പതിനാറാം ധനകമീഷൻ ശുപാർശകളെ ഏറെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. മുൻ കമീഷൻ കേരളത്തോട് കടുത്ത അവഗണനയും വിവേചനവുമാണ് കാണിച്ചത്. കേരളത്തിന്റെ ധനപരമായ ദുരിതം ഇത്രമേൽ മൂർച്ഛിപ്പിച്ചതിനു പിന്നിലെ ഒരുഘടകം കമീഷൻ ശുപാർശകളും അവ ദേഭഗതി കൂടാതെ അംഗീകരിച്ച നരേന്ദ്ര മോദി സർക്കാരുമാണ്. തെറ്റുകൾ തിരുത്തുമെന്ന പ്രതീക്ഷയാണ് കമീഷൻ ചെയർമാൻ അരവിന്ദ് പനഗാരിയയുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകളിൽ, പക്ഷേ നിഗമനങ്ങൾക്ക് മാറ്റംവരാം. കേന്ദ്ര നികുതി വരുമാനത്തിന്റെ 30 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിട്ടാൽ മതിയെന്ന് വാതിൽ പുറകിൽ മറഞ്ഞിരുന്ന് പതിനഞ്ചാം കമീഷന് പ്രധാനമന്ത്രി നിർദേശം നൽകിയത് വാർത്താമാധ്യമങ്ങളിൽ സജീവ ചർച്ചാവിഷയമായിരുന്നല്ലോ.
എല്ലാ സംസ്ഥാനങ്ങളും ഒരുപോലെ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യമാണ് കേന്ദ്രം സമാഹരിക്കുന്ന മൊത്തം നികുതി വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിടണമെന്നുള്ളത്. സമീപകാല കമീഷനുകളൊന്നും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ആ സ്ഥിതിയിൽ നികുതി വരുമാനത്തിന്റെ ഭാഗമാക്കാതെ, കേന്ദ്രം നേരിട്ടു സമാഹരിക്കുകയും തനിച്ച് അനുഭവിക്കുകയും ചെയ്യുന്ന സർചാർജിന്റെയും ലെവികളുടെയും നിശ്ചിതഭാഗം നികുതി വരുമാനത്തിൽ ഉൾക്കൊള്ളിക്കണമെന്ന ആവശ്യം പ്രസക്തമാകുന്നു. ലെവിയും സർചാർജും നിലവിൽ നികുതി വരുമാനത്തിൽ പെടുന്നില്ല. അവ ഒഴിവാക്കപ്പെടുന്നതുമൂലം യഥാർഥനികുതിവിഹിതം 31 ശതമാനമായി ചുരുങ്ങുന്നെന്ന് 15–--ാം കമീഷൻതന്നെ വിശദപഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.
2023 മാർച്ച് 27 ലോക്‌സഭയിൽ കേന്ദ്ര ധനമന്ത്രി നൽകിയ മറുപടിയിൽ ലെവി-, സർചാർജ് ഇനങ്ങളിലെ വരുമാനം വിശദമാക്കി. രണ്ടും ചേർത്ത് 5,28,569 കോടി രൂപ കേന്ദ്രസർക്കാർ സമാഹരിച്ചു. 2022–--23ലെ നികുതി വരുമാനത്തിന്റെ 25.20 ശതമാനമാണിത്. ചുരുക്കത്തിൽ കേന്ദ്രം സമാഹരിക്കുന്ന നികുതി വരുമാനത്തിന്റെ നാലിൽ മൂന്നു ഭാഗമേ ഡിവിസിബിൾ പൂളിൽ ഉൾപ്പെടുന്നുള്ളൂ. പകുതിയെങ്കിലും ഡിവിസിബിൾ പൂളിന്റെ ഭാഗമാക്കിയെങ്കിൽ സംസ്ഥാനങ്ങളുടെ നികുതി വിഹിതം ഉയരുമായിരുന്നു. മുൻ ധനകമീഷനുകൾ പലതും ലെവിയും സർചാർജും സംബന്ധിച്ച് നീതിയുക്തമായ തീരുമാനമുണ്ടാകണമെന്ന് നിർദേശിച്ചെങ്കിലും കേന്ദ്രം അനുകൂല സമീപനം സ്വീകരിക്കുന്നില്ല. കേന്ദ്ര സർക്കാർ 23 ഇനം ലെവികൾ ചുമത്തുന്നുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയെങ്കിലും അതിലേക്കായി വരുമാനം സമാഹരിക്കുന്ന ലെവി തുടരുകയാണ്!
