25 November Monday

പ്രെണ്ടിനെ വിളിക്കൂ, ഫ്രണ്ടിനെ രക്ഷിക്കൂ...

എസ് എസ് അനില്‍Updated: Monday Nov 25, 2024

മൈ പ്രെണ്ട് ട്രംപ്ജിയ്ക്ക്, മൈ ഫ്രണ്ട് അദാനിജിയെ സഹായിക്കാനാകുമോ, അതിന് സാധിക്കുമോ, അത് മാത്രമാണ്ഇനി മോദിജിയുടെ ഏക പ്രതീക്ഷ. പോണപോക്കിന് ബൈഡന്‍ പ്രെണ്ട് ആപ്പ് വച്ചതാണോ എന്ന് മോദിജിക്ക് സംശയമുണ്ടായിട്ടുണ്ട് എന്നാണ് അറിയുന്നത്. അമേരിക്കന്‍ കോടതിയെ അങ്ങനെ സംശയിക്കാനാകുമോ, എന്നത് വേറെ ചോദ്യം. പ്രശ്‌നം അതല്ല. ഇനി ട്രംപണ്ണന്‍ കനിഞ്ഞാലും അമേരിക്കന്‍ കോടതി കനിയുമോ എന്നതാണ് വിഷയം. അമേരിക്കന്‍ നീതിന്യായ കോടതിയില്‍ ട്രംപിന്റെ ചൊല്‍പ്പടിക്കാരല്ല മിക്ക ജഡ്ജിമാരും. ചാര്‍ജ് ഷീറ്റ് നല്‍കിയ സ്ഥിതിക്ക് ഇനി അദാനിമാര്‍ക്ക് കോടതി കയറാതെ തരമില്ല. അല്ലെങ്കില്‍ അറസ്റ്റ് ഉറപ്പ് എന്നാണ് കേള്‍ക്കുന്നത്.

അത് കൊണ്ട്, ഇനി ട്രംപ് പ്രെണ്ടിന് സഹായിക്കാനായില്ലെങ്കിലോ? പിന്നെ ദേശസ്‌നേഹ പൂഴിക്കടകന്‍ തന്നെ. ദേശരക്ഷന്‍ ശ്രീ ശ്രീ ഗൗതം അദാനിജിയെ കള്ളക്കേസില്‍ കുടുക്കി, വളര്‍ച്ചയില്‍ തങ്ങളെ കവച്ച് വക്കാനൊരുങ്ങുന്ന, ഭാരതാംബയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്താന്‍, ഇതാ അമേരിക്കന്‍ കിങ്കരപ്പട. അതിനെതിരെ മാലോകരെ ഒന്നിക്കിന്‍, സംഘടിക്കിന്‍. അത് കേട്ട് ' നിര്‍മ്മലപുള'കിതരായി സംഘപരിവാരങ്ങളിലെ 'ഘിടാഘടന്മാര്‍' സംഘടിക്കും. നവമാധ്യമങ്ങളില്‍ ഇനി ദേശസ്‌നേഹ മുദ്രാവാക്യങ്ങള്‍ നിറഞ്ഞു കവിയും. അത് നാട്ടാരിലെത്തും.

