18 December Wednesday

യന്ത്രമനുഷ്യന്റെ കാലത്തെ മാർക്‌സിസം

കെ എസ് രഞ്ജിത്ത്Updated: Saturday Nov 9, 2024

ഡിയേഗോ റിവേറയുടെ മ്യൂറൽ പെയിന്റിങ്‌ - കടപ്പാട്‌: Rivera Court, Detroit Institute of Art

 

മനുഷ്യന്റെ കായികശേഷിയെ യന്ത്രങ്ങൾ പകരംവയ്‌ക്കുന്ന, വ്യാവസായിക വിപ്ലവത്തിന്റെ ആദ്യഘട്ടത്തിലെ അനുഭവങ്ങളെ ആസ്‌പദമാക്കി മാർക്‌സ്‌ രൂപകൽപ്പന ചെയ്‌ത ചിന്തകൾക്ക്, നാലാം വ്യാവസായിക വിപ്ലവം എന്ന് വിളിക്കപ്പെടുന്ന ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്തെ പ്രസക്തിയെന്ത്? തൊഴിലാളിയുടെ മേൽ മൂലധനം നടത്തുന്ന ചൂഷണത്തെയും മുതലാളിത്ത ഉൽപ്പാദനക്രമം സ്വാഭാവികമായും ചെന്നകപ്പെടുന്ന പ്രതിസന്ധികളെയും സംബന്ധിച്ച് മാർക്‌സ്‌ നടത്തിയ നിരീക്ഷണങ്ങൾ സൂക്ഷ്മതലത്തിൽ വർത്തമാനകാലത്ത് എങ്ങനെ വായിക്കപ്പെടുന്നു?


അധ്വാനിക്കുന്ന തൊഴിലാളികളും അവൻ/ൾ ഉൽപ്പാദിപ്പിക്കുന്ന ചരക്കുകളുമാണ് മാർക്‌സിയൻ ചിന്തയുടെ കേന്ദ്രബിന്ദു. ഈ മാർക്‌സിയൻ ontology സാമ്പത്തികശാസ്‌ത്ര ചിന്തയുടെ ചരിത്രത്തിലെ തന്നെ വിപ്ലവകരമായ, തീർത്തും വിഭിന്നമായ ഒന്നായിരുന്നു.

അൽത്തൂസർ

അൽത്തൂസർ

അർത്ഥശാസ്‌ത്രത്തിൽ മാർക്‌സ്‌ പുതിയൊരു ഭൂഖണ്ഡത്തെയാണ്  കണ്ടെത്തിയത് എന്നാണ് മൂലധനത്തെ സംബന്ധിച്ച തന്റെ പഠനത്തിൽ ഇത് സംബന്ധിച്ച് ലൂയി അൽത്തൂസർ നടത്തിയ നിരീക്ഷണം. നാളിതുവരെയുള്ള അർഥശാസ്‌ത്ര ചരിത്രത്തിൽ ദൃശ്യമല്ലാത്ത പല യാഥാർഥ്യങ്ങളും വസ്‌തുതകളും ഈ പുതിയ ചക്രവാളത്തിൽ പൊന്തി വന്നുവെന്നും അൽത്തൂസർ നിരീക്ഷിക്കുന്നു.

സാമൂഹിക ബന്ധങ്ങളെയും ചരക്കുൽപ്പാദനമെന്ന അമൂർത്തമായ (abstract)  പരികൽപ്പനകളെയും മാർക്‌സ്‌ തന്റെ വിശകലനോപാധിയാക്കിയപ്പോൾ, മാർക്‌സിന്റെ സമകാലീനനായിരുന്ന ജോൺ സ്റ്റുവർട്ട് മില്ലിനെപ്പോലുള്ളവർ വ്യക്തികളെയും അവരുടെ ഇടപെടലുകളെയുമാണ് തങ്ങളുടെ അർഥശാസ്‌ത്ര വിശകലനത്തിൽ കണ്ടതും ഉപയോഗിച്ചതും.

അത്രയ്‌ക്ക്‌ വിഭിന്നമായിരുന്നു മാർക്‌സിന്റെ സമകാലികരും പൂർവികരുമായിരുന്ന അർഥശാസ്‌ത്ര പണ്ഡിതന്മാരുടെ ചിന്തകളും മാർക്‌സിന്റെ കാഴ്‌ചകളും തമ്മിൽ. മനുഷ്യന്റെ കായികശേഷിയെ യന്ത്രങ്ങൾ പകരം വയ്‌ക്കുന്ന, വ്യാവസായിക വിപ്ലവത്തിന്റെ ആദ്യഘട്ടത്തിലെ അനുഭവങ്ങളെ ആസ്‌പദമാക്കി മാർക്‌സ്‌ രൂപകൽപ്പന ചെയ്‌ത ചിന്തകൾക്ക്, നാലാം വ്യാവസായിക വിപ്ലവം എന്ന് വിളിക്കപ്പെടുന്ന ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്തെ പ്രസക്തിയെന്ത്?

തൊഴിലാളിയുടെ മേൽ മൂലധനം നടത്തുന്ന ചൂഷണത്തെയും മുതലാളിത്ത ഉൽപ്പാദനക്രമം സ്വാഭാവികമായും ചെന്നകപ്പെടുന്ന പ്രതിസന്ധികളെയും സംബന്ധിച്ച് മാർക്‌സ്‌ നടത്തിയ നിരീക്ഷണങ്ങൾ സൂക്ഷ്മതലത്തിൽ വർത്തമാനകാലത്ത് എങ്ങനെ വായിക്കപ്പെടുന്നു? ഇത് സംബന്ധിച്ച ചില ആലോചനകളാണ് ഇവിടെ നടത്തുന്നത്.


യന്ത്രങ്ങളെക്കുറിച്ച് മാർക്‌സ്‌


“ഇന്നോളം കണ്ടുപിടിക്കപ്പെട്ട യന്ത്രങ്ങളേതെങ്കിലും മനുഷ്യന്റെ അധ്വാനഭാരം ലഘൂകരിച്ചിട്ടുണ്ടോ എന്ന കാര്യം സംശയാസ്‌പദമാണ് ’’. Principles of political economy  എന്ന വിഖ്യാത അർത്ഥശാസ്‌ത്ര ഗ്രന്ഥത്തിൽ ജോൺ സ്റ്റുവർട്ട് മിൽ

ജോൺ  സ്‌റ്റുവർട്ട്‌ മിൽ

ജോൺ സ്‌റ്റുവർട്ട്‌ മിൽ

യന്ത്രത്തെക്കുറിച്ച് നടത്തുന്ന ഈ പരാമർശത്തോടെയാണ് മൂലധനത്തിലെ പതിനഞ്ചാം അധ്യായമായ ‘യന്ത്രങ്ങളും ആധുനിക വ്യവസായവും’  മാർക്‌സ്‌ ആരംഭിക്കുന്നത്.

മൂലധനത്തിന്റെ ഒന്നാം വോള്യത്തിലെ ഏറ്റവും ദീർഘമായ അധ്യായമാണിത്. എന്തുകൊണ്ടാവും തന്റെ ഏറ്റവും സുപ്രധാനമായ അർത്ഥശാസ്‌ത്ര ഗ്രന്ഥത്തിൽ യന്ത്രങ്ങളെക്കുറിച്ച് മാർക്‌സ്‌ ഇത്ര സുദീർഘമായി ഉപന്യസിച്ചിട്ടുണ്ടാവുക.

യന്ത്രങ്ങളെ ആഴത്തിൽ നിർവചിക്കാൻ ശ്രമിക്കുക, യന്ത്രങ്ങളുടെ ചരിത്രപരമായ വികാസത്തെ അവതരിപ്പിക്കുക, ഒരു ചരക്കിന്റെ മൂല്യം യന്ത്രങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുക, പരമ്പരാഗത തൊഴിൽ സേനയിലേക്ക് പുതിയ വിഭാഗങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ യന്ത്രങ്ങൾ ഇടയാക്കിയതെങ്ങനെ, തൊഴിൽ ദിവസത്തിന്റെ ദീർഘീകരണത്തിനും അധ്വാനത്തിന്റെ തീവ്രീകരണത്തിനും അതിടയാക്കിയതെങ്ങനെ എന്ന് സമർഥിക്കുക, പുതിയ രീതിയിലുള്ള തൊഴിൽ സംഘാടനങ്ങൾക്ക് അതെങ്ങനെ വഴിതെളിച്ചു എന്ന് വിശദീകരിക്കുക എന്നിങ്ങനെ യന്ത്രങ്ങളെക്കുറിച്ച് മാർക്‌സ്‌ സുദീർഘമായി പറഞ്ഞുപോകുന്നുണ്ട് ഈ അധ്യായത്തിൽ.

ഒന്നര നൂറ്റാണ്ടിനു മുമ്പ്‌ എഴുതപ്പെട്ട ഈ പ്രബന്ധങ്ങൾക്ക്, അതും കായികാധ്വാനത്തെ കേന്ദ്രീകരിച്ചും വൻകിട നിർമാണശാലകൾ

കേന്ദ്രീകരിച്ചും ഉൽപ്പാദനപ്രവർത്തനങ്ങൾ നടത്തപ്പെട്ടിരുന്ന ഒരു കാലത്തെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, ഡിജിറ്റൽ സാങ്കേതികവിദ്യകളെ ആസ്‌പദമാക്കിയ സേവനമേഖലയുടെയും നിർമിതബുദ്ധിയുടെയും ഈ കാലത്ത് എന്താണ് പ്രസക്തി എന്ന ചോദ്യം സ്വാഭാവികമാണ്.

