26 December Thursday

ഫ്രാഞ്ചൈസ് കാലത്തെ ലോകകപ്പ് - രാജീവ് രാമചന്ദ്രൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023

നാൽപ്പതുവർഷംമുമ്പ് ഒരു മഴക്കാലത്ത് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയെന്ന റേഡിയോ വാർത്തയാണ് ഈ ലേഖകന്റെ ആദ്യത്തെ ക്രിക്കറ്റ് അനുഭവം. സ്‌കൂളില്ലാത്ത ഒരു ദിവസം, നേരംതെറ്റി പുലർച്ചെ എഴുന്നേറ്റപ്പോൾ, ആകാശവാണിയുടെ പ്രഭാത ബുള്ളറ്റിനിലെ വാർത്ത അച്ഛൻ വിശദീകരിക്കുന്നത് ഇപ്പോഴും ഓർമയിലുണ്ട്. അതിനടുത്ത ദിവസമാണ് പത്രത്തിൽ ചിത്രങ്ങളടക്കം വാർത്ത വരുന്നത്. -ലോഡ്‌സിലെ ബാൽക്കണിയിൽ കപ്പ്‌ ഉയർത്തിനിൽക്കുന്ന കപിൽദേവ്, ഊരിയെടുത്ത സ്റ്റമ്പുമായി ആൾക്കൂട്ടത്തെ വകഞ്ഞ് പവിലിയൻ ലക്ഷ്യമാക്കി കുതിക്കുന്ന മൊഹീന്ദർ അമർനാഥ്, പുകവലിക്കുന്ന കൃഷ്ണമാചാരി ശ്രീകാന്ത്, ഷാംപെയ്ൻ കുപ്പി തുറക്കുന്ന ടീം അംഗങ്ങൾ, നിരാശയിൽ നഖംകടിക്കുന്ന ക്ലൈവ് ലോയ്ഡ്- അങ്ങനെ വിഖ്യാതമായ നിരവധി ചിത്രങ്ങൾ.

പത്രത്താളുകളിലെ ചിത്രങ്ങളിൽനിന്ന് ടെലിവിഷൻ സ്‌ക്രീനിലെ വർണദൃശ്യങ്ങളിലേക്കുള്ള പരിണാമമാണ് ഒരർഥത്തിൽ ലോക ക്രിക്കറ്റിന്റെ ആധുനികാനന്തര ചരിത്രം. എൺപതുകളുടെ ഉത്തരാർധംമുതൽ പരിമിത ഓവർ ക്രിക്കറ്റിന്റെയും ടെലിവിഷന്റെയും വളർച്ച സമാന്തരമാണെന്നു കാണാം. കളിക്കാരുടെ വെള്ളവസ്ത്രം കളർ ടെലിവിഷന് അനുസൃതമായി വർണങ്ങളിലേക്ക് മാറുന്നതും പന്ത് ചുവപ്പിൽനിന്ന് വെള്ളയാകുന്നതുമെല്ലാം ഈ വാണിജ്യവിപ്ലവത്തിന്റെ ഭാഗമാണ്. മൈതാനങ്ങളിൽനിന്ന് സ്വീകരണമുറികളിലേക്കുള്ള ക്രിക്കറ്റിന്റെ പരിണാമം തുടങ്ങുന്നത് 1983 ലോകകപ്പിന് തൊട്ടുശേഷം നടക്കുന്ന റോത്ത്മാൻസ് കപ്പ് (1984-–-85/ ഷാർജ), ബെൻസെൻ ആൻഡ് ഹെഡ്‌ജസ് ചാമ്പ്യൻഷിപ് (1985/ ഓസ്‌ട്രേലിയ) തുടങ്ങിയവയിലാണ്. ലോകകപ്പിനു പുറമെ ഈ രണ്ട് ടൂർണമെന്റിലും ഇന്ത്യ നേടിയ വിജയവും അതിന്റെ ടെലിവിഷൻ സംപ്രേഷണവുമാണ് ക്രിക്കറ്റിനെ ലോകത്ത്‌ ഏറ്റവുമധികം മനുഷ്യർ കാണുന്ന രണ്ടാമത്തെ കായിക വിനോദമാക്കിയത്.

1987ലെ ലോകകപ്പ് മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ ബിസിസിഐ ദൂരദർശന് കളിയൊന്നിന് അഞ്ചുലക്ഷം രൂപ വീതം നൽകിയിരുന്നുവെന്നത് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതകരമായി തോന്നാം.