എത്തുമെന്നല്ല എത്തിത്തുടങ്ങി. അവര് പറയുകയാണ് അമേരിക്ക കഴിഞ്ഞ നൂറ് വര്‍ഷങ്ങളായി വന്‍ശക്തിയാണ്. അമേരിക്കയിലെ വ്യവസായങ്ങളാണ് അവരുടെ ശക്തി. അതിന് ആര് ഭീഷണിയായാലും അവര്‍ ഉടനിടപെടും ആ രാജ്യത്തെ തകര്‍ക്കും. ജപ്പാന്‍, ഇറാഖ്, യുഎസ്എസ്ആര്‍ ഇപ്പോള്‍ ചൈനയേയും അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അതിന്റെ ഭാഗമാണത്രെ അദാനി ജിക്കെതിരെയുള്ള കോടതി നടപടിയുമെന്ന്. കഥയില്‍ ചോദ്യം പാടില്ല. 2016 നവംബര്‍ 8 കഴിഞ്ഞപ്പോള്‍ ഓര്‍ക്കുന്നില്ലെ? പാകിസ്ഥാനിലെ കള്ളനോട്ടടിക്കുന്ന പ്രസ്, ലക്ഷം കോടി 500, 1000 നോട്ടുകള്‍ പ്രിന്റ് ചെയ്യാനുള്ള പേപ്പറും മഷിയും അച്ചുമെല്ലാം റെഡിയായതും ബയോളജിക്കല്‍ ബെര്‍ത്ത് എന്തെന്നറിയാത്ത മോദിജി അതറിഞ്ഞതും നിരോധിച്ചതും അങ്ങനെ അങ്ങനെ. പണ്ടേ ഇത്തരം വീരശൂര കഥകള്‍, നമ്മുടെ മുത്തശ്ശിമാരും മുതുമുത്തശ്ശിമാരും പറഞ്ഞ് കേട്ട് വളര്‍ന്നവരാണല്ലൊ നമ്മള്‍! അത്തരം ഐതിഹ്യങ്ങളെയൊക്കെ ചരിത്രമാക്കി മാറ്റുന്ന കാലമാണല്ലൊ? ചൈനയെ ബഹിഷ്‌കരിക്കാനും മുന്‍ കമ്യൂണിസ്റ്റ് റഷ്യയെ ഒറ്റപ്പെടുത്താനും സംഘി മീഡിയ നടത്തിയിരുന്ന ഇടപെടലുകളൊന്നും ഇപ്പോള്‍ പ്രസക്തമേയല്ല.

അദാനി എന്നാല്‍ യൂണിയന്‍ സര്‍ക്കാര്‍

ഗൗതം അദാനി ഇക്കുറി കുടുങ്ങിയത് തന്നെ എന്നൊക്കെ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇന്ത്യയിലെ മീഡിയകളൊക്കെ ഇപ്പോള്‍ നല്ല 'മോഡി'യിലായതു കൊണ്ട് അധിക വാര്‍ത്തകള്‍ക്ക് വലിയ സ്‌കോപ്പ് കാണുന്നില്ല. 12 ജിഗാവാട്ടിന്റെ സോളാര്‍ കരാര്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് തട്ടിയെടുക്കുന്നതിന്, ഗൗതം അദാനിയും അദ്ദേഹത്തിന്റെ മരുമകന്‍ സാഗര്‍ അദാനിയും കൂട്ടരും ചേര്‍ന്ന് നടത്തുന്ന അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് കമ്പനി, 2200 കോടി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി എന്നതാണ് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തിയത്. ഞങ്ങടെ മുതലാളി ഞങ്ങടെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്താന്‍ നിങ്ങള്‍ക്കെന്താ അമേരിക്കന്‍ കോടതി എന്നാണ് ചോദിക്കേണ്ടത്. പക്ഷെ കൈക്കൂലി കൊടുക്കാന്‍ സ്വരൂപിച്ച 2200 കോടി അമേരിക്കയിലെ ഓഹരിക്കമ്പോള ഇടപാടുകാരില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും,, കൈക്കൂലിക്കാര്യം മറച്ച് വച്ച്, സ്വരൂപിച്ചു എന്നതിനാലാണ് അമേരിക്കന്‍ കോടതി ഇടപെട്ടതത്രെ. അതായത് സ്വരൂപിച്ച പണം വകമാറ്റി ചിലവാക്കി എന്ന് ചുരുക്കം. ഇത് കണ്ടെത്തിയത് യു.എസ്.സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനും(SEC). ഇതിനേക്കാള്‍ വലിയ തട്ടിപ്പ് ഞങ്ങളുടെ അദാനി മുതലാളിയും പുള്ളിയുടെ സഹോദരന്‍ വിനോദ് അദാനിയും ചേര്‍ന്ന് നടത്തിയെന്നും ഇന്ത്യയിലെ ഓഹരിക്കമ്പോളത്തിലൂടെ നിക്ഷേപകരെ വഞ്ചിച്ചുവെന്നും ഒരിക്കല്‍ അമേരിക്കല്‍ സ്ഥാപനം ഹിഡന്‍ ബര്‍ഗ് കണ്ടെത്തിയതല്ലെ? എന്നിട്ട് ഞങ്ങളുടെ കോടതിയും സെബിയും ഒരക്ഷരം അദാനിക്കെതിരെ ഉരിയാടിയില്ലല്ലൊ? അദാനി മുതലാളിക്ക് മാത്രമല്ല, അംബാനി മുതലാളിക്കും ഇത് പോലെ എത്ര കോടികള്‍ നല്‍കിയിട്ടുണ്ട് എന്നറിയോമോ? അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്ന കമ്പനിയുടെ 47251 കോടിയുടെ കിട്ടാക്കടം കേവലം 455.9 കോടിക്കാണ് അദ്ദേഹത്തിന്റെ സഹോദരന്‍ മുകേഷ് അംബാനിയുടെ ജിയോയ്ക്ക് യൂണിയന്‍ സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കിയത്. അപ്പോഴാണ് ചെറിയ ചീള് കേസുമായി അമേരിക്കന്‍ കോടതി.

