22 December Sunday

മോദിയറിയണം ജനാധിപത്യക്കരുത്ത്‌

എം വി ഗോവിന്ദൻUpdated: Thursday Aug 29, 2024

പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും പ്രതീക്ഷകൾ തകർത്തെറിയുന്നതായിരുന്നു 18–-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. എന്നിട്ടും ഫലം വന്ന ഏതാനും മണിക്കൂറിനകം മോദി നടത്തിയ പ്രസ്താവന "എൻഡിഎയ്‌ക്ക് ചരിത്രപരമായ മൂന്നാം ഊഴം’ എന്നായിരുന്നു. 2019 ൽ ബിജെപിക്ക് തനിച്ച് 303 സീറ്റുണ്ടായിരുന്നിടത്ത് 63 സീറ്റ് കുറഞ്ഞ് 240 സീറ്റിൽ എത്തിയെങ്കിലും മുമ്പെന്നപോലെ സർക്കാരിന് ഭൂരിപക്ഷം ഉണ്ടെന്ന വ്യാജ സന്ദേശം നൽകാനാണ് പ്രധാനമന്ത്രി തയ്യാറായത്. "പ്രതിപക്ഷത്തിന് എല്ലാംകൂടി ബിജെപി തനിച്ച് നേടിയ സീറ്റിന് ഒപ്പമെത്താനായില്ല’ എന്നുകൂടി  പറഞ്ഞപ്പോൾ ജനങ്ങളുടെ വിധിയെഴുത്ത് ഉൾക്കൊള്ളാൻ തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് മോദി നൽകിയത്. 2014ലെയും 2019ലെയും എന്നപോലെ തന്നെയായിരിക്കും തന്റെ നേതൃത്വത്തിലുള്ള മൂന്നാമത്തെ കൂട്ടുകക്ഷി സർക്കാരും പ്രവർത്തിക്കുക എന്ന പ്രതീതിനിർമാണമാണ്‌ മോദി ആദ്യദിവസങ്ങളിൽ നടത്തിയത്. പ്രോടേം സ്പീക്കറായി  ഭർതൃഹരി മെഹ്താബിനെ നിശ്ചയിച്ചതും സ്പീക്കറായി ഓം ബിർളയെ തന്നെ രണ്ടാമതും നിയോഗിച്ചതും ആഭ്യന്തര, പ്രതിരോധ, ധന, വിദേശ മന്ത്രിമാരായി മുൻമന്ത്രിസഭയിലെ അംഗങ്ങളെത്തന്നെ നിയമിച്ചതും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്  രണ്ടാമൂഴം നൽകിയതും  ഉള്ളടക്കത്തിലും രൂപത്തിലും ഒന്നും രണ്ടും മോദി സർക്കാരിന്റെ തുടർച്ച തന്നെയായിരിക്കും എന്ന്‌ വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു.


