകളിൽ നിൽക്കുമ്പോൾ നമുക്ക് കുറച്ചുകൂടി നാട്യധർമിതയുളള അകലം വെച്ചു കൊണ്ട് ചെറുപ്പത്തെ കാണാൻ പറ്റുമല്ലോ. ആ ഒരുകാലം പിന്നിട്ടു പോന്നതുകൊണ്ട്. ഇന്ന് സ്വയം തിരിഞ്ഞുനോക്കുമ്പോൾ കപില സുഹൃത്തുക്കളെ ഉണ്ടാക്കാൻ മിടുക്കിയായ ഒരുപെൺകുട്ടി ആയിരുന്നെന്നാണോ അതോ തിരിച്ചാണോ തോന്നുന്നത് ?
കപില : തിരിച്ചു തന്നെയാണ്. സ്‌കൂൾ കാലഘട്ടത്തിലും ഇരുപതുകളിലും ഞാൻ സാമൂഹികമായി വളരെ അകലമുള്ള ഒരാളായിരുന്നു. അധികം കൂട്ടുകൂടലൊന്നും ഇഷ്ടമല്ലായിരുന്നു. അടുത്ത സുഹൃത്തുക്കളായിട്ടുമാത്രം ഇടപെടുന്ന ഒരാൾ. എനിക്കെന്റെ ഏകാന്തസ്ഥലം വേണമായിരുന്നു. അതിപ്പോഴും എനിക്കാവശ്യമുണ്ട്. ഒരു പത്ത് വർഷത്തോളമായിട്ടുള്ളൂ ഞാനിങ്ങനെ കൂടുതൽ തുറന്ന് മറ്റുള്ളവരുമായി ചേർന്നുപോകാൻ തുടങ്ങിയിട്ട്. ചെറുപ്പത്തിൽ ഞാൻ ശ്രീചിത്രൻ പറഞ്ഞപോലെ വളരെ അന്തർമുഖ ആയിരുന്നു.
ശ്രീചിത്രൻ : ജന്മായത്തകല അഥവാ ജന്മസിദ്ധകല എന്നൊരുവാദമുണ്ടല്ലോ. ചിലർക്ക് പാട്ടു പാടാൻ കഴിയും, ചിലർക്ക് കഴിയില്ല. ഇത്രയും കാലത്തെ കലാനുഭവത്തിൽനിന്ന് ജന്മസിദ്ധകല എന്ന പേരിൽ ഒരുമൗലിക കലാഘടകം നിലനിൽക്കുന്നുണ്ട് എന്ന് തോന്നുന്നുണ്ടോ?
കപില : എനിക്ക് തോന്നുന്നത് ഒരുനല്ല കലാകാരനെയോ കലാകാരിയെയോ ഉണ്ടാക്കുന്നതിൽ വളരെ ഒരുചെറിയ ശതമാനം മാത്രമേ ജന്മസിദ്ധമായ കഴിവിനുള്ളൂ എന്നാണ്. ചില ആൾക്കാർക്ക് ചിലതരം പ്രവർത്തികളോട് കുറച്ചു കൂടുതൽ വൈദഗ്ധ്യം ഉണ്ടാകും.
കപില : എനിക്ക് തോന്നുന്നത് ഒരുനല്ല കലാകാരനെയോ കലാകാരിയെയോ ഉണ്ടാക്കുന്നതിൽ വളരെ ഒരുചെറിയ ശതമാനം മാത്രമേ ജന്മസിദ്ധമായ കഴിവിനുള്ളൂ എന്നാണ്. ചില ആൾക്കാർക്ക് ചിലതരം പ്രവർത്തികളോട് കുറച്ചു കൂടുതൽ വൈദഗ്ധ്യം ഉണ്ടാകും. അഭിനയിക്കാൻ ചിലർക്കതുണ്ട്. സംഗീതത്തിൽ അത് വളരെ വ്യക്തമാണ്. ചിലർക്ക് പാടാൻ കഴിയും ചിലർക്കത് എത്ര ശ്രമിച്ചാലും ബുദ്ധിമുട്ടായിരിക്കും. എല്ലാ മേഖലയിലും ഈ അഭിരുചിയും വൈദഗ്ധ്യവും ജന്മസിദ്ധമായിട്ടുണ്ടെങ്കിലും ആത്യന്തികമായി ഒരു കലാകാരനെ മഹത്വപൂർണമാക്കുന്നത് അവരുടെ കലയോടുള്ള പ്രതിബദ്ധത ആണെന്ന് തോന്നുന്നു.
കഴിവുണ്ടായതുകൊണ്ടുമാത്രം ഒരാൾക്ക് ആ കലയോട് അത്രയും മമതയില്ലെങ്കിൽ കാര്യമില്ല. ചെയ്യുന്ന പ്രവർത്തിയോട് വളരെ ആഴത്തിലുള്ള പ്രതിബദ്ധത, അതിന്റെ കൂടെ അവരുടെ കഠിനാധ്വാനം. ആ കഠിനാധ്വാനത്തിൽ തന്നെ അവർ തിരഞ്ഞെടുക്കുന്ന പാതകൾ ഉണ്ട് . അവരുടെ ഒരുകഥയുണ്ടല്ലോ, അവർ കടന്നുവന്നിട്ടുള സാഹചര്യങ്ങളടക്കം എല്ലാം കൂടിയിട്ടാണ് ഒരു കലാകാരന്റെ സമഗ്രത.
ശ്രീചിത്രൻ : പട്ടിക്കാന്തൊടി രാവുണ്ണി മേനോന്റെ പഴയൊരു വാചകമുണ്ട്. വാസനക്കാരനെ ജയിക്കാൻ പ്രയത്നശാലിക്ക് കഴിയും. പ്രയത്നശാലിയെ ജയിക്കാൻ വാസനക്കാരന് വളരെ ബുദ്ധിമുട്ടായിരിക്കും.
കപില : പരിപൂർണമായിട്ടും ഞാനതിൽ വിശ്വസിക്കുന്നു.
ശ്രീചിത്രൻ : കഥകളിരംഗത്ത് വലിയ സംവാദം നടന്ന ഒരുവിഷയമായിരുന്നു അത്. രാവുണ്ണിമേനോൻ പറഞ്ഞതിനെ എല്ലാവരും അഗീകരിച്ചിരുന്നില്ല. ജന്മസിദ്ധപ്രതിഭക്കാണ് കൂടുതൽ കഴിവ് എന്നുവാദിക്കുന്നവരുണ്ട്. കോട്ടക്കൽ ശിവരാമനെപ്പോലെ ചില പ്രതിഭകളുണ്ടല്ലോ.
കപില : ശിവരാമാശാൻ പ്രയത്നശാലിയല്ലായിരുന്നു എന്നാണോ പറയുന്നത് ?
ശ്രീചിത്രൻ : എന്നല്ല. ഒന്നാമതായി എന്റെ വാദമല്ല ഈ പറയുന്നത്. അങ്ങനെ അഭിപ്രായപ്പെട്ടവരുണ്ട് എന്നാണ്. അതുപോട്ടെ, ഇന്നത്തെ ലോകത്തിൽ ഒരു കുട്ടി കൂടിയാട്ടം പഠിക്കുന്നു. ആ കുട്ടിയെ സംബന്ധിച്ചിടത്തോളം മുമ്പുണ്ടായിരുന്ന തരത്തിലുള്ള സാവകാശം എന്ന സംസ്കാരപരിസരം തന്നെയില്ല. മൊത്തം സമൂഹത്തിൽതന്നെ അതില്ല.
വേഗത എന്നത് ഒരുമുദ്രാവാക്യമായിത്തീർന്ന സമൂഹം. പുതിയ ഈ ലോകക്രമത്തിലെ കുട്ടികളെ പരിശീലിപ്പിക്കുന്നത് ഒരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടോ ? പ്രതിഭ എന്നതിനപ്പുറം പ്രയത്നം കൊണ്ട് ജയിച്ചുവരേണ്ട കുട്ടികളുണ്ടല്ലോ. അത് പഠിപ്പിക്കലിൽ ഒരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടോ?
കപില : ക്ഷേത്രത്തിനകത്തു നിന്ന് കല പുറത്തേക്ക് വന്നു, കലാമണ്ഡലം തുടങ്ങി , അതിനു ശേഷമുള്ള കുറച്ചുകാലങ്ങളിലാണെന്ന് തോന്നുന്നു നമ്മൾ ഇതിനെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ട് ഒരുപക്ഷേ വെട്ടിച്ചുരുക്കലിന് വിധേയമാക്കിയത്. ആ ഒരുഘട്ടം കഴിഞ്ഞു. ഇപ്പോൾ പിന്നെയും സമ്പൂർണ അവതരണത്തിലേക്കും ചിലപ്പോൾ അമിതമായിപ്പോകുന്ന സാവധാനതയിലേക്കും നമ്മൾ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇപ്പോൾ കുട്ടികളെ പൂർണരൂപത്തിൽ പഠിപ്പിച്ച് പൂർണരൂപത്തിൽതന്നെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്.
കൂടിയാട്ടത്തെ പുറത്തുനിന്ന് നാടകത്തിന്റെ ആൾക്കാർ പഠിക്കാൻ വരുമ്പോൾ ഈ സാവധാനത അവർ ആദ്യംതന്നെ മനസ്സിൽ ഉറപ്പിച്ചാണ് വരുന്നത്. നമ്മൾ വളരെ സ്വാഭാവികമായി കാണിച്ചുകൊടുക്കുന്ന മുദ്ര അവർ ഒന്നുകൂടി പതുക്കെയാക്കും. അത് കൂടിയാട്ടമാകാൻ വേണ്ടിയിട്ട് ചെയ്യുന്നതാണ്. കണ്ണുസാധകം ചെയ്യാൻവേണ്ടി കണ്ണുകൾ പതുക്കെ ഇളക്കൂ എന്ന് പറഞ്ഞാൽ വളരെ സാവകാശം ചെയ്യും. കൂടിയാട്ടം എന്ന് പറയുമ്പോൾ ആ ഒരു കൃത്രിമമായ ബോധം അവർക്കുള്ളിലുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ശ്രീചിത്രൻ : ആ കാര്യം ശരിയാണ്. ഈ അന്തരീക്ഷത്തിൽ എത്തിപ്പെടുമ്പോൾ ഈ അന്തരീക്ഷത്തിന് ഇതാണ് വേണ്ടതെന്ന് സാങ്കൽപ്പികമായി അവർക്കൊരുമുൻധാരണയുണ്ട്. ഈ സാങ്കൽപ്പിക ധാരണ വെച്ച് അവർ കുറെ കാര്യങ്ങൾ ചെയ്യും. അത് ഒരേസമയം ഒരു കൃത്രിമമായ പ്രശ്നം ഉണ്ടാകുന്നുണ്ട്. അത് കഥകളിയിലായാലും കൂടിയാട്ടത്തിലായാലും പതിഞ്ഞ കാര്യങ്ങൾ ചെയ്യുമ്പോൾ പലപ്പോഴും പതികാലത്തെ കൃത്രിമമായി കാണുന്നുണ്ടോ എന്നെനിക്ക് തോന്നാറുണ്ട്.