എന്തൊക്കെ വിചിത്രകണ്ടെത്തലുകളാണ് കോടതി? ഇന്ത്യന്‍ സര്‍ക്കാരിന്‍ നിന്ന് കരാര്‍ അദാനി മുതലാളിക്ക് തട്ടി എടുക്കണമെന്നോ? അപ്പോള്‍ ഇപ്പോഴത്തെ, അല്ല കഴിഞ്ഞ പത്ത് കൊല്ലത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ എന്നാല്‍ ആരാണ്? അയ്യഞ്ച് കൊല്ലം കൂടുമ്പോള്‍ റാം റാം എന്ന മന്ത്രോദ്ധാരണമുരുവിട്ട്, പാകിസ്ഥാനെ മഴമേഘങ്ങള്‍ക്കിടയിലൂടെ നോക്കി കണ്ണുരുട്ടി, പശുപതിരാം എന്ന മുദ്രാവാക്യവുമായി ജനങ്ങളെ സമീപിച്ച് അവരുടെ വോട്ടും വാങ്ങിയാണ് കസേരയിലേറുന്നത് എന്നത് ശരി തന്നെ. കേറിയിരുന്നാല്‍ ഭരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്? അദാനിക്ക് ആഗ്രഹമുണ്ടായാല്‍ ഇവിടെ എന്തെങ്കിലും തട്ടി എടുക്കേണ്ടതുണ്ടോ? യൂണിയന്‍ സര്‍ക്കാര്‍ എന്നാല്‍ അദാനിയെന്നോ അദാനി എന്നാല്‍ യൂണിയന്‍ സര്‍ക്കാരെന്നോ, ഏതാണ് ശരി എന്നതിലല്ലെ തര്‍ക്കം. കപ്പലോട്ടുന്ന പോര്‍ട്ടും വിമാനമിറങ്ങുന്ന താവളവും എക്‌സ്പ്രസ് ഹൈവേയും തീവണ്ടിയും അധികമെന്തിന് മണ്ണും വിണ്ണുമെല്ലാം മുതലാളിക്കായി പ്ലാറ്റിനം തളികയില്‍ കാല്‍ക്കല്‍ സമര്‍പ്പിച്ചിരിക്കുന്ന നാടാണിത്. അതിനൊക്കെ നക്കാപ്പിച്ച കോടികള്‍ പലര്‍ക്കും നല്‍കിയിട്ടുമുണ്ട്. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടുമെന്നല്ലെ? ഇപ്പോഴത്തെ സോളാര്‍ ഗ്രിഡ് കരാറും അങ്ങനെ തന്നെ. 2200 കോടി രൂപ, പലര്‍ക്കായി, ഒരു സന്തോഷത്തിന്, അത് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാകാനിടയുമില്ല.

