കൗമാരത്തിൽ നിറം ചാലിച്ച് വരച്ചതിലേറെയും ഇലകളായിരുന്നു. പച്ചയും പഴുത്തതും നീണ്ടതും മെലിഞ്ഞതും ക്യാൻവാസിലും ചുമരിലും നിറഞ്ഞുനിന്നു. വരയ്ക്കാനുള്ള എളുപ്പം മാത്രമായിരുന്നില്ല. ചുറ്റും എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നതിന്റെ നിശ്ചലതയാണ് ജോൺസൺ വർഗീസിനെ ആകർഷിച്ചത്. ചിത്രപാരമ്പര്യം ഒന്നുമില്ലെങ്കിലും ഇലകൾ ചുമരിലും മനസ്സിലും നിറം പിടിച്ചുതുടങ്ങി. വിവിധ ഇലകൾ, നിറവും രൂപവും മാറുന്ന ഇലകൾ, ഒരു വൈവിധ്യവും ഇല്ലെന്ന് ആദ്യം തോന്നുമെങ്കിലും സൂക്ഷ്മതയിൽ ഇനങ്ങളിൽ വേറിട്ടതിന്റെ സൂത്രം ഒളിപ്പിച്ച മുളകളിലേക്ക് കൗതുകം നീളുന്നതങ്ങനെയാണ്. കടുംവർണങ്ങളും ഇളം വർണങ്ങളും നീണ്ടതും കുറുകിയതും പരന്നതും മുളയിലകൾ വരച്ച് വരച്ച് മുള വൈവിധ്യങ്ങൾ തൊട്ടറിയാൻ ഇറങ്ങിയ മനുഷ്യൻ. പഠനങ്ങളെല്ലാം പ്രത്യക്ഷ നേട്ടത്തിനാവുന്ന കാലത്തും അറിയാതെ അറിവിന്റെ വാതിൽ തുറന്ന് ഒരു സസ്യവൈവിധ്യത്തിന് കലവറക്കാരനായത് അങ്ങനെയാണ്. ഭൂമി പാട്ടത്തിന് ഏറ്റെടുത്ത് പോലും പതിനായിരത്തോളം മുളകൾ നട്ടുപരിപാലിക്കുന്ന മനുഷ്യൻ. പ്രകൃതിയുടെ കാവൽക്കാരന്റെ വിശേഷങ്ങളിലേക്ക്.
എല്ലാം മുളയില
പുൽപ്പള്ളിയിലെ തൊട്ടിയിൽ ജോൺസണ് കോഴിക്കോട് സിൽവർഹിൽസ് സ്കൂളിൽ പഠിക്കുമ്പോഴാണ് ചിത്രരചനയിൽ കമ്പം കയറുന്നത്. വരച്ചതിലേറെയും മുളയുടെ ഇലകൾ. മുളയിലയുടെ പച്ച ജോൺസന്റെ മനസ്സിൽ പതിഞ്ഞുകിടന്നു. എന്നും അത് കൗതുകമായിയിരുന്നു. എന്നാൽ, ഏറെക്കാലം അരിയുടെയും കുരുമുളകിന്റെയും മൊത്തക്കച്ചവടക്കാരനായും കാപ്പിയും കുരുമുളകും കൃഷിചെയ്യുന്ന കർഷകനായും ജോൺസൺ ജീവിച്ചു. നാൽപ്പതാം വയസ്സിലാണ് കെട്ടുപാടുകളെല്ലാം മെല്ലെ അയഞ്ഞപ്പോൾ മനസ്സിൽ വീണ്ടും പച്ചയിലച്ചന്തം മുളപൊട്ടിയത്. വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ വളരുന്ന മുളകളെ അറിയുകയായിരുന്നു ആദ്യം. ഇത്രയധികം വൈവിധ്യങ്ങൾ മുളയിലുണ്ടെന്ന വിവരം അത്ഭുതപ്പെടുത്തി. അവ ശേഖരിക്കലും നട്ടുവളർത്തലുമായി പിന്നീടുള്ള പദ്ധതി.
