17 September Tuesday

ജനാധിപത്യം മറന്ന മാക്രോൺ

വി ബി പരമേശ്വരൻUpdated: Tuesday Sep 10, 2024

ഫാസിസ്റ്റ് വർഗീയശക്തികളെ വളർത്തുന്നത് മധ്യ വലതുപക്ഷ- വലതുപക്ഷ ശക്തികളാണെന്ന ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ ശരിയാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ഫ്രാൻസിൽ ജൂണിൽ നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടി മുന്നിലെത്തിയ ന്യൂ പോപ്പുലർഫ്രണ്ടിന്റെ (എൻപിഎഫ്)  പ്രധാനമന്ത്രി സ്ഥാനാർഥി ലൂസി കാസ്റ്റെയെ ക്ഷണിക്കാതെ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ നാലാം സ്ഥാനത്തുള്ള വലതുപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പാർടിയിലെ മിഷേൽ ബാർണിയെയെ പ്രധാനമന്ത്രിയായി നിയമിച്ചിരിക്കുകയാണ്. മാക്രോണിന്റെ നവ ഉദാരവാദ ആശയങ്ങളും നാഷണൽ റാലിയുടെ തീവ്രവലതുപക്ഷ ആശയങ്ങളും ഒരുപോലെ അംഗീകരിക്കുന്ന വലതുപക്ഷനേതാവാണ് പുതിയ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട മിഷേൽ ബാർണിയെ.

ഫാസിസ്റ്റ് കക്ഷിയായ നാഷണൽ റാലി യൂറോപ്യൻ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ മുന്നിലെത്തിയപ്പോഴാണ് അവരെ തോൽപ്പിക്കാനെന്നപേരിൽ പാർലമെന്റ്‌ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താൻ മാക്രോൺ തയ്യാറായത്. എന്നാൽ, അതേ ഫാസിസ്റ്റ് കക്ഷിയുടെ പിന്തുണ നേടാനാണ് റിപ്പബ്ലിക്കൻ പാർടിയിലെ തീവ്ര വലതുപക്ഷ മുഖമായ ബാർണിയയെ മാക്രോൺ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുള്ളത്. ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചാണ്, ഏറ്റവും വലിയ സഖ്യമായ ഇടതുപക്ഷത്തെ പ്രധാനമന്ത്രി പദത്തിലേക്ക് ക്ഷണിക്കാതെ ഏറ്റവും പിന്നിലെത്തിയ കക്ഷിയെ മാക്രോൺ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. തീവ്രവലതുപക്ഷം ശക്തി പ്രാപിച്ചാലും പ്രശ്നമല്ല; ഇടതുപക്ഷം അധികാരത്തിൽ വരരുതെന്ന വലതുപക്ഷ മനസ്സാണ് മാക്രോണിനെ ഈ ജനാധിപത്യഹത്യക്ക് പ്രേരിപ്പിച്ചത്.

പാർലമെന്റ്‌ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏഴ്‌ ആഴ്ചയ്‌ക്കു ശേഷമാണ് ഫ്രാൻസിൽ പുതിയ സർക്കാർ രൂപം കൊള്ളുന്നത്. പാർലമെന്റിൽ പ്രാതിനിധ്യമുള്ള കക്ഷികളുടെ നേതാക്കളുമായി രണ്ടുവട്ടം ചർച്ച പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ചയാണ് മാക്രോൺ മിഷേൽ ബാർണിയെയെ പുതിയ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. "ഫ്രഞ്ച് ജനതയെയും രാജ്യത്തെയും സേവിക്കാൻ എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന ഒരു സർക്കാർ രൂപീകരിക്കാൻ’ ബാർണിയെയെ ക്ഷണിക്കുന്നെന്നാണ് എലീസി കൊട്ടാരം പുറത്തിറക്കിയ വിജ്ഞാപനം പറയുന്നത്. എഴുപത്തിമൂന്നുകാരനായ ബാർണിയെയായിരിക്കും ആധുനിക ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രധാനമന്ത്രി.
ആൽപ്‌സ്‌ മേഖലയിലെ സവോയ് പ്രവിശ്യയിലെ ഗ്രിനോബിൾക്കാരനായ ബാർണിയെ 22–--ാം  വയസ്സിൽ സവോയ് കൗൺസിലറും 27–--ാം വയസ്സിൽ പാർലമെന്റ്‌ അംഗവുമായ രാഷ്ട്രീയക്കാരനാണ്. റിപ്പബ്ലിക്കൻ പാർടിക്കാരായ ജാക്ക് ഷിറാസ്‌, നിക്കോള സർക്കോസി എന്നിവരുടെ കാലത്ത് വിദേശമന്ത്രി ഉൾപ്പെടെ നാലു വകുപ്പിൽ മന്ത്രിയായും ബാർണിയെ പ്രവർത്തിച്ചു. രണ്ടുവട്ടം യൂറോപ്യൻ കമീഷണറായി. യൂറോപ്യൻ യൂണിയനിൽനിന്ന്‌ ബ്രിട്ടൻ വിട്ടുപോയ ഘട്ടത്തിൽ, ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബ്രെക്സിറ്റ് ചർച്ചയിൽ യൂറോപ്യൻ യൂണിയൻ സംഘത്തെ നയിച്ചത് ബാർണിയെയായിരുന്നു. ഇതോടെയാണ് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