ഉപരിജാതി-വർഗ ശ്രേണിയിലുള്ളവർമാത്രം ആസ്വദിച്ചിരുന്ന കളി തെരുവിലേക്ക്‌ ഇറങ്ങിയത് 1987ൽ ഇംഗ്ലണ്ടിനു പുറത്ത്‌ ആദ്യമായി ലോകകപ്പ്‌ നടന്നപ്പോഴായിരുന്നു. ക്രിക്കറ്റ് ടെലിവിഷന്റെ കളിയായി മാറുകയും രാജ്യത്ത്‌ ടെലിവിഷൻ ജ്വരം പടർന്നുപിടിക്കുകയും ചെയ്തതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിന്‌ (ബിസിസിഐ) ലോക ക്രിക്കറ്റിൽ പ്രാമുഖ്യം കൈവരുന്നത്. 1987ലെ ലോകകപ്പ് മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ ബിസിസിഐ ദൂരദർശന് കളിയൊന്നിന് അഞ്ചുലക്ഷം രൂപ വീതം നൽകിയിരുന്നുവെന്നത് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതകരമായി തോന്നാം. 2023ൽ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വീണ്ടും ഇന്ത്യയിൽ എത്തുമ്പോൾ സംപ്രേഷണാവകാശത്തുകയായി ഐസിസിക്ക് ലഭിക്കുന്നത് ഏതാണ്ട് 150 കോടി ഡോളർ ആണെന്നത് ഇതിനോടൊപ്പം കാണണം. അടുത്ത അഞ്ചുവർഷത്തേക്കുള്ള ഇന്ത്യയുടെ കളികളുടെ സംപ്രേഷണാവകാശം റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വിയാകോം-18 നേടിയിരിക്കുന്നത് 5960 കോടി രൂപ മുടക്കിയാണ്. അതായത് മത്സരം ഒന്നിന് ഏതാണ്ട് 67.7 കോടി രൂപ.

കളിയുടെ റേഡിയോ,  ടെലിവിഷൻ സാധ്യതകൾ തിരിച്ചറിഞ്ഞ ഓസ്‌ട്രേലിയൻ മാധ്യമ മുതലാളിയായ കെറി പാർക്കർ കളിയെ വൻതോതിൽ കച്ചവടം ചെയ്യാനൊരുങ്ങിയതാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു വഴിത്തിരിവ്. ഒരർഥത്തിൽ ഇന്നത്തെ നിലയിലുള്ള ഏകദിന ക്രിക്കറ്റ് ഫോർമാറ്റ് തന്നെ പാർക്കറുടെ സംഭാവനയാണെന്നു പറയേണ്ടിവരും.

ദേശീയതയും അതിലൂടെ വലതുപക്ഷ രാഷ്ട്രീയവും ഒളിച്ചുകടത്താനുള്ള എളുപ്പമാർഗമായും ക്രിക്കറ്റിനെ ഒരുവിഭാഗം കാണാൻ തുടങ്ങിയതോടെ ബിസിസിഐയുടെയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെയുമെല്ലാം ഘടനയും സ്വഭാവവുംതന്നെ മാറാൻ തുടങ്ങി.

രൂപത്തിലും ഭാവത്തിലും ആകെ മാറിയ ഏകദിന ക്രിക്കറ്റിനെ പിന്നീട് ഏറ്റവും നന്നായി വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തിയത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡാണ്. ആഗോളവൽക്കരണത്തിന്റെ ഭാഗമായി തുറന്നുകിട്ടിയ രാജ്യാന്തരവിപണി ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിലൂടെ ഇക്കാലയളവിൽ ബിസിസിഐ മറ്റ് ക്രിക്കറ്റ് ബോർഡുകളെ ബഹുദൂരം പിന്നിലാക്കി. സംപ്രേഷണാവകാശത്തർക്കത്തിൽ ഭരണനേതൃത്വത്തെവരെ വെല്ലുവിളിക്കാവുന്നത്ര വലിയ സാമ്പത്തികശക്തിയായി ക്രിക്കറ്റ് ബോർഡ് മാറി. ആധുനികാനന്തര ക്രിക്കറ്റ് വികാസത്തിന്റെ പ്രഭവകേന്ദ്രമായി ഇന്ത്യൻ ഉപഭൂഖണ്ഡം മാറുകയായിരുന്നു. വലിയ ജനസംഖ്യയുള്ള ഇന്ത്യാ രാജ്യത്ത് തൊണ്ണൂറുകളിൽത്തന്നെ ക്രിക്കറ്റ് വളരെ സ്വാഭാവികമെന്നവണ്ണം ആൾക്കൂട്ടത്തിന്റെ കളിയായി മാറിക്കഴിഞ്ഞിരുന്നു. ദേശീയതയും അതിലൂടെ വലതുപക്ഷ രാഷ്ട്രീയവും ഒളിച്ചുകടത്താനുള്ള എളുപ്പമാർഗമായും ക്രിക്കറ്റിനെ ഒരുവിഭാഗം കാണാൻ തുടങ്ങിയതോടെ ബിസിസിഐയുടെയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെയുമെല്ലാം ഘടനയും സ്വഭാവവുംതന്നെ മാറാൻ തുടങ്ങി. അധികാരം ലക്ഷ്യമിടുന്ന പ്രബല രാഷ്ട്രീയ കക്ഷികളെല്ലാം ക്രിക്കറ്റ് ബോർഡിനെ ചവിട്ടുപടിയാക്കി.

