22 December Sunday

ധന കമീഷനും കേരളവും അവഗണിക്കപ്പെടുന്ന 
വികസന വൈജാത്യം

ഗോപകുമാർ മുകുന്ദൻUpdated: Wednesday Oct 23, 2024

 

നികുതി വിഹിതവും ഗണ്യമായ അളവു ഗ്രാന്റുകളും ധന കമീഷൻ ശുപാർശ അനുസരിച്ചാണ് വീതിക്കപ്പെടുന്നത്. പതിനാറാം  ധന കമീഷൻ തീർപ്പുകൾ കേരളത്തിന്  അതീവ നിർണായകമാണ്. പതിനഞ്ചാം ധനകമീഷൻ തീർപ്പുപ്രകാരം കേരളത്തിനു ലഭിച്ച നികുതി വിഹിതം ചരിത്രത്തിലെ ഏറ്റവും താഴ്‌ന്നതായിരുന്നു. 

നികുതി വിഹിതത്തിൽ ഓരോ സംസ്ഥാനത്തിന്റെയും പങ്ക് തീരുമാനിക്കുന്നത് ചില മാനദണ്ഡങ്ങൾ അനുസരിച്ചാണ്. നൂറിൽ  അറുപതു പോയിന്റും ജനസംഖ്യയും വരുമാനവും  അടിസ്ഥാനപ്പെടുത്തിയാണ്  തീരുമാനിക്കുന്നത്. കുറഞ്ഞ ജനസംഖ്യാ വളർച്ചയും  ഉയർന്ന വരുമാനവുമുള്ള സംസ്ഥാനമാണ് കേരളം. ജനസംഖ്യ കുറഞ്ഞാൽ  കുറച്ചുകാശു മതിയല്ലോ. വരുമാനം കുറഞ്ഞവർക്കല്ലേ കൂടുതൽ പണം വേണ്ടത്. ധന ആവശ്യങ്ങൾ ഇങ്ങനെ യാന്ത്രികമായി നിർണയിക്കാനാകില്ല. പല പുതിയ വികസന സമസ്യകളും മുന്നിലേക്ക്‌ വരികയാണ്. ഈ സവിശേഷ പ്രശ്നങ്ങൾകൂടി ധനവിന്യാസത്തിനു പരിഗണിച്ചാലേ കേരളത്തിന്‌ നീതി ലഭിക്കൂ.

പ്രായമേറുന്ന സമൂഹം
പ്രത്യുൽപ്പാദന നിരക്കും  മരണനിരക്കും കുറയുന്നത്  ജനസംഖ്യയിൽ പ്രായം ചെന്നവരുടെ ചേരുവ കൂട്ടുകയും ചെറുപ്പക്കാരുടെ ചേരുവ കുറയ്ക്കുകയും ചെയ്യും.1961-–-1971 ൽ നമ്മുടെ ജനസംഖ്യാ വളർച്ച ദേശീയ ശരാശരിയെക്കാൾ  കൂടുതലായിരുന്നു. എന്നാൽ 2001-–-2011ൽ രാജ്യത്തെ ജനസംഖ്യ 17. 64 ശതമാനം കൂടിയപ്പോൾ കേരളത്തിന്റേത് 4.86 ശതമാനമായിരുന്നു. പ്രതിവർഷ വർധന അര ശതമാനത്തിൽ താഴെ.

ഒരു സ്ത്രീക്ക്‌ എത്ര കുട്ടികൾ എന്ന കണക്കാണ് പ്രത്യുൽപ്പാദന നിരക്ക്. 1960കൾക്കുശേഷം നമ്മുടെ പ്രത്യുൽപ്പാദനനിരക്ക് രണ്ടിനും താഴേയ്ക്കു  വന്നു. സമീപകാലത്ത് 1.5 നും താഴേയ്ക്കു വരുന്നതാണ് പ്രവണത. മരണനിരക്കും  കുറവായിരുന്നു. ദേശീയശരാശരി 9 ഉം കേരളത്തിന്റേത് 6 ഉം ആയിരുന്നു. വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും ദാരിദ്ര്യലഘൂകരണത്തിലും വലിയ പൊതു മുതൽമുടക്കു നടത്തി കൈവരിച്ചതാണീ നേട്ടങ്ങൾ. എന്നാൽ ഈ നേട്ടങ്ങൾ നമുക്കു പുതിയ വികസന പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ജനസംഖ്യയുടെ പ്രായഘടനയിൽ വലിയ മാറ്റം വന്നു. കേരള ജനസംഖ്യയിൽ അറുപതു കഴിഞ്ഞവർ 16.5 ശതമാനമാണ്.  രാജ്യത്താകെ  നോക്കിയാൽ  ഇതു 10.1 ശതമാനമാണ്. 2036 ആകുമ്പോൾ 22.8 ശതമാനമായി ഉയരും എന്നാണ് കണക്കുകൾ.  അറുപതിനു മുകളിൽ പ്രായമുള്ളവരിൽ 13 ശതമാനം 80 കഴിഞ്ഞവരുമാണ്. അറുപതെത്തുന്ന സ്ത്രീകൾക്ക് ശരാശരി 21.7 കൊല്ലവും പുരുഷന്മാർക്ക്  17.6 കൊല്ലവും ആയുർദൈർഘ്യമുണ്ട്.

