03 November Sunday

യുദ്ധങ്ങളുടെ ബാക്കിപത്രം

ഡോ. കെ ബീനUpdated: Tuesday Aug 6, 2024

ഇന്ന് ഹിരോഷിമ ദിനം. ചരിത്രത്തിലെ ഏറ്റവും അഭിശപ്തമായ ദുരിതദിനം. മൂന്ന് നാൾ കഴിഞ്ഞാൽ മനുഷ്യവിരുദ്ധതയുടെ ഇരട്ട സഹോദരൻ വരും. നാഗസാക്കി ദിനം. ചരിത്രത്തിലാദ്യമായി അണുബോംബിന്റെ ആഘാതമേറ്റത് ഹിരോഷിമയിൽ. 1945 ആഗസ്‌ത്‌ ആറ് രാവിലെ 8.15-ന്. ബോംബിന് അമേരിക്ക നൽകിയ പേര് ലിറ്റിൽ ബോയ്. നാഗസാക്കിയിൽ വീണ ബോംബിന്റെ പേര് ഫാറ്റ് മാൻ. യുദ്ധ മോഹത്തിന്റെ ക്രൗര്യം നിറയുമ്പോഴും ആ പേരുകൾ നൽകിയ അധികാരിയുടെ മനസ്സിൽ ഒരു ഫലിതം തിളങ്ങിയിരിക്കണം. മരണത്തിന്റെ നിറമുള്ള ഫലിതം.

രണ്ടാം ലോകയുദ്ധത്തിന്റെ അവസാനം  അമേരിക്ക ഇങ്ങനെയാണ് നിർണ്ണയിച്ചത്. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന,  സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമയാണ് ആദ്യഇര.  യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ബോംബിന് 12,500 ടൺ ടി എൻ ടിയുടെ പ്രഹരശേഷിയുണ്ടായിരുന്നു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേർ കൊല്ലപ്പെട്ടു. അണുവികിരണം പിന്നെയും പതിറ്റാണ്ടുകളോളം നീണ്ടുനിന്നു. ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി.

ഈ ദുർദിനത്തിൽ സഡാക്കോ സസാക്കിക്ക് രണ്ട് വയസ്സ്. അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ രക്താർബുദത്തിന് ഇടയാക്കി. ജപ്പാനിലെ പരമ്പരാഗത വിശ്വാസപ്രകാരം മരണത്തിൽ നിന്ന് രക്ഷപെടാൻ അവൾ ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിക്കാൻ തുടങ്ങി. ആശുപത്രികിടക്കയിൽ    644 കൊറ്റികൾ പൂർത്തിയായപ്പോൾ മരണം അവളെ കവർന്നെടുത്തത് ലോകത്തിന്റെ കണ്ണുനീർത്തുള്ളിയായി ഇന്നും നിലകൊള്ളുന്നു.  സഡാക്കോ കൊക്കുകൾ അങ്ങനെ ലോകസമാധാനത്തിന്റെ പ്രതീകവുമായി. യുദ്ധങ്ങളും കലാപങ്ങളും  കൂടുതൽ ബാധിക്കുന്നത് എല്ലായ്‌പ്പോഴും കുട്ടികളെയാണ്. പ്രതിവർഷം ഒരു ലക്ഷം കുട്ടികളെങ്കിലും ഇക്കാരണത്താൽ  മരിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ശാരീരികവും മാനസികവുമായുണ്ടാകുന്ന വിഷമതകൾ, മതിയായ ശുശ്രൂഷയുടെ ലഭ്യതക്കുറവ്, എന്നിവയൊക്കെ കുട്ടികളെ മരണത്തിലേക്കെടുത്തിടുന്നു.

