23 December Monday

അറിയാം; ദത്തെടുക്കൽ രീതികൾ

ജി എൽ അരുൺ ഗോപിUpdated: Thursday Aug 22, 2024

 

ദുരന്തങ്ങളുടെ ദയനീയ മുഖങ്ങളിലൊന്ന്‌ അനാഥമാക്കപ്പെടുന്ന കുട്ടികളുടേതാണ്‌. ദുരന്തമേഖലയിലും ആദ്യസംരക്ഷണവും കരുതലും വീണ്ടെടുപ്പും കുഞ്ഞുങ്ങളുടെ ജീവനും ജീവിതവും തന്നെയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് ചൂരൽമലയിലും മുണ്ടക്കൈയിലും സംഭവിച്ചത്. ഏതൊരു ദുരിതഘട്ടത്തിലും ഒറ്റപ്പെടലും പങ്കുവയ്ക്കാനാകാത്ത വികാരക്ഷോഭവും ഭയവും ആദ്യം ബാധിക്കുക കുട്ടികളെയാണ്; പിന്നെ സ്ത്രീകളെയും. വികസിത രാഷ്ട്രങ്ങൾവരെ നിരീക്ഷിക്കുന്ന രീതിയിലാണ് വയനാട്ടിൽ സംസ്ഥാന സർക്കാർ ശിശുസംരക്ഷണ അതിജീവനയത്നം ഏകോപിപ്പിക്കുന്നത്.

മനുഷ്യത്വത്തിന്റെ ഉറവ വറ്റാത്ത സകല മനുഷ്യരും വയനാടിനോട്‌ ഐക്യപ്പെടുകയാണ്. മഹാപ്രളയവും മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും അതിജീവിച്ച ഒരു മനസ്സുള്ള കേരളം വയനാട് ദുരന്തവും കരുതലും  സഹാനുഭൂതിയുംകൊണ്ട് മറികടക്കുകതന്നെ ചെയ്യും. അനാഥരായ കുഞ്ഞുങ്ങളെ സനാഥമാക്കാനുള്ള പ്രവർത്തനത്തിൽ സജീവമാകുകയും മുലപ്പാൽവരെ നൽകാൻ തയ്യാറായി അമ്മമാർ രംഗത്തുവരുന്നതും അതിജീവന മാതൃകകളിലെ വിസ്മയമാണ്. അതിരുകളില്ലാത്ത അനുകമ്പയോടെ കുഞ്ഞുങ്ങളെ ദത്തെടുക്കാനും സംരക്ഷിക്കാനും സമൂഹം തയ്യാറാകുന്നു. ആ മനസ്സിനും കരുതലിനും അഭിവാദ്യം അർപ്പിക്കുമ്പോഴും ആ നിലയ്ക്കുള്ള ഏതു പ്രവൃത്തിയും അന്താരാഷ്ട്രതലത്തിൽ  നിലനിൽക്കുന്ന നിയമങ്ങൾക്കും രാജ്യത്ത് നിലവിലുള്ള ബാലനീതി നിയമത്തിനും വിധേയമായി മാത്രമേ സാധ്യമാകുകയുള്ളൂ എന്ന വസ്തുത മനസ്സിലാക്കണം.

രക്ഷാകർതൃത്വ വൈകാരികത അതേഭാവത്തിൽത്തന്നെ അംഗീകരിക്കുന്നതിനൊപ്പം കുട്ടിയുടെ ജീവിക്കാനുള്ള അവകാശവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനാണ് ബാലനീതി നിയമം പ്രാബല്യത്തിൽ വരുത്തിയിട്ടുള്ളത്.  ഏതു സാഹചര്യത്തിലും അതിനനുസരിച്ചു മാത്രമേ ദത്തെടുക്കലും കുട്ടികളുടെ അപര രക്ഷാകർതൃത്വവും സാധ്യമാകുകയുള്ളൂ.

ജന്മം നൽകിയ അച്ഛനമ്മമാരിൽനിന്ന്‌ സ്ഥായിയായി വേർപിരിയുകയും , എല്ലാ അവകാശങ്ങളും  പ്രത്യേക അധികാരങ്ങളും ഉത്തരവാദിത്വങ്ങളോടുംകൂടി പുതിയ (ദത്തെടുത്ത) അച്ഛനമ്മമാരുടെ കുട്ടിയായി മാറുകയും ചെയ്യുന്ന നിയമപരമായ പ്രക്രിയയാണ് ദത്തെടുക്കൽ. പുരാതന കാലംമുതൽതന്നെ നമ്മുടെ സമൂഹത്തിൽ വിവിധങ്ങളായ തലത്തിൽ ദത്തെടുക്കൽ സാധ്യമായിരുന്നു. രാജ്യത്ത് ദത്തെടുക്കൽ സംബന്ധിച്ച കർശനമായ നിയമവ്യവസ്ഥകളുണ്ട്‌. 2015- ലെ ബാലനീതി നിയമത്തിലാണ്‌ ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉൾക്കൊള്ളുന്നത്. അതോടൊപ്പം ഹിന്ദു ദത്തെടുക്കൽ പരിപാലന നിയമം അനുസരിച്ചും ദത്തെടുക്കൽ നടത്താം.