ആധുനിക വ്യവസായം അധ്വാനോപകരണങ്ങളെ കേന്ദ്രീകരിച്ചാണ് നിലനിൽക്കുന്നത്. ലഘു കരുക്കളിൽനിന്ന്  (Tools) യന്ത്രങ്ങൾ രൂപപ്പെട്ടതെങ്ങനെ, അല്ലെങ്കിൽ കൈത്തൊഴിൽ പണിക്കോപ്പുകൾക്കും യന്ത്രങ്ങൾക്കും തമ്മിലുള്ള വ്യത്യാസമെന്ത് എന്നാണ് മാർക്‌സ്‌ ആദ്യം അന്വേഷിക്കുന്നത്. യന്ത്രത്തിനും കരുവിനും തമ്മിൽ കാതലായ വ്യത്യാസമൊന്നുമില്ല എന്ന ചരിത്രേതരമായ പണ്ഡിതലോകത്തിന്റെ അഭിപ്രായങ്ങളോട് മാർക്‌സ്‌ വിയോജിക്കുന്നു.

കാൾ മാർക്‌സ്‌

കാൾ മാർക്‌സ്‌

കരുവിനെ പ്രവർത്തിപ്പിക്കുന്ന ശക്തി മനുഷ്യനാണ്; യന്ത്രങ്ങളുടെ കാര്യത്തിലാകട്ടെ മനുഷ്യനല്ല, മൃഗമോ (കുതിര, കാള തുടങ്ങിയ) ജലമോ കാറ്റോ ഒക്കെയാണ്. 1735ൽ ജോൺ വ്യാറ്റ് തന്റെ നൂൽനൂൽപ്പ് യന്ത്രം കണ്ടുപിടിക്കുകയും പതിനെട്ടാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന് അത് അടിത്തറയിടുകയും ചെയ്‌തപ്പോൾ തന്റെ യന്ത്രം മനുഷ്യനെക്കൊണ്ടല്ലാതെ കഴുതയെക്കൊണ്ട് പ്രവർത്തിപ്പിക്കാനാവുമെന്ന് അദ്ദേഹം സൂചിപ്പിക്കുകപോലും ചെയ്‌തില്ല.

എങ്കിലും കഴുതയ്‌ക്കാണ് ആ ജോലി ചെയ്യേണ്ടിവന്നതെന്ന് മാർക്‌സ്‌ ഹാസ്യരൂപേണ പറയുന്നുണ്ട്. ‘വിരലുകൾ ഉപയോഗിക്കാതെ നൂൽനൂൽക്കാവുന്ന യന്ത്രം’ എന്നാണ് അതിനെ അദ്ദേഹം വിവരിച്ചത്. യന്ത്രത്തിന്റെ അനാട്ടമിയാണ് മാർക്‌സ്‌ പിന്നീട് വിവരിക്കുന്നത്.

സമ്പൂർണ വികസിതമായ യന്ത്രസംവിധാനത്തിൽ മൂന്ന് വ്യത്യസ്‌ത ഘടകങ്ങളുണ്ടായിരിക്കും. ചാലക ഘടകം (the motor mechanism), പ്രേഷക ഘടകം(the transmitting mechanism), പ്രവർത്തന ഘടകം (the tool).

ആവിയന്ത്രത്തിന്റെയോ  വൈദ്യുതിയുടെയോ മറ്റേതെങ്കിലും പ്രകൃതിശക്തിയുടെ സഹായത്താലോ  ചാലകഘടകം യന്ത്രത്തെയാകെ ചലിപ്പിക്കുന്നു. പൽചക്രങ്ങളുടെയും ഗിയറിന്റെയും ഫ്ളൈ വീലിന്റെയുമൊക്കെ സഹായത്താൽ പ്രേഷകഘടകം ചലനത്തെ നിയന്ത്രിക്കുന്നു. ഈ രണ്ടു ഘടകങ്ങൾ പ്രവർത്തകഘടകത്തെ ചലിപ്പിക്കുന്നു, അധ്വാനവിധേയമായ വസ്‌തുവിനെ രൂപാന്തരപ്പെടുത്തുന്നു.

പ്രവർത്തക ഘടകത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മാറ്റമാണ് വ്യവസായ വിപ്ലവം കൊണ്ടുവന്നത്. കൈത്തൊഴിലുകൾ വ്യവസായമായി മാറുന്ന പ്രക്രിയയ്‌ക്ക്‌ തുടക്കം കുറിക്കുന്നത് പ്രവർത്തക ഘടകമാണ്. പ്രവർത്തക ഘടകത്തിൽ നമുക്ക് കാണാൻ കഴിയുന്നത് കൈത്തൊഴിലുകാരൻ നേരത്തെ ഉപയോഗിച്ച അതേ പണിക്കോപ്പുകളും ഉപകരണങ്ങളുമാണ്. മനുഷ്യന്റെ പണിയായുധങ്ങളെന്ന നിലവിട്ട് അവ യന്ത്രത്തിന്റെ പണിയായുധങ്ങളായി എന്നു മാത്രം.

വ്യവസായത്തൊഴിലാളി        ഫോട്ടോ: ലെവിസ്‌ ഹെയ്‌ൻ

വ്യവസായത്തൊഴിലാളി ഫോട്ടോ: ലെവിസ്‌ ഹെയ്‌ൻ

നൂൽപ്പു യന്ത്രത്തിലെ സ്‌പിൻഡിലുകളും  അറപ്പുയന്ത്രത്തിലെ വാളുകളും കശാപ്പുയന്ത്രത്തിലെ കത്തികളും ഉദാഹരണങ്ങൾ. മുമ്പ്‌ തൊഴിലാളി ഉപയോഗിച്ചിരുന്നതിന് സദൃശമായ കരുക്കൾ ഉപയോഗിച്ച് അതേ പ്രവർത്തനങ്ങൾ നടത്തുന്ന മെക്കാനിസമാണ് യന്ത്രം. മനുഷ്യന്റെ കൈകളിൽനിന്ന് പണിയായുധങ്ങൾ എടുത്തുമാറ്റി യന്ത്രത്തിനൊപ്പം അവയെ വച്ചു പിടിപ്പിക്കുന്നതോടെ വലിയൊരു മാറ്റത്തിന് തുടക്കമിടുന്നു.

ഒരൊറ്റ നൂൽപ്പുകാരനെ കൊണ്ട് രണ്ടു നൂൽപ്പുചക്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള വിഫലശ്രമങ്ങൾ ജർമനിയിൽ നടന്നിരുന്നുവെന്ന് മാർക്‌സ്‌ ചൂണ്ടിക്കാട്ടുന്നു. യന്ത്രത്തറികൾ വരുന്നതോടെ നൂൽ  നൂൽപ്പുകാരനെ ഒരേസമയം പ്രവർത്തിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി.

ഒരു കൈത്തൊഴിലുകാരന് ഉപയോഗിക്കാവുന്ന ഉപകരണങ്ങളുടെ എണ്ണത്തെ നിയന്ത്രിച്ചിരുന്ന ശാരീരിക പരിമിതിയെ യന്ത്രം മറികടന്നു; അതിന് ഒരേസമയം നിരവധി പണിയായുധങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ശേഷി കൈവന്നു. മെക്കാനിക്കൽ എൻജിനിയറിങ്ങിനെ സാമൂഹികശാസ്‌ത്രവുമായി ചേർത്തു വായിക്കുന്ന ഉജ്വല വിശകലനമാണ് ഇവിടെ മാർക്‌സ്‌ നടത്തിയിരിക്കുന്നത്.

മനുഷ്യനുമായി ബന്ധപ്പെട്ട ഒന്നിനെയും സാമൂഹിക പ്രക്രിയകളിൽനിന്ന് അടർത്തിമാറ്റാനാവില്ല എന്ന കാഴ്‌ചപ്പാടിന്റെ തികഞ്ഞ ഉദാഹരണമാണീ വിശകലനം.
പരസ്‌പരപൂരകങ്ങളായ വ്യത്യസ്‌ത യന്ത്രങ്ങളുടെ ശൃംഖല തന്നെ ഉപയോഗപ്പെടുത്തി, അധ്വാന വിധേയമാകുന്ന വസ്‌തുവിന്റെ മേൽ പരസ്‌പര ബന്ധിതങ്ങളായ പ്രത്യേക പ്രവർത്തന പ്രക്രിയകൾ നടത്തുമ്പോഴാണ് ഫാക്‌ടറി വ്യവസ്ഥ രൂപപ്പെടുന്നത്.

ബ്രിട്ടനിലെ തുണിമില്ലിൽ ജോലി ചെയ്യുന്ന കുട്ടികൾ    ഫോട്ടോ: ലെവിസ്‌ ഹെയ്‌ൻ  						           കടപ്പാട്‌: shutterstock

ബ്രിട്ടനിലെ തുണിമില്ലിൽ ജോലി ചെയ്യുന്ന കുട്ടികൾ ഫോട്ടോ: ലെവിസ്‌ ഹെയ്‌ൻ കടപ്പാട്‌: shutterstock

നിർമാണത്തൊഴിൽ സമ്പ്രദായങ്ങളിൽ ഓരോ പ്രത്യേക ജോലിയും ചെയ്യുന്നത് തൊഴിലാളികൾ തന്നെയാണ്. അവർ കൈത്തൊഴിലുപകരണങ്ങൾ ഉപയോഗിച്ച് ഒറ്റയായോ സംഘം ചേർന്നോ പണിയെടുക്കുന്നു. തൊഴിലാളികൾക്ക് ഇണങ്ങുന്ന രീതിയിൽ പ്രവർത്തനങ്ങൾ സജ്ജമാക്കും. തൊഴിൽ വിഭജനത്തിന്റെ കർതൃനിഷ്ഠമായ ഈ തത്വം യന്ത്രങ്ങളുപയോഗിച്ചുള്ള ഫാക്‌ടറി സമ്പ്രദായത്തിൽ അംഗീകരിക്കപ്പെടുന്നില്ല.

തൊഴിലെടുക്കുന്നവനും തൊഴിലും തമ്മിലുള്ള അന്യവൽക്കരണം ഇവിടെ ആദ്യമേ നടപ്പിലാകുന്നു. ഫാക്‌ടറി മുഴുവൻ നിറഞ്ഞു നിൽക്കുന്ന യന്ത്രരാക്ഷസൻ എന്നാണ് മാർക്‌സ്‌ ഇതിനെ കുറിക്കുന്നത്. അവന്റെ ആസുരശക്തി എണ്ണമറ്റ പ്രവർത്തനങ്ങളുടെ ഭീകരമായ ഭ്രമണങ്ങളായി പരിണമിക്കുന്ന ഇടമാണ് ഫാക്‌ടറി.

