‘അതാ.. ആ കണ്ണുകൾ ചലിക്കുന്നു. അയാൾ ഉണരുകയാണ്. ആഹാ....ലോമോവ്....ലോമോവ്...’ചുബുക്കോവിന്റെ വാക്കുകളിൽ സന്തോഷം. ലോമോവിന്റെ കണ്ണിൽ തിളക്കം. ആന്റൺ ചെഖോവിന്റെ വിഖ്യാതമായ ‘ദി പ്രൊപ്പോസൽ’ നാടകത്തിലെ മലയാളത്തിലുള്ള ആ സംഭാഷണം സൂക്ഷ്‌മമായി കേൾക്കുകയാണ് റഷ്യക്കാർ. ഭാഷ അറിയില്ലെങ്കിലും അരങ്ങിൽ അഭിനേതാക്കളുടെ മുഖത്തെ ഭാവതീവ്രതയിലൂടെയും ശാരീരിക ചലനങ്ങളിലൂടെയും നാടകത്തിൽ മുഴുകി റഷ്യൻ ആസ്വാദകർ.
മോസ്‌കോയിൽനിന്ന് 600 കിലോമീറ്റർ അകലെയുള്ള പുരാതന നഗരമായ വേലിക്കി നവ്ഗരോദ്. ദസ്തയേവ്സ്കിയുടെ ജന്മനാടായ ഈ പൈതൃക നഗരത്തിൽ എല്ലാവർഷവും നടക്കുന്ന ദസ്തയേവ്സ്കി ഇന്റർനാഷണൽ ഡ്രാമ ഫെസ്റ്റിവൽ ആസ്വദിക്കാൻ റഷ്യയിലെ മറ്റിടങ്ങളിൽനിന്നുമുള്ള നാടക പ്രേമികൾ ഒഴുകിയെത്തും. ഒരു നാടിന്റെ ജനകീയ ഉത്സവമാണ് ഡ്രാമ ഫെസ്റ്റിവൽ. കഴിഞ്ഞദിവസം നടന്ന നാടകോത്സവത്തിൽ ഉദ്‌ഘാടന നാടകമായിരുന്നു ‘ദി പ്രൊപ്പോസൽ’. പൂർണമായും മലയാളത്തിൽ അവതരിപ്പിച്ച ഈ നാടകം റഷ്യക്കാർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. റഷ്യക്കാർക്ക് പരിചിത കഥാപാത്രങ്ങളായ ചുബുക്കോവും ലോമോവും അരങ്ങിൽ നിറഞ്ഞുനിന്നപ്പോൾ ഭാഷയുടെ അതിർവരമ്പ് മാഞ്ഞു. തോപ്പിൽ ഭാസിയുടെ ‘അശ്വമേധ’വും കാവാലത്തിന്റെ ‘കർണഭാര’വും സ്വീകരിച്ച റഷ്യയിലെ നാടകാസ്വാദകർ ‘ദി പ്രൊപ്പോസ’ലിനും നിറഞ്ഞ കൈയടി നൽകി.
അരങ്ങിന്റെ ഭാഷ വാചികം മാത്രമാകണമെന്നില്ല. അഭിനേതാവിന്റെ മുഖത്ത് നിറയുന്ന ഭാവങ്ങൾ മതി നാടകവുമായി കാഴ്‌ചക്കാരന് സംവദിക്കാൻ. നാടകത്തിനല്ലാതെ മറ്റൊരു കലാരൂപത്തിനും അവകാശപ്പെടാനാകാത്ത മേന്മയാണത്. വർഷങ്ങൾക്കുമുമ്പ് ‘അശ്വമേധം’ റഷ്യയിൽ പച്ച മലയാളത്തിൽ അവതരിപ്പിച്ചപ്പോൾ നാടകം കണ്ടവർ കരഞ്ഞതായി തോപ്പിൽഭാസി എഴുതിയിട്ടുണ്ട്.
