23 November Saturday

ജാമ്യം അസാധ്യമാക്കരുത്

ടി ചന്ദ്രമോഹൻUpdated: Tuesday Sep 3, 2024

വിചാരണ കൂടാതെ ജാമ്യം നിഷേധിക്കപ്പെട്ട്‌ പൗരന്മാർ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കേണ്ടത്‌ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ സംരക്ഷകരായ കോടതികളുടെ പ്രധാന കടമയാണ്‌. പലപ്പോഴും കോടതികൾ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കാട്ടിയിരുന്നില്ല, മാത്രമല്ല പല കേസുകളിലും വ്യത്യസ്‌ത വിധികൾ വരുന്നു. സുപ്രീംകോടതി മുമ്പ്‌ ഇറക്കിയ ഉത്തരവുകൾക്ക്‌ വിരുദ്ധമായ വിധികൾ അതേ കോടതിയുടെ ചില ബെഞ്ചുകളിൽനിന്നും ഉണ്ടായിട്ടുണ്ട്‌.  ചില ഹൈക്കോടതികളും ഈ സമീപനം ആവർത്തിക്കുന്നു. എന്നാൽ അടുത്തിടെ സുപ്രീംകോടതിയിൽനിന്നുണ്ടായ ചില നിർണായക വിധികളും നിരീക്ഷണങ്ങളും ഏറെ സ്വാഗതാർഹവും ജനാധിപത്യ വിശ്വാസികൾക്ക് നീതിന്യായ സംവിധാനത്തിലുള്ള  പ്രതീക്ഷ  ശക്തിപ്പെടുത്തുന്നതുമാണ്‌. ‘ജാമ്യമാണ്‌ വ്യവസ്ഥ, ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽമാത്രം ജയിൽ’ എന്ന തത്വം മുറുകെപ്പിടിച്ചാകണം കോടതികൾ പ്രവർത്തിക്കേണ്ടതെന്നാണ്‌ സുപ്രീംകോടതി ഓർമിപ്പിച്ചിരിക്കുന്നത്‌. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതിന് മുൻപുള്ള വിചാരണത്തടവ് ഒരു ശിക്ഷയായി മാറരുത്‌, ഏത് നിയമത്തേക്കാളും മുകളിലാണ്‌ വ്യക്തിസ്വാതന്ത്ര്യം,  ജാമ്യം അനുവദിക്കാതിരിക്കുന്നത്‌ ഭരണഘടനയുടെ 21 –-ാം അനുച്ഛേദം  ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്‌ തുടങ്ങിയ പ്രധാന നിരീക്ഷണങ്ങളാണ്‌ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. 