പൊതുമുതലെല്ലാം മുതലാളിമാര്‍ക്ക്

സോളാര്‍ ഗ്രിഡ് എന്നു പറഞ്ഞാല്‍ വൈദ്യുതിയാണ്. നോക്കണം എത്ര നാളുകളായി  വൈദ്യുതി മേഖലയെ പൂര്‍ണമായും സ്വകാര്യ മുതലാളിമാര്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്നു. അതിന് വേണ്ടി 'തറപ്പണി' (ഗ്രൗണ്ട് വര്‍ക്ക്)യെടുക്കാന്‍ ദൃശ്യ ശ്രവ്യ അച്ചടി, നവവും പഴയതുമായ മാധ്യമപ്പട പെടാപ്പാടുപെടുന്നു. പൊതുമുതലെല്ലാം മുതലാളിമാര്‍ക്ക് നല്‍കുന്നതിനായി സ്വകാര്യവത്ക്കരണ നടപടികള്‍ പൂര്‍ത്തീകരിക്കാറാകുമ്പോള്‍ തൊഴിലാളികള്‍ രംഗത്ത് വരും. അത് കേരളത്തില്‍ മാത്രമല്ല, അങ്ങ് വടക്ക് കാവി വേഷക്കാരന്‍ യോഗിജിയുടെ ഉള്‍ട്ടാ പ്രദേശത്ത് പോലും ഇന്‍ക്വിലാബ് മുഴങ്ങും.

