30 December Monday
സമകാലികം - വി ബി പരമേശ്വരൻ

അയോധ്യയും ബദരീനാഥും കൈവിട്ടു; ഇനി കേദാർനാഥ് - വി ബി പരമേശ്വരൻ എഴുതുന്നു

വി ബി പരമേശ്വരൻUpdated: Wednesday Jul 24, 2024

ബദരിനാഥ്‌ ക്ഷേത്രം

ഇപ്പോഴിതാ ബദരീനാഥിലും ബിജെപി ദയനീയമായി തോറ്റിരിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രധാന വിഷ്ണു ക്ഷേത്രമാണ് ചാർധാമിലുൾപ്പെട്ട ബദരീനാഥ്. 97.68 ശതമാനം വോട്ടർമാരും ഹിന്ദുക്കളായ ബദരീനാഥിലാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കൊടി ഉയർത്തിയ ബിജെപി പരാജയപ്പെട്ടത്. ഹിന്ദുമതത്തെ വോട്ട് ബാങ്കിനായി ഉപയോഗിക്കുന്ന ബിജെപി രാഷ്ട്രീയം മാത്രമല്ല ഇവിടെ പരാജയപ്പെട്ടത്. മറിച്ച് കാലുമാറ്റരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി നയത്തിനും ബദരീനാഥ് ചുട്ട മറുപടി നൽകി.

 

 വി ബി പരമേശ്വരൻ

വി ബി പരമേശ്വരൻ

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവി ബിജെപിയെ വിടാതെ പിന്തുടരുകയാണോ? ജൂലായ് 10ന് ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഈ സംശയം ഉണർത്തുന്നത്. സഖ്യകക്ഷികളുടെ ഊന്നുവടിയുടെ സഹായത്തോടെ മൂന്നാമതും അധികാരമേറിയ ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും കനത്ത പരാജയമാണ് ഉപതെരഞ്ഞെടുപ്പിലും ഉണ്ടായത്. 13ൽ രണ്ട് സീറ്റുമാത്രമാണ് ബിജെപിക്ക് നേടാനായത്.

10 സീറ്റിൽ ജയിച്ചത് ഇന്ത്യാ സഖ്യത്തിൽപ്പെട്ട കക്ഷികളാണ്. ഒരിടത്ത് സ്വതന്ത്രനും ജയിച്ചു. കേന്ദ്ര ഭരണകക്ഷിയെ സംബന്ധിച്ച് നിരാശാജനകമായ പ്രകടനമാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായത്. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുകയാണെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽത്തന്നെ വ്യക്തമായിരുന്നു. അതിപ്പോഴും ശക്തമായി തുടരുകയാണെന്ന സന്ദേശമാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഏറ്റവും ക്ഷീണിപ്പിച്ച തോൽവി അയോധ്യയിലേതായിരുന്നു. ബിജെപിയെ അധികാരത്തിലെത്തിച്ചത് രാമജന്മഭൂമി പ്രസ്ഥാനമായിരുന്നു. 2019 ൽ ബാലകോട്ട് പോലെ 2024 ൽ അയോധ്യയിലെ രാമക്ഷേത്രനിർമാണം ബിജെപിയെ മൂന്നാമതും അധികാരത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ശങ്കരാചാര്യ സ്വാമികളുടെ എതിർപ്പിനെപ്പോലും അവഗണിച്ച് പ്രധാനമന്ത്രി മോദി തന്നെ ഡസൻ കണക്കിന് കാമറകളുടെ സാന്നിധ്യത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത്.

എന്നാൽ ശ്രീരാമനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ് അയോധ്യ നിവാസികളിൽനിന്ന്‌ ലഭിച്ചത്.

അയോധ്യ ഉൾപ്പെട്ട ഫൈസാബാദ്  മണ്ഡലത്തിൽ എസ്‌പിയുടെ സ്ഥാനാർഥിയാണ് ജയിച്ചത്. ജനറൽ സീറ്റിൽ ദളിതനായ ആവ്ധേഷ് പ്രസാദിനെ നിർത്തിയാണ് എസ്‌പി ബിജെപിയെ തോൽപ്പിച്ചത്. ഫൈസാബാദിൽ മാത്രമല്ല അയോധ്യ ഡിവിഷനിലെ അംബേദ്‌കർ നഗർ, സുൽത്താൻപൂർ, ബാരാബങ്കി, അമേത്തി എന്നീ സീറ്റുകളിലും ബിജെപി തോറ്റു.

