പോർവിമാനങ്ങൾ ഇരമ്പുന്ന ആകാശത്തിനു താഴെ, രാപ്പകൽ വ്യത്യാസമില്ലാതെ ശത്രുസൈന്യത്തിന്റെ ഡ്രോണുകളുടെ മുഴങ്ങുന്ന നിരീക്ഷണത്തിനു കീഴിൽ, എങ്ങനെയാണു കലാകാരർ ജീവിക്കുന്നതും, ദുസ്സാദ്ധ്യമെന്ന് നമുക്കെല്ലാം തോന്നുന്ന ഇരുൾ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ആത്മാവിഷ്കാരം നടത്താൻ ശ്രമിക്കുന്നതെന്നും കണ്ടറിയാനുള്ള അന്വേഷണത്തിന്റെ ഭാഗമായി, ഫ്രഞ്ച് ദിനപ്പത്രമായ ‘ലെ ഹ്യുമാനിത്തെ,’ (ദി ഹ്യൂമാനിറ്റി അഥവാ‘മനുഷ്യവംശം’), അലി ഷഹരൂരുമായി സംവദിച്ചുകൊണ്ടിരുന്നു. ഒക്ടോബർ മാസം മുഴുവൻ നടന്ന ആ സംവാദത്തിനിടയിൽ, അലി ബെയ്റൂട്ടിൽനിന്ന് അയച്ചുകൊടുത്ത ശബ്ദസന്ദേശങ്ങളിലൂടെ, ബോംബുകൾക്കു താഴെ ഒരു കലാകാരന്റെ ദിനരാത്രങ്ങളെപ്പറ്റി പത്രപ്രവർത്തകനായ സാമുവൽ ഗ്ലെയ്സെ എസ്തെബാൻ തയ്യാറാക്കിയ കുറിപ്പ്.
2024 ഒക്ടോബർ മാസത്തിൽ, ബെയ് റൂട്ട് നഗരത്തിനു മുകളിൽ ഇസ്രായേലിന്റെ ഫൈറ്റർ ജെറ്റുകൾ തീമഴ പെയ്യിച്ചു കൊണ്ടിരുന്നപ്പോൾ, അലി ഷഹ് റൂർ എന്ന മുപ്പത്തിനാലുകാരനായ ലബനീസ് നർത്തകൻ, അടുത്തമാസം പാരീസിലെ തിയേറ്റർ ദു ലി ബാസ്റ്റൈലിൽ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടിയവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അലി കോറിയോഗ്രാഫ് ചെയ്ത
ദ് ലവ് ബിഹൈൻഡ് മൈ ഐസ് (
The Love Behind My Eyes – എന്റെ മിഴികൾക്കു പുറകിലുള്ള പ്രണയം) എന്ന ആ രംഗാവതരണം, രണ്ടു പുരുഷന്മാർ തമ്മിലുള്ള ദുരന്തപ്രണയത്തിന്റെ കഥയാണ്.
“ഞങ്ങൾ ജീവനോടെയിരിക്കുന്നുണ്ടെങ്കിൽ, ബെയ്റൂട്ട് വിമാനത്താവളം അപ്പോഴും പ്രവർത്തനക്ഷമമാണെങ്കിൽ, അടുത്ത മാസം പാരീസിൽ ദ് ലവ് ബിഹൈൻഡ് മൈ ഐസ് അരങ്ങേറും” എന്ന് അലി ഷഹ് രൂർ സാമൂഹ്യമാധ്യമങ്ങളിൽ അറിയിച്ചിരുന്നു ഒക്ടോബറിൽ.
പോർവിമാനങ്ങൾ ഇരമ്പുന്ന ആകാശത്തിനു താഴെ, രാപ്പകൽ വ്യത്യാസമില്ലാതെ ശത്രുസൈന്യത്തിന്റെ ഡ്രോണുകളുടെ മുഴങ്ങുന്ന നിരീക്ഷണത്തിനു കീഴിൽ, എങ്ങനെയാണു കലാകാരർ ജീവിക്കുന്നതും, ദുസ്സാദ്ധ്യമെന്ന് നമുക്കെല്ലാം തോന്നുന്ന ഇരുൾ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ആത്മാവിഷ്കാരം നടത്താൻ ശ്രമിക്കുന്നതെന്നും കണ്ടറിയാനുള്ള ഒരന്വേഷണത്തിന്റെ ഭാഗമായി, ഫ്രഞ്ച് ദിനപ്പത്രമായ ‘ലെ ഹ്യുമാനിത്തെ,’ (ദി ഹ്യൂമാനിറ്റി അഥവാ‘മനുഷ്യവംശം’), അലി ഷഹരൂരുമായി സംവദിച്ചുകൊണ്ടിരുന്നു.