പതികാലമെന്നാൽ വേഗത കുറയ്ക്കലാണെന്നാണ് ധാരണ. വേഗത കുറയൽ മാത്രമല്ല പതികാലം. അതിനകത്ത് അഭിനയിക്കാനുള്ള അവകാശം കൂട്ടലാണ്. വിശദാംശങ്ങളുടെ അവകാശം വർധിപ്പിക്കലാണ് വിളംബകാലം. details ന്റെ span ആണ് ഇതിന്റെ ഭംഗി എന്ന് തിരിച്ചറിയാതെ വെറുതെ വേഗത കുറച്ചാൽ കല വരും എന്ന് കരുതുന്നവരുണ്ട്. ഇത് രണ്ടും രണ്ടുകാര്യങ്ങളാണല്ലോ. ആ ഒരുവ്യത്യാസം തിരിച്ചറിയാതെ വരുന്നതിന്റെ ഒരു പ്രതിസന്ധി പുതിയ കാലത്തിലില്ലേ ?
കപില :ശരിയാണ്. ഇക്കാര്യം സൂക്ഷ്മതലത്തിൽ ഉള്ളതായി എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.
ശ്രീചിത്രൻ : നിലവിലുള്ള സമകാലീന ഘടനയിൽ കപില എങ്ങനെയാണ് സ്വയം കാണുന്നത് എന്നതിലേക്ക് വരാം. ഉദാഹരണത്തിന്, നങ്ങ്യാർകൂത്ത് എന്ന കലാരൂപം നമ്മുടെ പഴയ ചർച്ചകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായി വികസിച്ചു. അപ്പോഴും നമ്മൾ കേൾക്കുന്ന കുറെ ചോദ്യങ്ങളുണ്ട്. പ്രാകൃത ഭാഷ സ്ത്രീക്ക് വിധിക്കപ്പെട്ട കല, വാനരകഥാപാത്രങ്ങൾക്ക് വിധിക്കപ്പെട്ട കല. സത്യത്തിൽ മറ്റ് കലാരൂപങ്ങളെ വെച്ച് നോക്കുമ്പോൾ ഒരു ജെന്റർ പ്രോബ്ലം കൂടിയാട്ടം അഭിമുഖീകരിക്കുന്നുണ്ടെന്ന് കപിലയ്ക്ക് തോന്നുന്നുണ്ടോ ?
കപില : തീർച്ചയായുമുണ്ട്.
ശ്രീചിത്രൻ : കൂടുതലാണെന്ന് തോന്നുന്നുണ്ടോ എന്നാണ് ചോദ്യം.
കപില : കൂടുതലാണെന്ന് ഞാൻ പറയില്ല. ഇത് പലതലത്തിലെടുക്കണം. പ്രമേയത്തിന്റെ തലത്തിലെടുക്കുകയാണെങ്കിൽ തീർച്ചയായിട്ടും നമ്മളുപയോഗിക്കുന്ന പാഠങ്ങൾ വളരെ പഴയ കാലങ്ങളിലെ വ്യവസ്ഥയുമായി ബന്ധപ്പെട്ട കഥകളും സമൂഹവ്യവസ്ഥകളുമൊക്കെയാണല്ലോ പ്രമേയത്തിൽ വരിക. അപ്പോൾ അവിടെ തീർച്ചയായും വളരെ കുറവ് സ്ത്രീ കഥാപാത്രങ്ങളേയുള്ളൂ. വൈവിധ്യമാണ് ഏറ്റവും പ്രശ്നം. എല്ലാവരും ഉത്തമയായിട്ടുള്ള സ്ത്രീകളായിരിക്കും.
കല്യാണസൗഗന്ധികം കൂടിയാട്ടം. കല്യാണകനായി സൂരജ് നമ്പ്യാരും ഗുണമഞ്ജരിയായി കപിലയും
വളരെ അപൂർവമായേ നമുക്ക് കുറച്ച് വ്യത്യസ്തയായ ഒരു സ്ത്രീ കഥാപാത്രത്തെ കിട്ടൂ. അതേസമയം പ്രകാരം, ഘടന നോക്കുകയാണെങ്കിൽ, അല്ലെങ്കിൽ സാധ്യതകൾ നോക്കുകയാണെങ്കിൽ നടികൾക്ക് മറ്റു കലകളെ അപേക്ഷിച്ച് കുറച്ചുകൂടി ചെയ്യാനുളള കാര്യങ്ങളുണ്ട്. ഇപ്പോൾ നങ്ങ്യാർകൂത്ത് ഉണ്ട് എന്നുളളതു തന്നെ, ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് അഭിനയിക്കാനുളള ഒരുവലിയ കഥാഖ്യാനകല ഉള്ളതുതന്നെ, വലിയ കാര്യമാണ്.
പണ്ടത്തെ കാലത്ത് ചാക്യാരും നങ്ങ്യാരും തമ്മിലൊരുഅധികാരശ്രേണിയുണ്ട്. ചാക്യാർക്കാണ് ആ അധികാരശ്രേണിയിൽ നേതൃത്വം. അത് കാലക്രമേണ ഇപ്പോൾ കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.
പണ്ടത്തെ കാലത്ത് ചാക്യാരും നങ്ങ്യാരും തമ്മിലൊരുഅധികാരശ്രേണിയുണ്ട്. ചാക്യാർക്കാണ് ആ അധികാരശ്രേണിയിൽ നേതൃത്വം. അത് കാലക്രമേണ ഇപ്പോൾ കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.പക്ഷേ അരങ്ങിൽ തുല്യമായി ഇടം കണ്ടെത്തുക, ആദ്യാവസാനമായി സ്ത്രീ കഥാപാത്രങ്ങളുണ്ടാക്കുക എന്നതൊക്കെ ഇപ്പോൾ വരുന്ന മാറ്റങ്ങളാണ്. പാഠങ്ങളിൽ വ്യാഖ്യാനത്തിലൂടെ നമുക്കൊത്തിരി വ്യത്യാസങ്ങൾ വരുത്താം. വ്യാഖ്യാനത്തിലൂടെ മാത്രമേ നമുക്കത് കൊണ്ടുവരാനാകൂ. സ്വതന്ത്രമായ വ്യാഖ്യാനങ്ങൾ ഉണ്ടാകണം. കാലക്രമേണ ശരിക്കും പുതിയ പാഠങ്ങൾ തന്നെ പരിഭാഷയിലൂടെ കൂടിയാട്ടത്തിലേക്ക് കൊണ്ടുവരേണ്ടതാണ്.
ശ്രീചിത്രൻ : എന്നുവെച്ചാൽ നിലവിൽ ‘ഭാരതീയം' എന്ന് വിവക്ഷിക്കപ്പെടുന്ന പാഠങ്ങൾക്ക് പുറത്തുള്ള പാഠരൂപങ്ങൾ എന്നാണോ ?
കപില : അതെയതെ
ശ്രീചിത്രൻ : ആ കാര്യം ക്ലാസിക്കൽ എന്നുവിളിക്കപ്പെടുന്ന കലകളിൽ ചോദ്യമായി നിൽക്കുന്ന ഒന്നാണ്. നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങളുമായിട്ടാണ് നമ്മുടെ കലകളുടെ ആഹാര്യം വളർന്നത്, അഭിനയപദ്ധതി വളർന്നത്. നമുക്കിപ്പോൾ ഒരുസുന്ദരി എന്നുപറഞ്ഞാൽ നീണ്ട മുടിയുള്ളവൾ, കണ്ണ് കരിംകൂവളപ്പൂവ്... ഇങ്ങനെ നമുക്ക് സ്ഥിരം കുറച്ച് നിയോ ക്ലാസിക്കൽ ബിംബങ്ങൾ ഉണ്ടല്ലോ. ആ രീതിയിൽ ആണ് എന്തും. പുറത്തുനിന്നുള്ള ഏത് ആശയവും അന്യവൽകൃതമായി നിൽക്കും എന്നുപറയാറുണ്ട്. കഥകളി അത് മുമ്പേ അഭിമുഖീകരിച്ചിട്ടുണ്ട്. കൂടിയാട്ടവും പലപ്പോഴും ഇതുതന്നെ അഭിമുഖീകരിച്ചിട്ടുണ്ട്. അങ്ങിനെയൊരു പ്രശ്നമുണ്ടോ? ഉണ്ടെങ്കിൽ അത് മറികടക്കാനുള്ള സാധ്യത കൂടിയാട്ടത്തിലുണ്ടോ? അതെങ്ങിനെയാണ് കപില കാണുന്നത് ?
കപില : ഞാൻ മനസ്സിലാക്കിയിടത്തോളം കൂടിയാട്ടത്തിൽ ആഹാര്യം എടുത്തുനോക്കിയാൽ കഥാപാത്രത്തിന്റെ നിർദേശങ്ങളുണ്ടെങ്കിലും അതൊരു നടന്റെയോ നടിയുടെയോ ശരീരത്തിനെ പുഷ്ടിപ്പെടുത്താനുള്ള ആഹാര്യപദ്ധതിയാണ്. നടന്റെ ശരീരത്തിന്റെ സാധ്യതകളെ പരമാവധി എടുത്തുകാണിക്കുക, അല്ലെങ്കിൽ അതിനെ അലങ്കരിക്കുക എന്നുള്ളതാണ്. പുരുഷൻമാരുടെ വേഷവിധാനം എടുത്തു നോക്കിയാൽ തന്നെ മാർമാല, മാച്ച് എന്നിവ പുരുഷനടന് പൗരുഷവും സ്ത്രൈണതയും മാറിമാറി പകർന്ന് അഭിനയിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുകയാണ്. അത് നടന്റെ ശരീരത്തിനുവേണ്ടിയുളള ആഹാര്യമാണ്. അതിൽ കഥാപാത്രസംബന്ധിയായ സൂചകങ്ങൾ ഉണ്ട് എന്നുമാത്രം. കത്തി രാവണനാണെങ്കിൽ അതിനനുസരിച്ചുള്ള വേഷം.
ശ്രീചിത്രൻ : കഥാപാത്രത്തിനല്ല ആഹാര്യം എന്നാണോ?