വൻകിട ഉൽപ്പാദന വ്യവസ്ഥയുടെ വികാസത്തെ മാർക്‌സ്‌ വ്യക്തമായി കുറിച്ചിടുന്നുണ്ട്. നിർമാണത്തൊഴിൽ യന്ത്രോപകരണങ്ങൾ സൃഷ്ടിച്ചു. അതേ യന്ത്രോപകരണങ്ങൾ ഉപയോഗിച്ചുതന്നെ ആധുനിക വ്യവസായം ആദ്യം കൈയടക്കിയ ഉൽപ്പാദനരംഗങ്ങളിൽ നിന്ന് കൈത്തൊഴിൽ നിർമാണത്തൊഴിൽ സമ്പ്രദായങ്ങളെ പാടെ നീക്കം ചെയ്‌തു. ഈ സമ്പ്രദായം വളർച്ച പ്രാപിച്ചപ്പോൾ അത് പഴയ അടിത്തറയെത്തന്നെ പൊളിച്ചുമാറ്റി.

പുതിയ ഉൽപ്പാദനരീതികളോട് ബന്ധപ്പെട്ട പുതിയ അടിത്തറ കെട്ടിയുറപ്പിച്ചു. മനുഷ്യശക്തി മാത്രം ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന കാലത്തോളം യന്ത്രങ്ങളുടെ ആകൃതി ചെറുതായിരുന്നു. ആവിയന്ത്രം വരുന്നതുവരെ യന്ത്രോപകരണ വ്യവസ്ഥ ശരിക്കും വളർച്ച പ്രാപിച്ചിരുന്നില്ല.

അതുപോലെ നിർമാണത്തൊഴിൽ കാലഘട്ടത്തിൽനിന്നു പകർന്നുകിട്ടിയ ഗതാഗതോപാധികളും ആശയവിനിമയോപാധികളും ഈ പുതിയ വ്യവസായ ഘടനയോട് പൊരുത്തപ്പെടാത്ത സ്ഥിതി സൃഷ്ടിക്കപ്പെട്ടു. അവയെല്ലാം ഉടച്ചുവാർക്കപ്പെട്ടു. ആവിക്കപ്പലുകളും തീവണ്ടികളും കമ്പിത്തപാലും നടപ്പിൽ വന്നു.

പുതിയ വ്യവസ്ഥയിലും യന്ത്രത്തെ പ്രവർത്തിപ്പിക്കുന്നയാൾ തൊഴിലാളി തന്നെയാണ്. ഭീമാകാരമായ പ്രകൃതിശക്തികളെയും പ്രകൃതിശാസ്‌ത്രങ്ങളെയും ഉൽപ്പാദന പ്രക്രിയയോട് ഇണക്കിച്ചേർത്തുകൊണ്ട് ഉൽപ്പാദനക്ഷമതയിൽ വിപ്ലവകരമായ മുന്നേറ്റം ആധുനിക ഉൽപ്പാദന സമ്പ്രദായം കൊണ്ടുവന്നു. എന്നാൽ തൊഴിലാളിയുടെ വേതനവർധനവിന് ഇതിടയാക്കുന്നില്ല.

കാൾ മാർക്സ് ഫാക്ടറി തൊഴിലാളികൾക്കൊപ്പം.      എ ഐ: കെ ടി യെഷു

കാൾ മാർക്സ് ഫാക്ടറി തൊഴിലാളികൾക്കൊപ്പം. എ ഐ: കെ ടി യെഷു

ഒരു യന്ത്രത്തിന്റെ ഉൽപ്പാദനക്ഷമത അളക്കുന്നത് അത് സ്ഥാനഭ്രഷ്ടമാക്കുന്ന മാനുഷികമായ അധ്വാനശക്തിയെ ആസ്‌പദമാക്കിയാണ്.

മുമ്പ്‌ 100 തൊഴിലാളികൾ ചേർന്ന് നടത്തിയിരുന്ന ഉൽപ്പാദന പ്രവർത്തനം, യന്ത്രങ്ങളുടെ കടന്നുവരവോടെ 20 പേർക്ക് ചെയ്യാൻ പറ്റുമെങ്കിൽ ഉൽപ്പാദനക്ഷമത അഞ്ചിരട്ടിയായി. പക്ഷെ ഇത് വേതനവർധനവിലേക്ക് നയിക്കുന്നില്ല എന്നിടത്താണ് മുതലാളിത്ത വ്യവസ്ഥയിലെ വലിയൊരു വൈരുധ്യം ഒളിഞ്ഞുകിടക്കുന്നത്.

മുതലാളിത്ത ഉൽപ്പാദന സമ്പ്രദായത്തിൽ യന്ത്രങ്ങളുടെ കടന്നുവരവ് ഗുണം ചെയ്യുക മൂലധനത്തിനും അത് കൈവശമുള്ള വർഗത്തിനുമാണ്. ലാഭവിഹിതം വർധിക്കുന്നതിനാണ് അത് വഴിതെളിക്കുന്നത്.

മുതലാളിത്ത ഉൽപ്പാദന സമ്പ്രദായത്തിൽ യന്ത്രങ്ങളുടെ കടന്നുവരവ് ഗുണം ചെയ്യുക മൂലധനത്തിനും അത് കൈവശമുള്ള വർഗത്തിനുമാണ്. ലാഭവിഹിതം വർധിക്കുന്നതിനാണ് അത് വഴിതെളിക്കുന്നത്. നിരവധി ഉദാഹരണങ്ങൾ ഇതു സംബന്ധിച്ച് മാർക്‌സ്‌ ഇവിടെ കുറിക്കുന്നുണ്ട്. വലിയ തോതിലുള്ള സാമൂഹിക അസമത്വത്തിലേക്ക് യന്ത്രവൽക്കരണങ്ങൾ വഴിതെളിക്കുന്നുവെന്ന് ആധുനിക ചരിത്രം കാട്ടിത്തരുന്നുണ്ട്.

ഇതൊരു അനിവാര്യതയായിട്ടാണ് മുതലാളിത്ത അർഥശാസ്‌ത്രകാരന്മാർ തന്നെ പറയുന്നത്. Creative destruction എന്നാണ് ജോസഫ് ഷുംപ്റ്റർ ഇതിനെ വിളിച്ചത്. യന്ത്രവൽക്കരണം മൂലം ഒരിടത്ത്‌ തൊഴിൽ നഷ്ടപ്പെടുമ്പോൾ മറ്റൊരിടത്ത് പുതിയ തൊഴിലുകൾ ഉണ്ടാകുമെന്നാണ് വാദം. പക്ഷെ, വർത്തമാനലോകത്തെ യാഥാർഥ്യങ്ങൾ ഇതിനെ നിരാകരിക്കുന്നു.

Jobless growth  എന്ന പ്രതിഭാസമാണ് ഇന്ന് എവിടെയും കണ്ടുവരുന്നത്. ഡിജിറ്റൽ യുഗമാകട്ടെ ഇതിനെ തീവ്രമാക്കുന്നു. നിർമിതബുദ്ധിയുടെ കടന്നുവരവ് മനുഷ്യന്റെ സാന്നിധ്യം തന്നെ, നാളിതുവരെ അവന്റെ കുത്തകയായി കരുതിപ്പോന്നിരുന്ന പല മേഖലകളിലും അനാവശ്യമാക്കി മാറ്റുകയും ചെയ്യുന്നു.

മനുഷ്യന്റെ കായികവും സവിശേഷ വൈദഗ്‌ധ്യത്തോടു കൂടിയതുമായ ഇടപെടലുകളെ യന്ത്രങ്ങൾ നീക്കുന്നത് സംബന്ധിച്ചാണ് മാർക്‌സ്‌ നടത്തിയ വിശകലനങ്ങൾ. എന്നാൽ

ഈ നൂറ്റാണ്ട് കാട്ടിത്തരുന്നത് മനുഷ്യന്റെ ബൗദ്ധികമായ ശേഷിയെ യന്ത്രങ്ങൾ പകരം വയ്‌ക്കുന്നതാണ്. ഈ മാറ്റം മാർക്‌സിയൻ പരികൽപ്പനകളുടെ പ്രയോഗത്തിൽ കാര്യമായ മാറ്റമൊന്നും ആവശ്യപ്പെടുന്നില്ല.

ഈ നൂറ്റാണ്ട് കാട്ടിത്തരുന്നത് മനുഷ്യന്റെ ബൗദ്ധികമായ ശേഷിയെ യന്ത്രങ്ങൾ പകരം വയ്‌ക്കുന്നതാണ്. ഈ മാറ്റം മാർക്‌സിയൻ പരികൽപ്പനകളുടെ പ്രയോഗത്തിൽ കാര്യമായ മാറ്റമൊന്നും ആവശ്യപ്പെടുന്നില്ല. മാർക്‌സ്‌ നടത്തിയ വിശകലനങ്ങളെ ബൗദ്ധിക ഉൽപ്പാദന ലോകത്തെ ഓട്ടോമേഷൻ പ്രവർത്തനങ്ങളെ വിലയിരുത്താനും ഉപയോഗപ്പെടുത്താവുന്നതാണ്.

യന്ത്രസംവിധാനം തൊഴിലാളികളോട് മത്സരിച്ച് അവരെ പിന്തള്ളുക മാത്രമല്ല ചെയ്യുന്നത്; തുടർച്ചയായി അവരുടെ ആവശ്യം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നാണ് മാർക്‌സ്‌ പറഞ്ഞത്. വ്യവസായത്തൊഴിലാളികളിൽ മര്യാദ പുനഃസ്ഥാപിക്കാൻ നിയുക്തമായ ഒരു സൃഷ്ടിയാണ് യന്ത്രവൽക്കരണം എന്ന ഊരെയുടെ പ്രസ്‌താവത്തെ മാർക്‌സ്‌ ചൂണ്ടിക്കാട്ടുന്നുണ്ട്. സമകാലിക ജനാധിപത്യത്തിന്റെ പുറംതോടിനുള്ളിൽ ഈ വസ്‌തുതകളൊക്കെ വിസ്മരിക്കപ്പെടുന്നു.

