23 December Monday

അക്കാദമിക സ്വാതന്ത്ര്യം 
ഭീഷണിയിലായ ഇന്ത്യ

ആർ സുരേഷ് കുമാർUpdated: Saturday Nov 2, 2024

 

അക്കാദമിക സ്വാതന്ത്ര്യമെന്നത് വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെ ഉൾക്കൊള്ളുന്ന പഠനത്തിനും അധ്യാപനത്തിനും ഗവേഷണത്തിനുമുള്ള അവകാശത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം ഇത്തരമൊരവകാശം ഹനിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന് ഇന്റർനാഷണൽ സ്റ്റഡീസ് അസോസിയേഷൻ (ഐഎസ്എ) ചൂണ്ടിക്കാണിക്കുന്നു. അന്തർദേശീയ പഠനങ്ങൾക്കുള്ള ഏറ്റവുംവലിയ ഗവേഷകസംഘടനയാണ് ഐഎസ്എ. ഗവേഷണം, ആശയങ്ങൾ, വിവരങ്ങൾ എന്നിവയിലെ സ്വതന്ത്രമായ വിനിമയത്തെ തടഞ്ഞുകൊണ്ട് സാധാരണയായി നടക്കേണ്ടതായ അക്കാദമിക പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ വ്യാപകമാകുന്നതിനെക്കുറിച്ചാണ് അവർ പറയുന്നത്. അക്കാദമിക സ്വാതന്ത്ര്യത്തിന്റെ അന്തർദേശീയ മാനദണ്ഡങ്ങൾക്ക് തികച്ചും വിരുദ്ധമായ കാര്യങ്ങളാണ് ഇന്ത്യയിൽ സംഭവിക്കുന്നതെന്ന്‌ അവർ വ്യക്തമാക്കുന്നു. സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക അവകാശങ്ങളിൻമേലുള്ള ഇന്റർനാഷണൽ കവ്നന്റ്‌ (ഐസിഇഎസ്‌സിആർ) സാധൂകരിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. അതിലെ "ശാസ്ത്രീയ ഗവേഷണത്തിനു വേണ്ടിയുള്ള അവിഭാജ്യമായ സ്വാതന്ത്ര്യം' എന്ന ആർട്ടിക്കിൾ 15.3. വ്യവസ്ഥയിൽ ഒരുവിധത്തിലുള്ള അഭിപ്രായവ്യത്യാസവും ഇന്ത്യ രേഖപ്പെടുത്തിയിട്ടുമില്ല. എന്നാൽ, കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികൾ ഇതിന് കടകവിരുദ്ധമായി മാറുന്നു.