എന്നാൽ സർക്കാർ രൂപംകൊണ്ട് നൂറു ദിവസം പിന്നിടുന്നതിന് മുമ്പുതന്നെ തനിച്ച് ഭൂരിപക്ഷമുള്ള ഒന്നും രണ്ടും മോദി സർക്കാരും കൂട്ടുകക്ഷി നേതൃത്വത്തിലുള്ള മൂന്നാം മോദി സർക്കാരും രൂപത്തിലും ഭാവത്തിലും വ്യത്യസ്തമാണെന്ന് അതിന് നേതൃത്വം നൽകിയവർക്ക് തന്നെ അംഗീകരിക്കേണ്ടി വന്നു. ബിജെപിക്ക് സ്വന്തം ഭൂരിപക്ഷമില്ലാത്തതിനാൽ ടിഡിപി, ജെഡിയു എന്നിവർ നൽകിയ നിർണായക പിന്തുണയാലാണ് ഭരണം മുന്നോട്ടുപോകുന്നത്. മറ്റൊരു കൂട്ടുകക്ഷി സർക്കാരിനും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ശക്തമായ പ്രതിപക്ഷത്തെയാണ് ഇക്കുറി മോദിക്ക് നേരിടേണ്ടി വരുന്നത്. ശക്തമായ പ്രതിപക്ഷത്തിന് അനുകൂലമായാണ് ജനങ്ങൾ വിധിയെഴുതിയത്. തനിച്ച് ഭൂരിപക്ഷമുണ്ടായിരുന്ന പത്ത് വർഷവും മോദിയും അമിത് ഷായും എടുത്ത തീരുമാനങ്ങൾ അതേപടി നടപ്പിലാക്കുകയായിരുന്നു. ജമ്മു -കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370–-ാം വകുപ്പ് എടുത്തുകളയുക മാത്രമല്ല  രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. മുത്തലാഖ് ബിൽ പാസാക്കി.  തൊഴിലാളികൾ വർഷങ്ങൾ നീണ്ട സമരത്തിലൂടെ നേടിയ പല അവകാശങ്ങളും ജലരേഖയാക്കി മാറ്റുന്ന നാലു കോഡുകൾ പാസാക്കി. കാർഷിക മേഖലയെ കോർപറേറ്റുവൽക്കരിക്കുന്ന മൂന്നു ബില്ലും ചർച്ച കൂടാതെ പാസാക്കിയെങ്കിലും ഒരു വർഷത്തിലധികം നീണ്ട കർഷക സമരത്തിനൊടുവിൽ പിൻവലിക്കേണ്ടി വന്നു. മൂന്നാം മോദി സർക്കാരിന് തനിച്ച് ഭൂരിപക്ഷം നഷ്ടപ്പെട്ടതിലുള്ള പ്രധാനകാരണം കർഷകരുടെ രോഷമാണ്.
ഏതായാലും മൂന്നാം മോദി സർക്കാരിന് ഒന്നിനുപിറകെ മറ്റൊന്നായി എടുത്ത തീരുമാനങ്ങൾ മാറ്റി വയ്‌ക്കേണ്ടി വരികയാണ്.  മൂന്ന് സുപ്രധാന തീരുമാനങ്ങളിൽനിന്ന് പിന്നോട്ട് പോകേണ്ടി വന്നു. ലാറ്ററൽ എൻട്രി വഴി 45 പേരെഎടുക്കാനുള്ള തീരുമാനം മൂന്നു ദിവസത്തിനകം ഉപേക്ഷിച്ചു. വഖഫ് ഭേദഗതി നിയമം എളുപ്പം പാസാക്കാനുള്ള നീക്കം ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ പരാജയപ്പെട്ടു. ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ടുകൊടുക്കേണ്ടി വരികയും ചെയ്തു. യുട്യൂബ് വാർത്താ ചാനലുകളെയും അവതാരകരെയും ലക്ഷ്യമിട്ടുള്ള ബ്രോഡ്കാസ്റ്റിങ് സർവീസസ് (റഗുലേഷൻ) ബിൽ പാസാക്കുന്നത് നീട്ടിവയ്‌ക്കേണ്ടിയും വന്നു.

