26 December Thursday
കൽക്കരി

സഹസ്രകോടികളുടെ കുംഭകോണം

ജോർജ് ജോസഫ്Updated: Monday Oct 23, 2023

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കൽക്കരിയെ ചുറ്റിപ്പറ്റിയുള്ള അഴിമതിക്കഥകളുടെ ഒരു പരമ്പരതന്നെ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്.  2014ൽ രണ്ടാം യുപിഎ സർക്കാരിന്റെ പതനത്തിനും ബിജെപി ഭരണത്തിലേക്ക് തിരിച്ചു വരുന്നതിനും വഴിയൊരുക്കിയതിനു പിന്നിലെ ഒരു പ്രധാന കാരണം, കൽക്കരിഖനി കുംഭകോണമായിരുന്നു. മോദി സർക്കാർ ഇപ്പോൾ മറ്റൊരു കൽക്കരി കുംഭകോണത്തിന്റെ കരിനിഴലിലേക്ക് വീണിരിക്കുകയാണ്. ഇറക്കുമതി ചെയ്ത കൽക്കരിയുടെ വില വൻതോതിൽ പെരുപ്പിച്ചു കാണിച്ച് പതിനായിരക്കണക്കിന് കോടികൾ മോദിയുടെ അതിവിശ്വസ്‌ത സഹചാരി ഗൗതം അദാനി അടിച്ചുമാറ്റിയ വെട്ടിപ്പിന്റെ കഥ  ‘ഫിനാൻഷ്യൽ ടൈംസ്'പത്രമാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്.

വിപണിയിലെ യഥാർഥ വിലയേക്കാൾ ഇരട്ടിയിലേറെ പെരുപ്പിച്ച് കാണിച്ച് ഇറക്കുമതി ചെയ്ത കൽക്കരി വലിയ വിലയ്ക്ക് രാജ്യത്തെ താപവൈദ്യുത നിലയങ്ങൾക്ക് വിൽപ്പന നടത്തി 30, 000 കോടി രൂപയിലധികം തട്ടിയെടുത്തതിനു പിന്നിലെ വസ്തുതകൾ ഇന്ത്യൻ കസ്റ്റംസിന്റെ രേഖകൾ വിശദമായി വിശകലനം ചെയ്തുകൊണ്ടാണ് പത്രം റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ വൈദ്യുതി ഉപയോക്താക്കൾക്ക് അമിതചാർജ് നൽകേണ്ടി വന്നതുമൂലം സംഭവിച്ചിരിക്കുന്ന നഷ്ടം ഏതാണ്ട് 12,000 കോടി കവിയുമെന്നാണ് ഫിനാൻഷ്യൽ ടൈംസ് പറയുന്നത്. പതിവ് നിഷേധക്കുറിപ്പുമായി അദാനി ഗ്രൂപ്പ് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ മാധ്യമ ലോകമാകട്ടെ ഇത്തരത്തിൽ  ഒരു പത്രമുള്ളതായി അറിയാത്തവരായി മാറുകയും ചെയ്തിരിക്കുന്നു.

എന്താണ് കൽക്കരി ഇറക്കുമതി വെട്ടിപ്പ്  
കഴിഞ്ഞ ഏഴു വർഷമായി അദാനി ഗ്രൂപ്പ് ഇന്തോനേഷ്യയിൽനിന്ന് വൻതോതിൽ കൽക്കരി ഇറക്കുമതി നടത്തിവരികയാണ്. ദുബായ്,  തായ്‌വാൻ, സിംഗപ്പുർ എന്നിവിടങ്ങളിലെ ഇടനിലക്കാർ വഴിയാണ് കൽക്കരി ഇറക്കുമതി നടത്തുന്നത്. 2019 മുതൽ 2021 വരെ നടത്തിയ 30 ഷിപ്‌മെന്റുകളുടെ രേഖകൾ പത്രം വിശദമായി പരിശോധിക്കുകയുണ്ടായി. അതിൽനിന്ന്‌ വ്യക്തമായിരിക്കുന്ന കാര്യം ഇന്തോനേഷ്യയിൽനിന്ന്‌ വാങ്ങിയ യഥാർഥ വിലയേക്കാൾ മൂന്നിരട്ടിയോളം വില ഉയർത്തിക്കാട്ടിയാണ് അത് ഇന്ത്യൻ തുറമുഖങ്ങളിൽ ഇറക്കിയത് എന്നാണ്.  ഈ 30 ഷിപ്മെന്റുകളുടെ കാര്യം മാത്രമെടുത്താൽ  ഏഴു കോടി  ഡോളറിന്റെ അധികനേട്ടം അദാനിക്ക് ഉണ്ടായിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. അതായത്, ടണ്ണിന്  25-–-30 ഡോളർ നിരക്കിൽ ഇന്തോനേഷ്യയിൽനിന്ന്‌ കയറ്റിയ കൽക്കരി ഇന്ത്യൻ തുറമുഖങ്ങളിൽ ഇറക്കിയപ്പോൾ കാണിച്ചിരിക്കുന്നത്  65 മുതൽ 80 ഡോളർവരെയാണ്. ആ വില കണക്കാക്കിയാണ് ഇന്ത്യയിലെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും താപവൈദ്യുത നിലയങ്ങൾക്കും മറ്റു കമ്പനികൾക്കും അദാനി കൽക്കരി വിൽപ്പന നടത്തിയിരിക്കുന്നത്. ഇതുമൂലം താപവൈദ്യുത നിലയങ്ങളുടെ ഉൽപ്പാദനച്ചെലവ് ഉയരുകയും തദനുസൃതമായി അവർക്ക് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ നിരക്ക് ഉയർത്തേണ്ടതായും വന്നു. പതിനായിരക്കണക്കിന് കോടി രൂപ കൈനനയാതെ അദാനിയുടെ പെട്ടിയിലേക്ക് വന്നപ്പോൾ ഒന്നുമറിയാത്ത വൈദ്യുതി ഉപയോക്താക്കൾ അതിക്രൂരമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്തു. 