അയോധ്യ ഉൾപ്പെട്ട ഫൈസാബാദ്  മണ്ഡലത്തിൽ എസ്‌പിയുടെ സ്ഥാനാർഥിയാണ് ജയിച്ചത്. ജനറൽ സീറ്റിൽ ദളിതനായ ആവ്ധേഷ് പ്രസാദിനെ നിർത്തിയാണ് എസ്‌പി ബിജെപിയെ തോൽപ്പിച്ചത്. ഫൈസാബാദിൽ മാത്രമല്ല

ആവ്‌ദേഷ്‌  പ്രസാദ്‌

ആവ്‌ദേഷ്‌ പ്രസാദ്‌

അയോധ്യ ഡിവിഷനിലെ അംബേദ്‌കർ നഗർ, സുൽത്താൻപൂർ, ബാരാബങ്കി, അമേത്തി എന്നീ സീറ്റുകളിലും ബിജെപി തോറ്റു.

ഇപ്പോഴിതാ ബദരീനാഥിലും ബിജെപി ദയനീയമായി തോറ്റിരിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രധാന വിഷ്ണുക്ഷേത്രമാണ് ചാർധാമിലുൾപ്പെട്ട ബദരീനാഥ്. 97.68 ശതമാനം വോട്ടർമാരും ഹിന്ദുക്കളായ ബദരീനാഥിലാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കൊടി ഉയർത്തിയ ബിജെപി പരാജയപ്പെട്ടത്.

ഹിന്ദുമതത്തെ വോട്ട് ബാങ്കിനായി ഉപയോഗിക്കുന്ന ബിജെപി രാഷ്ട്രീയം മാത്രമല്ല ഇവിടെ പരാജയപ്പെട്ടത്. മറിച്ച് കാലുമാറ്റ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി നയത്തിനും ബദരീനാഥ് ചുട്ട മറുപടി നൽകി.

ലഖ്‌പത്‌ സിങ്‌  ബൂട്ടാല

ലഖ്‌പത്‌ സിങ്‌ ബൂട്ടാല

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച രാജേന്ദ്രസിങ് ഭണ്ഡാരിയെയാണ് കാലുമാറി ബിജെപി ടിക്കറ്റിൽ മത്സരിപ്പിച്ചത്. കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് മന്ത്രിസഭയിൽ അംഗമായ രാജേന്ദ്രസിങ് ഭണ്ഡാരിയെ ലഖ്പത് സിങ് ബുട്ടോലയാണ് 5224 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചത്.

ഈ തോൽവിയുടെ ഉത്തരവാദിത്വം മുഴുവൻ കേന്ദ്ര നേതൃത്വത്തിനാണെന്നാണ് സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ മഹേന്ദ്രഭട്ട് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. ഭണ്ഡാരിയെ മുകളിൽനിന്ന്‌ ഇറക്കിയതാണെന്നായിരുന്നു ഭട്ടിന്റെ പ്രതികരണം.

അതായത് കാലുമാറ്റത്തിലൂടെ സ്ഥാനാർഥിപ്പട്ടം നൽകിയത് കേന്ദ്രനേതൃത്വമാണ് എന്നാണ് ഒരു വേള ഭണ്ഡാരിയിൽ നിന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയത്തിന്റെ രുചിയറിഞ്ഞ ഭട്ടിന്റെ ധ്വനി. ഉത്തരാഖണ്ഡിലെ തന്നെ മറ്റൊരു മണ്ഡലമായ മംഗളൂരുവിലും ബിജെപി തോറ്റു. മുസ്ലിങ്ങൾ ഏറെയുള്ള മണ്ഡലത്തിൽ കോൺഗ്രസ് ജയിക്കാതിരിക്കാൻ ബിജെപി എല്ലാ അടവുകളും പയറ്റിയിരുന്നു.