ആഗസ്ത് 17നാണ് പ്രമുഖ പത്രങ്ങളിൽ ലാറ്ററൽ എൻട്രി സംബന്ധിച്ച പരസ്യം പ്രത്യക്ഷപ്പെട്ടത്. 24 മന്ത്രാലയങ്ങളിലെ 45 തസ്തികകളിലേക്കാണ്  നേരിട്ട് റിക്രൂട്ട്മെന്റ്‌ നടത്തുന്നതെന്നായിരുന്നു പരസ്യം. ജോയിന്റ്‌ സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി പോസ്റ്റുകളിലേക്കാണ് നിയമനം. വ്യത്യസ്തമേഖലകളിൽ കഴിവുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തുക  എന്ന ലക്ഷ്യമാണ് ലാറ്ററൽ എൻട്രിക്ക് പിറകിലുള്ളത് എന്നാണ് വിശദീകരണം. അങ്ങനെയെങ്കിൽ അവരെ ഉപദേശകരോ മറ്റോ ആയി നിയമിച്ചാൽ പോരേ എന്ന ചോദ്യമാണ് ഉയർന്നത്. അതിന് തയ്യാറാകാതെ നേരിട്ട് നിയമനം നടത്തുന്നത് സംവരണം ഇല്ലാതാക്കാനാണ് എന്ന ആഖ്യാനമാണ് പ്രതിപക്ഷം പ്രധാനമായും  ഉയർത്തിയത്. പ്രൊമോഷൻവഴി  ഈ പദവികളിൽ എത്താനുള്ള സാധ്യത കുറയുന്നതോടൊപ്പം അവിടെയും സംവരണ സാധ്യതയാണ് ഇല്ലാതാകുന്നത്. ആർഎസ്എസും ബിജെപിയും സംവരണത്തിന് പ്രത്യയശാസ്ത്രപരമായി  എതിരാണ്. അത് നടപ്പാക്കാനുള്ള ബൃഹത്‌ പദ്ധതിയുടെ ഭാഗമാണ് ഈ നിയമനവും.
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് 58 വർഷമായി തുടരുന്ന വിലക്ക് എടുത്തുകളഞ്ഞതിന് തൊട്ടുപിറകെയാണ് ലാറ്ററൽ എൻട്രി നിയമനത്തിനുള്ള പരസ്യം വന്നത്. അതായത് ലാറ്ററൽ എൻട്രി വഴി രണ്ട് വിഭാഗക്കാരാണ് പ്രധാനമായും നിയമിക്കപ്പെടുക. ഒന്ന് ആർഎസ്എസുകാരും രണ്ടാമതായി കോർപറേറ്റ് പ്രതിനിധികളും. ബ്യൂറോക്രസിയെ കാവിവൽക്കരിക്കുന്നതോടൊപ്പം കോർപറേറ്റ് വൽക്കരിക്കുകയും  ലക്ഷ്യമാണെന്നർഥം. സിവിൽ സർവീസ് പരീക്ഷാർഥികളുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തുന്നതാണ് ഈ നിയമന നീക്കം. സ്വാഭാവികമായും വൻ പ്രതിഷേധം ഉയർന്നു. എൻഡിഎ സഖ്യകക്ഷികളായ ജെഡിയുവും എൽജെപിയും പ്രതിഷേധിച്ചു. മറ്റു മാർഗങ്ങളില്ലാത്ത മൂന്നാം ദിവസം നിയമനനീക്കം ഉപേക്ഷിക്കാൻ മോദി സർക്കാർ നിർബന്ധിതമായി.

ഖഖഫ് ബോർഡ് വിഷയത്തിലും സർക്കാരിന് നാണംകെട്ട് പിൻവാങ്ങേണ്ടി വന്നു. വഖഫ് സ്വത്തിൽ കൈകടത്താനും അതുവഴി വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമാണ് വഖഫ് നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ചത്. മുസ്ലിങ്ങളല്ലാത്തവരെ കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും അംഗമാക്കിയും അംഗമാകുന്ന ജനപ്രതിനിധികളും മറ്റും മുസ്ലിം സമുദായത്തിൽ നിന്നായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് എന്ന് മുദ്രാവാക്യം ഉയർത്തുന്നവരാണ് വഖഫ് ബോർഡുകളിൽ മുസ്ലിങ്ങളല്ലാത്തവരെ കുത്തിനിറയ്‌ക്കാൻ ശ്രമിക്കുന്നത്. അതായത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണ് പുതിയ ഭേദഗതി നിയമത്തിലൂടെ ബിജെപി ലക്ഷ്യമാക്കുന്നത്.
40 –-ാം വകുപ്പ് റദ്ദാക്കുന്നതിലൂടെ ഒരു വസ്തു വഖഫ് സ്വത്താണോ എന്ന് തീരുമാനിക്കാനുള്ള അധികാരംപോലും വഖഫ് ബോർഡിൽനിന്നും എടുത്തുകളഞ്ഞിരിക്കുകയാണ്. ഏത് കോണിലൂടെ നോക്കിയാലും വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനല്ല മറിച്ച് അതിൽ കൈകടത്താനുള്ള പഴുതുകളാണ് പുതിയ ഭേദഗതി നിയമത്തിലൂടെ ഇവർ തിരയുന്നത്. സ്വാഭാവികമായും ബിൽ അവതരിപ്പിച്ച വേളയിൽത്തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ബിജെപിയുടെ സഖ്യകക്ഷികളായ ടിഡിപിയും എൽജെപിയും ബില്ലിനെ പിന്തുണയ്‌ക്കാനാകില്ലെന്ന സന്ദേശം കൈമാറി. ബിൽ പാസാക്കുക വിഷമമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ജെപിസിക്ക് വിട്ടത്.

