നഗരവൽക്കരണം, വ്യവസായവൽക്കരണം, അശാസ്‌ത്രീയ ഭൂവിനിയോഗം, വനനശീകരണം, മരുഭൂമിവൽക്കരണം തുടങ്ങി വ്യത്യസ്‌ത കാരണങ്ങളാലാണ് ഇന്ത്യയിൽ ഭൂശോഷണം സംഭവിക്കുന്നത്. മരുഭൂമിവൽക്കരണത്തിന്റെയും ഭൂശോഷണത്തിന്റെയും വിവരങ്ങൾ പ്രതിപാദിക്കുന്ന അറ്റ്‌ലസ് കേരളത്തെ സംബന്ധിച്ച് നൽകുന്ന മുന്നറിയിപ്പു് പ്രധാനപ്പെട്ടതാണ്. കേരളത്തിൽ ആകെ ഭൂവിസ്‌തൃതിയുടെ 9.77 ശതമാനം 2011നും 2013നും ഇടയിൽ മരുഭൂമിവൽക്കരണത്തിനോ, ഭൂശോഷണത്തിനോ വിധേയമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എ എ റഹിം എഴുതുന്നു
“Climate change is the single greatest threat to a sustainable future, but at the same time, addressing the climate challenge presents a golden opportunity to promote prosperity, security and a brighter future for all.”
‐ Ban Ki- Moon, Former Secretary- General of UN
ജർമനിയിലെ ബോണിലെ ഐക്യരാഷ്‌ട്ര സംഘടനയുടെ ക്യാമ്പസിൽ ഇക്കഴിഞ്ഞ ആഗസ്‌ത് 5 മുതൽ 9 വരെ അഞ്ചു ദിവസങ്ങളിലായി നടന്ന ജി ക്യാപിൽ (Global Change Maker Academy for Parlamenterians) പങ്കെടുത്ത അനുഭവം ഭാവിയുടെ പാരിസ്ഥിതിക ജീവിതത്തെ സംബന്ധിച്ച ഗൗരവപൂർണമായ ചില ഉൾക്കാഴ്‌ചകളാണ് നൽകിയത്.
വികസനം–പരിസ്ഥിതി സംരക്ഷണം എന്നീ പ്രക്രിയകളെ പാരസ്‌പര്യത്തോടെ സമീപിക്കേണ്ടതിന്റെ ആവശ്യകത, നീതിപൂർണമായ പാരിസ്ഥിതിക വിഭവങ്ങളുടെ വിതരണം രാഷ്‌ട്രങ്ങളുടെ നയരൂപീകരണത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടതിന്റെ പ്രാധാന്യം, ഭാവിലോകത്തിന്റെ പാരിസ്ഥിതിക പ്രതീക്ഷകളെ നിറവേറ്റുന്നതിൽ വർത്തമാന ലോകത്തിന്റെ ഇടപെടൽശേഷി വഹിക്കുന്ന പങ്ക് എന്നിവയെക്കുറിച്ച് സമഗ്രമായ സംവാദങ്ങൾകൊണ്ട് അക്കാദമി മികവ് പുലർത്തി.
ഭൂമിയുടെ ഭാവിയും ഭാവിയുടെ ഭൂമിയും
ഭൂമിയുടെ ഭാവിയെ സംബന്ധിച്ച് ആഴത്തിലുള്ള ആലോചനകളും അവയിലൂന്നി രൂപപ്പെടുന്ന പാരിസ്ഥിതിക അവബോധവുമാണ് പാരിസ്ഥിതികപക്ഷ നയരൂപീകരണത്തിന്റെ കാതൽ.
പച്ചപ്പിന്റെ രാഷ്‌ട്രീയം എന്നത് മാനവികതയുടെ രാഷ്‌ട്രീയമാണ് എന്ന തിരിച്ചറിവ് ഈ കാലഘട്ടത്തിന്റെ നിർമിതിയാണ്. കാരണം, വരാനിരിക്കുന്ന തലമുറകളെ കരുതുക എന്നതും, നിലവിൽ നമുക്ക് ലഭ്യമായ പാരിസ്ഥിതിക വിഭവങ്ങളുടെ സംരക്ഷണവും അവയുടെ നീതിപൂർവമായ ഉപഭോഗവും വരുംതലമുറകളോട് നിർവഹിക്കേണ്ട സാമൂഹിക ഉത്തരവാദിത്വമാണ്.
പച്ചപ്പിന്റെ രാഷ്‌ട്രീയം എന്നത് മാനവികതയുടെ രാഷ്‌ട്രീയമാണ് എന്ന തിരിച്ചറിവ് ഈ കാലഘട്ടത്തിന്റെ നിർമിതിയാണ്.കാരണം, വരാനിരിക്കുന്ന തലമുറകളെ കരുതുക എന്നതും, നിലവിൽ നമുക്ക് ലഭ്യമായ പാരിസ്ഥിതിക വിഭവങ്ങളുടെ സംരക്ഷണവും അവയുടെ നീതിപൂർവമായ ഉപഭോഗവും വരുംതലമുറകളോട് നിർവഹിക്കേണ്ട സാമൂഹിക ഉത്തരവാദിത്വമാണ്.
പുതിയ കാലത്തിന് ഈ തിരിച്ചറിവുണ്ട്. രാഷ്‌ട്രങ്ങളും പൗരസമൂഹങ്ങളും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും പാരിസ്ഥിതിക ജാഗ്രത പുലർത്തുന്നതും അത്തരം മുദ്രാവാക്യങ്ങൾ ഏറ്റെടുക്കുന്നതും ഇന്ന് സർവസാധാരണമായിക്കഴിഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ മുൻ ജനറൽ സെക്രട്ടറി ബാൻ കി മൂൺ സൂചിപ്പിച്ചതുപോലെ, പാരിസ്ഥിതിക പ്രശ്നങ്ങൾ സുസ്ഥിരമായ ഭാവിയെപ്രതി വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. അതൊരു ആഗോള യാഥാർഥ്യമാണ്.
പക്ഷേ ആ വെല്ലുവിളി ആന്തരികമായ ചില സാധ്യതകളെ ഉള്ളേറ്റുന്നുണ്ട്. ആഗോള പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് എതിരായ പോരാട്ടം, ഭാവി തലമുറയുടെ സുരക്ഷയും അഭിവൃദ്ധിയും ഉറപ്പാക്കാനുള്ള അവസരം നമുക്ക് തുറന്നുതരികയാണ്.
ജി ക്യാപിൽ പങ്കെടുക്കാൻ ലഭിച്ച അവസരം വരാനിരിക്കുന്ന എത്രയോ തലമുറകളുടെ ഭാവിക്കായി പാരിസ്ഥിതിക നീതി (Environmental Justice) ഉറപ്പാക്കാൻ ലോകരാഷ്‌ട്രങ്ങളുടെ നയരൂപീകരണ സംവിധാനം പുലർത്തുന്ന ജാഗ്രത എത്രയാണ് എന്ന് ബോധ്യപ്പെടാൻ ഉപകരിച്ചു.
വയനാട്ടിലെ വലിയ ദുരന്തത്തിന് പിന്നാലെയാണ് ഞാൻ ജർമനിയിലേയ്ക്ക് വിമാനം കയറിയത്. ഐക്യരാഷ്‌ട്ര സംഘടനയുടെ വിവിധ സംരംഭങ്ങളായ United Nations Academic Staff College, UNCCD (United Nations Conventions for Combat Desertification), G 20 Global Land Initiative എന്നിവയുടെ സംയുക്ത പങ്കാളിത്തത്തിലാണ് ജി ക്യാപ് സംഘടിപ്പിക്കപ്പെട്ടത്.
അഞ്ചുദിവസത്തെ ഈ ശിൽപ്പശാലയിൽ ലോകത്തിലെ 24 രാജ്യങ്ങളിൽ നിന്നായി 27 പാർലമെന്റ് അംഗങ്ങൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു ഞാൻ.
ജി ക്യാപ്പിൽ പങ്കെടുത്ത പ്രതിനിധികൾ
പാരിസ്ഥിതിക പരിപാലനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പുതിയ സാധ്യതകൾ, വിവിധ രാജ്യങ്ങളിലെ മികച്ചതും മാതൃകാപരവുമായ അനുഭവങ്ങൾ എന്നിവയിലൂടെ എന്റെ പാരിസ്ഥിതികപക്ഷ കാഴ്‌ചപ്പാടുകളെ കൂടുതൽ തേച്ചുമിനുക്കാൻ പരിശീലന പരിപാടി ഉപകരിച്ചു.
