16 November Saturday

ബദലുയർത്തി ശ്രീലങ്ക

ഡോ. പി ജെ വിൻസെന്റ്‌Updated: Saturday Nov 16, 2024

 

സുദീർഘമായ ശ്രീലങ്കയുടെ രാഷ്ട്രീയചരിത്രത്തിൽ നിർണായകമായ വഴിത്തിരിവായിരുന്നു സെപ്തംബർ 21 ന് നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌.  മാർക്‌സിസ്റ്റ്–- ലെനിനിസ്റ്റ് പാർടിയായ ജനത വിമുക്തി പെരമുന (ജനകീയ വിമോചന മുന്നണി–- ജെവിപി) നേതൃത്വം നൽകിയ 27 പാർടികൾ അടങ്ങിയ ഇടതുസഖ്യം ദേശീയ ജനശക്തി മുന്നണിയുടെ (എൻപിപി) സ്ഥാനാർഥി അനുര കുമാര ദിസനായകെ   മിന്നുന്ന വിജയം നേടി ശ്രീലങ്കയുടെ ഒമ്പതാമത് പ്രസിഡന്റായി സ്ഥാനമേറ്റു. ഒരു കമ്യൂണിസ്റ്റുകാരൻ പ്രസിഡന്റ്‌ പദത്തിലെത്തുന്നത് ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമാണ്. ഇതിന്റെ  തുടർച്ചയായി വ്യാഴാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശ്രീലങ്ക വീണ്ടും ചരിത്രമെഴുതി. ഇടതുപക്ഷ സഖ്യമായ ദേശീയ ജനശക്തി മുന്നണി വൻവിജയം നേടി രാജ്യത്തെ ചുവപ്പണിയിച്ചു.

മഹിന്ദ രജപക്‌സെയും സഹോദരൻ ഗോട്ടബായ രജപക്‌സെയും അധികാരത്തിലിരുന്ന കാലം നവലിബറൽ നയങ്ങളുടെ പുഷ്‌കലകാലമായിരുന്നു. വൻതോതിൽ വിദേശകടം സ്വീകരിച്ച്‌ അടിസ്ഥാനസൗകര്യ വികസനത്തിനായി വിനിയോഗിച്ചു. ഇതിനായി ലോകബാങ്ക്, എഡിബി, ഐഎംഎഫ്, ചൈനീസ്‌ വികസന ഫണ്ട് എന്നിവയാണ് പ്രധാനമായും ആശ്രയിച്ചത്. ‘കടമെടുത്ത്‌ ധാരാളം ചെലവഴിക്കുക’ എന്ന നയം ശ്രീലങ്കയെ കടബാധ്യതയിൽ കുടുക്കി. സാമൂഹ്യ സുരക്ഷാ പദ്ധതികൾ അവതാളത്തിലായി. തൊഴിലില്ലായ്മ വർധിച്ചു. വിലക്കയറ്റം താങ്ങാവുന്നതിനുമപ്പുറമായി. സാമ്പത്തിക തകർച്ചയോടൊപ്പം രജപക്‌സെ കുടുംബവാഴ്‌ചയും സ്വജന പക്ഷപാതിത്വവും വ്യാപകമായ അഴിമതിയും കൂടിച്ചേർന്നപ്പോൾ ശ്രീലങ്ക തകർച്ചയിലേക്ക് കൂപ്പുകുത്തി. ഈ സാഹചര്യത്തിലാണ് 2022 മാർച്ചിൽ സർക്കാരിനെതിരെ ജനകീയ ഉയിർപ്പ് ഉണ്ടാകുന്നത്. പ്രസിഡന്റിന്റെ കൊട്ടാരം കൈയേറിയ ജനങ്ങൾ പുതിയ രാഷ്ട്രീയമുന്നേറ്റത്തിന് തുടക്കം കുറിച്ചു. പ്രസിഡന്റ്‌ ഗോട്ടാബായ രജപക്‌സെ രാജ്യം വിട്ട് പലായനം ചെയ്തു.

നവഉദാരവാദ സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധി ഗുരുതരമായിരുന്നു. 51 000 കോടി ഡോളറാണ് (നാലു ലക്ഷം കോടി രൂപ) ശ്രീലങ്കയുടെ വിദേശ കടം. രജപക്‌സെ സർക്കാരുകളുടെ മട്ടല വിമാനത്താവളം, ഹമ്പൻടോട്ട തുറമുഖം പോലുള്ള പൊങ്ങച്ച പദ്ധതികളും സാമ്പത്തിക കെടുകാര്യസ്ഥതയും അഴിമതിയും ശ്രീലങ്കൻ ജനതയുടെ ജീവിതം ദുരിതമയമാക്കി. ജനങ്ങൾ മാറ്റത്തിന് ആഗ്രഹിച്ചു. ഈ പശ്ചാത്തലത്തിൽ അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള എൻപിപി സഖ്യം മുന്നോട്ടുവച്ച ബദൽ സാമ്പത്തിക നയം ജനങ്ങൾക്ക് സ്വീകാര്യമായി.