തിരുവനന്തപുരം ഗോർക്കി ഭവനിലെ ചെഖോവ് ഡ്രാമ ക്ലബ്ബിന്റെ ബാനറിലാണ് ‘ദി പ്രൊപ്പോസൽ’ കളിച്ചത്. പൂർണമായും മലയാളമായിരുന്നു നാടകത്തിന്റെ ഭാഷ. സബ് ടൈറ്റിൽപോലും ഇല്ലായിരുന്നു. സംഭാഷണങ്ങൾ സ്റ്റേജിന്റെ ഇരുഭാഗത്തും റഷ്യൻ ഭാഷയിൽ എഴുതി പ്രദർശിപ്പിച്ചിരുന്നുവെങ്കിലും ആരും അത് ശ്രദ്ധിച്ചിരുന്നില്ല. എല്ലാവരുടെയും ശ്രദ്ധ നാടകത്തിലേക്കായിരുന്നു. സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി നടക്കുന്ന നാടകോത്സവത്തിൽ പത്തിലധികം രാജ്യങ്ങളിൽനിന്നുള്ള റഷ്യൻ ക്ലാസിക്കൽ നാടകങ്ങളും മറ്റു പ്രശസ്തമായ നാടകങ്ങളുമാണ് അവതരിപ്പിച്ചത്. ഇതിൽ ഉദ്ഘാടന നാടകമായിരുന്നു ‘ദി പ്രൊപ്പോസൽ’.
നാടക ഗവേഷകനും കേരള സർവകലാശാല പെർഫോമിങ് ആർട്സ് വിഭാഗം മുൻ ഡയറക്റ്ററുമായിരുന്ന ഡോ. രാജാവാര്യരാണ് നാടകം സംവിധാനം ചെയ്‌തത്. സ്വതന്ത്ര പരിഭാഷ നിർവഹിച്ചിരിക്കുന്നത് ആർ എസ് മധുവാണ്. തിരുവനന്തപുരം അമച്വർ നാടകവേദികളിൽ സ്ഥിരം സാന്നിധ്യമായ പ്രവീൺകുമാർ, ഹസിം അമരവിള, അരുന്ധതി എന്നിവരായിരുന്നു അഭിനേതാക്കൾ. കണ്ണൻ നായർ, ടി ആരോമൽ, ജിജി കലാമന്ദിർ എന്നിവർ പിന്നരങ്ങിൽ പ്രവർത്തിച്ചു. കഴിഞ്ഞവർഷം ദസ്തയേവ്സ്കിയുടെ ചെറുകഥ ‘വെളുത്ത രാത്രി’കളുടെ സ്വതന്ത്ര നാടകാവിഷ്കാരം മലയാളത്തിൽ അരങ്ങിലെത്തിച്ചിരുന്നു. അതിന് കിട്ടിയ സ്വീകാര്യതയാണ് വീണ്ടും മലയാളത്തിൽ നാടകം ചെയ്യാൻ പ്രചോദനമായതെന്ന് ഡോ. രാജാ വാര്യർ പറഞ്ഞു.
സമ്പത്ത് അടിസ്ഥാനമാക്കി ജീവിക്കുന്ന മനുഷ്യരുടെ ഇടയിൽ വിവാഹംപോലും സമ്പത്തിന്റെ അടിസ്ഥാനത്തിൽ ജീവിതം മെച്ചപ്പെടുത്താനുള്ള ഉപാധിയാണെന്ന സന്ദേശത്തിൽ 1890 കളിൽ റഷ്യൻ നാടകകൃത്തായ ആന്റൺ ചെഖോവ് രചിച്ച ആക്ഷേപഹാസ്യ നാടകമാണ് "ദി പ്രൊപ്പോസൽ". സ്‌കൂളുകളിലും കോളേജുകളിലും പഠിക്കാനുള്ളതുകൊണ്ട് തന്നെ നാടക പ്രമേയം കേരളീയർക്കും പരിചിതമാണ്. മലയാളത്തിലാണെങ്കിലും "ദി പ്രൊപ്പോസൽ’ റഷ്യക്കാർ ഹൃദ്യമായി ആസ്വാദിച്ചതായി ഡോ. രാജാ വാര്യർ പറഞ്ഞു. നാടകത്തിന്റെ കഥ റഷ്യക്കാർക്ക് പരിചിതമാണ്. അതിനാലാണ് നാടകം വാചികമില്ലാതെ ആംഗിക സാത്വിക ആഹാര്യ അഭിനയങ്ങളിലൂടെ അവർക്ക് ആസ്വദിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..