ബിഎസ്‌പിയെക്കൊണ്ട് മുസ്ലിം സ്ഥാനാർഥിയെ രംഗത്തിറക്കി. വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തിയ മുസ്ലിങ്ങളെ പൊലീസ് വ്യാപകമായി വിരട്ടിയോടിച്ചു. എന്നിട്ടും കോൺഗ്രസിലെ കാസി മുഹമ്മദ് നിസാമുദ്ദീൻ വിജയിച്ചു. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഉത്തരാഖണ്ഡിൽ വൻ വിജയം നേടിയ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പിൽ 'ദേവഭൂമിയിലെ’ രണ്ട്‌ സീറ്റും നഷ്ടമായത് ജനങ്ങളുടെ മുന്നറിയിപ്പാണ് എന്ന കാര്യത്തിൽ സംശയമില്ല.

അടുത്ത പരാജയം ബിജെപിയെ തുറിച്ചുനോക്കുന്നത് ചാർധാമിലെ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന കേദാർനാഥിലാണ്. കേദാർനാഥിൽനിന്ന്‌ ഉത്തരാഖണ്ഡ് നിയമസഭയിലെത്തിയ ബിജെപി എംഎൽഎ ഷൈല റാണി ജൂലൈ 9നാണ് മരിച്ചത്. അതുകൊണ്ടുതന്നെ ഇവിടെ ഉടൻ ഉപതെരഞ്ഞെടുപ്പ് നടക്കും.

അതിൽ ബിജെപിക്ക് ജയിക്കുക വിഷമകരമായിരിക്കുമെന്ന് അവിടെനിന്ന്‌ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. ക്ഷേത്രത്തിൽനിന്ന്‌ 228 കിലോ സ്വർണം കാണാതായതാണ് ബിജെപിയെ അലട്ടുന്ന പ്രധാന വിഷയം. ഡബിൾ എൻജിൻ സർക്കാർ നിലവിലുള്ളപ്പോഴാണ് ഇത്രയും വലിയ അളവിൽ സ്വർണം കാണാതായത്.

എന്നിട്ട് ഒരന്വേഷണം നടത്താൻപോലും ബിജെപി സർക്കാർ തയ്യാറായില്ലെന്ന് രോഷത്തോടെ പ്രതികരിച്ചത് ജ്യോതിർമഠിലെ ശങ്കരാചാര്യർസ്വാമി ആവിമുക്തരേശ്വരാനന്ദയാണ്. ഇക്കാര്യത്തിൽ മാധ്യമങ്ങൾ പുലർത്തുന്ന നിസ്സംഗതയെയും ശങ്കരാചാര്യ സ്വാമികൾ വിമർശിച്ചു.

രണ്ടാമത്തെ വിഷയം കേദാർനാഥ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ ഡൽഹിയിൽ ക്ഷേത്രം നിർമിക്കുന്നതിനെതിരെ ചാർധാമിലെ സന്യാസി പുരോഹിത സമൂഹം പ്രതിഷേധവുമായി രംഗത്തുവന്നതാണ്. ഉത്തരാഖണ്ഡിലെ ബിജെപി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് ഡൽഹിയിലെ ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്.

ഡൽഹിയിൽ ശിവക്ഷേത്രം നിർമിക്കുന്നതിന് എതിരെയല്ല, മറിച്ച് കേദാർനാഥ് ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ ക്ഷേത്രം നിർമിക്കുന്നതിലാണ് ചാർധാമിലെ പുരോഹിത സമൂഹത്തിന് എതിർപ്പ്. ഈ പദ്ധതി ഉപേക്ഷിക്കാത്തപക്ഷം സമരം സൽഹിയിലേക്ക് വ്യാപിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് ചാർധാം തീർഥ പുരോഹിത് മഹാ പഞ്ചായത്ത് വക്താവ് ബ്രിജേഷ് സതി ഹിന്ദു ദിനപത്രത്തോട് പറഞ്ഞു. അതായത് കേദാർനാഥിലും ബിജെപി തലകുത്തി വീഴാൻ പോകുകയാണ്.