ഒക്ടോബർ മാസം മുഴുവൻ നടന്ന ആ സംവാദത്തിനിടയിൽ, അലി ബെയ്റൂട്ടിൽനിന്ന് അയച്ചുകൊടുത്ത ശബ്ദസന്ദേശങ്ങളിലൂടെ, ബോംബുകൾക്കു താഴെ ഒരു കലാകാരന്റെ ദിനരാത്രങ്ങളെപ്പറ്റി പത്രപ്രവർത്തകനായ സാമുവൽ ഗ്ലെയ്സെ എസ്തെബാൻ തയ്യാറാക്കിയ കുറിപ്പാണു ചുവടെയുള്ളത്.
യുദ്ധമാരംഭിച്ചതിനു ശേഷം, എനിക്ക് സ്വപ്നം കാണാൻ കഴിയാതായിരിക്കുന്നു
ലബനീസ് കൊറിയോഗ്രാഫർ അലി ഷഹരൂരിന്റെ ഡയറി.
തയ്യാറാക്കിയത് – സാമുവൽ ഗ്ലെയ്സെ എസ്തെബാൻ
ഒക്ടോബർ മാസത്തിലുടനീളം ഞങ്ങൾ അലി ഷഹ് രൂരുമായി സംസാരിച്ചു കൊണ്ടിരുന്നു. ലബനീസ് നർത്തകനും കൊറിയോഗ്രാഫറുമായ അലി ഷഹ് രൂർ, ബോംബുകളുടെ നരകവർഷത്തിനിടയിൽ നിന്ന്, നവംബർ 5 മുതൽ 8 വരെ പാരീസിലെ തിയേറ്റർ ദു ലാ ബാസ്റ്റൈലിൽ, ദ് ലവ് ബിഹൈൻഡ് മൈ ഐസ് എന്ന രംഗാവതരണം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയായിരുന്നു.
പല ദിവസങ്ങളിലായി അലി ഞങ്ങൾക്കയച്ചുകൊണ്ടിരുന്ന വോയിസ് മെസേജുകളിൽനിറഞ്ഞുനിൽക്കുന്ന ഡ്രോണുകളുടെ ഇരമ്പൽ ഞങ്ങൾ കേട്ടുകൊണ്ടിരുന്നു. “ബെയ്റൂട്ടിൽ എല്ലാ ദിവസവും, ഇരുപത്തിനാലു മണിക്കൂറും, ഇങ്ങനെയാണ്,” അലി പറഞ്ഞു.
വെറുപ്പോ വൈരാഗ്യമോ ഇല്ലാതെ, എന്നാൽ ഉള്ളിലൂറിക്കൂടുന്ന രോഷത്തോടെ, ലബനീസ് സാംസ്കാരികരംഗത്തെ ശ്രദ്ധേയനായ ഈ യുവകലാകാരൻ, ഭാവിയെപ്പറ്റി സങ്കല്പിക്കാൻ പോലുമാകാതായതിനെപ്പറ്റി പറയുകയായിരുന്നു.
ഒക്ടോബർ 3.
പരമാവധി എല്ലാ ദിവസവും ഞാൻ ഹോഷ് ബെയ്റൂട്ടിൽ (ബെയ്റൂട്ട് നഗരത്തിന് നടുക്കുള്ള വിശാലമായ പാർക്ക്) ഓടാൻ പോകുന്നുണ്ട്. എന്തെങ്കിലും വ്യായാമം ചെയ്തുകൊണ്ടിരിക്കുന്നത് മനസ്സിനെ ശാന്തമാക്കിവെയ്ക്കാൻ സഹായിക്കുമല്ലൊ.
ഇന്ന് വീട്ടിൽ തിരിച്ചെത്തി, ഏതാനും മിനിറ്റ് കഴിഞ്ഞതേയുള്ളൂ, എന്റെ പൂച്ചകൾ ഫ്ലാറ്റിൽ കിടന്ന് പരക്കം പാഞ്ഞുതുടങ്ങി. സ്ഫോടനമുണ്ടാക്കുന്ന വായുമർദ്ദം ശരീരമാസകലം അനുഭവപ്പെട്ടു. നിലം കുലുങ്ങിവിറയ്ക്കുന്നുണ്ട്, വാതിലുകൾ ആഘാതത്തിൽ താനെ തെറിച്ചു തുറക്കുന്നു. വിവരിക്കാനാവാത്തത്ര ഭീകരമായ ശബ്ദം. ഏതാണ്ട് ഒരു മിനിറ്റോളം നീണ്ടുനിന്നു ഇതൊക്കെ.