സുപ്രീംകോടതിയുടെ ശക്തമായ അഭിപ്രായ പ്രകടനം ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹൈക്കോടതികൾക്കും മറ്റ്‌ കീഴ്‌ക്കോടതികൾക്കും പരിഗണിക്കേണ്ടി വരും. അമിതാധികാരം പ്രയോഗിച്ച്‌ രാഷ്ട്രീയ എതിരാളികളെ കിരാത നിയമങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച്‌ കള്ളക്കേസിൽ കുടുക്കി  വർഷങ്ങളോളം ജയിലിലടയ്‌ക്കുന്ന  ഭരണകൂടഭീകരതയ്‌ക്കുള്ള മുന്നറിയിപ്പുകൂടിയാണിത്‌.  അഞ്ച്‌ ലക്ഷത്തോളം വിചാരണത്തടവുകാരാണ്‌ രാജ്യത്ത്‌ വിവിധ കോടതികളിൽ മാറിമാറി ജാമ്യാപേക്ഷ നൽകി കാത്തിരിക്കുന്നത്‌. വേഗത്തിലുള്ള വിചാരണ പ്രതിയുടെ അവകാശമാണെന്ന്‌ സുശീൽ കുമാർ സെൻ (1975),  കശ്മീരാ സിങ്‌ (1977),  റാണി കുസും (2005), പി ചിദംബരം (2020), സതേന്ദർ കുമാർ ആന്തിൽ (2022) - തുടങ്ങിയ കേസുകളിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഒരു കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്നതിനുമുമ്പ്‌ തന്നെ വിചാരണ കൂടാതെ നീണ്ടകാലം ജയിലിലടച്ച്‌ നിയമവിരുദ്ധമായി ശിക്ഷിക്കരുത്‌.  ഒരു പ്രതിയെ വിചാരണ കൂടാതെ ജയിലിൽ അനന്തമായി പാർപ്പിക്കുന്നത് ഒരു തടങ്കലിന്റെ സ്വഭാവമാണ്, അല്ലാതെ ഭരണഘടനാപരമായ ജനാധിപത്യമല്ല.  ഒരാളെ കേസിൽ പ്രതിയാക്കി ശിക്ഷിക്കുന്നതിന്‌ വ്യവസ്ഥാപിതമായ നിയമസംവിധാനങ്ങളുണ്ട്‌. നിലവിലുള്ള നിയമവ്യവസ്ഥകളെ നോക്കുകുത്തിയാക്കി രാഷ്ട്രീയപാർടി നേതാക്കളെയും സന്നദ്ധസംഘടനാ പ്രവർത്തകരെയും  പൊതുജീവിതത്തിൽനിന്നും  രാഷ്ട്രീയപ്രവർത്തനത്തിൽനിന്നും മാറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഏജൻസികൾ വ്യാജ തെളിവുകളുണ്ടാക്കി ജയിലിലടയ്‌ക്കുന്നത്‌ 2014 മുതലാണ്‌ വ്യാപകമായത്‌. രാജ്യദ്രോഹം, യുഎപിഎ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം  (പിഎംഎൽഎ) തുടങ്ങിയ കരിനിയമങ്ങളിലെ വകുപ്പുകൾ വ്യാപകമായി ദുരുപയോഗം ചെയ്‌തു. ഡൽഹി മുഖ്യമന്ത്രി  അരവിന്ദ്‌ കെജ്‌രിവാൾ,  ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ, ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ദ്‌ സോറൻ, ബിആർഎസ്‌ നേതാവ്‌ കെ കവിത മുതൽ ജാമ്യം ലഭിക്കാതെ മരിച്ച സ്‌റ്റാൻ സ്വാമിവരെയുള്ളവർ ജയിലിൽ കഴിയേണ്ടിവന്നത്‌ ഇതിൽ ചിലതു മാത്രമാണ്‌.   


 

‘ജാമ്യമാണ്‌ വ്യവസ്ഥ, ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രം ജയിൽ’ എന്ന തത്വം  സ്ഥാപിച്ചുകൊണ്ട്‌ ആദ്യം ഉത്തരവിറക്കിയത്‌ 1977-ൽ ജ. വി ആർ കൃഷ്ണയ്യർ ആയിരുന്നു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതിയുടെ  ഉത്തരവിൽ വിചാരണ കോടതിയെയും ഡൽഹി ഹൈക്കോടതിയെയും അടിസ്ഥാനപരമായ ഈ തത്വം  ഓർമിപ്പിക്കാൻ ശ്രമിച്ചു. ഡൽഹി സർക്കാരിന്റെ എക്‌സൈസ് നയരൂപീകരണത്തിൽ സാമ്പത്തികമായി നേട്ടമുണ്ടാക്കി എന്ന ആരോപണവുമായി ബന്ധിപ്പിച്ച കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ്‌ സിസോദിയയെ ജയിലിലടച്ചത്‌. 17 മാസത്തിനിടയിൽ ജാമ്യഹർജികൾ വിചാരണക്കോടതിയിൽനിന്ന് ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും രണ്ടുതവണ കയറിയിറങ്ങി. കേന്ദ്ര ഏജൻസികൾ ഉന്നയിച്ച  വാദങ്ങളെ ന്യായീകരിച്ചുകൊണ്ട്‌ ജഡ്‌ജിമാർ ജാമ്യം നിഷേധിച്ചു. ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശവും സിസോദിയക്ക് നിഷേധിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ്‌ സുപ്രീംകോടതി  ഒന്നരമാസം മുമ്പ്‌ ജാമ്യം അനുവദിച്ചത്‌. ഉത്തരവിലെ ചില നിരീക്ഷണങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ  പ്രാധാന്യം ഉയർത്തിക്കാട്ടുന്നു.‘‘ ഒരു ഭരണഘടനാ കോടതി ഭരണഘടനാ തത്വത്തിനും നിയമവാഴ്ചയ്ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും അനുകൂലമാകണ’’മെന്നും പറഞ്ഞു.

