22 November Friday
നിക്ഷേപകരെ കബളിപ്പിച്ചു

അദാനി സമാഹരിച്ചത്‌ കോടികൾ

ജോർജ് ജോസഫ്Updated: Friday Nov 22, 2024

കനത്ത തിരിച്ചടികൾ തുടർക്കഥയാകുന്ന അദാനിയുടെ ബിസിനസ് സാമ്രാജ്യം ഇപ്പോൾ ആടിയുലയുകയാണ്. അമേരിക്കയിലെ ബാങ്കുകളെയും ധനസ്ഥാപനങ്ങളെയും നിക്ഷേപകരെയും ഒരുപോലെ കബളിപ്പിച്ച് കോടികൾ സമാഹരിച്ചെന്ന ക്രിമിനൽ കുറ്റപത്രം ന്യൂയോർക്കിലെ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ഗൗതം അദാനിക്കെതിരെ അറസ്റ്റ് വാറന്റും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. 

അദാനി ചെയ്ത കുറ്റം
ഇന്ത്യയിൽ വൻ സാധ്യതകളുള്ള സൗരോർജ ഉൽപ്പാദന, വിതരണ മേഖലയിൽ വൻകിട പദ്ധതികൾ തുടങ്ങുന്നതിനുവേണ്ടി 300 കോടി ഡോളറാണ് (25,200 കോടി രൂപ)  അമേരിക്കയിലെ ബാങ്കുകൾ മുഖേനയും നിക്ഷേപകരിൽനിന്നും അദാനി ഗ്രൂപ്പ് സമാഹരിച്ചത്. ഇത്തരത്തിൽ സൗരോർജ ഉൽപ്പാദന, വിതരണ കരാറുകൾ നേടുന്നതിനായി ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അദാനി 265 ദശലക്ഷം ഡോളർ (ഏകദേശം 2029  കോടി രൂപ)  കൈക്കൂലിയായി നൽകിയെന്നാണ് ന്യൂയോർക്ക് കോടതിയിൽ പ്രോസിക്യൂഷൻ ആരോപിക്കുന്നത്. 2020നും 2024നും ഇടയിലാണ് ഈ കൈക്കൂലി നൽകിയതെന്ന്‌ കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ, സൗരോർജ കരാറുകൾ നേടുന്നതിന് ഇത്തരത്തിൽ വൻതുക കൈക്കൂലി നൽകിയെന്ന കാര്യം ബാങ്കുകളിൽനിന്നും നിക്ഷേപകരിൽനിന്നും മറച്ചുവച്ചെന്നും അങ്ങനെ പദ്ധതിയിൽ പണം മുടക്കിയവരെ കബളിപ്പിച്ചു എന്നതുമാണ് അദാനിക്കും കൂട്ടാളികൾക്കുമെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റാരോപണം. അമേരിക്കയിലെ നിയമപ്രകാരം, ഇത്തരത്തിൽ പദ്ധതികൾക്കുവേണ്ടി പണം സമാഹരിക്കുമ്പോൾ അതിനായി കമീഷൻ, കൈക്കൂലി, കിക്ക്‌ ബാക്ക്, ലോബിയിങ് ചാർജ് തുടങ്ങിയ വിവിധ രീതികളിൽ പണം നൽകുകയാണെങ്കിൽ അത് കുറ്റകൃത്യമാണ്. വിദേശ കമ്പനിയായാലും അമേരിക്കൻ വിപണിയിൽനിന്ന് പണം സമാഹരിക്കുമ്പോൾ അക്കാര്യം ബാങ്കുകളിൽനിന്നോ നിക്ഷേപകരിൽനിന്നോ മറച്ചുവയ്ക്കാൻ പാടില്ല. അതാണ്  കരാറുകൾ നേടിയെടുക്കാൻ അനധികൃതമായി പണം നൽകിയെന്നും വിവരങ്ങൾ ബോധപൂർവം മറച്ചുവച്ച് നിക്ഷേപകരെ കബളിപ്പിച്ചെന്നുമുള്ള ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്നത്. ഒരു ബിസിനസിൽ നേട്ടം കൊയ്യുകയെന്ന ലക്ഷ്യത്തോടെ അമേരിക്കൻ കമ്പനിയോ  വിദേശത്തുള്ള കമ്പനിയോ പണം കൊടുത്ത് വിദേശ രാജ്യത്തെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് അമേരിക്കയിൽ ക്രിമിനൽ കുറ്റമാണ്. 1977ൽ പാസാക്കിയ യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട് (എഫ്സിപിഎ) പ്രകാരം ഇത്തരം പ്രവർത്തനം നിയമവിരുദ്ധമാണ്.


 