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്
ഈ വർഷം സെപ്‌തംബർ 21ന്‌ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ അനുര കുമാര  42.31 ശതമാനം വോട്ട് നേടി ഒന്നാമതെത്തി. പ്രതിപക്ഷനേതാവ് സജിത്ത് പ്രേമദാസ 32.76 ശതമാനം വോട്ട് നേടി. നിലവിലുള്ള പ്രസിഡന്റ്‌ റെനിൽ വിക്രമസിംഗെക്ക്‌  17 .27 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. രണ്ടാംഘട്ട വോട്ടെണ്ണലിൽ 55. 89 ശതമാനം വോട്ട് നേടി ദിസനായകെ വിജയിച്ചു.

പാർലമെന്റ്‌ തെരഞ്ഞെടുപ്പ്
2020 ആഗസ്‌ത്‌ അഞ്ചിന് നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ മഹിന്ദ രജപക്‌സെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക പീപ്പിൾസ് ഫ്രീഡം അലയൻസ് ( എസ്‌എൽപിഎഫ്‌എ) 145 സീറ്റ് നേടി .പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസയുടെ സമാഗി ജന ബലവേഗയ (എസ്‌ജെബി)  54 സീറ്റും തമിഴ് നാഷണൽ  അലയൻസ് 10 സീറ്റും നേടി. ഇടതു സഖ്യമായ ദേശീയ ജനശക്തി മുന്നണിക്ക് മൂന്നു സീറ്റ് മാത്രമാണ് ലഭിച്ചത്. സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ നിലവിലുള്ള പാർലമെന്റ്‌ തടസ്സമാകുമെന്ന കാര്യം ഇതിൽനിന്ന് വ്യക്തമാണല്ലോ. ഈ സാഹചര്യത്തിലാണ് സെപ്തംബർ 24 ന്‌ പ്രസിഡന്റ്‌ ദിസനായകെ പാർലമെന്റ്‌ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷസഖ്യം എൻഡിപി മൂന്നിൽ രണ്ട് ഭൂരിപക്ഷമുറപ്പിച്ചു. 225 അംഗ പാർലമെന്റിൽ  22 മണ്ഡലങ്ങളിൽ നിന്നായി 196 പേരെയാണ് ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്നത്. ബാക്കി 29 സീറ്റ് ലഭിച്ച വോട്ടിന് അടിസ്ഥാനത്തിൽ പാർടികൾക്ക് വീതിച്ചു നൽകും. 8800 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടിയത്.

കമ്യൂണിസ്റ്റ് മുന്നേറ്റം
കമ്യൂണിസ്റ്റ് ആശയങ്ങളാൽ പ്രചോദിതമായി 1935ൽ ശ്രീലങ്ക സമസമാജ് പാർടി ( എൽഎസ്എസ്‌പി) രൂപംകൊണ്ടതുമുതലാണ് ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ഇടതു സാന്നിധ്യം ശക്തമാകുന്നത്. 1943ൽ എൽഎസ്എസ്‌പിയിലെ കമ്യൂണിസ്റ്റുകാർ കമ്യൂണിസ്റ്റ് പാർടി ഓഫ് ശ്രീലങ്ക ( സിപിഎസ്‌എൽ ) രൂപീകരിച്ചു. രണ്ടാംലോകയുദ്ധത്തിൽ ബ്രിട്ടന് പിന്തുണ നൽകിയതിലെ തർക്കം പാർടിയെ പിളർപ്പിലേക്ക് നയിച്ചു. അങ്ങനെ രൂപം കൊണ്ട  സിപിഎസ്‌എൽ ( പീക്കിംങ്‌ വിങ്‌ )-ൽ നിന്ന്‌  1965ൽ അടർന്നുമാറിയ വിഭാഗം ജനകീയ വിമോചന മുന്നണി (ജെവിപി) രൂപീകരിച്ചു. അതിനുശേഷം ശ്രീലങ്കയിലെ മുഖ്യ കമ്യൂണിസ്റ്റ് പാർടിയായി  ജെവിപി വളർന്നു.