പിഎംഎൽഎ അനുസരിച്ചുള്ള കേസിൽ കൂട്ടുപ്രതിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്‌ (ഇഡി) ഒരാളെ കേസിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ്‌ ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ദ്‌  സോറന്റെ അനുയായി പ്രേംപ്രകാശിന്‌ ജാമ്യം അനുവദിച്ചുള്ള വിധിയിൽ  ജസ്‌റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌, ജസ്‌റ്റിസ്‌ കെ വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചത്‌. പിഎംഎൽഎ 45–-ാം വകുപ്പിൽ ‘ഇരട്ട ഉപാധികൾ’ക്ക്‌ വിധേയമായിട്ടാണ്‌ ജാമ്യം അനുവദിക്കേണ്ടതെന്ന്‌ വ്യവസ്ഥയുണ്ട്‌. എന്നാൽ, ജാമ്യമാണ്‌ നിയമമെന്ന തത്വം ഭരണഘടനയുടെ 21–-ാം അനുച്ഛേദത്തിന്റെ വ്യാഖ്യാനമാണ്‌. അത്‌ പൗരൻമാർക്ക്‌ ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും വാഗ്‌ദാനം ചെയ്യുന്നു.

പിഎംഎൽഎ 45–-ാം വകുപ്പിന്റെ പേരിൽ ആ അവകാശം നിഷേധിക്കാനാകില്ലെന്ന്‌ - ജസ്‌റ്റിസ്‌ കെ വി വിശ്വനാഥൻ വിധിന്യായത്തിൽ പറഞ്ഞതും ശ്രദ്ധേയമാണ്‌. ഡൽഹി മദ്യനയ കേസിൽ ബിആർഎസ്‌ നേതാവ്‌ കെ കവിതയ്‌ക്ക്‌ ജാമ്യം അനുവദിച്ചുള്ള വിധിയിൽ  സിബിഐക്കും ഇഡിക്കും തോന്നിയതുപോലെ ആൾക്കാരെ പ്രതികളാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.  ‘വിചാരണ എപ്പോഴും ന്യായമായിരിക്കണം. കേസിൽ പ്രതിയാണെന്ന്‌ സ്വയം സമ്മതിച്ചയാളെ സാക്ഷിയാക്കി. ഇങ്ങനെയാണെങ്കിൽ നാളെ നിങ്ങൾ തോന്നിയ ആൾക്കാരെ പ്രതികളാക്കും. തോന്നിയവരെ വിട്ടയക്കും. അങ്ങനെ, ആൾക്കാരെ തെരഞ്ഞെടുത്ത്‌ പ്രതികളാക്കുന്നതിൽ എന്ത്‌ ന്യായമാണുള്ളതെ’ ന്നും കോടതി ചോദിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ പിഎംഎൽഎ പ്രകാരം രജിസ്‌റ്റർ ചെയ്‌ത 5,000 കേസിൽ 40ൽ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്ന് അടുത്തിടെ പാർലമെന്റിൽ സർക്കാർ നൽകിയ മറുപടികൂടി ഇതോടൊപ്പം പരിഗണിക്കേണ്ടതാണ്‌.  യുഎപിഎ പോലുള്ള ഗുരുതര കുറ്റം ചുമത്തി അറസ്‌റ്റിലായവർക്കും  ചട്ടം പരിശോധിച്ച്‌ ആവശ്യമെങ്കിൽ കോടതികൾ ജാമ്യം അനുവദിക്കണമെന്ന്‌  ജസ്‌റ്റിസുമാരായ അഭയ്‌ എസ്‌ ഓക, അഗസ്‌റ്റിൻ ജോർജ്‌ മസീഹ്‌ എന്നിവരടങ്ങുന്ന ബെഞ്ച്‌ വിധിച്ചതും അടുത്തിടെയാണ്‌. ഉത്തർപ്രദേശിലെ എടിഎസ് 2015ൽ കസ്റ്റഡിയിലെടുത്ത് തടവിലിട്ട ഷെയ്ഖ് ജാവേദ് ഇഖ്ബാലിന്റെ ഹർജി തീർപ്പാക്കിയപ്പോഴാണ്‌ ഈ പരാ‍മർശമുണ്ടായത്.   

