'പതിനഞ്ചാം വയസ്സിലാണ് ഇവിടെ ആദ്യമായി വന്നത്. ഇവിടെ പഠിച്ചു, പിന്നെ പഠിപ്പിച്ചു, പ്രിൻസിപ്പലായി വിരമിച്ചു. എത്രയെത്ര ഓർമകൾ, വർഷങ്ങൾ, മൃദംഗത്തിലെ ചൊല്ലുകൾപോലെ കാലമിങ്ങനെ ഒഴുകുകയാണ്’. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിന്റെ നീളൻ വരാന്തയുടെ അങ്ങേയറ്റത്തെ ക്ലാസ് മുറി ചൂണ്ടിക്കാണിച്ച് മൃദംഗ വിദ്വാൻ പാറശാല രവി ഓർമകളിലേക്ക് കടന്നു. മൃദംഗ കണക്കുകളുടെ മാന്ത്രികനെന്ന് പേരുകേട്ട പാറശാല രവിക്ക് ജൂലൈ 27ന് എൺപത് തികഞ്ഞു. പിറന്നാളാഘോഷം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ശിഷ്യർ. ആഘോഷങ്ങൾ തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ ആഗസ്ത് 11ന് നടക്കും. അതിപ്രശസ്തമായ മദ്രാസ് മ്യൂസിക് അക്കാദമിയുടെ ‘സംഗീത കലാചാര്യ’ പുരസ്‌കാരം ഈ വർഷം അദ്ദേഹത്തിനാണെന്ന പ്രത്യേകതകൂടിയുണ്ട്. പുരസ്‌കാരം അടുത്തവർഷം ജനുവരി ഒന്നിന് ചെന്നൈയിൽ സമ്മാനിക്കും.
മൃദംഗവാദനത്തിന് പാരമ്പര്യത്തിലൂന്നിക്കൊണ്ടുതന്നെ പുതിയൊരു മാതൃക സൃഷ്ടിച്ച മൃദംഗവിദ്വാനാണ് പാറശാല രവി. തൃപ്പൂണിത്തുറ ആർഎൽവി മ്യൂസിക് കോളേജ്, പാലക്കാട് ചെമ്പൈ മെമ്മോറിയൽ മ്യൂസിക് കോളേജ്, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജ് തുടങ്ങിയ പ്രമുഖ സംഗീത കോളേജുകളിലടക്കം അധ്യാപകനായിരുന്ന, കേരളത്തിലങ്ങോളമിങ്ങോളം അസംഖ്യം ശിഷ്യരുള്ള പാറശാല രവി മൃദംഗകലയുടെ ആധികാരികശബ്ദങ്ങളിൽ ഒരാളാണ്. "ക്ലാസിൽ ഞാൻ കർക്കശക്കാരനായ അധ്യാപകനാണ്. പക്ഷേ, ശിഷ്യരുടെ സുഹൃത്തും. നടുറോഡിൽവച്ച് താളത്തെക്കുറിച്ച് ശിഷ്യർ എന്തുസംശയം ചോദിച്ചാലും എനിക്ക് സന്തോഷമാണ്. അങ്ങനെ ഒരു സ്വാതന്ത്ര്യം ഗുരുവും ശിഷ്യനും തമ്മിലുണ്ടായാലേ കല പഠിക്കാൻ പറ്റൂ. ഞാൻ പഠിച്ചതും പഠിപ്പിക്കാൻ ശ്രമിക്കുന്നതും ഈ രീതിയിലാണ്’, അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു.