നവഉദാരവാദവും തീവ്രവലതുപക്ഷത്തിന്റെ കുടിയേറ്റ വിരുദ്ധതയും യൂറോപ്യനിസവും ഒരുപോലെ താലോലിക്കുന്ന രാഷ്ട്രീയക്കാരനാണ് ബാർണിയെ. 2022ൽ റിപ്പബ്ലിക്കൻ പാർടിയുടെ സ്ഥാനാർഥിയായി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ മൂന്നുമുതൽ അഞ്ചു വർഷംവരെ യൂറോപ്യൻ ഇതര രാഷ്ട്രങ്ങളിൽനിന്നുള്ള കുടിയേറ്റം പൂർണമായും തടയുമെന്ന് ബാർണിയെ പ്രഖ്യാപിച്ചിരുന്നു. ഫ്രാൻസിൽ ജോലി ചെയ്യുന്ന കുടിയേറ്റക്കാരുടെ കുടുംബാംഗങ്ങളെപ്പോലും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന്‌ ബാർണിയെ പറഞ്ഞു.  അതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലുള്ള പൊതുചെലവ് വെട്ടിക്കുറയ്‌ക്കുമെന്നും ചെലവുചുരുക്കൽ നയം പിന്തുടരുമെന്നും അന്ന് ബാർണിയെ പറയുകയുണ്ടായി. പ്രധാനമന്ത്രിയായി നിയമിതനായപ്പോൾ ഫ്രാൻസിൽ "പുതുയുഗം’ വാഗ്ദാനം ചെയ്ത ബാർണിയെ ആവർത്തിച്ചത് മേൽപ്പറഞ്ഞ നയങ്ങൾ തന്നെയാണ്. കുടിയേറ്റ നിയന്ത്രണം തന്റെ പ്രധാന അജൻഡയായിരിക്കുമെന്ന് ബാർണിയെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.  സ്വവർഗവിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങളിലും തീവ്ര വലതുപക്ഷത്ത് നിലയുറപ്പിക്കുന്ന രാഷ്ട്രീയക്കാരനാണ് ബാർണിയെ.
ബാർണിയെയെ  പ്രധാനമന്ത്രിയായി മാക്രോൺ തെരഞ്ഞെടുക്കാനുള്ള കാരണം പ്രത്യയശാസ്ത്രപരമായ യോജിപ്പാണെന്നതിൽ സംശയമില്ല. താൻ കൊണ്ടുവന്ന പെൻഷൻ പരിഷ്കരണവും കുടിയേറ്റനിയന്ത്രണ നിയമവും സംരക്ഷിക്കുക മാക്രോണിന്റെ പ്രധാന അജൻഡയാണ്. പെൻഷൻപ്രായം 62ൽ നിന്ന്‌ 64 ആയി ഉയർത്തിയ മാക്രോണിന്റെ പരിഷ്കാരത്തിനെതിരെ വൻ പ്രക്ഷോഭംതന്നെ ഉയർന്നിരുന്നു. ഭരണഘടന നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ പരിഷ്കാരം മാക്രോൺ പാസാക്കിയത്.  പെൻഷൻ പ്രായം ഒരു വർഷംകൂടി കൂട്ടി 65 ആക്കണമെന്ന പക്ഷക്കാരനാണ് ബാർണിയെ. എന്നാൽ, അധികാരത്തിൽ വന്നാൽ ഈ പെൻഷൻ പരിഷ്കരണം പൂർണമായും ഉപേക്ഷിക്കുമെന്ന് എൻപിഎഫ് വ്യക്തമാക്കിയിരുന്നു. അതോടൊപ്പം കുടിയേറ്റ നിയന്ത്രണത്തിൽ ഇളവുവരുത്തുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഇതിനാലാണ് ഇടതു പ്രധാനമന്ത്രിമാരെ നിയമിക്കാൻ മാക്രോൺ മടിച്ചത്. എൻപിഎഫിലെ ഏറ്റവും വലിയ കക്ഷിയായ ഫ്രാൻസ് ഇൻ സൗമിസ് നേതാവ് മെലൻഷോൺ തീവ്ര ഇടതുപക്ഷക്കാരനാണെന്നും അതിനാൽ പ്രധാനമന്ത്രിയായി നിയമിക്കാനാകില്ലെന്നും മാക്രോൺ വ്യക്തമാക്കിയപ്പോഴാണ് നവഉദാരവാദ പരിഷ്കാരങ്ങളെ എതിർക്കുന്ന ലൂസി കാസ്റ്റെ എന്ന മുപ്പത്തേഴുകാരിയുടെ പേര് എൻപിഎഫ് മുന്നോട്ടുവച്ചത്. എന്നാൽ, അവരെയും നിയമിക്കാൻ മാക്രോൺ തയ്യാറായില്ല.