ഭൂസംരക്ഷണ നിയമങ്ങളേയും അതുമായി ബന്ധപ്പെട്ട നിയമനിർമാണത്തെയും എങ്ങനെയാണ് നിയമനിർമാതാക്കൾ സമീപിക്കേണ്ടത് എന്നതിൽ ഞാൻ ഉൾപ്പെടെയുള്ള പാർലമെന്റ് അംഗങ്ങൾക്ക് കൂടുതൽ ദിശാബോധം നൽകുന്ന ക്ലാസുകൾക്കായിരുന്നു മുൻതൂക്കം. ലാൻഡ് റെസ്റ്റോറേഷന്റെ മാതൃകകൾ പരിചയപ്പെടുത്തുന്നതിനായിരുന്നു ഈ ശിൽപ്പശാലയിൽ ഐക്യരാഷ്‌ട്ര സംഘടന കൂടുതൽ ഊന്നൽ നൽകിയത്.
വിവിധ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ തങ്ങളുടെ രാജ്യങ്ങളിലെ പാരിസ്ഥിതിക നിയമങ്ങളും ഭൗമ സംരക്ഷണ അനുഭവങ്ങളും പങ്കുവച്ചു.
പാരിസ്ഥിതിക പ്രശ്നങ്ങളുടെ തീവ്രതയും പ്രതിരോധ മുന്നണിയും
വയനാട് ദുരന്തം അന്താരാഷ്‌ട്ര തലത്തിൽത്തന്നെ എത്രമാത്രം ആകുലതയുണ്ടാക്കി എന്ന് എനിക്ക് നേരിട്ട് മനസ്സിലായി. ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രതിനിധികളും ക്ലാസുകൾ കൈകാര്യം ചെയ്‌ത വിവിധ മേഖലകളിലെ പ്രമുഖരും വയനാട് ദുരന്തത്തെക്കുറിച്ച് പ്രതിപാദിച്ചു.
ഈ വർഷം ലോകത്ത് വയനാടിന് പുറമെ വേറെയും ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. പപ്പുവ ന്യൂ ഗുനിയയിൽ നടന്ന സമാനമായ മണ്ണിടിച്ചിലിൽ നൂറിലധികം പേരാണ് മരിച്ചത്.കാലാവസ്ഥാ വ്യതിയാനം കാരണമുള്ള ദുരന്തങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്.
ഈ വർഷം ലോകത്ത് വയനാടിന് പുറമെ വേറെയും ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. പപ്പുവ ന്യൂ ഗുനിയയിൽ നടന്ന സമാനമായ മണ്ണിടിച്ചിലിൽ നൂറിലധികം പേരാണ് മരിച്ചത്.കാലാവസ്ഥാ വ്യതിയാനം കാരണമുള്ള ദുരന്തങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ഇതേ കാലയളവിലാണ് ഉത്തരാഖണ്ഡിൽ മിന്നൽപ്രളയമുണ്ടായത്. ത്രിപുരയിൽ അതിതീവ്ര മഴ സൃഷ്ടിച്ച പ്രളയം വയനാട് ദുരന്തത്തിനും ശേഷമാണ് സംഭവിച്ചത്.
കാലാവസ്ഥാ വ്യതിയാനം വരുംനാളുകളിലും രൂക്ഷമാകും എന്ന് തന്നെയാണ് ഈ മേഖലയിലെ പ്രഗത്ഭർ കരുതുന്നത്. ആവർത്തിക്കുന്ന ദുരന്തങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ മുന്നോട്ടുപോകാനാണ് ലോകത്തെ ഓർമിപ്പിക്കുന്നത്. വലിയ തോതിലുള്ള മരുഭൂമിവൽക്കരണവും വരൾച്ചയുമാണ് ലോകം അഭിമുഖീകരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഐക്യരാഷ്‌ട്ര സംഘടന മുൻകൈയ്യെടുത്ത് UNCCD (United Nations Conventions for Desertification) രൂപീകരിക്കുന്നത്.
ഐക്യരാഷ്‌ട്ര സംഘടനയുടെ അണ്ടർ സെക്രട്ടറി ജനറൽ ഇബ്രാഹിം തൈവിനൊപ്പം എ എ റഹീം
1994 ജൂൺ 17ന് രൂപം കൊള്ളുകയും 1996ൽ പൂർണമായും പ്രാബല്യത്തിൽ വരികയുംചെയ്‌ത ഈ ഉടമ്പടിയിൽ ഇന്ത്യയുൾപ്പെടെ 196 രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ട്.
ആദ്യ COP (Convention ദf Parties) ചേർന്നത് റോമിലായിരുന്നു. ഐക്യരാഷ്‌ട്ര സംഘടനയുടെ അണ്ടർ സെക്രട്ടറി ജനറൽ ഇബ്രാഹിം തൈവ് ആണ് UNCCD യുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറി. അദ്ദേഹം ശിൽപ്പശാലയിൽ സംസാരിച്ചു.
UNCCD യുടെ കീഴിൽ പ്രവർത്തിക്കുന്ന ഏ20 ഗ്ലോബൽ ലാൻഡ് ഇനീഷ്യേറ്റീവ് ഡയറക്ടർ മലയാളി കൂടിയായ മുരളി തുമ്മാരുകുടിയാണ്. മരുഭൂമിവൽക്കരണത്തിന്റെ ഭയപ്പെടുത്തുന്ന കാഴ്‌ചകൾ നമ്മെ എപ്പോഴും വേട്ടയാടുകതന്നെ ചെയ്യും.
എ എ റഹീമും മുരളി തുമ്മാരുകുടിയും
സുസ്ഥിരവികസനം ലോക രാഷ്‌ട്രങ്ങളുടെ മുഖ്യ അജൻഡയാകണം. ഇതിനുതകുന്ന ശാസ്‌ത്രീയ സമീപനങ്ങളിലേയ്ക്ക് വിവിധ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾക്ക് ദിശാബോധം നൽകാനും ഇത് സംബന്ധിച്ച നിയമ നിർമാണങ്ങൾക്ക് പ്രേരിപ്പിക്കാനുമാണ് ഐക്യരാഷ്‌ട്രസംഘടന തുടർച്ചയായി ഇത്തരം അക്കാദമിക പരിശീലനങ്ങൾ സംഘടിപ്പിക്കുന്നത്.
ജാഗ്രത കൈവിടരുത്
UNCCD നൽകിയ വിവരങ്ങൾ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. 2015നും 2019നും ഇടയിൽ രാജ്യത്ത് 3051 മില്യൻ ഹെക്‌ടർ ഭൂമി ശോഷണത്തിന് വിധേയമായിക്കഴിഞ്ഞു. 2019ലെ കണക്ക് പ്രകാരം ഇത് രാജ്യത്തെ ആകെ ഭൂവിസ്‌തൃതിയുടെ 9.45 ശതമാനം ഭൂമിയാണ്. രാജ്യത്ത് 25 ശതമാനം ഭൂമി മരുഭൂമിവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നാണ് 2024ൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് തന്നെ പുറത്തുവിട്ട വിവരം
2023 വരെയുള്ള കണക്കാണിത്. രാജ്യത്തെ സ്‌പെയ്‌സ് ആപ്ലിക്കേഷൻ സെന്റർ പ്രസിദ്ധീകരിക്കുന്ന desertification and land degradation atlas of india രാജ്യത്തെ ഭൂമിശോഷണത്തെയും മരുഭൂമിവൽക്കരണത്തെയും കൃത്യമായി വരച്ചുകാട്ടുന്ന ഔദ്യോഗിക രേഖയാണ്.
ഇതിനുപുറമെ Space Application Centre (SAC) വികസിപ്പിച്ച ഓൺലൈൻ പോർട്ടലിലും ഇത് സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ലഭ്യമാകും. മേൽപ്പറഞ്ഞ ഔദ്യോഗിക സംവിധാനങ്ങളിലൂടെ ശാസ്‌ത്രീയമായി സമാഹരിച്ച കണക്കാണ് വനം പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.
നഗരവൽക്കരണം, വ്യവസായവൽക്കരണം, അശാസ്‌ത്രീയ ഭൂവിനിയോഗം, വനനശീകരണം, മരുഭൂമിവൽക്കരണം തുടങ്ങി വ്യത്യസ്‌ത കാരണങ്ങളാലാണ് ഇന്ത്യയിൽ ഭൂശോഷണം സംഭവിക്കുന്നത്.