എന്നാൽ ബിജെപിയുടെ കാലുമാറ്റ രാഷ്ട്രീയത്തിൽ കനത്ത തിരിച്ചടി ലഭിച്ചത് ഹിമാചൽ പ്രദേശിലാണ്. മൂന്ന് സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ഒരു സീറ്റിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ഈ മൂന്ന്‌ സീറ്റിലും സ്വതന്ത്രരായി വിജയിച്ചവർ ബിജെപിയിൽ ചേർന്നാണ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഫെബ്രുവരിയിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് സർക്കാരിനെ പിന്തുണച്ച ഈ മൂന്നുപേർ ഉൾപ്പെടെ ആറുപേരാണ് കോൺഗ്രസ് സ്ഥാനാർഥി മനു അഭിഷേക് സിങ് വിക്കെതിരെ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്. ഇതേ തുടർന്ന് ഇവരുടെ അംഗത്വം റദ്ദാക്കപ്പെട്ടിരുന്നു. ഇതോടെ 68 അംഗ നിയമസഭയിൽ സുഖ്‌വീന്ദർ സിങ് സുഖു മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 34 സീറ്റായി കോൺഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞു.

എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആറ് സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ നാല് സീറ്റിൽ വിജയിച്ചതോടെ കോൺഗ്രസ് ഭൂരിപക്ഷം ഉറപ്പിച്ചു. ഇപ്പോൾ രണ്ട് സീറ്റുകൂടി ലഭിച്ചതോടെ സുഖ്‌വീന്ദർ സിങ് സുഖു സർക്കാരിന്റെ നില മെച്ചപ്പെട്ടു. ദെഹ്റ, നാലാഗഡ് എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് ജയിച്ചത്. ദെഹ്‌റയിൽ മുഖ്യമന്ത്രി സുഖുവിന്റെ ഭാര്യ കമലേഷ് ഠാക്കൂറാണ് വിജയിച്ചത്.

മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ തട്ടകമായ ഹാമിർപൂരിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. അതും കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. 1571 വോട്ടിനാണ് ഇവിടെ ബിജെപി ടിക്കറ്റിൽ മത്സരിച്ച മുൻ സ്വന്തന്ത്ര എംഎൽഎ ആശിഷ് ശർമ വിജയിച്ചത്. വൻ വോട്ട് ചോർച്ചയാണ് ഇവിടെ ബിജെപിക്കുണ്ടായത്.

ഈ ഉപതെരഞ്ഞെടുപ്പോടെ ഹിമാചലിലെ സർക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപ്പറേഷൻ ലോട്ടസ്’ താൽക്കാലികമായി പരാജപ്പെട്ടുവെന്നുവേണം കരുതാൻ. എന്നാൽ കോൺഗ്രസായതിനാൽ ഒന്നും ഉറപ്പിച്ചുപറയാനും കഴിയില്ല. കോൺഗ്രസ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം പാർടിപോലും മാറാതെ ബിജെപി മന്ത്രിസഭയിൽ കോൺഗ്രസ് നേതാക്കൾ അംഗമാകുന്ന കാലമാണിത്.

ഹിമാചലിലെ ഹാമിർപൂരിനു പുറമെ ബിജെപി ജയിച്ചത് മധ്യപ്രദേശിലെ അമർവാഡയിൽ മാത്രമാണ്. മുൻ കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥിന്റെ തട്ടകമായ ചിന്ദ്‌വാഡ മണ്ഡലത്തിലുൾപ്പെട്ട അമർവാഡയിലാണ് ബിജെപി ജയിച്ചത്.

കമൽനാഥിന്റെ അടുത്ത അനുയായി കൂടിയായ കമലേഷ് പ്രതാപ് ഷായാണ് ബിജെപിയിലേക്ക് കാലുമാറി അമർവാഡയിൽനിന്ന്‌ താമര ചിഹ്നത്തിൽ ജനവിധി തേടിയത്. കഴിഞ്ഞ മൂന്ന് തവണയും ഇവിടെനിന്ന്‌ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ഷാ ഇക്കുറി 3027 വോട്ടിനാണ് നിയമസഭയിൽ കടന്നു കൂടിയത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായിരുന്ന ഏക സീറ്റായ ചിന്ദ് വാഡയും അവർക്ക് നഷ്ടമായിരുന്നു. 29 ൽ 29 ഉം ബിജെപിയാണ് നേടിയത്. ഇപ്പോൾ അമർവാഡ നിയമസഭാ സീറ്റും നഷ്ടമായിരിക്കുന്നു. മധ്യപ്രദേശിൽ കോൺഗ്രസ് തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ.