ഇത്തിരിക്കുഞ്ഞൻ ഷിബറ്റായ
മുള വർഗത്തിലെ ഏറ്റവും ചെറിയ ഇനമായ ഷിബറ്റായ കുമസാക്കയ മുതൽ സെട്രോകലാറുസ് സിനിക്കസ് എന്ന ഭീമൻ മുളവരെ ജോൺസന്റെ തോട്ടത്തിൽ വളരുകയാണ്. ആനമുള, കല്ലൻമുള, ലാത്തിമുള അലങ്കാരമുള, കുള്ളൻ തുടങ്ങി 140 സ്പീഷീസിലുള്ള 221 ഇനങ്ങളിലായി പതിനായിരത്തോളം മുളകളാണ് പടർന്നുപന്തലിച്ചിരിക്കുന്നത്. ഇന്ത്യയിൽ തന്നെ മറ്റൊരിടത്തും ഇത്രയധികം വൈവിധ്യത്തിൽ മുളകൾ വളർത്തുന്നില്ല. ഇന്ത്യയിൽ 136 സ്പീഷീസ് മുളകളാണ് കണ്ടെത്തിയിട്ടുള്ളത്. ലിംക പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരം ജോണസന്റെ പ്രവർത്തനത്തിന് ലഭിച്ചിട്ടുണ്ട്. 14 വർഷം കൊണ്ട് മാനന്തവാടി മക്കിയാട് പത്തേക്കറിലും മുള്ളൻകൊല്ലി ആലത്തൂരിൽ അഞ്ചേക്കറിലുമാണ് മുള നട്ടത്. ഇന്ത്യയിൽ സമൃദ്ധമായി മുള വളരുന്ന അസം, അരുണാചൽപ്രദേശ്, മിസോറം എന്നിവിടങ്ങളിൽനിന്നായിരുന്നു ആദ്യഘട്ടത്തിൽ തൈകൾ. പീന്നീട് ഇറ്റലി, യൂറോപ്പ്, തായ്‌ലൻഡ്, ചൈന, മ്യാൻമാർ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്കും വികസിച്ചു. ഇവിടെയെല്ലാം കറങ്ങി മുളത്തോട്ടങ്ങൾ സന്ദർശിച്ചാണ് വിത്തുകൾ ശേഖരിച്ചത്. വ്യത്യസ്ത മുളകളുടെ വിപുലമായ കാർഷിക നഴ്സറിയും ജോൺസനുണ്ട്. അയൽ സംസ്ഥാനത്തുള്ളവരാണ് ഏറെയും തൈകൾ വാങ്ങാനെത്തുന്നത്. എളുപ്പത്തിൽ ലഭിക്കുന്ന ടിഷ്യുകൾച്ചർ മുളകൾ ജോൺസൺ വളർത്താറില്ല. പെട്ടെന്ന് പുഷ്പിച്ച് നശിച്ചുപോകും. വിത്ത് കിളിർപ്പിച്ച് വളർത്തുന്നവയാണ് ദീർഘകാലം വളരുന്നത്. 10,000 രൂപയിലധികം വിലയുള്ള തൈകളുണ്ട് ഇവിടെ.
ബിലാത്തിയും മുള്ളുമുളയും
വയനാട്ടിൽ സുലഭമായി കാണുന്ന മുളകളാണ് ബിലാത്തിയും മുള്ളുമുളയും. മുള്ളുകളുള്ളതിനാൽ സംസ്കരിക്കൽ പ്രയാസമായതിനാൽ മുള്ളുമുള കൂടുതലായും പരമ്പരാഗത കാർഷിക ഉപകരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുമ്പോൾ ബിലാത്തിമുളയാണ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇതിന് നല്ല കാതലും ആയുസ്സുമുണ്ട്. ചെലവ് കുറഞ്ഞതും പരിചരണം കുറച്ചുമാത്രം ആവശ്യമുള്ളതും രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം ആവശ്യമില്ലാത്തതുമായ കാർഷികവിള കൂടിയാണ് മുള. വ്യാവസായിക പ്രാധാന്യമുള്ള അസം മുള, ബിലാത്തി മുള, ഗഡുവ മുള മുതലായ ഇനങ്ങൾ പ്രത്യേക പരിചരണങ്ങൾ ഒന്നുമില്ലാതെ വളരും. അഞ്ചാമത്തെ വർഷം മുതൽ മുള മുറിച്ചുതുടങ്ങാം. 25 മുതൽ 30 വർഷം വരെയാണ് മുളങ്കൂട്ടത്തിന്റെ ശരാശരി ആയുസ്സ്. പ്ലാസ്റ്റിക്കിനുള്ള മികച്ച ബദലായാണ് മുളയെ വികസിത സമൂഹം കാണുന്നത്.