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ ചാർ സൗ പാർ എന്ന ലക്ഷ്യം തകർത്തതിൽ പ്രധാന പങ്കുവഹിച്ചത് ചില യുട്യൂബ് വാർത്താ ചാനലുകളും ചില യുട്യൂബർമാരുമാണ്.  ധ്രുവ്റാട്ടിയും രവീഷ് കുമാറും ഉൾപ്പെടുന്ന,  കോടിക്കണക്കിന് ജനങ്ങൾ പിന്തുടരുന്ന ഈ  മാധ്യമസംഘമാണ് മോദി ഭരണത്തിന്റെ അരുതായ്മകൾ ജനങ്ങളിലെത്തിച്ചത്. ഇവരെ നിയന്ത്രിക്കാനായാണ് കഴിഞ്ഞ നവംബറിൽ തന്നെ ബ്രോഡ്‌കാസ്റ്റിങ് സർവീസസ് ( റഗുലേഷൻ) ബിൽ കൊണ്ടുവന്നതും കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കാൻ ശ്രമിച്ചതും. പ്രതിപക്ഷവും പൗരസമൂഹവും വൻപ്രതിഷേധം ഉയർത്തിയതോടെ സർക്കാരിന്‌ പിൻവാങ്ങേണ്ടി വന്നു. ഒക്ടോബർ 15 വരെ ബില്ലിനെ സംബന്ധിച്ച് പ്രതികരണങ്ങൾ സമർപ്പിക്കാമെന്നും അവകൂടി പരിഗണിച്ച് സമഗ്ര നിയമനിർമാണം നടത്തുമെന്നുമാണ് വാർത്താ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചിട്ടുള്ളത്.
ഏറ്റവും അവസാനമായി പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്ന ജാതി സെൻസസ് നടത്താൻ മോദി സർക്കാർ ഒരുങ്ങുന്നുവെന്നാണ് ആഗസ്ത് 22 ന് "ദ ഹിന്ദു " ദിനപത്രം റിപ്പോർട്ട് ചെയ്തത്. കോവിഡിന്റെ കാരണം പറഞ്ഞ് 2021ലെ സെൻസസ് നടത്തുന്നതിൽനിന്നും പിന്നോട്ടുപോയ സർക്കാരിനെതിരെ വൻ വിമർശമാണ് പ്രതിപക്ഷം ഉയർത്തിയത്. വസ്തുതകളെയും കണക്കുകളെയും ഭയപ്പെടുന്ന സർക്കാരാണിതെന്ന ആക്ഷേപമാണ് പൊതുവെ ഉയർന്നത്. സാമൂഹ്യനീതി ഉറപ്പുവരുത്താൻ ജാതി സെൻസസ് നടത്തണമെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു. ഈ രണ്ട് ആവശ്യത്തോടും മുഖം തിരിഞ്ഞുനിന്ന സർക്കാർ ഇപ്പോൾ അതിനും തയ്യാറായേക്കുമെന്നാണ് പത്രവാർത്ത.

കൂട്ടുകക്ഷി സർക്കാരിനാണ് താൻ നേതൃത്വം നൽകുന്നതെന്നും തീരുമാനങ്ങൾ കഴിഞ്ഞ 10 വർഷമെന്നപോലെ ഏകപക്ഷീയമായി എടുക്കാനാകില്ലെന്നും മോദിക്ക് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് മോദിക്കും സംഘപരിവാറിനും പതുക്കെയാണെങ്കിലും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top