എന്നാല്‍ കേരളത്തില്‍ പോലും ജനങ്ങള്‍ക്കിടയില്‍ കെഎസ്ഇബി വിരുദ്ധത ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍, കെഎസ്ഇബി ഉടന്‍ സ്വകാര്യവത്ക്കരിക്കണം എന്ന ചിന്ത ഉയര്‍ത്തുന്നതില്‍ ഒരുല്‍സാഹം നമുക്ക് കാണാനാകുന്നില്ലെ? മീറ്റര്‍ റീഡിംഗ് വിഷയം, ബില്ലിംഗ് രീതി, യൂണിറ്റ് ചാര്‍ജ്ജ്, വൈദ്യുതി പോസ്റ്റ് അങ്ങനെ അങ്ങനെ പലതും നമ്മുടെ മനസ്സില്‍, ബോര്‍ഡിനെതിരെ ഒരു വികാരം ഉണ്ടാകുന്നില്ലെ? മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ പലരും പറയാറുണ്ട്, വൈദ്യുതി ബോര്‍ഡ് അത് സ്വകാര്യവത്ക്കരിച്ചാല്‍, ആഹാ വലിയ നേട്ടമാകുമെന്ന്. കേരളത്തില്‍ വൈദ്യുതി എത്തി നോക്കാത്ത പ്രദേശമില്ല. നടുപ്പതിയിലും ആവണിപ്പാറയിലും അങ്ങനെ ആദിവാസിക്കോളനികളില്‍പ്പോലും വൈദ്യുതി എത്തിച്ചുകൊണ്ടിരിക്കുന്ന സംവിധാനമാണ് വൈദ്യുതി ബോര്‍ഡിനുള്ളത്. 2018 ലെ വെള്ളപ്പൊക്കത്തിലും 2020 ല്‍ കോവിഡ് ലോക്ഡൗണ്‍ വേളയിലും വൈദ്യുതി ബോര്‍ഡിന്റെ സേവനം നേരിട്ടറിഞ്ഞവരാണ് കേരളീയര്‍. എന്നാല്‍ ബോര്‍ഡിലെ ചെറിയ ഒരു വിഷയം പോലും പര്‍വ്വതീകരിക്കാനും സ്വകാര്യവത്ക്കരണ അനുകൂല സാഹചര്യം ശ്രഷ്ടിക്കാനും ബോധപൂര്‍വ്വമായ ഒരു ശ്രമം നാട്ടിലാകെ ദൃശ്യമാണ്. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് യൂണിയന്‍ സര്‍ക്കാര്‍ തീവ്രസ്വകാര്യവത്ക്കരണ നയവുമായി മുന്നോട്ട് പോകുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ സംസ്ഥാനത്തിന് ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിലാകെ 1,39,75,861 ഉപഭോക്താക്കളെയാണ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ 1,39,68,042 ഉപഭോക്കാക്കളടങ്ങുന്ന ലോ ടെന്‍ഷന്‍ (LT) വിഭാഗവും 7752 ഹൈടെന്‍ഷന്‍ (HT) വിഭാഗവും 67 എക്‌സ്ട്രാ ഹൈടെന്‍ഷന്‍ (EHT) വിഭാഗവുമാണ്. ഇതില്‍ 1,05,76,619 പേര്‍ ഗാര്‍ഹിക ഉപഭോക്താക്കളാണ്. 5,29,210 കാര്‍ഷിക ഉപഭോക്താക്കളായിട്ടുണ്ട്. 77,618 പൊതു വിളക്കുകള്‍ തെളിക്കുന്നതും നമ്മുടെ കെ.എസ്.ഇ.ബി.തന്നെ. കേരളം പോലെ ഒരു ചെറു സംസ്ഥാനത്ത് ഇത്രമാത്രം ഉപഭോക്താക്കള്‍ എന്ന് പറഞ്ഞാല്‍ രാജ്യത്താകെ അതിന്റെ വ്യാപ്തി സങ്കല്‍പ്പിച്ചാല്‍ മതി.

ഉയരണം ചെറുത്ത് നില്‍പ്പ്

രാജ്യത്തിനാകെ വെളിച്ചമേകുന്ന ഈ വലിയ ഒരു ശ്രംഖലയെയും കൈക്കലാക്കാന്‍ വെമ്പല്‍ കൊണ്ടിരിക്കുകയാണ് അദാനി മുതലാളിയും കൂട്ടരും. ഇന്ത്യയിലെ 12 ജിഗാവാട്ടിന്റെ സൗരോര്‍ജ്ജ കരാര്‍ കൈക്കലാക്കാന്‍ അദാനിക്ക് ചിലവ് 2200 കോടിയുടെ കൈക്കൂലി എങ്കില്‍ 20 വര്‍ഷം കൊണ്ട് മുതലാളിക്ക് ലഭിക്കുന്ന കുറഞ്ഞ ലാഭം 17000 കോടി രൂപയാണത്രെ. അതായത് ഒരു വര്‍ഷം ശരാശരി 850 കോടി. ഇത് കുറഞ്ഞ ലാഭമാണ്.അങ്ങനെയെങ്കില്‍പ്പോലും മൂന്ന് വര്‍ഷം കൊണ്ട് കൈക്കൂലി മുടക്ക് മുതല്‍ കൈകളില്‍ സുരക്ഷിതമായി എത്തും. സിഎസ്ബി ബാങ്കില്‍ നമ്മള്‍ ഇത് കണ്ടതാണ്. ഫെയര്‍ ഫാക്‌സ് എന്ന വിദേശ കമ്പനി 2018 ല്‍ 51% ഓഹരി 1200 കോടി രൂപക്ക് കൈക്കലാക്കുന്നു. 2024 ജൂണില്‍ അതില്‍ കേവലം 9.72% ഓഹരി വിറ്റ് 592. 62 കോടി രൂപ സ്വരൂപിക്കുന്നു. ഓഹരി 41.28% ആയി കുറഞ്ഞു എന്ന് മാത്രം. ബാങ്ക് ഇപ്പോഴും അതേ വിദേശ മുതലാളിയുടെ നിയന്ത്രണത്തില്‍ തന്നെ.

