മതനിരപേക്ഷ അടിത്തറ തോണ്ടിയാണ് 1992 ഡിസംബർ ആറിന് ഹിന്ദുത്വ സംഘടനകൾ ബാബ്‌റി മസ്ജിദ് തകർത്തത്. 1949 മുതൽ 1992 വരെയുള്ള കോൺഗ്രസ് സർക്കാരുകളുടെ മൗനാനുവാദത്തിൽ ബാബ്‌റി പള്ളി ഒരു തർക്കപ്രശ്നമായി. 1984ൽ രാജീവ് ഗാന്ധി ‘രാമജന്മഭൂമി’ എന്ന ആശയം രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു. മനം മയങ്ങിയ ബിജെപി പിന്നീട് അയോധ്യ ഭൂമി പ്രശ്നം തെരഞ്ഞെടുപ്പ് വിജയത്തിനുള്ള കുറുക്കുവഴിയായി തെരഞ്ഞെടുത്തു. അദ്വാനിയുടെ ‘രഥ ചക്രങ്ങൾ' നൂറുകണക്കിനാളുകളുടെ ജീവനെടുത്തു. പി വി നരസിംഹ റാവുവിന്റെ കോൺഗ്രസ് സർക്കാർ നോക്കിനിൽക്കേ ആർഎസ്എസിന്റെ കാർമികത്വത്തിൽ ബാബ്റി മസ്ജിദ് തകർത്തു. രണ്ടുപതിറ്റാണ്ടിനുശേഷം, എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ഹിന്ദുത്വരാഷ്ട്രീയം വിശ്വരൂപം കാട്ടി. പള്ളി പൊളിക്കലും വംശഹത്യയും 2014 മുതൽ തീവ്രമാക്കി. കോൺഗ്രസിന്റെ മൃദുഹിന്ദുത്വം ആർഎസ്എസ് ആശയം ദൃഢമാക്കി. രണ്ടിനെയും മാധ്യമങ്ങൾ ചാണക്യതന്ത്രമെന്ന് ഓമനപ്പേരിട്ട് വിളിച്ച് ജനത്തെ കളിയാക്കി.
2019ലെ ബാബ്‌റി മസ്ജിദ് വിധി നീതിയുക്തമായില്ല. മസ്ജിദ് തകർത്തിരുന്നില്ലെങ്കിൽ പള്ളി പൊളിച്ച് ക്ഷേത്രം പണിയാൻ സുപ്രീംകോടതി വിധിക്കുമായിരുന്നില്ല. കാരണം ലളിതം, ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ പള്ളിയിൽ കണ്ടെത്തിയിട്ടില്ല എന്നതുകൊണ്ടുതന്നെ. പള്ളി പൊളിച്ചത് അത്യന്തം ഹീനമായ ക്രിമിനൽ കുറ്റമായി സുപ്രീംകോടതി കാണുകയും ചെയ്തു. ക്രിമിനൽ കുറ്റം ചെയ്തവർക്കുതന്നെ പള്ളി നിലനിന്ന സ്ഥലം കൊടുത്തു. യുക്തിയോ നിയമമോ ഇല്ലാത്ത വിധി.
രാജ്യം ഇന്ന് ആശങ്കപ്പെടുന്നത് ബാബ്‌റി മസ്ജിദിന്റെ പേരിൽ മാത്രമല്ല. കുറഞ്ഞത് പത്ത് ബാബ്‌റി മസ്ജിദുകളെങ്കിലും സൃഷ്ടിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയെക്കുറിച്ചോർത്തുകൂടിയാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമാണവും പ്രാണപ്രതിഷ്ഠയും തരംഗം സൃഷ്ടിക്കുമെന്നാണ് ബിജെപി കരുതിയത്. നാനൂറിലധികം സീറ്റ് ആഗ്രഹിച്ചു. 303ൽനിന്ന് 240ലേക്ക് കൂപ്പുകുത്തി. അവസരവാദികളുടെ താങ്ങിൽ കൂട്ടുകക്ഷി മന്ത്രിസഭ നയിക്കുന്ന ബിജെപി, ജ്ഞാൻവാപിമുതൽ അജ്മീർവരെ പുതിയ "ഗോൾഡൻ ഓപ്പർച്യുനിറ്റി' തേടിയിറങ്ങിയിരിക്കുകയാണ്.