1914 മുതൽ 1918 വരെയായിരുന്നു ഒന്നാം ലോകയുദ്ധം. അതിനൊടുവിൽ  വെഴ്സായ് ഉടമ്പടി. അതിൽ ലോക രാജ്യങ്ങളെ സാമ്രാജ്യത്വശക്തികൾ പങ്കുവച്ചെടുത്തു. രണ്ടാം ലോകയുദ്ധം 1939 ൽ തുടങ്ങി 1945 ൽ അവസാനിപ്പിച്ചു. സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ യുദ്ധംനടന്നു. നാഗസാക്കിയിൽ അതവസാനിക്കുമ്പോൾ 72 ദശലക്ഷം പേരുടെ ജീവനെടുത്തിരുന്നു. 70-ലേറെ രാജ്യങ്ങൾ അതിൽ പങ്കെടുത്തു. ഈ യുദ്ധത്തിലെ നാസികളുടെ ക്രൂരതകളെ കുറിച്ച് എഴുതപ്പെട്ട ഏറ്റവും തീക്ഷ്ണമായ ഡയറിക്കുറിപ്പുകൾ ഒരു പതിമൂന്ന് വയസ്സുകാരിയുടെതാണ്. ലോകമനസാക്ഷിയെ പിടിച്ചുലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും പ്രത്യാശാനിർഭരമാക്കുകയും ചെയ്ത ആൻഫ്രാങ്ക് എഴുതിയ കുറിപ്പുകൾ. ഒരു പതിമൂന്ന് വയസ്സുകാരി തന്റെ, വികാരങ്ങൾ, വിചാരങ്ങൾ നിരീക്ഷണങ്ങൾ, വിശ്വാസങ്ങൾ, കുടുംബാന്തരീക്ഷം സമൂഹാന്തരീക്ഷം, ജീവിതരീതി എല്ലാം തന്റെ ഏറ്റവും അടുത്ത സുഹൃത്തായ കിറ്റി എന്നു പേരിട്ട ഡയറിയിൽ എഴുതി. അത് ലോകത്തിനു മുന്നിൽ തുറന്നുകാണിച്ചത് നീറുന്ന യുദ്ധചരിത്രം തന്നെയാണ്.

യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതട സംസ്ക്കാരം പിറന്ന് വീണ ബാഗ്ദാദ് ആണ്‌. യുദ്ധക്കെടുതികൾ നേരിട്ട മറ്റൊരു നഗരം. ഒമ്പതാം നൂറ്റാണ്ടിൽ ലോകോത്തര അക്കാദമികളിൽ ഒന്നായിരുന്ന ഹൗസ് ഓഫ് വിസ്ഡം ഇറാഖിലെ പ്രമുഖ പണ്ഡിതന്മാരാൽ സമൃദ്ധമായിരുന്നു. ശാസ്ത്രം, ഗണിതം, തത്വചിന്ത തുടങ്ങി വിവിധ മേഖലകളിൽ അപാരജ്ഞാനം ഉള്ളവർ. ഇസ്ലാമിക മതപഠനത്തിന്റെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിൽ ഒന്ന് ബാഗ്ദാദ് ആയിരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ നഗരവും ബാഗ്ദാദ് ആയിരുന്നു. ലോകോത്തര ഗ്രന്ഥങ്ങളുടെ അപൂർവ്വ ശേഖരങ്ങൾ അടങ്ങിയ ലൈബ്രറി ബാഗ്ദാദിന്റെ വിജ്ഞാന മേഖലയുടെ ഉന്നതി വെളിപ്പെടുത്തുന്നതാണ്. എന്നാൽ നൂറ്റാണ്ടുകൾ എടുത്ത് കെട്ടിപ്പൊക്കിയ ഇത്തരം നാല്  ലൈബ്രറികൾ മാറിമാറി വന്ന യുദ്ധങ്ങളെ തുടർന്ന് കൊള്ളയടിക്കും കത്തിക്കലിനും ഇരയാവുകയാണുണ്ടായത്.