ബിജെപിയിലേക്ക് ചാഞ്ഞിരിക്കുന്ന കമൽനാഥിനോ പഴയ പടക്കുതിരയായ ദിഗ്‌വിജയ് സിങ്ങിനോ പരിഹരിക്കാവുന്ന പ്രശ്നമല്ല മധ്യപ്രദേശിലേതെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു.

ബിജെപിയിലേക്ക് ചാഞ്ഞിരിക്കുന്ന കമൽനാഥിനോ പഴയ പടക്കുതിരയായ ദിഗ്‌വിജയ് സിങ്ങിനോ പരിഹരിക്കാവുന്ന പ്രശ്നമല്ല മധ്യപ്രദേശിലേതെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു.

പശ്ചിമബംഗാളിൽ നാല് സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ നാലിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചു. മൂന്നിടത്ത് ബിജെപിയിൽനിന്ന്‌ സീറ്റ് പിടിച്ചെടുത്തപ്പോൾ ഒരിടത്ത് തൃണമൂൽ സീറ്റ് നിലനിർത്തുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി തുടരുകയാണെന്ന് ബിജെപിയെ ബോധ്യപ്പെടുത്തുന്നതായിരുന്നു നാല് മണ്ഡലങ്ങളിലെ വിധിയെഴുത്ത്.

റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിൺ, ബാഗ്ദ എന്നീ മണ്ഡലങ്ങളാണ് ബിജെപിയിൽനിന്ന്‌ പിടിച്ചെടുത്തത്. മണിക്ക് തല നിലനിർത്തുകയും ചെയ്തു. പശ്ചിമ ബംഗാളിൽ വിജയം കാംക്ഷിച്ചാണ് പൗരത്വഭേദഗതി നിയമം ബിജെപി തിടുക്കത്തിൽ നടപ്പാക്കിയിരുന്നത്.

പ്രധാനമായും മതുവ സമുദായത്തിന്റെ വോട്ടിൽ കണ്ണുനട്ടായിരുന്നു ഈ നടപടി. എന്നാൽ മതുവ വിഭാഗം ഏറെയുള്ള നദിയ ജില്ലയിലെ റാണാഘട്ടിലും നോർത്ത് 24 പർഗാന ജില്ലയിലെ ബഗ്ദയിലും തൃണമൂൽ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. മതുവ വിഭാഗവും ബിജെപിയെ കൈവിടുകയാണെന്ന സൂചനയാണ് ഇത് നൽകുന്നത്. ബിജെപിയുടെ പദ്ധതികളെല്ലാം ബംഗാളിൽ പരാജയപ്പെടുകയാണിപ്പോൾ.

തമിഴ്‌നാട്ടിൽ ഡിഎംകെ സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിന് വിജയിച്ചത് സംസ്ഥാനത്തെ ഇന്ത്യ കൂട്ടായ്മക്ക് ഒരു പോറലും ഏറ്റിട്ടില്ലെന്നതിന്റെ സൂചനയായി. എന്നാൽ ബിഹാറിലെ രുപൗലിയിൽ സ്വതന്ത്രസ്ഥാനാർഥി വിജയിച്ചത് ഐക്യജനതാദളിനും ആർജെഡിക്കും ഒരുപോലെ മുന്നറിയിപ്പായി. ജെഡിയുവിലെ കലാധർ പ്രസാദ് മണ്ഡലിനെയാണ് രുപൗലിയിൽ സ്വതന്ത്രസ്ഥാനാർഥിയായ ശങ്കർസിങ് പരാജയപ്പെടുത്തിയത്.

പൂർണിയ ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാമണ്ഡലമാണ് രുപൗലി. സീമാഞ്ചലിലെ പൂർണിയയിൽനിന്ന്‌ ലോക്‌സഭയിലെത്തിയ സ്വതന്ത്രസ്ഥാനാർഥി പപ്പു യാദവിന്റെ അനുയായിയാണ് ശങ്കർസിങ്. ഇവിടെ ആർജെഡി സ്ഥാനാർഥിയായ ഭീമഭാരതി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അഞ്ച് തവണ വിജയിച്ച ഭീമാഭാരതിയുടെ പരാജയം ആർജെ ഡിക്കും ക്ഷീണമായി.