ഗ്ലോബൽ പബ്ലിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട്, സ്കോളേഴ്സ് അറ്റ് റിസ്കി (എസ്‌എആർ)നോടൊപ്പം ചേർന്ന് തയ്യാറാക്കിയ അക്കാദമിക് ഫ്രീഡം ഇൻഡക്സ് പ്രകാരം  (എഎഫ്ഐ) മുൻവർഷങ്ങളെ അപേക്ഷിച്ച് അക്കാദമിക സ്വാതന്ത്ര്യത്തിന് ആഗോളതലത്തിൽത്തന്നെ ഭീഷണി വർധിക്കുന്നുണ്ട്. 179 രാജ്യങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള റിപ്പോർട്ടിൽ ഇന്ത്യയുൾപ്പെടെ അക്കാദമിക സ്വാതന്ത്ര്യം കുറയുന്ന രാജ്യങ്ങളുടെ വിവരങ്ങൾ അതിൽ ലഭ്യമാണ്. രാഷ്ട്രീയവും സാമൂഹ്യവുമായ ധ്രുവീകരണം അക്കാദമിക സ്വാതന്ത്ര്യത്തെ ദോഷകരമായി ബാധിക്കുന്നെന്ന കണ്ടെത്തലാണ് വിവിധ രാജ്യങ്ങളുടെ കാര്യങ്ങൾ വിലയിരുത്തിയതിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. സമൂഹത്തെ നമ്മളെന്നും അവരെന്നുമുള്ള തരത്തിൽ വേർതിരിച്ച് വിഭാഗീയമായ ധ്രുവീകരണം സൃഷ്ടിക്കുന്നത് അക്കാദമിക സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുന്നു. ബഹുസ്വരതയെ എതിർക്കുന്ന ദേശീയ പാർടികൾ സ്വാധീനം നേടുകയും അധികാരത്തിൽ വന്നശേഷം ഏകാധിപത്യം നടപ്പാക്കുകയും ചെയ്യുന്നതാണ് ഇത്തരം തീവ്രസ്വഭാവത്തിലുള്ള ധ്രുവീകരണങ്ങളുടെ അനന്തരഫലം. അതിലൂടെ സർവകലാശാലകളുടെ സ്വാതന്ത്ര്യത്തിനുമേൽ ഭരണം സ്ഥാപിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ഗവേഷണത്തിനും അധ്യാപനത്തിനുമുള്ള സ്വാതന്ത്ര്യം, സ്ഥാപനപരമായ സ്വയംഭരണം, ക്യാമ്പസ് ഇന്റഗ്രിറ്റി, അക്കാദമിക വിനിമയവും വിതരണവും, അക്കാദമികവും സാംസ്കാരികവുമായ (ആശയ)പ്രകടനം എന്നീ മാനദണ്ഡങ്ങളെ കണക്കിലെടുത്തുകൊണ്ടാണ് അക്കാദമിക സ്വാതന്ത്ര്യത്തിന്റെ വളർച്ചയും തളർച്ചയും വിലയിരുത്തിയിട്ടുള്ളത്. അക്കാദമിക സ്വാതന്ത്ര്യം ഒരു അന്താരാഷ്ട്ര അവകാശമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടത് അറിവിന്റെ മുന്നേറ്റത്തിനും സത്യത്തെ പിന്തുടരുന്നതിനും ശാസ്ത്രപുരോഗതിക്കും ആവശ്യമാണെന്നുമാണ് ഐഎസ്എയുടെ അക്കാദമിക സ്വാതന്ത്ര്യത്തിനുള്ള കമ്മിറ്റി പറയുന്നത്. അക്കാദമിക വിദഗ്ധർക്ക് പണ്ഡിതലോകം നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്കും നിലവാരത്തിനുമനുസരിച്ച് പഠിപ്പിക്കാനും ഗവേഷണത്തിനും മറ്റ് വിദഗ്ധരോടൊപ്പം സഹകരിക്കാനും പ്രസിദ്ധീകരിക്കാനും സ്വയം പ്രകടിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം. രാഷ്ട്രീയമായും സാമൂഹ്യമായും മറ്റുള്ളവർ അക്കാര്യത്തിൽ ഇടപെടുന്ന സാഹചര്യം ഒഴിവാക്കണം. അക്കാദമിക സ്ഥാപനങ്ങൾക്കും ഇത്തരം സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളിലെല്ലാം  ഇന്ത്യ പിന്നാക്കം പോകുന്നതായാണ് അന്തർദേശീയതലത്തിൽ വിലയിരുത്തപ്പെടുന്നത്.

1940കൾക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ സ്കോറാണ് അക്കാദമിക് ഫ്രീഡം ഇൻഡക്സിൽ ഇപ്പോൾ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. 2013ലെ 0.6ൽ നിന്ന് 2023ൽ 0.2 ആയി മാറിയിട്ടുണ്ട്. സർവകലാശാലകളിൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയും ഹിന്ദുത്വദേശീയതയെ പ്രോത്സാഹിപ്പിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. അതോടൊപ്പം ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥിസമരത്തെയും അധ്യാപകരുടെ പരസ്യപ്രതികരണങ്ങളെയും ഏകപക്ഷീയമായി നിരോധിക്കുകയുണ്ടായി. അന്ധവിശ്വാസങ്ങളെ ശാസ്ത്രമാണെന്ന രീതിയിൽ പാഠ്യപദ്ധതികളിൽ തിരുകിക്കയറ്റാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തുകയാണ്. ചരിത്രവസ്തുതകളെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുകയും വർഗീയതയുടെ പ്രചാരണത്തിനും ധ്രുവീകരണത്തിനും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ഭരണഘടനയിൽ ഉറപ്പ് നൽകുന്ന ‘സയന്റിഫിക് ടെമ്പർ' എന്ന കാഴ്ചപ്പാടിന് വിരുദ്ധമായാണ് കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയപരിപാടികൾ നടപ്പാക്കപ്പെടുന്നത്. 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിൽ സർഗാത്മകത, വിമർശചിന്ത, ഭരണഘടനാമൂല്യങ്ങൾ, പ്രാദേശിക സാഹചര്യങ്ങളോടും ബഹുസ്വരതയോടുമുള്ള ആദരവ്, വിദ്യാർഥികൾക്കും അധ്യാപകർക്കും പോസിറ്റീവായ പ്രവർത്തനാന്തരീക്ഷം, ശക്തവും ചടുലവുമായ പൊതുവിദ്യാഭ്യാസ സംവിധാനം, രാഷ്ട്രീയമായും ബാഹ്യമായുമുള്ള ഇടപെടലുകളിൽനിന്നുള്ള സ്വാതന്ത്ര്യം എന്നിവ ഉറപ്പുവരുത്തുമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ, വാഗ്ദാനവും പ്രവൃത്തിയും തമ്മിൽ വലിയ അന്തരമാണുള്ളതെന്ന് അക്കാദമിക് സമൂഹത്തിന് ബോധ്യമായിക്കഴിഞ്ഞു.

