27 December Friday

മിയാവാക്കിയെന്ന ഒറ്റമരം

എം ആർ ഹരി Updated: Wednesday Aug 4, 2021

കഴിഞ്ഞദിവസം അന്തരിച്ച, മിയാവാക്കി വനങ്ങളുടെ 
പ്രയോക്താവ്‌ പ്രൊഫ. അകിരാ മിയാവാക്കിയെ ജപ്പാനിൽ 
സന്ദർശിച്ച അനുഭവം പങ്കിടുകയാണ്‌ മിയാവാക്കിവനങ്ങളുടെ 
പ്രചാരകനായ എം ആർ ഹരി

വളരെ യാദൃച്ഛികമായാണ് ഞാൻ മിയാവാക്കി മാതൃകാ വനവൽക്കരണത്തിലേക്കെത്തുന്നത്. തിരുവനന്തപുരം പുളിയറക്കോണത്തെ"മൊട്ടക്കുന്നി'ൽ മരം വച്ചുപിടിപ്പിക്കാൻ, അറിയാവുന്ന സർവ വിദ്യയും പ്രയോഗിച്ചു. പത്തു കൊല്ലം കഴിഞ്ഞിട്ടും കുന്ന്‌ "മൊട്ട'തന്നെ. അപ്പോഴാണ് പ്രൊഫ. അകിരാ മിയാവാക്കിയുടെ സൂക്ഷ്‌മവന മാതൃക കേൾക്കുന്നതും രണ്ടു മൂന്നു വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ അതു പ്രയോഗിക്കുന്നതും. ഫലം അത്ഭുതകരവും അവിശ്വസനീയവുമായിരുന്നു. തരിശുഭൂമിയിൽ മരങ്ങൾ ഒരു വർഷംകൊണ്ട്‌ പത്തടിയിലധികം വളർച്ച നേടുന്നു.

എങ്ങനെയാണിത് ഇത്രയധികം വളരുന്നതെന്ന് നട്ട എനിക്കും സാങ്കേതികസഹായവും പിന്തുണയുമൊക്കെ നൽകിയ ഡോ. മാത്യു ഡാനുമടക്കം സംശയമായി. സ്വാഭാവികമായും അടുത്ത സംശയവും വന്നു. അമ്പതു വർഷം കഴിയുമ്പോൾ ഈ കാടിന് എന്തു സംഭവിക്കും. സംശയം നീങ്ങാൻ നാൽപ്പതോ അമ്പതോ വർഷം പൂർത്തിയാക്കിയ ഒരു മിയാവാക്കി വനം നേരിട്ടു കാണുകയാണ്‌ പരിഹാരം. പക്ഷേ, അത്ര പഴയതെല്ലാംതന്നെ ജപ്പാനിലാണ്. നേരെ ജപ്പാനിലേക്ക്‌.

ജപ്പാനിലെത്തുമ്പോഴും പ്രൊഫസർ മിയാവാക്കിയെ കാണാൻ കഴിയുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. കാരണം, അദ്ദേഹത്തിന്‌ നേരത്തേ അയച്ച ഇ-മെയിലുകളെല്ലാംതന്നെ മേൽവിലാസം തെറ്റായതിനാൽ തിരികെ വന്നിട്ടുണ്ട്. പക്ഷേ, മറ്റൊരു യാദൃച്ഛികതയും സംഭവിച്ചു. ജപ്പാനിൽ താമസമാക്കിയ ബിനി പങ്കജാക്ഷൻ (മുൻമന്ത്രി പരേതനായ കെ പങ്കജാക്ഷന്റെ മകൻ) എന്റെ സഹപ്രവർത്തകയുടെ സുഹൃത്തായിരുന്നു. അദ്ദേഹം പ്രൊഫ. അകിരാ മിയാവാക്കിയുടെ കൃത്യമായ മേൽവിലാസവും ഇ-–-മെയിൽ ഐഡിയും സംഘടിപ്പിച്ചു തന്നു.

മസ്തിഷ്‌കാഘാതത്തിന്‌ ചികിത്സ പൂർത്തിയാക്കിയശേഷം നേഴ്‌സിങ്‌ ഹോമിൽ വൈദ്യശാസ്ത്രവിദഗ്ധരുടെ മേൽനോട്ടത്തിൽ ജീവിച്ചുവരികയായിരുന്നു പ്രൊഫ. മിയാവാക്കി. മുപ്പതു മിനിറ്റ്‌ സന്ദർശനത്തിനുള്ള അനുമതിയാണ് ലഭിച്ചത്‌. വളരെ സന്തുഷ്ടനും ഉത്സാഹഭരിതനുമായ ഒരാൾ. തൊണ്ണൂറ്റി രണ്ടുകാരനായ പ്രൊഫസറുടെ ദ്വിഭാഷി അദ്ദേഹത്തിന്റെ ആദ്യ ശിഷ്യ പ്രൊഫ. ഫ്യൂജിവാര കസ്യു ആയിരുന്നു. ഇന്ത്യയിൽ ബംഗളൂരുവിലും ഡൽഹിയിലും വന്നിട്ടുള്ള അദ്ദേഹത്തിന് ഞാൻ എവിടെനിന്നു വരുന്നു എന്നാണ് ആദ്യം അറിയേണ്ടത്. അറ്റ്‌ലസിൽ ഇന്ത്യയുടെ ഭൂപടമെടുത്ത്‌ കേരളം തൊട്ടുകാണിക്കാൻ പറഞ്ഞു. കേരളത്തിന്റെ കാലാവസ്ഥ, സമുദ്രനിരപ്പിൽനിന്നുള്ള ഉയരമൊക്കെ മനസ്സിലാക്കിയശേഷം സംഭാഷണം തുടങ്ങി.