മധുരം കിനിയും മുളങ്കൂമ്പ്
ലോകജനസംഖ്യയുടെ 20 ശതമാനം മുളയെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നവരാണ്. ജോൺസന്റെ വീടിനോട് ചേർന്നുള്ള തോട്ടത്തിലെ പ്രധാന ആകർഷകം കരിമ്പുപോലെ കടിച്ചുതിന്നാവുന്ന മധുരം കിനിയുന്ന മുളങ്കൂമ്പാണ്. ഡെൻഡ്രോകാലമസ് ലാറ്റിഫ്ലോറസ് എന്ന മുളയിനമാണിത്. സാധാരണ കട്ട് കളഞ്ഞ് പാകം ചെയ്താണ് മുള കൂമ്പുകൾ ഭക്ഷണത്തിന് ഉപയോഗിക്കുന്നതെങ്കിലും ഡെൻഡ്രോകാലമസ് ലാറ്റിഫ്ലോറസ് നേരിട്ട് കടിച്ച് തിന്നാം. കൊതിപ്പിക്കുന്ന മധുരവുമുണ്ട്. ചൈനയിലും മ്യാൻമറിലും ഇന്ത്യയിലെ മണിപ്പൂരിന്റെ ചില ഭാഗങ്ങളിലുമാണ് ഈ ഇനം കാണപ്പെടുന്നത്. ചൈനയിൽനിന്ന് വിത്തെത്തിച്ചാണ് ജോൺസൺ മധുരമുള പിടിപ്പിച്ചെടുത്തത്.
മുട്ടുകളിൽ മുഴുപ്പുള്ളത്, നീളമേറിയത്, ഇലകൾക്ക് നിറം മാറിക്കൊണ്ടിരിക്കുന്നത്, പൂവിട്ടാലും നശിക്കാത്തത്, സ്വർണനിറമുള്ളത്, വെള്ളിയിലകളുള്ളത്, അകംനിറയെ കാതലുള്ളത്, വർഷങ്ങളോളം ആയുസുള്ളത്, ഉയരത്തിൽ വളരുന്നത്, വിവിധ ഇനം ഈറ്റകൾ തുടങ്ങി മുളവൈവിധ്യങ്ങളാണ് ജോൺസന്റെ ചുറ്റിലും. മലയാള മാധ്യമങ്ങളിൽ ജോൺസന്റെ തോട്ടം സംബന്ധിച്ച് കാര്യമായ വാർത്തകൾ വന്നിട്ടില്ലെങ്കിലും കന്നട, ഇംഗ്ലീഷ് കാർഷികമാസികകൾ മുഖലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗ്വാഡുവ ആംഗുസ്റ്റിഫോളിയ
കണ്ണടച്ച് തുറക്കും വേഗതയിൽ വളരുന്ന ഗ്വാഡുവ ആംഗുസ്റ്റിഫോളിയ എന്ന ഇനവും ജോൺസന്റെ തോട്ടത്തിലെ ആകർഷണമാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി സാധ്യത ഏറെയുള്ള ഗ്വാഡുവ ആംഗുസ്റ്റിഫോളിയ, ഡെൻഡ്രോകാലമസ് ബ്രാൻഡിസി എന്നീ ഇനങ്ങൾ ഒരു ദിവസം രണ്ടടിയിൽ കൂടുതൽ വളരും. അപൂർവ മരുന്ന് ഉൽപ്പാദനത്തിലെ പ്രധാനചേരുവയായ മെലോക്കന്ന ബാസിഫെറ, ഗോൾഡൻ ബാംബൂ, ബുദ്ധ ബെല്ലി തുടങ്ങിയവയും പുൽപ്പള്ളിയിലെ തോട്ടത്തിൽ വളരുന്നുണ്ട്.