മാർക്‌സ്‌ നടത്തിയ ഈ പ്രസ്‌താവം തന്നെയാണ് നിർമിതബുദ്ധി തൊഴിലുകൾക്ക് നേരെ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്‌ക്കുന്നവരും പറയുന്നത്.

മൂലധനം ഒന്നാം വോള്യത്തിലെ യന്ത്രങ്ങളെക്കുറിച്ചുള്ള ഈ അധ്യായവും മാർക്‌സിന്റെ നോട്ടുപുസ്‌തകമായ ഗ്രുൻഡ്രിസ്സെയിലെ Fragments of labour ലെ കുറിപ്പുകളും വർത്തമാനലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നായി മാറുന്നത് അതിനാലാണ്. ഇനി ഈ പ്രശ്നത്തിന്റെ സൂക്ഷ്മതലത്തിലുള്ള വിശകലനത്തിലേക്ക് കടക്കാം. ഡിജിറ്റൽ യുഗത്തിൽ ഇത് എത്രത്തോളം സാധുതയുള്ളതാണ് എന്ന് നോക്കാം.


യന്ത്രമനുഷ്യനും മിച്ചമൂല്യവും


മുതലാളിത്ത ഉൽപ്പാദനക്രമത്തിൽ ലാഭത്തിന്റെ ഉറവിടം തൊഴിലാളിയുടെ അധ്വാനശക്തിയാണ് എന്നതാണ് മാർക്‌സിസ്റ്റ്‌ അർത്ഥശാസ്‌ത്രത്തിന്റെ അടിസ്ഥാന പ്രമാണം.

അങ്ങനെയെങ്കിൽ തൊഴിൽ ശക്തിയുടെ നേരിട്ടുള്ള ഉപയോഗം ഗണ്യമായി കുറയുന്ന നിർമിതബുദ്ധിയുടെയും റോബോട്ടിക്‌സിന്റെയും മറ്റ് ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും കാലത്ത് ഈ സങ്കൽപ്പനത്തിന്റെ  സാധുതയെന്താണ്? മാർക്‌സിസ്റ്റ് അർത്ഥശാസ്‌ത്ര സമവാക്യങ്ങളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിയതിനുശേഷം ഈ വിശകലനത്തിലേക്ക് വരാം.

യന്ത്രസാമഗ്രികളും അസംസ്‌കൃതവസ്‌തുക്കളും തൊഴിലാളിയുടെ അധ്വാനശക്തിയും ചേരുമ്പോഴാണ് ഉൽപ്പാദന പ്രവർത്തനം സാധ്യമാകുന്നത്. ഇതിൽ ആദ്യം പറഞ്ഞ രണ്ടു ഘടകങ്ങളും, യന്ത്രസാമഗ്രികളും അസംസ്‌കൃതവസ്‌തുക്കളും, സ്ഥിരമൂലധനമെന്നും (c), മൂന്നാമത്തേതിനെ, ഉൽപ്പാദനപ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്ന തൊഴിലാളിയുടെ അധ്വാനശക്തിയെ, അസ്ഥിര മൂലധനമെന്നും  (v) പറയുന്നു.

അസ്ഥിര മൂലധനത്തെ മാർക്‌സ്‌ രണ്ടായി വിഭജിക്കുന്നു. തൊഴിലാളിയുടെ അധ്വാനശക്തി പുനരുൽപ്പാദിക്കാനായി അയാൾക്ക് നൽകുന്ന കൂലിയും  (v)  അയാളുടെ അധ്വാനശക്തി കവർന്നെടുക്കുന്നതു വഴി മുതലാളി ഉണ്ടാക്കുന്ന മിച്ചമൂല്യവും (s). ഒരു ചരക്കിന്റെ മൂല്യം  (C),  സ്ഥിരമൂലധനവും (c)  + അസ്ഥിര മൂലധനവും(v) + മിച്ച മൂല്യവും (s) ചേർന്നതാണ്.

C = c + ( v + s)

ഇവിടെ മാർക്‌സ്‌ വ്യക്തമാക്കുന്ന കാര്യം, സ്ഥിരമൂലധനത്തിൽ നിന്നു ലാഭം സൃഷ്ടിക്കപ്പെടുന്നില്ല എന്നും, തൊഴിലാളിയുടെ അധ്വാനശക്തിയിൽ (v+s) നിന്നു കവർന്നെടുക്കപ്പെടുന്ന മൂല്യം (s) ആണ് ലാഭത്തിന്റെ ഏക ഉറവിടം എന്നുമാണ്. ക്ലാസിക്കൽ ഇക്കണോമിസ്റ്റുകളുടെ അധ്വാനമൂല്യ സിദ്ധാന്തത്തെ മാർക്‌സ്‌ വിപ്ലവകരമായി നവീകരിക്കുന്നത് ഇത്തരത്തിലാണ്.

മുതലാളിത്ത ഉൽപ്പാദന സമ്പ്രദായത്തിന്റെ യുക്തിസഹമായ നിലനിൽപ്പിന്റെ അടിസ്ഥാനം തന്നെ തൊഴിലാളിയുടെ അധ്വാനശക്തിയെ കവർന്നെടുക്കുന്നത് സാധ്യമായതുകൊണ്ടാണ് എന്നാണ് മാർക്‌സ്‌ ഇവിടെ സമർഥിക്കുന്നത്. യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്‌തുക്കളും അവയിലടങ്ങിയിരിക്കുന്ന പൂർവാർജിത മൂല്യത്തെ (accumulated labour power) ഒരുൽപ്പന്നത്തിലേക്ക് പകരുക മാത്രമാണ് ചെയ്യുന്നത്.

ഡിയേഗോ റിവേറയുടെ പെയിന്റിങ്‌

ഡിയേഗോ റിവേറയുടെ പെയിന്റിങ്‌

മൃതമായ അധ്വാനശക്തിയാണ് യന്ത്രങ്ങളിൽ അടങ്ങിയിരിക്കുന്നത്. അല്ലെങ്കിൽ യന്ത്രങ്ങൾ അതിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതേസമയം ഉൽപ്പാദന പ്രവർത്തനത്തിൽ ഇവ പ്രദാനം ചെയ്യുന്ന മൂല്യത്തിൽ മാറ്റമില്ല, അത് സ്ഥിരമായി നിൽക്കുന്നു. ഇവ വാങ്ങുവാനായി ചെലവഴിക്കുന്ന മൂലധനത്തെ ജഡമൂലധനമെന്നും വിളിക്കുന്നു.

ഉൽപ്പാദനപ്രക്രിയയിലേർപ്പെടുന്ന ഇവയുടെ ചരിത്രത്തിലേക്ക്, അനന്തമായി നീണ്ടുകിടക്കുന്ന ആ ശൃംഖലകളിലേക്ക്, സൂക്ഷ്മമായി നോക്കിയാൽ കാണാൻ കഴിയുക ഘനീഭവിച്ചു കിടക്കുന്ന തൊഴിൽശക്തി മാത്രമാകും. ഈ ഉൽപ്പാദനോപാധികൾ പുതുതായ ഒരു മൂല്യവും സൃഷ്ടിക്കുന്നില്ല.

അപ്പോൾപ്പിന്നെ നേരത്തെ സൂചിപ്പിച്ച സമവാക്യത്തിൽ അവശേഷിക്കുന്ന ഘടകം തൊഴിലാളിയുടെ അധ്വാനശക്തി മാത്രമാണ്. പുതിയ മൂല്യം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളത് ഇതിനു മാത്രമാണ്. ഇതാണ് മാർക്‌സിസ്റ്റ് അർത്ഥശാസ്‌ത്രത്തിന്റെ അന്തഃസത്ത.

സമകാലികമായ ഒരുദാഹരണം പറഞ്ഞുകൊണ്ട് ഇത് ഒന്നുകൂടി വ്യക്തമാക്കാം. ഇന്ന് ഏറ്റവുമധികം ആൾക്കാർ പണിയെടുക്കുന്ന ഐ ടി മേഖലയെടുക്കുക. ഒരു ഐ ടി കമ്പനിക്ക് വിദേശത്തുനിന്ന് ഔട്ട്‌സോഴ്സ് ചെയ്‌ത്‌  15,00,000 ലക്ഷം രൂപയുടെ  ഒരു പ്രൊജക്റ്റ് ലഭിച്ചു എന്ന് വിചാരിക്കുക. ഇത് ചെയ്‌തുകൊടുക്കാൻ അഞ്ച്‌ തൊഴിലാളികളുടെ അധ്വാനം മൂന്ന്‌ മാസത്തേക്ക് വേണ്ടിവരുന്നു എന്നും സങ്കൽപ്പിക്കുക.

ഒരാളുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയാണെങ്കിൽ മൂന്ന്‌ മാസത്തേക്ക് ആകെ വേണ്ടിവരുന്ന തുക ഒമ്പത്‌ ലക്ഷം രൂപ. ഇതല്ലാതെ വേണ്ടിവരുന്ന സ്ഥിരമൂലധന ചെലവ് ഏതാനും കംപ്യൂട്ടറുകളുടെ മൂന്ന്‌ മാസത്തെ തേയ്‌മാന ചെലവാണ് (Depreciation). ഒരു കംപ്യൂട്ടറിന് 50,000 രൂപ വിലയുണ്ടെങ്കിൽ, അതിന്റെ പരമാവധി ആയുസ്സ് അഞ്ച്‌ വർഷമാണെങ്കിൽ, മൂന്ന് മാസത്തെ തേയ്‌മാനച്ചെലവ് 2500 രൂപയായിരിക്കും.