രൂക്ഷമായ വരൾച്ചയിലൂടെയോ അശാസ്‌ത്രീയമായ ഭൂവിനിയോഗത്തിന്റെ ഭാഗമായോ, മനുഷ്യന് താമസിക്കാനോ കാർഷികപ്രവർത്തനങ്ങൾക്കോ സാധ്യമാകാത്ത വിധം ഭൂമിയുടെ സ്വഭാവവും ഘടനയും മാറുകയും ഒരു പ്രദേശം ക്രമേണ തരിശുഭൂമിയോ മരുഭൂമിയോ ആയിത്തീരുകയും ചെയ്യുന്ന പ്രതിഭാസമാണ് മരുഭൂമിവൽക്കരണം.
മരുഭൂമിവൽക്കരണത്തിന്റെയും ഭൂശോഷണത്തിന്റെയും വിവരങ്ങൾ പ്രതിപാദിക്കുന്ന മേൽപ്പറഞ്ഞ അറ്റ്‌ലസ് കേരളത്തെ സംബന്ധിച്ച് നൽകുന്ന മുന്നറിയിപ്പും പ്രധാനപ്പെട്ടതാണ്. കേരളത്തിൽ ആകെ ഭൂവിസ്‌തൃതിയുടെ 9.77 ശതമാനം 2011നും 2013നും ഇടയിൽ മരുഭൂമിവൽക്കരണത്തിനോ, ഭൂശോഷണത്തിനോ വിധേയമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇത് സംബന്ധിച്ച് അറ്റ്‌ലസ് ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്‌തുത കേരളത്തിലെ നൈസർഗിക സസ്യജാലങ്ങളുടെ അപചയ (vegetation degradation) മാണ്. ഇത് വളരെ വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ട ഒന്നാണ്. കണക്കുകളനുസരിച്ച് 2011നും 2013നും ഇടയിൽ മാത്രം കേരളത്തിൽ സംഭവിച്ചിരിക്കുന്ന നൈസർഗിക സസ്യജാലങ്ങളുടെ അപചയം 8.69 ശതമാനമാണ്.
കേരളത്തിലേതിനേക്കാൾ, വളരെ രൂക്ഷമായ കണക്കുകളാണ് മറ്റു സംസ്ഥാനങ്ങളെ സംബന്ധിച്ച് ഈ അറ്റ്‌ലസ് പ്രതിപാദിക്കുന്നത്. നമ്മുടെ അയൽസംസ്ഥാനമായ കർണാടകയിൽ ആകെ ഭൂവിസ്‌തൃതിയുടെ 36.24 ശതമാനമാണ് ഇതേ കാലയളവിൽ നഷ്ടമായത്.
തമിഴ്‌നാട്ടിൽ ഇതിന്റെ തോത് 11.87 ശതമാനം ആണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടേത് താരതമ്യേന ആശ്വാസകരമായ കണക്കുകൾ ആണെങ്കിലും വളരെ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടതുണ്ട്.
മണ്ണിനായി മനുഷ്യർ നടത്തുന്ന പോരാട്ടങ്ങൾ
ജി ക്യാപ്പിൽ വളരെ വൈകാരികമായ ഒരു സെഷൻ ഇന്തോനേഷ്യയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകയും ചലച്ചിത്രകാരിയുമായ ഇമ്മനുവേല ഷിന്റയുടേതായിരുന്നു. കലിമന്തൻ ദ്വീപിൽ താനുൾപ്പെടെയുള്ള വംശത്തിന്റെ ഭൂമിയുടെ അവകാശം വീണ്ടെടുക്കാൻ തുടങ്ങിയ പോരാട്ടമാണ് ഗോത്ര വിഭാഗക്കാരിയായ ഇമ്മനുവേലയെ ലോകത്തിന്റെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത്.
ഇമ്മനുവേല പറഞ്ഞതു മുഴുവൻ ഹൃദയത്തിൽ നിന്ന് പുറപ്പെട്ട വാക്കുകളായിരുന്നു. അത്രമാത്രം ഗാഢമായാണ് അവരുടെ സംസ്‌കാരവും ഭൂമിയും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നത്. ഭൂമിയുടെ അവകാശത്തിനായി ഇന്നും തന്റെ ഗോത്രവിഭാഗങ്ങൾ നടത്തുന്ന എണ്ണമറ്റ പോരാട്ടങ്ങളെക്കുറിച്ചാണ് ഇമ്മനുവേല ഞങ്ങളോട് സംസാരിച്ചത്.
ഖനി വ്യവസായ ഗ്രൂപ്പുകൾ വ്യാജ രേഖകൾ ഉപയോഗിച്ച് ഗോത്രവിഭാഗങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന സംഭവങ്ങൾ അവിടെ വ്യാപകമാണ്. വർഷങ്ങൾ നീളുന്ന നിയമയുദ്ധങ്ങൾ ഒറ്റയ്ക്കോ കൂട്ടായോ അവർക്ക് നടത്തേണ്ടിവരുന്നു. “മണ്ണിന്റെ അവകാശം നഷ്ടപ്പെട്ടാൽ ഞങ്ങളുടെ ആളുകൾക്ക് അതിജീവിക്കാനാകില്ല”‐ ഇമ്മാനുവേല പറഞ്ഞു.
സ്‌ക്രീനിൽ ഒരു വയോധികന്റെ ചിത്രം തെളിഞ്ഞു… അത് ചൂണ്ടി ഇമ്മനുവേല പറഞ്ഞു, ‘‘അത്തരം ഒരു രക്തസാക്ഷിയാണ് ഇദ്ദേഹം’’. ഭൂമി നഷ്ടപ്പെട്ട ആ സാധു വൈകാതെ ഹൃദയംപൊട്ടി മരിച്ച വാർത്ത ഞങ്ങളോട് പങ്കുവയ്ക്കുമ്പോൾ ഇമ്മാനുവേല വിതുമ്പുകയായിരുന്നു.
ഭൂസംരക്ഷണത്തിന് ഭൂമിയുടെ അവകാശം വളരെ പ്രധാനപ്പെട്ടതാണ്. ഗോത്ര ജനവിഭാഗങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലെ ഇപ്പോഴും പോരാട്ടം തുടരുകയാണ്. മനുഷ്യകേന്ദ്രീകൃതമായ പുരോഗമന രാഷ്‌ട്രീയ നിലപാടുകൾക്ക് മാത്രമേ മനുഷ്യനെ, പ്രത്യേകിച്ചും അരികുവൽക്കരിക്കപ്പെട്ടവരെ മണ്ണിന്റെ അവകാശികളാക്കാൻ സാധിക്കൂ. ഇന്ത്യയിൽ ആദ്യമായി ദുർബലരായ മനുഷ്യരെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയ നാടാണ് കേരളം.
ജി ക്യാപ്പിൽ പ്രതിപാദിച്ച പ്രധാന വിഷയങ്ങളിൽ ഒന്ന് ഭൂമിയുടെ അവകാശത്തെ സംബന്ധിച്ചായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സാമ്പത്തിക‐സാമൂഹിക പ്രശ്നമായാണ് കരുതിപ്പോകുന്നത്. അതൊരു ശരിയായ നിലപാടല്ല. ആത്യന്തികമായി ഭൂപ്രശ്നം എന്നത് ഭൂമിയുടെ അധികാരവുമായി ബന്ധപ്പെട്ട പ്രശ്നവുമാണ്. ഭൂമിയുടെ മേലുള്ള അധികാരം കർഷകർക്ക് നൽകുക എന്നത് ഭൂസംരക്ഷണ പ്രവർത്തനങ്ങളുടെ അടിസ്ഥാന ഘടകമാണ്.
കർഷകന് ഭൂമിയിൽ അവകാശം ഇല്ലാതെ വന്നാൽ അത് ഭൂവിനിയോഗത്തെയും ഭൂപരിപാലനത്തെയും പ്രതികൂലമായി ബാധിക്കും.
ഓരോ മനുഷ്യനും അവന്റെ സ്വന്തം മണ്ണിനോടുള്ള വൈകാരികമായ ബന്ധത്തെ ഉടമസ്ഥാവകാശമാക്കി പരിവർത്തനപ്പെടുത്തുക എന്ന രാഷ്‌ട്രീയ പ്രവർത്തനത്തിനാണ് ഒന്നാം ഇ എം എസ് സർക്കാർ വിഖ്യാതമായ നിയമ നിർമാണത്തിലൂടെ തുടക്കംകുറിച്ചത്.
