21 November Thursday
പിടിച്ചെടുത്തത് വിഖ്യാത പെയിൻ്റിങ്ങുകൾ

അശ്ലീലവും ലൈംഗികതയും ഒന്നല്ല; കസ്റ്റംസ് പിടിച്ചുവെച്ച പെയിന്റിങ്ങുകൾ വിട്ടു നൽകാൻ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

മുംബെ> അശ്ലീലമെന്ന് വിധിച്ച് കസ്റ്റംസ് വിഭാഗം ഒരു വർഷത്തിലധികമായി പിടിച്ചു വെച്ച പെയിന്റിങ്ങുകൾ വിട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം. വിഖ്യാത ചിത്രകാരരായ എഫ് എന്‍ സൗസ, അക്ബര്‍ പദാംസീ എന്നിവരുടെ ചിത്രങ്ങളാണ് കസ്റ്റംസ് വിഭാഗം പിടിച്ചുവെച്ചത്. നഗ്നതാപ്രദർശനമുള്ള പെയിന്റുകളോ, ലൈംഗികവേഴ്ച വെളിവാക്കുന്ന ചിത്രങ്ങളോ എന്നതല്ല. കലാസൃഷ്ടികളെ അശ്ലീലമായി കണക്കാക്കാൻ സാധിക്കില്ല എന്നും ബോംബെ ഹൈക്കോടതി വിധിയിൽ നിരീക്ഷിച്ചു.

കസ്റ്റംസ് നടപടി യുക്തിരഹിതമാണെന്ന് വിലയിരുത്തിയ ബെഞ്ച് ഉടനടി ചിത്രങ്ങൾ വിട്ടുനൽകണമെന്ന് ഉത്തരവിട്ടു. ഇന്ത്യൻ ചിത്രകലാ ലോകത്ത് ആധുനികതയെ പരിചയപ്പെടുത്തിയ പ്രോഗ്രസീവ് ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു സൗസയും പദംസിയും. ഇവരുടെ പ്രസിദ്ധമായ ചിത്രങ്ങളാണ് പിടിച്ചുവെച്ചത്.

ബികെ പോളിമെക്‌സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനവും കലാസ്വാദകനായ മുസ്തഫ കറാച്ചിവാലയും കസ്റ്റംസിന്റെ നടപടിക്കെതിരായി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

അശ്ലീലമാണെന്ന പേരില്‍ കഴിഞ്ഞ വര്‍ഷമാണ് കസ്റ്റംസ് ഡിപ്പാർട്മെന്റ് ചിത്രങ്ങള്‍ പിടിച്ചുവെച്ചത്. 2022- ല്‍ ലണ്ടനില്‍ വെച്ചുനടന്ന ലേലത്തിലാണ് കറാച്ചിവാല ചിത്രങ്ങള്‍ വാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

ലൈംഗികതയും അശ്ലീലവും ഒന്നല്ല

ലൈംഗികതയും അശ്ലീലതയും എപ്പോഴും ഒന്നല്ലെന്ന് ഓർമ്മപ്പെടുത്തി. ഇക്കാര്യം മനസ്സിലാക്കുന്നതില്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ പരാജയപ്പെട്ടതായി ജസ്റ്റിസ് എംസ് സൊനക്ക്, ജിതേന്ദ്ര ജെയിന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വിലയിരുത്തി.

നഗ്നതയും ലൈംഗിക വേഴ്ച്ചയുമുള്ള ചിത്രങ്ങള്‍ എന്ന ഒറ്റ കാര്യത്തില്‍ മാത്രം ശ്രദ്ധയൂന്നി കൊണ്ടാണ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രവര്‍ത്തിച്ചത്. മാത്രമല്ല ഇത് സംബന്ധിച്ച് വിദഗ്ദാഭിപ്രായം തേടിയില്ലെന്നും കോടതി കണ്ടെത്തി.

ഉദ്യോഗസ്ഥരുടെ മുൻഗണനയും താത്പര്യവുമല്ല നിയമം

തങ്ങളുടെ അധികാരം നിയമത്തിന്റെ നാല് കോണുകള്‍ക്കുള്ളില്‍ വിനിയോഗിക്കണമെന്നാണ് നിയമവാഴ്ച ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നതെന്നും അവരവരുടെ മുന്‍ഗണനകളുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ അടിസ്ഥാനത്തില്‍ സ്വേച്ഛാപരമായിട്ടല്ല പ്രവർത്തിക്കേണ്ടത് എന്നും ബെഞ്ച് ഓർമ്മപ്പെടുത്തി.

അശ്ലീലത ആരോപിച്ച് തീവ്രമത സംഘടനകൾ നിരന്തരം വേട്ടയാടിയതോടെ ഇന്ത്യയുടെ വിഖ്യാത ചലച്ചത്രകാരൻ എം എഫ് ഹുസൈന് രാജ്യം വിടേണ്ടിവന്ന സാഹചര്യം ഉണ്ടായിരുന്നു. 2010ൽ ഖത്തർ പൌരത്വം സ്വീകരിക്കയും അടുത്ത വർഷം അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു. 1976 ൽ വരച്ച ചിത്രങ്ങളുടെ പേരിലാണ് വേട്ടയാടപ്പെട്ടത്. 2004 ൽ ഡൽഹി ഹൈക്കോടതി അനുകൂല വിധി നൽകിയിട്ടും സുരക്ഷ ലഭിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top