റിസർവ് ബാങ്ക് ലാഭവിഹിതം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള പലിശ, ലാഭവിഹിതം തുടങ്ങിയവ നികുതി ഇതര വരുമാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റൊട്ടേറെ ഇനങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എന്നാണ് (കേന്ദ്ര ബജറ്റ് 2024-–-25, റവന്യു റെസീപ്‌റ്റ് അനുബന്ധം ഉൾപ്പെടെ) വെളിപ്പെടുത്തുന്നത്. സ്പെക്ട്രം ലേലം വഴി കേന്ദ്രസർക്കാർ 11,340 കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ (2022) ലേലത്തിൽ കിട്ടിയത് 1,50,173 കോടി രൂപയാണ്. ലേലം കൊള്ളാത്ത സ്പെക്ട്രത്തിന്റെ ലേലം അടുത്ത പ്രാവശ്യം നടത്തുമെന്ന് തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര നികുതി വരുമാനത്തിന്റെ പങ്കിടൽ സംബന്ധിച്ചാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നതെങ്കിലും കേന്ദ്രസർക്കാരിന്റെ നിരന്തരം പെരുകുന്ന വരുമാനങ്ങളും വരുമാനസ്രോതസ്സുകളും ഒപ്പം സംസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടി വരുന്ന ചുമതലകളുടെ വൈപുല്യവും ചെലവുകളും പരിഗണിക്കുമ്പോൾ നികുതി വിഹിതംമാത്രം പരിഗണിച്ചാൽ പോരാ, മറിച്ച് കേന്ദ്രത്തിന്റെ മൊത്തം വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടുന്ന ഒരു പുതിയ വ്യവസ്ഥ ഉണ്ടാകേണ്ടിയിരിക്കുന്നു. നികുതി വരുമാനവിഭജനം സാമ്പ്രദായിക മാനദണ്ഡങ്ങൾക്കപ്പുറം കടക്കണം. ഉദാഹരണമായി, 1971ലെ ജനസംഖ്യ അടിസ്ഥാനമാക്കണോ അതോ 2011ലെ മതിയോ എന്നത് പ്രധാന മാനദണ്ഡംതന്നെ. 1971 എന്ന അടിസ്ഥാന വർഷം ഉപേക്ഷിക്കുന്നതിൽ ജനനനിരക്ക് നിയന്ത്രിക്കുന്നതിൽ വിജയിച്ച സംസ്ഥാനങ്ങൾക്കുള്ള ശിക്ഷാവ്യവസ്ഥയും ഉൾക്കൊള്ളുന്നു. ഉയരുന്ന ആയുർദൈർഘ്യവും 60നും 80നും മുകളിൽ പ്രായമുള്ളവരുടെ വർധിക്കുന്ന സാന്നിധ്യവും ചികിത്സാ ചെലവുകളും ധനകമീഷന്റെ പ്രത്യേക പരിഗണന അർഹിക്കുന്ന വിഷയമാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിൽനിന്ന് 2023-–-24ൽ ലഭിച്ചത് 16,507 കോടി രൂപയാണ്. കഴിഞ്ഞ അഞ്ചു വർഷം ലഭിച്ച വാർഷിക ശരാശരി 58,503 കോടി രൂപയാണ്. വ്യത്യാസം ശ്രദ്ധേയം. തിരിച്ചു നൽകേണ്ടാത്തതാണ് ഓഹരി വിൽപ്പന വരുമാനം. എന്നാൽ, 2023-–-24 മുതൽ തിരിച്ചടയ്‌ക്കേണ്ടതായ മൂലധന വരുമാനത്തിലാണ് ഓഹരിവിൽപ്പന വരുമാനം രേഖപ്പെടുത്തുന്നത്. സംസ്ഥാനങ്ങളുടെ വായ്പാപരിധി സംബന്ധിച്ച് ഗൗരവതരമായ പരിശോധനയ്‌ക്ക് കമീഷൻ തയ്യാറാകണം. 