സ്ഫോടനത്തിന്റെ ശബ്ദാഘാതം ശരീരത്തിലും, നെഞ്ചിനകത്തും കിടന്ന് അലയടിച്ചുകൊണ്ടിരുന്നു. ഒരഞ്ചു മിനിറ്റോളം ഞാൻ ഇരുന്നിടത്തു തന്നെ അനങ്ങാതെയിരുന്നു, എന്നിട്ട് ഫോണെടുത്ത് വീട്ടുകാരെയും, സുഹൃത്തുക്കളെയും വിളിക്കാൻ തുടങ്ങി. എല്ലാവരും സുരക്ഷിതരാണ്, പക്ഷേ വല്ലാതെ ഭയപ്പെട്ട അവസ്ഥയിൽ.
ഇപ്പോഴിപ്പോൾ, ഞങ്ങൾ ബോംബ് വിദഗ്‌ധരായിക്കഴിഞ്ഞിട്ടുണ്ട്. ശബ്ദവും ശക്തിയും കൊണ്ടറിയാം, എന്താണവർ ലക്ഷ്യം വയ്ക്കുന്നതെന്ന്, കെട്ടിടങ്ങളാണോ, അതോ, ഭൂമിക്കടിയിലുള്ള തുരങ്കങ്ങളാണോ എന്നൊക്കെ. അന്ന് അവർ കൊന്നത് ഹാഷെം സഫിയുദ്ദീനെയായിരുന്നു, ഹസ്സൻ നസറള്ളയുടെ നിയുക്ത പിൻഗാമി.
ഒക്ടോബർ 9.
ഈരണ്ടു ദിവസത്തിലൊരിക്കൽ പതിവുള്ളതു പോലെ ഞാൻ ബെയ്റൂട്ടിനു തെക്കുള്ള ഖാൽദെയിലേക്ക് പോയി, അമ്മയെയൂം സഹോദരിമാരെയും സന്ദർശിക്കാൻ. അവരും ഞാനും രണ്ടുതരത്തിൽ ചിന്തിക്കുന്നവരാണ്, ഞങ്ങളുടെ രാഷ്ട്രീയാഭിപ്രായഭിന്നതകൾ പലപ്പോഴും വഴക്കിലെത്തും.
യുദ്ധം തുടങ്ങിയതിനു ശേഷം, ഞങ്ങൾക്ക് പല കാര്യങ്ങളിലും യോജിപ്പിലെത്താൻ പറ്റാറില്ല. കാര്യങ്ങൾ ഇത്രത്തോളം മോശമാകില്ല എന്നായിരുന്നു അവർ വാദിച്ചുകൊണ്ടിരുന്നത്. ഞാനവരോട് വീണ്ടും വീണ്ടും പറഞ്ഞു, ഞാൻ പറയുന്നത് അവർ വിശ്വസിക്കണമായിരുന്നെന്ന്.
സാധാരണഗതിയിൽ, കാര്യങ്ങളെങ്ങനെയായിരുന്നാലും, അമ്മയുടെ വീട്ടിലെപ്പോഴും നല്ല രുചിയുള്ള വിഭവങ്ങൾ ധാരാളമുണ്ടാവും, കഴിക്കാനെന്താണ് എന്നതിനെപ്പറ്റിയാവും എപ്പോഴും ചെന്നു കയറുമ്പോൾ വർത്തമാനം തുടങ്ങുന്നതു തന്നെ.
ചിലപ്പോൾ ഞങ്ങളെല്ലാവരും ഒരുമിച്ച് പാചകം ചെയ്യും. ഇപ്പോൾ പക്ഷേ, കാര്യങ്ങൾ കൂടുതൽ വിഷമകരമാവുകയാണ്, പലപ്പോഴും എനിക്കു തോന്നുന്നു, അവരെച്ചൊല്ലി ഞാനെന്തുമാത്രം ആകുലപ്പെടുന്നുവെന്നത് അവർക്ക് തീരെ മനസ്സിലാകുന്നില്ലെന്ന്.
ഇക്കുറി എനിക്ക് ശരിക്കും കലിവന്നു. അവർക്കുവേണ്ടി ഒന്നും ചെയ്യാനാകാതെ ഞാൻ പേടിച്ച് ചാവാറായതിനു കാരണക്കാർ അവരു തന്നെയാണെന്നു പറഞ്ഞ് ഞാൻ അമ്മയെയും സഹോദരിമാരെയും കുറ്റപ്പെടുത്തി. അവരാണെങ്കിൽ ഒരേ വാശിയിൽത്തന്നെ: “ഞങ്ങളിവിടെത്തന്നെ ജീവിക്കും, ഇവിടെത്തന്നെ മരിക്കും, എന്തു സംഭവിച്ചാലും വേണ്ടില്ല.”
ഒക്ടോബർ 11.