2015ലെ ബാലനീതി നിയമം അനുസരിച്ച് 2022-ൽ നിലവിൽ വന്ന ചട്ടപ്രകാരമാണ്‌ ദത്തെടുക്കൽ പ്രക്രിയ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി നടക്കുന്നത്. ബാലനീതി നിയമം വന്നതോടുകൂടി നിലവിൽ വന്ന സെൻട്രൽ അഡോപ്‌ഷൻ റിസോഴ്‌സ്‌ അതോറിറ്റിയാണ്‌ ദത്തെടുക്കൽ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതും പുറപ്പെടുവിക്കുന്നതും കേന്ദ്ര വനിതാ ശിശു മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഇതേ അതോറിറ്റി തന്നെ.

ദത്തെടുക്കൽ നടപടിക്രമങ്ങൾ
ശാരീരികവും മാനസികവും വൈകാരികവുമായി സ്ഥിരതയുള്ള,  സാമ്പത്തിക ശേഷിയുള്ള,  ജീവന് ഭീഷണിയായ രോഗങ്ങൾ ഇല്ലാത്ത ഏതൊരാളിനും അതോറിറ്റിയുടെ വെബ്‌സൈറ്റ്‌ സന്ദർശിച്ച് ( www.cara.wcd.gov.in) രജിസ്റ്റർ ചെയ്യാം. 25 വയസ്സ് പൂർത്തിയായവർക്കും 55 കഴിയാത്തവർക്കും വിവാഹം കഴിഞ്ഞ് ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും സ്ഥിരദാമ്പത്യമുള്ളവർക്കും ദത്തെടുക്കലിനായി അപേക്ഷിക്കാം. രണ്ടു പേരുടെയും സമ്മതം ആവശ്യമാണ്. അവിവാഹിതരോ വിവാഹബന്ധം ഉപേക്ഷിച്ച സ്ത്രീയോ പുരുഷനോ ദത്തെടുക്കുകയാണെങ്കിൽ സ്ത്രീക്ക്‌ ഏതു ലിംഗത്തിൽപ്പെട്ട കുട്ടിയെയും പുരുഷന്‌ ആൺകുട്ടിയെ  മാത്രവുമേ ദത്തെടുക്കാൻ സാധിക്കുകയുള്ളൂ. ദമ്പതികളുടെ കാര്യത്തിൽ ആൺകുട്ടിയോ പെൺകുട്ടിയോ എന്ന മുൻഗണന നിശ്ചയിക്കാൻ സാധിക്കും.  രണ്ടിൽ കൂടുതൽ കുട്ടികളുള്ള ദമ്പതികൾക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ മാത്രമേ ദത്തെടുക്കാൻ കഴിയുകയുള്ളൂ. കുട്ടിയും  ദത്തെടുക്കുന്ന  അച്ഛനമ്മമാരും തമ്മിലുള്ള പ്രായവ്യത്യാസം 25ൽ കവിയരുത്. രജിസ്റ്റർ ക്രമത്തിലും വയസ്സ്, ലിംഗം, കുട്ടികൾ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തിലുമാണ് മുൻഗണന. അപേക്ഷ സമർപ്പിച്ചാൽ ഒരു മാസത്തിനുള്ളിൽ രേഖകൾ അപ്‌ലോഡ് ചെയ്യണം. രേഖകൾ പരിശോധിച്ച്‌  ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ദത്തെടുക്കൽ ഏജൻസിയുടെ പ്രതിനിധി,  ഐസിഡിഎസ് സൂപ്പർവൈസർ, അങ്കണവാടി വർക്കർ എന്നിവർ ഉൾപ്പെടുന്ന സംഘം ഗാർഹിക പഠന റിപ്പോർട്ട് തയ്യാറാക്കുകയും ദമ്പതികളെ  കൗൺസലിങ്‌ നടത്തുകയും ചെയ്യുന്നു. രാജ്യത്തിന് പുറത്തുള്ള ദമ്പതികളുടെ കാര്യത്തിൽ എൻആർഐ, ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഹോൾഡർ), ഫോറിൻ (വിദേശികൾ) എന്ന നിലയിലാണ്‌ മുൻഗണന. ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ നിയമപരമായി സ്വതന്ത്രമായി പ്രഖ്യാപിക്കുന്ന കുട്ടികളെയാണ് ദത്തെടുക്കാൻ കഴിയുക.

