22 November Friday

അഴീക്കോടന്റെ ദീപ്‌തസ്‌മരണ - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

 

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ്  ഇന്ന്. ഏവർക്കും പ്രിയപ്പെട്ട സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 52 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23ന്‌ രാത്രിയായിരുന്നു ആ അരുംകൊല. കൊല്ലപ്പെട്ട സമയത്ത് സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കൺവീനറുമായിരുന്നു അഴീക്കോടൻ രാഘവൻ. പാർടി പരിപാടിയിൽ പങ്കെടുക്കാനായി സഖാവ് തൃശൂരിൽ എത്തുന്നുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിയ രാഷ്ട്രീയശത്രുക്കൾ ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. വലതുപക്ഷശക്തികൾ ഇടതുപക്ഷ അരാജകവാദികളുമായി ചേർന്നുനടത്തിയ ആസൂത്രണമായിരുന്നു അരുംകൊലയ്ക്ക് ഇടയാക്കിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ എല്ലാവിധ പിന്തുണയും അതിന്‌ ഉണ്ടായിരുന്നു.

വളരെ സാധാരണമായ തൊഴിലാളി കുടുംബത്തിലാണ് അഴീക്കോടൻ ജനിച്ചത്. കണ്ണൂർ പട്ടണത്തിലെ തെക്കിബസാറിന്‌ അടുത്തായിരുന്നു വീട്. ചെറുപ്രായത്തിൽത്തന്നെ ഉപജീവനത്തിന് ബീഡിത്തൊഴിലാളിയായി. ബീഡി തെറുപ്പിനൊപ്പം രാഷ്ട്രീയ ആദർശങ്ങളും വളർത്തി. അങ്ങനെ ബീഡിത്തൊഴിലാളികളുടെ സജീവ സംഘടനാ പ്രവർത്തകനായി. 1946ൽ കമ്യൂണിസ്റ്റ് പാർടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി. 1954ൽ  മലബാർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ സെക്രട്ടറിയായി. തുടർന്ന്  പാർടി സംഘടനാരംഗത്ത് വിവിധ ചുമതലകൾ വഹിച്ചു.

സമരപോരാട്ടങ്ങളിൽ ആവേശകരമായ സാന്നിധ്യമായിരുന്നു അഴീക്കോടൻ. പാർടിയെയും പ്രസ്ഥാനത്തെയും ബഹുദൂരം മുന്നോട്ടുനയിക്കുന്നതിൽ  ത്യാഗനിർഭരമായ പ്രവർത്തനമാണ് അഴീക്കോടൻ നടത്തിയത്. തൊഴിലാളികളെയും കർഷകരെയും സമൂഹത്തിലെ നാനാതുറയിൽപ്പെട്ടവരെയും ഒരുമിച്ച്‌ അണിനിരത്തി പ്രക്ഷോഭപാതകൾക്ക് അദ്ദേഹം കരുത്തുപകർന്നു. പ്രതിസന്ധി മുറിച്ചുകടക്കുന്നതിൽ  അഴീക്കോടന്റെ നേതൃത്വവും അനുഭവസമ്പത്തും പാർടിക്ക് എന്നും മുതൽക്കൂട്ടായിരുന്നു.

സംഘർഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് 1956ൽ സഖാവ് പാർടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 1959ൽ  സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി. 1967ൽ ഐക്യമുന്നണി കോ–- ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി. മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ അസാമാന്യപാടവമാണ് സഖാവ് പ്രകടിപ്പിച്ചത്. എതിരാളികളുടെ ആക്രമണങ്ങളെ നിരവധി തവണ നേരിട്ടു. അശേഷം പതറാതെതന്നെ മുന്നോട്ടുപോയി. വിവിധ കാലങ്ങളിലായി നിരവധി പ്രാവശ്യം ജയിലിൽ അടയ്ക്കപ്പെട്ടു. 1948ൽ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മർദനത്തിന് വിധേയമാകേണ്ടിവരികയും ചെയ്തു. 1950, 1962, 1964 എന്നീ വർഷങ്ങളിലും ജയിൽവാസം അനുഭവിച്ചു.


