26 December Thursday

ആനത്തലവട്ടം ആനന്ദൻ ; തൊഴിലാളിവർഗത്തിന്റെ
 കരുത്തനായ നേതാവ്‌

എം വി ഗോവിന്ദൻUpdated: Saturday Oct 5, 2024

 

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ശനിയാഴ്‌ച ഒരു വർഷം പൂർത്തിയാകുകയാണ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം, സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, കയർ തൊഴിലാളി യൂണിയൻ നേതാവ്‌, കയർ സെന്റർ നേതാവ്‌ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച അദ്ദേഹം തൊഴിലാളികളുടെ പ്രിയ നേതാവായിരുന്നു. മൂന്നുവട്ടം ആറ്റിങ്ങലിൽനിന്ന്‌ നിയമസഭയിലെത്തിയ സഖാവ്‌ പാർലമെന്ററി രംഗത്തും മാതൃകാപരമായ പ്രവർത്തനം കാഴ്‌ചവച്ചു. ചിറയിൻകീഴ്‌ താലൂക്കിലെ കയർഗ്രാമമായ ആനത്തലവട്ടത്ത്‌ ജനിച്ച സഖാവ്‌ നന്നേ ചെറുപ്പത്തിൽത്തന്നെ കയർത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചാണ്‌ കമ്യൂണിസ്റ്റ്‌ പാർടി, തൊഴിലാളി സംഘടനാ പ്രവർത്തകനും നേതാവുമായി വളർന്നത്‌.

നീതി നിഷേധങ്ങൾക്കെതിരെ പതർച്ചയില്ലാത്ത ചെറുത്തുനിൽപ്പായിരുന്നു സഖാവിനെ വ്യത്യസ്‌തനാക്കിയത്‌. തൊഴിലാളികൾക്കൊപ്പം ഇഴുകിച്ചേർന്നായിരുന്നു ആനത്തലവട്ടത്തിന്റെ സംഘടനാപ്രവർത്തനം. ഏതു വിഷയത്തിൽ ഇടപെടുമ്പോഴും അതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടായിരുന്നു. തൊഴിലാളിവർഗത്തോടുള്ള പ്രതിബദ്ധത ആ ജീവിതത്തിലുടനീളം നിറഞ്ഞുനിന്നു. രോഗം ബാധിച്ച്‌ ചികിത്സ യിൽ കഴിഞ്ഞ അവസാനനാളുകളിലും അദ്ദേഹം സംഘടനാകാര്യങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സജീവമായി ഇടപെട്ടു.

തൊഴിലാളികൾക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സഖാവിന്റേത്‌. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട കാലയളവിലാണ് സഖാവിന്റെ ജനനം. 1937 ഏപ്രിൽ 22. ഏപ്രിൽ 22 ലെനിന്റെയും ജന്മദിനമായിരുന്നുവെന്നത് എപ്പോഴും അദ്ദേഹം ആവേശത്തോടെ ഓർത്തിരുന്നു. 1956ൽ കമ്യൂണിസ്റ്റ്‌ പാർടി അംഗമായി.
സ്‌കൂളിൽ എൻസിസി കേഡറ്റായിരുന്ന ആനന്ദന്‌ പട്ടാളത്തിൽ ചേരാൻ ഉത്തരവ്‌ ലഭിച്ചെങ്കിലും അമ്മ സമ്മതിക്കാത്തതിനാൽ പോയില്ല. പിന്നീട്‌ റെയിൽവേയിൽ ടിടിഇയായി ജോലി ലഭിച്ചപ്പോൾ കയർത്തൊഴിലാളികളുടെ സമരം നടക്കുന്ന കാലമായിരുന്നു. ജോലിക്ക്‌ പോകാൻ എല്ലാവരുടെയും സമ്മർദമുണ്ടായെങ്കിലും തൊഴിലാളികളെ സമരത്തിലേക്ക്‌ തള്ളിവിട്ടിട്ട്‌ ജോലിക്ക്‌ പോകുന്നത്‌ ശരിയല്ലെന്ന്‌ തോന്നിയതിനാൽ വേണ്ടെന്ന്‌ വച്ചു.

1971-ൽ സി എച്ച്‌ കണാരനെ പരിചയപ്പെട്ടതോടെ  മുഴുവൻസമയ പാർടി പ്രവർത്തകനായി. പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്കായി വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടം നയിച്ച നേതാവാണ്‌ ആനത്തലവട്ടം. കയർമേഖലയെ നവീകരിക്കാനും നിലനിർത്താനും അദ്ദേഹം വലിയ പങ്കുവഹിച്ചു. കയർത്തൊഴിലാളികളുടെ വിശ്വസ്‌ത സഖാവും സംരക്ഷകനുമായിരുന്നു ആനന്ദൻ. 1975 മാർച്ച്‌ 31ന്‌ കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നടത്തിയ കയർത്തൊഴിലാളികളുടെ പട്ടിണിജാഥയ്‌ക്ക്‌ നേതൃത്വം നൽകിയത്‌ അദ്ദേഹത്തിന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത്‌ ആനത്തലവട്ടം ജയിൽവാസവും അനുഭവിച്ചു. ഒളിവു ജീവിതത്തിന്റെ അനുഭവവും സഖാവിനുണ്ട്. ഇടത്-–- വലതു വ്യതിയാനത്തിനെതിരെ ശക്തമായ പോരാട്ടവും സഖാവ് നടത്തി.
നിയമസഭാ സാമാജികൻ, ആശയപ്രചാരകൻ, പ്രഭാഷകൻ, സംഘാടകൻ എന്നിങ്ങനെ നിരവധി തലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്. പൂർണമായും തൊഴിലാളികൾക്കിടയിൽ ജീവിച്ചും ജനകീയപ്രശ്‌നങ്ങളിൽ നിരന്തരമായി ഇടപെട്ടുമാണ്‌ ആനത്തലവട്ടം ആനന്ദൻ എന്ന നേതാവ്‌ രൂപപ്പെടുന്നതും വളർന്നതും. ഒടുവിൽ കേരളത്തിൽ തൊഴിലാളികളുടെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും തലമുതിർന്ന നേതാവായി മാറി. മാതൃകാ പൊതുപ്രവർത്തകൻ എന്ന നിലയിൽ എല്ലാവരുടെയും പ്രിയപ്പെട്ട നേതാവായി. പാർടിയെ ശത്രുക്കൾ വളഞ്ഞിട്ടാക്രമിക്കുമ്പോഴെല്ലാം  പ്രതിരോധിക്കാൻ അവസാന നാളുകൾവരെ മുൻനിരയിലുണ്ടായിരുന്നു.

ജീവിതകാലം മുഴുവൻ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്‌ത്രത്തിലും നയങ്ങളിലും ഉറച്ച നിലപാടുകാരനാണ്‌ സഖാവ്‌. വ്യക്തിപരമായതോ കുടുംബകാര്യങ്ങളോ അദ്ദേഹത്തിന്‌ പറയാനുണ്ടായിരുന്നില്ല. ആനന്ദന്റെ ജീവിതവും വളരെ ലളിതമായിരുന്നു. തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി  ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ. ആ വേർപാട്‌ പാർടിക്കും പ്രസ്ഥാനത്തിനും കനത്ത നഷ്‌ടംതന്നെയാണ്‌. സഖാവിന്റെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top