ജനവിധിയെ മാക്രോൺ മോഷ്ടിച്ചതായി മെലൻഷോൺ പ്രതികരിച്ചു. ബാർണിയെക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. ജനവിധി കവർന്നെടുത്ത നടപടിക്കെതിരെ ഫ്രാൻസിലെങ്ങും പ്രതിഷേധം ഉയർന്നു. "മാറ്റത്തിന് വോട്ട് ചെയ്ത ഫ്രഞ്ച് ജനതയുടെ മുഖത്തേറ്റ പ്രഹരമാണ്' ബാർണിയെയെ പ്രധാനമന്ത്രിയായി നിയമിച്ച മാക്രോണിന്റെ നടപടിയെന്ന് ഇടതുപക്ഷ സഖ്യത്തിലെ അംഗമായ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി ഫാബിയൻ റുസ്സൽ അറിയിച്ചു. ഫ്രഞ്ച് ജനതയ്‌ക്ക് ജനാധിപത്യമാണ് നിഷേധിക്കപ്പെട്ടതെന്ന് സോഷ്യലിസ്റ്റ് പാർടി നേതാവ് ഒലിവർ ഫോറെയും അഭിപ്രായപ്പെട്ടു. നാഷണൽ റാലി നേതാവ് മരീൻ ലെ പെന്നിന്റെ അംഗീകാരത്തോടെയാണ് ബാർണിയെയെ പ്രധാനമന്ത്രിയാക്കിയെന്നാണ് ഇടതുപക്ഷ സഖ്യത്തിന്റെ ആരോപണം.  ബാർണിയെയെ ഉടൻ പുറത്താക്കില്ലെന്ന നാഷണൽ റാലിയുടെ ഉറപ്പിന്മേലാണ് മാക്രോൺ അദ്ദേഹത്തെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചതെന്ന സൂചനയും ഈ പത്രം നൽകി.
നേരത്തേ ബാർണിയെയെ നാഷണൽ റാലി നേതാക്കൾ രൂക്ഷമായി വിമർശിച്ചിരുന്നെങ്കിലും ഇപ്പോൾ അവർ ശബ്ദം മയപ്പെടുത്തിയിട്ടുണ്ട്. ബാർണിയെയെ ജുറാസിക് പാർക്കിലെ ഫോസിലിനോട് ഉപമിച്ച നാഷണൽ റാലി, അഭിപ്രായങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്ന അവസരവാദിയാണ് അദ്ദേഹമെന്നും കുറ്റപ്പെടുത്തി. ബാർണിയെയെ ‘ഫ്രഞ്ച് ജോ ബൈഡനെന്നാ’ണ് മറ്റൊരു നാഷണൽ റാലി എംപി വിശേഷിപ്പിച്ചത്. എന്നാൽ, ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന പക്ഷം സഭയിൽനിന്നു വിട്ടുനിന്നായാലും ബാർണിയെയെ രക്ഷിക്കുന്നുള്ള നീക്കം ഫാസിസ്റ്റ് കക്ഷി നടത്തുമെന്നാണ് മരീൻ ലെ പെൻതന്നെ നൽകുന്ന സൂചന. "ഞങ്ങൾ ചില നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. നാഷണൽ റാലി വോട്ടർമാരുടെ വികാരം മാനിക്കണമെന്നതാണ് അതിലൊന്ന്. ബാർണിയെ അത് ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’. ബാർണിയെയുടെ പ്രധാനമന്ത്രി സ്ഥാനത്തെ പിന്തുണയ്‌ക്കുന്നെന്ന് വ്യക്തമാക്കുന്നതാണ് മരീൻ ലെ പെന്നിന്റെ ഈ വാക്കുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top