വഴിത്തിരിവായ നിമിഷങ്ങൾ
പത്താം ക്ലാസിൽ എന്റെ പ്രകടനം വളരെ മോശമായിരുന്നു. അത് അച്ഛന് വലിയ വിഷമമുണ്ടാക്കി. എന്നെ ശകാരിച്ചു. അതിൽ വിഷമിച്ച് ഞാൻ അമ്മയോട് രണ്ടു രൂപയുംവാങ്ങി പാറശാലയിൽനിന്ന് തിരുവനന്തപുരത്ത് അമ്മാവന്റെയടുത്തെത്തി. അമ്മാവനോടു പറഞ്ഞു മൃദംഗം പഠിക്കണമെന്ന്. കൊച്ചിലേ വാദ്യത്തിൽ കമ്പമുണ്ടായിരുന്നു. അമ്മാവൻ വലിയശാലയിൽ വേലുക്കുട്ടി സാറിന്റെ (മാവേലിക്കര വേലുക്കുട്ടി നായർ) അയൽവക്കത്താണ് താമസിച്ചിരുന്നത്. പിറ്റേന്ന് അമ്മാവൻ എന്നെ വേലുക്കുട്ടി സാറിന്റെ വീട്ടിൽ കൊണ്ടുപോയി. അഡ്‌മിഷൻ തീർന്നല്ലോയെന്നു പറഞ്ഞെങ്കിലും സാർ എന്നെ മൃദംഗം വായിപ്പിച്ചുനോക്കി. വഴിയുണ്ടാക്കാമെന്നു പറഞ്ഞ് എന്നെയുംകൂട്ടി ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ സാറിന്റെയടുത്ത് പോയി. അദ്ദേഹം അന്ന് തൈക്കാടാണ് താമസിച്ചിരുന്നത്. സ്വാതി തിരുനാൾ സംഗീത കോളേജിന്റെ പ്രിൻസിപ്പലായിരുന്നു അദ്ദേഹം. "എന്ന വേലു എത്‌ക്ക് വന്തത്, ശെമ്മാങ്കുടി ചോദിച്ചു. ‘‘ഇവന് മൃദംഗം പഠിക്കാൻ താൽപ്പര്യം’’ എന്ന് വേലുക്കുട്ടിസാർ. ‘‘എപ്പടി ഇവൻ വാശിപ്പുമാ’’എന്ന് വീണ്ടും ശെമ്മാങ്കുടി. ‘കുഴപ്പമില്ല’ എന്ന് വേലുക്കുട്ടി സാർ. ശെമ്മാങ്കുടി അപ്പോൾത്തന്നെ സൂപ്രണ്ടിനെ വിളിച്ച് എന്നെ ഗാനഭൂഷണം കോഴ്സിന് ചേർക്കാൻ പറഞ്ഞു. പിറ്റേന്നുമുതൽ ഞാൻ പഠിക്കാനെത്തി. പിന്നെ ഇത് വിട്ടുപോകാനേ തോന്നിയിട്ടില്ല. അത്രയ്‌ക്ക് ഞാൻ ഇതിൽ ലയിച്ചുപോയി. അതായിരുന്നു വഴിത്തിരിവ്. രണ്ടാം വർഷമായപ്പോഴേക്കും വാദ്യകലയിലും കർണാടക സംഗീതത്തിലും കമ്പം കലശലായി. ആ കമ്പം ഇന്ന് ഈ ദിവസംവരെയും അടങ്ങിയിട്ടില്ല.
ആരാധന
ഏറ്റവും ആരാധന തോന്നിയിട്ടുള്ള മൃദംഗ വിദ്വാന്മാർ മൂന്നുപേരാണ്. പാലക്കാട് മണി അയ്യർ, പാലക്കാട് രഘു, ടി കെ മൂർത്തി. ടി കെ മൂർത്തി എന്റെ അധ്യാപകൻകൂടിയാണ്. മണി അയ്യരുടെ മൃദംഗവായനയ്‌ക്ക് പകരംവയ്‌ക്കാൻ വേറെ ആരുമില്ല. മണിസ്വാമിയുടേത് ക്ലാസ് ആക്ട് ആണ്. തട്ടുപൊളിപ്പൻ വായനയല്ല. എന്ത്, എവിടെ, എങ്ങനെ വായിക്കണമെന്ന് അദ്ദേഹത്തിന് അറിയാവുന്നിടത്തോളം മറ്റാർക്കുമറിയില്ല. രഘു സാറിന്റേതും മൂർത്തിസാറിന്റേതും ആഴമുള്ള വായനയാണ്. കാലാതിവർത്തി എന്ന് പറയാം.