ബാബ്‌റി മസ്ജിദ് വിധി "മതസൗഹർദവും സമാധാനവും സംരക്ഷിക്കാനുള്ള മാർഗമാകുമെങ്കിൽ അങ്ങനെയാകട്ടെ' എന്ന് ചിലരെങ്കിലും കരുതി. ബാബ്‌റി പള്ളിക്കുശേഷം മതധ്രുവീകരണത്തിന് വേണ്ടിയുള്ള രാഷ്ട്രീയക്കളി അനുവദിക്കാനാകില്ലെന്ന നിലപാടിനൊപ്പം കൂടുതൽ പേർ നിന്നു. ഒരാരാധനാലയത്തിൽ 1947 ആഗസ്‌ത് 15 എന്ന ദിവസംവരെ ഏത് മതപരമായ ആരാധനയാണോ നടന്നത് അതു തുടരുന്നതിനുള്ള നിയമം places of worship act 1991 എന്ന പേരിൽ നിലവിൽ വന്നു. ആർഎസ്എസ് മറ്റു പള്ളികൾ ലക്ഷ്യമിടാതിരിക്കാൻ വേണ്ടിയായിരുന്നു ഇടതുപക്ഷത്തിന്റെ ഇടപെടലിൽ ഈ നിയമനിർമാണം.
‘കാശി മഥുര ബാക്കി ഹെ' എന്ന പ്രകോപന മുദ്രാവാക്യം സംഘപരിവാർ അപ്പോഴും ഉയർത്തി. അത് ആർഎസ്എസിന്റെ രാഷ്ട്രീയം. കോടതികൾ പക്ഷേ, രാജ്യത്തിന്റെ നിയമം അനുസരിച്ചു മാത്രമേ ഹർജികൾ സ്വീകരിക്കാൻ പാടുള്ളൂ. ജ്ഞാൻവാപിയിൽ തർക്കം ഉന്നയിച്ചു ചെന്ന ഹർജി കോടതി സ്വീകരിച്ചു. പള്ളിയിൽ പരിശോധന നടത്താൻ ഉത്തരവിട്ടു. സംഭവം സുപ്രീംകോടതിയിൽ എത്തി. അന്ന് ചീഫ് ജസ്റ്റിസ് ആയ ഡി വൈ ചന്ദ്രചൂഡ് "ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം കണ്ടെത്തുന്നതിന് തൊണ്ണൂറ്റി ഒന്നിലെ നിയമം തടസ്സമാകുന്നില്ലെ'ന്ന് വാക്കാൽ നിരീക്ഷിച്ചു. നേരത്തേ, ചന്ദ്രചൂഡ് തന്നെ അംഗമായ അയോധ്യ കേസിന്റെ അഞ്ചംഗ ബെഞ്ച് ആരാധനാലയങ്ങൾ സംബന്ധിച്ച തൊണ്ണൂറ്റി ഒന്നിലെ നിയമത്തിന്റെ ഭരണഘടനാ സാധുത ഉയർത്തിപ്പിടിച്ചിരുന്നു. "ചരിത്രത്തെയും അതിന്റെ തെറ്റുകളെയും ഉപയോഗിച്ച് വർത്തമാനകാലത്തെയും ഭാവിയെയും ഞെരുക്കാൻ ആകില്ല. എല്ലാ മതങ്ങൾക്കും തുല്യമായ അവകാശമുണ്ട്. മതനിരപേക്ഷത ഭരണഘടനയുടെ പ്രാഥമിക ഉത്തരവാദിത്വവുമാണ്' എന്ന് ചന്ദ്രചൂഡ് എഴുതിയ രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ വിധിയിൽ പറഞ്ഞതിന് കടകവിരുദ്ധമാണ് 2022ലെ വാക്കാലുള്ള പരാമർശം. എന്നാൽ, ചന്ദ്രചൂഡിന്റെ കോടതി പരാമർശത്തിന്റെ ചുവടുപിടിച്ചാണ് പുതിയ ഹർജികൾ പ്രാദേശിക കോടതികൾ സ്വീകരിക്കുന്നതും ഉത്തരവ് പുറപ്പെടുവിക്കുന്നതും. ഉത്തർപ്രദേശിലെ സംഭലിൽ പള്ളി കമ്മിറ്റിക്ക് നോട്ടീസ് പോലും അയക്കാതെ അവിടെ സർവേ നടത്താൻ സിവിൽ കോടതി ഉത്തരവിട്ടു. കോടതി വിധി വന്ന് രണ്ടു മണിക്കൂറിനുള്ളിൽത്തന്നെ പരിശോധകർ പ്രാദേശിക ഭരണകൂടത്തിനൊപ്പം വൻ പൊലീസ് സന്നാഹത്തോടെ സർവേ നടത്തി. രണ്ടാമതും സർവേ നടത്തി. പ്രതിഷേധക്കാർക്കു നേരെ പൊലീസ് വെടിയുതിർത്തു. പൊലീസ് വെടിവച്ചതിന് വീഡിയോ ദൃശ്യങ്ങളുണ്ട്. പ്രതിഷേധക്കാർ പരസ്പരം വെടിവച്ചുകൊന്നു എന്നാണ് ഉത്തർപ്രദേശ് പൊലീസ് പറയുന്നത്. പ്രദേശത്തേക്ക് പോകാൻ ആരെയും അനുവദിക്കുന്നുമില്ല.