അതേസമയം ചെറുപ്പക്കാരുടെ തോത്‌ കുറയുകയാണ്. 1991ൽ 20നും 34നും ഇടയിൽ പ്രായമുള്ളവർ 50.3 ശതമാനമുണ്ടായിരുന്നത് 2021ൽ 36.3 ശതമാനമായി കുറഞ്ഞു. 2031ൽ 34. 3 ശതമാനമായി വീണ്ടും  ഇടിയും എന്നാണ് അനുമാനം. പ്രായമുള്ളവർ കൂടുമ്പോൾ ചെറുപ്പക്കാർ കുറയുന്നു. കായികാധ്വാനത്തിനുവേണ്ടി ഇങ്ങോട്ടുള്ള  കുടിയേറ്റം വ്യാപകമാക്കുകയുംകൂടി ചെയ്യുന്ന  മാറ്റമാണിത്.  ഇവർക്കുള്ള സൗകര്യങ്ങളും ക്ഷേമവും എല്ലാം  വലിയ പൊതു മുതൽമുടക്ക് ആവശ്യമാക്കുന്നതാണ്.
60 വയസ്സു കഴിഞ്ഞവർ 15–-- 59 പ്രായത്തിലുള്ളവരുടെ എത്ര ശതമാനം വരും എന്നു നോക്കിയാണ്  പരാശ്രയത്വം  (old age dependency ratio) അളക്കുന്നത്. ദേശീയ ശരാശരി 14.2 ശതമാനവും കേരളത്തിന്റേത് 19.6 ശതമാനവുമാണ്. അറുപതു കഴിഞ്ഞവരിൽ 52.2 ശതമാനം പേരും ഒന്നിലധികം മാറാവ്യാധികളുള്ളവരുമാണ്. ഉയർന്ന രോഗഭാരവും ആശ്രിതത്വവും നമ്മുടെ വികസന വെല്ലുവിളികളാണ്. പ്രായഘടനയിലെ  മാറ്റം നമ്മുടെ വികസനാവശ്യങ്ങൾ കൂട്ടുകയാണ് ചെയ്യുന്നത്. പെൻഷൻ, ആരോഗ്യ, പരിപാലനച്ചെലവുകളിൽ വലിയ വർധനയുണ്ടാക്കുന്ന മാറ്റങ്ങളാണിവ.   

കാലാവസ്ഥാ വ്യഥകൾ
ഭൂപ്രത്യേകതകൾമൂലം കടുത്ത കാലാവസ്ഥാ വെല്ലുവിളികളാണ്  കേരളം നേരിടുന്നത്. രാജ്യത്തിന്റെ 1.2 ശതമാനമാണ് നമ്മുടെ ഭൂവിസ്തൃതി. അതിന്റെ 39.9 ശതമാനവും മലവാരമാണ്. രാജ്യത്തെ തീരദൈർഘ്യത്തിന്റെ പത്തു ശതമാനവും കേരളത്തിലാണ്. വെള്ളപ്പൊക്കമാണെങ്കിലും ഉരുൾപൊട്ടലാണെങ്കിലും അതിതീവ്ര മഴയാണ് പ്രധാന വില്ലൻ. കൂടുതൽ കരുതലോടെ മാത്രമേ അതിജീവനം സാധ്യമാകൂ. വലിയ ചെലവുള്ള ഒന്നാണീ കരുതലും  തയ്യാറെടുപ്പും. ചെല്ലാനത്ത് 7.5 കിലോമീറ്റർ ആധുനിക തീരസംരക്ഷണ ഭിത്തിയുണ്ടാക്കാൻ 350 കോടി രൂപയാണ് ചെലവുവന്നത്. ഉരുൾപൊട്ടൽ മേഖലകളിൽനിന്നും ആളുകളെ പുനരധിവസിപ്പിക്കാൻ വേണ്ടിവരുന്ന ചെലവും ഇപ്പോൾ നമുക്കറിയാം.