കപില : കഥാപാത്രത്തിന്റെ സൂചകങ്ങളോടുകൂടി നടനുള്ളതാണ് ആഹാര്യം. ഒരുപുതിയ തരത്തിലുള്ള കഥാപാത്രങ്ങളെ കൊണ്ടുവരുന്നതിൽ വളരെ ചെറിയ വെല്ലുവിളികളേയുള്ളൂ. സൗന്ദര്യബോധത്തോടെ നല്ല രീതിയിൽ രൂപകൽപ്പന ചെയ്ത് നമ്മൾ കൈകാര്യം ചെയ്താൽ അത്ര വലിയ പ്രതിസന്ധി ആയിക്കൊള്ളണമെന്നില്ല. ഒരു പക്ഷേ നമുക്ക് വലിയ പ്രതിസന്ധി ഭാഷയുടെതാകാനാണ് സാധ്യത.
ഇപ്പോൾ നങ്ങ്യാർകൂത്തിൽ പുതിയ സ്ത്രീവേഷം വളരെ സുന്ദരമാണ്. പക്ഷേ ശരിക്കും പഴയ സങ്കൽപ്പമനുസരിച്ച് ദേവിയെ അനുകരിച്ചു കൊണ്ടുള്ള അണിയലങ്ങളാണ് സർപ്പങ്ങളും മറ്റും. അവിടെയും കുറച്ച് ന്യൂട്രൽ ആയ ഒരുനടിയുടെ ശരീരമാണ് അതിനകത്ത് നമ്മൾ കാണുന്നത്. ആ ഒരുന്യൂട്രാലിറ്റി ഒരുപാട് സാധ്യതയുള്ളതാണെന്ന് എനിക്ക് തോന്നുന്നു. ഒരു നടിയെ വല്ലാതെ െസ്ത്രെണമായിട്ട്, അല്ലെങ്കിൽ സൗന്ദര്യപൂർവം അവതരിപ്പിക്കുന്നതിലുപരിയായി ഒരു കഥ പറച്ചിലുകാരിയായിട്ട് അവതരിപ്പിക്കുന്നതിന് ഒരുസൗന്ദര്യമുണ്ട്.
ശ്രീചിത്രൻ : ശരിയാണ്. അതിനൊരു പ്രത്യേകസൗന്ദര്യമുണ്ട് . ഇത് സത്യത്തിൽ കൂടിയാട്ടത്തെ വളരെ ആഴത്തിൽ വ്യത്യസ്തപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചും കൂടിയാട്ടത്തിലെ സ്ത്രീകളെ. ഭരതനാട്യം ആദ്യംമുതലേ അനുഭവിച്ചിട്ടുള്ള പ്രതിസന്ധിയാണ് ഈ സെൻഷ്വലായിട്ടുള്ള സ്ത്രീ. ചന്ദ്രലേഖയൊക്കെ അത് പറഞ്ഞിട്ടാണല്ലോ ഭരതനാട്യത്തിലൊരു കലാപമുണ്ടാക്കിയത്. ഭരതനാട്യത്തിൽനിന്ന് ചന്ദ്രലേഖ പിരിഞ്ഞു പോകുമ്പോൾ എഴുതിയ ഒരുകുറിപ്പ് ഉണ്ട്. ചന്ദ്രലേഖ പറയുന്നതു തന്നെ ഒരു sensual object ആയി രംഗത്തുവന്ന് നിൽക്കാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല എന്നായിരുന്നു.
ഭരതനാട്യം കണ്ട് ആസ്വദിക്കുന്നവർ ഭൂരിപക്ഷവും അത്തരം സമൂഹമാണെന്നും. അവർക്കു മുമ്പിൽ വസ്തുമാത്രവിഭവം ആയി നിൽക്കാൻ താൽപ്പര്യമില്ലാത്തതു കൊണ്ട് ഞാൻ ഭരതനാട്യം വിടുന്നു എന്നുമായിരുന്നു ചന്ദ്രലേഖയുടെ വാദം. അത്തരമൊരു പ്രതിസന്ധിയില്ലാത്ത കലാരൂപം എന്ന നില നൽകുന്ന സാധ്യതകൾ അപാരമായി കൂടിയാട്ടത്തിനുണ്ട്. ആ സാധ്യതയെ ഇനിയും കൂടുതൽ ഉപയോഗിക്കപ്പെടേണ്ടതുണ്ട് എന്നുതോന്നുന്നു.
കപില : തീർച്ചയായിട്ടും. ഞങ്ങളെകൊണ്ട് സാധിച്ചില്ലെങ്കിലും അടുത്ത തലമുറ നിശ്ചയമായും അത് ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കൂടിയാട്ടത്തിന്റെ ഭാഷയുടെ സാധ്യത വളരെ വിപുലമാണ്. അതിൽ തന്നെ പലപല കാലങ്ങളിലുള്ള പലപല കൂടിയാട്ടങ്ങൾ എടുത്തു നോക്കിയാൽ, അതായത് മന്ത്രാങ്കം, മത്തവിലാസം തുടങ്ങിയവ, ഓരോന്നും ഓരോ രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാനഘടന ഉണ്ടെങ്കിലും ഓരോന്നിനും വേറെവേറെ ഭാവുകത്വമുണ്ട്. വേണ്ടവിധത്തിൽ പഠിച്ചുകഴിഞ്ഞാൽ ഓരോന്നിലും നമുക്ക് ഒരുപാട് സാധ്യതകളും ഒരുപാട് വിശദാംശങ്ങളും കിട്ടും. ഒരുകൂടിയാട്ടത്തിന്റെ അതേ ചട്ടക്കൂടല്ല, മറ്റൊരു കൂടിയാട്ടത്തിന്റെത്.
സമയത്തിന്റെ കാര്യത്തിലായാലും. നമ്മൾ വിചാരിക്കും കൂടിയാട്ടങ്ങൾക്ക് വളരെ നീണ്ട അവതരണങ്ങൾ മാത്രമേ പണ്ട് ഉണ്ടായിരുന്നുള്ളൂ എന്ന്. വെള്ളൂർ അടിയന്തിരങ്ങൾ എടുത്തുനോക്കിയാൽ വളരെ വെട്ടിച്ചുരുക്കിയ ചെറിയ ചെറിയ കൂടിയാട്ടങ്ങൾ ഉണ്ടായിരുന്നു. ഇതൊക്കെ കടന്നുവന്ന വഴിയെ പറ്റിയൊക്കെ നമുക്ക് ചെറിയ ധാരണകളേയുള്ളൂ. ശരിക്കും മനസ്സിലാക്കി കഴിഞ്ഞാൽ കൂടിയാട്ടം വളരെ സ്വതന്ത്രം ആയിരുന്നു.
എല്ലാ കലാരൂപങ്ങളും രൂപപ്പെട്ടുവരുന്ന സമയത്തും ആദ്യകാലങ്ങളിലും അവയ്ക്ക് ഒരുപാട് സ്വതന്ത്ര്യം ഉണ്ടാകുകയും പിന്നീടവയെ മുൻതീർച്ചകൾ കൊണ്ട് ഘനീഭവിപ്പിക്കുന്ന മനോഭാവത്തിലേക്ക് പോകുകയും ഭയങ്കരമായിട്ട് ഒതുങ്ങിക്കൂടുകയും ചെയ്യും. അടുത്തൊരുഘട്ടം വളർച്ച വരണമെങ്കിൽ നമ്മൾ ചില മുൻതീർപ്പുകളെ തകർത്ത് സ്വതന്ത്രമായി പ്രവർത്തിച്ചാൽ മാത്രമേ ഭാവിയിലേക്ക് അതിനൊരു സാധ്യതമുഴുവനായും ലഭിക്കൂ.
എല്ലാ കലാരൂപങ്ങളും രൂപപ്പെട്ടുവരുന്ന സമയത്തും ആദ്യകാലങ്ങളിലും അവയ്ക്ക് ഒരുപാട് സ്വതന്ത്ര്യം ഉണ്ടാകുകയും പിന്നീടവയെ മുൻതീർച്ചകൾ കൊണ്ട് ഘനീഭവിപ്പിക്കുന്ന മനോഭാവത്തിലേക്ക് പോകുകയും ഭയങ്കരമായിട്ട് ഒതുങ്ങിക്കൂടുകയും ചെയ്യും. അടുത്തൊരുഘട്ടം വളർച്ച വരണമെങ്കിൽ നമ്മൾ ചില മുൻതീർപ്പുകളെ തകർത്ത് സ്വതന്ത്രമായി പ്രവർത്തിച്ചാൽ മാത്രമേ ഭാവിയിലേക്ക് അതിനൊരു സാധ്യതമുഴുവനായും ലഭിക്കൂ.
ശ്രീചിത്രൻ : കൂടിയാട്ടത്തെ സംബന്ധിച്ച് ചർച്ചയിൽ ഏറ്റവും കൂടുതൽ വിദേശത്തുനിന്നുവന്ന പഠിതാക്കൾ പറഞ്ഞ പ്രശ്നവും സവിശേഷതയും അതിന്റെ അനുഷ്ഠാനാത്മകതയായിരുന്നു. ഒരു കാലത്തെ വിക്ടോറിയൻ മൊറാലിറ്റിയുമായി ചേർത്ത് കൂടിയാട്ടത്തെ സ്ഥാനപ്പെടുത്താൻ ശ്രമം നടന്നതായി കപിലയും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് വളരെ അനുഷ്ഠാനപരമാണ്, ഇതിന് ദൈവികതയുണ്ട്, ജീവാത്മാവ് പരമാത്മാവ് etc അങ്ങിനെ പോകുന്ന ചർച്ചകളുണ്ട്. അതിനപ്പുറം നിൽക്കുന്ന ഇതിന്റെ കലാപരത എന്നതിനെക്കുറിച്ചൊരു അന്വേഷണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുമ്പോഴും ഈ വിക്ടോറിയൻ മൊറാലിറ്റിയുടെ ഒരുഭൂതം ഇതിനെ പിടികൂടി നിൽക്കുന്നതായി തോന്നുന്നുണ്ടോ?
കപില : ഞാൻ അനുഷ്ഠാനങ്ങളെ വളരെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. കൂടിയാട്ടം വളരെ ശാരീരികക്ഷമത ആവശ്യപ്പെടുന്നതും അതേയളവിൽ ആന്തരികമായ ആത്മീയതയും വൈകാരികതയും ആവശ്യപ്പെടുന്നതും ആയ കലാരൂപമാണ്. കൂടിയാട്ടത്തിൽ ഏറ്റവും ശക്തിയായി നിൽക്കുന്ന വളരെ ആഴത്തിലുള്ള വൈകാരികതകൾ, വായുപ്രയോഗങ്ങൾ, വിശദാംശങ്ങളിലൂടെ വളരെ പരത്തി ചെയ്യുന്ന ആവിഷ്കാരം എന്നിവയാണല്ലോ. സ്ഥായി നിലനിർത്തുക എന്ന് പറയുന്നത് ഒരു നടന്റെ കുറച്ച് അമാനുഷികമായ ശക്തിതന്നെ ആവശ്യപ്പെടുന്ന ഒന്നാണ്.
