23 December Monday

എം എഫ്‌ ഹുസൈൻ: സംവേദനക്ഷമമാകുന്ന ചിത്രതലങ്ങൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർUpdated: Thursday Jul 25, 2024

‘കല നന്മയാണ്‌. അതിന്റെ ആത്യന്തികലക്ഷ്യം ഒരുമയാണ്‌, പരസ്‌പരവിശ്വാസവും സഹായവുമാണ്‌. അത്‌ സംവേദനക്ഷമമായിരിക്കണം’. മക്‌ബുൽ ഫിദാ ഹുസൈൻ എന്ന എം എഫ്‌ ഹുസൈൻ ചിത്ര‐ശിൽപകലയെക്കുറിച്ച്‌ പറഞ്ഞ വാക്കുകളാണിത്‌. ഈ വാക്കുകളിൽ വിശ്വാസമർപ്പിച്ചാണ്‌ അദ്ദേഹം മാതൃരാജ്യമായ ഇന്ത്യയിൽ ജീവിച്ചത്‌.

സ്വന്തം രാജ്യം തന്റെ ജീവന്‌ സംരക്ഷണം ഉറപ്പു നൽകുന്നതിൽ പരാജയപ്പെട്ടപ്പോൾ പേർഷ്യൻ രാജ്യത്ത്‌ (ഖത്തർ) അഭയം തേടുകയും 2011 ജൂൺ 9ന്‌ വിടപറയുകയും ചെയ്‌തുവെങ്കിലും ഹുസൈന്റെ സൃഷ്ടികളുടെ സാന്നിദ്ധ്യം കൊണ്ട്‌ ഇന്ത്യൻ ചിത്രകലാരംഗം എക്കാലവും സമ്പന്നമാകുന്ന അനുഭവമാണുള്ളത്‌.

അദ്ദേഹം ആവിഷ്‌കരിച്ച നവീന ഭാരതീയ കലാശൈലിയുടെ സ്വാധീനം ഇന്നും ഇന്ത്യയിലെ യുവ കലാകാരർക്ക്‌ പ്രചോദനമേകുന്നു. അതോടൊപ്പം തന്റെ കലാവിഷ്‌കാരങ്ങളിൽ തെളിയുന്ന പൂർണമായ സ്വാതന്ത്ര്യവും ആത്മാർഥതയും എം എഫ്‌ ഹുസൈന്റെ ചിത്രതലങ്ങളിലും പ്രകടമാകുന്നു.

‘നിങ്ങൾ ഗ്രാമത്തിലേക്ക്‌ പോകൂ‐ ജീവിതം കാണൂ, പഠിക്കൂ’‐ എന്ന്‌ ആഹ്വാനം ചെയ്യുന്ന അദ്ദേഹം ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ നിത്യജീവിതം, ദൃശ്യരൂപങ്ങൾ, ഗ്രാമീണ ജീവിത മുഹൂർത്തങ്ങൾ, ഉത്സവാഘോഷങ്ങൾ, പുരാണങ്ങൾ, നാടോടിക്കഥകൾ ഇഴചേരുന്ന പുരാവൃത്തങ്ങൾ എന്നിവയൊക്കെ വിഷയമാക്കിയിട്ടുണ്ട്‌.

ഇവയൊക്കെ തന്റെ കലയ്‌ക്ക്‌ പിൻബലവും പ്രചോദനവുമായിട്ടുള്ളതായി അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്‌. മഹാഭാരതവും രാമായണവും ഏറെ ഇഷ്ടപ്പെടുന്ന പുരാണ ഗ്രന്ഥങ്ങളെന്ന്‌ പറയുന്ന ഹുസൈൻ അതുമായി ബന്ധപ്പെട്ട്‌ പ്രശസ്‌തങ്ങളായ നിരവധി പെയിന്റിങ്ങുകൾ രചിച്ചിട്ടുണ്ട്.

ഭാരതീയ സംസ്‌കാരത്തിന്റെ സ്രോതസ്സുകളായ പുരാണേതിഹാസങ്ങളിലെ രൂപങ്ങളുടെയും ക്ലാസിക്കൽ കലാസങ്കൽപങ്ങളിലെ രൂപവർണ പ്രയോഗങ്ങളുടെയും സ്വാധീനം അദ്ദേഹത്തിന്റെ രചനകളിൽ ദൃശ്യമായിരുന്നു. സമകാലിക വിഷയങ്ങളെക്കൂടി ചേർത്തുകൊണ്ടാണ്‌ ഇത്തരം ചിത്രങ്ങൾ അദ്ദേഹം വരച്ചത്‌.