2024-–-25ലെ ധനകമ്മി പരിധി നിശ്ചയിച്ചിട്ടുള്ളത് സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 3.45 ശതമാനമാണ്. വായ്പയ്‌ക്ക് മേലുള്ള കർശനപരിധി വികസന പ്രവർത്തനങ്ങളെ പിന്നോട്ടടിക്കും. മിക്ക സംസ്ഥാനങ്ങളും ബജറ്റ് ഇതര വായ്പകൾ സമാഹരിച്ചാണ് വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. കേന്ദ്രസർക്കാരും വികസന പ്രവർത്തനങ്ങൾക്ക് വൻതോതിൽ വായ്പകൾ സ്വീകരിക്കുന്നുണ്ട്. ആയതിനാൽ വായ്പാപരിധി സംബന്ധിച്ച് യാഥാർഥ്യബോധമുള്ള സമീപനവും ശുപാർശകളും നൽകാൻ കമീഷൻ തയ്യാറാകണം. ബജറ്റ് ഇതരവായ്പകൾ സംബന്ധിച്ച് കൃത്യമായ നിലപാട് കമീഷൻ കൈക്കൊള്ളണം. വായ്പയും ആഭ്യന്തരവരുമാനവും തമ്മിലെ അനുപാതം 34.50 ശതമാനംവരെ ആകാമെന്നാണ് വ്യവസ്ഥയെങ്കിലും കേരളം ഇപ്പോൾത്തന്നെ 35.42 ശതമാനം കൈവരിച്ചു കഴിഞ്ഞു. റവന്യു കമ്മി മൂന്നു ശതമാനം ആകാമെങ്കിലും കേരളം കൈവരിച്ചത് 2.08 ശതമാനം. ധന ഉത്തരവാദിത്വ നിയമത്തിന്റെ കർശന വ്യവസ്ഥകളിൽ ന്യായമായ പുനർവിചിന്തനം നടത്താൻ കമീഷൻ തയ്യാറാകണം.
സംസ്ഥാനത്തിനുമേൽ അമിതഭാരം ഏൽപ്പിക്കുന്നതാണ് കേന്ദ്രാവിഷ്കൃത പദ്ധതികൾ. ചെലവിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണം. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും സാധ്യതകളും പരിഗണിക്കാതെ നടപ്പാക്കുന്ന അത്തരം പദ്ധതികൾ സംസ്ഥാനങ്ങൾക്ക് വൻ ഭാരമാണ്. പദ്ധതികൾ നടപ്പാക്കുന്ന ചുമതലയും വിഭവങ്ങളും കേന്ദ്രം സംസ്ഥാനങ്ങളെ ഏൽപ്പിക്കണം. ആരോഗ്യ -വിദ്യാഭ്യാസ മേഖലകളിൽ പുരോഗതി കൈവരിച്ച കേരളത്തിനാവശ്യം പ്രൈമറി വിദ്യാലയങ്ങളും പ്രൈമറി ഹെൽത്ത് സെന്ററുകളുമല്ല, നേടിയ പുരോഗതി നിലനിർത്താനും കൂടുതൽ ഉയരങ്ങളിലെത്താനുമുള്ള സാമ്പത്തിക പിന്തുണയാണ്.
സംസ്ഥാനത്തിന്റെ വ്യവസായഭൂപടത്തിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങൾ നിക്ഷേപവും തൊഴിലവസരങ്ങളും വളർത്തി മുന്നേറുകയാണ്. ആ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കൂടുതൽ ധനസഹായം നൽകാൻ കമീഷൻ തയ്യാറാകണം. 45 ലക്ഷം കുടുംബങ്ങൾക്ക് അംഗത്വമുള്ള 2.65 ലക്ഷം അയൽക്കൂട്ടങ്ങൾ ദാരിദ്ര്യനിർമാർജനത്തിൽ നിർവഹിക്കുന്ന സുപ്രധാന പങ്ക് പരിഗണിച്ച് കൂടുതൽ തുക വകയിരുത്താൻ കമീഷൻ തയ്യാറാകണം. നിരന്തരമെന്നോണം ആവർത്തിക്കുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും മനുഷ്യജീവനും സ്വത്തുവകകൾക്കും ഉണ്ടാക്കുന്ന നാശനഷ്ടം വർണനാതീതമാണ്. ധനസഹായത്തിന് കേന്ദ്രത്തിനു മുന്നിൽ കൈനീട്ടി നിൽക്കേണ്ട സ്ഥിതിയാണ് നിലവിൽ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളും സാമ്പത്തിക സഹായം സംബന്ധിച്ച രൂപരേഖയും ആവശ്യമാണ്. അവ പിന്തുടരാൻ കേന്ദ്രത്തെ നിർബന്ധിക്കുന്ന വ്യവസ്ഥകളും കമീഷൻ നിർദേശിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..