ഇന്നലെ രാത്രി ബെയ്റൂട്ടിന്റെ ഒത്ത നടുക്ക് രണ്ടു വട്ടമാണ് ഇസ്രായേലിന്റെ വിമാനങ്ങൾ ബോംബിട്ടത്. ഏതാണ്ട് ഇരുപതുപേർ കൊല്ലപ്പെട്ടു, പരിക്കു പറ്റിയവർ നൂറിലധികം വരും.
തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ പകച്ച രണ്ട് ക്ഷീണിതരായ മനുഷ്യർ തെരുവുകളിൽ അലഞ്ഞുനടക്കുന്നു, എന്തുചെയ്യണമെന്നറിയാതെ, എങ്ങോട്ടു പോകണമെന്നറിയാതെ. പലരും കിടക്കകൾ ചുമന്നു നടക്കുന്നുണ്ട്, കിടന്നുറങ്ങാൻ സുരക്ഷിതമായ ഏതെങ്കിലുമൊരു സ്ഥലം തേടിക്കൊണ്ട്. എന്റെ നഗരം ഇന്നുവരെ ഇതുപോലെ കാണപ്പെട്ടിട്ടില്ല.
ഒക്ടോബർ 12.
ഇന്നെനിക്കു മനസ്സിലായി, യുദ്ധം തുടങ്ങിയതിൽപ്പിന്നെ എനിക്ക് എഴുതാനോ, നൃത്തം ചെയ്യാനോ, സ്വപ്നം കാണാനോ സാധിക്കുന്നില്ലെന്ന്. കാരണം മറ്റൊന്നുമല്ല, നാളെ ഞാനെവിടെയായിരിക്കുമെന്ന്, എങ്ങനെയായിരിക്കുമെന്ന്, സങ്കല്പിക്കാൻ എനിക്കിപ്പോൾ കഴിയുന്നില്ല.
എന്നിട്ടും ഞാൻ അത്യാവശ്യം ചില ഇ മെയിലുകൾക്ക് മറുപടിയയക്കുന്നുണ്ട്. ഏറ്റവും വിചിത്രമായ വസ്തുത: ഞാൻ 2026ലും 2027ലുമൊക്കെയുള്ള ടൂർ തീയതികൾ പ്ലാൻ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, പക്ഷേ, അടുത്ത ഒരു മണിക്കൂറിനുള്ളിൽ എനിക്കെന്തു സംഭവിക്കുമെന്ന് എനിക്കു തന്നെ അറിയില്ല.
ഒക്ടോബർ 15.
ഇന്ന് കാഫ എന്ന എൻജിഒയുമായി ഒരു കൂടിക്കാഴ്ചയുണ്ട്. ‘കഫാല’ സമ്പ്രദായത്തിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളായ വീട്ടുജോലിക്കാരെ സഹായിക്കുന്ന എൻജിഒ ആണത്. സഹാറ മരുഭൂമിയ്ക്കുചുറ്റുമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഈ സ്തീകളധികവും. ബെയ്റൂട്ടിലെ സമ്പന്നഗൃഹങ്ങളിലെ ജോലിക്കാരായ ഇവർ ഏതാണ്ട് അടിമപ്പണിക്കാരാണ്. വല്ലാത്ത ദുരന്തകഥകളാണവരുടേത്.
യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, അവരെ ജോലിക്കു വെച്ചിരുന്ന യജമാനന്മാരെല്ലാം രായ്ക്കുരാമാനം നേരെ യൂറോപ്പിലേക്കും ഗൾഫിലേക്കും സ്ഥലം വിട്ടു. ഈ പാവം സ്ത്രീകളോട് ഒരു വാക്കുപോലും പറയാതെ, എന്തുചെയ്യണമെന്ന് അവർക്ക് ഒരു നിർദ്ദേശവും കൊടുക്കാതെ.
വീട്ടിനകത്തെ ഫർണീച്ചറുകൾക്കൊപ്പം അവർ ബോംബുകൾക്ക് താഴെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. അവർക്ക് പോകാനൊരിടവുമുണ്ടായിരുന്നില്ല. എന്താണു സംഭവിക്കുന്നതെന്നു പോലും അവർക്ക് മനസ്സിലായില്ല.
ഒരുപിടിയുമില്ലാതെ എങ്ങനെയൊക്കെയോ അവർ നഗരത്തിലെത്തി, കോർണിഷിൽ (ബെയ്റൂട്ടിലെ കടലിന്നഭിമുഖമായുള്ള നടപ്പാത) അഭയം തേടി. പലരും കടൽ കാണുന്നതു തന്നെ ആദ്യമായിട്ടായിരുന്നു. സമുദ്രത്തിനു നേരെ മുന്നിൽ അഭയാർത്ഥികളായി എത്തിയ ആ സ്ത്രീകളെക്കണ്ടപ്പോൾ അവരുമൊത്ത് ഒരു പുതിയ പ്രോജക്റ്റ് ചെയ്യണമെന്നു തോന്നി.