രാജ്യത്തെ  കാതൽ വനവിസ്തൃതിയുടെ മൂന്നുശതമാനം കേരളത്തിലാണ്. കേരളത്തിന്റെ  ഭൂവിസ്തൃതിയുടെ 29.65 ശതമാനവും കാടാണ്. 7 ശതമാനം  നാഷണൽ പാർക്കുകളും വന്യജീവി സംരക്ഷണ സങ്കേതങ്ങളുമാണ്. ദേശീയ ശരാശരി 5.22 ശതമാനമാണ്. ഉഷ്ണമേഖലാ മഴക്കാടുകളും തടാകങ്ങളും കടലും എല്ലാം ചേർന്ന് സമ്പന്നമായ ജൈവ വൈവിധ്യ കേന്ദ്രവുമാണ് കേരളം. ഇവയുടെ സംരക്ഷണം മാനവരാശിക്ക് നമ്മുടെ സംഭാവനയാണ്. സുസ്ഥിര വികസന സൂചികകളിൽ  തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്താണെന്നും ഓർക്കണം.

വനസംരക്ഷണം, വന്യജീവിസംഘർഷം എന്നിങ്ങനെ കൂടുതൽ ചെലവുണ്ടാക്കുന്നതുമാണ് ഈ പ്രത്യേകതകൾ. വനസംരക്ഷണത്തിന്  നേരത്തെ ലഭിച്ചിരുന്ന പ്രോത്സാഹന ധനസഹായം തന്നെ ഇപ്പോൾ നിർത്തലാക്കി. വെള്ളപ്പൊക്കം നേരിടുന്നതിനായി നൽകിയ  പ്രത്യേക ധനസഹായം കേരളത്തിന്‌ തന്നുമില്ല. ഭൂപ്രകൃതി സവിശേഷതകൾമൂലം കേരളം അഭിമുഖീകരിക്കുന്ന  വർധിച്ച കാലാവസ്ഥാ വെല്ലുവിളികളും പരിസ്ഥിതി സംരക്ഷണ ചെലവുകളും  ധനവിന്യാസത്തിൽ പ്രത്യേകം  പരിഗണിക്കപ്പെടണം .

നഗര സ്വഭാവം
നഗരസ്വഭാവ സൂചികയിൽ പ്രധാന  സംസ്ഥാനങ്ങളിൽ ഗോവയ്ക്കു പിന്നിൽ  രണ്ടാം സ്ഥാനത്താണ് കേരളം.   കേരളത്തിലെ നഗര ജനസംഖ്യ 2001ലെ 25.9 ശതമാനത്തിൽനിന്നും 2011ൽ 47.7 ശതമാനമായി കുതിച്ചുയർന്നു. ഒരു നഗരത്തിലേക്ക് കൂടുതൽ ആളുകൾ കുടിയേറുന്നതല്ല നമ്മുടെ നഗരവൽക്കരണത്തിന്റെ പ്രധാന കാരണം. കൂടുതൽ സ്ഥലങ്ങൾ  നഗര സ്വഭാവം കൈവരിക്കുന്നതു കൊണ്ടുണ്ടാകുന്നതാണിത്. 89 ശതമാനവും ഇങ്ങനെയുണ്ടാകുന്ന വർധനയാണ്. നഗരസഭകളോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങൾകൂടി കണക്കാക്കിയാൽ നമ്മുടെ നഗരജനസംഖ്യ 76.2 ശതമാനമാണ്.

കേരളം ഒന്നാകെ തുടർച്ചയുള്ള നഗരസ്വഭാവം കൈവരിക്കുകയാണ്. കുടിവെള്ളം, റോഡുകൾ, പൊതുസ്ഥലങ്ങൾ, മാലിന്യസംസ്കരണം, കണക്ടിവിറ്റി  തുടങ്ങി പശ്ചാത്തല സൗകര്യ നിർമിതിക്കായി വലിയ മുതൽമുടക്ക് ആവശ്യമാകുന്ന മാറ്റമാണിത്. ഈ സവിശേഷത ധനവിന്യാസത്തിന് പരിഗണിക്കുന്നില്ല എന്നു മാത്രമല്ല സ്വന്തമായി നടത്തുന്ന മുൻകൈകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കിഫ്ബിയുടെ മുതൽ മുടക്കിൽ മുക്കാലും ഈ ആവശ്യങ്ങളാണ് അഭിസംബോധന ചെയ്യുന്നത്. കിഫ്ബിയുടെ വായ്പാ സ്വതന്ത്ര്യത്തെ തടയുന്ന കേന്ദ്ര സർക്കാർ സമീപനം മാറുകയും നഗരപ്രശ്നങ്ങൾ  ധനവിന്യാസത്തിൽ പരിഗണിക്കുകയും വേണം.