ഓരോ മനുഷ്യനും അവന്റെ സ്വന്തം മണ്ണിനോടുള്ള വൈകാരികമായ ബന്ധത്തെ ഉടമസ്ഥാവകാശമാക്കി പരിവർത്തനപ്പെടുത്തുക എന്ന രാഷ്‌ട്രീയ പ്രവർത്തനത്തിനാണ് ഒന്നാം ഇ എം എസ് സർക്കാർ വിഖ്യാതമായ നിയമ നിർമാണത്തിലൂടെ തുടക്കം കുറിച്ചത്.
എല്ലാ ഇടതുപക്ഷ സർക്കാരുകളും ഇതേ ദിശയിൽ തന്നെയാണ് സഞ്ചരിച്ചിട്ടുള്ളത്. 2021ന് ശേഷം മാത്രം, വനാവകാശ നിയമപ്രകാരം കേരളത്തിൽ 2730 ആദിവാസി കുടുംബങ്ങൾക്ക് വനാവകാശ രേഖകൾ നൽകി. ഇതിലൂടെ 3937 ഏക്കർ ഭൂമിക്ക് ആദിവാസികൾ അവകാശികളായി. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം 241 കുടുംബങ്ങൾക്ക് 45 ഏക്കർ ഭൂമി വിതരണം ചെയ്‌തു. നിക്ഷിപ്ത വനഭൂമിയിൽ നിന്ന് 718 കുടുംബങ്ങൾക്ക് 244 ഏക്കർ ഭൂമി നൽകി.
ആകെ 3689 കുടുംബങ്ങൾക്ക് ഇടതുപക്ഷ സർക്കാർ തങ്ങളുടെ ഭരണകാലയളവിൽ ഭൂമി നൽകി. വനാവകാശ നിയമം രാജ്യം പാസാക്കുമ്പോൾ കേന്ദ്രസർക്കാരിൽ നിർണായക സ്വാധീനം ഇടതുപക്ഷത്തിനുണ്ടായിരുന്നു എന്നുകൂടി ഓർക്കണം. ഒന്നാം യുപിഎ സർക്കാരിന്റെ ചരിത്രപരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു വനാവകാശ നിയമം.
‘ഇൻഡിൻ ഖനന പ്രദേശം’ പഠിപ്പിക്കുന്ന ജൈവപാഠങ്ങൾ
വികസനവും പരിസ്ഥിതിസംരക്ഷണവും ഭൂപരിപാലനവും എപ്പോഴും ഒരു തർക്കവിഷയമായി വരാറുണ്ട്. സങ്കുചിതമായ പരിസ്ഥിതി വാദമുയർത്തി അനിവാര്യമായ അടിസ്ഥാന സൗകര്യ വികസനങ്ങളെ എതിർക്കുന്നത് വർത്തമാനകാലത്തോടും ഭാവിയോടും ചെയ്യുന്ന പാതകമാണ്.
ഈശേലർ ഇൻഡിൻ ഖനനപ്രദേശം ജി ക്യാപ് പ്രതിനിധികൾ സന്ദർശിച്ചപ്പോൾ
ഭൂമിയിലെ വിഭവസ്രോതസ്സുകൾ ഉപയോഗിക്കാതെ മനുഷ്യരാശിയ്‌ക്ക് നിലനിൽക്കാനാകില്ല, അതുപോലെത്തന്നെ ഭൂമിയെ, പരിസ്ഥിതിയെ സംരക്ഷിക്കാതെ നമുക്ക് അതിജീവിക്കാനുമാകില്ല. ഇവിടെയാണ് ഉത്തരവാദിത്വത്തോടുകൂടിയുള്ളതും ശാസ്‌ത്രീയവുമായ ഭൂവിനിയോഗത്തിന്റെയും ഭൂപരിപാലനത്തിന്റെയും സാധ്യത പ്രസക്തമാകുന്നത്. ശിൽപ്പശാലയുടെ ഭാഗമായി ഒരു ഖനന പ്രദേശത്ത് നടത്തിയ സന്ദർശനം ഇത് സംബന്ധിച്ച വേറിട്ട അനുഭവമായിരുന്നു.
ബോൺ നഗരത്തോട് ചേർന്നുള്ള മറ്റൊരു മുനിസിപ്പാലിറ്റിയാണ് ഈശേലർ. പതിറ്റാണ്ടുകളായി വലിയ തോതിൽ ഖനനം നടക്കുന്ന പ്രദേശങ്ങളാണ് ഇവിടെ. ഇപ്പോഴും ഖനനം തുടരുന്നു. ഇതിൽ പ്രധാനപ്പെട്ട ഇൻഡിൻ മൈൻ ഏരിയയാണ് ഞങ്ങൾ സന്ദർശിച്ചത്. ഹെക്‌ടർ കണക്കിന് ഭൂമിയിൽ ആഴത്തിലേൽപ്പിച്ച മുറിവുപോലെ ഭൂമിയുടെ ആഴങ്ങളിലേയ്ക്ക് നടത്തുന്ന ഖനനം നമുക്ക് ഇവിടെ കാണാനാകും.
ഒരുനിമിഷം പോലും വിശ്രമമില്ലാതെ യന്ത്രവൽകൃത ഖനനം ഇപ്പോഴും തുടരുന്നു. വൈദ്യുതി ഏറെ അനിവാര്യമായ ഊർജമാണ്. നഗരത്തിന് മുന്നോട്ടുപോകാനുള്ള ഊർജത്തിനായി ഭൂമിയെ ചൂഷണം ചെയ്യാൻ നിർബന്ധിതമാകുന്നു. എന്നാൽ ഈ വിഭവചൂഷണത്തിന്റെ ഫലമായി പതിറ്റാണ്ടുകളോളം ഭൂമിയിൽ ആഴത്തിൽ പിളർന്നു സൃഷ്ടിച്ച ഭയപ്പെടുത്തുന്ന അഗാധ ഗർത്തങ്ങളല്ല പിന്നെ ഞങ്ങൾ കണ്ടത്, മറിച്ച് നിറയെ പച്ചപ്പായിരുന്നു.
ജൈവവൈവിധ്യങ്ങളുടെ മനോഹരമായ ഒരു കലവറ തന്നെ അവർ അവിടെ പുനഃസൃഷ്ടിച്ചിരിക്കുന്നു. ആദ്യം കണ്ടത് ഇപ്പോൾ നടക്കുന്ന വിഭവചൂഷണത്തിന്റെ നേർസാക്ഷ്യങ്ങളായ ഖനന പ്രവർത്തനങ്ങളായിരുന്നുവെങ്കിൽ, പിന്നെ അതിനരികിൽ കണ്ടത് മുമ്പ് ഖനനപ്രവർത്തനങ്ങളിലൂടെ അപചയം സംഭവിക്കുകയും പിന്നീട് വീണ്ടെടുക്കുകയും ചെയ്‌ത ഹെക്‌ടർ കണക്കിന് ഭൂപ്രദേശമായിരുന്നു.
വിസ്‌തൃതമായ ഭൂമിയിൽ പച്ചപ്പട്ട് പോലെ വിളഞ്ഞുകിടക്കുന്ന കാർഷിക വിഭവങ്ങൾ, വിളവെടുക്കാറായ ധാന്യങ്ങൾ, ഫലവൃക്ഷങ്ങൾ, മനോഹരമായ നീർത്തടങ്ങൾ, ഒപ്പം സൗരോർജ പാർക്കുകളും, കാറ്റാടിപ്പാടങ്ങളും... മനോഹരമായ ഈ ജൈവ വൈവിധ്യങ്ങൾക്ക് നടുവിലൂടെ കടന്നുപോകുമ്പോൾ ഇതൊക്കെയും അൽപ്പം മുമ്പ് കണ്ടതുപോലെ, ഒരിക്കൽ ആഴത്തിൽ പിളർന്നിറങ്ങി മനുഷ്യൻ ഊറ്റിയെടുത്ത മണ്ണാണെന്ന് തോന്നുകയേ ഇല്ല.
നിലനിൽക്കാനും മുന്നോട്ടുപോകാനും മനുഷ്യൻ ഭൂമിയിൽ ഏൽപ്പിച്ച മുറിവ് പരിപാലിക്കാനും ആ മുറിവുണക്കാനും ഉള്ള ബാധ്യതകൂടി മനുഷ്യനുണ്ട്. ഇതാണ് ഈശേലർ നഗരത്തിലെ ഇൻഡിൻ ഖനന പ്രദേശം നൽകിയ പാഠം. ഇൻഡിനിൽ വിസ്‌തൃതവും മനോഹരവുമായ ഒരു തടാകം അവർ സൃഷ്ടിച്ചിട്ടുണ്ട്.