ഒക്ടോബർ 18.
ദിവസം മുഴുവൻ ഫോൺ മെസേജുകൾ നോക്കിയും, അയച്ചും ചെലവാക്കുകയാണ്. ജീവിതത്തിൽ ഇന്നുവരെ ഞാൻ ഇത്രമാത്രം ഫോണുപയോഗിച്ചിട്ടില്ല. ഞങ്ങൾ സുഹൃത്തുക്കൾ നിരന്തരം പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.
“സേഫാണോ?’’ “ഇന്നെന്താണു ചെയ്തത്?” “എവിടെയാണ്?” എന്ന് ചോദിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താനായി മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകൾ വരെയുണ്ട് ഞങ്ങൾക്കൊക്കെയിപ്പോൾ.
അപകടകരമായ ഏതെങ്കിലും പ്രദേശത്തേക്ക് ഞാൻ പോയിരുന്നെന്ന് സുഹൃത്തുക്കൾ മനസ്സിലാക്കിയാൽ അവരുടനെ എന്നെ വിളിക്കും, ദേഷ്യപ്പെടും, സൂക്ഷിച്ചു നടക്കണമെന്ന് പിന്നെയും പിന്നെയും പറയും. ചിലപ്പോൾ ഞങ്ങൾ കൂടിക്കാണാൻ ശ്രമിക്കും. ഒരുമിച്ച് അത്താഴം കഴിക്കും, സംസാരിക്കും, പരസ്പരം സുഖവിവരങ്ങൾ അന്വേഷിച്ചുറപ്പു വരുത്തും, പക്ഷേ സായാഹ്നങ്ങളിലെല്ലാം ബോംബുകളുടെ ഇടിമുഴക്കം ഇടതടവില്ലാതെ കേൾക്കുന്നുണ്ട്.
ഒക്ടോബർ 20.
വളരെ അപൂർവ്വമായി നേരത്തെ ഉറങ്ങാൻ കിടന്ന ദിവസമായിരുന്നു, പക്ഷേ രാത്രിയിൽ അവർ ബോംബിടാൻ തുടങ്ങി. ഞാനുണർന്നു. വാർത്തകൾ നോക്കി, എന്റെവീടിനടുത്തോ, വീട്ടുകാരും സുഹൃത്തുക്കളും താമസിക്കുന്നിടങ്ങൾക്കടുത്തോ എന്തെങ്കിലും സംഭവിച്ചോ എന്നറിയാൻ. ഒന്നുമില്ല, അതോടെ ഞാൻ വീണ്ടും ഉറങ്ങി.
രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് വല്ലാതെ വിചിത്രമായൊരു തോന്നലുണ്ടായി. യുദ്ധം തുടങ്ങിയതിനുശേഷം ആദ്യമായി, ഈ അവസ്ഥയുമായി ഞാൻ പൊരുത്തപ്പെട്ടു തുടങ്ങുകയാണോ എന്ന ഭയം.
ഇപ്പോൾ, എന്റെ വീടിനടുത്തോ, അല്ലെങ്കിൽ വേണ്ടപ്പെട്ടവർ താമസിക്കുന്നതിനടുത്തോ ബോംബൊന്നും വീണിട്ടില്ലെങ്കിൽ, ഞാൻ ഒന്നും സംഭവിക്കാത്തതു പോലെ വീണ്ടും ഉറങ്ങാനാരംഭിക്കുന്നു. അതേ സമയം, എവിടെയോ മറ്റൊരു കുടുംബം കൂടി കൊല്ലപ്പെടുകയാണ്. ശീലം ഏറ്റവും വലിയ ആപത്തായി മാറുകയാണെന്ന് എനിക്ക് തോന്നുന്നു.
ഒക്ടോബർ 22.
ഔസായിയിൽ ഒരു രാത്രി മുഴുവൻ നീണ്ടു നിന്ന ബോംബാക്രമണത്തിനു ശേഷം, ഞാൻ വീട്ടുകാരെ കാണാൻ പോയി. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ഔസായിയിലാണു ഞാൻ വളർന്ന വീടുള്ളത്. ഞാൻ പഠിച്ച സ്കൂളും അവിടെത്തന്നെ.
വീണ്ടും ഞാൻ ബദാരോയിലെ എന്റെ വീട്ടിലേക്കു വരാൻ അമ്മയെയും സഹോദരിമാരെയും നിർബന്ധിച്ചു. ബെയ്റൂട്ടിന്റെ തെക്കൻ ഭാഗത്തേക്കാൾ സുരക്ഷിതമാണു ബദാരോ എന്നാണു പൊതുവെയുള്ള ധാരണ. ആദ്യമായി, അവർ ഇങ്ങോട്ട് പോന്നാലോ എന്ന് ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.