പൗരത്വഭേദഗതി ബില്ലിലൂടെ ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തെ ഇല്ലാതാക്കി പൗരത്വത്തിന് മതപരമായ പ്രതിച്ഛായ നൽകുന്നതും ഏകീകൃത സിവിൽ കോഡിലൂടെ ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്നതും ഇന്ത്യയിൽ സാമൂഹ്യ- മതധ്രുവീകരണത്തിലൂടെ പാർലമെന്ററി രാഷ്ട്രീയത്തിൽ ലാഭംകൊയ്യാനും തുടർന്ന് ബഹുസ്വരതയെ തകർത്ത് ഹിന്ദുത്വദേശീയതയെ ഭരണഘടനയ്‌ക്കു മുകളിൽ സ്ഥാപിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസരംഗത്തെ അതിനനുസരിച്ച് പരുവപ്പെടുത്താൻ ബോധപൂർവം ശ്രമിക്കുന്നതുകൊണ്ടാണ് അക്കാദമിക സ്വാതന്ത്ര്യം തടയുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ മുന്നിലായി ഇന്ത്യയുടെ പേര് ഉൾപ്പെട്ടത്. കേരളത്തിലും തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും ഗവർണർമാർ ഉന്നതവിദ്യാഭ്യാസരംഗത്ത് അധികാര ധാർഷ്ഠ്യത്തോടെ ഇടപെടുന്നതും കേന്ദ്രത്തിന്റെ ഏകാധിപത്യശൈലിയുടെ ഭാഗമായാണ്. നിയമസഭകൾ ചാൻസലർ പദവി എടുത്തുമാറ്റാനുള്ള ബില്ലുകൾ അംഗീകരിച്ചിട്ടും സംസ്ഥാനങ്ങളുടെ ജനാധിപത്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്ന രീതിയിലാണ് വിദ്യാഭ്യാസരംഗത്ത് ചില ഗവർണർമാർ പ്രവർത്തിക്കുന്നത്. കേരളത്തിലെ പൊതുസമൂഹത്തിന്റെയും അതത് സമിതികളുടെയും അംഗീകാരത്തോടെ സർവകലാശാലകളുടെ ഭരണസമിതികളിൽ എത്തില്ലെന്ന് ഉറപ്പുള്ള വിഭാഗീയ രാഷ്ട്രീയത്തിന്റെ പ്രതിനിധികളെ സെനറ്റിലും സിൻഡിക്കറ്റിലും തിരുകിക്കയറ്റുന്ന ജനാധിപത്യവിരുദ്ധ നീക്കങ്ങളാണ് നടക്കുന്നത്. വൈസ് ചാൻസലർമാരെ നിയമിക്കുന്നതിലും ഇത്തരം വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കുന്നു. അക്കാദമിക സ്വാതന്ത്ര്യം നഷ്ടമാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിലെത്തിയെന്നത് ഏകാധിപത്യപ്രവണതയുടെ ഭാഗമാണെന്നതും അതിനെ പ്രതിരോധിക്കേണ്ടത് ഏറ്റവും അനിവാര്യമാണെന്നതും ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്.

(-തലശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഫാക്കൽറ്റിയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top