ജലന്ധർ വെസ്‌റ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ആം ആദ്‌മി  പാർടിയുടെ ആഹ്ലാദം - കടപ്പാട്‌ : ടൈംസ്‌ ഓഫ്‌ ഇന്ത്യ

ജലന്ധർ വെസ്‌റ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ആം ആദ്‌മി പാർടിയുടെ ആഹ്ലാദം - കടപ്പാട്‌ : ടൈംസ്‌ ഓഫ്‌ ഇന്ത്യ

പഞ്ചാബിലെ ജലന്ധർ പടിഞ്ഞാറ് മണ്ഡലം ആം ആദ്മി പാർടി വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത് (ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജലന്ധർ സീറ്റ് ആം ആദ്‌മിക്ക് ലഭിച്ചിരുന്നില്ല). കാലുമാറ്റത്തിനെതിരായ ജനവിധിയായി ഇതിനെ കാണാം. കാരണം ഇവിടെനിന്ന്‌ ആം ആദ്മി പാർടിയുടെ സിറ്റിങ് എംഎൽഎ ശീതൾ ബിജെപിയിൽ ചേർന്നതിനെത്തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ശീതളിനെ 37,325 വോട്ടിനാണ് എഎപി സ്ഥാനാർഥി മൊഹീന്ദർ ഭഗത് തോൽപ്പിച്ചത്.
മൊഹീന്ദർ ഭഗത്

മൊഹീന്ദർ ഭഗത്

ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ചില വ്യക്തമായ രാഷ്ട്രീയ സൂചനകൾ നൽകുന്നുണ്ട്. അതിലൊന്ന് വോട്ട് നേടാനുള്ള മോദിയുടെ കഴിവ് ഇടിഞ്ഞുവെന്നതാണ്. മോദിയുടെ പേരും പടവും കാട്ടി ഇനി വോട്ട് നേടാനാവില്ലെന്ന യാഥാർഥ്യം ബിജെപിക്ക് അംഗീകരിക്കേണ്ടിവരും.

അതുപോലെ തന്നെ ഹിന്ദുത്വ അജൻഡ കൊണ്ടുമാത്രം ഇനി ബിജെപിക്ക് ജയിക്കാൻ കഴിയില്ലെന്നും ബദരീനാഥിലേതുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റ ഘട്ടത്തിൽത്തന്നെ ആർഎസ്എസ് മുഖവാരികയായ ഓർഗനൈസർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

മോദിയും ഹിന്ദുത്വവും കൊണ്ടുമാത്രം ബിജെപിക്ക് മൂന്നാം വിജയം നേടാനാവില്ലെന്നായിരുന്നു ഓർഗനൈസറിന്റെ മുന്നറിയിപ്പ്. അതോടൊപ്പം തെരഞ്ഞെടുപ്പിലൂടെ അധികാരം നേടാൻ കഴിയാത്തിടത്ത് എംഎൽഎമാരെ പണവും പദവിയും നൽകിയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ഓപ്പറേഷൻ താമരയിലൂടെ അധികാരം നേടുന്ന രീതിയോട് ജനങ്ങൾക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കുന്നതുകൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂറുമാറി ബിജെപിയിൽ സ്ഥാനാർഥിത്വം നേടിയ 60 ശതമാനം പേരും തോറ്റപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 66 ശതമാനമാണ് പരാജയപ്പെട്ടത്. ഇത്‌ വ്യക്തമാക്കുന്നത് കൂറുമാറ്റത്തോട് ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ്.