തിരിച്ച് പോരുന്ന വഴിക്ക്, വൻ സ്ഫോടനശബ്ദം കേട്ടു. എന്റെ വീടിരിക്കുന്ന തെരുവിലെത്തിയപ്പോൾ, അവിടെ ബോംബാക്രമണം നടന്നെന്നും, അങ്ങോട്ട് ആരെയും കടത്തിവിടുന്നില്ലെന്നും പറഞ്ഞ് അധികൃതർ എന്നെ തടഞ്ഞു. ഞാൻ നിർബന്ധം പിടിച്ചു. എന്റെ വീട് ഇവിടെയാണെന്നു പറഞ്ഞു. ഒരുവിധം മുന്നോട്ടു നീങ്ങിയപ്പോൾ, പ്രേതനഗരം പോലെ ശൂന്യമായ തെരുവുകളാണു കണ്ടത്.
ഫ്ലാറ്റിൽ നിന്ന് രണ്ടു മിനിറ്റ് നടക്കാനുള്ള ദൂരത്തിലുള്ള രണ്ട് കെട്ടിടങ്ങൾക്കുമേൽ അവർ ബോംബിട്ട് തകർത്തിരിക്കുന്നു. ഞാൻ ഓടാൻ പോകാറുള്ള ഹോഷ് ബെയ്റൂട്ടിലും ബോംബാക്രമണം നടന്നിട്ടുണ്ട്. തൊട്ട് തലേന്നുവരെ അവിടെ ഒരുപാടു കുടുംബങ്ങൾ കൂടാരമടിച്ച് താമസിച്ചിരുന്നു.
അവർക്കെല്ലാം എന്തുപറ്റിയെന്ന് എനിക്കറിയില്ല. വീട്ടുകാരെ ഇങ്ങോട്ടു കൊണ്ടുവന്നാൽ അവർ സുരക്ഷിതരായിരിക്കുമെന്നാണു കരുതിയിരുന്നത്. പക്ഷെ, ബെയ്റൂട്ടിൽ ഒരിടവും സുരക്ഷിതമല്ലാതായിരിക്കുന്നു.
ഒക്ടോബർ 23.
ഫ്ലാറ്റിനു തൊട്ടുതാഴെ, ഞാൻ സ്ഥിരമായി പച്ചക്കറിയും പഴങ്ങളും വാങ്ങാറുള്ള ഒരു കടയുണ്ട്. അടുത്തിടക്ക് ഇവിടെയെത്തിപ്പെട്ട ഒരു സിറിയക്കാരനെ ഞാനവിടെവെച്ച് ഇടക്കൊക്കെ കാണും. ഞങ്ങൾ പരിചയക്കാരായി. ബെയ് റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ജ് നാഹയിലാണു അയാൾ ജീവിച്ചിരുന്നത്.
രണ്ടു ദിവസം മുമ്പ് ആ ഭാഗത്ത് അവർ ബോംബിട്ടു. അയാളെനിക്കൊരു വീഡിയോ കാണിച്ചു തന്നു. അതിൽ അയാൾ നിൽക്കുന്നതിനു ഏതാണ്ട് പത്തടി ദൂരെ ബോംബ് വീഴുന്നത് കാണാമായിരുന്നു. കെട്ടിടങ്ങൾ കൺ മുന്നിൽ തകർന്നുവീഴുകയാണ്.
അവയിലൊന്നിലാണു അയാളുടെയൊരു ബന്ധുവും കുടുംബവും ജീവിച്ചിരുന്നത്. ബന്ധുവിന്റെ ഭാര്യയും കുട്ടികളും രക്ഷപ്പെട്ടില്ല. ഇന്നു രാവിലെ, അയാൾ സ്വന്തം വീടുള്ള തെരുവിലൂടെ നടക്കുമ്പോൾ, തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് രക്ഷാപ്രവർത്തകർ ശരീരങ്ങൾ വലിച്ചു പുറത്തെടുക്കുന്നതു കണ്ടു. അക്കൂട്ടത്തിൽ, അയാളുടെയാ ബന്ധുവിന്റെ ഭാര്യയുമുണ്ടായിരുന്നു,സ്വന്തം കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച നിലയിലായിരുന്നു അവളുടെ ശരീരം.
എന്നോടിതു പറയുമ്പോൾ അയാൾ വിറച്ചു കൊണ്ടിരുന്നു. “മരിച്ചവർക്കിടയിൽ നിന്നാണു ഞാൻ തിരിച്ചു വന്നിരിക്കുന്നത്,” അയാളെന്നോടു പറഞ്ഞു. എന്റെ മുന്നിൽ നിൽക്കുന്നത്, മരിച്ചവർക്കിടയിൽ നിന്ന് തിരിച്ചു വന്ന ഒരാളാണ്. ഞാനാണെങ്കിൽ, പച്ചക്കറി വാങ്ങാൻ പോയതായിരുന്നു.
