03 December Tuesday

ഒപ്പിടാത്ത ഗവർണർ

ഗോപകുമാർ മുകുന്ദൻ Updated: Monday Oct 16, 2023

നിയമസഭ പാസാക്കിയ ബില്ലുകളിൽ  ഒപ്പിടാത്ത ഗവർണർമാരാണ് ഇന്നത്തെ ഇന്ത്യൻ ഫെഡറൽ ഘടനയുടെ സ്വഭാവം. കേരള നിയമസഭ പാസാക്കിയ എട്ട്‌ ബിൽ ഗവർണർ പിടിച്ചുവച്ചിരിക്കുന്നു. ഏതാണ്ട്‌ രണ്ടു കൊല്ലംവരെയായ ബില്ലുകളുണ്ട്. കോടതിയെ സമീപിക്കുമെന്ന്‌ സർക്കാർ പറയുമ്പോൾ സർക്കാരിന്റെ തോന്നിയവാസം വിടില്ലെന്നു പറയുകയാണ് ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ. തെലങ്കാനയിലും തമിഴ്നാട്ടിലും എല്ലാമുള്ളത് ഇങ്ങനെ ഒപ്പിടാത്ത ഗവർണർമാരാണ്. അസംബ്ലിയുടെ നിയമനിർമാണ അധികാരത്തെ അനന്തമായി തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് ഭരണഘടന അധികാരം നൽകുന്നുണ്ടോ. പാർലമെന്ററി സമ്പ്രദായത്തിൽ ഗവർണറാണോ എല്ലാ ‘നന്മകളും’ കാക്കുന്ന ബിംബം. 

ഒപ്പ്‌ സൗകര്യംപോലെ മതിയോ
നിയമനിർമാണ അധികാരമുള്ള വിഷയത്തിൽ സഭ  ഒരു ബിൽ പാസാക്കിയാൽ  അത് ആർട്ടിക്കിൾ 200 പ്രകാരം ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കണം. ഗവർണർ എന്തുചെയ്യണം. ഒന്നുകിൽ ഒപ്പിട്ട്‌ തിരിച്ചയക്കണം. അധികാരം സംബന്ധിച്ചോ മറ്റോ സംശയംവന്നാൽ അതിൽ വിശദീകരണംതേടി മടക്കിയയക്കാം. ഭേദഗതി നിർദേശിക്കാം. അല്ലെങ്കിൽ ഔചിത്യം ആരായാം. നിയമസഭ ഇത്‌ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. അങ്ങനെ രണ്ടാമതും ഒപ്പിനായി ഗവർണർക്ക് ബിൽ സമർപ്പിക്കപ്പെട്ടാൽ ഒരു മാർഗവുമില്ല, ഗവർണർ ഒപ്പിട്ടേ പറ്റൂ. ഇതാണ് വ്യവസ്ഥ. രാഷ്‌ട്രപതിയുടെ അംഗീകാരം വേണ്ട നിയമമാണെന്നു വന്നാൽ അംഗീകാരത്തിനായി ബിൽ റിസർവ് ചെയ്യാം. അപ്പോൾ ഒപ്പിടുന്നില്ലെങ്കിൽ പിന്നെയുള്ളത് രണ്ട്  ഓപ്ഷനാണ്. ഗവർണർ ബിൽ എത്രയുംപെട്ടെന്ന് തന്റെ അഭിപ്രായക്കുറിപ്പോടെ നിയമസഭയ്ക്ക്‌ മടക്കിനൽകാം, ആവശ്യമെങ്കിൽ. മറ്റൊന്ന് രാഷ്‌ട്രപതിക്ക്‌ അയക്കാം. ഈ രണ്ട്‌ സന്ദർഭത്തിലും ‘എത്രയുംവേഗം’ എന്ന പദമാണ്  ഭരണഘടന ഉപയോഗിച്ചിട്ടുള്ളതെന്ന്‌ നാം പ്രത്യേകം മനസ്സിലാക്കണം.  