ലോകത്തിന്റെ വിവിധയിടങ്ങൾ സന്ദർശിച്ച് അവിടത്തെ സാംസ്‌കാരികമായ അടയാളപ്പെടുത്തലുകളെ നമ്മുടെ സംസ്‌കാരവുമായി ചേർത്തുവെച്ചുകൊണ്ട്‌ പുതിയ ചിത്രഭാഷ സ്വരൂപിച്ച ചിത്രകാരനാണ്‌ എം എഫ്‌ ഹുസൈൻ.

ഇന്ത്യയിലും വിദേശത്തും നടത്തിയ യാത്രകളിൽ അവിടങ്ങളിലെ വൈവിധ്യമാർന്ന സംസ്‌കാരങ്ങളെയും ആ സംസ്‌കൃതിയിൽ ജീവിക്കുന്ന മനുഷ്യരെയും ക്യാമറയിലൂടെ ഒപ്പിയെടുക്കുകയും കൂടുതൽ പഠിക്കുകയും ചെയ്യുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു.

ആ പഠനങ്ങളിലൂടെയാണ്‌ ഹുസൈൻ ചിത്രങ്ങളിലെ മുഖ്യമായ ദൃശ്യഘടകം മനുഷ്യ‐മൃഗരൂപങ്ങളാകുന്നത്‌. അവരുടെ ചലനരീതികൾ, അംഗചലനങ്ങളുടെ പ്രത്യേകതകൾ, ഭാവങ്ങൾ എന്നിവ ആവാഹിച്ചുകൊണ്ട്‌ പുതിയൊരു കാഴ്‌ചാനുഭവമായാണ്‌ ആസ്വാദകർക്കു മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്‌.

നാട്യശാസ്‌ത്രത്തിലെ ചില മാതൃകകളുമായി ഇഴചേർത്തുകൊണ്ടുള്ള അമൂർത്തമായ ആവിഷ്‌കാരരീതി അദ്ദേഹം സ്വീകരിക്കുമ്പോഴും ചിത്രങ്ങൾ യഥാതഥമായി നമ്മോട്‌ സംവദിക്കുന്നു. മറ്റൊരർഥത്തിൽ പറയുമ്പോൾ പുരാതന ഭാരതീയ ശിൽപങ്ങളിലെ (ഗുപ്‌തകാലശിൽപങ്ങൾ‐ അജന്ത/എല്ലോറ ചിത്രശിൽപങ്ങൾ) ശരീരഘടന ചലനാത്മകമായി പരിവർത്തനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാരന്പര്യ പ്രതീകങ്ങളിലുള്ള നിശ്ചലാവസ്ഥയെ സമകാലിക ജീവിതത്തിലെ ചലനാവസ്ഥയുമായി സമന്വയിപ്പിച്ചുകൊണ്ടാണ്‌ അദ്ദേഹം തന്റെ ചിത്രങ്ങൾക്ക്‌ രൂപപരിണാമം നൽകിയത്‌. നാടകീയമായ താളബോധത്തോടെ ചിത്രതലത്തിലെ രൂപങ്ങളും ഒപ്പം ചേരുന്നു. സാമൂഹ്യ‐രാഷ്‌ട്രീയ‐സാംസ്‌കാരിക സംഭവങ്ങളെയും വ്യക്തികളെയും തന്റെ കാഴ്‌ചപ്പാടിലൂടെ ക്യാൻവാസിലേക്ക്‌ അദ്ദേഹം ആവാഹിച്ചിട്ടുണ്ട്‌.

മദർ തെരേസയോടുള്ള ആദരവ്‌ പ്രകടമാക്കുന്ന ചിത്രങ്ങൾ, അടിയന്തരാവസ്ഥക്കാല ചിത്രങ്ങൾ, മാധുരി ദീക്ഷിത്‌ ചിത്രങ്ങൾ തുടങ്ങി കേരള സീരീസ്‌, കുതിര പരന്പരകൾ, കൃഷ്‌ണ സീരീസ്‌, ഹനുമാൻ ചിത്രങ്ങളടക്കമുള്ള പരന്പരചിത്രങ്ങൾ എണ്ണമറ്റതാണ്‌.