ഒക്ടോബർ 24.
ശാദിയും, ലൈലയും എന്റെ വീട്ടിലെത്തി. യുദ്ധം തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഞങ്ങൾ ഒത്തുകൂടുന്നത്. രണ്ടു മണിക്കൂറോളം ഞങ്ങൾ, ദ് ലവ് ബിഹൈൻഡ് മൈ ഐസ് റിഹേഴ്‌സൽ ചെയ്തു നോക്കി. ഞങ്ങളൊരുമിച്ച്, 2020ൽ ഉണ്ടാക്കിയ രംഗാവതരണം.
പാരീസിലെ അവതരണത്തിനു മുന്നോടിയായി, ചലനങ്ങളും, സംഗീതവുമൊക്കെ ഒന്ന് ഓർത്തെടുക്കുകയായിരുന്നു ഞങ്ങൾ. പാരീസിലേക്ക് പോകാൻ സാധിക്കുമെന്നു തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നു. പെർഫോമൻസ് മെല്ലെമെല്ലെ ഞങ്ങളുടെ ശരീരങ്ങളിലേക്ക് തിരികെയെത്തിക്കൊണ്ടിരുന്നു.
അതിൽ ഒരിടത്ത് ലൈല, ഒലീവ് മരങ്ങളുടെ വിലാപത്തെപ്പറ്റിയുള്ള ഒരു പാട്ടു പാടുന്നുണ്ട്. ഇപ്പോൾ തെക്കൻ ലബനോണിലെ അവസ്ഥയെപ്പറ്റി ഓർക്കാതിരിക്കാനാവുന്നില്ല. ലബനോണിലിപ്പോൾ ഒലീവ് വിളവെടുപ്പിന്റെ കാലമാണ്. സാധാരണ, തെക്കൻ പ്രദേശത്തെ കുടുംബങ്ങളൊക്കെ ഒലീവ് കായ്‌കൾ വിളവെടുക്കുകയും ഒലീവെണ്ണ ആട്ടിയെടുക്കുകയുമൊക്കെ ചെയ്യുന്ന സമയം. ഇന്ന്, ഒലീവ് മരത്തോപ്പുകളൊക്കെ കത്തിയെരിഞ്ഞു ചാരമായി.
(ലബനോണിനു നേരെയുള്ള ഇസ്രായേലിന്റെ ആക്രമണം തുടർന്നുകൊണ്ടിരിക്കുമ്പോഴും, അലി ഷഹരൂരും, സഹനർത്തകനായ ശാദി ഔണും, ഗായികയായ ലൈല ഷഹരൂരും പാരീസിലെത്തി, നവംബർ 5 മുതൽ 8 വരെ തിയേറ്റർ ദു ലാ ബാസ്റ്റൈലിൽ, നിറഞ്ഞ സദസ്സിനു മുന്നിൽ ദ് ലവ് ബിഹൈൻഡ് മൈ ഐസ് അവതരിപ്പിച്ചു.
അവർ മടങ്ങുന്നതിന്റെ തലേദിവസം, ബെയ്റൂട്ട് വിമാനത്താവളത്തിനു തൊട്ടുപുറത്തുള്ള ഒരു കെട്ടിടം ഇസ്രായേലിന്റെ ബോംബ് വീണു തകർന്നു. വിമാനത്താവളത്തിനു ചില്ലറ കേടുപാടുകളും സംഭവിച്ചു.
എങ്കിലും, ലബനോണിന്റെ ഔദ്യോഗിക എയർലൈനായ മിഡിൽ ഈസ്റ്റ് എയർലൈൻസിന്റെ പൈലറ്റുമാർ അതിസാഹസികമായി ആ ചെറുരാജ്യത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന തങ്ങളുടെ കർത്തവ്യം തുടർന്നു കൊണ്ടിരിക്കുന്നു. യുദ്ധം എത്ര ആർത്തിരമ്പിയാലും, ജന്മനാടു വിട്ട് എങ്ങോട്ടുമില്ലെന്നു തീരുമാനിച്ച ആ കലാകാരർ, ബോംബാക്രമണങ്ങൾക്കിടയിലേക്കു തന്നെ തിരികെ എത്തി.)