ഇത്രയും നീണ്ട അവതരണങ്ങളിലൂടെ ഓരോ കഥാപാത്രത്തിന്റെയും സ്ഥായി നിലനിർത്തുക, വളരെ ആഴത്തിലുളള വികാരങ്ങളിലൂടെ കടന്നുപോകുക, അതിനെ പറ്റി മനനം ചെയ്യുക, മനോധർമങ്ങളുണ്ടാക്കിയെടുക്കുക എന്നിങ്ങനെ കൂടിയാട്ടത്തിലെ അഭിനയം വൈകാരികമായി വളരെ ക്ഷീണിപ്പിക്കുന്ന ഒരു പ്രക്രിയയാണ്. അപ്പോൾ അത്തരം ഒരു അഭിനയ ശൈലി കൈകാര്യം ചെയ്യുന്ന ഒരു നടൻ / നടിക്ക് അനുഷ്ഠാനങ്ങൾ വളരെ സഹായകമായിട്ടുള്ള ഒരുകാര്യമാണ്.
അനുഷ്ഠാനങ്ങളിലൂടെ കടന്നുപോകുമ്പോൾ ഓരോ ഘട്ടത്തിലും നമ്മൾ കൂടുതൽ മാനസികമായി സുരക്ഷിതരാണ്. ഉദാഹരണത്തിന് തലേക്കെട്ട്. തലയിൽ കെട്ടുന്നതിനുമുമ്പ് അരങ്ങത്ത് വിളക്കുകൊളുത്തുക. അരങ്ങത്ത് വിളക്ക് കൊളുത്തിയതിനു ശേഷമാണ് അണിയറയിൽ വിളക്ക് കൊളുത്തുന്നത്. ആ അരങ്ങിലേക്ക് പിന്നെയാരും പ്രവേശിക്കുന്നില്ല. അരങ്ങ് കുറെ സമയത്തേക്ക് അതിന്റെ ഊർജം സംരക്ഷിച്ച് നിർത്തുകയാണ്. അപ്പോൾ അതിന്റെ ഒരുസുരക്ഷയുണ്ട്.
വേഷക്കാരൻ, സംഘാടകൻ, ഗുരു, കൂട്ടുവേഷക്കാർ, മിഴാവ് വാദകർ : എല്ലാവരേയും നേരിട്ടു കണ്ട് പ്രയോക്താവ് അനുവാദം ചോദിക്കുന്നു. പണ്ടേയുള്ളതാണത്. അത് വൈകാരികമായി വളരെ സഹായകമാണ്. സംഘാടകനോട് അനുവാദം ചോദിച്ച് തലേക്കെട്ടാൻ പോകുമ്പോൾ നാം ബാക്കിയെല്ലാ പ്രായോഗിക കാര്യങ്ങളും എല്ലാ ബാഹ്യമായ ഉത്തരവാദിത്വങ്ങളും മറ്റുളളവരെ ഏൽപ്പിച്ചാണ് വേഷം കെട്ടാൻ പോകുന്നത്. ശരിക്കും അത് ആശ്വാസം തരുന്ന ഒരുകാര്യമാണ്. പരിപാടി നന്നായാലും മോശമായാലും അതിനോട് വളരെ ആരോഗ്യപരമായ ഒരുഅകലം ഉണ്ടാകണം. ഇത്തരം കാര്യങ്ങൾ അനുഷ്ഠാനങ്ങളിലൂടെയാണ് നമുക്ക് കിട്ടുന്നത്. അത് തിയേറ്ററിന്റെ കാര്യത്തിൽ വളരെ ഗുണപരമായിട്ടാണ് ഞാൻ കാണുന്നത്.
ശ്രീചിത്രൻ : എനിക്കത് വ്യക്തമായി മനസ്സിലാകുന്നു.
ഗുണകരമായിട്ടും സമൂഹത്തിന് അനുഷ്ഠാനങ്ങളെ കാണാം. ഗുണകരമല്ലാത്ത ഒരു ആത്മീയമാനത്തിലും കാണാം. ആത്മീയമായിട്ടാണ് ഈ അനുഷ്ഠാനങ്ങളെ പലപ്പോഴും നിർമിച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയിലുള്ള നടനും നടിയും അതിന്റെ ഗുണപരമായ തലത്തെയാണ് അഭിസംബോധന ചെയ്യുന്നത്, ഇപ്പോൾ കപില ചെയ്യുന്നപോലെ. അനുഷ്ഠാനം നിർമിക്കപ്പെട്ട ആത്മീയാംശത്തിൽ നിന്നുംമാറി ഗുണകരമായി കണക്കാക്കപ്പെടുന്നു.
ദൈവവിശ്വാസിക്ക് കുറേ എളുപ്പവഴികളുണ്ട്. എന്നാൽ യുക്തിവാദം എന്നുപറയുന്നത് നിങ്ങളോടുതന്നെ കലഹപ്പെടുന്ന ഒന്നാണ്.
ദൈവവിശ്വാസം ചിലകാര്യങ്ങൾക്ക് നമുക്ക് സൗകര്യം തരുന്നുഎന്നതുപോലെ ഈ പറയുന്ന ആചാരനിഷ്ഠ നമ്മുടെ പ്രകടനത്തെ സഹായിക്കുന്നുഎന്ന് കാണുമ്പോൾ അനുഷ്ഠാനം യഥാർഥത്തിൽ നിർമിക്കപ്പെട്ടതിൽനിന്ന് വ്യത്യസ്തമായ ഒരുആവശ്യത്തെയാണ് നിർവഹിക്കുന്നത് എന്നുകൂടി കാണണം.
കപില : ഞാനത് അംഗീകരിക്കുന്നില്ല. സത്യത്തിൽ ആത്മീയം എന്ന വാക്കായിരിക്കില്ല, ഒരുപക്ഷേ മതപരം എന്ന വാക്കായിരിക്കും ഉദ്ദേശിച്ചിരിക്കുന്നത് അല്ലേ? കാരണം മതപരം ആയിട്ടുള്ളവയിൽ നിന്നാണ് അനുഷ്ഠാനങ്ങൾ ഉണ്ടായതെന്ന് ഇപ്പോ നമുക്ക് തോന്നാമെങ്കിലും ഈ അനുഷ്ഠാനങ്ങളെ പരിശോധിച്ചാൽ അത് വളരെ പ്രായോഗികമായിട്ടുള്ള അനുഷ്ഠാനങ്ങൾ ആണെന്ന് കാണാൻ കഴിയും.
ഒരുപാട് അനുഷ്ഠാനങ്ങളുണ്ടെങ്കിലും അവയെ എല്ലാം ഗുണപരമായവ ആയി കണക്കാക്കാൻ പറ്റില്ല എന്ന് വിചാരിക്കാം. എന്നാൽ ഇതിൽ വളരെ പ്രധാനപ്പെട്ട അനുഷ്ഠാനങ്ങൾ നടന്റെ ഒരു പ്രക്രിയയെ സഹായിക്കും എന്നാണ് ഞാൻ കരുതുന്നത്.
മതവും ആത്മീയതയും വേറിട്ട് കാണാനാണ് ഞാനാഗ്രഹിക്കുന്നത്. മതം അടുത്ത കാലം വരെ നമ്മുടെ സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. തിയേറ്ററും എല്ലാം അതിന്റെ ഒരു ഭാഗമായിരുന്നു. പക്ഷേ ഇപ്പോൾ മതവും ആത്മീയതയും രണ്ടായിട്ടാണ് മിക്കവരും കാണുന്നത്. ഒരു ആത്മീയ പരിശീലനം നടൻ / നടിക്ക് വളരെ അനിവാര്യമാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്. ഒരു യുക്തിവാദിക്ക് പോലും ഒരു ആത്മീയ പരിശീലനം ഉണ്ടാകാം.
ശ്രീചിത്രൻ : കാലാനുസാരിയായി കൂടിയാട്ടത്തെ കാണുന്ന സമയത്ത് കൂടിയാട്ടത്തിന്റെ സമഗ്രതയിൽ കാലത്തോട് ഇടഞ്ഞുനിൽക്കുന്ന കാര്യങ്ങൾ ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ ?
കപില : ഉണ്ട്.
ശ്രീചിത്രൻ : അതെന്തൊക്കെയാണെന്ന് വിശദീകരിക്കാൻ പറ്റുമോ? അല്ലെങ്കിൽ ഏതൊക്കെ നിലയ്ക്കാണ് ആ പ്രശ്നങ്ങൾ നിലനിൽക്കുന്നതെന്ന് ?
കപില : ഒരു പാട് കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് പ്രാകൃതത്തിന്റെ കാര്യം. പ്രാകൃതം വളരെ മനോഹരമായ ഭാഷയാണ്. അതിന് പല പ്രത്യേകതകളുണ്ട്. അത് നിലനിർത്തേണ്ടത് ആവശ്യവുമാണ്. ഉപയോഗിച്ചില്ലെങ്കിൽ അത് നിന്നുപോകുമെന്ന പ്രശ്നവുമുണ്ട്.
സ്ത്രീ കഥാപാത്രങ്ങളും വാനര കഥാപാത്രങ്ങളും നീച കഥാപാത്രങ്ങളുമാണ് പ്രാകൃതം ഉപയോഗിക്കുന്നത്. അവരുടെ ഒരു ബൗദ്ധികമായ അധികാരശ്രേണി രേഖപ്പെടുത്താനാണ് ആ വിഭജനം വന്നിട്ടുള്ളത്. ഇപ്പോൾ നമ്മൾ പ്രാകൃതത്തെ സംരക്ഷിക്കാൻ വേണ്ടി പലവിധത്തിലതിനെ മാറ്റി വ്യാഖ്യാനിക്കാനും മാറ്റി മനസിലാക്കാനുമൊക്കെ ഒരു ഭാഗത്ത് ശ്രമിക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായിട്ട് അത് ഇപ്പോഴത്തെ യുക്തിക്ക് നിരക്കാത്തതാണ് . അങ്ങിനെ നമ്മൾ പ്രാകൃതത്തിന്റെ സംരക്ഷണമുദ്ദേശിക്കുന്നുവെങ്കിൽ നാടകത്തിനെ പൂർണമായിട്ടും പ്രാകൃതത്തിലേക്ക് വിവർത്തനം ചെയ്ത് എല്ലാ കഥാപാത്രങ്ങളും പ്രാകൃതം ഉപയോഗിക്കുന്ന ഒരുസമ്പ്രദായം വേണമെങ്കിൽ കൊണ്ടുവരാം. അല്ലെങ്കിൽ മറിച്ചാകാം. അത്തരം കാര്യങ്ങളിൽ ചർച്ചകൾ വേണ്ടതാണ്.