പ്രതീകങ്ങളായും സൂചകങ്ങളായും വരകളിലൂടെയും വർണങ്ങളിലൂടെയുമാണ്‌ ഹുസൈൻ ചിത്രങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയത്‌. പ്രാഥമിക നിറങ്ങളുടെയും ദ്വിതീയ നിറങ്ങളുടെയും പശ്ചാത്തലത്തിൽ ഊന്നിനിന്നുകൊണ്ടുള്ള പുതിയ നിറക്കൂട്ടുകളിൽ വരഞ്ഞ രൂപങ്ങൾ കാഴ്‌ചക്കാരുടെ മനസ്സിൽ എക്കാലവും വർണാഭമായി തെളിഞ്ഞുനിന്നിരുന്നു.

മറ്റ്‌ പരന്പര ചിത്രങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി കുതിരകളുമായി ബന്ധപ്പെട്ട്‌ നിരവധി ചിത്രങ്ങൾ എം എഫ്‌ ഹുസൈൻ വരച്ചിട്ടുണ്ട്‌. ശക്തി, പൗരുഷം, വേഗം എന്നിവയുടെ പ്രതീകമാകുന്ന ഊർജപ്രവാഹമായിട്ടാണ്‌ അദ്ദേഹം കുതിരകളെ ചിത്രങ്ങളുടെ ഭാഗമാക്കിയത്‌.

രഥം വലിക്കുന്ന കുതിരകൾ, പ്രപഞ്ചത്തിലേക്ക്‌ പായുന്ന പറക്കും കുതിരകൾ, മനുഷ്യരൂപങ്ങൾക്കൊപ്പമുള്ള കരുത്തിന്റെ പ്രതീകമാകുന്ന കുതിരകൾ അങ്ങനെ വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിലാണ്‌ കുതിരകളെ അവതരിപ്പിച്ചിട്ടുള്ളത്‌. ആന്ധ്രാപ്രദേശിലുണ്ടായ കൊടുങ്കാറ്റിന്റെ ഭീകരതകൾ നേരിട്ട മനുഷ്യരെയാണ്‌ ‘കുട’ എന്ന പരന്പരയിലൂടെ അദ്ദേഹം ആവിഷ്‌കരിച്ചത്‌.

1915 സെപ്‌തംബർ 15ന്‌ മഹാരാഷ്‌ട്രയിലെ പാന്ഥർപൂരിലാണ്‌ മക്‌ബുൽ ഫിദാ ഹുസൈന്റെ ജനനം. കുട്ടിക്കാലത്ത്‌ ‘മദ്രസ’യിൽനിന്ന്‌ കാലിഗ്രാഫിയിൽ (ആലങ്കാരികമായി അക്ഷരമെഴുതുന്ന കല) പരിശീലനം നേടി. അക്ഷരങ്ങൾ എഴുതാനുള്ള പരിശീലനത്തിൽ നിന്നാണ്‌ മനുഷ്യരുടെയും മൃഗങ്ങളുടെയും മറ്റു വസ്‌തുക്കളുടേയുമൊക്കെ രൂപങ്ങൾ വരയ്‌ക്കാനാരംഭിക്കുന്നത്‌. അതിൽ ബാലനായ ഹുസൈൻ മിടുക്കു കാണിച്ചു.

കുട്ടിക്കാലത്തുതന്നെ മാതാവ്‌ നഷ്ടപ്പെട്ട ഹുസൈൻ ഒറ്റപ്പെട്ടു. രണ്ടാം വിവാഹം ചെയ്‌ത പിതാവിനൊപ്പമായിരുന്നില്ല ഹുസൈന്റെ ബാല്യകാലം. ദാരിദ്ര്യപൂർണമായ ജീവിതം ബറോഡയിലും ഇൻഡോറിലുമുള്ള മദ്രസകളിലൂടെയായിരുന്നു. വിദ്യാഭ്യാസം തടസ്സപ്പെട്ടു. ഉപജീവനാർഥം തയ്യൽക്കടയിൽ ജോലിക്കുചേർന്നു. അപ്പോഴും ഹുസൈന്‌ ചിത്രരചനയിലായിരുന്നു താൽപര്യം.

തുടർന്ന്‌ ഇൻഡോറിലെ ചിത്രകലാ മഹാവിദ്യാലയത്തിലെ ഈവനിംഗ്‌ ക്ലാസിൽ ചേർന്നു. മൂന്നുവർഷത്തെ കലാപഠനത്തിലൂടെ മുതിർന്ന ചിത്രകാരന്റെ കരവിരുതും വൈദഗ്‌ധ്യവും ആത്മവിശ്വാസവും അദ്ദേഹം നേടി.