രസകരമായ കാര്യം, 2016ൽ ഇതുസംബന്ധിച്ച പരാതി ഉയർന്ന സാഹചര്യത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അന്വേഷണം ആരംഭിച്ചതാണ്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ കമ്പനികൾക്ക് നോട്ടീസ് നൽകിയ ഡിആർഐ കണ്ടെത്തിയത് വില 50 മുതൽ 100 ശതമാനംവരെ പെരുപ്പിച്ച് കാണിച്ചുവെന്നാണ്. ഇന്തോനേഷ്യയിൽനിന്ന്‌ അയച്ച കൽക്കരി മൂന്നാമതൊരു രാജ്യത്തെ ഏജൻസിയിൽ റൂട്ട് ചെയ്തതായി കാണിച്ച്  ഉയർന്ന വിലയ്ക്കുള്ള ഇൻവോയ്‌സ്‌ തയ്യാറാക്കി ഇന്ത്യയിൽ എത്തിക്കുക എന്നതായിരുന്നു തട്ടിപ്പിന്റെ രീതിശാസ്ത്രം. ഡിആർഐ നടത്തിയ അന്വേഷണം പതിവുപോലെ വഴിപാടായി മാറുകയായിരുന്നു. പിന്നീട്  ഉയർന്ന വില കണക്കാക്കിയതിൽ സുപ്രീംകോടതി തങ്ങൾക്ക് അനുകൂലമായി തീർപ്പ് കൽപ്പിച്ചെന്ന ന്യായമാണ് ഇക്കാര്യത്തിൽ അദാനി ഗ്രൂപ്പ് നൽകുന്ന വിശദീകരണം. ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ ഒരു സംഭവം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.  2019 ജനുവരിയിൽ 74, 820 ടൺ കൽക്കരിയുമായി ഒരു കപ്പൽ ഇന്തോനേഷ്യൻ തുറമുഖം വിടുന്നു. 1.9 കോടി ഡോളറാണ് ഇതിന് ഇന്തോനേഷ്യയിൽ നൽകിയിരിക്കുന്ന വില.  എന്നാൽ, ഗുജറാത്തിലെ അദാനിയുടെ സ്വന്തം തുറമുഖമായ മുന്ദ്രയിൽ ഈ കപ്പൽ എത്തിയപ്പോൾ കാണിച്ചിരിക്കുന്ന വില 4.3 കോടി ഡോളർ ! ഡിഎൽ അക്കേഷ്യ എന്ന കപ്പലിലാണ് കൽക്കരി കൊണ്ടുവന്നത്.  ഇതുപോലെ 30 ഷിപ്മെന്റ്‌ ആ വർഷം നടന്നതായാണ് രേഖകൾ വ്യക്തമാക്കുന്നതെന്ന് ഫിനാൻഷ്യൽ ടൈംസ് പറയുന്നു. ഇതിന് ഇൻഷുറൻസ്, കൈകാര്യച്ചെലവുകൾ എന്നിവയടക്കം വരുന്ന മൊത്തം മൂല്യം 14.2 കോടി ഡോളറാണ്. എന്നാൽ, ഇന്ത്യൻ കസ്റ്റംസിന് സമർപ്പിച്ചിരിക്കുന്ന രേഖകളിൽ കാണിച്ചിരിക്കുന്ന വില 21.5 കോടി ഡോളറും.  ഈ ഉയർന്ന വിലയും അതിന്മേൽ തങ്ങളുടെ ലാഭവുമെടുത്താണ് അദാനി, കൽക്കരി ഇന്ത്യയിൽ വിൽപ്പന നടത്തിയിരിക്കുന്നത്.