ഈ സ്ഥിതി തുടരുന്ന പക്ഷം മൂന്ന് മാസത്തിനകം നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ (മഹാരാഷ്ട്ര, ഹരിയാണ, ജാർഖണ്ഡ് ) നിർണായകമായിരിക്കും. ഇതിൽ മഹാരാഷ്ട്രയിലും ഹരിയാണയിലും ബിജെപി-എൻഡിഎ ഭരണമാണ് നിലവിലുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ രണ്ടു സംസ്ഥാനങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

സ്വാഭാവികമായും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത പരാജയം ഉണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ജാർഖണ്ഡിൽ ഷിബു സൊറന്റെ ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള സർക്കാർ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇങ്ങനെ സംഭവിച്ചാൽ അതോടെ മോദി പ്രഭാവത്തിന് തിരിച്ചുകയറാൻ കഴിയാത്ത വിധം മങ്ങലേൽക്കും. ബിജെപിയിൽ മോദി-അമിത് ഷാ യുഗത്തിന് അന്ത്യമാകുകയും ചെയ്യും.

ഇപ്പോൾത്തന്നെ ബിജെപിയിൽ ചില തുറന്നുപറച്ചിലുകളും വിമതശബ്ദങ്ങളും ഉയരാൻ തുടങ്ങിയിട്ടുണ്ട്. അതിൽ പ്രധാനമാണ് നിതിൻ ഗഡ്കരിയുടേത്. കഴിഞ്ഞ ദിവസം ഗോവയിൽ ബിജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ

ഗഡ്കരി

ഗഡ്കരി

ഗഡ്കരി പറഞ്ഞ കാര്യങ്ങൾ പ്രധാനമായും ഉന്നമിടുന്നത് മോദി-ഷാ നേതൃത്വത്തെയാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ബിജെപിയുടെ കോൺഗ്രസ് വത്കരണമാണ് ഇപ്പോൾ നടക്കുന്നതെന്ന മുന്നറിയിപ്പാണ് കേന്ദ്ര ഗതാഗത  ഹൈവേ മന്ത്രി കൂടിയായ ബിജെപിയുടെ മുൻ അധ്യക്ഷൻ നൽകിയത്.

'മറ്റു പാർടികളിൽനിന്ന്‌ വ്യത്യസ്തമായ പാർടിയാണ് ബിജെപി' എന്ന എൽ കെ അദ്വാനിയുടെ വാക്യം ഓർമിപ്പിച്ചുകൊണ്ട് ഗഡ്കരി ചോദിച്ചത്  'മറ്റ്  പാർടികളിൽനിന്ന്‌ എന്തു വ്യത്യാസമാണ് ബിജെപിക്ക് അവകാശപ്പെടാനാകുക?’ എന്നാണ്.  ‘കോൺഗ്രസ് ചെയ്യുന്നതൊക്കെ നമ്മളും ചെയ്താൽ അവർ മാറി നമ്മൾ വരുന്നതുകൊണ്ട് എന്ത് മാറ്റമാണ് ഉണ്ടാക്കുക?’ എന്നും ഗഡ്കരി ചോദിച്ചു.

രാഷ്ട്രീയം എന്നുപറയുന്നത് സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾക്കുള്ള ഉപകരണമാണെന്നും ആർഎസ്എസിന്റെ ആസ്ഥാനമായ നാഗ്പൂരിൽനിന്നുള്ള എംപി കൂടിയായ ഗഡ്കരി പറഞ്ഞു. കാഴ്ചപ്പാടുള്ള, സത്യസന്ധരും ആത്മാർഥതയുമുള്ള നേതാക്കളുടെ അഭാവം ബിജെപിയെ വേട്ടയാടുകയാണെന്നു ഗഡ്കരി പറഞ്ഞുവച്ചു.

ഗഡ്കരി മാത്രമല്ല കർണാടകയിലെ ബിജെപി എംപി രമേഷ് ജിഗാജിനാഗിയും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. ദളിതരെ ബിജെപി നേതൃത്വം തഴയുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.

ഏഴു തവണ ലോക്‌സഭാംഗമായ ജിഗാജിനാഗിയെ ദളിതനായതുകൊണ്ടാണ് ബിജെപി പ്രോ ടേം സ്പീക്കറായിപ്പോലും പരിഗണിക്കാതിരുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷ് ആരോപിച്ചിരുന്നു. സീനിയറായ ദളിത് നേതാവായിട്ടും മോദി മന്ത്രിസഭയിൽ പോലും ജിഗാജിനാഗിക്ക് ഇടം ലഭിച്ചിരുന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ പരാജയം നേരിട്ട ഉത്തർപ്രദേശിലെ നേതാക്കളും നേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തി. യോഗി ആദിത്യനാഥിന്റെ ആദ്യ മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായ രാജേന്ദ്ര പ്രതാപ് സിങ് എന്ന മോത്തി സിങ്ങാണ് യുപിയിൽ വൻ അഴിമതി നടക്കുകയാണെന്ന് തുറന്നടിച്ചത്.