വൈദ്യുതി മേഖല സ്വകാര്യവത്ക്കരിച്ചാല്‍ സാധാരണക്കാരന് ഏറെ നേട്ടമുണ്ടാകുമെന്ന് ഗീര്‍വാണം മുഴക്കുന്നവര്‍ ആര്‍ക്കു വേണ്ടിയാണ് സ്വകാര്യവത്ക്കരണം എന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും മനസ്സിലാക്കുമോ? സോളാര്‍ ഗ്രിഡിലൂടെ നേടുന്നത് ഇതെങ്കില്‍ എല്ലാ ഗ്രിഡും കൈവശപ്പെടുത്തിയാലോ? നേരത്തെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് കല്‍ക്കരി ഇറക്കുമതി വിഷയത്തിലും അദാനി മുതലാളിയുടെ തട്ടിപ്പുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പക്ഷെ അതും വളരെ പെട്ടെന്ന് യവനികക്ക് പുറകില്‍ അന്ധകാരത്തിലേക്ക് പോയി. ഭൂതക്കണ്ണാടിയുമായി പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ വലവീശി നടക്കുന്ന ഇ.ഡിയും സിബിഐയും ഐടിയുമെല്ലാം അദാനിയുടെ കോടികളുടെ ഇടപാടുകള്‍ കാണുന്നതേയില്ല. അദാനിക്ക് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്ന വായ്പകളെ സംബന്ധിച്ചോ അവര്‍ക്ക് ബാങ്കുകള്‍ ചുളുവിലക്ക്, പുനര്‍ വായ്പകളിലൂടെ നല്‍കുന്ന സൗജന്യങ്ങളെക്കുറിച്ചോ റിസര്‍വ്വ് ബാങ്കും മൗനത്തില്‍ തന്നെ. ഓഹരിക്കമ്പോളത്തിലെ തിരിമറികള്‍ക്ക് സെബിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റും അദാനിക്ക് തന്നെ. ജനാധിപത്യത്തിലെ നാലാംതൂണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളോ, അവര്‍ മോദാനി മീഡിയയായി മാറിയിരിക്കുന്നു.

കര്‍ഷകര്‍ ഒരുവര്‍ഷം നീണ്ട പ്രക്ഷോഭവേളയില്‍ ഉയര്‍ത്തിയ മുദാവാക്യങ്ങളില്‍ ഒന്നായിരുന്നു വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണം. ഇന്ന് ആ പ്രക്ഷോഭം കേവലം കര്‍ഷക പ്രക്ഷോഭം മാത്രമല്ല. രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും ഒന്നിക്കുകയാണ്. ചങ്ങാത്ത മുതലാളിത്തത്തിനെതിരെ, പൊതുമേഖലയുടെ പൊതു സമ്പത്ത് വിറ്റുതുലക്കുന്നതിനെതിരെ. അദാനിയുടെ ഇപ്പോള്‍ പുറത്ത് വന്ന വൈദ്യുതി കൊള്ളയുടെ വിവരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തണം. എന്തിനാണ് സ്വകാര്യവത്കരണം എന്നത് ജനങ്ങള്‍ ചര്‍ച്ച ചെയ്യണം. രാജ്യ സമ്പത്ത് കൊള്ള നടത്തുന്നതിനെതിരെ ജനകീയ ചെറുത്ത് നില്‍പ്പ് ഉയര്‍ന്നുവരണം. അതിന് നേതൃത്വം നല്‍കാന്‍ തൊഴിലാളി സംഘടനകള്‍ മുന്നിട്ടിറങ്ങണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top