തായ്‌പേയിലെ ഹൈ ലിംഗോസ്, ദുബായിലെ ടാറസ് കമോഡിറ്റീസ് ജനറൽ ട്രേഡിങ്, സിംഗപ്പുരിലെ പാൻഏഷ്യ ട്രേഡ് ലിങ്ക് എന്നീ കമ്പനികളാണ് ഈ കച്ചവടത്തിൽ അദാനി ഗ്രൂപ്പിന്റെ ഇടനിലക്കാരായി പ്രവർത്തിച്ചിരിക്കുന്നത്.  ഇതിൽ ചില കമ്പനികൾ അദാനി ഗ്രൂപ്പിന്റെതന്നെ ബിനാമി കമ്പനികളാണെന്ന റിപ്പോർട്ടുകളുമുണ്ട്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയാണ് ദുബായ്‌ കേന്ദ്രമാക്കി ഈ കമ്പനികളെ നിയന്ത്രിച്ചിരുന്നത്‌. ഹിൻഡൻബെർഗ് റിപ്പോർട്ടിലും ഇദ്ദേഹത്തിന്റെ ദുരൂഹമായ ഇടപെടലുകൾ എടുത്തു പറയുന്നുണ്ട്. കസ്റ്റംസിന്റെ രേഖകൾ പ്രകാരം 2021 സെപ്തംബർമുതൽ 2023 ജൂലൈവരെ 2000 കപ്പൽ കൽക്കരി അദാനി ഗ്രൂപ്പ് ഇറക്കുമതി ചെയ്തിട്ടുണ്ട്.  7.3 കോടി ടൺ കൽക്കരി ഇങ്ങനെ ഇന്ത്യയിൽ എത്തിയതായാണ് കസ്റ്റംസിന്റെ പക്കലുള്ള കണക്ക്. ടണ്ണിന് ശരാശരി 130 ഡോളർ നിരക്കിലാണ് ഇത് എത്തിച്ചതെന്നാണ് അദാനി കസ്റ്റംസിന് നൽകിയ രേഖകൾ വെളിവാക്കുന്നതെന്നാണ് ഫിനാൻഷ്യൽ ടൈംസ് പറയുന്നത്. വിദേശത്ത് ഇതിന്റെ ശരാശരി വില 60-65 ഡോളർ മാത്രവും.

2016ൽ ഡിആർഐ കണക്കാക്കിയിരിക്കുന്നത് ഇപ്രകാരം 30,000 കോടി രൂപയുടെ പെരുപ്പിക്കൽ നടന്നിട്ടുണ്ട് എന്നാണ്. അതിനുശേഷം കാര്യമായ അന്വേഷണം ആ വഴിക്ക് ഉണ്ടായതുമില്ല. കസ്റ്റംസിൽനിന്ന്‌ ലഭ്യമായ രേഖകളുടെയും പല  വിവരശേഖരണ സ്രോതസ്സുകളിൽനിന്ന്‌ ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഡാൻ മാക്രം, ഡേവിഡ് ഷെപ്പേഡ്, മാക് ഹാർലോ എന്നീ പത്രപ്രവർത്തകർ ഒക്ടോബർ 12ന്  ഈ വിവരങ്ങൾ ഫിനാൻഷ്യൽ ടൈംസിൽ പ്രസിദ്ധീകരിക്കുന്നത്. വാസ്തവത്തിൽ മഞ്ഞുമലയുടെ ചെറിയ ഒരറ്റം മാത്രമാണ് ഈ റിപ്പോർട്ടിലൂടെ പുറത്തു വന്നിരിക്കുന്നത്. വർഷങ്ങളായി മോദിയുടെ തണലിൽ അദാനി നടത്തുന്ന ഈ കച്ചവടത്തിൽ മറഞ്ഞിരിക്കുന്നത് ലക്ഷക്കണക്കിന് കോടി രൂപയാണ്. വാർത്ത പുറത്തുവന്നപ്പോൾ അതിൽ അക്കമിട്ട് നിരത്തിയിരിക്കുന്ന ആരോപണങ്ങൾക്ക് കൃത്യമായി മറുപടി നൽകുന്നതിനു പകരം അവ നിഷേധിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് അദാനി ഗ്രൂപ്പ് ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദിയാകട്ടെ പതിവുപോലെ മൗനിബാബയുടെ റോളിലുമാണ്.

(മുതിർന്നസാമ്പത്തിക 
കാര്യ മാധ്യമപ്രവർത്തകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top