വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകൾക്ക് അരങ്ങിലും അഭ്രപാളിയിലും മനോഹരമായ ദൃശ്യഭാഷ ചമച്ചിട്ടുള്ള കലാകാരനാണ് പ്രമോദ് പയ്യന്നൂർ. തൊണ്ണൂറുകളുടെ അവസാനം ക്യാമ്പസ് തിയറ്ററുകൾക്കായി മതിലുകൾ സംവിധാനം ചെയ്‌തായിരുന്നു തുടക്കം. അതിന്റെ വിസ്‌തരിച്ചുള്ള അവതരണം പിന്നീട് കലാ വിദ്യാർഥികളുടെ ആദ്യ സംസ്ഥാനസംഗമത്തിലും പാലക്കാട് സ്വരലയയുടെ വേദികളിലും കണ്ടു. കൈരളി ടിവിയിൽ ടെലിഫിലിമായും സൂര്യ ഫെസ്റ്റിൽ നാടകമായും അവിസ്‌മരണീയമാക്കി ബഷീറിന്റെ എന്റെ തങ്കം. മുച്ചീട്ടുകളിക്കാരന്റെ മകൾമുതൽ പ്രധാന രചനകൾ. മൂന്നു മണിക്കൂർ നീണ്ട മൾട്ടിമീഡിയ അവതരണവും ബഷീറിന്റെ ജീവിതത്തെയും രചനകളെയും ആസ്‌പദമാക്കിയുള്ള രണ്ടു ഡോക്യുമെന്ററികളും വേറെയുണ്ട്. ബാല്യകാല സഖിയുടെ ചലച്ചിത്രാവിഷ്‌കാരംവരെ നീണ്ട പ്രമോദിന്റെ ബഷീർ കലാസപര്യക്ക് ഏറ്റവുമൊടുവിൽ വേദിയായത് അമേരിക്കയിലെ സിയാറ്റിലും ന്യൂജേഴ്‌സിയുമാണ്. മതിലുകളും മറ്റു ചില രചനകളും ചേർത്തിണക്കിയ ‘മതിലുകൾക്കപ്പുറം’ എന്ന നാടകം നാടകാസ്വാദകർക്ക് മറക്കാനാകാത്ത രംഗാനുഭവമാണ് സമ്മാനിച്ചത്.
രണ്ടുമാസം തുടർച്ചയായി ഓൺലൈനിലും 10 ദിവസം അമേരിക്കയിൽ ക്യാമ്പ് ചെയ്‌തും അഭിനേതാക്കളെ പരിശീലിപ്പിച്ചാണ് അരങ്ങേറ്റിയത്. ആർട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (അല)യുടെ ഫെസ്റ്റിവലിനോട് അനുബന്ധിച്ചായിരുന്നു നാടകാവതരണം. പ്രമോദ് തന്നെയാണ് സ്‌ക്രിപ്‌റ്റ്. ജയിൽവാസകാലത്ത് മതിലിനപ്പുറം പെൺജയിലിൽനിന്ന് ബഷീർ കേട്ടും ഗന്ധിച്ചും അറിഞ്ഞ നാരായണിയെയാണ് മതിലുകൾക്കപ്പുറം നാടകക്കാരൻ തെരയുന്നത്. ഇനി ന്യൂജേഴ്‌സിയിലെ അവതരണത്തിന് സാക്ഷിയായ എഴുത്തുകാരൻ എതിരൻ കതിരവന്റെ വാക്കുകൾ: ‘കഥയിൽ നാരായണി അദൃശ്യയാണെങ്കിൽ ഇവിടെ നാടകക്കാരൻ നാരായണിയെ കണ്ടെത്തുകയാണ്. സ്വന്തം തനിമ തേടുന്ന നാരായണിയെ. ബഷീർ ജയിലിൽനിന്ന് വിടുതലായതോടെ മുണ്ടും ജുബ്ബയും ധരിച്ച് സ്വതന്ത്രലോകത്തേക്ക് പോകുന്നു. മതിലുകൾക്കപ്പുറം ഒറ്റപ്പെട്ടുപോയ നാരായണിയിലേക്ക് എത്തിനോക്കാനാണ് നാടകക്കാരൻ നമ്മെ പ്രേരിപ്പിക്കുന്നത്. അവിടെ ബഷീറിനോടുള്ള പ്രേമത്താൽ പരവശയായ നാരായണി മതിലുകൾക്കപ്പുറമുള്ള യാഥാർഥ്യമാണെന്ന് സുന്ദര നാടകീയ രംഗങ്ങളാൽ നമ്മെ ബോധ്യപ്പെടുത്തുകയാണ് പ്രമോദ് പയ്യന്നൂർ.’ എനിക്ക് കരച്ചിൽ വരുന്നു എന്ന വാക്യം പലതവണ വായിച്ചിട്ടുണ്ടെന്നും കെപിഎസി ലളിതയുടെ ശബ്ദത്തിൽ കേട്ടിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴാണ് അതുകേട്ട് കരച്ചിൽ വന്നതെന്നുമാണ് നാടകം കാണാനുണ്ടായിരുന്ന സുനിൽ പി ഇളയിടം കുറിച്ചത്. ബഷീറിനോട് ഒരു വാക്ക്. ഭൂമിയുടെ മറുപുറത്തും നാരായണിയുടെ തേങ്ങലിൽ എന്റെ കണ്ണുനീര് പൊട്ടി എന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് (അലയുടെ ക്ഷണം സ്വീകരിച്ച് അമേരിക്കയിലെത്തിയ സംഘത്തിൽ ചുള്ളിക്കാടും സുനിൽ പി ഇളയിടവും ഉണ്ടായിരുന്നു).
നാടകപാഠം രംഗത്ത് അവിസ്‌മരണീയമാക്കിയ അഭിനേതാക്കളെല്ലാം അമേരിക്കയിൽ സ്ഥിരതാമസക്കാരായ മലയാളികളായിരുന്നു. ഓൺലൈൻ ഓഡിഷനിലൂടെയായിരുന്നു കാസ്റ്റിങ്. ആദ്യ രണ്ടുമാസം ഓൺലൈനിൽത്തന്നെ നാടക പരിശീലനം. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്നവർ സ്‌പ്ലിറ്റ് സ്ക്രീനിലൂടെ ഒരേസമയം സംവിധായകനുമായി മുഖാമുഖം വന്നു. അരങ്ങിലും അഭിനയകലയിലും മുന്നനുഭവങ്ങൾ ഇല്ലാത്തവരായിരുന്നു കൂടുതൽ. എന്നിട്ടും ബഷീർ പ്രപഞ്ചത്തെ ഹൃദയത്തിലും ശരീരത്തിലും പകർത്തി അവർ അതിവേഗം അരങ്ങിലലിഞ്ഞു. അവസാന പത്തുദിവസം മാത്രമാണ്, അമേരിക്കയിലുണ്ടായിരുന്ന പ്രമോദ് പയ്യന്നൂരിൽനിന്ന് അഭിനേതാക്കൾ നേരിൽ നാടകമറിഞ്ഞത്.
ബഷീറിനെന്നപോലെ നാടകവും സംഗീതത്തിന് പ്രധാനസ്ഥാനമാണ് നൽകിയിട്ടുള്ളത്. രമേശ് നാരായണനാണ് സംഗീതം നിർവഹിച്ചത്. കുമാരനാശാൻ, ചങ്ങമ്പുഴ, ഒ എൻ വി എന്നിവരുടെ കവിതകളും സൂഫി, ഹിന്ദുസ്ഥാനി സംഗീതവും ലതാമങ്കേഷ്‌കർ, പങ്കജ് മല്ലിക്, സൈഗാൾ എന്നിവരുടെ ഗാനങ്ങളും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ സമൃദ്ധമായി കടന്നുവരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..