1932ൽ പതിനേഴാം വയസ്സിൽ ഇൻഡോറിൽ നടന്ന ചിത്രപ്രദർശനത്തിൽ സ്വർണ മെഡൽ ലഭിച്ചതോടെയാണ്‌ ഹുസൈൻ ചിത്രകലാരംഗത്ത്‌ സജീവമാകുന്നത്‌. പിന്നീട്‌ തൊഴിൽ തേടി മുംബൈയിൽ എത്തുകയും സിനിമാ പോസ്റ്റർ വരയ്‌ക്കുന്ന ജോലി ലഭിക്കുകയും ചെയ്‌തു.

സിനിമയ്‌ക്കായുള്ള ചിത്രങ്ങൾ വരയ്‌ക്കുന്നതിനോടൊപ്പം ക്രിയേറ്റീവ്‌ ആയ ചിത്രങ്ങൾ വരയ്‌ക്കാനും അദ്ദേഹം സമയം കണ്ടെത്തി. മുംബൈയിലെ ചിത്രപ്രദർശനങ്ങളിൽ പങ്കെടുക്കാനും പ്രമുഖ കലാകാരരുമായി സർഗാത്മക സംവാദങ്ങളിൽ ഏർപ്പെടാനും ഹുസൈൻ താൽപര്യം കാണിച്ചിരുന്നു.

1947ൽ ബോംബെ ആർട്‌സ്‌ സൊസൈറ്റി നടത്തിയ പ്രദർശനത്തിൽ പുരസ്‌കാരം നേടിയതോടെയാണ്‌ അദ്ദേഹം കലാരംഗത്ത്‌ അറിയപ്പെടാൻ തുടങ്ങുന്നത്‌. അക്കാലത്ത്‌ പ്രശസ്‌ത ചിത്രകാരന്മാരായിരുന്ന രാസ, അക്‌ബർ പദംസി, സൂസ എന്നിവരുടെ നേതൃത്വത്തിൽ ബോംബേയിൽ പ്രവർത്തിച്ചിരുന്ന പ്രോഗ്രസീവ്‌ ആർട്‌ ഗ്രൂപ്പിൽ ഹുസൈനും അംഗമായി ചേർന്നു.

നവോത്ഥാനകാല കലയിലെ പരിമിതികൾ മറികടന്നുകൊണ്ട്‌ ചിത്രകലയ്‌ക്ക്‌ പുതിയൊരു ദിശാബോധം നൽകാനാണ്‌ ഈ സംഘടനയും ഒപ്പമുള്ള ചിത്രകാരരും ശ്രമിച്ചത്‌. പാശ്ചാത്യ കലാരംഗത്തുണ്ടാകുന്ന കലാപ്രവണതകൾക്ക്‌ സമാനമായ നവീനമായ കലാസങ്കേതങ്ങൾ ഇവർ സ്വന്തം രചനകളിലൂടെ ആവിഷ്‌കരിച്ചു.

ഗാന്ധിയുടെ മരണം

ഗാന്ധിയുടെ മരണം

ക്യൂബിസത്തിെന്റെയും സർറിയലിസത്തിന്റെയും എക്‌സ്‌പ്രഷനിസത്തിന്റെയും അടയാളപ്പെടുത്തലുകളെ പുതിയൊരു കാഴ്‌ചയായി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്‌തമായ അവതരണരീതിയോടെ, മനുഷ്യരൂപങ്ങളെ ശക്തിയുള്ള രേഖകൾക്കുള്ളിൽ ആവാഹിച്ചവതരിപ്പിച്ച വിശാലമായ ചിത്രതലങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ. രൂപങ്ങൾ പ്രതീകങ്ങളായും ചില അടയാളങ്ങളുമായിട്ടാണ്‌ വിഷയങ്ങളുമായി സംവദിച്ചിരുന്നത്‌.

രേഖാവിന്യാസത്തിലും രൂപങ്ങളുടെ ഇഴചേരലിലും ഔചിത്യബോധത്തോടെയുള്ള വർണപ്രയോഗത്തിലും ഹുസൈൻ ചിത്രങ്ങൾ ഇന്ത്യൻ ചിത്രകലയുടെ ഭാഗമാകുകയും കൂടുതൽ ശ്രദ്ധേയമാകുകയും ചെയ്‌തു.