മറ്റൊന്നാണ് സ്ത്രീ കഥാപാത്രങ്ങളുടെ അരങ്ങത്തുള്ള സ്ഥാനം.
പലപ്പോഴും വിവാഹം കഴിഞ്ഞതാണോ കഴിയാത്തതാണോ എന്നരീതിയിൽ പുരുഷ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രീതിയിലാണ് അരങ്ങത്തെ സ്ഥാനം നിർണയിക്കുന്നത്. അതുപോലെ സ്ത്രീ കഥാപാത്രങ്ങളും പുരുഷ കഥാപാത്രങ്ങളും പകർന്നാടുമ്പോൾ ഉപയോഗിക്കുന്ന മുദ്രയിലൊക്കെ ഈ അധികാരശ്രേണി തെളിഞ്ഞുകാണാം. ആ അധികാരശ്രേണി ടെക്‌സ്‌റ്റിൽ തന്നെയുണ്ട്.
പിന്നെ വേഷവിധാനങ്ങൾ നോക്കുകയാണെങ്കിൽ പുരുഷ വേഷധാരികൾക്ക് ആഹാര്യങ്ങൾക്ക് വലിയ വൈവിധ്യമുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ ആ സമത്വം കൊണ്ടുവരാനുള്ള യാത്ര വളരെ വലിയതാണ്.
ശ്രീചിത്രൻ : പ്രാകൃതം എന്ന ഭാഷ നമ്മൾ സംരക്ഷിക്കണം എന്നുപറഞ്ഞാൽ കൂടിയാട്ടവുമായി ബന്ധപ്പെട്ടൊരാൾക്ക് ഈ സംരക്ഷണവാദം മനസ്സിലാകും.
സംസ്കൃതം സംരക്ഷിക്കണം എന്നൊരുവാദമുണ്ട്. സംസ്കൃതം സംരക്ഷിക്കണം എന്ന വാദത്തിനകത്തുവരുന്ന ഒരുചെറിയ കാര്യമായിട്ടേ പ്രാകൃതം സംരക്ഷിക്കണം എന്ന വാദം നിൽക്കുന്നുള്ളൂ.
സംരക്ഷിക്കാനായി തിരഞ്ഞെടുക്കുന്നത് എപ്പോഴും സവർണം എന്നുവ്യവഹരിക്കപ്പെടുന്ന ചില കാര്യങ്ങളായിരിക്കും. അതായത് മൂല്യവത്താണ് എന്ന് സമൂഹം വിലയിരുത്തിയിരിക്കുന്ന മൂല്യങ്ങളുടെ ഹൈറാർക്കി അനുസരിച്ച് നാം സംരക്ഷിക്കേണ്ട ചിലതിനെ സംരക്ഷിക്കുകയും ബാക്കി കാര്യങ്ങൾ മുഴുവൻ ഈ സംരക്ഷിത വാദത്തിന് പുറത്താക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന് നാം കൂടിയാട്ടം സംരക്ഷിക്കണമെന്ന് വാദിക്കുന്നു. അതേസമയം കേരളത്തിലെ തെക്കൻ പാട്ടുകൾ സംരക്ഷിക്കാതെ ഏതാണ്ട് ഇല്ലാതായി. കലാകാരൻമാർ മുഴുവനായും ഇല്ലാതായി. കപില ശ്രദ്ധിച്ചിട്ടുണ്ടാകും കേരളത്തിലെ നാടൻ കലകളിൽ മിക്കതിനും കുറേക്കാലമായി ഒരു ക്ലാസ്സിക്കൽ വലിവ് ഉണ്ട്. നിങ്ങൾക്കിപ്പോൾ പഴയപോലെ ഒരു കാക്കരശ്ശി നാടകം കാണാൻ ബുദ്ധിമുട്ടായിരിക്കും. പുതിയ പെൺകുട്ടികളൊക്കെ ഭരതനാട്യം പഠിച്ചിട്ടുണ്ടാകും. ഒരു 25 വർഷം മുമ്പ് കാക്കരശ്ശി കണ്ട, പൊറാട്ട് കണ്ട ആൾക്കാർക്ക് ഇപ്പോൾ ഒരു കാക്കരശ്ശീ കാണാൻ കഴിയില്ല. കാരണം ഇത്തരത്തിലുളള ഒരു സംരക്ഷിത വലയവും നാമവിടെ കൊടുക്കുന്നില്ല. ആ ശ്രദ്ധയൊന്നും അവിടെ കൊടുത്തിട്ടില്ല. ഇത് സത്യത്തിൽ ദളിത് പൊളിറ്റിക്സുമായൊക്കെ ബന്ധപ്പെട്ട ഒരു ചോദ്യമാണ്. സത്യത്തിൽ നിങ്ങൾ സംരക്ഷിക്കണമെന്ന് പറയുന്നത് എപ്പോളും ഒരു ചെറിയ വൃത്തത്തിനെയാണ്. അതിനുപുറത്തുള്ളവയെല്ലാം ഇങ്ങോട്ട് വലിവുണ്ടാകും, ശ്രേണികൃതമായ ആ ഒഴുക്കിൽ നിന്ന് അവരെ നമുക്ക് സംരക്ഷിക്കാനുമാകുന്നില്ല. അതിനാൽ തന്നെ ഈ സംരക്ഷണ വാദത്തിൽ ഒരപകടം ഒളിച്ചിരിപ്പില്ലേ ?
കപില : നിങ്ങൾ എന്നുപറയുമ്പോൾ അത് സർക്കാരിനെയാണോ ഉദ്ദേശിക്കുന്നത് സർക്കാർ പദ്ധതികളാണോ ഉദ്ദേശിക്കുന്നത് ?
ശ്രീചിത്രൻ : രണ്ടും ഉൾപ്പെടുന്നു.
കപില : പക്ഷേ ആ നിങ്ങളിൽ ഞങ്ങൾ പെടില്ല എന്ന് ഞാനുറച്ചു വിശ്വസിക്കുന്നു.
ഞങ്ങളുടെ സ്ഥാപനമായ നടനകൈരളിക്ക് കൂടിയാട്ടം, മോഹിനിയാട്ടം എന്നിവപോലെ പ്രധാനപ്പെട്ട ഒരു കല പാവക്കഥകളിയാണ്. ആണ്ടിപ്പണ്ടാരങ്ങളുടെ കലാരൂപം. എന്റെ അച്ഛന്റെ ഒരുപാരമ്പര്യം നോക്കുകയാണെങ്കിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളതെല്ലാം ഇത്തരം ഫോക് കലകൾക്കുവേണ്ടിയാണ്.
ഞങ്ങളുടെ സ്ഥാപനമായ നടനകൈരളിക്ക് കൂടിയാട്ടം, മോഹിനിയാട്ടം എന്നിവപോലെ പ്രധാനപ്പെട്ട ഒരു കല പാവക്കഥകളിയാണ്. ആണ്ടിപ്പണ്ടാരങ്ങളുടെ കലാരൂപം. എന്റെ അച്ഛന്റെ ഒരുപാരമ്പര്യം നോക്കുകയാണെങ്കിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളതെല്ലാം ഇത്തരം ഫോക് കലകൾക്കുവേണ്ടിയാണ്. ഉദാഹരണത്തിന് മുടിയേറ്റ്, തോൽ പാവക്കൂത്ത് തുടങ്ങിയ ഒരുപാട് കലയുമായി ബന്ധപ്പെട്ട് അത്തരം മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ്. അപ്പോൾ നിങ്ങളെന്ന് പറഞ്ഞാൽ വ്യക്തിപരമായി ഞാനതിനോട് യോജിക്കുന്നില്ല. പക്ഷേ ശ്രീചിത്രൻ പറഞ്ഞ പോലെ ഈയൊരു ഹൈറാർക്കി ഉണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം സവർണകലയാണെങ്കിലും കഥകളിക്കു കിട്ടുന്നപോലെ പ്രാധാന്യം കൂടിയാട്ടത്തിന് കിട്ടുന്നില്ല. ജാതിവ്യവസ്ഥയ്ക്ക് വലിയ പ്രാധാന്യം അതിലില്ലെന്ന് എനിക്ക് തോന്നുന്നു. മോഹിനിയാട്ടമാണെങ്കിലും അതൊരു സവർണ കല എന്ന് പറയാൻ പറ്റില്ല. സവർണ കാഴ്ചക്കാരുടെ താൽപ്പര്യങ്ങൾ അതിലുണ്ടായിരിക്കാം.
ശ്രീചിത്രൻ :സവർണ ‐ അവർണ എന്നത് വെളളം കയറാത്ത രണ്ട് കംപാർട്ടുമെന്റായി തിരിക്കുന്ന കാര്യമല്ല ഞാനുദ്ദേശിക്കുന്നത്. മറിച്ച് കൂടിയാട്ടത്തിന്റെ അകത്തെ കാര്യത്തിന് ഈ സംരക്ഷണ കാര്യം പറയാനാവും. കഥകളിയെപ്പറ്റിയും പറയാനാവും. കഥകളിയിലെ ഒരു കാലത്ത് പതിഞ്ഞ പദങ്ങൾ ഒഴിവാക്കാൻ ഉള്ള ചർച്ച നടന്നപ്പോൾ തിരിച്ചുവരികയും കോട്ടയം കഥകൾ പോലെ ചിട്ടപ്പെട്ട കഥകൾ കഥകളിയിലേക്ക് തിരിച്ചു വരികയും ഒക്കെ ചെയ്തു. സമ്പൂർണ അവതരണങ്ങൾ പലതും ഇപ്പോൾ കൂടിയാട്ടത്തിലേക്ക് തിരിച്ചു വന്നല്ലോ. എല്ലാവരും സമ്പൂർണ അവതരണങ്ങളിലേക്ക് വന്നു. രാക്ഷസോൽപ്പത്തിയൊക്കെ പൂർണമായി പറയുന്ന വേദികൾ ഉണ്ടാവുന്നു. ഇതിവിടെ നടക്കും. അതേ സമയം മറ്റുകലകളുടെ ഒക്കെ അവസ്ഥ ഇതല്ല. നമ്മൾക്ക് ഒരു വേർതിരിവ് ഉണ്ട്. ചില കലകളെ നമ്മൾ താൽക്കാലികമായി തെരഞ്ഞെടുക്കും.
കപില: ശ്രീചിത്രൻ പറഞ്ഞത് വ്യക്തമായില്ല.