അപ്പോൾ 
പിടിച്ചുവയ്ക്കുന്നതോ  
ഒപ്പിടുകയോ നിയമസഭയ്ക്ക്‌ തിരിച്ചുനൽകുകയോ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി റിസർവ് ചെയ്യുകയോ അല്ലാതെ ബില്ലുകൾ സ്വയം പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടോ. ഭരണഘടന അത്തരമൊരു അധികാരം നൽകുന്നില്ല. പിന്നെ എങ്ങനെയാണ് കഴിഞ്ഞ 22 മാസമായി സഭ പാസാക്കിയ ഒരു ബിൽ ഗവർണർ പിടിച്ചുവച്ചിരിക്കുന്നത്. ഗവർണർ ബില്ലിൽ ഒപ്പിടുന്നതിന്‌ സമയപരിധി നിർണയിച്ചിട്ടില്ല എന്നതാണ് പറയുന്ന ന്യായം. ഒരു സുപ്രീംകോടതി വിധിയുടെ ദുർവ്യാഖ്യാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. വസ്തുതകളിൽനിന്നും സാഹചര്യങ്ങളിൽനിന്നും അടർത്തിമാറ്റിയുള്ള ദുർവ്യാഖ്യാനത്തിലൂടെയാണ് ഇത്‌ ചെയ്യുന്നത്.  Purushothaman Nambudiri vs The State of Kerala (1962 AIR 694) എന്ന കേസിലെ സുപ്രീംകോടതി വിധിയാണ് ഇങ്ങനെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത്. ഈ കേസിലെ സാഹചര്യവും വസ്തുതകളും തികച്ചും ഭിന്നമാണ്. 1959 ജൂൺ10ന് കേരള നിയമസഭ കാർഷികബന്ധ ബിൽ പാസാക്കി. ഇത്‌ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. ഇതിനിടയിൽ 1959 ജൂലൈ  31ന് ആർട്ടിക്കിൾ 356 പ്രകാരം കേരള മന്ത്രിസഭയെ പുറത്താക്കുകയും നിയമസഭ പിരിച്ചുവിടുകയും ചെയ്തു. ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. 1960 ജൂലൈ 27ന് പുതിയ സർക്കാർ നിലവിൽവന്നു. ഇതിനുശേഷമാണ് രാഷ്‌ട്രപതി  മുൻ സഭയുടെ കാലത്ത് അയച്ച കാർഷികബന്ധ ബിൽ ഭേദഗതികൾ നിർദേശിച്ചുകൊണ്ട്‌ തിരിച്ചുകൊടുത്തത്. അപ്പോൾ പുതിയ  നിയമസഭയാണ് എന്നതോർക്കണം. സഭ ഭേദഗതികൾ അംഗീകരിച്ച് വീണ്ടും ബിൽ പാസാക്കി. ഇതിൽ രാഷ്‌ട്രപതി ഒപ്പിട്ടു, ബിൽ നിയമമായി.

പുരുഷോത്തമൻ നമ്പൂതിരി എന്ന ജന്മിക്ക് 900 ഏക്കർ പണ്ടാരവക വെറും പാട്ടഭൂമി ഉണ്ടായിരുന്നു. ഈ ഭൂമി നഷ്ടപ്പെടുന്നതിൽ കുണ്ഡിതപ്പെട്ട് അദ്ദേഹം ഈ നിയമം ചോദ്യംചെയ്തു. നിയമസഭ പിരിച്ചുവിട്ടതോടെ ഈ ബിൽ ലാപ്‌സായി, പിന്നെ അതിലെ വ്യവസ്ഥകൾ എങ്ങനെ നിലനിൽക്കുമെന്ന സാങ്കേതികപ്രശ്നവും അദ്ദേഹം ഉന്നയിച്ചു. ഈ സാങ്കേതികപ്രശ്നം പരിഹരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന സ്ഥിതിയിലായി സുപ്രീംകോടതി. ഗവർണറുടെയോ രാഷ്‌ട്രപതിയുടെയോ ഒപ്പിന്‌ സമയപരിധി നിർണയിച്ചിട്ടില്ലെന്നും അതിനാൽ  ബിൽ കാലഹരണപ്പെടില്ല എന്നുമായിരുന്നു കോടതി പറഞ്ഞത്. ഇതു വച്ചിട്ടാണ് ഈ ഗവർണർമാർ ബില്ലുകൾ ഒപ്പിടാൻ സമയപരിധിയില്ലെന്നു പറഞ്ഞുകൊണ്ട്  പിടിച്ചുവയ്ക്കുന്നത്.

മന്ത്രിസഭയും 
ഗവർണറും
സർക്കാർ തലവൻ ഗവർണറാണ്. ഗവർണറെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനുമാണ് മന്ത്രിസഭ. അപ്പോൾ ഗവർണർക്ക് എന്തുംചെയ്യാമോ. മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കും. മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണർ നിയമിക്കും. മാത്രമല്ല, ഗവർണറുടെ  പ്രീതിയുള്ള കാലമേ മന്ത്രിമാർക്ക് തുടരാനാകൂ. ഇതൊക്കെ അക്ഷരാർഥത്തിലാണോ മനസ്സിലാക്കേണ്ടതെന്ന കാര്യം പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇഷ്ടമുള്ളയാളെ മുഖ്യമന്ത്രിയാക്കാനാകുമോ. പാർലമെന്ററി  ജനാധിപത്യത്തിന്‌ വിധേയമാണ്‌ ഇവയെല്ലാം.  

ജനാധിപത്യത്തിനു കീഴ്‌പ്പെട്ട് വേണം കർത്തവ്യങ്ങൾ നിറവേറാൻ  അല്ലാതെ ബിംബങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നാണ് കോടതി പറഞ്ഞത്. ഇത്‌ മനസ്സിലാക്കാതെയാണ് മന്ത്രിയിൽ എന്റെ പ്രീതി പോയി എന്നൊക്കെ പറയുന്നത്.