വഴിവിളക്കുകൾ
കാളിയപ്പൻ അണ്ണാവിയിൽനിന്നാണ് അടിസ്ഥാന പാഠക്കൈകൾ പഠിച്ചതെങ്കിലും അതിന് മുഴുപ്പുവന്നത് വേലുക്കുട്ടി സാറിന്റെയടുത്ത് എത്തിയപ്പോഴാണ്. വേലുക്കുട്ടിസാർ അന്നേ പ്രശസ്‌തിയെടുത്തിരുന്നു. എന്നെ വളരെ സ്വാധീനിച്ച ഗുരുനാഥൻ പാലക്കാട് എസ് കൃഷ്ണമൂർത്തി സാറാണ്. പാലക്കാട് മണി അയ്യരുടെ ആദ്യ ഗുരു കൽപ്പാത്തി സുബയ്യന്റെ മകനാണ്. മണിക്കൂറുകളോളം അദ്ദേഹം എന്നെ പഠിപ്പിക്കും. ചിലപ്പോൾ അത് അഞ്ചും ആറും മണിക്കൂർ നീളും. മൃദംഗ കണക്കുകളിലുള്ള കമ്പം അദ്ദേഹത്തിൽനിന്നാണ് പകർന്നുകിട്ടിയത്. ഗാനഭൂഷണം കഴിഞ്ഞ് സ്കോളർഷിപ്പോടെ ഉപരിപഠനത്തിന് അപേക്ഷ സമർപ്പിച്ചു. അതിനിടെ തൃപ്പൂണിത്തുറ ആർഎൽവി മ്യൂസിക് കോളേജിൽ ജോലികിട്ടി. അപ്പോഴാണ് ഒരു കച്ചേരിക്ക് ടി കെ മൂർത്തിസാറിനെ കണ്ടത്. സാർ ഉപരിപഠനത്തെക്കുറിച്ച് ചോദിച്ചു. ഞാൻ ജോലി കിട്ടിയകാര്യം പറഞ്ഞു. അഞ്ചുവർഷം പഠിക്കാൻ സ്‌കോളർഷിപ്പ് കിട്ടിയിട്ടും അവസരം ഉപയോഗിക്കാത്തതിന് സാർ നല്ലതുപോലെ വഴക്കുപറഞ്ഞു. "‘സാർ വിളിച്ചാൽ ഈ നിമിഷം ജോലിവിട്ട് വരാം,’’ ഞാൻ പറഞ്ഞു. "‘വേണ്ട, ഉപജീവനമല്ലേ. നിനക്ക് സമയം കിട്ടുമ്പോൾ വന്നാൽ മതി. എനിക്കറിയാവുന്നത് പറഞ്ഞുതരാം’’ എന്ന് അദ്ദേഹം സമാധാനിപ്പിച്ചു. മൂർത്തി സാർ തിരുവനന്തപുരത്തുകാരനാണ്. അദ്ദേഹത്തിന് എന്നോട് പ്രത്യേക വാത്സല്യമായിരുന്നു. ചൊല്ലുകളെക്കുറിച്ചുള്ള പ്രത്യേക പാഠങ്ങളും മൃദംഗത്തിലെ സങ്കീർണങ്ങളായ കണക്കുകളും കാര്യങ്ങളും അദ്ദേഹമാണ് പഠിപ്പിച്ചത്.
തഞ്ചാവൂർ ബാണി
പൂർണമായും ഞാൻ തഞ്ചാവൂർ ബാണിയുടെ വക്‌താവെന്നുപറയാൻ പറ്റില്ല. ഈ ബാണിയിൽപ്പെട്ട വേലുക്കുട്ടി സാറിന്റെയടുത്തും മൂർത്തി സാറിന്റെയടുത്തും പഠിച്ചെങ്കിലും ഞാൻ എന്റെ മനോധർമത്തിന്റെയും ഗവേഷണത്തിന്റെയും വഴിയിൽ പുതിയ മേച്ചിൽപ്പുറങ്ങളിലൂടെ സഞ്ചരിക്കാൻ തുടങ്ങി. എന്റെ ഗുരുക്കന്മാരും അത് ആവോളം പ്രോത്സാഹിപ്പിച്ചു.