മൂന്ന്‌ കംപ്യൂട്ടറുകൾക്കും കൂടി 7500 രൂപ. ഈ പ്രൊജക്റ്റ് ചെയ്യാൻ ഓപ്പൺ സോഴ്സ് സോഫ്‌റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നതെങ്കിൽ ആ ഇനത്തിൽ ചെലവില്ല. ഇന്റർനെറ്റ് സൗകര്യങ്ങൾ, കെട്ടിട വാടക, മറ്റ് മാനേജീരിയൽ ചെലവുകൾ എല്ലാം കൂടി പ്രതിമാസം 25,000 രൂപ കണക്കാക്കിയാൽ മൂന്ന്‌ മാസത്തേക്ക് 75,000 രൂപ.

സ്ഥിരമൂലധനച്ചെലവ് ആകെ 82,500 രൂപ. c = 82500, ് = 9,00,000. ആകെ ചെലവ് 9,82,500 രൂപ. പ്രസ്‌തുത പ്രോജക്റ്റിൽ നിന്നുള്ള മിച്ചമൂല്യം അഥവാ ലാഭം 15,00,000 ‐ 9,82,500 = 5,17,500 രൂപ.
സചേതനമായ മനുഷ്യാധ്വാനം മാത്രമാണ് പുതിയ മൂല്യം ഉൽപ്പാദിപ്പിക്കുന്നതെന്ന് മനസ്സിലാക്കാൻ ലളിതമായ ഈ ഉദാഹരണം മാത്രം മതിയാകും.

വ്യവസായ വിപ്ലവകാലത്ത്‌ ബ്രിട്ടനിലെ ഒരു കാഴ്‌ച

വ്യവസായ വിപ്ലവകാലത്ത്‌ ബ്രിട്ടനിലെ ഒരു കാഴ്‌ച

നമ്മുടെ വിഷയത്തെ അധികരിച്ചുള്ള ചർച്ചയ്‌ക്കായി മാർക്‌സിന്റെ അധ്വാനമൂല്യ സിദ്ധാന്തം വളരെ ലളിതമായി ഈ ഉദാഹരണത്തിലൂടെ വ്യക്തമാക്കാൻ ശ്രമിച്ചതാണ്. ഏറ്റവും ലളിതമായ ഉൽപ്പാദനപ്രവർത്തനം മുതൽ അതിസങ്കീർണമായ ആധുനിക ഉൽപ്പാദന സമ്പ്രദായങ്ങൾ വരെ ഇതേ രീതിയിൽ അമൂർത്തമായി മനസ്സിലാക്കാനാവും.

ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം. ഒരു ചരക്കിന്റെ ഉൽപ്പന്ന പ്രക്രിയയിൽനിന്ന് അധ്വാനശക്തിയെ പൂർണമായും ഒഴിവാക്കി എന്ന് സങ്കൽപ്പിക്കുക. ഇവിടെ പറഞ്ഞ ഉദാഹരണം തന്നെയെടുക്കുക. മേൽപ്പറഞ്ഞ സോഫ്റ്റ്‌വെയർ ഡെവലെപ്മെന്റ് പ്രൊജക്റ്റ് പൂർണമായും ഓട്ടോമേറ്റ് ചെയ്‌തു എന്ന് സങ്കൽപ്പിക്കുക.

മുഴുവൻ കംപ്യൂട്ടർ പ്രോഗ്രാമേഴ്സിനെയും പറഞ്ഞുവിട്ട് നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ഒരു റോബോട്ട്  ഈ പ്രോജക്റ്റ് പൂർണമായും ചെയ്‌തു എന്ന് വിചാരിക്കുക. ഇത് സാധ്യമാണോ എന്ന് ചോദിച്ചാൽ തത്വത്തിൽ സാധ്യമാണ് എന്നു തന്നെയാകും ഉത്തരം.

അങ്ങനെയെങ്കിൽ മിച്ചമൂല്യ ഉൽപ്പാദനം നടക്കുന്നത് സചേതനമായ തൊഴിൽശക്തിയിൽ നിന്നാണ് എന്ന മാർക്‌സിയൻ പരികൽപ്പന പരാജയപ്പെട്ടില്ലേ എന്ന ചോദ്യമാണ് മാർക്‌സിസ്റ്റ് അർഥശാസ്‌ത്ര വിമർശകർ ഇന്നുയർത്തുന്നത്. ചരിത്രപരമായും സാമൂഹികമായും വിന്യസിച്ചു കിടക്കുന്ന ഉൽപ്പാദനപ്രക്രിയകളുടെ ശൃംഖല ഇതിനുത്തരം തരും.

മേൽപ്പറഞ്ഞ പ്രോജക്റ്റ് പൂർണമായും യന്ത്രവൽക്കരിക്കാനായി, കമ്പനിക്ക് നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു റോബോട്ടിനെ വാങ്ങേണ്ടി വന്നു (റോബോട്ട് എന്ന് ഭംഗിക്ക് പറയുന്നു എന്ന് മാത്രം, റോബോട്ട് അല്ലെങ്കിൽ സങ്കീർണമായ ഒരു സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ). ഈ റോബോട്ടിനെ ആര് നിർമിച്ചു? ഉത്തരം തൊഴിലാളികൾ എന്നാകും.

കുറെയധികം തൊഴിലാളികൾ ദീർഘകാലം പണിയെടുത്താൽ മാത്രമേ സ്വന്തമായി പ്രോഗ്രാമെഴുതുന്ന ഒരു റോബോട്ടിനെ, അല്ലെങ്കിൽ ഒരു സങ്കീർണമായ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനെ വികസിപ്പിച്ചെടുക്കാൻ കഴിയൂ.

അപ്പോൾ തൊഴിലാളിയുടെ അധ്വാനത്തിന്റെ ഉറവിടം (spatial and temporal location of labour)  മാറുന്നു എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്, പ്രസ്‌തുത ഉൽപ്പന്നത്തിന്റെ നിർമാണ പ്രക്രിയയിൽ അടങ്ങിയിരിക്കുന്ന അധ്വാനശേഷി  യന്ത്രത്താൽ പകരം വയ്‌ക്കപ്പെടുന്നില്ല.

ഡിയേഗോ റിവേറയുടെ പെയിന്റിങ്‌

ഡിയേഗോ റിവേറയുടെ പെയിന്റിങ്‌

ഉൽപ്പാദന പ്രക്രിയകൾ ആധുനിക കാലത്ത് ഒരു ഒറ്റപ്പെട്ട തുരുത്തിൽ നടക്കുന്നവയല്ല. ഏതൊരു ഉൽപ്പന്നവും പല ഭാഗങ്ങളായി വിഭജിക്കപ്പെട്ട്, ഓരോ ഭാഗവും ലോകത്തിന്റെ വ്യത്യസ്‌ത കോണുകളിലായിട്ടാണ് നടക്കുന്നത്.

അങ്ങനെയൊരു ലോകത്ത് മിച്ചമൂല്യത്തിന്റെ സ്രോതസ്സുകളും വികേന്ദ്രീകൃതമായിട്ടായിരിക്കും വിന്യസിക്കപ്പെട്ടിരിക്കുക. ഏതെങ്കിലും ഒരു ഫാക്‌ടറിയിലെ പ്രവർത്തനങ്ങൾ മാത്രമെടുത്തുകൊണ്ട് മിച്ചമൂല്യ നിർമാണ പ്രക്രിയയെ വിശദീകരിക്കാനാവില്ല എന്നു മാത്രം.

ഡിജിറ്റൽ യുഗം ഈ പ്രക്രിയകളെ ഏറെ സങ്കീർണമാക്കിയിട്ടുണ്ട്. നമുക്ക് നേരിട്ട് കാണാനും തൊട്ടു മനസ്സിലാക്കാനും കഴിയുന്ന യന്ത്രങ്ങളും അധ്വാനശക്തിയും (spatial and temporal location of labour) ഇവിടെ പരിമിതമാണ്. നിർമിക്കപ്പെടുന്ന ഉൽപ്പന്നം പോലും പലപ്പോഴും അദൃശ്യമായിരിക്കും (intangible). ഇതിനർഥം ലാഭത്തിന്റെ ഉറവിടങ്ങളെക്കുറിച്ചുള്ള മാർക്‌സിയൻ അർഥശാസ്‌ത്ര സങ്കൽപ്പങ്ങൾ കാലഹരണപ്പെട്ടുവെന്നല്ല.

അൽപ്പം കൂടി സൂക്ഷ്മതയോടെ ആധുനിക ഉൽപ്പാദന പ്രക്രിയകളെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്ന് മാത്രമാണ്. വ്യവസായ വിപ്ലവത്തെത്തുടർന്നുള്ള ആദ്യനാളുകളിൽ, മനുഷ്യന്റെ കായികശേഷി (muscle power) ഉപയോഗിച്ചുള്ള ഉൽപ്പാദനത്തെ യന്ത്രങ്ങൾ പകരംവച്ചുവെങ്കിൽ,

കോംഗോയിലെ ട്രാഫിക്‌ നിയന്ത്രിക്കുന്ന റോബോട്ട്‌ - കടപ്പാട്‌: gettyimages

കോംഗോയിലെ ട്രാഫിക്‌ നിയന്ത്രിക്കുന്ന റോബോട്ട്‌ - കടപ്പാട്‌: gettyimages

ഡിജിറ്റൽ യുഗത്തിൽ മനുഷ്യന്റെ ബൗദ്ധിക ശേഷിക്ക് (brain power) ബദൽ മാർഗങ്ങൾ തേടുന്ന യന്ത്രങ്ങളാണ് കടന്നുവരുന്നത്. ലളിതമായ ഒരു കണക്കുകൂട്ടൽ യന്ത്രം (calculator) നിർവഹിക്കുന്നതും സങ്കീർണമായ ഒരു നിർമിത ബുദ്ധി ആപ്ലിക്കേഷൻ നിർവഹിക്കുന്നതും ഒരേ ധർമമാണ്.

നെയ്‌ത്തുയന്ത്രവും റോബോട്ടുമെല്ലാം ഈ അർഥത്തിൽ ഒരേ ഗണത്തിൽ പെടുന്നവയാണ്. ഒന്ന് മനുഷ്യന്റെ ശാരീരികശേഷിയുടെ പരിമിതികളെ മറികടക്കുന്നു, മറ്റതാകട്ടെ ബൗദ്ധികശേഷിയെയും. വലിയ തോതിലുള്ള technology hype  നടക്കുന്ന ഈ കാലത്ത് ആധുനിക ഡിജിറ്റൽ യന്ത്രങ്ങൾ വലിയ തോതിൽ mystify ചെയ്യപ്പെടുന്നുണ്ട്.