അനാഥരോ ഉപേക്ഷിക്കപ്പെട്ടതോ (അമ്മത്തൊട്ടിൽ മുഖേനയും അല്ലാതെയും ലഭിക്കുന്ന കുട്ടികൾ) ആയ കുട്ടിയുടെ കാര്യത്തിൽ രക്ഷിതാവിനെ കണ്ടെത്തുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തും. കുട്ടി അനാഥനോ അല്ലെങ്കിൽ സംരക്ഷിക്കാൻ ആരുമില്ലാത്തതോ ഉപേക്ഷിക്കപ്പെട്ടതോ ആണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെടുന്നപക്ഷം  കുട്ടിയെ ദത്തെടുക്കലിനായി നിയമപരമായി സ്വതന്ത്രമായി പ്രഖ്യാപിക്കാം. ആ കുട്ടികളുടെ വിവരം അതോറിറ്റി പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. കുട്ടികളെയും രക്ഷാകർത്താക്കളെയും മാച്ച് ചെയ്യിപ്പിച്ച് അച്ഛനമ്മമാർക്ക് (രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്ക്) റഫറൽ അയക്കുകയും ചെയ്യും. 48 മണിക്കൂറിനുള്ളിൽ റിസർവ് ചെയ്യുകയാണ് പ്രധാനം. (ഒരു രക്ഷാകർത്താവിന് പരമാവധി മൂന്ന്‌ റഫറലുകളാണ് വരിക. ഒരാളെയെങ്കിലും റിസർവ്‌ ചെയ്യാതിരുന്നാൽ അവരെ ഒരു വർഷത്തേക്ക് ഡീബാർ ചെയ്യും.) റിസർവ് ചെയ്തു കഴിഞ്ഞാൽ  ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് അഡോപ്ഷൻ യോഗം ചേരും. രക്ഷാകർത്താവ് ദത്തെടുക്കുന്നതിന് പ്രാപ്യമാണോയെന്ന പരിശോധന നടത്തി താൽക്കാലിക സംരക്ഷണത്തിനായി കുട്ടിയെ വിട്ടുനൽകും. അതിനുശേഷം  ജില്ലാ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ ചേരുന്ന പ്രത്യേക യോഗമാണ് ദത്തെടുക്കൽ സാധ്യമാക്കി ഉത്തരവ് പുറപ്പെടുവിക്കുക. തുടർന്ന് ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള മുഴുവൻ നിയമപരമായ രേഖകളോടും അവകാശങ്ങളോടും കൂടി കുട്ടി ഇവരുടേത് മാത്രമാകും.

രണ്ടു വർഷക്കാലയളവിൽ കുട്ടിയെയും രക്ഷിതാവിനെയും പറ്റിയുള്ള തുടർ റിപ്പോർട്ടുകൾ തയ്യാറാക്കും. അനർഹരാണെന്ന് കണ്ടെത്തിയാൽ ദത്തെടുക്കൽ അസാധുവാക്കും. സംസ്ഥാനാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയാണ്.

വീടിനുള്ളിലെ  ചുറ്റുപാടുകളിൽ കഴിയാൻ  പ്രാപ്തമാക്കുന്ന കേരളത്തിലെ പോറ്റിവളർത്തൽ മാതൃകയെ ലോകം തന്നെ അംഗീകരിച്ചതാണ്. യുണിസെഫിന്റെ പ്രത്യേക പരാമർശവും അംഗീകാരവും  സുപ്രീം കോടതിയുടെ പ്രത്യേക അഭിനന്ദനവും കേരളത്തിലെ വനിതാ ശിശുവികസന വകുപ്പിന്റെ ഈ മാതൃകക്ക്‌ ലഭിച്ചുവെന്നത്‌ വലിയ അംഗീകാരമാണ്‌. 2024 ലെ പുതുക്കിയ പോറ്റി വളർത്തൽനയം അനുസരിച്ച് പരിചരണവും സംരക്ഷണവും ആവശ്യമുള്ള 6 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളെയാണ് കൈമാറുന്നത്.രണ്ടു വർഷത്തെ പരിചരണത്തിനു ശേഷം നിയമപരമായ മാർഗ്ഗങ്ങളിലൂടെ ഈ കുട്ടിയെ രക്ഷിതാവിന് ദത്തെടുക്കാം.
കുട്ടികൾ ലോകത്തിന്റെ ആകെ സംരക്ഷിത സ്വത്താണെന്ന ഏറ്റവും മനോഹരമായ സങ്കൽപ്പത്തിനൊപ്പം ഏതു ദുരിതസാഹചര്യത്തിലും സുരക്ഷിതമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന നിയമപരമായ മൂല്യബോധംകൂടി മനസ്സിലാക്കി ദത്തെടുക്കലിൽ സർക്കാരിനൊപ്പം ഏവർക്കും കൈകോർക്കാം.

(കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top