പഠനം പ്രകൃതിയിൽനിന്ന്
1992-ലാണ് ജോൺസൺ കലിക്കറ്റ് സർവകലാശാലയിൽനിന്ന് ശാസ്ത്രത്തിൽ ബിരുദം നേടുന്നത്. പഠനത്തിലും കായികരംഗത്തും മിടുക്കനായ വിദ്യാർഥിയായിരുന്നിട്ടും പാർക്കിൻസൺസ് രോഗബാധിതനായ പിതാവിനെ പരിചരിക്കുന്നതിനിടെ തുടർപഠനത്തിൽ ശ്രദ്ധിച്ചില്ല. മലഞ്ചരക്ക് വ്യാപാരി, നീന്തൽ പരിശീലകൻ, ഫുട്‌ബോൾ പരിശീലകൻ തുടങ്ങി ജീവിതത്തിൽ നിരവധി റോളുകൾ ജോൺസൺ ഭംഗിയാക്കി. ഇതിനിടെയാണ് മുളയുടെ പരിചാരകനുമാവുന്നത്. വിദേശസർവകലാശാലയിൽനിന്നുപോലും സസ്യശാസ്ത്രവിദ്യാർഥികളും അധ്യാപകരും തന്റെ തോട്ടം സന്ദർശിക്കാനെത്തുന്നത് ജോണസന് ആനന്ദമാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലുള്ളവർ മുളയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. മിക്കവാറും എല്ലാ വീടുകളിലും മുള നട്ടുവളർത്തുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, സിക്കിം, അരുണാചൽ, അസം, ത്രിപുര, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവയിലാണ് രാജ്യത്ത് പ്രധാനമായും മുളകൃഷി നടക്കുന്നത്.
അനുകൂലം വയനാട്
അനുകൂലമായ താപനിലയും മണ്ണും കാലാവസ്ഥയും ഉള്ളതിനാൽ വയനാട്ടിൽ ഏതിനം മുളയും വളർത്താമെന്ന് ജോൺസൺ അനുഭവത്തിലൂടെ തെളിയിച്ചിട്ടുണ്ട്. ഭാവി മുള ഫർണിച്ചറുകളുടേതാണ്. എല്ലാം നിർമിക്കാൻ മുളകൊണ്ട് സാധിക്കും. അഞ്ച് വർഷം കൊണ്ട് വിളവെടുക്കാമെന്നതിനാൽ മികച്ച വരുമാനം ഇതുവഴി കർഷകർക്കുണ്ടാക്കാനാവും. പ്രകൃതിക്കിണങ്ങുന്ന കൃഷിയുമാകും. വീടിന് ചുറ്റുമുള്ള ചെറിയ ഇടത്തിൽ കൃഷിചെയ്യുന്ന 100ഓളം ഇനങ്ങളാണ് ജോണസൺ ഉദാഹരണമായി കാണിക്കുന്നത്. ഫ്ലോറിങ്, സ്കാർഫോൾഡിങ്, ഫർണിച്ചർ നിർമാണം, ഭക്ഷണം, ജൈവ ഇന്ധനം, തുണിത്തരങ്ങൾ, പേപ്പർ നിർമാണം തുടങ്ങിയ മേഖലകളിലും മുള പ്രധാനമായും ഉപയോഗിക്കുന്നുണ്ട്.