ശ്രീചിത്രൻ: ഉദാഹരണത്തിന്, ഇപ്പോൾ പാലക്കാട്ടുള്ള കണ്യാർകളി ഉത്സവം നടന്നുകൊണ്ടിരിക്കുകയാണ്. ഞാൻ പത്ത് ദിവസത്തോളം കണ്യാർ കാണാനായി പോയിരുന്നു. ഞാൻ അത് കാണുന്നത് ഏകദേശം 15 വർഷത്തിനു ശേഷമാണ്. 15 വർഷത്തിനു മുമ്പുണ്ടായിരുന്ന കണ്യാർ ഏകദേശം പൂർണമായും ഇല്ലാതായിരിക്കുന്നു. പ്രായമായ ആറോ ഏഴോ ആളുകളാണ് അതുപോലെ കണ്യാരിനുവേണ്ടി പാടുന്നത്. ബാക്കിയെല്ലാവരും ശങ്കരാഭരണത്തിലും മധ്യമാവതിയിലുമുള്ള മോഹിനിയാട്ട പദങ്ങളുടെ സ്വഭാവമുള്ള കണ്യാർപാട്ട് പാടുന്നവരായി മാറിയിരിക്കുന്നു. കണ്യാർകളിയുടെ സ്റ്റെപ്പുകൾക്ക് അമിതമായി ശൈലീകരണം വന്നിരിക്കുന്നു. ഇതാണ് കണ്യാറിനെ പ്രോത്സാഹിപ്പിക്കാനുളള മാർഗമെന്ന് നമ്മൾ കണ്ടെത്തിയിട്ടുണ്ട്. സർക്കാരിന് ഫണ്ടുമുണ്ട്.
കപില : പക്ഷേ നമ്മളാണോ തീരുമാനമെടുക്കുന്നത് ? പലപ്പോഴും എനിക്ക് സംശയമുണ്ട്. കാരണമെന്താണെന്നറിയാമോ, ഈ പറഞ്ഞഅനുഭവം എനിക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്. നോക്കുവിദ്യയുടെ കാര്യം പറയുകയാണെങ്കിൽ ഞാൻ പങ്കജാക്ഷിയമ്മയുടെ മരുമകന്റെയും മകളുടെയും കാലഘട്ടം കണ്ടിട്ടുണ്ട്. അവരുടെ ഇളം തലമുറയുടെ കാലഘട്ടം കാണുമ്പോൾ അവർക്ക് ശ്രീചിത്രൻ പറഞ്ഞ പ്രശ്നങ്ങളാണ്. അദ്ദേഹത്തിന് ഗാനമേളക്ക് പോണം. അദ്ദേഹത്തിന്റെ പാട്ട് ശരിക്കും വേറൊരു രീതിയിലായി. പക്ഷേ അവിടെ ആ ഒരു മാറ്റം വരാൻ പാടില്ല എന്ന് നമ്മൾ പുറത്തുനിന്ന് നിർബന്ധിക്കുന്നത് അവരുടെ ജൈവികമായ കർതൃത്വത്തെ നിഷേധിക്കലാണ്. അവിടെയൊരു പ്രശ്നമുണ്ട്. നമുക്ക് പുറമെനിന്ന് പറയാം എന്നേയുള്ളൂ. കഥകളി സംഗീതത്തിൽ ഇന്ന് ഇതേ മാറ്റം സംഭവിച്ചിട്ടുണ്ട്. പക്ഷേ അതിനെ നമ്മൾ ആ തരത്തിൽ കാണാത്തതെന്തുകൊണ്ടാ ?
ശ്രീചിത്രൻ : ശരിയാണ്. അതൊരു ചോദ്യമാണ്. അതാണ് മുൻപേ പറഞ്ഞത്, നാം ചില കലകളെ തെരഞ്ഞെടുക്കുന്നു.
കപില : കൂടിയാട്ടത്തിലും ഇതേമാറ്റം സംഭവിച്ചിട്ടുണ്ട്. വേഷവിധാനത്തിലും മറ്റും. അവിടെയും ചോദ്യം ചെയ്യപ്പെടുന്നില്ല.
ശ്രീചിത്രൻ : അപ്പോൾ ഈ സംരക്ഷണ വാദത്തിലൊരു പ്രശ്നമുണ്ട്. പുള്ളുവൻ പാട്ട് സംരക്ഷിക്കണം. പുള്ളവൻ പാട്ട് എന്നൊരു കലാരൂപം നിലനിന്നിരുന്നത് പുളളുവനും പുള്ളുവത്തിയും വീടുകളിലൂടെ നടന്ന് സഞ്ചരിക്കുകയും വീടുകളിൽ നിന്ന് അരിവാങ്ങിക്കുകയും ചെയ്യുന്ന ഒരുസിസ്റ്റം നിലനിൽക്കുന്ന ഫ്യൂഡൽ വ്യവസ്ഥയ്ക്കകത്താണ്. ഇന്ന് നിങ്ങൾക്ക് ഏതു മനുഷ്യനും പുറത്തുപോയി പണിയെടുത്ത് ദിവസം 1000 രൂപ സമ്പാദിക്കാവുന്ന അവസ്ഥ ഈ കേരളത്തിലുണ്ട്.
ആ നിലയ്ക്ക് നിങ്ങൾ ഏതെങ്കിലും ആൾക്കാരോട് വീടുകളിൽ പോയി ഇരന്ന് അരി വാങ്ങൂ എന്ന് പറയുന്നതിനകത്ത് വലിയൊരു അനീതിയുണ്ട്. എന്നാൽ നിങ്ങൾക്ക് പുള്ളുവൻ പാട്ടിനെ സംരക്ഷിക്കുകയും വേണം. അപ്പോൾ നിങ്ങൾക്ക് ചെയ്യാനാകുന്നത് ഇത് record ചെയ്ത് കുറച്ചാളുകൾ സൂക്ഷിക്കുക എന്നത് മാത്രമായി മാറും. അങ്ങിനെ ആ ഗേയഭാഷ സത്യത്തിൽ മരിക്കും.
നാം എന്ത് ചെയ്താലും മരിക്കും നമുക്കൊന്നും ചെയ്യാൻ പറ്റില്ല. നാളെ അവരോട് വന്ന് എന്റെ വീട്ടിലിരുന്ന് പാടൂ, ഞാനരി തരാം എന്ന് പറയുന്നതിൽ ഒരുനീതിയുമില്ല. പറയാനും പാടില്ല. നാം ഇപ്പുറത്തൊരു സംരക്ഷണം നടത്തുന്നു. സംരക്ഷണം നടത്തുന്നത് നമ്മൾ പണ്ട് ഫ്യൂഡൽ കാലഘട്ടത്തിൽ സംരക്ഷിച്ചുകൊണ്ടുവന്ന ജന്മിത്വത്തിന്റെയൊക്കെ നല്ല ഫലങ്ങളനുഭവിച്ച കലയെ ആണ്. അവയെ നാമിന്ന് ദേശീയവും അന്തർദേശീയവുമായ പണം ഉപയോഗിച്ചു കൊണ്ട് സംരക്ഷിക്കുന്നു. ഇതിനകത്ത് ഒരു പ്രശ്നം ഇല്ലേ എന്നതാണ് പലരും ചോദിക്കുന്ന ചോദ്യം. സത്യത്തിൽ നമ്മൾ ചെയ്യുന്നത് ധാർമികമായി ശരിയാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും, കപില ?
കപില : ഇതത്ര എളുപ്പമുള്ളൊരു ചോദ്യമല്ല. എല്ലാ കാലത്തും കലകൾ തമ്മിലും സംസ്കാരങ്ങൾ തമ്മിലും കൊടുക്കൽ വാങ്ങലുകളുണ്ടായിരുന്നു. അത് പക്ഷേ ജൈവികമായി നടന്നിരുന്നതാണ്. കഥകളിയിലെ ഉടുത്തുകെട്ട് പോർച്ചുഗീസ് സ്ത്രീകളുടെ ഡ്രസ് കണ്ടിട്ടാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിലും പ്രാചീനകാലത്തേക്ക് നോക്കുകയാണെങ്കിൽ ഈ ആശയവിനിമയം നടന്നതിന്റെ വേഗം വളരെ നൈസർഗികമാണ്. അതിലൂടെ എല്ലാ കലകളും തമ്മിൽ കൊടുക്കൽ വാങ്ങലുകളും സ്വാധീനവും എല്ലാ കാലത്തും ഉണ്ടായിരുന്നു. ഇപ്പോഴത്തെ ഒരുഅവസ്ഥ എന്താണെന്നുവെച്ചാൽ അങ്ങേയറ്റം കൃത്രിമമായ രീതിയിലാണ് കലർത്തപ്പെടുന്നത് എന്നതാണ്. നമ്മൾ പല കലകളെ ഒരു പ്ലാറ്റുഫോമിൽ കൊണ്ടു വെയ്ക്കും. എല്ലാവരും അന്യോന്യം കണ്ടിട്ട് ഒരേ സ്റ്റേജിൽ എങ്ങിനെ പല ആവിഷ്കാരം ഉണ്ടാക്കാം എന്നതാണ് നോട്ടം.
ഒരു കഥകളി നടന്റെ പ്രകടനത്തിനൊപ്പം ഒരു കൂടിയാട്ടം നടനെ കൊണ്ടുവരാൻ നിർബന്ധിതമാകുകയാണ്. പല സ്റ്റേജിൽ ഒന്നിച്ച്കൊണ്ട് വെയ്ക്കപ്പെടുമ്പോൾ അതൊരു മൽസരം പോലെയാണ്. ഒരേ സ്റ്റേജിൽ ഈ കലകളെയൊക്കെ കൊണ്ടു വെയ്ക്കുന്ന ഈ സാഹചര്യത്തിൽ ഒരുപാട് മാറ്റങ്ങൾ കലയെ പരിവർത്തനപ്പെടുത്തുന്നുണ്ട് . ആ ഒരുസാഹചര്യത്തിൽ ഇപ്പോഴുള്ളത് ഒരു തരം സങ്കീർണസാഹചര്യമായതുകൊണ്ട് സങ്കീർണം ആയിട്ടുള്ള ഒരുമറുപടി തന്നെയേ ഇതിനു പറ്റുകയുള്ളൂ എന്ന് തോന്നുന്നു.
ശ്രീചിത്രൻ: നമുക്ക് അഭിനയത്തിലേക്ക് വന്നാൽ, കപിലയുടെ ശകുന്തള ഒരു ആദ്യാവസാന വേഷമെന്നുതന്നെ പറയാവുന്ന, പുരുഷ വേഷത്തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന ഒരു വേഷമാണ്. അത്തരം വേഷങ്ങളഭിനയിക്കുമ്പോൾ സ്ത്രീവേഷ പരിമിതികൾ നേരിട്ടതെങ്ങനെയാണ്?