കുറിപ്പുകൾ
ഹോഷ് ബെയ്റൂട്ട് – ബെയ്റൂട്ട് നഗരത്തിനു നടുക്കായി സ്ഥിതിചെയ്യുന്ന പച്ചത്തുരുത്താണ് ഹോഷ് ബെയ്റൂട്ട് എന്ന പാർക്ക്. പതിമൂന്നാം നൂറ്റാണ്ടുവരെ പഴക്കമുള്ള പൈൻ മരക്കാടായിരുന്നു ഹോഷ് ബെയ്റൂട്ട്. കുരിശുയുദ്ധങ്ങളുടെയും, മാമലൂക്, ഓട്ടോമാൻ പടയോട്ടങ്ങളെയും അതിജീവിച്ച ഈ പൈൻ മരക്കാട്ടിലെ മരങ്ങൾ വെട്ടിയെടുത്ത് ചരിത്രത്തിലുടനീളം സൈന്യങ്ങൾ കപ്പലുകളും ആയുധങ്ങളുമുണ്ടാക്കി.
ഇപ്പോൾ ഏതാണ്ട് 0.3 ചതുരശ്ര കിലോമീറ്റർ മാത്രം വലിപ്പമുള്ള ഈ പാർക്ക് ബെയ് റൂട്ട് നിവാസികൾ പ്രഭാതസവാരിക്കും വ്യായാമത്തിനുമായി ആശ്രയിക്കുന്ന ഇടമാണ്. യുദ്ധമാരംഭിച്ചപ്പോൾ അഭയാർത്ഥികളായി മാറിയ അനേകം മനുഷ്യർ, ഹോഷ് ബെയ് റൂട്ടിലെ തുറസ്സായ ഇടങ്ങളിൽ കൂടാരമടിച്ച് പാർപ്പുറപ്പിച്ചിരുന്നു.
കഫാല സമ്പ്രദായം– ലബനോണുൾപ്പെടെ പല പശ്ചിമേഷ്യൻ രാജ്യങ്ങളിലും, അന്യരാജ്യങ്ങളിൽ നിന്നെത്തുന്ന വീട്ടുവേലക്കാരെ ബാധിക്കുന്ന ഒരു നിയമാധിഷ്ഠിത വ്യവസ്ഥയാണു കഫാല സമ്പ്രദായം. ഇതനുസരിച്ച്, വിദേശത്തുനിന്ന് ഇവിടങ്ങളിൽ വീട്ടുവേലയ്ക്കായി എത്തുന്നവർ വീട്ടുടമസ്ഥരുടെ സ്പോൺസർഷിപ്പിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും, ഫിലിപ്പൈൻസ് ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽനിന്നും എത്തുന്ന സ്ത്രീകളായ വീട്ടുജോലിക്കാർ ഈ സമ്പ്രദായത്തിനു കീഴിൽ അങ്ങേയറ്റം ചൂഷണത്തിനു വിധേയരാവുന്നുണ്ട്.
സെപ്തംബറിൽ ഇസ്രായേലിന്റെ ആക്രമണം ആരംഭിച്ചപ്പോൾ അവരെ ജോലിക്കുവെച്ചിരുന്ന സമ്പന്നകുടുംബങ്ങൾ രാജ്യംവിട്ടു പോയതിനെത്തുടർന്ന് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായ ഈ സ്ത്രീകളുടെ ദുരവസ്ഥ വാർത്തയായിരുന്നു.
നഗരത്തിലെത്താനുള്ള വഴി പോലുമറിയാത്തവരായിരുന്നു ഇവരിൽ പലരും. ബെയ്റൂട്ടിലെ സമുദ്രത്തിനഭിമുഖമായുള്ള കോർണിഷ് എന്ന നടപ്പാതയിൽ അഭയാർത്ഥികളായി എത്തിയ ഈ സ്ത്രീകളെ സഹായിക്കാൻ പല സന്നദ്ധസംഘടനകളും മുന്നിട്ടിറങ്ങിയിട്ടുണ്ട്.
അവർക്ക് താൽക്കാലികമായ അഭയസ്ഥാനങ്ങൾ ഒരുക്കാനും, സ്വദേശങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട്, അവരെ തിരിച്ചെത്തിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. യുദ്ധങ്ങൾ സൃഷ്ടിക്കുന്ന എണ്ണമറ്റ മാനുഷികദുരന്തങ്ങളിൽ ഒന്നു മാത്രമാണിവരുടെ കഥ.
അലി ഷഹരൂരിന്റെ ഡയറി പ്രസിദ്ധീകരിച്ച ‘ഹ്യൂമാനിത്തെ’ (L’Humanite) എന്ന ഫ്രഞ്ച് പ്രസിദ്ധീകരണം, ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക മുഖപത്രമാണ്. 1904ൽ സ്ഥാപിക്കപ്പെട്ട ഈ പത്രം, ഫ്രാൻസിലെ ഏക കമ്യൂണിസ്റ്റ് ദിനപ്പത്രമായി ഇപ്പോഴും തുടരുന്നു.
ചിന്ത വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..