സൗരോർജ പദ്ധതി പൂർണതോതിൽ നടപ്പാക്കുന്നതോടെ, അടുത്ത രണ്ടു ദശകത്തിൽ  200 കോടി ഡോളറിന്റെ (16,800 കോടി രൂപ) ലാഭം നേടാനാകുമെന്ന് നിക്ഷേപകർക്ക് ഉറപ്പ് നൽകിയാണ് അദാനി ഗ്രൂപ്പ് തുക സമാഹരിച്ചത്. ഇന്ത്യയിലെ  വൈദ്യുതി വിതരണ കമ്പനികളും ബോർഡുകളുമായി സഹകരിച്ച് സൗരോർജ വിതരണ കരാറുകൾ നേടാൻ കഴിയുമെന്ന വാഗ്ദാനം നൽകിയാണ് അമേരിക്കയിലെ നിക്ഷേപകരിൽനിന്ന്‌ കോടികൾ സമാഹരിച്ചത്. 2020 ജൂണിലാണ് അദാനി ഗ്രൂപ്പിലെ പ്രമുഖ കമ്പനിയായ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) എന്ന സ്ഥാപനം 4667 മെഗാവാട്ട് സൗരോർജ വൈദ്യുതി വിതരണം ചെയ്യുന്നതിന് സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ എന്ന സ്ഥാപനവുമായി കരാറിലേർപ്പെടുന്നത്. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന  സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയാണ് ഇതെന്നത് കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇത്തരത്തിൽ കരാറുകൾ നേടുന്നതിന് പല തവണകളായി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണം വ്യക്തമായ തെളിവുകളുടെ പിൻബലത്തോടെയാണ് യുഎസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്ക് മൊത്തം 8000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുക എന്നതായിരുന്നു കരാറിന്റെ കാതലായ ഉള്ളടക്കം. ഇതിൽ 2000 മെഗാവാട്ട് വൈദ്യുതി മൂന്നു മാസത്തിനകം നൽകുമെന്നാണ് കരാറിൽ വ്യക്തമാക്കിയിരുന്നത്. കരാറിന്റെ കാര്യം അറിയിച്ചുകൊണ്ട് എജിഇഎൽ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത് 2030 ആകുമ്പോഴേക്ക് കമ്പനി ലോകത്തെ ഏറ്റവും വലിയ പുനരുപയോഗ ഊർജ ഉൽപ്പാദന കമ്പനിയായി മാറുമെന്നാണ്.

എന്നാൽ, കരാർ പ്രകാരം വാങ്ങുന്ന വൈദ്യുതിക്ക് ആവശ്യക്കാരെ കണ്ടെത്താൻ കോർപറേഷന് കഴിഞ്ഞില്ല എന്നതാണ് പദ്ധതിയിൽ കല്ലുകടിയായി മാറിയത്. ഇതിനെ തുടർന്നാണ് വൈദ്യുതി വാങ്ങുന്നതിന് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും  ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്ക് വൻതുക കോഴ നൽകുകയെന്ന തന്ത്രവുമായി എജിഇഎൽ മുന്നോട്ടു വരുന്നത്. ഇതിനായി കേന്ദ്ര സർക്കാരിലെ പല ഉന്നത ഉദ്യോഗസ്ഥരെയും ഗൗതം അദാനി നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ട്‌ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അറ്റോർണി വ്യക്തമാക്കിയിട്ടുള്ളത്. അതീവ ഗൗരവമായ ഈ കുറ്റാരോപണം അമേരിക്കയിലെ നിയമങ്ങൾ മാത്രമല്ല, ഇന്ത്യയിലെ അഴിമതിവിരുദ്ധ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്. കൗതുകകരമായ കാര്യം, ഒരു അമേരിക്കൻ അന്വേഷണ ഏജൻസി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കുമ്പോഴും ഇന്ത്യയിലെ സർക്കാർ അവലംബിക്കുന്നത്‌ മൗനമാണ്. നേരത്തെ ഹിൻഡൻബർഗ് റിപ്പോർട്ട് അടക്കമുള്ള കാര്യങ്ങൾ പുറത്തു വന്നപ്പോഴും പ്രധാനമന്ത്രിക്കടക്കം ഇതേ മൗനമായിരുന്നു.

കൂട്ടുപ്രതികൾ ആരൊക്കെ
ഗൗതം അദാനിക്കും മറ്റു ഏഴു പേർക്കുമെതിരെയാണ് അമേരിക്കയിലെ കോടതി ക്രിമിനൽ കുറ്റം ചുമത്തിയിട്ടുള്ളത്. അദാനിയുടെ മരുമകൻ സാഗർ അദാനി, സിംഗപ്പുരിൽ താമസിക്കുന്ന ഫ്രഞ്ച്, ഓസ്ട്രേലിയൻ പൗരനായ സിറിൽ കാബിൻസ്, വിനീത് ജെയിൻ, രഞ്ജിത് ഗുപ്ത, രൂപേഷ് അഗർവാൾ തുടങ്ങിയ അദാനിയുടെ ബിസിനസ് പങ്കാളികളാണ് ഈ കേസിൽ പ്രതി സ്ഥാനത്ത്. എന്നാൽ, പതിവുപോലെ  ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്ന പല്ലവിയുമായി അദാനി രംഗത്തെത്തിയിട്ടുണ്ട്. കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും ഒരു തരത്തിലുള്ള നിയമലംഘനവും നടത്തിയിട്ടില്ലെന്നും നിയമപരമായി നേരിടുമെന്നുമുള്ള പതിവ് നാടകം അരങ്ങേറിയിട്ടുണ്ട്. ഇനി ഇന്ത്യയെ തകർക്കാൻ അമേരിക്കൻ കോടതി എന്ന തരത്തിലുള്ള ബിജെപി നേതാക്കളുടെ മോങ്ങലുകൾക്കും നമുക്ക് കാതോർക്കാം. ഏതായാലും ആരോപണങ്ങൾ പുറത്തു വന്നതോടെ 60 കോടി ഡോളറിന്റെ കടപ്പത്ര ഇഷ്യുവിൽനിന്ന്‌ അദാനി ഗ്രീൻ എനർജി പിൻവാങ്ങിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ബോണ്ട് വിതരണം കമ്പനി റദ്ദാക്കുന്നത്. വാർത്ത പുറത്തുവന്നതോടെ  ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികൾ തകർന്നടിയുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.

(മുതിർന്ന സാമ്പത്തികകാര്യ മാധ്യമപ്രവർത്തകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top