ജപ്പാനിൽ മിയാവാക്കി മാതൃകയിൽ ചെടികൾ പ്രതിവർഷം ഒരു മീറ്റർ വളർച്ച നേടുമ്പോൾ കേരളത്തിലെ പ്രതിവർഷ വളർച്ച മൂന്നു മീറ്ററിലധികമാണ്. ഇത്‌ എന്തുകൊണ്ടായിരിക്കുമെന്ന്‌ ചോദിച്ചപ്പോൾ അതിന്റെ കാരണം വളരെ ലളിതമായി അദ്ദേഹം വിശദീകരിച്ചു. ജപ്പാനിൽ ആറുമാസം നീണ്ടുനിൽക്കുന്ന മഞ്ഞുകാലമുണ്ട്. അപ്പോൾ ഒന്നും വളരില്ല. കേരളത്തിൽ ആറുമാസം മഴക്കാലമാണ്. സകലതും വളരുന്ന കാലം.

കാട്‌ വച്ചുപിടിപ്പിക്കുമ്പോൾ വള്ളിച്ചെടികളൊന്നും വയ്ക്കരുതെന്നും അധിനിവേശ സസ്യങ്ങൾ പൂർണമായും ഒഴിവാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. മരങ്ങൾ നല്ല വളർച്ച നേടിയശേഷംമാത്രം വള്ളികളെക്കുറിച്ചാലോചിക്കുക ഇല്ലെങ്കിൽ അവ കാടു തിന്നുതീർക്കും. മുപ്പത്‌ മിനിറ്റ്‌ സമയമനുവദിച്ചു സ്വീകരിച്ച എനിക്ക് അദ്ദേഹം നാലു മണിക്കൂറിലധികം സമയം തന്നു. ലോകത്തെ ഏറ്റവും വലിയ സസ്യശാസ്ത്രജ്ഞരിലൊരാളുമായി സംസാരിക്കാൻ അവസരം കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

സംഭാഷണത്തിനിടയിൽ ഞാനദ്ദേഹത്തോട്‌ ഒരഭ്യർഥന നടത്തി. അദ്ദേഹത്തിന്റെ "ദി ഹീലിങ്‌ പവർ ഓഫ് ഫോറസ്റ്റ്‌സ്' എന്ന പുസ്തകം ഞാൻ വലിയ വിലകൊടുത്ത് ഓൺലൈൻ ലേലത്തിൽ വാങ്ങുകയായിരുന്നു. ഇതു സാധാരണക്കാർക്ക്‌ കുറഞ്ഞ വിലയ്ക്ക്‌ കിട്ടുമെങ്കിൽ മിയാവാക്കി മാതൃകയുടെ പ്രചാരം കൂടാൻ സാധ്യതയുണ്ട്. അപ്പോൾത്തന്നെ പുസ്തകം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനുള്ള അവകാശം തന്നു. സഹഗ്രന്ഥകാരന്റെയും പ്രസാധകന്റെയും അനുവാദം വാങ്ങിക്കൊള്ളണമെന്നു പറഞ്ഞ്, പിന്നീട് അദ്ദേഹം അതു സംസാരിച്ചു ശരിയാക്കി. നാലു കോടിയോളം മരങ്ങളാണ്‌ അദ്ദേഹം നേരിട്ട്‌ നട്ടു പിടിപ്പിച്ചിരിക്കുന്നത്. അതിൽനിന്ന്‌ പ്രചോദനമുൾക്കൊണ്ടവർ നട്ടുപിടിപ്പിച്ചത് എത്രയോ ഇരട്ടി വരും. പ്രൊഫ. അകിരാ മിയാവാക്കി എന്ന സസ്യശാസ്ത്രജ്ഞനെ ലോകമറിഞ്ഞത്‌ അദ്ദേഹത്തിന്റെ പ്രവൃത്തികളിലൂടെയാണ്‌. ആ പേരിൽ എത്രയോ രാജ്യങ്ങളിൽ തളിരിടുന്ന സൂക്ഷ്‌മവനങ്ങൾതന്നെയാണ്‌ അദ്ദേഹത്തിനുള്ള നിത്യസ്മരണ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top