അതുമായി ബന്ധപ്പെട്ട അർഥശാസ്‌ത്ര വിശകലനങ്ങൾ നടക്കാതെപോകുന്നുണ്ട്. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞ കുട്ടിയെപ്പോലെ, ‘Mr. Robot, you are just another machine’ എന്ന് ആരെങ്കിലും വിളിച്ചുപറയേണ്ടിയിരിക്കുന്നു. മിച്ചമൂല്യ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് മാർക്‌സ്‌ നടത്തിയ വിശകലനങ്ങളുടെ ഫ്രെയിം വർക്കിന് പുറത്ത് നിൽക്കുന്ന ഒന്നല്ല ഡിജിറ്റൽ യുഗത്തിലെ ഉൽപ്പാദനപ്രക്രിയകൾ.


മുതലാളിത്ത പ്രതിസന്ധിയും മിച്ചമൂല്യ സിദ്ധാന്തവും  നിർമിതബുദ്ധിയുടെ കാലത്ത്


മുതലാളിത്ത ഉൽപ്പാദനവ്യവസ്ഥ എങ്ങനെ സ്വയം പ്രതിസന്ധിയിൽ അകപ്പെടുന്നു എന്ന അന്വേഷണമാണ് മാർക്‌സിന്റെ അർത്ഥശാസ്‌ത്രചിന്തകളിൽ ഉടനീളം നിറഞ്ഞുനിൽക്കുന്നത്. ഈ അന്വേഷണം സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും മാർക്‌സ്‌ നടത്തി.

ഇന്നത്തെ സാമ്പത്തികശാസ്‌ത്ര ഭാഷയിൽ പറഞ്ഞാൽ, മൈക്രോ ഇക്കണോമിക്‌സിന്റെയും  മാക്രോ ഇക്കണോമിക്‌സിന്റെയും രീതിശാസ്‌ത്രങ്ങളുപയോഗിച്ച് മാർക്‌സ്‌ ഈ പ്രശ്നത്തെ ആഴത്തിൽ വിലയിരുത്തി.

ഈ ചിന്തനത്തിൽ ഏറ്റവും മർമപ്രധാനമായ ഒന്നാണ് ലാഭനിരക്ക് ഇടിയുന്നത് സംബന്ധിച്ച് മൂലധനത്തിന്റെ മൂന്നാം വോള്യത്തിൽ മാർക്‌സ്‌ നടത്തുന്ന ആലോചനകൾ. ഒരുപക്ഷെ സാങ്കേതികമായി മൂലധനത്തിലെ ഏറ്റവും സുപ്രധാനമായ നിരീക്ഷണങ്ങളാണ്  ലാഭനിരക്ക് ഇടിയുന്നത് സംബന്ധിച്ച് ഈ ഭാഗത്ത് മാർക്‌സ്‌ നടത്തുന്നത്.

യന്ത്രങ്ങളും യന്തിരന്മാരും തൊഴിലാളികളെ വൻതോതിൽ ഒഴിവാക്കുന്ന ഈ കാലഘട്ടത്തിൽ മാർക്‌സിന്റെ സിദ്ധാന്തങ്ങൾ എങ്ങനെയാണ് പ്രയോഗിക്കപ്പെടുക എന്നത് സുപ്രധാനമായ ഒരു വിഷയമാണ്. മുകളിൽ നടത്തിയ അന്വേഷണത്തിന്റെ കുറച്ചുകൂടി സൂക്ഷ്മതലത്തിലുള്ള അന്വേഷണമാണ് ഇവിടെ നടത്താൻ ശ്രമിക്കുന്നത്.

മുതലാളിത്തത്തിന് അതിന്റെ ആഭ്യന്തര വൈരുധ്യങ്ങളിൽനിന്ന് ഒരിക്കലും പുറത്തുകടക്കാനാവില്ല എന്നതാണ് മാർക്‌സിന്റെ ഉറച്ച നിരീക്ഷണം (അങ്ങനെയെങ്കിൽ എന്തുകൊണ്ട് മുതലാളിത്തം ഇതുവരെ തകർന്നില്ല എന്ന ചോദ്യം വലതുപക്ഷ രാഷ്‌ട്രീയ ചിന്തകർ പൊതുവെ ഉയർത്താറുണ്ട്. കടുത്ത വൈരുധ്യങ്ങൾ നിറഞ്ഞതാണ് മുതലാളിത്തം എന്നതുകൊണ്ട് ആ വ്യവസ്ഥയും അതിനെ താങ്ങിനിർത്തുന്ന രാഷ്‌ട്രീയ സംവിധാനങ്ങളും സ്വാഭാവികമായി തകർന്നടിയും എന്ന നിഗമനത്തിൽ എത്തിച്ചേരേണ്ടതില്ല, അങ്ങനെ മാർക്‌സ്‌ എവിടെയും പ്രസ്‌താവിച്ചിട്ടുമില്ല). പക്ഷെ സ്വയം സൃഷ്ടിച്ച ആഭ്യന്തര വൈരുധ്യങ്ങളെ മുറിച്ചുകടക്കാൻ മൂലധനശക്തികൾ ചരിത്രത്തിലുടനീളം പല മാർഗങ്ങളും തേടിയിട്ടുണ്ട്.

മാനവചരിത്രത്തിലെ ഏറ്റവും നിഷ്‌ഠുരമായ കൊളോണിയൽ അധിനിവേശങ്ങളും കൊടുംക്രൂരതകൾ നിറഞ്ഞ ലോകയുദ്ധങ്ങളും തുടങ്ങി നിയോ ലിബറൽ ചൂഷണ മാർഗങ്ങൾ വരെ. ഇത് വേറൊരു വിഷയമായതുകൊണ്ട് അതിലേക്ക് ഇവിടെ ദീർഘമായി കടക്കുന്നില്ല. പക്ഷെ മുതലാളിത്തത്തിന്റെ വൈരുധ്യങ്ങളെ സാങ്കേതികമായി വിലയിരുത്താതെ നാം ആദ്യം ഉന്നയിച്ച സമസ്യകൾക്ക് സൈദ്ധാന്തികമായി ഉത്തരം കണ്ടെത്താനാവില്ല.

അമിതോൽപ്പാദനവും ലാഭനിരക്ക് ഇടിയാനുള്ള പ്രവണതയുമാണ് മുതലാളിത്തത്തെ പ്രതിസന്ധിയിലേക്ക് തള്ളിനീക്കുന്ന സ്വാഭാവികമായ കാര്യങ്ങൾ. എന്താണ് അമിതോൽപ്പാദനം? എന്തുകൊണ്ടാണ് അമിതോൽപ്പാദനം ഉണ്ടാകുന്നത്? ഉൽപ്പാദിക്കപ്പെടുന്ന ചരക്കുകൾ കമ്പോളത്തിൽ വിറ്റഴിക്കപ്പെടാതെ കിടക്കുമ്പോഴാണ് അമിതോൽപ്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.

എന്തുകൊണ്ടാണ് ചരക്കുകൾ വിറ്റഴിക്കപ്പെടാതിരിക്കുന്നത്? ചരക്കുകൾ വാങ്ങാൻ അധ്വാനിക്കുന്ന ജനങ്ങളുടെ കൈവശം കാശില്ലാതെ വരുമ്പോൾ. ഇത്തരമൊരവസ്ഥയുടെ കാരണമെന്താണ്? ഇത് സംബന്ധിച്ച ഒരു സമവാക്യം നാം പരിചയപ്പെട്ടു.

C = c+v+s. ഇതിനെ ഇങ്ങനെയും പറയാം: ഉൽപ്പാദിക്കപ്പെടുന്ന വസ്‌തുക്കളുടെ മൂല്യം = സ്ഥിരമൂലധനത്തിന്റെ മൂല്യം + അസ്ഥിര മൂലധനത്തിന്റെ വില + മിച്ചമൂല്യം.

ഈ സമവാക്യത്തിലെ അവസാനത്തെ രണ്ടു ഘടകങ്ങളും തൊഴിലാളിയുടെ അധ്വാനവുമായി ബന്ധപ്പെട്ടതാണ്, ആവശ്യാധ്വാനത്തിന്റെ വിലയായി നൽകുന്ന കൂലിയും  (v)  തൊഴിലാളിയുടെ അധ്വാനത്തിൽനിന്നു കവർന്നെടുക്കുന്ന മിച്ചമൂല്യവും (s). കമ്പോളത്തിൽ ക്രയവിക്രയം ചെയ്യാനുള്ള ശേഷിയുടെ പരിമിതിയെക്കൂടിയാണ് കൂലി (അഥവാ v) സൂചിപ്പിക്കുന്നത്.

പ്രധാന ഉപഭോക്താക്കളായ അധ്വാനിക്കുന്ന ജനങ്ങളുടെ കൈവശമുള്ള പണം എല്ലായ്‌പ്പോഴും ഉൽപ്പാദിക്കപ്പെടുന്ന ചരക്കുകളുടെ മൂല്യത്തേക്കാൾ കുറവായിരിക്കും. ചരക്കുകൾ കുമിഞ്ഞുകൂടിക്കൊണ്ടേയിരിക്കും, അത് സാമ്പത്തിക മാന്ദ്യത്തിനും സാമ്പത്തികക്കുഴപ്പങ്ങൾക്കും ഇടയാക്കിക്കൊണ്ടേയിരിക്കും

(2008 ലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ തേടി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് മാർക്‌സിന്റെ മൂലധനം വായിച്ചത് വലിയ വാർത്തയായിരുന്നത് ഓർക്കുക). അതുകൊണ്ടുതന്നെ മിച്ചമൂല്യം അഥവാ s കുമിഞ്ഞുകൂടിക്കൊണ്ടേയിരിക്കും.