 

കമ്യൂണിസ്റ്റ് പാർടിയിലുണ്ടായ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ വിഷയങ്ങളിൽ ശരിയായ മാർക്സിസ്റ്റ് നിലപാടെടുക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. വലത് റിവിഷനിസത്തിനും  ഇടത് തീവ്രവാദത്തിനുമെതിരെ നിരന്തരം പോരാടുകയുണ്ടായി. ശരിയായ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ച് പാർടിയെയും പ്രസ്ഥാനത്തെയും നയിച്ചു. ജീവിതത്തിന്റെ വിവിധതുറയിൽ അഴീക്കോടൻ തന്റേതായ സംഭാവനകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. സഹകരണമേഖലയിലും സജീവമായി ഇടപെട്ടിരുന്നു. ട്രാൻസ്പോർട്ട് മേഖലയിലെ തൊഴിലാളികളുടെ സംഘടനാ പ്രവർത്തനത്തിന് അദ്ദേഹം കൃത്യമായ ദിശാബോധം നൽകി. 1969ൽ ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ഭരണസമിതി ചെയർമാനായിരുന്നു. ദേശാഭിമാനിയെ ബഹുജന പത്രമാക്കുന്നതിനു നടന്ന പ്രവർത്തനങ്ങളിൽ സവിശേഷമായി ഇടപെട്ടു. എതിരാളികളുടെ നുണപ്രചാരണങ്ങളെ നേരിടുന്നതിന് ദേശാഭിമാനിയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോ ഘട്ടത്തിലും അദ്ദേഹം ഓർമപ്പെടുത്തി.

സഖാവിന്റെ രക്തസാക്ഷിത്വ ദിനത്തിലാണ് സ്ഥിരംവരിക്കാരെ ചേർക്കുന്നതിനുള്ള ദേശാഭിമാനി പത്രപ്രചാരണ പ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപത്രമായി ദേശാഭിമാനിയെ വളർത്തിയെടുക്കുകയെന്ന അഴീക്കോടൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ  മുഴുകിയാകട്ടെ ഇത്തവണത്തെ അഴീക്കോടൻ ദിനാചരണം.

സിപിഐ എം ഭരണത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും മുന്നണിയുടെ സംസ്ഥാന കൺവീനറായിരുന്ന പക്വമതിയും രാഷ്ട്രീയ നയതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവുമായി. സിപിഐ എമ്മിനെ താഴ്ത്തിക്കെട്ടാനും ഇടതുപക്ഷ ചേരിയെ ശിഥിലമാക്കാനും ഇല്ലാത്ത അഴിമതിക്കഥകൾ കമ്യൂണിസ്റ്റ് നേതൃത്വത്തിനെതിരെ ശത്രുപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിച്ചു. എന്നാൽ, തൃശൂർ ചെട്ടിയങ്ങാടി തെരുവിൽ കുത്തേറ്റുമരിച്ച സഖാവിന്റെ മൃതദേഹം ഓലമേഞ്ഞ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോഴാണ് അത്രമേൽ  നിസ്വാർഥനായ നേതാവായിരുന്നു എന്നത് നാടറിഞ്ഞത്.