കപില : ശാകുന്തളത്തിൽ ഞങ്ങൾ ശ്രമിച്ചതാണ്. വിക്രമോർവശീയത്തിലും ഊരുഭംഗത്തിലും ഇത്തരം മുൻതീർപ്പുകളെ നേരിട്ട് മുന്നോട്ടു പോകുക എന്നുള്ളതായിരുന്നു ശ്രമം. പൂർണമായിട്ടും ജയിച്ചു എന്ന് പറയാൻ പറ്റില്ല. എന്നാൽ ശകുന്തളയൊക്കെ ചില സന്ദർഭങ്ങളിൽ പ്രാകൃതത്തിനുപകരം സംസ്കൃതം തന്നെ ഉപയോഗിച്ചു. ശരീരത്തിന്റെ പ്രയോഗത്തിലായാലും കഥാപാത്രത്തിന്റെ വ്യാഖ്യാനത്തിലായാലും മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. വിക്രമോർവശീയത്തിൽ പ്രാധാന്യമുള്ള മൂന്നുവേഷങ്ങൾ ആ രീതിയിലായി.
കപില - കൂടെ ഭഗീരഥി പ്രശാന്ത് (ധനഞ്ജയം)
ഊരുഭംഗത്തിൽ നാടകത്തെക്കാൾ സ്വാതന്ത്ര്യമെടുത്താണ് അഭിനയിച്ചിട്ടുളളത്.
ഗാന്ധാരിക്ക് പന്തം പിടിച്ചുള്ള പ്രവേശം വന്നിട്ടുണ്ട്. അത് സ്ത്രീ വേഷത്തിന് സാധാരണമായിട്ടുള്ളതല്ല. അതുപോലെ വിക്രമോർവശീയത്തിൽ ഉർവശിക്ക് കുടയും വെഞ്ചാമരമൊക്കെ ഉപയോഗിച്ചിട്ടുണ്ട്. അതൊക്കെ പതിവ് വിട്ടിട്ടുള്ള മാറ്റങ്ങളാണ് അത്തരം കാര്യങ്ങൾ വരുത്താനുളള ശ്രമങ്ങൾ ഉണ്ട്.
ശ്രീചിത്രൻ: പന്തം പോലുള്ള രംഗോപകരണങ്ങളുടെ ഉപയോഗമൊക്കെ കഥകളിയേക്കാൾ വ്യത്യസ്തമായൊരു ധർമമാണ് കൂടിയാട്ടത്തിൽ നിർവഹിക്കുന്നത്. കഥകളിയെ സംബന്ധിച്ചിടത്തോളം മിക്കയിടത്തും അതൊരു വെളിച്ചം മാത്രമാണ്. പക്ഷേ കൂടിയാട്ടത്തിൽ അങ്ങിനെയല്ല . കൂടിയാട്ടത്തിലെ രംഗോപകരണങ്ങളുടെ ഉപയോഗം പോലുള്ള കാര്യങ്ങൾയഥാർഥത്തിൽ സ്ത്രീ വേഷത്തിന് പരിമിതി നൽകുകയും പുരുഷ വേഷത്തിന് വലിയ സാധ്യതകൾ ആദ്യന്തം നൽകുന്നതായും തോന്നിയിട്ടുണ്ടോ ?
കപില : ആദ്യം തന്നെ എനിക്ക് തോന്നുന്നത് വേഷത്തിലൊരുപാട് പരീക്ഷണം നടത്താമെന്നാണ്.
വേഷത്തിലൊരുമാറ്റം നടത്തുക എന്നത് അത്ര എളുപ്പത്തിൽ സാധ്യമല്ല. എന്റെതന്നെ അനുഭവത്തിൽ എനിക്ക് മനസ്സിലായിട്ടുള്ളൊരുകാര്യം ഇപ്പോഴത്തെ കൂടിയാട്ടത്തിൽ തളയ്ക്കപ്പെട്ടു പോയി ഞാനൊക്കെ. ചെറിയ മാറ്റംപോലും എനിക്ക് വളരെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു.
വേഷത്തിലൊരുമാറ്റം നടത്തുക എന്നത് അത്ര എളുപ്പത്തിൽ സാധ്യമല്ല. എന്റെതന്നെ അനുഭവത്തിൽ എനിക്ക് മനസ്സിലായിട്ടുള്ളൊരുകാര്യം ഇപ്പോഴത്തെ കൂടിയാട്ടത്തിൽ തളയ്ക്കപ്പെട്ടു പോയി ഞാനൊക്കെ. ചെറിയ മാറ്റംപോലും എനിക്ക് വളരെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. അഭിനയത്തിനെ ഒരുതരത്തിലും കോട്ടം വരുത്താത്ത രീതിയിൽ പുതിയ വേഷങ്ങൾ പരീക്ഷിക്കുക എന്നത് നല്ലതാണ്. നല്ല സൗന്ദര്യഭാവനകൾ ഉള്ളവർ അത് വരുത്തണം എന്നുതന്നെയാണ് എന്റെ ആഗ്രഹം. ശക്തമായ കഥാപാത്രങ്ങൾ, വൈവിധ്യവുമാർന്ന കഥാപാത്രങ്ങൾ വേണം.
പലതരത്തിലുളള നായകൻമാരെ നമ്മൾ കാണുന്നുണ്ട്. പക്ഷേ നായികമാർക്ക് പൊതുവേ ഉത്തമ കഥാപാത്രങ്ങളാണ്. ഒരു രാവണനോ ഒരു ബാലിയോ സ്ത്രീയായിട്ടില്ല. ഉള്ള നായികകൾക്കു തന്നെ അവരുടെ പുരുഷ കഥാപാത്രങ്ങളുമായി എങ്ങിനെ ബന്ധപ്പെട്ടുനിൽക്കുന്നു എന്നനിലയിലാണ് അവരുടെ പ്രാധാന്യം. അല്ലാതെ സ്ത്രീകളുടെ വ്യത്യസ്ത വ്യക്തിത്വവിശേഷങ്ങൾ എടുത്ത് നമുക്ക് ഒരുപാട് സാധ്യതകളുണ്ട് . നമ്മൾ അവയൊന്നും പരീക്ഷിച്ചിട്ടില്ല എന്നേയുള്ളൂ. നാടകത്തിലൊക്കെ അത് ഇപ്പോൾത്തന്നെ വളരെയധികം പരീക്ഷിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. അപ്പോൾ നമുക്ക് എളുപ്പമാണ് അത്തരം പരീക്ഷണങ്ങൾ നടത്താൻ. അത്തരം പരീക്ഷണങ്ങൾ ഉണ്ടാകണം. അതിന് വേണ്ടത് ആദ്യം തന്നെ പുതിയ പാഠങ്ങൾ ഉണ്ടാക്കുക എന്നുള്ളതാണ്.
ശ്രീചിത്രൻ : സംസ്കൃത പാഠത്തിനുപുറത്തുള്ള ഭാഷാപാഠങ്ങൾ വരണം എന്നാണോ ആഗ്രഹിക്കുന്നത് ?
കപില: വരാം. ഞാനിപ്പോൾ തമിഴ് പരീക്ഷിക്കുന്നുണ്ട്. പക്ഷേ നമ്മുടെ വാചികാഭിനയത്തിന്റെ രീതിശാസ്ത്രം സംസ്കൃത ഭാഷയ്ക്ക് വേണ്ടി നിർമിക്കപ്പെട്ടതാണ്. അതിൽ മറ്റുഭാഷകൾ സ്തബ്ധമായിപ്പോവും. അങ്ങിനെയൊരു ബുദ്ധിമുട്ടുണ്ട് അതിന്. ഏറ്റവും എളുപ്പമുള്ള മാർഗം സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്യുക എന്നുള്ളതാണ്. ഇനി അതല്ല മറ്റു ഭാഷകളെ നമുക്കിതിലേക്ക് പരീക്ഷിക്കണമെങ്കിൽ എല്ലാ ഭാഷകളും പറ്റിക്കൊള്ളണമെന്നില്ല, എന്നാലും ഏതെങ്കിലും ഭാഷകൾ യോജിച്ചു പോകുമെന്ന് തോന്നുകയാണെങ്കിൽ അതിനനുസരിച്ച് നമ്മൾ നമ്മുടെ വാചികത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടിവരും. ഇതെല്ലാം സാധ്യതകളുള്ള പരീക്ഷണങ്ങളാണ്. ചെയ്യാൻ കഴിയുമെന്നാണ് ഞാൻ വിചാരിക്കുന്നത്. എന്നെക്കൊണ്ട് ചെയ്യാൻ ആവുമോ എന്നെനിക്കറിയില്ല, പക്ഷേ വരുംതലമുറകൾക്കൊരുപാട് ചെയ്യാനുള്ളൊരു കലാരൂപമാണ് കൂടിയാട്ടം.
ശ്രീചിത്രൻ: വീണ്ടും കപിലയുടെ ജീവിതത്തിലേക്ക് വന്നാൽ ഒരുഘട്ടത്തിൽ താൻ ജപ്പാനിൽ പോകുന്നു, ഒരു ഗുരുവിൽനിന്ന് മറ്റൊരു ഗുരുവിലേക്ക് പ്രവേശിക്കുന്നു. വേറെതരം പ്രാക്ടീസുകളിലൂടെയൊക്കെ കടന്നുപോകുന്നു. ഇത്തരത്തിൽമുമ്പ് സഞ്ചരിച്ച പ്രാക്ടീസുകളുടെ വൈവിധ്യം കപിലയെ കൂടുതൽ നവീകരിച്ചുഎന്നാണോ തോന്നുന്നത് ? അതോ കുറെ കാര്യങ്ങളിലേക്ക് തിരിഞ്ഞു പോയി എന്നുതോന്നാറുണ്ടോ ?
- കപില - അമ്മയും നർത്തകിയുമായ നിർമ്മല പണിക്കർക്കൊപ്പം
കപില : എന്നെ പലരും കാണുന്നത് ഒരുപക്ഷേ ഇങ്ങനെ പലതിലേക്ക് തിരിഞ്ഞുപോയ ഒരാൾ ആയിട്ടായിരിക്കാം. എനിക്ക് വളരെ വ്യക്തിപരമായിട്ട് തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ചെയ്തിട്ടുള്ള ഒരുകാര്യംപോലും നഷ്ടമായിട്ട് തോന്നിയിട്ടില്ല. ഞാനൊരു കൂടിയാട്ടം പ്രാക്ടീഷണർ ആണെന്നേ ഞാനെപ്പോഴും പറയാറുള്ളൂ. ഞാനൊരു വിദഗ്ധ ആണെന്നോ പണ്ഡിത ആണെന്നോ ഒന്നും ഞാനൊരിക്കലും അവകാശപ്പെടാറില്ല. കാരണം ഞാൻ കൂടിയാട്ടം ആഭ്യസിച്ചു, എന്റെതായ രീതിയിൽ പ്രാക്ടീസ് ചെയ്യുന്നു. എനിക്ക് തോന്നുന്നത് ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ വിചാരിക്കുന്നു ഒരുപക്ഷേ ജീവിതാവസാനം വരെയും എന്റെ കൈപിടിക്കാനുണ്ടാകുന്നത് ഈയൊരു പ്രാക്ടീസ് തന്നെയായിരിക്കും. അതിലേക്ക് ഞാൻ എന്നെ അത്രയും നിക്ഷേപിച്ചുകഴിഞ്ഞു. അതാണ് എന്റെയൊരു അടിസ്ഥാനമായ നാഡി.