എ ഐ സാങ്കേതിക വിദ്യയിൽ  സൃഷ്‌ടിച്ച കാൾ മാർക്‌സിന്റെ രൂപം- കടപ്പാട്‌: adobestock

എ ഐ സാങ്കേതിക വിദ്യയിൽ സൃഷ്‌ടിച്ച കാൾ മാർക്‌സിന്റെ രൂപം- കടപ്പാട്‌: adobestock

മുതലാളിയുടെ കൈവശം വന്നുചേരുന്ന ഈ മിച്ചമൂല്യത്തിൽ നിന്നാണ് പുതിയ യന്ത്രോപകരണങ്ങൾ വാങ്ങാനും പുത്തൻ സാങ്കേതികവിദ്യകൾ സൃഷ്ടിക്കാനും പുതിയ കമ്പോളങ്ങൾ കണ്ടെത്തി ഉൽപ്പാദന വിതരണ ശൃംഖലകൾ വികസിപ്പിക്കാനും ആവശ്യമായ പണം മുതലാളിമാർക്ക് കരഗതമാക്കുന്നത്. (അതോടൊപ്പം 5000 കോടിയിലധികം മുടക്കി വിവാഹമാമാങ്കങ്ങൾ നടത്താനും ആവശ്യമായ പണം മുതലാളിമാർക്ക് ലഭിക്കുന്നത്).

നിരന്തരം വികസിക്കുന്ന പ്രതിഭാസമാവുക എന്നത് മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവമായി  മാറിത്തീരുന്നത് ഇങ്ങനെയാണ്. മറ്റു മുതലാളിമാരുമായുള്ള കഴുത്തറുപ്പൻ മത്സരം ഇതിന് കൂടുതൽ വഴിയൊരുക്കുകയും ചെയ്യുന്നു. ഉൽപ്പാദനക്ഷമത കൂട്ടിക്കൊണ്ട് ഈ പ്രതിസന്ധിയെ തരണം ചെയ്യാനാണ് മുതലാളിമാർ ഇപ്പോഴും ശ്രമിക്കുന്നത്.

ഉൽപ്പാദനക്ഷമത കൂട്ടുക എന്ന് പറഞ്ഞാൽ എന്താണ്? നേരത്തെ ഒരുൽപ്പന്നം നിർമിക്കാനാവശ്യമായ ചെലവിനേക്കാൾ കുറഞ്ഞ തുകയ്‌ക്ക്‌ അത് നിർമിക്കുക. ഇതിന് പല വഴികളുണ്ട്. ചൂഷണ നിരക്ക് വർധിപ്പിക്കുക. അതായത് ജോലിസമയം കൂട്ടുക, കൂലിയിനത്തിൽ തൊഴിലാളികൾക്ക് നൽകുന്ന തുകയിൽ കുറവ് വരുത്തുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുക.

ആദ്യകാലത്ത് മുതലാളിത്ത രാജ്യങ്ങൾ പതിവായി ചെയ്യാൻ ശ്രമിച്ച ഒരു കാര്യമാണ് ജോലിസമയം വർധിപ്പിക്കുക എന്നത്. പിന്നീട് തൊഴിലാളികൾ സംഘടിതരായി അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതിന്‌ ശേഷമാണ് ജോലി സമയം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ മുതലാളിത്ത ലോകത്ത് അവസാനിക്കുന്നത്.

(ഈ പ്രത്യക്ഷ ചൂഷണം അവസാനിച്ചു എന്ന് നാം കരുതിയിരിക്കുമ്പോഴാണ് ബംഗളൂരുവിൽ ഐ ടി തൊഴിലാളികളുടെ തൊഴിൽസമയം 14 മണിക്കൂറായി ഉയർത്താനുള്ള നിയമങ്ങൾ വീണ്ടും രംഗപ്രവേശം ചെയ്യുന്നത്).

ഒരുൽപ്പന്നം നിർമിക്കാനാവശ്യമായ കൂലിച്ചിലവിൽ  കുറവ് വരുത്തുക എന്നതാണ് ഉൽപ്പാദനക്ഷമത കൂട്ടാനുള്ള മറ്റൊരു വഴി എന്നു പറഞ്ഞാൽ ഒന്നുകിൽ ഒരുൽപ്പന്നം നിർമിക്കാനാവശ്യമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ കൂലി കുറയ്‌ക്കുക, അതല്ലെങ്കിൽ അവരുടെ എണ്ണം കുറയ്‌ക്കുക. പ്രത്യക്ഷകൂലിയിൽ കുറവ് വരുത്തുക ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല.

പക്ഷെ സാങ്കേതികവിദ്യകളുടെ കുതിച്ചുചട്ടത്തിന്റെ ഈ കാലത്ത് തൊഴിലാളികളുടെ അളവിൽ കുറവ് വരുത്തുക താരതമ്യേന എളുപ്പമാണ്. അതിനാൽ ആ മാർഗമാണ് പൊതുവെ എല്ലാവരും അവലംബിച്ചുപോരുന്നത്. നേരത്തെ 10 തൊഴിലാളികൾ ചേർന്ന്‌ ചെയ്‌തിരുന്ന പ്രവൃത്തി ചെയ്യാൻ രണ്ടുപേർ മതിയാകുമെന്ന സാഹചര്യം ഉണ്ടാകുന്നത് ഇങ്ങനെയാണ്.

ഇനി തൊഴിലാളികളേ വേണ്ട എന്ന രീതിയിൽ നിർമിതബുദ്ധിയെയും റോബോട്ടിക്‌സിനെയുമൊക്കെ കൂട്ടിയിണക്കിയുള്ള ഉൽപ്പാദനശ്രമങ്ങളും പല മേഖലകളിലും സജീവമായി വരുന്നുണ്ട് എന്ന കാര്യം നാം ഇതിനകം ചർച്ച ചെയ്‌തതാണ്.
ഓട്ടോമേഷൻ എന്ന ഓമനപ്പേരിൽ നാം വിളിക്കുന്ന ഈ പ്രക്രിയയെ മാർക്‌സ്‌ അന്നത്തെ കാലത്തുതന്നെ വളരെ ആഴത്തിൽ വിശകലനം ചെയ്‌തിരുന്നു.

യന്ത്രങ്ങളാകുന്ന സ്ഥിരമൂലധനവും അധ്വാനശേഷിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട അസ്ഥിര മൂലധനവും തമ്മിലുള്ള അനുപാതത്തെ (c/v)  മൂലധനത്തിന്റെ ജൈവഘടന (Organic composition of capital) എന്ന് മാർക്‌സ്‌ വിളിച്ചു.

കൂടുതൽ കൂടുതൽ യന്ത്രങ്ങൾ ഉൽപ്പാദന പ്രക്രിയയിൽ ഉപയോഗിക്കപ്പെടുമ്പോൾ ഈ അനുപാതം വർധിക്കും എന്ന്  മാർക്‌സ്‌ ഗണിതശാസ്‌ത്രപരമായി കാട്ടിത്തന്നു. സ്ഥിരമൂലധനത്തിന്റെ അളവിൽ വരുന്ന വർധന എങ്ങനെയാണ് മൂലധനത്തിന്റെ ജൈവഘടനയിൽ വർധനയുണ്ടാക്കുന്നതെന്നും അതെങ്ങനെയാണ് ലാഭനിരക്ക് ഇടിയ്‌ക്കുന്നതെന്നും താഴെപ്പറയുന്ന പട്ടിക കാണിച്ചുതരുന്നു.

പട്ടിക

പട്ടിക

ലാഭനിരക്ക് ഇടിയുന്നത് സംബന്ധിച്ച നിരീക്ഷണം ആദ്യമായി നടത്തുന്നത് മാർക്‌സല്ല. ക്ലാസിക്കൽ അർഥശാസ്‌ത്രകാരൻമാരായ ആദം സ്മിത്തും റിക്കാർഡോയും മാൽത്തൂസും ജോൺ സ്റ്റുവർട്ട് മില്ലുമെല്ലാം ലാഭനിരക്കിലുണ്ടാകുന്ന ഇടിവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പക്ഷെ വ്യത്യസ്‌ത സന്ദർഭങ്ങളും കാരണങ്ങളും മുൻനിർത്തിയാണെന്ന് മാത്രം. മുതലാളിത്ത ഉൽപ്പാദന പ്രക്രിയക്ക് പുറത്താണ് ഇവരിൽ പലരും ഇതിന്റെ കാരണങ്ങൾ കണ്ടെത്തിയത്.

ജനസംഖ്യാ വർധനവും അതുമൂലം ഫലഭൂയിഷ്ഠമായ കൃഷിയിടത്തിന്റെ വിസ്‌തൃതിയിലുണ്ടാകുന്ന ഇടിവുമാണ് ഇതിന്റെ കാരണമായി റിക്കാർഡോ കണ്ടെത്തിയത്. ഇത് ഭക്ഷണ സാധനങ്ങളുടെ വില വർധനവിലേക്കും അത് കൂലിനിരക്കുകൾ ഉയരുന്നതിലേക്കും അങ്ങനെ ലാഭത്തിന്റെ ഇടിവിലേക്കും വഴിവയ്‌ക്കുമെന്ന് റിക്കാർഡോ കരുതി. ഇതിനെ മാർക്‌സ്‌ രൂക്ഷമായി പരിഹസിക്കുന്നുണ്ട്.

സാമ്പത്തിക ശാസ്‌ത്രത്തിൽ നിന്ന് ഒളിച്ചോടിയ റിക്കാർഡോ ഓർഗാനിക് കെമിസ്ട്രിയിലാണ് അഭയം തേടിയത് എന്നാണ് ഗ്രുൻഡ്രിസ്സെയിൽ മാർക്‌സ്‌ ഇത് സംബന്ധിച്ച് പരാമർശിച്ചത്. തന്റെ മുൻഗാമികളായ അർത്ഥശാസ്‌ത്രകാരന്മാരിൽ നിന്ന് മാർക്‌സ്‌ വേറിട്ട് നിൽക്കുന്നത് ഇവിടെയാണ്.