പത്ത് ഫുട്ബോൾ മൈതാനങ്ങളെക്കാൾ വലിപ്പമുള്ള, ന്യൂയോർക്കിലെ സെൻട്രൽ പാർക്കിനെക്കാൾ മൂന്നിരട്ടി വിസ്‌തൃതിയുള്ള ഇൻഡിൻ തടാകത്തെ ഇന്ത്യൻ ഓഷൻ എന്നും വിളിക്കാറുണ്ടത്രേ. ഇപ്പോൾ നിരവധി തദ്ദേശീയർ ബോട്ടിങ്ങിനും
മറ്റുമായി ഉപയോഗിക്കുന്നു.
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഗ്രീൻ എനർജിയിലേക്കുള്ള പരിവർത്തനത്തിന് ഒരു ഖനന പ്രദേശത്തെത്തന്നെ ഉപയോഗിക്കുന്ന നൂതനമായ അനുഭവം കൂടിയാണ് ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞത്. ആകാശത്തേയ്ക്ക് തലയുയർത്തി നിൽക്കുന്ന കാറ്റാടികളും മാനത്തേക്ക് മിഴി തുറന്നിരിക്കുന്ന സോളാർ പാനലുകളും സുസ്ഥിരവികസനത്തിലേക്കുള്ള സൂചകങ്ങളായി ഞങ്ങളുടെ മുന്നിൽ നിലകൊണ്ടു.
ജർമനി കൽക്കരി ഉപഭോഗം അവസാനിപ്പിക്കാൻ പോവുകയാണ്. ഇതിനായി പാർലമെന്റ് നിയമ നിർമാണം നടത്തിക്കഴിഞ്ഞു (Coal Phase-Out Act). ഖനനം നടത്തുന്ന സ്വകാര്യ കമ്പനിയും രണ്ടായിരത്തി മുപ്പതോടെ ഖനന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സർക്കാരിനോട് ധാരണയാക്കിയിട്ടുണ്ട്. ഇനി മണ്ണിനടിയിൽനിന്നല്ല, ‘മണ്ണിനു മുകളിൽ നിന്നുള്ള’ സ്രോതസ്സുകളിലൂടെ നിലനിൽപ്പിനും മുന്നോട്ടുപോകാനുമുള്ള ഊർജം അവർ ഉൽപ്പാദിപ്പിക്കും.
കേരളത്തിന്റെ വീണ്ടെടുപ്പ് മാതൃകകൾ
ഖനന പ്രദേശങ്ങളിലെ ഭൂമിയുടെ വീണ്ടെടുപ്പിന് നമ്മുടെ സംസ്ഥാനത്ത് അനുകരണീയമായ രണ്ട് മാതൃകകൾ ഉണ്ട്. കോവളത്തെ വെള്ളാർ ക്രാഫ്റ്റ് വില്ലേജ് ഏറ്റവും നൂതനമായ ഒരു വീണ്ടെടുക്കൽ മാതൃകയാണ്. കോവളത്തിന് സമീപം വെള്ളാറിൽ ഖനനം നിർത്തലാക്കിയ 8.52 ഏക്കർ വിസ്‌തൃതിയിലുള്ള പാറ ക്വാറിയിൽ ഇന്ന് കാണാൻ കഴിയുന്നത് മനോഹരമായ ക്രാഫ്റ്റ് വില്ലേജ് ആണ്.
വിഴിഞ്ഞം ഹാർബറിനായി ആദ്യഘട്ടങ്ങളിൽ ഖനനം നടത്തിയ സ്ഥലമായിരുന്നു ഇത്. പിന്നീട് ഈ ഭൂമി വിനോദസഞ്ചാര വകുപ്പ് ഏറ്റെടുത്തു. 2011ൽ കോടിയേരി ബാലകൃഷ്‌ണൻ വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായിരുന്നപ്പോൾ വടകര ഇരിങ്ങലിൽ ആരംഭിച്ച സർഗാലയ സമാനമായ മാതൃകയാണ്. 20 ഏക്കറിന് മുകളിലുണ്ട് വടകരയിലെ ഈ പഴയ പാറ ക്വാറി.
ഈ രണ്ടിടങ്ങളും കേരളത്തിന്റെ പൈതൃകം, കല, കരകൗശലമേഖല എന്നിവ പരിപോഷിപ്പിക്കുന്ന ടൂറിസ്‌റ്റ് കേന്ദ്രങ്ങളാണിന്ന്. രണ്ടിടങ്ങളിലുമായി നിലവിൽ 200ലധികം കരകൗശലരംഗത്തെ പ്രതിഭകൾ തൊഴിലെടുക്കുന്നു. അതിനുപുറമെ രണ്ടായിരത്തിലധികം കൈത്തറി കരകൗശല തൊഴിലാളികൾക്ക് ജോലിയും വരുമാനവും ഈ പദ്ധതിയിലൂടെ ഉറപ്പ് വരുത്തുന്നു. നാനൂറോളം കലാസംഘങ്ങൾക്ക് രണ്ട് ഇടങ്ങളിലും ഇതിനകം വേദിയൊരുക്കപ്പെട്ടു കഴിഞ്ഞു.
അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കൺവൻഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള മനോഹരമായ സാംസ്‌കാരിക നെറ്റ്‌വർക്ക് ആയി രണ്ട് സ്ഥലങ്ങളും ഇപ്പോൾ പ്രവർത്തിക്കുന്നു.
വെള്ളാർ ക്രാഫ്റ്റ് വില്ലേജ് G20യുടെ വേദിയുമായിരുന്നു. ഞാനുൾപ്പെടുന്ന പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി (Transport,Tourism and Culture) വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജ് സന്ദർശിച്ചിട്ടുണ്ട്.
വെള്ളാറിൽ ഇപ്പോൾ സംഗീത-നൃത്ത പരിപാടികളും നാടകവും അവതരിപ്പിക്കാൻ ഒരു സ്ഥിരം വേദി നിർമിക്കാൻ തുടങ്ങിയിരിക്കുന്നു. പാറ ഖനനം നമ്മുടെ നിർമാണ ആവശ്യങ്ങൾക്ക് നിലവിൽ ആവശ്യമാണ്. അത് ഉത്തരവാദിത്വത്തോടെയും ശാസ്‌ത്രീയമായും നടത്താനും ഖനനത്തിന് ശേഷം ഉൽപ്പാദനക്ഷമമായി ഖനന പ്രദേശത്തെ പുനഃസ്ഥാപിക്കാനും നമുക്ക് ബാധ്യതയുണ്ട്.
ഈ അർഥത്തിൽ മേൽ പരാമർശിച്ച കേരളത്തിന്റെ രണ്ട് മാതൃകകളും ലോകോത്തരമാണ്. ഈ മാതൃക കേരളത്തിലെ സമാനമായ മറ്റിടങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ട്. വെള്ളാർ, വടകര മാതൃകയിൽ മാത്രമല്ല, മത്സ്യകൃഷിയുൾപ്പെടെയുള്ള പലതരം കാര്യങ്ങൾ നമുക്ക് ഇത്തരം പ്രദേശങ്ങളിൽ ഫലപ്രദമായി പരീക്ഷിക്കാൻ കഴിയും.
കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ ഉപയോഗശൂന്യമായ നിരവധി ഖനന പ്രദേശങ്ങളിൽ ഉൽപ്പാദനക്ഷമമായ ഇത്തരം പരീക്ഷണങ്ങൾ ആലോചിക്കാവുന്നതാണ്.
പരിസ്ഥിതി സൗഹൃദ നിർമിതി എന്ന സാധ്യത
ഫോസിൽ ഇന്ധനങ്ങൾക്കും മറ്റ് പാരമ്പര്യ ഊർജസ്രോതസ്സുകൾക്കും പകരമായി ഹരിത ഇന്ധനങ്ങളും പാരമ്പര്യേതര ഊർജ സ്രോതസ്സുകളും പ്രോത്സാഹിപ്പിക്കപ്പെടുന്ന കാലമാണിത്. എന്നാൽ നിർമാണ രീതികളിൽ
അനിവാര്യമായ പുതിയ രീതികൾ അവലംബിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
ബോൺ നഗരത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളായിരുന്നു. കല്ലും സിമന്റും കട്ടകളും കുറച്ച്, സ്റ്റീലും ഗ്ലാസും കൂടുതലായി ഉപയോഗിച്ച് നിർമിച്ച ബഹുനില കെട്ടിടങ്ങൾ ബോൺ നഗരത്തിന് പരിസ്ഥിതിയോടും മാനവരാശിയോടുമുള്ള പ്രതിബദ്ധത വിളിച്ചോതുന്നതാണ്.