പിന്നീടുള്ള അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളിൽ പ്രതീകാത്മക ചിഹ്നങ്ങളും അക്ഷരങ്ങളും മനുഷ്യ‐മൃഗരൂപങ്ങളും താളക്രമത്തിൽ വിന്യസിക്കപ്പെടുന്ന വർണങ്ങളും ശിൽപസമാനമായ കനമുള്ള രേഖകളിലൂടെയുള്ള രൂപങ്ങളും അവയുടെ ചലനങ്ങളും (പ്രത്യേകിച്ച്‌ സ്‌ത്രീരൂപങ്ങളുടെ) ഇന്ത്യൻ ക്ലാസിക്കൽ, നാടൻ കലാധാരകളുടെ ശക്തിയാവാഹിച്ചവയെന്ന്‌ കാണാം. ഈയൊരു സഞ്ചാരവഴിയിലൂടെയാണ്‌ വിഖ്യാത ചിത്രകാരനായി എം എഫ്‌ ഹുസൈൻ ലോകശ്രദ്ധയിൽപെടുന്നത്‌.

ഏഴ്‌ പതിറ്റാണ്ടു നീണ്ട കലാസപര്യക്ക്‌ പത്മശ്രീ, 1973ൽ പത്മഭൂഷൺ, 1989ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇത്രയൊക്കെ ആദരവുകൾ അദ്ദേഹത്തിനു നൽകിയെങ്കിലും ഈ കലാകാരന്റെ ജീവന്‌ സംരക്ഷണം നൽകാൻ നമ്മുടെ ഭരണകൂടത്തിന്‌ കഴിഞ്ഞില്ല. 2006ൽ ഹുസൈന്റെ ചിത്രങ്ങൾ അഹമ്മദാബാദിലെ ഗ്യാലറിയിൽ പ്രദർശിപ്പിക്കുമ്പോൾ ഒരുസംഘം വർഗീയവാദികൾ ചിത്രങ്ങൾ നശിപ്പിക്കുന്ന സാഹചര്യമുണ്ടായി.

1976ൽ വരച്ച സരസ്വതി പരന്പരയിലെ ചിത്രത്തിൽ ദേവിയെ നഗ്നയായി ചിത്രീകരിച്ചുവെന്ന കാരണം പറഞ്ഞായിരുന്നു ആക്രമണം. ആ ചിത്രപരന്പരയിലെ നാടൻകല‐ഗോത്രകല എന്നിവയുടെ സ്വാധീനത്തെക്കുറിച്ച്‌ എം എഫ്‌ ഹുസൈൻ വിശദീകരിച്ചുവെങ്കിലും മതമൗലികവാദികൾ അദ്ദേഹത്തിനെതിരെയുള്ള ആക്രമണം തുടർന്നു.

അദ്ദേഹത്തിനെതിരെ കോടതിയിൽ കേസുകളും നൽകി. രാജ്യത്തെ കലാലോകം മുഴുവൻ ഹുസൈന്‌ പിന്തുണ പ്രഖ്യാപിക്കുകയും ആക്രമണത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. കേരള സർക്കാർ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ രാജാരവിവർമ പുരസ്‌കാരം എം എഫ്‌ ഹുസൈന്‌ പ്രഖ്യാപിച്ചുവെങ്കിലും അത്‌ വാങ്ങാൻപോലും അദ്ദേഹത്തെ മതതീവ്രവാദികൾ അനുവദിച്ചില്ല.

കലാകാരന്റെ അന്തസും ആത്മാഭിമാനവും ചോദ്യംചെയ്യുന്ന ഈയൊരവസ്ഥയിലാണ്‌ അദ്ദേഹം ഖത്തറിൽ അഭയം തേടിയത്‌. തുടർന്ന്‌ ഖത്തർ ഭരണകൂടം അദ്ദേഹത്തിന്‌ പൗരത്വം നൽകുകയും ഹുസൈൻ സജീവ ചിത്രരചന തുടരുകയും ചെയ്‌തു. ഉണങ്ങാത്ത ബ്രഷും ചലനാത്മകമായ രൂപങ്ങളും 96‐ാം വയസ്സിൽ അദ്ദേഹം കലാലോകത്തോട്‌ വിടപറയുന്നതുവരെ ഒപ്പമുണ്ടായിരുന്നു.

 

 ചിന്ത വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top