വികേന്ദ്രീകരണത്തിലെ 
ധന ബാധ്യതകൾ
തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അധികാരവും പണവും  ഉദ്യോഗസ്ഥരെയും നൽകിയാണ് കേരളം ഫലപ്രദമായി വികേന്ദ്രീകരണം നടപ്പിലാക്കിയത്. വെള്ളപ്പൊക്കവും  കോവിഡും എല്ലാം നേരിടുന്നതിൽ നിർണായകമായ പങ്കു വഹിച്ചത്  തദ്ദേശ ഭരണ സ്ഥാപനങ്ങളാണെന്ന് ധന കമീഷൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ  ഇവയ്ക്കു കൈമാറുന്നത് 15000 കോടി രൂപയാണ്. മറ്റൊരു സംസ്ഥാനവും ഈ വിധം പണം നൽകുന്നില്ല. വികേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ കാലാവസ്ഥാ ഭീഷണിയും മറ്റും നേരിടാൻ സാധിക്കൂ. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ  വർധിച്ച വിഭവആവശ്യം കേരളത്തിന്റെ പശ്ചാത്തലത്തിൽ ധന കമീഷൻ പ്രത്യേകമായി പരിഗണിക്കണം.

ഉന്നത വിദ്യാഭ്യാസത്തിന്റെ 
ഉയരുന്ന ഡിമാൻഡ്
സ്കൂൾ  പ്രായത്തിലുള്ള മുഴുവൻ കുട്ടികളും പള്ളിക്കൂടത്തിൽ പോകുന്ന സംസ്ഥാനമാണ് കേരളം. പന്ത്രണ്ടാം ക്ലാസാണ്  കേരളത്തിലെ പൊതുവിദ്യാഭ്യാസം. ആധുനികതൊഴിൽ കമ്പോളമാണ് വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികളുടെ ഉന്നം. കോഴ്സുകളുടെയും കോമ്പിനേഷനുകളുടെയും വൈവിധ്യത്തിനുള്ള ഡിമാൻഡും  ഇവയുടെ ഫലമാണ്. 18-–-23 പ്രായത്തിലുള്ള 41.3 ശതമാനം പേർ കേരളത്തിൽ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നുണ്ട്.ദേശീയ ശരാശരി 28.4 ശതമാനമാണ്. ഒരു ലക്ഷം കുട്ടികൾക്ക്  46 കോളേജുകൾ നമുക്കുണ്ട്. ദേശീയ ശരാശരിയാകട്ടെ  30 ആണ്. അപ്പോഴും  ഡിമാൻഡ് കൂടുകയാണ്. ഉന്നത വിദ്യാഭ്യാസത്തിനു ചേരാൻ യോഗ്യരായവരുടെ  ഉയർന്ന എണ്ണമാണിതിനുകാരണം. കേരള  മൈഗ്രേഷൻ പഠനമനുസരിച്ച് കുടിയേറ്റത്തിൽ 11.3 ശതമാനം  വിദ്യാർഥികളാണ്. പലവിധ ഏജൻസികളുടെ പിടിയിൽപ്പെട്ടു പോകുന്ന കുട്ടികളുടെ  ദുര്യോഗം ഇപ്പോൾ പുറത്തു വരുന്നുമുണ്ട്. കൂടുതൽ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണിതെല്ലാം വ്യക്തമാക്കുന്നത്. സാർവത്രിക ഹയർ സെക്കൻഡറി വിദ്യാഭ്യാസം എന്ന നേട്ടം വരുത്തുന്ന പുതുതലമുറ വെല്ലുവിളിയാണിത്. വലിയ മുതൽമുടക്ക് ആവശ്യമായ മേഖലയാണിത്. ധനവിന്യാസത്തിൽ പരിഗണിക്കേണ്ട പ്രത്യേകതയാണിതും.

കേരളത്തിന്റെ പ്രത്യേക പ്രശ്നങ്ങൾ ധനവിന്യാസത്തിൽ പരിഗണിക്കപ്പെടുന്നില്ല. കേരളത്തിന്റെ പ്രത്യേക വികസനദശ വരുത്തുന്ന  പരാധീനതകൾ പരിഗണിക്കപ്പെടാത്തത് അനീതിയാണ്. കേരളത്തിന്റെ വികസനവൈജാത്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾകൂടി പരിഗണിച്ച്‌ നമ്മുടെ ധനവിഹിതം ഉയർത്തണം എന്ന ആവശ്യം പൊതുവായി ഉയരേണ്ടതുണ്ട്.

അവലംബം:
(1) India ageing Report  2023 (2) Union Finance Commission Report  (3) Kerala Development Report  (4) ENVISTAT 2023 (5)  Kerala Migration Study Report  2023 (6)  All India Survey on Higher Education 21-22 (7) State of the Cities in India 2021 (8) All Kerala Higher Education Survey Report 21-22 (9) Budget Documents   

(കൊച്ചിയിലെ  സെന്റർ ഫോർ സോഷ്യോ ഇക്കണോമിക്‌ ആൻഡ്‌ എൻവയോൺമെന്റൽ സ്‌റ്റഡീസിൽ സ്വതന്ത്ര ഗവേഷകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top