ബോൺ നഗരത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളായിരുന്നു. കല്ലും സിമന്റും കട്ടകളും കുറച്ച്, സ്റ്റീലും ഗ്ലാസും കൂടുതലായി ഉപയോഗിച്ച് നിർമിച്ച ബഹുനില കെട്ടിടങ്ങൾ ബോൺ നഗരത്തിന് പരിസ്ഥിതിയോടും മാനവരാശിയോടുമുള്ള പ്രതിബദ്ധത വിളിച്ചോതുന്നതാണ്.
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച പ്രശ്നങ്ങൾ ഉയർന്നുവരുന്ന ഘട്ടങ്ങളിൽ ക്വാറികൾക്ക് പ്രവർത്തന അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കാറുണ്ട്. ഇത്തരം ഖനനങ്ങൾ നിർത്തിയാൽ അത് നിർമാണ മേഖലയെ സാരമായി ബാധിക്കും.
നിർമാണ പ്രവർത്തനങ്ങളുടെ ചെലവ് കൂടും. സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നത്തിനുപോലും തടസ്സമാകും. ഉയർന്ന തുക ചിലവാക്കിയാൽ പോലും നിർമാണത്തിനുള്ള പാറയും അനുബന്ധ ഉൽപ്പന്നങ്ങളും കിട്ടാനില്ലാത്ത സ്ഥിതി കേരളത്തിലുണ്ടാകാറുണ്ട്. എന്നാൽ നമ്മുടെ നിർമാണ രീതികളിൽ മേൽപ്പറഞ്ഞ മാതൃകയിൽ മാറ്റം വരുത്തുകയും അത് വ്യാപകമായി പ്രോത്സാഹിപ്പിക്കുകയും ചെയ്‌താൽ മനോഹരമായ നിർമിതികൾ നമ്മുടെ നാട്ടിൽ നിറയും.
പാറകൾ നിറഞ്ഞ മലനിരകൾ നമുക്ക് നഷ്ടമാകാതെ സംരക്ഷിക്കുകയും ചെയ്യാം. എന്നാൽ നമ്മുടെ കാലാവസ്ഥയ്‌ക്ക് ഉചിതമായ നിർമാണ രീതികൾ കണ്ടെത്തണം. ഉയർന്ന ചൂടും അതിതീവ്ര മഴയും കേരളത്തിന്റെ സ്ഥിരാനുഭവങ്ങളായിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ കാലാവസ്ഥാ സാഹചര്യങ്ങളെക്കൂടി കണക്കിലെടുത്ത് പരിസ്ഥിതി സൗഹൃദ നിർമാണ രീതികളും അതിനു പ്രാപ്തമായ സാമഗ്രികളും നമ്മൾ വികസിപ്പിച്ചേ മതിയാകൂ.
സ്റ്റീൽ, ഗ്ലാസ് എന്നിവ നമ്മൾ ഉപയോഗിക്കാൻ തുടങ്ങുന്നു എന്ന് കരുതുക. വിപണിയിലെ ഇത്തരം ഉൽപ്പന്നങ്ങൾക്കുള്ള വില സാധാരണക്കാരന് താങ്ങാനാകുമോ? ഇല്ലെങ്കിൽ പരിസ്ഥിതി സൗഹൃദ കെട്ടിട നിർമാണങ്ങൾക്ക് സബ്‌സിഡി, നികുതിയിളവുകൾ എന്നിങ്ങനെയുള്ള സാധ്യതകൾ പരിശോധിക്കാനാകണം.
നിലവിൽ തന്നെ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കും സോളാർ ഉൾപ്പെടെയുള്ള ഊർജ സ്രോതസ്സുകൾക്കും നമ്മൾ മേൽപ്പറഞ്ഞ പല പരിഗണനകളും ഒരു പരിധിവരെ നൽകി വരുന്നുണ്ട്.
ഹൈഡ്രജൻ: ഭാവിയുടെ ഇന്ധനം
വിവിധ അന്താരാഷ്‌ട്ര ഉടമ്പടികളിൽ നമ്മൾ ഒപ്പുവച്ചിട്ടുണ്ടെങ്കിലും പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളെയും പാരമ്പര്യേതര ഊർജ ഉൽപ്പാദന രീതികളെയും പ്രോത്സാഹിപ്പിക്കാൻ കുറേക്കൂടി ശ്രദ്ധ രാജ്യം ഉറപ്പുവരുത്തണം. ഹൈഡ്രജൻ ഇക്കോണമി പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യം ഇനിയും വേണ്ടത്ര മുന്നോട്ടുപോയിട്ടില്ല. ഉൽപ്പാദനം, സ്റ്റോറേജ്, ട്രാൻസ്‌പോർട്ടേഷൻ‐ ഈ മൂന്നു മേഖലകളിലും ഒരുപാട് മുന്നോട്ടുപോകേണ്ടതായുണ്ട്.
കേരള സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഹൈഡ്രജൻ വാലി എന്ന പ്രൊജക്ട് കൊണ്ടുവരികയും മാതൃകാപരമായ ഇടപെടൽ നടത്തുകയും ചെയ്യുന്നു എന്നത് അഭിനന്ദനാർഹമാണ്.
ക്ലീൻ എനർജി എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഹരിത ഇന്ധനമാണ് ഹൈഡ്രജൻ. 2030ഓടെ 5 മില്യൻ ടൺ ഹൈഡ്രജൻ ഉൽപ്പാദനത്തിലേയ്ക്ക് എത്താനാണ് രാജ്യം ലക്ഷ്യം വയ്‌ക്കുന്നത്.
ഇതിന് അനുസൃതമായ നിലയിൽ കൂടുതൽ ഫലപ്രദമായി മുന്നോട്ടുപോകാൻ രാജ്യത്തിന് കഴിയണം. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം, ഉപയോഗശൂന്യമായ ബാറ്ററികളുടെ സംസ്‌കരണം എല്ലാം ഗുരുതരമായ മറ്റു പല പാരിസ്ഥിതിക പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. കാർബൺ പുറന്തള്ളലിലെ പ്രധാന സംഭാവന വാഹനങ്ങളിലെ ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനത്തിൽ നിന്നാണ്.
ലോകത്തിലെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉള്ള 20 നഗരങ്ങളിൽ 14ഉം ഇന്ത്യയിലാണ്. അതിവേഗത്തിലുള്ള നഗരവൽക്കരണം പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
ലോകത്തിലെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉള്ള 20 നഗരങ്ങളിൽ 14ഉം ഇന്ത്യയിലാണ്. അതിവേഗത്തിലുള്ള നഗരവൽക്കരണം പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നു. ഹൈഡ്രജൻ പോലെയുള്ള ഹരിത ഇന്ധനങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ട കാര്യം. സാധാരണക്കാരന് ഹരിത ഇന്ധനങ്ങളും വാഹനങ്ങളും പ്രാപ്തമാക്കാൻ കഴിയുന്നവിധം ഇളവുകൾ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനവും നിയമ നിർമാണവും
2023ൽ വയനാട്ടിൽ ആകെ പെയ്‌ത മഴയുടെ ശരാശരി കണക്ക് 625.5 മില്ലീമീറ്റർ ആയിരുന്നു. അതുതന്നെ സാധാരണമായി ലഭിക്കുന്ന മഴയെക്കാൾ 36 ശതമാനം കൂടുതലാണ്. 2024 ജൂലൈ 30ന് ഉരുൾപൊട്ടൽ നടക്കുന്നതിനു മുമ്പുള്ള 48 മണിക്കൂറിൽ മാത്രം വയനാട്ടിൽ പെയ്‌തത് ഏതാണ്ട് 572 മില്ലീമീറ്റർ മഴയാണ്. അതിൽ 200 മില്ലിമീറ്റർ ആദ്യ 24 മണിക്കൂറിലും തുടർന്നുള്ള 24 മണിക്കൂറിൽ 372 മില്ലിമീറ്റർ രേഖപ്പെടുത്തിയ അതിതീവ്ര മഴയുമാണ് പെയ്‌തത്.
ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽമലയിലെ രക്ഷാപ്രവർത്തനം - ഫോട്ടോ: ബിനുരാജ്
ഇങ്ങനെ പെയ്‌തിറങ്ങിയ ഈ അതിതീവ്രമഴ ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണീരായാണ് കുത്തിയൊലിച്ചത്. മേൽ സൂചിപ്പിച്ചപോലെ
2023നെ അപേക്ഷിച്ച് ഈ വർഷം വയനാട്ടിൽ പെയ്ത മഴയുടെ അളവിലെ വൻവർധനവ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീതിപ്പെടുത്തുന്ന നേർസാക്ഷ്യമാണ്. ഇതേ കാലയളവിൽത്തന്നെയാണ് ഉത്തരാഖണ്ഡിൽ അതിതീവ്ര മഴയുടെ ഫലമായി മിന്നൽപ്രളയം ഉണ്ടാകുന്നത്.
2023നെ അപേക്ഷിച്ച് ഈ വർഷം വയനാട്ടിൽ പെയ്ത മഴയുടെ അളവിലെ വൻവർധനവ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീതിപ്പെടുത്തുന്ന നേർസാക്ഷ്യമാണ്. ഇതേ കാലയളവിൽ തന്നെയാണ് ഉത്തരാഖണ്ഡിൽ അതിതീവ്ര മഴയുടെ ഫലമായി മിന്നൽപ്രളയം ഉണ്ടാകുന്നത്.
ത്രിപുരയുടെ കാര്യവും നേരത്തെ പരാമർശിച്ചിരുന്നല്ലോ.കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ നമ്മുടെ രാജ്യത്ത് ഇവ സംബന്ധിച്ച് സമഗ്രമായ നിയമങ്ങൾ ഉണ്ടോ എന്ന ചോദ്യവും പ്രസക്തമാകും. അത്തരം സമഗ്രമായ നിയമങ്ങൾ നമുക്കില്ല എന്നാണ് ഉത്തരം.
2024ൽ സുപ്രീം കോടതി ഇക്കാര്യം ഒരു വിധിയിൽ അടിവരയിട്ട് പറയുന്നുണ്ട്. രഞ്ജിത്ത് സിങ്ങും മറ്റു ചില കർഷകരും ചേർന്ന് സുപ്രീംകോടതിയിൽ ഫയൽ ചെയ്‌ത റിട്ട് പെറ്റീഷനിൽ സുപ്രീം കോടതി പറഞ്ഞത്, “കാലാവസ്ഥാ വ്യതിയാനവും വരൾച്ച, ഭൂശോഷണം പോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു നിയമമോ നയമോ ഇല്ല എന്നത് പരിഹരിക്കപ്പെടേണ്ടതാണ്” എന്നാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ലോകത്ത് എവിടെയെങ്കിലും ഒരു ദുരന്തം ഉണ്ടായാൽ അതിന് ലോകരാജ്യങ്ങൾക്കാകെ ഉത്തരവാദിത്വമുണ്ട് എന്നാണ് ഐക്യരാഷ്‌ട്ര സംഘടന തന്നെ വ്യക്തമാക്കുന്നത്. ഇത്തരം ദുരന്തങ്ങൾ ഇപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല. ഈ ദുരന്തഭൂമികളിലെ അതിജീവനവും നഷ്ടപരിഹാരവും ആരുടെയൊക്കെ ബാധ്യതയാണ്? അത് രാജ്യത്തിന്റെയാകെ ഉത്തരവാദിത്വമാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും അവിടെ പുനരധിവാസം സാധ്യമാക്കാനും കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ട്. ഈ ദിശയിലുള്ള സമഗ്രമായ നിയമ നിർമാണത്തിന് രാജ്യം അടിയന്തരമായി തയ്യാറാകണം.
2022 നവംബറിൽ ഈജിപ്തിൽ നടന്ന UN Climate Change Conference (COP27) എത്തിച്ചേർന്ന നിഗമനം വളരെ പ്രധാനപ്പെട്ടതാണ്. കാലാവസ്ഥാ വ്യതിയാനവും അതുമൂലം ഉണ്ടാകുന്ന ദുരന്തങ്ങളും ഏതെങ്കിലും ഒന്നോ രണ്ടോ രാജ്യങ്ങളുടെ ഉത്തരവാദിത്വമല്ല.
ഭൂമിയുടെ സംരക്ഷണവും പാരിസ്ഥിതിക പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനം പോലുള്ള അടിയന്തര ഇടപെടൽ ആവശ്യമായ വിഷയങ്ങളും മാനവരാശിയുടെ, ആഗോള സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ് എന്നാണ് സമ്മേളനം വിലയിരുത്തിയത്.
കാലാവസ്ഥാ വ്യതിയാനംകൊണ്ട് ഉണ്ടാകുന്ന ദുരന്തങ്ങളിൽ പുനരധിവാസത്തിനും അതിന്റെ പ്രത്യാഘാതങ്ങളുടെ പരിഹാരത്തിനുമായി Loss and Damage Fund എന്ന പേരിൽ ഒരു സാമ്പത്തിക സഹായ സംവിധാനം ഐക്യരാഷ്‌ട്ര സംഘടന മുന്നോട്ടുവച്ചു.
ഇതു പ്രകാരം വികസിത രാജ്യങ്ങളും മറ്റ് ഐക്യരാഷ്‌ട്ര സംഘടനയുടെ അംഗരാജ്യങ്ങളും ഈ ഫണ്ടിലേക്ക് നിശ്ചിതമായ സംഭാവന നൽകണം. ലോക ബാങ്കിൽ സൂക്ഷിക്കപ്പെടുന്ന ഈ ഫണ്ട് കാലാവസ്ഥാ വ്യതിയാനം മൂലം വലിയ ദുരന്തങ്ങളും നാശനഷ്ടങ്ങളും നേരിടേണ്ടി വരുന്ന രാജ്യങ്ങൾക്ക് അർഹമായതായിരിക്കും.
ഈ ഫണ്ടിലേക്ക് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച്, വ്യാവസായികവൽക്കരണവും മറ്റും നടന്നിട്ടുള്ള, കാലാവസ്ഥാ വ്യതിയാനത്തിൽ വലിയ പങ്കിന് കാരണക്കാരാകുന്ന വികസിത രാജ്യങ്ങൾ കൂടുതൽ സംഭാവന നടത്തണം എന്ന വാദം നിലനിൽക്കുന്നുണ്ട്.
ഈ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് ഒരു ട്രാൻസിഷൻ കമ്മിറ്റിക്ക് രൂപംനൽകാൻ UN Climate Change Conference തീരുമാനിച്ചിട്ടുണ്ട്. ദുബായിൽ നടന്ന COP28 ൽ ഇതുമായി ബന്ധപ്പെട്ട ഒരു അന്തിമ തീരുമാനം ഉണ്ടായി. വികസ്വര രാജ്യങ്ങളുടെയും ചെറു ദ്വീപ രാജ്യങ്ങളുടെയും നീണ്ട 30 വർഷത്തെ ആവശ്യങ്ങളാണ് COP27ഉം COP 28 ഉം പരിഗണിച്ചത്.
ഇങ്ങനെ ഒരു അന്താരാഷ്‌ട്ര സമീപനം ഉണ്ടായിവരുന്ന ഘട്ടത്തിൽ നമ്മുടെ രാജ്യത്തും ഇത് സംബന്ധിച്ച സമഗ്രമായ ഒരു തീരുമാനം അനിവാര്യമാണ്. ദുരന്ത സന്ദർഭങ്ങളിൽ നമ്മുടെ രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് യുഎൻ പോലുള്ള അന്താരാഷ്‌ട്ര ഏജൻസികളിൽ നിന്ന് സഹായം കരസ്ഥമാക്കാൻ നിലവിൽ വലിയ പ്രതിസന്ധികളുണ്ട്. സമഗ്രമായ പുതിയ നിയമ നിർമാണം ഇത്തരം പ്രതിസന്ധികളെ മുറിച്ചുകടക്കാൻ പ്രാപ്തമായതായിരിക്കണം.
അന്താരാഷ്‌ട്രസമൂഹത്തിന് ഇന്ത്യ നൽകിയ ഉറപ്പ്
2020ഓടെ വനനശീകരണത്തിന് വിധേയമായ 13 മില്യൻ ഹെക്‌ടർ ഭൂമി രാജ്യത്ത് വീണ്ടെടുക്കുമെന്നും, 2030ഓടെ എട്ട് മില്യൻ ഹെക്‌ടർ അധികം കൂടി വീണ്ടെടുക്കും എന്നും UNFCCC (United Nations Framework Convention On Climate Change) 2015ൽ പാരീസിൽ ചേർന്ന കക്ഷി രാജ്യങ്ങളുടെ സമ്മേളനത്തിൽ (COP) ഇന്ത്യ ഉറപ്പ് നൽകിയതായിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ പ്രതീക്ഷാവഹമായ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. അന്താരാഷ്‌ട്ര സമൂഹത്തിന് കൊടുത്ത ഉറപ്പ് പാലിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ടുപോകാൻ രാജ്യത്തിന് കഴിയണം.