ബാണി രൂപപ്പെടുന്നത്
ഒരാൾ പഠിച്ചതിന്റെ ഊർജത്തിൽനിന്നുകൊണ്ട് സ്വന്തം പാത വെട്ടിത്തുറക്കുമ്പോഴാണ് അതുണ്ടാകുന്നത്. ഞാൻ എഴുതിയ പുസ്തകങ്ങളായ ‘മൃദംഗ ബോധിനി', ‘മൃദംഗത്തിന്റെ- തനിയാവർത്തനം', ‘മൃദംഗ പഠനം’ എന്നിവയിൽ ഞാൻ കണ്ട, പരീക്ഷിച്ചറിഞ്ഞ താളപ്രകാശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മോറകളും കോരുവകളും നിഷ്‌പ്രയാസം നിർമിക്കാനുള്ള ഫോർമുലകൾ ഞാൻ എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ വിദ്യകൾ പരീക്ഷിച്ചാൽ മൃദംഗകലയിൽ നൂതനമായ പരീക്ഷണങ്ങൾ നടത്താം. വൈവിധ്യങ്ങൾ പ്രദർശിപ്പിക്കാം. ഇപ്പോൾ എന്റെ ശിഷ്യരുടെ പ്രകടനങ്ങൾ കണ്ട് പലരും പറയാറുണ്ട് ഇത് ‘പാറശാല രവി ബാണി'യാണ് എന്ന്. ഇങ്ങനെയൊക്കെയാണ് ബാണിയുണ്ടാകുന്നത്.
പുസ്തകങ്ങൾ
പുസ്‌തക പ്രസാധനത്തിൽ എനിക്ക് നല്ല അനുഭവങ്ങളല്ല. ആദ്യ പുസ്തകമായ "മൃദംഗബോധിനി' എഴുതിയത് 1972ലാണ്. ശെമ്മാങ്കുടി ഉൾപ്പെടെ പലരും അതിനെ പ്രകീർത്തിച്ചു. കേരള സാഹിത്യ അക്കാദമി അത് പ്രസിദ്ധീകരിക്കാൻ വാങ്ങിച്ചു. പിന്നെ ഒരു വിവരവുമില്ല. മാനുസ്ക്രിപ്റ്റ് തിരിച്ചുകിട്ടാൻ ഞാൻ കഷ്ടപ്പെട്ടു. ഇരുപത് വർഷങ്ങൾക്കുശേഷം 1992ലാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. അത് മൂന്ന് വാല്യങ്ങളായി. സാംസ്കാരിക വകുപ്പാണ് ‘മൃദംഗത്തിന്റെ തനിയാവർത്തനം’ പ്രസിദ്ധീകരിച്ചത്. അത് ഇപ്പോൾ ഔട്ട് ഓഫ് പ്രിന്റാണ്. ‘ആദിതാളം’ എന്നൊരു പുസ്തകം എഴുതി. അത് ഒരു വ്യക്തിയാണ് പ്രസിദ്ധീകരിച്ചത്. സാക്ഷരതാ മിഷനുവേണ്ടി ‘മൃദംഗ പഠനം’ എന്ന പുസ്തകം എഴുതി. അത് എണ്ണായിരം കോപ്പി അച്ചടിച്ചു. മുഴുവൻ തീർന്നു. മാർഗതാളത്തെയും ദേശതാളത്തെയുംകുറിച്ചുള്ള ‘താളം' എന്ന ഒരു പുതിയ പുസ്തകം രചിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടില്ല.
മറക്കാൻ പറ്റാത്ത കച്ചേരികൾ
എല്ലാ പ്രമുഖർക്കു വേണ്ടിയും മൃദംഗം വായിച്ചിട്ടുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് മൃദംഗം വായിച്ചപ്പോൾ ഞാൻ അദ്ദേഹത്തിൽനിന്ന് അനുഭവിച്ച വാത്സല്യം മറക്കാനാകില്ല. അതുപോലെ വലിയ മനസ്സുള്ള മറ്റൊരു സംഗീതജ്ഞനെ കണ്ടിട്ടില്ല. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർക്ക് വായിച്ചിട്ടുണ്ട്. ‘നട’ മാത്രം വായിച്ചാൽ മതിയെന്ന് പറഞ്ഞു. ശ്രീരഞ്ജിനി രാഗത്തിലുള്ള ‘മാറുബൽക'എന്ന ത്യാഗരാജ കൃതി പാടിയപ്പോൾ സാർ ഒരു ഗംഭീര സംഗതി പാടി. എനിക്ക് ആവേശമായി. ഞാൻ ഒരു പിരട്ട് വായിച്ചു കൊഴുപ്പിച്ചു. പാട്ട് പൊടിപൊടിക്കുമ്പോൾ പിന്നെന്തുചെയ്യും. കേൾവിക്കാർക്ക് ഇഷ്ടമായി. സ്വാമി എന്നെ തുറിച്ചു നോക്കി. ഞാൻ ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ മറ്റെവിടേക്കോ നോക്കി. ഡി കെ ജയരാമൻ, ടി എൻ ശേഷഗോപാലൻ, ടി വി ശങ്കരനാരായണൻ, കെ ജെ യേശുദാസ് എന്നിവർക്കൊക്കെ വായിച്ചിട്ടുണ്ട്. ഞാൻ ഗാനഭൂഷണത്തിന് പഠിക്കുമ്പോൾ ഈ കോളേജിൽ യേശുദാസ് ഗാനപ്രവീണയ്‌ക്ക് പഠിക്കുകയായിരുന്നു. ഞാൻ ഏറ്റവും കൂടുതൽ മൃദംഗം വായിച്ചത് ഒരുപക്ഷേ നെയ്യാറ്റിൻകര വാസുദേവന്റെയും കെ ഓമനക്കുട്ടിയുടെയും കച്ചേരികൾക്കായിരിക്കും.