പ്രതാപ്ഗഡിൽ ഒരു ബിജെ പി ചടങ്ങിൽ സംസാരിക്കവെയാണ് പൊലീസ് മുതൽ തെഹ്സിൽ വരെ അഴിമതി നടക്കുകയാണെന്ന് മോത്തി സിങ് ആരോപിച്ചത്.

42 വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ ഇത്രയും രൂക്ഷമായ അഴിമതി ഒരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുപിയിൽ ബിജെപിയുടെ സ്ഥിതി വളരെ മോശമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർടിക്ക് അധികാരത്തിൽ വരാൻ കഴിയില്ലെന്നും ജോൺപൂർ ജില്ലയിലെ ബദ്ലാപൂർ നിയോജകമണ്ഡലം എംഎൽഎ രമേഷ് ചന്ദ്ര മിശ്ര  മാധ്യമങ്ങളോട് പറഞ്ഞു.കേന്ദ്രനേതൃത്വം നിർണായക തീരുമാനങ്ങൾ എടുത്താലേ പരാജയം തടയാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് നിയസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് ഇരുനേതാക്കളുടെയും പ്രതികരണം. ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം ബിജെപിയുടെ സ്ഥിതി കൂടുതൽ വഷളാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിയിൽ അടിച്ചേൽപ്പിച്ച് അദ്ദേഹത്തെ പുറത്താക്കാനാണ് മോദിയും ഷായും ചരടുവലിക്കുന്നത്. അതിന്റെ മുന്നോടിയായി ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ആർഎസ്എസ് നോമിനിയുമായ ബി എൽ സന്തോഷ് ലഖ്‌നൗവിലെത്തി നേതാക്കളുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലും ആദിത്യനാഥിനെ വിമർശിക്കുന്നതായി മാധ്യമ വാർത്തകൾ ഉണ്ടായിരുന്നു.

യോഗി ആദിത്യ നാഥ്‌

യോഗി ആദിത്യ നാഥ്‌

എന്നാൽ ഏകപക്ഷീയമായി സ്ഥാനാർഥികളെയും പ്രചാരണതന്ത്രങ്ങളും നിശ്ചയിച്ചത് കേന്ദ്രനേതൃത്വമാണെന്നും അതിനാൽ അവരാണ് പരാജയത്തിന് ഉത്തരവാദികൾ എന്നുമാണ് യോഗി ആദിത്യ നാഥിന്റെ വാദം. എന്നാൽ യോഗിക്ക് പകരം ആരെ മുഖ്യമന്ത്രിയാക്കുമെന്ന ചോദ്യമാണ് ബിജെപി നേതൃത്വത്തെ അലട്ടുന്നത്.

മോദി കഴിഞ്ഞാൽ ബിജെപിയുടെ താരപ്രചാരകനാണ് യോഗി. മോദിയെപ്പോലെ ഹിന്ദു ഹൃദയ സാമ്രാട്ടാണ് ഗോരഖ്പൂർ പീഠം മേധാവിയായ യോഗിയും. മാത്രമല്ല സംഘപരിവാറിലൂടെയല്ല യോഗി ബിജെപിയിലെത്തിയത്. ഹിന്ദു യുവ വാഹിനി എന്ന സ്വന്തം സംഘടനയുടെ ബലത്തിലാണ് യോഗി ആദിത്യനാഥ് രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടത്. അതിനാൽ യോഗിയെ മാറ്റിയാൽ പാർട്ടിയുടെ യുപി ഘടകം പിളരുമോ എന്ന ഭയവും ബിജെപിയെ അലട്ടുന്നുണ്ട്. ദിനം തോറും ബിജെപിയുടെ സങ്കടങ്ങൾ വർധിക്കുകയാണ് .

 

ദേശാഭിമാനി വാരികയിൽ നിന്ന്

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top