വയനാടൻ പച്ചപ്പ്
വയനാടൻ കാടിന്റെ ഹരിതഭംഗി ഇടതൂർന്ന മുളങ്കാടുകളായുയരുന്നു. മാവൂർ ഗോളിയോർ റയോൺസ് കമ്പനിയിലെ പ്രധാന അസംസ്കൃതവസ്തു മുളയായിരുന്നു. ലോഡുക്കണക്കിന് മുളയാണ് അക്കാലത്ത് വയനാടൻ ചുരമിറങ്ങി മാവൂരിലെ കമ്പനിയിലെത്തിയത്. കാട്ടിൽ വനവൽക്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച സെന്നയെന്ന അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന വ്യാപിച്ചതോടെ വയനാടൻ കാടിന്റെ സ്വാഭാവികതയ്ക്ക് നാശമുണ്ടായി. മുളങ്കാടുകൾ അപ്രത്യക്ഷമാകാൻ തുടങ്ങി. മുളങ്കാടുകൾ നശിക്കാൻ തുടങ്ങിയതോടെ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെയും ഗോത്രജനതയുടേയും ഭക്ഷണശീലത്തെ ബാധിച്ചു. മുളങ്കാട് കുറഞ്ഞത് കേരള–-- കർണാടക അതിർത്തിയിലെ ഡെക്കാൻ പീഠഭൂമിയുടെ വടക്കുകിഴക്കൻ അറ്റത്തുള്ള പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി തുടങ്ങിയ ഗ്രാമങ്ങളിൽ മഴക്കുറവ് അനുഭവപ്പെടാൻ ഇടയാക്കി. ഇതോടെ സ്വാഭാവിക മണ്ണിന്റെ മേന്മകൊണ്ട് പുൽപ്പള്ളിഭാഗത്ത് വിളഞ്ഞിരുന്ന കുരുമുളക് കൃഷിയിൽ കുറവുണ്ടായി. മരുഭൂവൽക്കരണ പ്രവണത പരിഹരിക്കാൻ മുളകൃഷിക്കാവുമെന്ന അറിവുകൂടിയാണ് ജോൺസനെ മുളയുടെ സംരക്ഷകനാക്കിയത്. സമുദ്ര നിരപ്പിൽനിന്നും 600 മുതൽ 1200 അടി ഉയരമുള്ള പ്രദേശങ്ങളിലാണ് മുള നന്നായി വളരുന്നത്. അതുകൊണ്ട് തന്നെ വയനാട് മുളകൃഷി ചെയ്യാൻ അനുയോജ്യമാണ്.
ഓക്സിജൻ പാർക്ക്
വളരെ വേഗത്തിൽ വളരുന്ന സസ്യയിനമായതിനാൽത്തന്നെ പെട്ടെന്നുണ്ടാക്കാൻ കഴിയുന്ന വനമാണ് മുളങ്കാടുകൾ. വൻതോതിൽ കാർബൺ ആഗിരണം ചെയ്യാനുള്ള ചെലവ് കുറഞ്ഞ രീതി കൂടിയാണിത്. ഭാവി തലമുറയ്ക്കായി പ്രകൃതിയിൽ സജ്ജീകരിക്കുന്ന ഒരു ഓക്സിജൻ പാർക്കാണ് മുളങ്കാടുകൾ. മറ്റേതൊരു സസ്യത്തേക്കാളും 35 ശതമാനം കൂടുതൽ ഓക്സിജൻ മുള ഉൽപ്പാദിപ്പിക്കുന്നു. മണ്ണിലെ ഈർപ്പവും ജൈവികതയും വർധിപ്പിക്കാൻ മുളയ്ക്ക് കഴിയും.
അരുണാചൽപ്രദേശിൽനിന്നുള്ള മുള ഗവേഷകസംഘത്തിനൊപ്പം
ആഗോള സസ്യം
അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും മുള വളരുന്നുണ്ട്. മുളയെക്കുറിച്ചുള്ള അവബോധം വളർത്താനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും സുസ്ഥിര ഉപയോഗം ഉറപ്പാക്കാനും വേൾഡ് ബാംബൂ ഓർഗനൈസേഷൻ രംഗത്തുണ്ട്. ഹിരോഷിമയിലെ അണുബോംബ് വികിരണത്തെ അതിജീവിച്ച ഒരേയൊരു ചെടിയാണ് മുള. ചൈനീസ് സംസ്‌കാരത്തിൽ ഈട്, കരുത്ത്, വഴക്കം എന്നിവയുടെ പ്രതീകമാണ് മുള. പുല്ല് വർഗത്തിൽപ്പെടുന്ന ഏറ്റവും വലിയ ചെടിയാണിത്. ഭൂമിയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന സ്വാഭാവിക സസ്യജാലങ്ങളാണ്. നമ്മുടെ പാരിസ്ഥിതിക ഘടന നിലനിർത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് മുളകൾക്കുണ്ട്. നാരുകളും പൊട്ടാസ്യവുമുള്ള മുള പതിറ്റാണ്ടുകളായി ഏഷ്യൻ രാജ്യങ്ങളിലെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ്. മുളയ്ക്ക് സ്റ്റീലിനേക്കാൾ ശക്തമായ ഘടനയുള്ളത് കൊണ്ട് ഇത് വ്യവസായത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. ലോകമെമ്പാടുമുള്ള ബില്യണിലധികം ആളുകൾ മുള കൊണ്ട് നിർമിച്ച വീടുകളിൽ താമസിക്കുന്നുണ്ട്.