നമ്മുടെ ഭൂസംരക്ഷണ നിയമങ്ങൾ ഫലപ്രദമാണോ?
ഭൂശോഷണം (Land degradation) തടയുന്നതിനുംഭൂമി വീണ്ടെടുക്കുന്നത് (Land restoration) സംബന്ധിച്ചും ഒരു നിയമവും നിലനിൽക്കുന്നില്ല എന്നത് രാജ്യത്തിന് ഭൂഷണമല്ല. ഇന്ത്യയുടെ പരിസ്ഥിതിയെയും സമ്പദ്‌വ്യവസ്ഥയേയും സാമൂഹിക അവസ്ഥയേയും ഭൂമി ശോഷണം പ്രതികൂലമായി ബാധിക്കും. ഇന്ത്യൻ ജൈവവൈവിധ്യത്തിന് ഉണ്ടാകുന്ന പ്രത്യാഘാതം ഗുരുതരമാണ്.
ആവാസ വ്യവസ്ഥകളുടെ തകർച്ചയ്ക്കും ജൈവസമ്പത്തിന്റെ വംശനാശത്തിനും ഇത് കാരണമാകും. മണ്ണൊലിപ്പ് കൃത്യമായ ഭൂമി പരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും കുറവുകൊണ്ട് സംഭവിക്കാവുന്ന മറ്റൊരു സാധാരണ പ്രശ്നമാണ്. അത് മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തും.
അതിലൂടെ കാർഷിക ഉൽപ്പാദനത്തിൽ കുറവ് സംഭവിക്കും. ഭക്ഷ്യസുരക്ഷയെയും സ്വയംപര്യാപ്തതയേയും സാമ്പത്തിക ഘടനയെയും ഇത് പിന്നോട്ടുവലിക്കും. ജലക്ഷാമവും കുറഞ്ഞ കാർഷിക ഉൽപ്പാദനവും ജൈവ വിഭവങ്ങളുടെ ദൗർലഭ്യവും ജനങ്ങളെ സാമ്പത്തികമായി ഞെരുക്കും. ഭൂമിശോഷണം ഇന്ത്യൻ ജിഡിപിയിൽ ഏതാണ്ട് 2.5 ശതമാനം കുറവ് വരുത്തിയേക്കാം. ഇത് സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങൾക്ക് വഴിതെളിക്കും.
ജനങ്ങളുടെ പലായനവും മറ്റു തൊഴിലുകളിലേക്കുള്ള മാറ്റവും സാമൂഹിക സാഹചര്യങ്ങളിൽ കാതലായ മാറ്റം വരുത്തും. ഇത്രയേറെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടും ഇന്ത്യയിൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് കൃത്യവും സമഗ്രവുമായ ഒരു നയരൂപീകരണമോ നിയമനിർമാണമോ ഉണ്ടായിട്ടില്ല.
കാലാവസ്ഥാ വ്യതിയാനവും ഭൂമിശാസ്‌ത്രപരമായി കാലാവസ്ഥാ വ്യതിയാനത്തിനുള്ള പങ്കും രാജ്യത്തിന്റെ നിയമ നിർമാണത്തിന്റെ കേന്ദ്ര ബിന്ദുവായി മാറിയിട്ടില്ല ഇന്നും. കാലാവസ്ഥാ വ്യതിയാനവും ഭൂശോഷണവുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു നിയമനിർമാണം ഇന്നോളം ഉണ്ടായിട്ടില്ല. സുസ്ഥിരവും സമഗ്രവുമായ നിയമനിർമാണവും സമൂഹത്തിന്റെ എല്ലാ മേഖലകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഈ നിയമത്തിന്റെ ക്രിയാത്മകമായ നിർവഹണവും അത്യന്താപേക്ഷിതമാണ്.
നിയമ നിർമാണത്തിലെ ആഗോള മാതൃകകൾ
ജി ക്യാപ്പിൽ വിവിധ രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ചും നിയമ നിർമാണത്തിൽ ശ്രദ്ധിക്കേണ്ട ഘടകങ്ങളെക്കുറിച്ചും വിശദമായ ക്ലാസും ചർച്ചകളും ഉൾപ്പെടുത്തിയിരുന്നു. ഈ രംഗത്ത് യൂറോപ്യൻ യൂണിയന്റെ ഇടപെടൽ ശ്രദ്ധേയമാണ്. വിവിധങ്ങളായ നിയമനിർമാണങ്ങളും നയരൂപീകരണവും യൂറോപ്പിൽ ഭൂമിയുടെ സംരക്ഷണവും ഭൂശോഷണവുമായും ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട് എന്നത് നമുക്ക് മാതൃകയാക്കാവുന്നതാണ്.
2020ലെ യൂറോപ്യൻ യൂണിയന്റെ EU Biodiversity Strategy ആവാസവ്യവസ്ഥകളുടെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ടതാണ്. 2019ലെ EU Green Deal ഭൂമിയുടെ വീണ്ടെടുപ്പും മണ്ണിന്റെ ഫലഭൂയിഷ്ഠത കൂട്ടുന്നതുമായും ബന്ധപ്പെട്ടതാണ്. മണ്ണൊലിപ്പും ഭൂശോഷണവും ഭൂപുനരുദ്ധാരണവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ 2006ൽ സ്വീകരിച്ച Soil Thematic Strategy ശ്രദ്ധേയമാണ്.
2022 ജൂണിൽ യൂറോപ്യൻ യൂണിയൻ പാരിസ്ഥിതിക സംരക്ഷണവും ആവാസവ്യവസ്ഥകളുടെ വീണ്ടെടുപ്പും ഭൂശോഷണത്തിന് നിയന്ത്രണവും കാലാവസ്ഥാ വ്യതിയാനവും ഒക്കെയായി ബന്ധപ്പെട്ട Restoring Nature Initiative എന്ന ആശയത്തിൽ മുന്നോട്ടുവച്ച Restoring Nature Initiative മാതൃകാപരവും ശ്രദ്ധേയവുമായ ഒരു സമഗ്ര നിയമനിർമാണമാണ്.
നിയമസാധുതയുള്ള, നിയമപരമായി ബാധ്യതയുള്ള ഈ നിയമം യൂറോപ്യൻ യൂണിയൻ 2024 ഫെബ്രുവരി 27ന് അംഗീകരിച്ചിരിക്കുകയാണ്. 2030ഓടെ യൂറോപ്പിന്റെ 20 ശതമാനം ഭൂമി വീണ്ടെടുക്കുക എന്നതും 2050ഓടെ എല്ലാ ആവാസവ്യവസ്ഥകളെയും സുസ്ഥിരമായി സംരക്ഷിക്കുക എന്നതും ഈ സമഗ്ര നിയമത്തിന്റെ കൃത്യമായ ലക്ഷ്യങ്ങളാണ്.
യൂറോപ്യൻ യൂണിയന്റെ ഈ ഇടപെടലും സമഗ്രമായ നിയമനിർമാണവും ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളും മാതൃകയായി കണ്ട് അടിയന്തരമായി ഇത്തരം നിയമനിർമാണങ്ങൾക്ക് തയ്യാറാകണം. ആസ്ട്രേലിയ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളും ഭൂപുനരുദ്ധാരണവും ഭൂസംരക്ഷണവുമായി ബന്ധപ്പെട്ട ചില സമഗ്രമായ നിയമനിർമാണങ്ങളും നയരൂപീകരണങ്ങളും കൈക്കൊണ്ടിട്ടുണ്ട്.
വരാനിരിക്കുന്ന തലമുറകൾക്ക് ഈ ഭൂമിയെ ഇന്നുള്ളതിലും മികച്ച രീതിയിൽ കൈമാറാൻ ലോകത്തെയാകെ പ്രാപ്തമാക്കാൻ ഓരോ രാജ്യവും ഹരിത രാഷ്‌ട്രീയത്തെ ഒരേസമയം നയരൂപീകരണത്തിലും നിയമ നിർമാണത്തിലും കേന്ദ്ര ആശയമായി ആവിഷ്‌കരിക്കേണ്ടതുണ്ട്.
ദേശാഭിമാനി വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..