24 –-ാം പാർടി കോൺഗ്രസിനു മുന്നോടിയായി ബ്രാഞ്ച്‌ സമ്മേളനങ്ങൾ ചേരുന്നതിനിടെയാണ്‌ നാം അഴീക്കോടന്റെ സ്‌മരണ പുതുക്കുന്നത്‌. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്‌ , പ്രത്യയശാസ്‌ത്ര കരുത്തോടെ നമ്മുടെ പ്രസ്ഥാനം പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുകയാണ്‌. അതിനുള്ള വേദിയായി സമ്മേളനങ്ങൾ മാറുന്നു. അഴീക്കോടൻ ഉൾപ്പെടെയുള്ള നേതാക്കൾ ലക്ഷ്യംവച്ച വിധത്തിൽ സിപിഐ എമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെയും ബഹുജന പിന്തുണ എത്രയോ ഇരട്ടിയായി വർധിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നമുക്ക്‌ വേണ്ടത്ര മുന്നേറാനായില്ല. ആ കുറവ്‌ പരിഹരിച്ചുകൊണ്ട്‌ ബഹുജനങ്ങളെ അണിനിരത്തി കൂടുതൽ കരുത്തോടെ നാം കുതിക്കുകയാണ്‌.


 

ആഗോളവൽക്കരണ നയങ്ങൾക്ക് ബദലുയർത്തിക്കൊണ്ട് കേരളത്തിൽ എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുകയാണ്. കേരളം മിക്ക സൂചികകളിലും ഒന്നാം സ്ഥാനത്താണ്‌. വയനാട്ടിലെ വൻദുരന്തംപോലും നാം ജനകീയമായ ഇടപെടലോടെ അതിജീവിക്കുകയാണ്‌. ആ വഴികളിലെ സർക്കാരിന്റെ ഇടപെടലുകളെ തുരങ്കം വയ്‌ക്കാൻ യുഡിഎഫും  ബിജെപിയും ഒരുപോലെ കിണഞ്ഞു ശ്രമിക്കുന്നു. അതിന്‌ വലതുപക്ഷ മാധ്യമങ്ങളുടെ നിർലോഭ പിന്തുണയും അവർക്കു കിട്ടുന്നു. അവാസ്‌തവമായ കാര്യങ്ങളും വ്യാജവാർത്തകളും നിരന്തരം സൃഷ്‌ടിച്ച്‌ സർക്കാരിനെ ഇകഴ്‌ത്താനാണ്‌ അവരുടെ കൂട്ടായ ശ്രമം. ദുരന്തബാധിതർക്ക്‌ എത്രയും വേഗം സഹായമെത്തിക്കാനുള്ള സർക്കാരിന്റെ തീവ്രശ്രമംപോലും തടയാനാണ്‌ ഇത്തരം നീക്കങ്ങൾ. കേരളത്തിലെ പ്രബുദ്ധരായ ജനത അതെല്ലാം തിരിച്ചറിയുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ജനജീവിതം അനുദിനം ബുദ്ധിമുട്ടിലാക്കുന്ന സമീപനമാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ തുടർച്ചയായി കൈക്കൊള്ളുന്നത്. മൂന്നാം തവണയും അധികാരത്തിലെത്തിയതോടെ ജനഹിതവും ഭരണഘടനയും അട്ടിമറിച്ച് ഇന്ത്യയെത്തന്നെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. ഒറ്റത്തവണ തെരഞ്ഞെടുപ്പ്‌ ഉൾപ്പെടെയുള്ള അജൻഡകൾ അതാണ്‌ കാണിക്കുന്നത്‌. കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷ പാർടികളെ നേരിടുകയും ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളെ ഞെരുക്കുകയും ചെയ്യുന്നു. കേന്ദ്ര സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന കോർപറേറ്റ് –- ഹിന്ദുത്വ അജൻഡയ്ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. രാജ്യം നേടിയ എല്ലാ നേട്ടങ്ങളെയും തകർക്കുന്ന ബിജെപി സർക്കാരിനെതിരെ നടക്കുന്ന പോരാട്ടങ്ങൾക്ക് സഖാവ് അഴീക്കോടന്റെ സ്മരണ കരുത്തുപകരുമെന്ന കാര്യത്തിൽ സംശയമില്ല. ആ ഓർമകൾക്ക്‌ മുന്നിൽ രക്‌തപുഷ്‌പങ്ങളർപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top