നൂറ്റാണ്ടുകളായി തുടരെത്തുടരെ ഉണ്ടാകുന്ന ഭരണമാറ്റങ്ങളും ആക്രമണങ്ങളും ബാഗ്ദാദിനെ ഒരു യുദ്ധഭൂമിയാക്കി മാറ്റി. ഇസ്ലാമിക കാലഘട്ടം 13 –-ാം നൂറ്റാണ്ടോടുകൂടി ബഗ്ദാദിൽ നിന്ന് പറിച്ചെറിയപ്പെട്ടു. മംഗോളിയൻ, തുർക്കിക്, ഇറാനിയൻ , ഓട്ടോമൻ അട്ടിമറികൾ ബാഗ്ദാദിന്റെ സാംസ്കാരിക - രാഷ്ട്രീയ ഭൂപടത്തെ കീഴ്‌മേൽ മറിച്ചു. പ്ലേഗ്, കോളറ തുടങ്ങിയ മഹാമാരികൾ ലോകമെങ്ങും പടർന്നു പിടിച്ചകാലത്ത് അതിന്റെ കൂടെ ആഘാതങ്ങൾ ബാഗ്ദാദിനെ ഗ്രസിക്കാതിരുന്നില്ല. ഒമ്പതാം നൂറ്റാണ്ടിൽ ഒരു ദശലക്ഷത്തിലധികം ജനസംഖ്യ ഉണ്ടായിരുന്ന നഗരത്തിൽ 1907 ലെ എൻസൈക്ലോപീഡിയ റിപ്പോർട്ട് അനുസരിച്ച് 185,000 ആളുകളാണ് ഉള്ളത്. ദീർഘകാലം നീണ്ട ഇറാൻ - ഇറാഖ് യുദ്ധം , പിന്നെ ഇറാഖിന്റെ കുവൈറ്റ് ആക്രമണം, ഒടുവിൽ അമേരിക്ക ഇറാക്കിനെ തകർത്ത് കളഞ്ഞത്. അറബിക്കഥയിലെ മോഹിപ്പിക്കുന്ന ബാഗ്ദാദ് നഗരത്തിനായും നമുക്ക് ഒരിറ്റ് കണ്ണീർ ബാക്കിവയ്ക്കാം. പ്രായപൂർത്തിയാകാത്ത കുട്ടികളെപ്പോലും യുദ്ധത്തിനുപയോഗിച്ച ക്രൂരത ഇറാൻ- ഇറാഖ് യുദ്ധത്തിന് സ്വന്തം. ഈ ദുരന്തചരിത്രം ഇന്ന്  ഗാസയിൽ തുടരുന്നു.