ലാഭനിരക്കിലുള്ള ഇടിവ് മുതലാളിത്ത ഉൽപ്പാദനപ്രക്രിയയയുടെ തീർത്തും ആഭ്യന്തരമായ ഒരു പ്രതിഭാസമാണെന്ന് മാർക്‌സിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു.
ലാഭത്തിന്റെ ഏക സ്രോതസ്സ് അധ്വാനശക്തിയാണെന്ന വാദമാണ് മാർക്‌സ്‌ അതിശക്തമായി മുന്നോട്ടുവച്ചത്.

അതേസമയം ഉൽപ്പാദനപ്രവർത്തനത്തിൽ അധ്വാനശക്തിയെ അപേക്ഷിച്ച് യന്ത്രങ്ങളുടെ പങ്ക് കൂടുന്നതോടെ ലാഭനിരക്കിൽ ഇടിവ് സംഭവിക്കും. ഇത് ഗണിതശാസ്‌ത്രപരമായി ഇങ്ങനെയും സമർഥിക്കാമെന്ന് താഴെപ്പറയുന്ന സമവാക്യങ്ങൾ നിരത്തി ഹൊവാഡ് കിങ്‌ തെളിയിക്കുന്നു.

(1)    K = C/V
(2)    E= S/V
(3)    R=S/(C+V)

K എന്നത് സ്ഥിരമൂലധനവും അസ്ഥിര മൂലധനവും തമ്മിലുള്ള അനുപാതത്തെ സൂചിപ്പിക്കുന്നു. C സ്ഥിരമൂലധനം അഥവാ യന്ത്രങ്ങളും മറ്റും. V അസ്ഥിരമൂലധനം അഥവാ അധ്വാനശക്തി. മിച്ചമൂല്യവും അധ്വാനശക്തിയും തമ്മിലുള്ള ബന്ധത്തെയാണ്  E  അഥവാ ചൂഷണത്തോത് സൂചിപ്പിക്കുന്നത്.

മിച്ചമൂല്യവും മൊത്തം മൂലധനവും തമ്മിലുള്ള ബന്ധത്തെ R സൂചിപ്പിക്കുന്നു. ഈ സമവാക്യത്തിന്റെ (3) ന്യൂമറേറ്ററിനെയും ഡിനോമിനേറ്ററിനെയും V  കൊണ്ട് ഹരിച്ചാൽ താഴെപ്പറയുന്ന സമവാക്യം കിട്ടും.
(4) R = E /(K +1 )

മൂലധനത്തിന്റെ ജൈവഘടനയിലെ വർധനയ്‌ക്കാനുപാതികമായി ലാഭം കുറയുമെന്ന് സമവാക്യം 4 തെളിയിക്കുന്നു. ചൂഷണനിരക്കിനേക്കാൾ കൂടുതലായിരിക്കണം മൂലധനത്തിന്റെ ജൈവഘടനയിലെ വർധനവ് എന്ന് മാത്രം.

മിച്ചമൂല്യത്തിന്റെ ഉറവിടം തൊഴിലാളിയുടെ അധ്വാനശേഷിയാണ് എന്നും യന്ത്രവൽക്കരണത്തിന്റെ തോത് ലാഭനിരക്ക് ഇടിക്കുമെന്നതുമാണ് മാർക്‌സിന്റെ ഏറ്റവും മൗലികമായ നിരീക്ഷണങ്ങളിലൊന്ന്.

കൂടുതൽ കൂടുതൽ യന്ത്രങ്ങൾ ഉൽപ്പാദനപ്രവർത്തനത്തിൽ ഇടപെടുന്നതോടെ ഈ പ്രക്രിയയ്ക്ക് ആക്കം കൂടുന്നു. പൂർവാർജിത അധ്വാനശേഷിയുടെ ഉൽപ്പന്നങ്ങളാണ് ഓരോ യന്ത്രവും എന്ന് നാം കണ്ടു. ഇവിടെ മിച്ചമൂല്യത്തിന്റെ, അഥവാ ലാഭത്തിന്റെ കേന്ദ്രം, നിലവിൽ ഉൽപ്പാദനപ്രവർത്തനം നടക്കുന്ന ഇടത്തുനിന്ന് ഭൂതകാലത്തേക്ക്  സഞ്ചരിക്കുന്നു.

യന്ത്രവൽക്കരണത്തിന്റെ മൂർധന്യത്തിൽ ഈ കണ്ണികളുടെ നീളം കൂടുന്നു. തത്വത്തിൽ ഒരു തൊഴിലാളിയും നേരിട്ട് ഉൽപ്പാദനപ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുമ്പോഴും മറ്റേതോ പ്രദേശത്ത്, ഏതോ കാലത്ത് ഈ യന്ത്രങ്ങൾ

അയ്യങ്കാളി

അയ്യങ്കാളി

നിർമിക്കാൻ ചെലവഴിക്കപ്പെട്ട അധ്വാനശേഷി ലാഭത്തിന്റെ ഉറവിടമായി മാറുന്നു. അങ്ങനെ കാലത്തെയും ദേശത്തെയും മറികടന്നുകൊണ്ട് മൂലധന ചൂഷണം അരങ്ങുവാഴുന്നു.

ഈ പ്രക്രിയക്കിടയിൽ വർത്തമാനകാലത്തെ തൊഴിലാളികൾ പലപ്പോഴും നിരായുധരായി മാറുന്നത് നാം കാണുന്നുണ്ട്. കാരണം, യന്ത്രങ്ങളുടെ കടന്നുവരവ് തൊഴിലാളിയുടെ ആവശ്യകത ഗണ്യമായി കുറയാൻ ഇടയാക്കുന്നു. ഡിമാൻഡിലെ ഈ ഇടിവ് അധ്വാനശേഷിയെന്ന ചരക്കിന്റെ വിലയിടിവിലേക്ക് നയിക്കുന്നു. തൊഴിലാളിയുടെ സംഘടിതമായ വിലപേശൽ ശേഷി ഗണ്യമായി കുറയുന്നു.

ഞങ്ങളുടെ കുട്ടികളെ നിങ്ങൾ വിദ്യാലയങ്ങളിൽ കയറ്റിയില്ലെങ്കിൽ നിങ്ങളുടെ പാടങ്ങൾ തരിശുനിലങ്ങളാകുമെന്ന് പണ്ട് അയ്യങ്കാളിക്ക് സധൈര്യം പറയാൻ കഴിഞ്ഞു. കർഷകത്തൊഴിലാളികൾ സംഘടിതരായി നിന്ന് വിലപേശി തങ്ങളുടെ അവകാശങ്ങളും  കൂലിവർധനയും നേടി. ഇന്ന്

കൊയ്‌ത്തുയന്ത്രവും മെതിയന്ത്രവും മാത്രമല്ല, ഡ്രോണുകളുപയോഗിച്ചുള്ള വിത്ത് വിതയ്‌ക്കലും മരുന്നടിയും നമ്മുടെ കുട്ടനാടൻ പാടശേഖരങ്ങളിൽ സാധാരണമായിക്കഴിഞ്ഞ നാളുകൾ ആവശ്യപ്പെടുന്നത് പുതിയ മുദ്രാവാക്യങ്ങളായിരിക്കും, പുതിയ സമരമുറകളായിരിക്കും.

 കൊയ്‌ത്തുയന്ത്രവും മെതിയന്ത്രവും മാത്രമല്ല, ഡ്രോണുകളുപയോഗിച്ചുള്ള വിത്ത് വിതയ്‌ക്കലും മരുന്നടിയും നമ്മുടെ കുട്ടനാടൻ പാടശേഖരങ്ങളിൽ സാധാരണമായിക്കഴിഞ്ഞ നാളുകൾ ആവശ്യപ്പെടുന്നത് പുതിയ മുദ്രാവാക്യങ്ങളായിരിക്കും, പുതിയ സമരമുറകളായിരിക്കും. കാരണം മുതലാളിത്തത്തിന് അതിന്റെ ഘടനയിൽ അടങ്ങിയിരിക്കുന്ന വൈരുധ്യങ്ങളെ യുക്തിസഹമായി മറികടക്കാനാവില്ല.

തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളി, കൂലി വെട്ടിക്കുറയ്‌ക്കപ്പെട്ട തെഴിലാളി കമ്പോളത്തെ അസ്ഥിരമാക്കും. സാമ്പത്തികക്കുഴപ്പങ്ങൾ ആവർത്തിച്ചാവർത്തിച്ച് കടന്നുവരും, അവയുടെ തീവ്രത കൂടും. ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ജനങ്ങളുടെ ശേഷിയിൽ ഇടിവുണ്ടാകുമ്പോൾ ഉൽപ്പാദന പ്രവർത്തനങ്ങൾ സ്വാഭാവികമായും മന്ദീഭവിക്കും, നിലയ്‌ക്കും. ലാഭനിരക്കുകൾ കുത്തനെ ഇടിയും. ഇത് പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾക്ക് രൂപംകൊടുക്കും.

യൂറോപ്പിന്റെ സിരാകേന്ദ്രത്തിൽ, ഫ്രാൻസിൽപോലും, ദുസ്സഹമായ ജീവിതസാഹചര്യങ്ങൾക്കെതിരെ ഇടതുപക്ഷ രാഷ്‌ട്രീയ ശക്തികൾ കരുത്താർജിക്കുകയും ഭരണനേതൃത്വം ഏറ്റെടുക്കുന്നതിന്റെ അരികിൽവരെയെത്തുകയും ചെയ്‌തതു കാണുക.

വംശീയ വിദ്വേഷത്തിന്റെ പ്രഭവകേന്ദ്രമായി മാറിയ അയോധ്യയിൽ പോലും സാധാരണക്കാരനും പാവപ്പെട്ടവനും നിയോ ലിബറൽ നയങ്ങൾക്കെതിരെ വിധിയെഴുതി. വിചിത്രമായ ഈ വൈരുധ്യങ്ങളെയാണ്  നിർമിതബുദ്ധിയുടെയും യന്തിരന്മാരുടെയും ലോകം കാത്തിരിക്കുന്നത്.


ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top