ഗവർണർ എല്ലാ കർത്തവ്യങ്ങളും മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് നിർവഹിക്കേണ്ടതെന്നാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച്  Shamsher Singh v. State of Punjab (AIR 1974 SC 2192) കേസിൽ വ്യക്തമാക്കിയത്. “instead of surrendering it to a single summit soul whose deification is incompatible with the basics of our political architecture” എന്ന പദപ്രയോഗമാണ് കോടതി നടത്തുന്നത്. അതായത് ജനാധിപത്യത്തിനു കീഴ്‌പ്പെട്ട് വേണം കർത്തവ്യങ്ങൾ നിറവേറാൻ  അല്ലാതെ ബിംബങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നാണ് കോടതി പറഞ്ഞത്. ഇത്‌ മനസ്സിലാക്കാതെയാണ് മന്ത്രിയിൽ എന്റെ പ്രീതി പോയി എന്നൊക്കെ പറയുന്നത്. അത്തരം വ്യക്തിപരമായ പ്രീതിക്ക് ഭരണഘടനാ പദ്ധതിയിൽ ഒരു സ്ഥാനവുമില്ല.

ഇപ്പോൾ നാം നോക്കുന്നത് നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടുന്ന കാര്യമാണല്ലോ. ഗവർണർ എല്ലാ കർത്തവ്യങ്ങളും മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് നിർവഹിക്കേണ്ടതെന്ന്‌ കോടതി പറഞ്ഞല്ലോ. അപ്പോൾ ഈ ബില്ലുകൾ ഒപ്പിടുന്ന കാര്യത്തിനും ഇത്‌ ബാധകമല്ലേ. ഹിന്ദു കോഡ് ബില്ലിൽ  ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ആദ്യ അറ്റോർണി ജനറൽ എം സി സെതൽവാദിനോട് നിയമോപദേശം തേടി. മന്ത്രിസഭയുടെ ഉപദേശം എവിടെയൊക്കെ, എന്തിലെല്ലാം ബാധകമാണെന്ന് അറ്റോർണി ജനറൽ പറയുന്നത്‌ ഇങ്ങനെയാണ്:

“It applies to every function and power vested in the President, whether it relates to addressing the House or returning a Bill for reconsideration or assenting or withholding assent to the Bill’’ 

സഭയിലെ പ്രസംഗവും ബില്ലുകൾ ഒപ്പിടുന്നതും മടക്കുന്നതും ഉൾപ്പെടെ  പ്രസിഡന്റിൽ നിക്ഷിപ്തമായ എല്ലാ അധികാരവും  മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് നിർവഹിക്കേണ്ടതെന്നാണ് അറ്റോർണി ജനറൽ നിയമോപദേശം നൽകിയത്. Shamsher Singh v. State of Punjab കേസിലെ വിധിയിൽ സുപ്രീംകോടതി ഇത് ഉദ്ധരിച്ചിട്ടുണ്ട്.

ഇതുതന്നെയാണ്  സംസ്ഥാനങ്ങളിൽ  ഗവർണർമാരും മന്ത്രിസഭകളും തമ്മിലുള്ള ബന്ധം. അപ്പോൾ മന്ത്രിസഭയുടെ ഉപദേശത്തിൽനിന്ന്‌ ഭിന്നമായി എത്രകാലവും ബില്ലുകൾ പിടിച്ചുവയ്ക്കുമെന്ന നിലപാടിന് ഭരണഘടനാ സാധുതയേയില്ല. നേരത്തേ പറഞ്ഞതുപോലെ പഴയ ഒരു വിധിയുടെ ദുർവ്യാഖ്യാനമാണ് ഈ അമിതാധികാര പ്രയോഗത്തിന്‌ ഉപയോഗിക്കുന്നത്. സുപ്രീംകോടതിയുടെ ഉയർന്ന ബഞ്ചിന്റെ പിൽക്കാല വിധി ഈ നിലപാടിനെ അസാധുവാക്കുന്നുണ്ട്. ഇക്കാര്യത്തിൽ കോടതിയിൽനിന്ന്‌ വ്യക്തത വരുത്തുന്നതിനാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നത്.  രാജവാഴ്ചയുടെ അനുകമ്പയിലും പട്ടാളഭരണത്തിലെ ചിട്ടയിലും അടിയന്തരാവസ്ഥയിലെ അച്ചടക്കത്തിലും അഭിരമിക്കുന്ന ഒരു വിഭാഗമുണ്ട്. പാർലമെന്ററി ജനാധിപത്യത്തിനു മുകളിൽ ഗവർണറെ ബിംബവൽക്കരിക്കുന്നത്  ഇക്കൂട്ടരാണ്.  

(സ്വതന്ത്ര ഗവേഷകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top