ഇപ്പോൾ ജനപക്ഷ സാമ്പത്തികനയങ്ങളും സമാനമായ ആശയങ്ങൾ പിൻപറ്റുന്ന ചെറുകക്ഷികളുടെ മുന്നണിയും രൂപീകരിച്ച്‌ അവർ ശ്രീലങ്കയിൽ അധികാരത്തിലെത്തി.‘ നവലിബറൽ നയങ്ങൾക്ക് ബദൽ ഉണ്ട്’ എന്നാണ് ദിസനായകെ ജനങ്ങളോട് പറഞ്ഞത്. അഴിമതിയും സ്വജനപക്ഷപാതിത്വവും അവസാനിപ്പിക്കാനും സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കാനുമുള്ള നടപടികൾക്ക് അവർ തുടക്കംകുറിച്ചു. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റ്‌  ദിസനായകെയ്‌ക്ക്‌ വെല്ലുവിളിയാണ്.  ഈ പ്രശ്നത്തിനാണ് തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം പരിഹാരം കണ്ടത്. 225 അംഗ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എൻപിപി നേടി. 22 മണ്ഡലങ്ങളിൽ 16 എണ്ണത്തിൽ ഫലം വന്നപ്പോൾ തന്നെ 65.12  ശതമാനം വോട്ടും 123 സീറ്റുമായി നേടി എൻപിപി ഭൂരിപക്ഷം നേടി. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടിൽനിന്ന് വൻ കുതിപ്പാണ് എൻപിപിക്ക് ഉണ്ടായത്.

ജനപക്ഷ നയങ്ങൾ നടപ്പിലാക്കാൻ ഉള്ള സുവർണാവസരമാണ് ശ്രീലങ്കയിൽ കമ്യൂണിസ്റ്റ് പാർടിക്ക്‌ കൈവന്നിരിക്കുന്നത്. ഭരണഘടനാഭേദഗതി അടക്കം നടപ്പിലാക്കാനുള്ള ഭൂരിപക്ഷം പാർലമെന്റിൽ അവർക്കുണ്ട്.

ആനുപാതിക പ്രാതിനിധ്യരീതിയിൽ പാർടികൾക്കുള്ള സീറ്റ് വിഹിതം കൂടി പ്രഖ്യാപിക്കുമ്പോൾ എൻപിപി 150 ലധികം സീറ്റുകൾ നേടും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചു എന്ന് സാരം. പോൾ ചെയ്ത വോട്ടിന്റെ 62 ശതമാനം അവർക്ക് നേടാനായി. ജനപക്ഷ നയങ്ങൾ നടപ്പിലാക്കാൻ ഉള്ള സുവർണാവസരമാണ് ശ്രീലങ്കയിൽ കമ്യൂണിസ്റ്റ് പാർടിക്ക്‌ കൈവന്നിരിക്കുന്നത്. ഭരണഘടനാഭേദഗതി അടക്കം നടപ്പിലാക്കാനുള്ള ഭൂരിപക്ഷം പാർലമെന്റിൽ അവർക്കുണ്ട്. ലോകത്തെമ്പാടും നവ യാഥാസ്ഥിതികത്വം മുന്നേറുമ്പോഴാണ് ജനപക്ഷത്തു നിന്നുകൊണ്ട് അർത്ഥപൂർണമായ ബദൽ ശ്രീലങ്ക മുന്നോട്ടുവയ്ക്കുന്നത്‌. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി തീവ്ര ശ്രീലങ്കൻ ദേശീയതയും നവലിബറൽ നയങ്ങളും സമം ചേർത്ത് അധികാരം കൈയാളിയ യുഎൻപി, ശ്രീലങ്ക ഫ്രീഡം പാർടി എന്നിവർ നയിച്ച മുന്നണി ഭരണത്തെ ജനങ്ങൾ നിരസിച്ചു. ഇടതുപക്ഷ സാമ്പത്തിക നയവും ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതൃത്വവും ജനകീയമുന്നണിയും ഒന്നിച്ചപ്പോൾ ശ്രീലങ്കയിൽ അത്ഭുതകരമായ രാഷ്ട്രീയമാറ്റം യാഥാർഥ്യമായി. ജനങ്ങൾ നൽകിയ അഭൂതപൂർവമായ പിന്തുണയുടെ ശക്തിയിൽ ശരിയും ശാസ്ത്രീയവും തത്വാധിഷ്ഠിതവുമായ നയങ്ങൾ  നടപ്പിലാക്കാൻ ദിസനായകെയ്‌ക്കും ദേശീയ ജനശക്‌തി മുന്നണിക്കും കഴിഞ്ഞാൽ ചുവന്ന ശ്രീലങ്ക സ്ഥിരത നേടും എന്ന്‌ നിസ്സംശയം പറയാം.

(കോഴിക്കോട്‌ മീഞ്ചന്ത ഗവ. കോളേജിൽ ചരിത്ര വിഭാഗം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top