കോൺഗ്രസിന്റെ കാലത്ത് ചില ഉത്തരേന്ത്യൻ ധനാഢ്യ രാഷ്ട്രീയ നോതാക്കന്മാരുടെ ഒഴിവുസമയ വിനോദവേദി മാത്രമായിരുന്ന സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും ബിസിസിഐയും ആഗോളമൂലധനത്തിന്റെയും കോർപറേറ്റ് താൽപ്പര്യങ്ങളുടെയും രാഷ്ട്രീ യാധികാരത്തിന്റെയും സംഗമസ്ഥാനമായി മാറിയത് ചുരുങ്ങിയ കാലംകൊണ്ടാണ്. ക്രിക്കറ്റുമായി പ്രത്യേകിച്ച് ഒരു ബന്ധവും അവകാശപ്പെടാനില്ലാത്ത രാജ്യാധികാരികളും കുടുംബാംഗങ്ങളും ക്രിക്കറ്റ് ഭരണത്തിലേക്ക് കാലെടുത്തുവച്ചതിനെ യാദൃച്ഛികമായി കാണാനാകില്ല. നരേന്ദ്ര മോദിയും അമിത് ഷായും ഒരുകാലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ തലവന്മാരായിരുന്നുവെന്നതും അനുരാഗ് താക്കൂർ ബിസിസിഐ പ്രസിഡന്റായിരുന്നുവെന്നതും അമിത് ഷായുടെ മകൻ ജെയ് ഷാ ഇപ്പോഴും അതിന്റെ അനിഷേധ്യനായ അധികാരിയായി തുടരുന്നുവെന്നതും വെറുംവസ്തുതകൾ മാത്രമല്ലല്ലോ. ഇന്ത്യയിലെ ആക്രമണോത്സുക ഹിന്ദുത്വരാഷ്ട്രീയം അവരുടെ അജൻഡ നടപ്പാക്കാൻ ടെലിവിഷനെയും പുരാണേതിഹാസ പ്രചോദിതമായ സീരിയലുകളെയും ഉപയോഗപ്പെടുത്തിയത്‌ എങ്ങനെയെന്നതിനെപ്പറ്റി നിരവധി പഠനമുണ്ടായിട്ടുണ്ട്. സമാനമായ രീതിയിലാണ് ക്രിക്കറ്റ് എന്ന ‘ടെലിവിഷനെ'യും അവർ ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്ന് കാണാം. ഇന്ത്യ എന്ന ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റി ഉണ്ടാക്കിയെടുത്തിട്ടുള്ള ആക്രമണോത്സുക ദേശീയവികാരത്തിന്റെ വ്യാപ്തി പാകിസ്ഥാനുമായി കളിക്കുന്ന ഓരോ മത്സരശേഷവും റിപ്പോർട്ട് ചെയ്യപ്പെടുന്ന അക്രമസംഭവങ്ങളിൽ കാണാവുന്നതാണ്.

സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും പോലുള്ള കളിക്കാർക്ക് കിട്ടിയ പരിഗണനയോ സഞ്ജു സാംസനോടുള്ള അവഗണനയോ ഇന്നത്തെ നിലയിൽ ചർച്ച ചെയ്യപ്പെട്ടത് ഫ്രാഞ്ചൈസ് ക്രിക്കറ്റിനെ ചുറ്റിപ്പറ്റി രൂപീകൃതമായിരിക്കുന്ന ഫാൻ- കൾച്ചറിന്റെ ഭാഗമായിട്ടാണ്‌ എന്നത് കാണാതിരുന്നുകൂടാ

1996 മുതൽ 2007 വരെ നടന്ന നാല് ലോകകപ്പുകളെ മൈതാനത്തുനിന്ന് ടെലിവിഷനിലേക്കും അവിടെനിന്ന് ഡിജിറ്റൽ സ്‌പേസിലേക്കുമുള്ള കളിയുടെ പരിണാമപ്രക്രിയയിലെ മധ്യഘട്ടമായി കണക്കാക്കാവുന്നതാണ്. 2004ൽ ഔദ്യോഗികമായി തുടങ്ങിയ രാജ്യാന്തര ട്വന്റി -20 മത്സരങ്ങളാണ് ആ പരിണാമത്തിലെ അടുത്ത ഘട്ടം. ഒന്നിനുപകരം രണ്ട് ലോകകപ്പ്‌ വരുന്നു. 2007ലെ ട്വന്റി -20 ലോകകപ്പും അതിനു ലഭിച്ച വമ്പിച്ച സ്വീകാര്യതയും ഐപിഎൽ എന്ന അതിസമ്പന്നമായ ഫ്രാഞ്ചൈസ് ക്രിക്കറ്റിലേക്കുള്ള വഴി സുഗമമാക്കി.

ഐപിഎല്ലിന്റെ വരവോടെ ടീം തെരഞ്ഞെടുപ്പിൽ അടക്കമുണ്ടായിട്ടുള്ള കാതലായ മാറ്റമാണ് ഈ ലോകകപ്പിനു മുന്നോടിയായി ഉണ്ടായ ശ്രദ്ധേയമായ ചർച്ചാവിഷയം. സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും പോലുള്ള കളിക്കാർക്ക് കിട്ടിയ പരിഗണനയോ സഞ്ജു സാംസനോടുള്ള അവഗണനയോ ഇന്നത്തെ നിലയിൽ ചർച്ച ചെയ്യപ്പെട്ടത് ഫ്രാഞ്ചൈസ് ക്രിക്കറ്റിനെ ചുറ്റിപ്പറ്റി രൂപീകൃതമായിരിക്കുന്ന ഫാൻ- കൾച്ചറിന്റെ ഭാഗമായിട്ടാണ്‌ എന്നത് കാണാതിരുന്നുകൂടാ. യൂറോപ്പിലെയോ തെക്കനമേരിക്കയിലെയോ ഫുട്‌ബോൾ ക്ലബ്ബുകൾക്കോ അമേരിക്കയിലെ ബാസ്‌കറ്റ്‌ബോൾ ടീമുകൾക്കോ ഉള്ള തരം സമർപ്പിതാരാധകരുടെ സംഘടിത രൂപം ഐപിഎല്ലിൽ കാണാത്തതിനും ഒരുപക്ഷെ ചില സാമൂഹ്യ, രാഷ്ട്രീയ കാരണങ്ങൾ ഉണ്ടാകാം. ഉടമകളുടെ കായികബാഹ്യ താൽപ്പര്യങ്ങളെ / സ്വഭാവത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടിയാകണം അതിനുള്ള ഒരു കാരണം. മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലായതിനാൽമാത്രം മുംബൈ ഇന്ത്യൻസിന്റെയും ഗൗതം ഗംഭീറിന്റെ സാന്നിധ്യമുള്ളതിനാൽ ലഖ്‌നൗവിന്റെയും ആരാധകരാകാൻ മടിക്കുന്നവരെ കാണാൻ ഇന്ത്യയിൽ പ്രയാസമുണ്ടാകില്ല. എന്നാൽ, ഇവർക്കാർക്കുംതന്നെ ഇന്ത്യൻ ടീമിന്റെ ആരാധകരാകാൻ മടിയുണ്ടാകുകയുമില്ല. ആ സാധ്യത തന്നെയാണ് എക്കാലവും ഇന്ത്യൻ ക്രിക്കറ്റിന്റെ വാണിജ്യരഹസ്യം.

(മുതിർന്ന മാധ്യമപ്രവർത്തകനും ഇംഗ്ലീഷ് ഡിജിറ്റൽ പ്രസിദ്ധീകരണമായ ‘ദ ഫെഡറൽ ഡോട്ട്‌കോം’ അസോസിയറ്റ്‌ എഡിറ്ററുമാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top