കാലങ്ങളായി ചോര പൊടിഞ്ഞു കൊണ്ടിരിക്കുന്ന ഒരു മുറിവ് പോലെ ലോകത്തിനു മുന്നിൽ വേദന നിറഞ്ഞ മുഖമാണ് ഗാസയുടേത്. അൽ ഷിഫആശുപത്രിക്ക് എതിർവശത്തെ സ്വന്തം വീട്ടിലിരുന്ന് ഫറാ ബേക്കർ എന്ന പെൺകുട്ടി ട്വീറ്റുകളിലൂടെ നൽകിയ സന്ദേശം  യുദ്ധ പ്രദേശത്തെ ഭീതി മുഴുവൻ ലോകത്തോട് വിളിച്ചു പറയുന്നതായിരുന്നു. ഡയറിക്കുറിപ്പുകളിലൂടെ നാസിപ്പടയെ തിരിച്ചറിഞ്ഞത് പോലെ ട്വീറ്റിലൂടെ ഗാസയിലെ യുദ്ധ ചിത്രങ്ങൾ ലോകം അറിഞ്ഞു. രണ്ടാം ലോകയുദ്ധത്തിന്റെ ഒടുവിൽ അമേരിക്കൻ താൽപ്പര്യപ്രകാരമാണ് പലസ്‌തീനിലെ തദ്ദേശവാസികളെ ഒഴിപ്പിച്ച് അവിടെ ജൂത അധിനിവേശം സാധ്യമാക്കിയത്. 1956 - 57 ലെ സൂയസ് പ്രതിസന്ധിയുടെ കാലത്താണ് ഇത് ഔപചാരികമായിത്തുടങ്ങുന്നത്. പലസ്‌തീനികളുടെ ചെറിയ പ്രതിഷേധവും സയണിസ്റ്റുകളുടെ ക്രൂരമായ അധിനിവേശതന്ത്രങ്ങളും ചേർന്ന് ഗാസയെ ലോകത്തിന്റെ കണ്ണുനീർത്തുള്ളിയാക്കുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന ഗാസയുടെ വടക്കൻ മേഖലയിൽ, പുറം ലോകവുമായുള്ള ബന്ധം ഫലത്തിൽ വിച്ഛേദിക്കപ്പെട്ടതോടെ സ്ഥിതിഗതികൾ ഭയാനകമായി. അതേസമയം, തെക്ക്, റഫയിലും പരിസരത്തും ലഭ്യമായ എല്ലാ സ്ഥലങ്ങളിലും ഒരു ദശലക്ഷത്തിലധികം ആളുകൾ തിങ്ങിനിറഞ്ഞിരിക്കുന്നു, ഇത് ജനങ്ങളുടെ ദുരവസ്ഥയെ കൂടുതൽ വഷളാക്കുന്നതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഘർഷത്തിനിരകളാകുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അനാഥത്വത്തിൽ അലമുറയിടുന്ന കുഞ്ഞുങ്ങൾ, ഉറക്കം കെടുത്തുന്ന വെടിയച്ചകളും സ്ഫോടന്ശബ്ദങ്ങളും കാരണം ഭയന്ന് വിറയ്ക്കുന്ന കുട്ടികൾ, മാതാപിതാക്കളെ നഷ്ടപ്പെട്ടവർ, വിശപ്പും ദാഹവും സഹിക്കാനാവാതെ മരണപ്പെടുന്നവർ ഇത്തരത്തിൽ കുട്ടികൾ അനുഭവിക്കുന്ന ദുരിത മുഖങ്ങൾ ഗാസയെ ശ്മശാന തുല്യമാക്കുന്നു.  അക്രമണങ്ങളിലേറ്റ പൊള്ളലുകളും, തുറന്ന മുറിവുകളും മറ്റ് ജീവന് അപകടകരമായ അവസ്ഥകളും ഉൾപ്പെടെയുള്ള ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ എത്തുന്ന കുട്ടികളുടെ റിപ്പോർട്ടുകൾക്കൊപ്പം ആയിരക്കണക്കിന് യുവജനങ്ങൾക്ക് അംഗവൈകല്യം സംഭവിക്കുകയോ, ജീവൻ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്. ഗാസ സിറ്റിയിലെ ആശുപത്രിയായ അൽഷിഫയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മരിച്ചത് ആറു കുഞ്ഞുങ്ങൾ അടക്കം 34 പേരാണ്. 2024 ഫെബ്രുവരി 2 ന്, യുനിസെഫിന്റെ പലസ്തീൻ സംസ്ഥാനത്തിനായുള്ള കമ്മ്യൂണിക്കേഷൻ മേധാവി ജോനാഥൻ ക്രിക്സ് വാർത്താസമ്മേളനം നടത്തി. അതിൽ ഗാസ മുനമ്പിലെ കുട്ടികൾ ജീവിക്കുന്ന സാഹചര്യങ്ങൾ വിവരിച്ചു.

യുദ്ധം കുട്ടികളിൽ വരുത്തുന്ന മാനസികവും ശാരീരികവുമായ ആഘാതങ്ങൾ ചെറുതല്ല. ഇവർക്ക് പുനർവിന്യാസവും മാനസിക പിന്തുണയും സാമൂഹിക പരിരക്ഷയും കൊടുക്കാൻ സമൂഹത്തിനോ അവിടങങളിലെ ഭരണ സംവിധാനത്തിനോ കഴിയുന്നുണ്ടോ? എത്രയെത്ര ഡയറിക്കുറിപ്പുകളും സഡാക്കോ കൊക്കുകളും കണ്ടാലും കേട്ടാലുമാണ് ഈ  യുദ്ധങ്ങൾക്ക് അറുതിയുണ്ടാവുക.  യുദ്ധാവസാനത്തിൽ ജയിച്ചവരോ തോറ്റവരോ ഉണ്ടാവില്ല. മാനവകുലത്തെയാകേ കുരുതി കൊടുക്കാനേ ഏത് യുദ്ധത്തിനും കഴിയൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top