ഇരിക്കൂർ > ഒരു വർഷം മുമ്പ് വരെ ബക്കറ്റിലും കല്ലിലും കൊട്ടി താളം പിടിച്ചിരുന്ന കുട്ടികൾ ഇപ്പോൾ മേളപ്പെരുക്കത്തിലാണ്. കണ്ണൂർ ബ്ലാത്തൂരിലെ ശ്രീ മൂത്തേടം ദേവസ്വമാണ് കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ് അവർക്ക് ചെണ്ട പരിശീലനത്തിനുള്ള അവസരമൊരുക്കിയത്. കുട്ടികൾ ബക്കറ്റ് ഉപയോഗിച്ച് കൊട്ടിക്കയറുന്നത് കണ്ട് ദേവസ്വം ഭാരവാഹികൾ അവരെയെല്ലാം ചേർത്ത് ഒരു വാദ്യകലാസംഘം രൂപീകരിക്കുകയായിരുന്നു. ശ്രീ മൂത്തടം വാദ്യകലാസംഘം എന്നാണ് കലാസംഘത്തിന് പേരിട്ടിരിക്കുന്നത്.
നവരാത്രി ദിനത്തിൽ ദേവസ്വത്തിന്റെ ഭാഗമായ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വച്ചായിരുന്നു കുട്ടികളുടെ അരങ്ങേറ്റം. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയാണ് കുട്ടികൾ അരങ്ങേറ്റത്തിനെത്തിയത്. പയ്യാവൂർ ഗോപാലൻ കുട്ടി മാരാർ, വിപിൻ മാരാർ എന്നിവർ പരിശീലനം നൽകിയ സംഘത്തിൽ 12 കുട്ടികൾ ഉൾപ്പെടും. അർജുൻ ബിജു, ഹൃത്വിക്, റിഥുദേവ്, ആദിദേവ്, അമർജിത്ത്, അലയ് കൃഷ്ണ, മയൂഖ്, നന്ദകിഷോർ കെ കെ, അഭിൻ ആനന്ദ്, നന്ദ കിഷോർ ഇ എൻ, ആദിത്യ കെ വി എന്നിവരാണ് സംഘത്തിലുള്ളവർ. ഇവരോടൊപ്പം നേരിടുന്ന പരിമിതികളെയെല്ലാം മറികടന്ന് കുട്ടികളോടൊപ്പം കൂടിയ രജിൽ കെ പിയും ഉൾപ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..