മോദി മൂന്നാമതും പ്രധാനമന്ത്രി ആയതിനു ശേഷം നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ സാന്നിധ്യത്തിൽ വിഎച്ച്പി വിളിച്ചുകൂട്ടിയ യോഗത്തിൽ മുപ്പതോളം വിരമിച്ച ജഡ്ജിമാർ പങ്കെടുത്തു. തുടർന്ന് പഴയ പള്ളികൾ എല്ലാം ലക്ഷ്യംവച്ച് ഹർജികളുടെ പ്രളയംതന്നെയുണ്ടായി. ഈ യോഗം എന്തിനായിരുന്നെന്ന് വിഎച്ച്പി പറഞ്ഞിട്ടില്ല, എന്നാൽ, നിയമമന്ത്രി ‘എക്‌സി'ൽ ചിത്രമടക്കം പങ്കുവച്ചു. സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കേണ്ട യോഗമായിരുന്നില്ലെന്ന് വിഎച്ച്പി പ്രസിഡന്റ് അലോക് കുമാർ നിയമമന്ത്രിയെ ശാസിച്ചു. യോഗത്തിന്റെ ശരിയായ അജൻഡ ഇപ്പോഴും അന്യം.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഗണേശ ചതുർഥി ദിനത്തിൽ നരേന്ദ്ര മോദിയെ വീട്ടിലേക്ക് ക്ഷണിച്ചത് നിയമവൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കിയ സംഭവമാണ്. അയോധ്യ വിധി എങ്ങനെയുണ്ടായെന്ന ഡി വൈ ചന്ദ്രചൂഡിന്റെ "വെളിപ്പെടുത്തൽ' അതിനേക്കാൾ ഞെട്ടിക്കുന്നതാണ്. പിടിഐ അദ്ദേഹത്തെ ഉദ്ധരിച്ചത് ഇങ്ങനെയാണ് "പല കേസുകളിലും വിധി തീർപ്പ് സാധ്യമാകാറില്ല. മൂന്നു മാസമായി തന്റെ മുന്നിൽ കിടന്ന അയോധ്യ കേസിലും അങ്ങനെതന്നെ സംഭവിച്ചു. ഞാൻ ആരാധനാ മൂർത്തിയായ ദൈവത്തിന്റെ മുന്നിൽ ഇരുന്ന് പരിഹാരത്തിനായി പ്രാർഥിച്ചു. വിശ്വാസം നിങ്ങളിലുണ്ടെങ്കിൽ ദൈവം ഒരു പരിഹാരം നിർദേശിക്കും'. ദൈവം വിധിച്ചു, അതിന് ജുഡീഷ്യൽ റീസണിങ് അഥവാ നിയമപരമായ വഴി കണ്ടെത്തുക മാത്രമായിരുന്നു ചന്ദ്രചൂഡിന്റെ ജോലി എന്നർഥം. മതഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി വിധി പറയുന്ന ജഡ്‌ജിമാർ വർധിച്ചു വരുന്ന കാലഘട്ടത്തിലാണ് തന്റെ മതവിശ്വാസം നിയമ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നെന്ന് ചന്ദ്രചൂഡ് പറഞ്ഞുവയ്‌ക്കുന്നത്. അയോധ്യ വിധിയെഴുതിയ അഞ്ച് ജഡ്‌ജിമാർക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭയിൽ, ഒരു ജഡ്‌ജി നാഷണൽ കോർപറേറ്റ് ലോ ട്രിബ്യൂണലിന്റെ ചെയർമാൻ, മറ്റൊരു ജഡ്‌ജി ഗവർണർ, ബാക്കി രണ്ടു പേർ ചീഫ് ജസ്റ്റിസുമാരുമായി എന്നതും ഇതോടൊപ്പം ഓർക്കണം. ക്ഷേത്രം പണിതു നൽകിയവർക്ക് ദൈവത്തിന്റെ നന്ദി പ്രകാശനമായിരിക്കണം!
സംഭൽ, അജ്മീർ അടക്കമുള്ള പുതിയ പ്രതിസന്ധികൾ അടിയന്തരമായി പരിഹരിക്കാൻ സുപ്രീംകോടതിക്ക് മാത്രമേ കഴിയൂ. സുപ്രീംകോടതി അതിന്റെ ഉത്തരവാദിത്വം പൂർത്തിയാക്കണം. ആരാധനാലയങ്ങൾ സംബന്ധിച്ച 91ലെ നിയമം നിലനിൽക്കുന്നതാണോ എന്ന് കോടതി അന്തിമതീരുമാനം പറയണം. രാജ്യം കത്തിയെരിയാൻ അനുവദിക്കരുത്. സംഭാലിൽ അഞ്ച് ജീവൻ പൊലിഞ്ഞതിന്റെ ഉത്തരവാദിത്വം വെടിവച്ച പൊലീസിന് മാത്രമല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..