22 November Friday

1,04,561 സ്‌പീഷിസുകൾ

എൻ എസ്‌ അരുൺകുമാർUpdated: Sunday Aug 11, 2024


രാജ്യത്തെ ജന്തുജീവികളുടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തി സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ അടുത്തിടെ  പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌ കൗതുകം നിറഞ്ഞതാണ്‌. റിപ്പോർട്ട് പ്രകാരം 1,04,561 ജന്തു സ്-പീഷിസുകളാണ് ഇന്ത്യയിലുള്ളത്. ഇവ ഓരോന്നിനെ പറ്റിയുള്ള എല്ലാ  വിവരങ്ങളും ഉൾപ്പെടുത്തിയ വെബ്പോർട്ടലും നിലവിൽ വന്നു.

പുതുമുഖങ്ങൾ


2023ൽ 641 ‘പുതുമുഖങ്ങളെ’ കണ്ടെത്തിയിട്ടുണ്ട്‌. ഇവയിൽ ജീവലോകം ആദ്യമായി പരിചയപ്പെടുന്നവയും നീണ്ട ഇടവേളയ്ക്കുശേഷം കണ്ടെത്തിയവയുമുണ്ട്‌.  442 എണ്ണം പുതിയ സ്-പീഷിസുകളാണ്‌. ഇന്ത്യയിൽനിന്നും ആദ്യം റിപ്പോർട്ടുചെയ്യപ്പെടുന്നവ 199 എണ്ണവും. പുതുതായി കണ്ടെത്തിയവയിൽ ഏറ്റവും കൂടുതൽ  ഷഡ്പദങ്ങളാണ്‌.  ഉറുമ്പുകൾ, തേനീച്ചകൾ, കടന്നലുകൾ എന്നിവയെ ഉൾക്കൊള്ളുന്ന ഹൈമെനോപ്റ്റെറൻസ്  വിഭാഗവും ചിലന്തികളുടേയും തേളുകളുടേയും ചെള്ളുകളുടേയും വിഭാഗമായ അരാക്കിനിഡയുമായിരുന്നു പുതുമുഖങ്ങളിലേറെയും. തൊട്ടുതാഴെ മത്സ്യങ്ങളാണ്‌.

2023ൽമാത്രം 47 പുതുമത്സ്യങ്ങളെ കണ്ടെത്തി. ഉരഗജീവികളുടെ കൂട്ടത്തിലും പുതുതായി 20 എണ്ണത്തിനെയും. സസ്തനികൾക്കിടയിൽനിന്ന്‌ രണ്ട് പുതിയ സ്-പീഷിസുകൾ കണ്ടു. ഹിമാചൽപ്രദേശ്‌,  ലഡാക് എന്നിവിടങ്ങളിൽ  കണ്ടെത്തിയ  ഒരിനം കാട്ടാടാണ് സസ്തനിലോകത്തിലെ പുതുമുഖം. ഹിമാലയൻ മലനിരകളെ പ്രതിനിധീകരിക്കുന്നതിനാൽ ഇതിന് കാപ്ര ഹിമാലയെൻസിസ് (Capra himalayensis) എന്നാണ് പേര് നൽകിയിരിക്കുന്നത്. രണ്ടാമത്തെ പുതിയ സസ്തനി ഒരിനം വാവലാണ്. തെക്കൻ കർണാടകത്തിലെ പശ്ചിമഘട്ട മേഖലയിൽപ്പെടുന്ന കൊഡക് ജില്ലയിൽനിന്നുമാണ് ഇതിനെ കണ്ടെത്തിയത്. മിനിയോപ്റ്റെറസ് ശ്രീനി (Miniopetrus Srini) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കണ്ടെത്തിയ ഭാർഗവി, ആദിത്യ ശ്രീനിവാസലു എന്നീ ഗവേഷകദമ്പതികളുടെ ബഹുമാനാർഥമാണ് ഈ പേര്‌.
  

  ഇന്ത്യയിൽ കാണുന്ന ജന്തുജീവികൾ ആകെ 36 വിഭാഗങ്ങളിൽ അഥവാ ഫൈലകളിലായാണ് ഉൾപ്പെടുന്നത്. ഇവ ഓരോന്നിനെക്കുറിച്ചും അവയിൽ പെടുന്ന മുഴുവൻ ജന്തുസ്-പീഷിസുകളേയും കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ക്രോഡീകരിച്ചിട്ടുണ്ട്‌.

 കേരളത്തിൽ

101 പുതിയ ജന്തുസ്-പീഷിസുകൾ കേരളത്തിൽനിന്നും റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം പശ്ചിമബംഗാളിനാണ്. 72 പുതിയ സ്-പീഷിസുകൾ. തമിഴ്നാടാണ് മൂന്നാം സ്ഥാനത്ത്; 62. നാലാം സ്ഥാനം രണ്ട് സംസ്ഥാനങ്ങൾ പങ്കിടുന്നു; കർണാടകവും അരുണാചൽപ്രദേശും, 45 സ്-പീഷിസുകൾ വീതം. സസ്തനികളുടെ വൈവിധ്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം മേഘാലയയാണ്; 163 സസ്തനികൾ.

കേരളത്തിൽനിന്നും കണ്ടെത്തിയ ജീവികളിൽ മുഖ്യപങ്കും ഷഡ്പദ ലോകത്തിൽനിന്നുമാണ്. ഇതിൽത്തന്നെ തേനീച്ചകളും വണ്ടുകളുമാണ് കൂടുതൽ. ഷഡ്പദങ്ങൾ കൂടുതലായി കണ്ടെത്തിയത്‌  കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പച്ചത്തുരുത്തുകളുടേയും അവയിലെ സസ്യവൈവിധ്യത്തിന്റേയും സൂചനയാണ്. കീടനാശിനികൾ ഒഴിവാക്കിയുള്ള കീടനിയന്ത്രണമാർഗങ്ങൾ വീട്ടിടങ്ങളിലെ പച്ചക്കറിക്കൃഷിയിൽ പ്രോത്സാഹിപ്പിച്ചതും ഷഡ്പദ വൈവിധ്യം നിലനിൽക്കുന്നതിന് സഹായകമായി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണുന്ന ചിലന്തികളിൽ 13 എണ്ണവും കേരളത്തിന്റെ സംഭാവനയാണ്. എറണാകുളം വൈപ്പിനടുത്തുള്ള കാളമുക്ക് മത്സ്യബന്ധന തുറമുഖത്തിൽനിന്നുമാണ് പുതിയ മത്സ്യഇനങ്ങളെ കണ്ടെത്തിയത്. റിപ്പോർട്ടിനെ പറ്റി കൂടുതൽ അറിയാൻ :  https://zsi.gov.in/checklist/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top