തിരിഞ്ഞു നോക്കുമ്പോൾ
സംതൃപ്തി മാത്രം. സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായതുകൊണ്ടാകാം ഈ വഴിയിൽ വന്നത്. അച്ഛൻ വിശ്വനാഥപിള്ള നാദസ്വരവിദ്വാനായിരുന്നു. പദ്മനാഭപുരത്തായിരുന്നു അമ്മയുടെ കുടുംബം. അമ്മയുടെ അച്ഛൻ കൊട്ടാരം നട്ടുവൻ ആയിരുന്നു. അമ്മ പാട്ട് ടീച്ചറായിരുന്നു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽനിന്ന് ഗാനഭൂഷണവും ഗാനപ്രവീണയും പാസായി. ഗാനപ്രവീണയ്‌ക്ക് അന്ന് സിലബസില്ലായിരുന്നു. അങ്ങനെ ഞാനുൾപ്പെടെയാണ് മൃദംഗം ഗാനപ്രവീണയ്‌ക്ക് സിലബസുണ്ടാക്കിയത്. ആ സിലബസിൽ പഠിച്ചാണ് ഞാൻ ഗാനപ്രവീണ ഒന്നാം റാങ്കിൽ പാസായത്. ഇതേ കോളേജിൽ അധ്യാപകനും പിന്നെ പ്രിൻസിപ്പലുമായി. അനേകം കച്ചേരികൾ, അനേകം ശിഷ്യർ. ഇപ്പോഴും പഠിപ്പിക്കുന്നുണ്ട്. ഇതെല്ലാം നേട്ടങ്ങൾതന്നെ. ഇപ്പോൾ ഈരാറ്റുപേട്ടയിലാണ് താമസം. ശിഷ്യർ പാറശാല രവി ഫൗണ്ടേഷൻ എന്നൊരു സംഘടന രൂപീകരിച്ചിട്ടുണ്ട്. എല്ലാ രണ്ടാം ഞായറാഴ്ചയും ഞാൻ തൃപ്പൂണിത്തുറയിൽ പോയി ക്ലാസെടുക്കും. കേരളത്തിലെ പല സ്ഥലങ്ങളിൽനിന്നായി പഠിക്കാൻ ആഗ്രഹമുള്ളവർ അവിടെയെത്തും. ക്ലാസുകളുടെയൊടുവിൽ ശിഷ്യർ കച്ചേരിയും നടത്തും.
ഒരു ഗുരുവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സമ്പത്ത് ശിഷ്യരാണ്. പണമോ പ്രശസ്തിയോ അല്ല. ശിഷ്യർ ശരിയായി തയ്യാറെടുത്ത് വായിച്ച്, ലോകത്തിന്റെ മുന്നിൽ തിളങ്ങുമ്പോൾ ഗുരു അനുഭവിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാനാകില്ല. അത് അച്ഛനമ്മമ്മാർക്ക് മക്കളോടുള്ള സ്നേഹംപോലെയാണ്. മക്കളുള്ളവർക്ക് അത് മനസ്സിലാകും. ശിഷ്യസമ്പത്തും അവർ നൽകുന്ന അളവറ്റ ആനന്ദവുമാണ് ഈ പ്രായത്തിലും എന്നെ ഊർജസ്വലമായി മുന്നോട്ട് കൊണ്ടുപോകുന്നത്, ജീവിതത്തെ സാർഥകമാക്കുന്നതും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..