പ്രകൃതിസൗഹൃദം വീടും
ജോൺസൺ തറവാട് വീടിനോട് ചേർന്ന് പുതിയതായി ഒരു വീട് നിർമാണത്തിലാണ്. പ്രകൃതി സൗഹൃദമായ ഈ വീടിന്റെ ഫർണിച്ചറുകളും മരഉപകരണങ്ങളും മുളകൊണ്ടാണ് പണിയുന്നത്. വിയറ്റ്‌നാമിലെയും ചൈനയിലെയും മുളസംസ്കരണ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഇത്തരം ഉപകരണങ്ങളും തറയോടും നിർമിക്കുന്നത്. ചുടുകട്ടകൊണ്ടുണ്ടാക്കുന്ന ചുമരും കോൺക്രീറ്റ് ഒഴികെ മുഴുവൻ ഭാഗങ്ങളും മുളകൊണ്ട് പണിയുന്നതിന് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. എളുപ്പത്തിൽ നശിച്ച് പോകുന്നതാണ് മുള ഉപകരണങ്ങൾ എന്ന ധാരണയെ തിരുത്തുന്നതാണ് വീടിന്റെ നിർമാണം. കൃത്യമായി സംസ്കരിച്ചെടുത്താൽ മറ്റ് കാതലുള്ള മരങ്ങളെപ്പോലെ ദീർഘകാലം കേടാവാതെയിരിക്കും. ഇത് പ്രചരിപ്പിക്കുകകൂടിയാണ് ഇത്തരമൊരു വീടൊരുക്കുന്നതിന്റെ ലക്ഷ്യമെന്ന് ജോൺസൺ പറഞ്ഞു.
കടൽ കടന്നെത്തുന്നു മുളവിത്തുകൾ
മുള നട്ട് സംരക്ഷിക്കുന്നവരുടെ നിരവധി കൂട്ടായ്മകൾ ഇന്ത്യയിലും വിദേശത്തും സജീവമാണ്. ഉൾക്കാട്ടിലെവിടെയെങ്കിലും അത്ര പരിചിതമല്ലാത്ത ഒരിനം മുള കണ്ടെത്തിയാൽ ഉടനടി ജോൺസന്റെ ഫോണിലും വിവരമെത്തും. ചൈന, വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളിലുള്ളവർ വലിയ പ്രധാന്യത്തിലാണ് മുളകളെ കാണുന്നത്. അനുകൂലമായ സാഹചര്യമുണ്ടായിട്ടും കേരളത്തിൽ മുളയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നില്ല. ആഴ്‌ചയിലൊരിക്കലെങ്കിലും വിദേശത്തുനിന്നുള്ള സംഘം ഈ തോട്ടം സന്ദർശിക്കാറുണ്ട്. അവർ വരുന്നത് വെറും കൈയോടെയല്ല, അപൂർവമായ മുളയുടെ വിത്തുകളുമുണ്ടാകും. ഇത് പാകിമുളപ്പിച്ച് തൈകളാക്കാൻ പ്രത്യേക നഴ്‌സറിയും പരിചാരകനും ജോൺസണുണ്ട്. ഇവിടെനിന്ന് വിദേശത്തേക്കും മുളംതൈകൾ കയറ്റി അയക്കുന്നുണ്ട്.
പീച്ചി കെഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശ്രീകുമാർ, മുതിർന്ന മുള ഗവേഷകനും ഇൻബാർ അംഗവുമായ ഡോ. മുരളീധരൻ, കർണാടക പൊന്നമ്പേട്ട് ഫോറസ്ട്രി കോളേജിലെ റിട്ട. സയന്റിസ്റ്റ് ഡോ. രാമകൃഷ്ണ ഹെഗ്‌ഡെ, ഹൈദരാബാദിലെ മുള ഗവേഷകൻ ഡോ. ലക്ഷ്മണറാവു, കർണാടക വനംവകുപ്പിലെ റിട്ട. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സിദ്ധാർത്ഥ് പുനത്തി എന്നിവർ മുളങ്കാട് പ്രവർത്തനത്തിന് പിന്തുണയുമായി ജോൺസണൊപ്പമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..