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകുമ്പോഴും സുപ്രധാന നിരീക്ഷണങ്ങൾ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായി. അറസ്റ്റിനുള്ള അധികാരം അനിയന്ത്രിതമല്ലെന്നും അറസ്റ്റിന് മുമ്പ് അതിന്റെ ആവശ്യകത പൊലീസ് പരിഗണിക്കണമെന്നും കോടതി പറഞ്ഞിരുന്നു. അറസ്റ്റിന് മുമ്പ് നിയമോപദേശം തേടാനും 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കപ്പെടാനും കുറ്റാരോപിതർക്ക് അവകാശമുണ്ടെന്ന് ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്തയുടെ കേസിലും കോടതി വ്യക്തമാക്കിയതാണ്.

ബിജെപി ഭരണകാലത്തെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പക്ഷപാതത്തെയും നിയമവിരുദ്ധ നടപടികളെയും തുറന്നുകാട്ടുന്നതാണ് സുപ്രീംകോടതിയുടെ ഇത്തരം നിരീക്ഷണങ്ങൾ. ആളുകളെ കേസിൽ കുടുക്കുകയും വിചാരണ പോലുമില്ലാതെ മാസങ്ങളും വർഷങ്ങളും തടവിലിടുകയും ചെയ്യുന്ന രീതി മിക്കവാറും എല്ലാ കേന്ദ്ര അന്വേഷണ ഏജൻസികളും അനുവർത്തിക്കുന്നുണ്ട്. ഇഡിക്ക് പുറമെ, ദേശീയ അന്വേഷണ ഏജൻസി, സിബിഐ, ആദായ നികുതി വകുപ്പ്, തീവ്രവാദ വിരുദ്ധ സ്ക്വാഡ് എന്നിവയെല്ലാം ഒരേപോലെ എതിരാളികളെ വേട്ടയാടുന്ന സാഹചര്യത്തിൽ ഇത്തരം വിധികൾ  ഏറെ ആശ്വാസം നൽകുന്നു. കീഴ്‍ക്കോടതികൾ പലപ്പോഴും അന്വേഷണ ഏജൻസികളുമായി ചേർന്നു നിൽക്കുന്നുവെന്ന കുറ്റപ്പെടുത്തലും സുപ്രീംകോടതി പരാമർശങ്ങളിൽനിന്നും വായിച്ചെടുക്കാവുന്നതാണ്‌. നീതിപൂർവവും വേഗത്തിലുള്ളതുമായ വിചാരണയ്ക്കുള്ള അവകാശം ഭരണഘടന അനുച്ഛേദം  21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിൽ അന്തർലീനമാണെന്ന് ഓർമിപ്പിക്കുന്നു. നീതിയുടെയും നിയമവ്യാഖ്യാനത്തിന്റെയും അവസാന വാക്കായ സുപ്രീംകോടതി പറയുന്നത് ഭരണഘടനയുടെ അനുച്ഛേദം 141 പ്രകാരം എല്ലാ കോടതികൾക്കും ബാധകമാണ്‌. അതുകൊണ്ട് സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം രാജ്യത്തെ നിയമമായി മാറുന്നു. ഇത്‌ മനസ്സിലാക്കിക്കൊണ്ട്‌ വിചാരണക്കോടതികളും  ഹൈക്കോടതികളും  ജാമ്യ ഹർജികളിൽ തീരുമാനമെടുക്കുമെന്ന്‌ പ്രതീക്ഷിക്കാം. നമ്മുടെ ഭരണഘടനയുടെ സവിശേഷതകൊണ്ട്‌, വ്യക്തികളുടെ സ്വാതന്ത്ര്യം പ്രോസിക്യൂട്ടറുടെ ദയാദാക്ഷിണ്യത്തിനോ നീതിബോധത്തിനോ മാത്രം ബന്ദിയാക്കാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top