പക്ഷേ വ്യക്തിപരമായി എനിക്ക് അതിന് പുറമേ പല താൽപ്പര്യങ്ങളുണ്ട്. ഞാനിപ്പോൾ മിൻതാന്റെ കൂടെ 5 വർഷത്തോളം അഭ്യസിച്ചു. അദ്ദേഹത്തിന്റെ ഒരുപാട് ജ്ഞാനം ഉണ്ട്. പാരമ്പര്യത്തിന് പുറമേ നിന്നുള്ള ജ്ഞാനം ആണെങ്കിലും എന്റെ പാരമ്പര്യമായിട്ടുള്ള കലാപ്രവർത്തനത്തിന് ഒരുപാട് ബലം നൽകിയത് അതുകൂടിയാണ്.
മറ്റൊരു സംസ്കാരം അല്ലെങ്കിൽ മറ്റൊരു പ്രയോഗവുമായി ബന്ധപ്പെട്ട് എന്നിലേക്ക് തിരിച്ചുവരുമ്പോൾ സ്വന്തം പ്രാക്ടീസിന് ഒരുപാട് പുതിയ വഴികൾ കിട്ടുന്നതായി മാത്രമേ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളൂ. ഞാൻ മോഹിനിയാട്ടം ഒരുപാട് കാലം അഭ്യസിച്ചിട്ടുണ്ട്. അത് എനിക്കെതിരായിട്ട് ഒരുപാട് ആളുകൾ ഉപയോഗിക്കുന്നുണ്ട്.പക്ഷേ ഞാനൊരിക്കലും അങ്ങനെ കാണാൻ താൽപ്പര്യപ്പെടുന്നില്ല. ഞാൻ മോഹിനിയാട്ടം പഠിച്ചിട്ടുണ്ട് കഥകളി പഠിച്ചിട്ടുണ്ട്, കളരിപ്പയറ്റ് പഠിച്ചിട്ടുണ്ട്, ആഫ്രിക്കൻ ഡാൻസ് പഠിച്ചിട്ടുണ്ട്… ഇതെല്ലാം എന്റെ ശരീരത്തിലുണ്ട്. എന്നിട്ടും ഞാൻ കൂടിയാട്ടം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതാണ് ഞാൻ.
ശ്രീചിത്രൻ : അതൊരു നല്ല ഉത്തരമാണ്. മറ്റൊരുകാര്യത്തിലേക്ക് വരാം. കപില കുറേ വർഷങ്ങളായി മോഹിനിയാട്ടം ചെയ്തിട്ടില്ലല്ലോ? അരങ്ങിലെ മോഹിനിയാട്ടം ഏതാണ്ട് അവസാനിപ്പിച്ച് പൂർണമായി കൂടിയാട്ടത്തിലേക്ക് കേന്ദ്രീകരിക്കാൻ കാരണമെന്തായിരുന്നു ?
കപില : അത് സമയത്തിന്റെ വളരെ പ്രായോഗികമായ ഒരു കാര്യമാണ്. കാരണം കൂടിയാട്ടം തന്നെ യഥാർഥത്തിൽ വളരെ വിപുലമാണ്. കഠിനാധ്വാനം വേണം. ഒരുഘട്ടത്തിൽ ഞാൻ ഒരുപാട് പരിപാടികൾക്ക് പോയി വന്നിരുന്ന, സഞ്ചാരത്തിന്റെ ഒരു വഴിയിലായിരുന്നു. അപ്പോൾ രണ്ട് കലകൾ ചെയ്യുന്ന സമ്മർദ്ദം താങ്ങാനാവുന്നില്ല.
രണ്ട് കലാരൂപങ്ങളുടെയും മ്യൂസിക്കാലിറ്റി വ്യത്യസ്തമാണ്. രണ്ട് രൂപങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിൽ ഭയങ്കരമായ പ്രയാസമുണ്ട്. അത് ഞാനൊരു പക്ഷേ പ്രോത്സാഹിപ്പിക്കില്ല. ചിലർക്ക് പറ്റുമായിരിക്കാം, അസാമാന്യ ജീനിയസ് ആയവർക്ക്. എങ്കിലും നല്ല അധ്വാനമാണത്. എന്നുവെച്ച് ഞാനിപ്പോഴും മോഹിനിയാട്ടം പരിശീലിക്കും. എന്റെയൊരു ആഗ്രഹത്തിനു വേണ്ടി. തുടർന്നും അത് ചെയ്യും. പക്ഷേ ഒരു പ്രയോക്താവ് എന്ന നിലയ്ക്ക് രണ്ടിലും നിലനിൽക്കാൻ എന്നെക്കൊണ്ട് പറ്റില്ലായിരുന്നു.
ശ്രീചിത്രൻ : രണ്ട് നൃത്തരൂപങ്ങളിലും ഒരുമിച്ച് നിൽക്കുക എന്നത് പണ്ട് നർത്തകളുടെ ഇടയ്ക്ക് വളരെ സുലഭമായിരുന്നു. യാമിനി കൃഷ്ണമൂർത്തിയൊക്കെ ഒരുകച്ചേരിക്കുതന്നെ കുറച്ചുനേരം കുച്ചിപ്പുടി കളിച്ച് കുറച്ച് കഴിഞ്ഞ് ഭരതനാട്യം കളിയ്ക്കുമായിരുന്നു. അത് സത്യത്തിൽ കലാകാരൻ എന്നനിലയ്ക്ക് മാനസികമായ സംഘർഷമായി തോന്നിയിട്ടുണ്ടോ ? സ്വയം ചിന്തിക്കുമ്പോൾ കൂടിയാട്ടത്തിന്റെ ഭാവുകത്വം പലപ്പോഴും മോഹിനിയാട്ടത്തിൽ പരിശീലനം നടത്തുമ്പോൾ നഷ്ടപ്പെടും എന്നുള്ള ഒരു പ്രശ്നമുണ്ടോ?
കപില : നഷ്ടപ്പെടുമോ എന്നെനിക്കറിയില്ല. അത് വ്യക്തിയെ അനുസരിച്ചിരിക്കും എന്നുതോന്നുന്നു. എനിക്ക് തോന്നുന്നത് ഓരോ കലാരൂപത്തിനും വേണ്ടത് വളരെ ആഴത്തിലുള്ള അതിന്റെ ഒരു തിരിച്ചറിവാണ്. ഇപ്പോൾ മോഹിനിയാട്ടത്തിന്റെ കാര്യമാണെങ്കിൽ ഇത്രയും സമ്പന്നം ആയിട്ടുള്ള ഒരുകലാരൂപത്തെ മനസ്സിലാക്കി പെർഫോമൻസിൽ എത്തിക്കണമെങ്കിൽ ഒരുപാട് അധ്വാനം വേണം. രണ്ടുകലാരൂപത്തിലേക്കും ഈ അധ്വാനത്തെ നാം തിരിച്ചുവിടുമ്പോൾ സ്വാഭാവികമായും അതിന്റെയൊരു പ്രശ്നം ഉണ്ടാകും. പക്ഷേ അതേസമയം ഞാൻ കണ്ടിട്ടുള്ള ഒരു കാര്യമുണ്ട്.
കപില വേണുവും ശ്രീചിത്രനും അഭിമുഖത്തിനിടെ
എനിക്ക് പരിചയമുള്ള ചില കലാകാരൻമാരുണ്ട്. അതിലൊരാൾ എന്റെകൂടെ work ചെയ്തിട്ടുള്ള ആളാണ്. അയാൾ പരീക്ഷണാത്മക നർത്തകൻ ആണ്. പഠനത്തിന്റെ ഭാഗമായിട്ട് അയാൾ ഓരോ നൃത്തരൂപങ്ങൾ പഠിക്കും. കമ്പോഡിയൻ ഡാൻസ് പഠിക്കും,കഥകളി പഠിക്കും. അങ്ങനെ.
കൂടിയാട്ടവും പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിനിപ്പോൾ ഏതാണ്ട് അമ്പതു വയസ്സിൽ കൂടുതലുണ്ട്. അയാൾ പത്തിരുപത് വർഷമായി പലകലാരൂപങ്ങൾ കൈകാര്യം ചെയ്ത് ചെയ്ത് അസാമാന്യമായ ഒരു കഴിവിലെത്തിച്ചേർന്നു.
ശ്രീചിത്രൻ : ഒരുസാമൂഹ്യജീവി എന്നനിലയ്ക്ക് കപില കൃത്യമായി ഇപ്പോൾ നടക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്ന ഒരാളാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് ചോദിക്കുകയാണ്. ഇപ്പോൾ നടക്കുന്നതരം ചർച്ചകളൊക്കെയുണ്ടല്ലോ, ജൻഡറുമായി ബന്ധപ്പെട്ട വിഷയങ്ങൾ, Consent മായി ബന്ധപ്പെട്ട വിഷയങ്ങൾ, സിനിമാ ഫീൽഡിലെ പീഡനങ്ങളുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ ശാസ്ത്രീയകലാമേഖലകളിൽ അങ്ങനെയെന്തെങ്കിലും ഉള്ളതായി തോന്നിയിട്ടുണ്ടോ ?
കപില : എന്താ സംശയം ?
ശ്രീചിത്രൻ : എങ്ങിനെയാണ് ഇതിൽനിന്നൊരു പ്രതിരോധം ഉണ്ടാകേണ്ടത് എന്നാണ് കരുതുന്നത് ?
കപില : മറ്റെല്ലാ മേഖലകളിലുമുള്ളതുപോലെത്തന്നെ നമ്മൾ തിരിച്ചറിവുള്ളവർ ആകുക അതിനെക്കുറിച്ച് സംസാരിക്കുക എന്നതുതന്നെയാണ് പ്രധാനം. ശബ്ദം ഉയർത്തേണ്ട സ്ഥലത്ത് ശബ്ദമുയർത്തുക തന്നെ വേണം.
തുറന്നുകാണിക്കേണ്ട കാര്യങ്ങൾ നമ്മൾ തുറന്നുപറയുകയും വളരെ ബലമുള്ള നിലപാടുകൾ എടുക്കുകയും വേണം എന്നാണ് വിചാരിക്കുന്നത്.
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..